Aksharathalukal

ദാമ്പത്യം❤❤

ദാമ്പത്യം
 
"ചെറിയ കാര്യങ്ങൾക്ക് പോലും നീ ഇങ്ങനെ വഴക്ക് ഉണ്ടാക്കിയാൽ എങ്ങനെയാ ശരിയാവും .. ഇനി  കല്യാണമൊക്കെ  കഴിഞ്ഞാൽ എന്താവും?? 
എപ്പോഴും ഞാൻ ഇങ്ങനെ 
ആയിരിക്കില്ല... "
 
പ്രണയിച്ചു നടക്കുന്ന കാലം മുതൽ ഞാൻ അവളോട് പറയുന്ന കാര്യമാ... പക്ഷെ അവൾക്കൊരു മാറ്റവും ഞാൻ കണ്ടില്ല...  നിസാര കാര്യങ്ങൾക്ക് പോലും തെറ്റി പിണങ്ങലും ശേഷം സ്നേഹം കൊണ്ട് മൂടലുമാ പണി... 
 
ആദ്യമൊക്കെ കരുതി കല്യാണമൊക്കെ കഴിഞ്ഞാൽ അവളിൽ മാറ്റം ഉണ്ടാവുമെന്ന്... ഇതിപ്പോ കല്യാണം കഴിഞ്ഞു വർഷം മൂന്നായി പോരാത്തതിന് ഒരു കുട്ടിയുമായി. എന്നാലും   അവളിൽ ഒരു മാറ്റവുമില്ല....  ഇടക്കിടെ  പിണങ്ങിയും ഇണങ്ങിയും ജീവിതം മുൻപോട്ട് പോയി.. 
 
ഇന്നിപ്പോ എന്താ അവളുടെ പ്രശ്നം എന്ന് എനിക്ക് മനസിലായില്ല. കുറിച്ചനേരമായി തുടങ്ങിയിട്ട്.. 
 
"നിങ്ങൾക്ക് പണ്ടത്തെ സ്നേഹം ഒന്നുമില്ല... നിങ്ങൾക്ക് എപ്പോഴും അമ്മ അച്ഛൻ .. എന്നെ മൈൻഡ് കൂടി ഇല്ല "
 
"എന്താ നിന്റെ പ്രശ്നം ആമി ... കുറെ നേരമായല്ലോ തുടങ്ങിയിട്ട്... പിന്നെ എപ്പോഴും നിന്റെ പുറകെ നടന്നു പൈങ്കിളി പറയാൻ പണ്ടത്തെ പോലെ കാമുകൻ മാത്രം  ആണോ ഞാൻ... ഇന്ന്  ഞാൻ നിന്റെ ഭർത്താവ് ആണ് അതിലുപരി ഒരു അച്ഛനും ആണ്... അതിനിടയിൽ ചിലപ്പോൾ  പണ്ടത്തെ പോലെ എനിക്ക് പറ്റിയെന്നു വരില്ല...അല്ലാതെ നിന്നെ ഇഷ്ടം അല്ലാഞ്ഞിട്ടല്ല... "
 
ഞാനതു പറഞ്ഞു തീർന്നതും അവൾ തുടങ്ങി വീണ്ടും.... 
 
"നിങ്ങൾ ഒന്നും പറയണ്ട... നിങ്ങൾക്ക്  എന്നോടിപ്പോൾ  ഒരു സ്നേഹവുമില്ല. എന്നേക്കാൾ  വലുത് അമ്മയാണ്. എത്രകാലമായി പറയുന്നതാ ഞാൻ നമുക്ക് ഫ്ലാറ്റിലേക്ക് മാറാം എന്ന്. നിങ്ങൾക്ക്  അമ്മയെയും അച്ഛനെയും വിട്ട് വരാൻ വയ്യ. എനിക്ക് വയ്യ ഇനി ഇവിടെ നിൽക്കാൻ.. "
 
അവൾ പറഞ്ഞു മുഴുവിപ്പിക്കും  മുൻപേ  എനിക്ക് ദേഷ്യം  അരിച്ചു വന്നിരുന്നു. 
 
"ആമി..... പ്ലീസ് സ്റ്റോപ്പ്‌ ഇറ്റ്.... എന്നെ ദേഷ്യം  പിടിപ്പിക്കാതിരുന്നാൽ നിനക്ക് കൊള്ളാം.. നീ ഇങ്ങനെ തുടങ്ങിയാൽ എങ്ങനെയാ മോളെ... "
 
ദേഷ്യം അടക്കി ഞാൻ അവളോടായി  പറഞ്ഞു.
 
"എനിക്ക് ഇവിടെ നിൽക്കാൻ വയ്യ.... അമ്മക്ക് എന്നെ ഇഷ്ടമല്ല. എന്ത് ചെയ്യ്താലും തൊട്ടാലും  കുറ്റം മാത്രം.. നിങ്ങൾക്ക് ഫ്ലാറ്റ് എടുക്കാൻ പറ്റോ??  അത് പറയ്യ്... "
 
" നിർത്തടി.... അവളുടെ  ഒരു ഫ്ലാറ്റ്. ഇനി  ഒരക്ഷരം നീ മിണ്ടിയാൽ കാലേ വാരി നിലത്തടിക്കും ഞാൻ. ഇത്രനാൾ ഞാൻ നിന്നെ കൈ  വെച്ചിട്ടില്ല.. അഥവാ ഞാൻ വെച്ചാൽ അമ്മയും അച്ഛനും എന്നെ കൈ  വെക്കും. അതുകൊണ്ട്  മാത്രം ആണ് ഇപ്പോഴും ഞാൻ  നിന്നെ അടിക്കാത്തത്  "
 
"ഞാൻ പോവാ...  "
 
അവൾ അത് പറഞ്ഞപ്പോഴേക്കും ഞാൻ അവളോടായി പറഞ്ഞു. 
 
"നീ പോവണ്ട... ഞാൻ തന്നെ കൊണ്ടവിട്ടോളാം.വേഗം ഒരുങ്ങാൻ നോക്ക്.  "
 
പ്രതീക്ഷിക്കാത്തത്  എന്തോ കേട്ടപ്പോൾ ഉള്ള അമ്പരപ്പ് ശരിക്കും അവളുടെ മുഖത്ത് മിന്നിമറിഞ്ഞിരിന്നു. പുലിയെ പോലെ ചീറിയിരുന്നവൾ എലി ആയത് ഞാൻ ശ്രദ്ധിച്ചു... എന്തോ അനുനയത്തിനെന്നപോൽ  അവൾ പറഞ്ഞു തുടങ്ങി.. 
 
"നന്ദേട്ടാ... ഞാൻ..... "
 
പറഞ്ഞു മുഴുവിപ്പിക്കാൻ ഞാനവളെ സമ്മതിച്ചില്ല. 
 
" ആമി.... നിന്നോട് ഞാൻ പറഞ്ഞു ഒരക്ഷരം മിണ്ടരുത് എന്ന്... ഇനി നീ മിണ്ടിയാൽ ചവിട്ട് കൊള്ളും. വേണ്ട വേണ്ട എന്ന് വെച്ചപ്പോൾ  തലയിൽ കേറി നിരങ്ങുന്നു.ആരും ഇവിടെ കഷ്ടപ്പെട്ട് ജീവിക്കണ്ട. ചുമ്മാ ഡയലോഗ് അടിക്കാതെ... റെഡിയാവാൻ  നോക്ക്. "
 
ഇനിയും എന്നോട് എന്തെങ്കിലും പറയുന്നത് അവൾക്ക് പന്തിയല്ല എന്ന് തോന്നിയത്കൊണ്ടാവാം  മോനെ കിടത്തി   അവൾ  നേരെ സാരി എടുത്ത് ഉടുക്കാൻ പോയത്.  മോനെ ഒരുക്കുന്നതിനിടക്ക്  പലപ്പോഴും നിറഞ്ഞുവന്ന മിഴികൾ അവൾ സാരി തുമ്പിനാൽ ഒപ്പുന്നത്  ഞാൻ കണ്ടില്ലന്നു നടിച്ചു.. 
 
അല്പസമയത്തിനുശേഷം മുഖത്ത് നോക്കാതെ തന്നെ അവൾ പറഞ്ഞു. 
 
" ഒരുങ്ങി.... "
 
"മം.. മോന്റെ മരുന്നും കാര്യങ്ങളും എല്ലാം എടുത്തിട്ടുണ്ടല്ലോ അല്ലെ?? "
 
അതിനു മറുപടി ഒരു മൂളലിൽ അവൾ ഒതുക്കി.
 
"എന്നാ വായോ... ഇറങ്ങാം  "
 
അവളുടെ ബാഗ് എടുത്ത് ഞാൻ തന്നെ ആദ്യം  നടന്നു. മോനെയും എടുത്ത് അവൾ പുറകിൽ വന്നു.
 
വീടിന്റെ മുൻപിൽ ഇരുന്നിരുന്ന അച്ഛനും അമ്മയും ഞങ്ങളുടെ വരവ് കണ്ടപാടെ ഇതെന്താ കഥ എന്നപോലെ  ഞങ്ങളിരുവരെയും നോക്കി.
 
കാര്യങ്ങൾക്ക് കൃത്യത വരുത്താൻ വേണ്ടി ഞാൻ അവരോടായി പറഞ്ഞു. 
 
"ചിലർക്ക് ഇവിടെ നിൽക്കാൻ എന്തോ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന്. അതുകൊണ്ട്  ഞാൻ അവളെ വീട്ടിൽ കൊണ്ടുവിട്ടിട്ട് വരാം "
 
"നീ എന്തൊക്കെയാ ഈ പറയുന്നത്??? 
ഇവനെന്താ മോളെ ഈ പറയുന്നത്?? 
എന്ത്പറ്റി രണ്ടാൾക്കും?? "
 
അച്ഛനായിരുന്നു ചോദിച്ചത്. അപ്പോഴും അവൾ ഒന്നും പറഞ്ഞില്ല.കണ്ണുകളിൽ നിന്ന് ധാരയായി ഒഴുകികൊണ്ടിരുന്നു. 
 
"നീ എന്തിനാ കരയുന്നത്.. എന്തെങ്കിലും ഒന്ന് പറയുന്നുണ്ടോ?? "
 
അമ്മയുടെ ചോദ്യത്തിന് ഞാനായിരുന്നു മറുപടി പറഞ്ഞത്. 
 
"അവൾ ഒന്നും മിണ്ടില്ല.. ഏതായാലും ഞാൻ അവളെക്കൊണ്ട് വിട്ടിട്ടു വരാം. "
 
അതുകേട്ടതും അമ്മ പറഞ്ഞു 
 
"ഒന്ന് പോ ചെക്കാ. വെറുതെ കുട്ടിയെ കരയിപ്പിക്കാൻ  നടക്കുന്നു... മോളു കരയാതെ പോയി ആ  ഡ്രസ്സ്‌ ഒക്കെ മാറ്റിയിട്ടു വായോ. എവിടെയും പോവണ്ട.."
 
അമ്മ അത് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു.
 
"അമ്മ ആരുടേം സൈഡ് പിടിക്കണ്ട... 
നീ വരുന്നുണ്ടോ ആമി.... "
 
കുറച്ച് കടുപ്പത്തിൽ അവളെ വിളിച്ചു ഞാൻ ഇറങ്ങിയപ്പോൾ അമ്മ ഞങ്ങൾക്ക് കേൾക്കാൻ പാകത്തിൽ  പറഞ്ഞു.
 
"ഇങ്ങനെയും ഉണ്ടോ വട്ടുകൾ... വട്ടായാൽ എന്താ ചെയ്യാ അല്ലെ ചേട്ടാ.. "
 
പോകും വഴി പരസ്പരം  ഒന്നും മിണ്ടാതെ ഞങ്ങൾ ഇരുന്നു. അവളെ വീട്ടിൽ ഇറക്കി മോനു ഒരുമ്മയും കൊടുത്ത് അവളെ പൂർണമായും ഒഴിവാക്കി  അച്ഛനോടും അമ്മയോടും കേറുന്നില്ല തിരക്കുണ്ട് എന്ന് പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി... 
 
 വീട്ടിൽ വന്നു നേരെ റൂമിൽ പോയി കണ്ണടച്ചു കിടന്നു. ആ കണ്ണ് നിറഞ്ഞപ്പോൾ ഒരു വിഷമം തോന്നാതെയില്ല. കാരണം ആ മിഴികൾ ഒരിക്കലും നിറയരുത് എന്നെന്റെ ആഗ്രഹമായിരുന്നു... പക്ഷെ ഇന്നവൾ എന്നെക്കൊണ്ട്  ഇത്‌ ചെയ്യിപ്പിച്ചതാ. ഇന്നത്തെ ഒരു ദിവസം അവിടെ നിൽക്കട്ടെ. ഓരോന്നും ആലോചിച്ചു എപ്പോഴാ മയങ്ങിയത് എന്നറിയില്ല... ഫോൺ എടുത്ത് നോക്കിയപ്പോൾ ഒരുപാട് മെസ്സേജും മിസ്സ്ഡ് കോൾസും  ഉണ്ടായിരുന്നു.
തിരിച്ചു വിളിക്കാൻ മനസ്സിൽ വെമ്പിയപ്പോൾ ഞാൻ തന്നെ വിലക്കി.. ഇപ്പൊ വിളിക്കണ്ട. പെണ്ണ് കുറച്ച് വിഷമിക്കട്ടെ.
 
രാത്രിയാവും തോറും അവളെയും മോനെയും കാണാൻ മനസ്സ് വെമ്പൽ കൊണ്ടിരുന്നു.. ആദ്യമായിട്ടാണ്  അവളും മോനും ഇല്ലാതെ ഇങ്ങനെ.. കിടന്നിട് ഉറക്കം വരാതെ ആയപ്പോൾ അമ്മയോടും അച്ഛനോടും പറഞ്ഞു ഞാൻ അവളുടെ വീട്ടിലേക്ക് ഇറങ്ങി. 
 
അവിടെ എത്തി കാളിങ് ബെൽ അടിച്ചു വാതിൽ തുറക്കാനായി കാത്തു നിന്നു. അവളായിരുന്നു  തുറന്നത്. എന്നെ കണ്ടതും അവൾ  ഞൊടിയിടയിൽ എന്റെ മാറിലേക്ക് വീണു. 
 
കുറച്ച് ഗൗരവത്തിൽ അവളെ അടർത്തി മാറ്റി ഞാൻ പറഞ്ഞു.. 
 
"മോനെ കാണാതെ കിടക്കാൻ വയ്യ അതാ  വന്നത്. അവൻ ഉറങ്ങിയോ? "
 
"മം "
 
മുറിയിൽ വന്നിട്ടും അവളെ മൈൻഡ് ചെയ്യാതെ മോനെ കെട്ടിപിടിച്ചു ഉമ്മ വെച്ച് കിടന്നു.. അവളുടെ സാമീപ്യം  അറിഞ്ഞിട്ടും അറിയാത്തപോലെ  ഞാനിരുന്നു.. 
 
"നന്ദേട്ടാ..... സോറി.... ഞാൻ ഇനി അങ്ങനെ  ഒന്നും പറയില്ല... എന്നേം കൊണ്ടപോവോ ഏട്ടാ.. അപ്പോഴത്തെ ദേഷ്യത്തിനു പറഞ്ഞുപോയതാ... ക്ഷമിക്ക്.. "
 
അവൾ അത് പറഞ്ഞതും ഞാൻ പറഞ്ഞു. 
 
"നീ നിങ്ങൾ  എന്ന് വിളിച്ചാമതി.. ഇന്ന് മുഴുവൻ അങ്ങനെ അല്ലായിരുന്നല്ലോ വിളിച്ചത്. ഇനി ഏട്ടാ നന്ദേട്ടാ  എന്നൊന്നും വിളിക്കണം എന്നില്ല. "
 
അതുപറഞ്ഞപോഴേക്കും ഏങ്ങലടികൾ ഉയർന്നു. ഇനിയും അവളെ വിഷമിപ്പിക്കാൻ മനസ്സ്  അനുവദിച്ചില്ല. 
 
"ആമി.. മോളെ... എന്റെ പെണ്ണെ.... കരയാതെ... എനിക്ക് ദേഷ്യം  വന്നു അപ്പോൾ. ഞാൻ ഒരു കഥ പറയാം ശ്രദ്ധിച്ചു  കേൾക്കണം. എന്നിട്ട് എന്താ തോന്നുന്നത് എന്ന് പറയ്. 
 
നമുക്ക്  ആറ്റുനോറ്റ്  ഒരു മകൻ ഉണ്ടായി.  ചെറുപ്പത്തിലേ അവന്റെ കാലിനു വയ്യ. അങ്ങനെ അവന്റെ കാലു ശരിയാക്കാൻ നമ്മൾ രണ്ടും ഓടിനടക്കുന്നു.  ചെറുപ്രായത്തിലെ ഒരുപാട് സർജറികൾ.. അങ്ങനെ അത്രേം സൂക്ഷിച്ചു  നമ്മൾ അവനെ വളർത്തി വലുതാക്കി ഒരുപാട് സ്വപ്നങ്ങൾ കാണുന്നു... അങ്ങനെ അവന്റെ വിവാഹത്തെ പറ്റിയും നമ്മൾ സ്വപനം  കണ്ടു.. പക്ഷെ ഒരു ദിവസം ആ സ്വപ്നങ്ങളെ ഒകെ തള്ളി കളഞ്ഞ്  അവൻ പറയുന്നു.  അവനു ഒരു പെൺകുട്ടിയെ ഇഷ്ടം ആണെന്ന്. അങ്ങനെ  നമ്മൾ ഒരുപാട് എതിർക്കുന്നു.. പക്ഷെ  അവന്റെ വാശിയുടെ മുൻപിൽ നമ്മൾ മുട്ടുകുത്തുന്നു. അവന്റെ സന്തോഷം അല്ലെ നമ്മുടേതും..  അങ്ങനെ ജാതിയും മതവും ഒന്നും നോക്കാതെ അവൻ പറഞ്ഞത് കുട്ടിയെ  നമ്മൾ വിവാഹം ചെയ്ത്കൊടുക്കുന്നു.  ചിലപ്പോൾ ഒക്കെ  നീ ആ കുട്ട്യേ വഴക്ക് പറയും.. അതും പറഞ്ഞു അവൾ പറയാ നമ്മളെ രണ്ടിനെയും  വിട്ട് ഫ്ലാറ്റ്  എടുത്ത് മാറാം  എന്ന്.. അങ്ങനെ നമ്മുടെ മകൻ ചെയുന്നു..  നമ്മളുടെ അവസ്ഥ ഒന്ന് ആലോചിക്ക്... എന്ത് തോന്നുന്നു  ആമി? 
ഇനി പറ ആമി നിനക്ക് വേറെ താമസിക്കണമോ?? "
 
നിറകണ്ണുകളോടെ  അവൾ പറഞ്ഞു.. 
 
"ഞാൻ അപ്പോഴത്തെ ദേഷ്യത്തിനു  പരഞ്ഞുപോയതാ ഏട്ടാ.... ഇനി ഒരിക്കലും  അങ്ങനെ ചിന്തിക്കില്ല... എന്നോട് ക്ഷമിക്ക്.. "
 അവളെ ഒന്നൂടി നെഞ്ചോടമർത്തി ആ നെറ്റിയിൽ ന്റെ സ്നേഹചുംബനങ്ങൾ അർപ്പിച്ചപ്പോൾ  എന്തെന്നില്ലാത്ത ഒരു സന്തോഷം  അനുഭവപെട്ടു... പിണക്കത്തിന് ശേഷമുള്ള ഇണക്കത്തിന് മധുരം കൂടുതൽ ആണ്.   
 
Dedicated to Nandhettn❤