Aksharathalukal

മൂത്രപ്രതികാരം

" അളിയോ.. "

ഞാൻ ഹലോ പറയുന്നതിന് മുമ്പ് തന്നെ ഈ വിളി എന്റെ ചെവിയിലേക്ക് ഒഴുകി എത്തിയിരുന്നു.

" ഹാ രാജേട്ടാ... ബിന്ദ്വേച്ചിക്ക് എങ്ങനെയുണ്ട് "

" അവൾ പ്രസവിച്ചെടാ.. "

" ഇത്ര പെട്ടെന്നോ.. "
എന്റെ വാപിളർന്ന് പോയി.

" അതെ "
ഇതും പറഞ്ഞ് രാജേട്ടൻ ചിരിച്ചു. രാജേട്ടന്റെ സ്വതസിദ്ധമായ ചിരിയിൽ അല്പം വക്രത ചെർന്നിട്ടില്ലേ?

" അതിന് ഡേറ്റ് ആയില്ലല്ലോ രാജേട്ടാ.. എന്നെ ഏപ്രിൽ ഫൂൾ ആകുന്നതല്ലേ? " ഇന്ന് ഏപ്രിൽ ഒന്നാണല്ലോ എന്ന കാര്യം ഞാനപ്പൊഴാണ് ഓർത്തത്.

" അല്ലടാ... ഇന്നലെ രാത്രിയാ കൊണ്ടു വന്നേ.. ഇന്ന് പുലർച്ചേ ആ സംഭവം നടന്നു കഴിഞ്ഞു "
രാജേട്ടൻ പിന്നേം ചിരിച്ചു. ഇത് വക്രചിരി തന്നെ!

" കുഞ്ഞ് ആണാണോ പെണ്ണാണോ "

എന്റെ സ്വരവ്യത്യാസം അറിഞ്ഞാവണം രാജേട്ടൻ പിന്നേം ചിരിച്ചു. രാജേട്ടന് ഇങ്ങനേം ചിരിക്കാൻ അറിയാം എന്നത് എന്നെ അതിശയിപ്പിച്ചു.

" പേടിക്കണ്ട.. പീപ്പി ഇല്ല "

ഹാവൂ! അപ്പോ രാജേട്ടന്റെ ചിരി മൂത്രംകുടിപ്പിക്കൽചിരി ആയിരുന്നില്ല.

" കങ്ഗ്രാജുലേഷൻ രാജേട്ടാ.. ബിന്ദ്വേച്ചിയോടും പറഞ്ഞേക്കൂ "

             *************

വെള്ള ഡ്രസിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന മാലാഖമാരെ കാണാൻ എന്തൊരു ഭംഗിയാണ്!

ഞാൻ പടികൾ കയറി; എന്റെ ഓർമ്മകൾ പടികളിറങ്ങി.

ഇരുപത്തിയേഴ് വർഷങ്ങൾക്ക് മുമ്പത്തെ ഒരു ദിവസം. കൃത്യമായി ആ ദിവസം ആരും ഓർക്കുന്നില്ല. പക്ഷേ അന്ന് നടന്ന ആ സംഭവം ഇതുവരെ ആരും മറന്നിട്ടില്ല.

ഇരുപത്തി ഏഴു വർഷങ്ങൾ കഴിഞ്ഞിട്ടും മായാതെ, തക്കം കിട്ടുമ്പോഴൊക്കെ കാരണവന്മാരുടെ നേരംപോക്കാവുന്ന രണ്ടു കാര്യങ്ങളിൽ ഇതും ഒന്നാണ്!

ആ രണ്ട് സംഭവങ്ങളിലെയും കേന്ദ്ര കഥാപാത്രങ്ങൾ ഞാനും ബിന്ദ്വേച്ചിയുമായിരുന്നു. രണ്ടു മാസം മാത്രം പ്രായമുള്ള എന്നെ കാണാൻ വന്നതായിരുന്നു ആറു വയസ് പ്രായമുള്ള സാക്ഷാൽ ബിന്ദുമോൾ.
കുഞ്ഞിനെ തൊട്ടും തലോടിയും സന്തോഷിച്ചിരുന്ന ബിന്ദു മോളുടെ ദൃഷ്ടി കുഞ്ഞിന്റെ കാലുകൾക്കിടയിൽ വീണുകിടക്കുന്ന കുഞ്ഞുപീപ്പിയിൽ ഒടുക്കി. അവൾക്ക് ആ പീപ്പി ഊതി കളിക്കാൻ പൂതി തോന്നി! അവൾ വായിലിട്ടു ഊതിയതും, വായിലിടാൻ വേണ്ടി കാത്ത് കിടന്നത് പോലെ, കുഞ്ഞ് ( അതായത് ഈ പാവം ഞാൻ ) മൂത്രിച്ചു.

" ഛീ.. ഇച്ചീ...  "

ബിന്ദുമോളുടെ പ്രവൃത്തി പരദൂഷണത്തിലും പൊങ്ങച്ച പറച്ചിലിലും വ്യാപൃതരായിരുന്ന മുതിർന്നവർ ഒന്നാകെ കണ്ടറിഞ്ഞു. ചിരിപ്പടക്കങ്ങൾ മാലപ്പടക്കങ്ങളെ വെല്ലുന്ന മാതിരി പൊട്ടി. ഒരുവന്റെ പൊങ്ങച്ച പറച്ചിൽ കേട്ട് മനസിൽ ചിരിച്ച് കൊണ്ടിരുന്ന മറ്റവനിത് നല്ലൊരു അവസരമായി! പാവം ബിന്ദുമോൾ! ആദ്യം അവരെ ഒക്കെ പകച്ചു നോക്കി, പിന്നെ നാണിച്ചു, പിന്നെ അവരോടൊപ്പം ചെറുചിരിപടക്കമായി പൊട്ടി.

അതവിടെ തീരേണ്ടതായിരുന്നു. പക്ഷേ ആ സംഭവത്തെ അവസരം കിട്ടുമ്പോഴൊക്കെ മുതിർന്നവർ സംഭവബഹുലമാക്കി!

മൂന്നോ- നാലോ വർഷങ്ങൾക്ക് ശേഷമാണ് അടുത്ത സംഭവം അരങ്ങേറിയത്. നിക്കർ ഇട്ട് നടക്കാൻ തുടങ്ങിയ പീപ്പിവാവ ഉറക്കേ പ്രഖ്യാപിച്ചു: ബിന്ദുച്ചിനെ ഞാൻ കലണം കിക്കും..

അങ്ങനെ അമ്മയുടെ നിർദ്ദേശ പ്രകാരം അമ്മാവന്റെ പക്കൽ കാര്യം അവതരിപ്പിച്ച്, വലുതാകുമ്പോൾ കല്യാണം കഴിപ്പിച്ചു തരാം എന്ന ഉറപ്പും വാങ്ങിച്ച് ലോകം ജയിച്ച സന്തോഷത്തിൽ ഞെളിഞ്ഞു നടന്നു. സ്കൂളിന്റെ പടി രണ്ടു മാസത്തേക്ക് അടഞ്ഞാൽ ബിന്ദുമോൾ ' ..നിക്ക് ഇളയമ്മയെ കാണണം ' എന്ന വ്യാജേന പീപ്പിചെക്കനെ കാണാൻ വരും. അവർ ഒന്നിച്ച് മണ്ണപ്പം ചുട്ട് കളിക്കും, പാവകളുടെ അച്ഛനും അമ്മയും ആകും.....

തൊട്ടവാടി ചെടികളുടെ മേൽ മൂത്രമൊഴിച്ചപ്പോൾ അവ നാണിച്ച് വാടുന്നത് കൗതുകത്തോടെ നോക്കി നിൽക്കുന്ന പീപ്പിമോനെ കണ്ടപ്പോൾ, ഇങ്ങനെ ഒരു പീപ്പി ഇല്ലാത്തതാണ് തന്റെ ഏറ്റവും വലിയ കുറവെന്ന് മനസ്സിലാക്കിയ ബിന്ദുമോളുടെ മുഖം തൊട്ടവാടിയെക്കാളും വാടി!

അങ്ങനെ ഒരു വേനൽ അവധി കാലത്താണ് ബിന്ദുമോൾ വയസ്സറിയിച്ചത്. അതാദ്യം അറിഞ്ഞതാകട്ടെ പീപ്പിമോനും!
തന്റെ ശരീരത്തിലെ മാറ്റത്തിന്റെ ചുവപ്പ് തുടകൾക്കിടയിലൂടെ ഒഴുകിയത് ബിന്ദുമോൾ അറിഞ്ഞില്ല. കളിക്കിടയിൽ ന്തോ എടുക്കാൻ വേണ്ടി കുനിഞ്ഞ പന്ത്രണ്ട്കാരി ബിന്ദുമോളുടെ വെള്ള പാവാടയിൽ ചുവപ്പ് ചിത്രം വരഞ്ഞു വരുന്നത് കണ്ട ആറു വയസുകാരൻ പീപ്പിമോൻ ഉറക്കേ കൂവി: ഈ ബിന്ദുച്ചി ചോണ ഇച്ചി ഒയിച്ചേ... അയ്യേ...

ഒച്ച കേട്ട് വന്ന അമ്മയോട് അവൻ ആവർത്തിച്ചു അതൊടൊപ്പം ഒരു കാര്യം കൂടി കൂട്ടി ചേർത്തു: എനിച്ച് ബിന്ദുച്ചിനെ കല്യാണം കയിക്കണ്ടമ്മേ...

ന്താ ഇപ്പോ സംഭവിച്ചതെന്നറിയാതെ പകച്ചു നിന്ന ബിന്ദുവിനെ തിരിച്ചു നോക്കിയ അവളുടെ ഇളയമ്മ സന്തോഷം കലർന്ന സ്വരത്തിൽ ഉച്ചത്തിൽ വിളിച്ചു: അമ്മേ...

ഇളയമ്മ തന്ന ക്ലാസിൽനിന്ന് താനൊരു അമ്മയാകാൻ പ്രാപ്തിയുള്ള പെണ്ണായിരിക്കുന്നു എന്നറിഞ്ഞപ്പോൾ ചെറുതായി അടിവയറ്റിൽ ഉരുണ്ടു കൂടുന്ന വേദനയെ അവഗണിച്ച് അവൾ അഭിമാനം കൊണ്ടു. ക്ലാസ് കഴിഞ്ഞ് റൂമിൽ നിന്നും പുറത്തിറങ്ങിയതും ചേച്ചി ചോര ഇച്ചിയതിൽ അമ്മേം മുത്തശ്ശിയൊക്കെ ന്തിനാ ഇത്ര സന്തോഷിക്കുന്നതെന്ന് മനസിലാകാതെ കണ്ണും മിഴിച്ച് കളിക്കാനുള്ള ഉന്മേഷവും കളഞ്ഞ് കുത്തിയിരിക്കുന്ന പീപ്പിമോന്റെ അടുത്തേക്ക് വന്നു. എന്നിട്ട് വല്യ പെണ്ണായതിന്റെ ( ഇളയമ്മ അങ്ങനെ പറഞ്ഞൂലോ.. ബിന്ദുമോൾ വല്യ പെണ്ണായതാ എന്ന്! ) സർവ്വ ഗർവ്വോടെ ശപഥം ചെയ്തു: നീ എന്നെ കെട്ടണ്ട ഉണ്ടകണ്ണാ.. ഞാൻ ബല്യ പെണ്ണായി.. ഇനി ഞാൻ പെറും.. എന്റെ കുഞ്ഞിന്റെ ഇച്ചി നിന്നെ കൊണ്ട് കുടിപ്പികേം ചിയ്യും..

  *****************

കുഞ്ഞ് കാണാൻ അച്ഛനെ പോലെയാണ്. അല്ല, അമ്മയെപ്പോലെയാണെന്ന് തോന്നുന്നു! അല്ലേലും എനിക്ക് ഇതൊന്നും മനസിലാവില്ല. ന്തായാലും കാണാൻ നല്ല ക്യൂട്ടാണ്. അതിപ്പോ ഏത് കുഞ്ഞാ ക്യൂട്ട് അല്ലാത്തത്! കുഞ്ഞായിക്കുമ്പോൾ എല്ലാരും ക്യൂട്ടാണ്. വളരുന്തോറും നിഷ്കളങ്കത കുറഞ്ഞു കുറഞ്ഞു വരുന്നു, ഒപ്പം ക്യൂട്ട്നെസ്സും!

വാവക്ക് പീപ്പി ഇല്ല എന്ന് ഉറപ്പുവരുത്താൻ തുണി നീക്കി നോക്കി ബോധ്യപ്പെടുന്ന എന്നെ കണ്ടാകണം,

" ഉം.. നീ രക്ഷപ്പെട്ടു എന്ന് കരുതണ്ട ട്ടോ... ഞാനിനിയും പ്രസവിക്കും "

" ഇനീംം.????? "

എന്നെക്കാളും ഞെട്ടിയത് രാജേട്ടനായിരുന്നു. ഇത് ബിന്ദ്വേച്ചിടെ രണ്ടാം പ്രസവമാണ്. നന്ദു മോൾക്കിപ്പോ ആറ് വയസാകുന്നു.

" എല്ലാത്തിനും കാരണം നിങ്ങളാ
മനുഷ്യാ...  "

" ഞാനോ " രാജേട്ടൻ നെറ്റി ചുളിച്ചു.

ബിന്ദ്വേച്ചി തുടർന്നു.
" അല്ലാതെ പിന്നെ...  മര്യാദക്കൊരു പ്രബലമായ Y ക്രോമസോം രാജേട്ടൻ തന്നിരുന്നെങ്കിൽ ആൺകുഞ്ഞ് ഉണ്ടാകുമായിരുന്നില്ലേ? "

"  ഓഹോ.. എന്നോടൊന്നും പറയിപ്പിക്കണ്ട... മര്യാദയ്ക്കൊന്ന് ആഴ്ന്നിറങ്ങാൻ എന്നെ സമ്മതിച്ചിട്ടുണ്ടോ പേടിത്തൊണ്ടി നീ "

രസകരമായ പിണക്കത്തിലേക്ക് അടുക്കുമായിരുന്ന ആ വാഗ്വാദം പെട്ടെന്ന് നിലച്ചു. ഒരു നിമിഷം ആ ഇണകൾ എന്റെ സാന്നിദ്ധ്യം മറന്നുപോയി. എന്റെ ചുണ്ടിലെ ചെറുപുഞ്ചിരി രണ്ടു പേരുടെയും മുഖത്ത് ജാള്യത പരത്തി.

" മാമാ... "

" നന്ദൂട്ടീ... "

അതേ സമയത്ത് നന്ദുമോൾ മുത്തശ്ശിയുടെ കൈയും പിടിച്ച് കടന്നു വന്നത് ഇണകളുടെ ജാള്യത മായ്ച്ചു കളഞ്ഞു.

*************

പെൺകുട്ടികൾ സുന്ദരികളായി ജനിക്കുന്നത് തന്നെ മെഡിക്കൽ ലോകത്തേക്ക് വരാനാണോ?! അതോ അവരണിയുന്ന വെള്ളക്കോട്ടിന്റെ പകിട്ടിൽ സുന്ദരികളായി തീരുന്നതോ?!!

കൈയിൽ സ്പിഗ്നോമാനോമീറ്റർ പിടിച്ചു കൊണ്ട് ഒരു മാലാഖ കോറിഡോറിലൂടെ നടന്നു വരുന്നത് കണ്ടു. സ്വർഗത്തിലെ മാലാഖ മനുഷ്യജന്മം പൂണ്ടത്പോലെ!

" വായി നോക്കുന്നതൊക്കെ കൊള്ളാം... പക്ഷേ മനസിലിട്ട് നടന്നാലുണ്ടല്ലോ... " അനുവിന്റെ മധുരസ്വരം എന്റെ മനസോട് മന്ത്രിച്ചു.

ഞാൻ പടികളിറങ്ങി; എന്റെ കുസൃതിത്തരം പടികൾ കയറി!
ഞാൻ മൊബൈലെടുത്ത് അനുവിന് കാൾ ചെയ്തു.

" ഏട്ടാ... "

ആ വിളി ചെവിയിലൂടെ കയറി ഹൃദയത്തിൽ ചെന്ന് ആനന്ദം സ്പുരിച്ചു.

" അനൂ... "

" എവിടെ.. ഹോസ്പിറ്റലിലാണൊ ഇപ്പോ "

" അതെ... ഞാനേ ഒരു കാര്യം ചോദിക്കാൻ വിളിച്ചതാ.. "

" ... ന്താ ഏട്ടാ.. "

' ആൺകുഞ്ഞ്/പെൺകുഞ്ഞിനെ ഗർഭം ധരിക്കാനുള്ള മാർഗങ്ങൾ ' എന്ന ഡോക്ടർസ് ആർട്ടിക്കിൾ വായിച്ചറിഞ്ഞതിന്റെ ആത്മവിശ്വാസത്തിൽ
ഞാൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

" അനൂന് ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ ആദ്യം വേണ്ടത്? "

" ഈ ഏട്ടൻ... " അവളുടെ സ്വരത്തിന് നാണം പുരണ്ടിരുന്നു.

" പറ അനു.. "

" ..നമ്മൾ വിചാരിച്ചാൽ നമുക്ക് വേണ്ട കുഞ്ഞ് കിട്ടോ ഏട്ടാ.. കുഞ്ഞ് ആണായാലും പെണ്ണായാലും... എനിക്ക് കുഞ്ഞിനെ കിട്ടിയാൽ മതി "

" നമ്മൾ വിചാരിച്ചാൽ ചിലപ്പോൾ നടക്കും "

" ന്തൊക്കെയാ ഈ ഏട്ടൻ പറയണത്... എനിക്കൊന്നും മനസിലാകുന്നില്ല "

" നിനക്കേ... ഞാൻ പിന്നെ മനസിലാക്കി തരാം.. ഇപ്പോ ഞാൻ വീട്ടിലേക്ക് പോട്ടേ.. "

" ഉം.. അതേ... എനിക്കിപ്പോ മനസിലായി... വായിനോക്കി വായിനോക്കി വട്ടായതാണല്ലേ "

ഞാനറിയാതെ ഉറക്കേ ചിരിച്ചു പോയി.

" ചിരിക്കണ്ട ട്ടോ... ഏട്ടനെ എന്റെ കൈയിൽ കിട്ടും ലോ.... അന്ന് തന്നോളാം.. "

അവൾ ദേഷ്യപ്പെടുമ്പോഴാണ് കൂടുതൽ സുന്ദരിയാവുക. ആ സമയത്ത് വെള്ളകോട്ടിന്റെ അകമ്പടി ഉണ്ടെങ്കിൽ പിന്നെ പറയുകയേ വേണ്ട!

***************
                                     ✍️© RNC