Aksharathalukal

ദൈവത്തിന്റെ അപരാധം - ഭാഗം 02.

ഞാൻ അവളുടെ തിളക്കമാർന്ന കണ്ണുകൾ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു:

'ഉൻ പേര് എന്ന ?'

അവളെന്നെ ഒന്ന് നോക്കി തലതാഴ്ത്തി വേഗം ആ സ്ത്രീയുടെ മാറിൽ തല ചായ്ച്ചു. അവളെ മുറുക്കി പിടിച്ചു കൊണ്ട് അവർ ആരാഞ്ഞു:

'എന്നാച്ച്മാ ബയന്തിട്ടിയ?'

അവളെ തന്നോട് അടുപ്പിച്ച് എന്റെ മുഖം നോക്കാതെ ആ സ്ത്രീ തമിഴിൽ പറഞ്ഞു. 

'അവൾക്കു മിണ്ടാൻ കഴിയില്ല, എനിക്ക് കാണാനും. ഞാനാണ് അവളുടെ ശബ്ദം അവളാണ് എന്റെ കാഴ്ച.'

അവരുടെ ആ വാക്കുകൾ എന്നെ നിശബ്ദതയിലേക്ക് തള്ളിയിട്ടു. നിലത്തും എന്നിലും വിറയൽ പടർത്തി എതിർദിശയിലേക്ക് ഒരു ട്രെയിൻ പാഞ്ഞു. 

അവർ തുടർന്നു: 'ദിവസവും രണ്ടു തവണ ട്രെയിനിൽ യാത്ര ചെയ്യാറുള്ളവരാണ് ഞങ്ങൾ. എന്നാൽ നാളിതുവരെ ജനാലകൾക്ക് അരികിലുള്ള സീറ്റിലിരിക്കാൻ അവൾക്ക് സാധിച്ചിട്ടില്ല. അത് മോഹിച്ചാണ് അവൾ എന്നും ട്രെയിൻ കയറാനുള്ളത് എന്നാൽ ഇന്നും...'

അവരുടെ വാക്കുകൾ ജനലരികിലെ സീറ്റ് ലഭിക്കുവാനായി ശഠിച്ചിരുന്ന എന്റെ കുട്ടിക്കാലം എനിക്ക് ഓർമ്മ വന്നു.

'അതിനിപ്പോൾ എന്താ അവൾ ഇവിടെ ഇരുന്നോട്ടെ' എന്ന് പറഞ്ഞുകൊണ്ട് ഞാൻ അവൾക്കായി എന്റെ സീറ്റ് ഒഴിഞ്ഞുകൊടുക്കുമ്പോഴേക്കും ആകാശം തന്റെ കരിമ്പടം പുതച്ചിരുന്നു. 

തീവണ്ടിയിലെ വിളക്കുകൾ ഓരോന്നായി തെളിഞ്ഞു. അവയുടെ വെള്ളിവെളിച്ചത്തിൽ കാഴ്ചയില്ലാത്ത അവരുടെ കണ്ണുകൾ തിളങ്ങി. 

തന്റെ ഉടുപ്പിൽ തുന്നിപ്പിടിപ്പിച്ച തൊപ്പി വലിച്ചു തലയിലിട്ട് അവൾ വെളിയിലേക്ക് നോക്കി. ജനൽ വഴി കടന്നു വന്ന അരണ്ട വെട്ടം അവളുടെ മുഖത്തും, നെറ്റിയിൽ ചിതറിക്കിടന്ന മുടിയിഴകളിലും സ്വർണ്ണം പൂശി.

ജനലരികിലെ സീറ്റ് ലഭിച്ചതിനാലാവണം അതുവരെ ഇല്ലാതിരുന്ന ഒരു സന്തോഷം അവളുടെ മുഖത്തലയടിച്ചു. ആകാശത്ത് അങ്ങിങ്ങായി കൺചിമ്മിയ നക്ഷത്രങ്ങളോട് അവൾ മറ്റാർക്കും മനസ്സിലാക്കാൻ കഴിയാത്ത ഭാഷയിൽ സംസാരിച്ചുകൊണ്ടേയിരുന്നു. 

അവളിൽ നിന്നും ശ്രദ്ധ പിൻവലിച്ച് ഞാൻ ആ സ്ത്രീയെ നോക്കി. മെലിഞ്ഞുണങ്ങിയ കൺമഷി പടർന്ന കണ്ണുകൾക്ക് താഴെ ദാരിദ്ര്യം നിഴൽ പടർത്തിയിരുന്നു. നെറ്റിയിൽ ചെറിയ വളയം തീർത്ത മുടികൾക്കിടയിൽ ഇടതു പുരികത്തിനും നെറ്റിക്കുമിടയിൽ കണ്ട കേവലം ഒരാഴ്ചമാത്രം പഴക്കമുള്ള ഒരു മുറിവ് ഇനിയും പൂർണമായി ഉണങ്ങിയിട്ടില്ല. അവരുടെ ആ കണ്ണുകളും, മുറിവും എന്റെ കോളേജ് പഠനകാലത്ത് ക്യാമ്പ് റെയിൽവേ ക്രോസിങിനടുത്തായി ആർ.സി.ഒ ഓവർബ്രിഡ്ജിനു കീഴെ തമ്പടിച്ച ബംഗാളി കുടുംബത്തിലെ രാശി ദീയെ ഓർമ്മപ്പെടുത്തി. കോളേജ് വിട്ട് ബസ് കയറാതെ സുഹൃത്തുക്കളോടൊപ്പം ഡൗൺ ടൗൺ വരെ നടക്കാറുണ്ടായിരുന്ന എന്റെ മുന്നിൽ പനി കൂടി വായിൽ നിന്ന് നുരയും പതയും തുപ്പുന്ന തന്റെ മകനെ ഹോസ്പിറ്റലിൽ എത്തിക്കാൻ സഹായം അഭ്യർത്ഥിച്ചു നിറകണ്ണുകളോടെ നിന്ന രാശി ദീയുടെ ഇടതു നെറ്റിയിലും ഇത്രത്തോളം തന്നെ നീളമുള്ള ഒരു മുറിപ്പാട് ഉണ്ടായിരുന്നു.

തീവണ്ടിക്കുള്ളിൽ ആദ്യം കേട്ട കുട്ടികളുടെ കരച്ചിലും, സ്ത്രീകളുടെ അടക്കം പറച്ചിലും, പുരുഷന്മാരുടെ ഉച്ചത്തിലുള്ള അട്ടഹാസവും ഇപ്പോൾ ഇല്ല. ആകെയുള്ളത് ആർത്തലച്ചു പായുന്ന തീവണ്ടിയുടെ കാതടപ്പിക്കുന്ന ശബ്ദം മാത്രമാണ്. 

തൊണ്ടമിനുക്കി തമിഴിൽ ഞാൻ അവരോട് ചോദിച്ചു.

'നെറ്റിയിലെ ആ മുറിവ് എന്തു പറ്റിയതാണ്?'

എന്റെ ചോദ്യം കേട്ടതും അവരുടെ മുഖം മ്ലാനമായി. അൽപ്പനേരത്തെ നിശബ്ദതയ്ക്കു ശേഷം അവർ പറഞ്ഞു:

'എന്റെ ഭർത്താവിൻറെ സമ്മാനമാണത്.'

അവരെ നിശബ്ദതയിൽ ആഴ്ത്തിയ ആ ചോദ്യം ചോദിച്ച എന്റെ നാവിനോട് എനിക്ക് വെറുപ്പ് തോന്നി.

'ക്ഷമിക്കണം. ഞാൻ ആ ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു. അതും തികച്ചും...' എന്നു പറയുമ്പോൾ എന്റെ തൊണ്ടയിടറി. 

'അത് സാരമില്ല. കാഴ്ചയില്ലാത്തതിനാലാവണം എന്റെ മുന്നിലുള്ള ആളുടെ സംസാരത്തിൽ നിന്നും അയാളുടെ ഉയരവും, ഭാരവും, എന്തിനു വയസ്സ് പോലും എനിക്ക് ഊഹിക്കുവാൻ കഴിയും. നിനക്ക് എന്റെ കുഞ്ഞനുജനാവാനുള്ള പ്രായമേ ഉള്ളൂ.' ചിരിച്ചുകൊണ്ട് അവർ പറഞ്ഞു. 

അവർ ചിരിച്ചു. എനിക്ക് പക്ഷേ, ചിരി വന്നില്ല. ഹൃദയത്തിൽ എന്തോ തറഞ്ഞിരുന്നു.

അവളുടെ ചെമ്പൻ തലമുടിയിഴകളിൽ തലോടിക്കൊണ്ട് അവർ തുടർന്നു: 'വളരെയധികം നന്ദിയുണ്ട്, ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ചതിനാൽ അവൾ ഇന്ന് നല്ല സന്തോഷത്തിൽ ആവും.'

വെയിലും മഴയും ഏറ്റ് തുരുമ്പിച്ച ജനൽ പാളികളിൽ മുറുക്കി പിടിച്ചുകൊണ്ട് കണ്ണിമവെട്ടാതെ അൽഭുതത്തോടെ വെളിയിലെ കാഴ്ച്ചകൾ ഓരോന്നും നോക്കികാണുകയായിരുന്നു അവൾ. 

നാട്ടിൽ നിന്നും തിരികെയെത്തുമ്പോൾ സുഹൃത്തുക്കൾക്ക് നൽകുവാനായി തീവണ്ടി കയറും മുമ്പ് വാങ്ങിയ പലഹാരപ്പൊതികൾക്ക് ഇടയിൽ ശ്രമപ്പെട്ട് തിരഞ്ഞ് ഞാൻ ആ മിഠായിപ്പൊതി പുറത്തെടുത്തു. 

തീവണ്ടിക്കുളിലെ ചൂടും, പുറത്തെ ഉഷ്ണിപ്പിക്കുന്ന കാലാവസ്ഥയും കാരണം വാങ്ങുമ്പോൾ ഉണ്ടായിരുന്നതിൽ നിന്നും അവ വ്യത്യസ്തമായി കാണപ്പെട്ടു. 
ചിരിച്ച് കൊണ്ട് ഞാൻ അത് അവൾക്ക് നേരെ നീട്ടി. 

ആദ്യമൊന്നു മടിച്ചുവെങ്കിലും പിന്നീട് അവൾ അത് വാങ്ങി. കരിയിലയുടെ നിറമുള്ള പുറം കവർ തുറന്ന് സ്വർണ്ണകടലാസിൽ പൊതിഞ്ഞ ഒരു കഷ്ണം കയ്യിൽ വച്ച് നോക്കി അവൾ ആരോടെന്നില്ലാതെ ചിരിച്ചു. 

'എവിടെയാണ് താമസം?' ഞാൻ അവരോട് ചോദിച്ചു. 

കാറ്റിൽ പറന്ന മുടിയിഴകൾ ഇടംകൈകൊണ്ട് പിന്നിലേക്ക് ഒതുക്കി അവർ പറഞ്ഞു: 'റോയപുരം.'

അവരുടെ വാക്കുകൾ കേട്ടതും നോർത്ത് ചെന്നൈയിലെ എന്തിന് ചെന്നൈയിലെ തന്നെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ റോയപുരം എന്റെ കൺമുന്നിൽ തെളിഞ്ഞു. 

റോയപുരത്തെ മുഷിഞ്ഞ വസ്ത്രങ്ങളും മുഖങ്ങളും ഉള്ള സ്ത്രീകളും, മത്സ്യകുട്ടപിടിച്ചു തഴമ്പിച്ച കൈകളും മനസ്സുമുള്ള പുരുഷന്മാരും, വലിയ തലയും തിളക്കം നഷ്ടപ്പെട്ട കണ്ണുകളുമുള്ള കുട്ടികളും, എന്റെ കൺമുന്നിൽ അലഞ്ഞുതിരിഞ്ഞു. മത്സ്യത്തിന്റെയും, മലത്തിന്റെയും, മൂത്രത്തിന്റെയും മണ്ണിൽ നിന്നുയരുന്ന തീക്ഷ്ണഗന്ധം വഹിക്കുന്ന കാറ്റ് എന്റെ സിരകളെ തൊട്ടുരുമി കടന്നുപോയി. മനുഷനെന്നോ, മൃഗമെന്നോ വേർതിരിച്ചറിയാൻ സാധിക്കാത്ത 'അമ്മാ പസിക്കിതേ...' എന്ന നിലവിളി എന്റെ കാതുകൾ തുരന്നു. 

തലയ്ക്കുമുകളിൽ കത്തിജ്വലിച്ച ആകാശം മഴ ഉടനെ ഒന്നും ഉണ്ടാവില്ല എന്ന് തുറന്നു സമ്മതിച്ചു. എന്റെ കണ്ണുകളിൽ ഇരുട്ട് കയറി കാഴ്ച മങ്ങി നാവ് വരണ്ടു.

മങ്ങിയ കാഴ്ചയിൽ തികച്ചും അവ്യക്തമായി ഞാൻ ആ കാഴ്ച കണ്ടു. ചുണ്ടിൽ ചിരിപടർത്തി കയ്യിൽ പാശവുമായി നിൽക്കുന്ന ആ രൂപം. ചിരിച്ചുകൊണ്ട് അത് എന്റെ അരികിലേക്ക് നടന്നടുത്തു. മരണം ചിറകുവിരിച്ച് ഒരു കഴുകനെപോലെ എനിക്ക് ചുറ്റും വട്ടമിട്ടു പറന്നു.

ഭയന്ന് കണ്ണുകൾ തുറന്നു ഞാൻ ചുറ്റും നോക്കവേ അവർ എന്നോട് ചോദിച്ചു: 'എന്നാച്ച് തമ്പി?'


തുടരും....