✍🏻SANDRA C.A.#Gulmohar❤
പുലർച്ചെ എപ്പോഴോ വണ്ടിയുടെ ശബ്ദം കേട്ടാണ് ഞാൻ അന്ന് ഉണർന്നത്..
കല്യാണ വേഷത്തിൽ തന്നെ ആ വലിയ വീടിന്റെ ഉളളിൽ ഒറ്റയ്ക്കിരുന്ന ഞാൻ എപ്പോഴോ മയങ്ങി പോയിരുന്നു..
വാതിലിൽ തട്ടുന്നതിന് മുൻപ് തന്നെ ഒാടി പോയി ഞാൻ വാതിൽ തുറന്നു..
മുന്നിൽ നിലത്തുറയ്ക്കാത്ത കാലടികളുമായി താലി കെട്ടിയവൻ..!!!
മുന്നിൽ എന്നെ കണ്ടതും ദേഷ്യം കൊണ്ട് അയാൾ വിറച്ചെങ്കിലും സ്വയം നിയന്ത്രിച്ച് ഒന്നും മിണ്ടാതെ അയാൾ എന്നെ കടന്നു മുറിയിലേക്ക് പോയി..
പിന്നെയും മൂന്ന് ദിവസങ്ങൾ കഴിഞ്ഞാണ് അമ്മയെ ഡിസ്ചാർജ് ചെയ്തു അച്ഛനും രാജിയും വീട്ടിലേക്ക് വന്നത്..
ഈ മൂന്ന് ദിവസങ്ങളിൽ ഞാൻ വല്ലതും കഴിച്ചോ എന്നോ എനിക്ക് മാറിയുടുക്കാൻ ഒരു ഉടുപ്പുണ്ടോ എന്നു പോലും ആരും തിരക്കിയില്ല,
സ്വന്തം വീട്ടുക്കാർ പോലും...!!
കല്യാണ സാരിയും ബ്ലൗസ്സും തന്നെയും പിന്നെയും അലക്കി ഈറനോടെ ഉടുത്തു,അടുക്കളയിലുണ്ടായിരുന്ന വെളളം തിളപ്പിച്ച് കാപ്പി കുടിച്ചു മാത്രം വിശപ്പടക്കി..
വിശപ്പിന്റെ വില അറിഞ്ഞത് അവിടെ വെച്ചായിരുന്നു..
നിറയെ സാധനങ്ങളുളള അടുക്കളയിൽ സ്വയം ഒരു അന്യയായി തോന്നിയത് കൊണ്ട് മാത്രം ഒന്നും ഉണ്ടാക്കാൻ മെനക്കെട്ടില്ല...
എന്നൂം വീട്ടിലേക്ക് വരുന്ന താലിക്കെട്ടിയവൻ നീ വല്ലതും കഴിച്ചോ എന്ന് ചോദിച്ചതുമില്ല...!!!
മൂന്നാം പക്കം രാഹുലേട്ടന്റെ അമ്മ തിരികെ വീട്ടിലേക്ക് വന്നത് പാതി തളർന്ന നിലയിലായിരുന്നു..
ഞാനാണ് അതിന് കാരണം എന്ന ചിന്ത എന്നെ വല്ലാതെ അലട്ടിയെങ്കിലും രാഹുലേട്ടന്റെ അമ്മ തന്നെ എന്നെ അരികിലേക്ക് വിളിപ്പിച്ചു..
ദുഃഖത്തോടെ കണ്ണീരോടെ കിടക്കുന്ന ആ അമ്മ വിറയ്ക്കുന്ന ചുണ്ടുകളോടെ എന്നെ നോക്കി "മാപ്പ്" എന്ന് മന്ത്രിച്ചെങ്കിലും അതിന് മുൻപ് ഞാൻ ആ വാ പൊത്തിയിരുന്നു..
പിന്നീട് അങ്ങോട്ട് ആ അമ്മയുടെ കാര്യങ്ങൾ മുഴുവൻ ഞാൻ ഏറ്റെടുത്തു..
അപ്പോഴും കല്യാണ സാരിയുടുത്ത് തന്നെ നിൽക്കുന്ന എന്നെ കണ്ടു സഹതാപം തോന്നിയ അച്ഛൻ എനിക്ക് രാജി വഴി ആത്യാവശ്യ സാധനങ്ങൾ വാങ്ങി തന്നു..
അമ്മയുടെ കാര്യങ്ങളെല്ലാം നോക്കി ആ മുറിയിൽ തന്നെ കൂടിയ ഞാൻ പിന്നെ ആകെ കാണുന്നത് അമ്മയെയും അച്ഛനെയും കൂടാതെ ജോലിയ്ക്ക് നിൽക്കുന്ന സുമയ്യ എന്ന സ്ത്രീയെ കൂടി മാത്രമായിരുന്നു..
എന്നെ താലി കെട്ടിയവൻ പിന്നെ ഒരിക്കൽ പോലും എന്റെ കൺമുന്നിൽ വന്നില്ല..എന്തിന് വയ്യാതെ കിടക്കുന്ന അമ്മയെ പോലും അയാൾ കാണാൻ വന്നില്ല...!!
രണ്ട് മാസത്തെ എന്റെ ശ്രദ്ധയോടെയുളള പരിചരണം മൂലം കാർഡിയാക് അറസ്റ്റിന്റെ ഷോക്കിൽ ഹാഫ് പാരലെെസ്ഡായ അമ്മ പഴയത് പോലെ നടക്കാനും സ്വന്തം കാര്യങ്ങൾ ചെയ്യുവാനും പ്രാപ്തയായി..
ഈ സമയത്ത് ഒന്നും എന്റെ വീട്ടുക്കാർ എന്നെ തിരിഞ്ഞു പോലും നോക്കിയില്ല..
എന്റെ ഭർത്താവും..
വെറും കെെയ്യോടെ കയറി വന്ന എനിക്ക് ആത്യാവശ്യം വേണ്ട സാധനങ്ങളൂം മാസാമാസം വേണ്ട സാനിറ്ററി നാപ്കിൻ വരെ വാങ്ങി തന്നത് ഭർതൃസഹോദരിയായിരുന്നു..
അവളുടെ കെെയ്യിൽ നിന്നും അത്തരത്തിലുളള സഹായങ്ങൾ വാങ്ങിക്കേണ്ടി വന്ന ഗതികേട് കൊണ്ട് വീട്ടിലെ വേലക്കാരിയുടെ ജോലി ഞാൻ സ്വയം ഏറ്റെടുത്തു..
രാജിയുടെ മുറി വൃത്തിയാക്കൂമ്പോളും തുണികൾ കഴുകാനെടുക്കുമ്പോളും അവൾ വഴക്ക് പറയുമെങ്കിലും ഔദാര്യം സ്വീകരിക്കാനുളള ബുദ്ധിമുട്ട് കൊണ്ട് ഞാൻ എല്ലാം സ്വയം ചെയ്തു പോന്നു..
പിന്നീട് അമ്മയുടെ കാര്യമായ ഇടപെടലുകൾ മൂലം ഭർത്താവിന്റെ മുറിയിൽ എനിക്ക് ഒരിടം ലഭിച്ചു..
അത് വരെയും ഞാൻ അമ്മയുടെ മുറിയിലായിരുന്നു കിടന്നിരുന്നത്..
എനിക്ക് വേണ്ടി പാവം അച്ഛൻ ഗസ്റ്റ് റൂമിലേക്ക് താമസം മാറ്റിയിരുന്നൂ..
പതിയെ പതിയെ ആ വീട്ടിൽ ഞാൻ എന്റേതായ ഒരു സ്ഥാനം കണ്ടെത്തീ..
അച്ഛനും അമ്മയ്ക്കും രാജിയ്ക്കും ഞാൻ പ്രിയപ്പെട്ടവളായി..
പക്ഷേ, എന്റെ ഭർത്താവ് എന്ന ആ മനുഷ്യൻ ഒരിക്കൽ പോലും എന്നെ ഒന്നു നോക്കിയതു കൂടിയില്ല...
പക്ഷേ, താലി കെട്ടിയ ആ നിമിഷം മുതൽ ഞാൻ അദ്ദേഹത്തെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു..
അമ്മയുടെ നിർദ്ദേശ പ്രകാരം പതിയെ പതിയെ അദ്ദേഹത്തിന്റെ കാര്യങ്ങളെല്ലാം ഞാൻ നോക്കി തുടങ്ങി..
ആദ്യമൊക്കെ അദ്ദേഹം വലിയ പൊട്ടിത്തെറികളിൽ ആ കാര്യങ്ങളൊക്കെ നിരസിച്ചെങ്കിലും പിന്നീട് പതിയെ പതിയെ വളരെ പതിയെ അദ്ദേഹം എന്നോട് കരുണാപൂർവ്വം സംസാരിക്കാൻ തുടങ്ങി..
അപ്പോഴേക്കും വിവാഹം കഴിഞ്ഞ് 9 മാസങ്ങൾ പിന്നീട്ടിരുന്നൂ..
പിന്നീട് അദ്ദേഹം പുറത്തേക്കുളള യാത്രകൾ തന്നെ ഒഴിവാക്കി..
ആത്യാവശ്യ കോളുകൾ മാത്രമെടുത്തു..
അപ്പോഴോക്കെ അദ്ദേഹം പറഞ്ഞില്ലെങ്കിലും ആരെയോ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് എനിക്ക് മനസ്സിലായെങ്കിലും അത് ഒരിക്കലും സ്വന്തം കൂടപ്പിറപ്പിനെയാണെന്ന് അന്ന് ഞാൻ അറിഞ്ഞിരുന്നില്ല..
പതിയെ അദ്ദേഹം എനിക്കായുളളതൊക്കെ വാങ്ങി തരുവാൻ തുടങ്ങി..
ഞങ്ങൾക്കിടയിൽ ഒരു ഊഷ്മളമായ സൗഹൃദം ഉടലെടുത്തുക്കൊണ്ടിരുന്നു..
ഇതിനിടയിൽ ഒരിക്കൽ പോലും എന്നെ വിളിക്കാനോ കാണാനോ കൂട്ടാക്കാത്ത എന്റെ വീട്ടുക്കാരെ ഞാനും മനപൂർവ്വം മറന്നിരുന്നു..
പക്ഷേ, ഒരു ദിവസം വെെകുന്നേരം എന്നെ തിരക്കി ക്ഷീണിതരായി അച്ഛനും അമ്മയും വന്നു..
അവരുടെ വേദനാജനകമായ മുഖം കണ്ടതും അതു വരെ മനസ്സിൽ സൂക്ഷിച്ചിരുന്ന ദേഷ്യവും വിദ്വേഷവും ഞാൻ മറന്നു..
സ്നേഹപൂർവ്വം എന്നെ പൊതിഞ്ഞ അവർ മനപൂർവ്വം എന്നിൽ നിന്നും എന്തൊക്കെയോ മറയ്ക്കുന്നുണ്ടെന്ന് മനസ്സിലായെങ്കിലും ഞാൻ അത് അവിടെ വെച്ച് ചോദിച്ചില്ല..
ഭർത്താവിന്റെയും വീട്ടുക്കാരുടെയും അനുവാദം ചോദിച്ച് സ്വന്തം വീട്ടിലേക്ക് പോകുമ്പോൾ മനസ്സ് നിറയെ വല്ലാത്തൊരു അസ്വസ്ഥത നിറഞ്ഞിരുന്നു..
എന്തൊക്കെയോ ചിന്തകളാൽ വല്ലാത്തൊരവസ്ഥയിലായിരുന്ന എന്നെ ചേർത്തു പിടിച്ചിരിക്കുന്ന അമ്മയുടെ മടിയിലേക്ക് ഞാൻ മെല്ലെ തല ചായിച്ചു..
വണ്ടി പരിചിതമായ വഴികളിലൂടെ പോകുമ്പോൾ അറിയാതെ ഒരു ഭീതി നിറയുന്നത് ഞാൻ അറിഞ്ഞു..
വീടിന്റെ മുന്നിൽ കാർ നിർത്തിയതും ഞാൻ ഞെട്ടിപ്പോയി പഴയ ഒാടിട്ട വീടിന്റെ മുന്നിൽ ഒരു വലിയ കെട്ടിടം..!!
9 മാസം കൊണ്ട് ജനിച്ച വീട് വരെ അന്യമായത് പോലെ എനിക്ക് തോന്നി..
"അമ്മു മോൾ വെച്ചതാ മോളേ..
വലിയ വീടാ..
ഒത്തിരി മുറികളുണ്ട്..!!
കാറും ഉണ്ട്..!!!"
അമ്മ അഭിമാനത്തോടെ അങ്ങനെ പറയൂമ്പോൾ ഒരു ഡോക്ടറായ അമ്മുവിന് എവിടെ നിന്നാണ് ഇതൊക്കെ ചെയ്യാനുളള പണം കിട്ടിയത് എന്നായിരുന്നു എന്നെ അലട്ടിയ ചോദ്യം..
അപരിചിതയെ പോലെ ഞാൻ വീട്ടിലേക്ക് കയറുമ്പോൾ ദെെന്യമായ മുഖത്തോടെ അച്ഛനും കൂടെയുണ്ടായിരുന്നു..
അമ്മ മാത്രം സന്തോഷവതിയാണ്..
ഇവിടെ എന്തൊക്കെയാണ് സംഭവിച്ചതെന്നുളള ആകാംക്ഷയിൽ ഞാൻ അകത്തേക്ക് കയറിയതും ഒരു കുഞ്ഞിന്റെ കരച്ചിൽ ഉയർന്നതും ഒരുമ്മിച്ചായിരുന്നു..
കരയുന്ന കുഞ്ഞിനെ ചേർത്തു പിടിച്ചു വരുന്ന അമ്മുവിനെ കണ്ടതും ഒരിട എന്റെ നെഞ്ചിൽ അപായമണി മുഴങ്ങി..
പക്ഷേ, നിറഞ്ഞ പുഞ്ചിരിയോടെ വന്ന അവൾ എന്നെ കുഞ്ഞിനെ കെെയ്യിൽ വെച്ച് കൊണ്ടു തന്നെ അവൾ ആശ്ലേഷിച്ചു..
അമ്പരന്ന് കുഞ്ഞിനെ തന്നെ നോക്കി നിൽക്കുന്ന എന്നെ കണ്ടു നിസ്സാരമായി അവൾ പറഞ്ഞു..
"ഇവനെ കണ്ടിട്ടാണോ ചേച്ചി ഇങ്ങനെ നോക്കുന്നത്..??
ഇതെന്റെ കൂടെ വർക്ക് ചെയ്തിരുന്ന ഒരു നേഴ്സിന്റെ കുഞ്ഞാ..
നേഴ്സും ഹസ്ബൻഡും കുറച്ചു ദിവസം മുൻപുളള ഒരു ആക്സിഡന്റിൽ മരിച്ചു..
ബന്ധുക്കളാരും തിരിഞ്ഞു നോക്കുന്നില്ലെന്ന് കണ്ടു സഹതാപം തോന്നി ഞാൻ അഡോപ്റ്റ് ചെയ്തതാ ഇവനെ...!!"
അവൾ നിസ്സാരമായി അങ്ങനെ പറഞ്ഞപ്പോളും അവളുടെ മാറിലെ ചൂടിനായി പരതുന്ന ആ കുഞ്ഞിലായിരുന്നു എന്റെ നോട്ടം...!!!
❄️❄️❄️❄️❄️❄️❄️
വളരെ വേഗം തന്നെ ഞാൻ കുഞ്ഞുമായി അടുത്തു...
ആരും ശരിക്കും അവനെ ശ്രദ്ധിക്കുന്നില്ലായിരുന്നു..
ഞാൻ വന്നതിൽ പിന്നെ അവന് വയർ നിറച്ച് ആഹാരം കൊടുക്കുകയും കുളിപ്പിച്ച് ഉറക്കുകയും ചെയ്തു അവനെ നന്നായി നോക്കി..
അപ്പോഴോക്കെ അവന്റെ നിറപുഞ്ചിരിയും ചാര കണ്ണുകളുമൊക്കെ ആരോയൊക്കെയോ എന്നെ ഒാർമ്മപ്പെടുത്തിക്കൊണ്ടിരുന്നു....!!!
സ്വന്തം വീട്ടിലേക്ക് വന്നിട്ട് രണ്ട് ദിവസങ്ങൾ പിന്നീട്ടെപ്പോഴേക്കും എനിക്ക് ഭർതൃഗ്രഹത്തിലേക്ക് തിരികെ പോകാൻ വ്യഗ്രത തോന്നി...
അന്ന് ഉച്ചയ്ക്ക് എല്ലാവരും കൂടി ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ ഞാൻ തിരികെ വീട്ടിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞതും അത്രയും നേരം സന്തോഷവതിയിയിരുന്ന അമ്മു പെട്ടെന്ന് തന്നെ ഭക്ഷണം ബാക്കി വെച്ച് ഏഴുന്നേറ്റു പോയി...
എനിക്ക് വല്ലാത്തൊരു പന്തിക്കേട് തോന്നിയെങ്കിലും അന്ന് ഞാൻ അവളോട് ഒന്നും ചോദിച്ചില്ല..
പിറ്റേ ദിവസം തന്നെ ഞാൻ തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് പോയി..
പക്ഷേ, അപ്പോഴേക്കൂം അവിടുത്തെ സ്ഥിതികളോക്കെ മാറിമറിഞ്ഞിരുന്നു..
അച്ഛനും അമ്മയും കൂടി അച്ഛന്റെ തറവാട്ടിലേക്കും രാജി എന്തോ ആവശ്യത്തിനായി വിദേശത്തേക്കും പോയിരുന്നു..
ഞാൻ ചെല്ലുന്ന സമയത്ത് രാഹുലേട്ടൻ വീട്ടിൽ ഉണ്ടായിരുന്നതിനാൽ എനിക്ക് അകത്തു കയറാൻ കഴിഞ്ഞു..
'വീട്ടിൽ ആരും ഇല്ലാത്തതിനാൽ ജോലിക്കാരിയെ പറഞ്ഞു വിട്ടൂ,സാധനങ്ങളുണ്ട് നീ എന്തെങ്കിലും ഉണ്ടാക്കി കഴിച്ചോളൂ"എന്ന് പറഞ്ഞതിന് ശേഷം രാഹുലേട്ടൻ പുറത്തേക്ക് പോയി..
അന്ന് രാത്രിയിൽ രാഹുലേട്ടൻ വന്നതും ഞങ്ങൾ സന്തോഷത്തോടെ ഒരുമ്മിച്ച് ഭക്ഷണം കഴിച്ചു കിടക്കാൻ തുടങ്ങിയതും വീട്ടിൽ നിന്നും അമ്മുവിന് സുഖമില്ല എന്നും പറഞ്ഞു അച്ഛന്റെ വിളി വന്നു..
ആധിയോടെ ഞങ്ങൾ വീട്ടിലെത്തിയപ്പോൾ വെറുതെ ഹാളിലെ സോഫയിൽ കിടക്കുകയായിരുന്നു അവൾ..
അവൾക്കരികിലേക്ക് ഞാൻ എത്തുന്നതിന് മുൻപ് തന്നെ എന്റെ ഭർത്താവ് പാഞ്ഞെത്തിയിരുന്നു...!!
എന്റെ വിരൽത്തുമ്പിൽ പോലും സ്പർശിക്കാത്ത അയാൾ അവളുടെ അടുത്തിരുന്ന് കെെപിടിച്ച് അവലാതിയോട് കൂടി ഒാരോന്നു ചോദിക്കുമ്പോൾ തകർന്നത് എന്റെ ഹൃദയമായിരുന്നു..
നിസ്സാഹയനായ അച്ഛന്റെ നിൽപ്പ് കണ്ടതും ഇതിവിടെ പതിവൂളള കാര്യങ്ങളാണെന്ന് എനിക്ക് ബോധ്യമായി...
അമ്മ മാത്രം അതൊരു സഹോദര സ്നേഹമായി കണക്കാക്കി...!!
പിന്നീട് അങ്ങോട്ട് ഞങ്ങൾ രണ്ടും എന്റെ വീട്ടിൽ തന്നെയായി താമസം..
എന്നോടൊപ്പം പേരീന് പോലും സമയം ചെലവഴിക്കാതെ എന്റെ കൺമുന്നിൽ വെച്ച് തന്നെ എന്റെ അനിയത്തിയുമായി എന്റെ സ്വന്തം ഭർത്താവ് കറങ്ങാൻ പോകുന്നത് ഞാൻ കണ്ടു..
പലവട്ടം ഇതിന്റെ പേരിൽ ഞാൻ വഴക്ക് ഉണ്ടാക്കിയെങ്കിലും ഒരു പട്ടി കിടന്നു കുരയ്ക്കുന്ന വില പോലും അവർ അതിന് തന്നില്ല..
ഒരിക്കൽ എന്റെ കൺമുന്നിൽ വെച്ച് അവൾക്ക് വാരി കൊടുക്കുന്ന അയാളുടെ കെെ തട്ടി മാറ്റിയ എന്റെ മുഖമടച്ച് അടി തന്നത് എന്റെ സ്വന്തം അനിയത്തിയായിരുന്നു...!!
ഒരൂ ഭ്രാന്തിയെ പോലെ ഞാനാ വീട്ടിലൂടെ എന്റെ സങ്കടങ്ങൾ തുറന്നു പറയാനാകാതെ പരക്കം പാഞ്ഞപ്പോൾ എന്റെ കൺമുന്നിൽ വെച്ച് തന്നെ അവർ ഭാര്യാഭർത്താക്കന്മാരെ പോലെ പെരുമാറി തുടങ്ങി..
സഹികെട്ട് ഞാൻ ഇങ്ങനെ നാണം കെട്ട് ജീവിക്കാതെ ചത്തു കളയാമെന്ന് അച്ഛനോട് വരെ പറഞ്ഞെങ്കിലും നിറകണ്ണുകളോടെ നോക്കി നിൽക്കാൻ അല്ലാതെ പ്രതികരിക്കാൻ ആ പാവത്തിന് കഴിയില്ലായിരുന്നു..
കാരണം,ഞാൻ അറിയാതെ തന്നെ വീടും 5 ഏക്കർ പറമ്പും അമ്മു സ്വന്തം പേരിൽ ആക്കിയിരുന്നു..
അപ്പോഴോക്കെ എനിക്ക് ഏറ്റവും അസഹനീയമായി തോന്നിയത് എല്ലാം കാണിച്ചു കൂട്ടിയതിന് ശേഷവും ഒരു കൂസലുമില്ലാതെ എന്നോട് സ്നേഹത്തോടെ സംസാരിക്കുന്ന അമ്മുവായിരുന്നു...!!
സ്വയം മരിക്കാനോ അവരെ ഇല്ലാതാക്കാനോ കഴിയാതെ ഭ്രാന്തമായ ഒരവസ്ഥയിൽ ഞാൻ എത്തിചേരുമ്പോഴായിരുന്നു വിവാഹമോചനത്തിനുളള പെറ്റീഷൻ കെെയ്യിൽ കിട്ടിയത്..
ഇത്രയും വൃത്തിക്കെട്ട ഒരാളെ ഭർത്താവായി വേണ്ട എന്ന് തോന്നിയതിനാൽ അപ്പോൾ തന്നെ ഞാൻ അതിന് സമ്മതം മൂളി..
പക്ഷേ, അതും ഒരു ചതിയാണെന്ന് ഞാൻ പിന്നീടാണ് അറിഞ്ഞത്..
ഭർത്താവിനെ വേണ്ട വിധം പരിഗണിക്കാതെ ഇപ്പൊഴും പഴയ കാമുകന് വേണ്ടി കാത്തിരിക്കുന്നവൾ എന്ന പേരിൽ കുടൂംബത്തിലാകെ ഞാൻ അറിയപ്പെട്ടു...
ഞാൻ കാരണം സമനില വരെ തെറ്റി തുടങ്ങിയ എന്നെ വളരെ അധികം സ്നേഹിക്കുന്ന ഒരാളായി രാഹുലേട്ടനെ എല്ലാവരും അവരോധിച്ചു...!!
സ്വന്തം അമ്മയടക്കം പലരും എന്നെ വെറുത്തു തുടങ്ങി...
"ഞാൻ കാരണമാണ്" രാഹുലേട്ടന് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത് അത് കൊണ്ട് ഞാൻ തന്നെ രാഹുലേട്ടന് ഒരു ജീവിതം കൊടുക്കുമെന്ന് അമ്മു പരസ്യമായി പ്രഖ്യാപിച്ചു...
ഭർത്താവിന്റെ പണത്തിന്റെ സ്വാധീനം കൊണ്ട് എനിക്ക് ഒരു മാസത്തിനുളളിൽ തന്നെ ഡിവോഴ്സ് ലഭിച്ചു...
അന്ന് അപമാനിതയായി കോടതി വരാന്തയിൽ അച്ഛന്റെ തോളിൽ തല ചായ്ച്ചു ഞാൻ പൊട്ടി കരയുമ്പോൾ നവദമ്പതികളെ പോലെ ചിരിച്ചു കളിച്ചു പോകുകയായിരുന്നൂ എന്റെ ഭർത്താവും അനിയത്തിയും...!!
അന്ന് വീടെത്തിയ എന്റെ ആദ്യ ലക്ഷ്യം തന്നെ കപടതയൂടെ ഈ ലോകത്ത് നിന്നുളള രക്ഷപ്പെടലായിരുന്നു..
പക്ഷേ,സ്വയം മരിക്കാം എന്ന തീരുമാനത്തിൽ നിന്നും എന്നെ പിന്തിരിപ്പിച്ചത് കിച്ചൂട്ടന്റെ നിഷ്കളങ്കമായ പുഞ്ചിരിയായിരുന്നു..
അവനും എന്നെ പോലെ ഒരു ബലിയാടായിരൂന്നെന്ന് എനിക്ക് മനസ്സിലായിരുന്നു..
കുത്തഴിഞ്ഞ ജീവിതത്തിൽ അമ്മുവിന് പറ്റിയൊരു അബദ്ധം..!!
പക്ഷേ, സ്വന്തം കുഞ്ഞായിരുന്നിട്ട് കൂടി അവൾ അതിനെ സ്നേഹത്തോടെ ലാളിക്കുന്നത് ഞാൻ കണ്ടിട്ടില്ല..
വിശന്നവൻ ഉറക്കെ കരഞ്ഞിട്ടും അവന് ഒരിറ്റു പാൽ നൽകാതെ അത് പിഴിഞ്ഞു കളയുന്നതിന് ഈ ഗതിക്കെട്ടവൾ കൂടി സാക്ഷിയായിട്ടുണ്ട്..
അവന് വേണ്ടി മാത്രം ജീവിക്കാൻ ഞാൻ ഉറപ്പിച്ചതിന്റെ പിറ്റേന്നാണ് വിവാഹിതരാകാൻ പോകുകയാണെന്ന പ്രഖ്യാപനവുമായി അമ്മുവും മുൻഭർത്താവും എത്തിയത്..
കൂടെ അമ്മയുടെ മൗനം സമ്മതം ഉണ്ടായിരുന്നെങ്കിലും അച്ഛൻ അതിനെ ശക്തമായി എതിർത്തു..
അവസാനം നിവർത്തിക്കേട് കൊണ്ട് എന്റെ വിവാഹം കഴിഞ്ഞതിന് ശേഷം മതി മറ്റെന്തും എന്നുളള അച്ഛന്റെ തീരുമാനത്തെ അവർ അംഗീകരിച്ചു..
ഇതിനിടയിൽ ഒരിക്കൽ പോലും രാഹുലേട്ടന്റെ വീട്ടുക്കാർ തിരിഞ്ഞു നോക്കിയെല്ലെങ്കിലും വിവാഹമോചനം ഉറപ്പായ സമയത്ത് എന്നെ വിളിച്ചു രാഹുലേട്ടനുമായുളള എല്ലാ ബന്ധങ്ങളും എന്നെ പ്രതി അവർ ഉപേക്ഷിച്ചുവെന്ന് അറിയിച്ചെങ്കിലും നിശ്ശബ്ദമായി കരയാൻ മാത്രമെ എനിക്ക് സാധിച്ചുളളൂ..
ഇതിനിടയിലാണ് വീണ്ടും പരീക്ഷണം എന്ന പോലെ മിഥുന്റെ വരവ്..
ഇപ്പോൾ തോന്നുന്നു വിധി തനിക്കായി കരുതി വെച്ചിരിക്കുന്നത് ഒന്നെങ്കിൽ ആത്മഹത്യ അല്ലെങ്കിൽ ഭ്രാന്ത്...!!
പക്ഷേ, പെട്ടെന്ന് എനിക്ക് തോന്നി..
ഒരു പക്ഷേ, എന്നേക്കാളും കഷ്ട്ടപാടുകൾ അനുഭവിക്കുന്ന ധാരാളം പേരുണ്ടായിരിക്കാം..
അവരൊക്കെ ജീവിതത്തോട് പൊരുതുന്നില്ലേ...???
ഞാൻ സ്വയം ചോദിച്ചു..
ഇനി ഒരിക്കൽ കൂടി ഒരു വിഡ്ഢീ വേഷം കെട്ടാൻ പാടില്ല..
ഇനി വേണ്ടത് ആദ്യം സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയാണ്....അതിന് ശേഷം ഇറക്കി വിട്ടാലും പോകാനായി സുരക്ഷിതമായ ഒരിടവും ഉറപ്പാക്കണം...!!
താൻ മാത്രമായിരിക്കില്ല ഇവിടെ നിന്നും ഇറങ്ങാൻ പോകുന്നത് തന്റെയോപ്പം അച്ഛനും അമ്മയും ഈ പിഞ്ചുകുഞ്ഞും കാണും...!!
കാരണം തന്റെ കുഞ്ഞ് അനിയത്തി ബന്ധങ്ങൾ തിരിച്ചറിയാൻ പറ്റാത്ത വിധം മാറി പോയിരിക്കുന്നു...!!
പെട്ടെന്ന് എന്തോ ഒാർത്ത പോലെ പണ്ട് അമ്മ പൊട്ടിച്ചെറിഞ്ഞ ഫോൺ അച്ഛനെ കൊണ്ട് ശരിയാക്കിയ കാര്യം ഒാർത്തെടുത്തു...
പുതിയൊരു തീരുമാനത്തിലേക്ക് പോകണോ വേണ്ടയോ എന്ന് ചിന്തയെ കീറി മുറിച്ച് ഞാൻ ഫോണെടുത്ത് പഴയ കോൺടാക്ടുകളിൽ വിരലോടിച്ചുക്കൊണ്ടിരുന്നു......
(തുടരും)
വലിച്ച് നീട്ടില്ല...
അധികം പാർട്ടുകൾ ഉണ്ടാകില്ല...
പെട്ടെന്ന് തീർക്കും...
ഇഷ്ട്ടമായെങ്കിൽ എനിക്കായ് രണ്ട് വരി....