Aksharathalukal

ഒറ്റതലയുള്ള രാവണൻ ( അവസാന ഭാഗം )

ചാറ്റൽ മഴ പെയ്തു ഒഴിഞ്ഞു പോയിരിക്കുന്നു.

 ഒരു തോരാപെയ്തിനുള്ള കാർമേഘം ആകാശത്തു ഉരുണ്ടുകൂടിയെങ്കിലും, എവിടെനിന്നോ വന്ന കാറ്റത്ത് ആ കാർമേഘങ്ങൾ അപ്രത്യക്ഷമായി.


 മഴക്കാറ് കണ്ടിട്ടാണ് ലക്ഷ്മി, പറമ്പിൽ കെട്ടിയിരുന്ന പശുവിനെ, തൊഴുത്തിലേക്ക് മാറ്റി കെട്ടാനായി പുറത്തേക്കിറങ്ങിയത്.

 ലക്ഷ്മി ക്കൊപ്പം ഇളയമകൾ ശോഭയും ഉണ്ട്.

 ശോഭ എട്ടാം ക്ലാസിൽ പഠിക്കുകയാണ്..... ശോഭയെ കൂടാതെ മൂത്തത് ആൺകുട്ടിയാണ്...... നന്ദു..... അവൻ പത്താം തരത്തിൽ പഠിക്കുന്നു. രണ്ടുപേരും പഠിക്കാൻ മിടുക്കരായിരുന്നു.

 നന്ദുവിനും, ശോഭ ക്കും അച്ഛനെക്കാൾ ഇഷ്ടം അമ്മയോട് ആയിരുന്നു.

 അച്ഛനെ അവർക്കെന്നും ഭയമായിരുന്നു.

 വീടിന്റെ ഉമ്മറത്ത് എപ്പോഴും ഉയർന്നു കേൾക്കാറുള്ള അച്ഛന്റെ സ്വരത്തിന്റെ മൂർച്ച അവർ പലപ്പോഴും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

 ആരെയും കൂസാത്ത സ്വഭാവം...... എന്തിനെയും ചങ്കൂറ്റത്തോടെ നേരിടുന്ന പ്രകൃതം.....

 തങ്ങൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അത് അമ്മയോട് പറയുകയാണ് പതിവ്.... അമ്മ അത് ഭയത്തോടെ ആണെങ്കിലും അച്ഛനോട് അവതരിപ്പിക്കും.


 നന്ദു തന്റെ മുറിയിൽ പഠനത്തിൽ മുഴുകി ഇരിക്കുകയായിരുന്നു.

 ഈ സമയം പറമ്പിൽ പശുവിനെ അഴിച്ചു വരുന്ന  ശോഭയേയും, അമ്മയെയും  ജനാലയ്ക്കപ്പുറം നന്ദു കണ്ടു.

 മുൻവശത്ത് അച്ഛന്റെ സ്വരം ഉയർന്നു കേൾക്കാം..... നന്ദു അതിലേക്ക് കാതുകൂർപ്പിച്ചു.

 തരാനുള്ള പണത്തിന് ആരോടോ കയർ ക്കുന്നതാണ്.

 മനസ്സിനുള്ളിൽ അച്ഛനോടുള്ള വെറുപ്പ് എന്നും ഉണ്ട്..... കാരണം ഒരിക്കലും  അച്ഛന്റെ സ്ഥാനത്തു നിന്ന് ഒരു മകനോട് പെരുമാറുന്നത് പോലെ ഒരു അനുഭവം ഒരിക്കൽ പോലും ഉണ്ടായിട്ടില്ല.

 അതിലുപരി തന്റെ അമ്മ അനുഭവിക്കുന്ന വേദന......
 അതാണ് തന്നെ ഏറ്റവുമധികം വേദനിപ്പിക്കുന്നത്.
 ആ വേദന അച്ഛനോടുള്ള വെറുപ്പാണ് എന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു.

 ഇന്നും തന്റെ മനസ്സിൽ മായാതെ നിൽക്കുന്ന ഒരു ദിവസം ഉണ്ട്..... അച്ഛന്റെ കൈ തന്റെ രണ്ട്കവിൾത്തടത്തിൽ മാറിമാറി വീണ ആ ദിവസം..... സ്കൂൾ വിട്ടു വരുന്ന വഴി, ചെറിയച്ഛന്റെ മകൾ ആതിരേടത്തിയെ കണ്ടതായിരുന്നു പ്രശ്നം...... താനും ശോഭയും, ആതിര ഏടത്തിയും ആയി സംസാരിച്ചു നിൽക്കുന്നത് ആരോ അച്ഛന്റെ അടുക്കൽ പറഞ്ഞു. അതിനായിരുന്നു ശകാരവും,തല്ലും.......

 എല്ലാവരിൽ നിന്നും ഒരു അകൽച്ച യോടെ ആയിരുന്നു അച്ഛൻ തങ്ങളെ വളർത്തിയത്.... പ്രത്യേകിച്ച് ബന്ധുക്കളിൽ നിന്ന്..... അതെന്തിനാണെന്ന് ഇപ്പോഴും തനിക്ക് മനസ്സിലാകുന്നില്ല....

 ഈ സമയം താഴെ നിന്ന് ഒരു നിലവിളി ഉയർന്നു.

 നന്ദു ഓർമ്മയിൽ നിന്നുണർന്ന് അവിടേക്ക് ചെവി കൂർപ്പിച്ചു.

 അതൊരു സ്ത്രീ ശബ്ദമാണെന്ന് നന്ദുവിന് മനസ്സിലായി.

 നന്ദു വേഗം മുറിയിൽനിന്ന് പുറത്തേക്കു നടന്നു.

 രണ്ടാംനിലയിൽ നിന്ന്, താഴേക്ക് നോക്കുമ്പോൾ, മുറ്റത്ത് വീണു കിടക്കുന്ന അമ്മയെ ആണ് കണ്ടത്.

 നന്ദു പെട്ടെന്ന് താഴേക്ക് ഓടി......

 നന്ദു താഴെ എത്തുമ്പോൾ, അച്ഛന്റെ കൈ അമ്മയുടെ കഴുത്തിൽ ആയിരുന്നു.

" എന്നെ ധിക്കരിച്ച് നിനക്കൊക്കെ ഇവിടെ കഴിയാം എന്ന് തോന്നുന്നുണ്ടോ....? "

 രാഘവന്റെ സ്വരം ഉച്ചത്തിലായി.

 നന്ദു ഓടിച്ചെന്ന് അച്ഛന്റെ കൈകളിൽ പിടിച്ചു.

" എന്റെ അമ്മയെ ഒന്നും ചെയ്യരുത്......."

 രാഘവന്റെ ചുവന്നുതുടുത്ത കണ്ണുകൾ നന്ദുവിന്റെ നേർക്കായി.

 രാഘവൻ ഒരു കൈകൊണ്ട് നന്ദുവിനെ ആഞ്ഞു തള്ളി.

 ഒരിക്കലും പ്രതീക്ഷിക്കാത്ത തള്ളലിൽ, നന്ദു മുറ്റത്ത് കൂട്ടിയിട്ടിരുന്ന തേങ്ങയുടെ മുകളിലേക്ക് വന്നു വീണു.

 ഈ സമയം ശോഭ അകത്തുനിന്ന് ഓടി വന്നിരുന്നു.

 രാഘവന്റെ ഇരുകൈകളും ലക്ഷ്മിയുടെ കവിൾത്തടത്തിൽ പതിച്ചു.

 നിലത്തുവീണു കിടക്കുകയായിരുന്ന നന്ദു ചുറ്റുപാടും നോക്കി.

 കൂട്ടിയിട്ടിരുന്ന തേങ്ങക്കരികിലായി ഒരു വെട്ടുകത്തി നന്ദുവിന്റെ ശ്രദ്ധയിൽപ്പെട്ടു.

 ചുണ്ടിൽ പൊടിഞ്ഞിറങ്ങിയ രക്തം തുടച്ചുകൊണ്ട് നന്ദു ആ വെട്ടുകത്തി കയ്യിലെടുത്ത് രാഘവന് നേരെ പാഞ്ഞു.

 നന്ദു ആ വെട്ടുകത്തി, രാഘവന്റെ കഴുത്തിൽ ചേർത്തുവച്ചു.

" എന്റെ അമ്മയെ വിട്...... "

 എന്നാൽ രാഘവൻ കൂസലില്ലാതെ നന്ദുവിനെ നോക്കി.

" മുലകുടിമാറാത്ത നീ അച്ഛന്റെ തലയ്ക്ക് വില പറയുന്നോടാ പൊല.... മോനേ.... "

 നന്ദു തന്റെ കയ്യിലിരുന്ന കത്തി, കുറച്ച് ബലമായി രാഘവന്റെ കഴുത്തിൽ അമർത്തി.
 ആ ഭാഗത്തെ തൊലി, വിണ്ടുകീറുന്നത് പോലെ രാഘവന് തോന്നി.

 പെട്ടെന്നുതന്നെ ലക്ഷ്മിയുടെ കഴുത്തിലെ പിടി രാഘവൻ വിട്ടു.

" മോനേ അരുത്..... "

 നിലത്തുവീണ ലക്ഷ്മി, നന്ദുവിനെ തടഞ്ഞു.

" അമ്മ മാറി നിൽക്ക്..... നാളെയെക്കുറിച്ച് സ്വപ്നം കാണാൻ ഒന്നും ഇല്ലാത്തവർക്ക് എന്ത് ജീവിതമാണ് അമ്മേ..... ഇതുവരെ മക്കളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ പോലും ചെയ്യാത്ത ഒരു മനുഷ്യനെ എങ്ങനെയാണ് അമ്മേ അച്ഛൻ എന്നുവിളിക്ക...... "


 രാഘവന്റെയും, നന്ദുവിന്റെയും കണ്ണുകൾ തമ്മിലിടഞ്ഞു.

 നന്ദു വിന്റെ കണ്ണുകളിൽ ആളിക്കത്തുന്ന അഗ്നിയുടെ നാളം രാഘവൻ കാണുന്നുണ്ടായിരുന്നു.
 രാഘവൻ ഭയത്തോടെ പിറകോട്ട് കാലുകൾ വെച്ചു. അപ്പോഴും നന്ദുവിന്റെ കയ്യിലിരുന്ന കത്തി രാഘവന്റെ കഴുത്തിൽ തന്നെയായിരുന്നു.

 നന്ദു കണ്ണുകൾ ഇറുകെ അടച്ച്, വെട്ടുകത്തി മുകളിലേക്കുയർത്തി രാഘവന്റെ കഴുത്തിനു നേരെ ആഞ്ഞു വീശാൻ ഒരുങ്ങിയതും, പുറത്ത് ഒരു വാഹനം വന്നുനിന്നു.


 ആ വാഹനത്തിൽ നിന്നിറങ്ങിയ രൂപത്തിലേക്ക് ലക്ഷ്മിയും, ശോഭയും നോക്കി.

 ആതിര യായിരുന്നു അത്.

 ആതിര വേഗം ഓടിച്ചെന്ന് നന്ദുവിന്റെ കയ്യിലിരുന്ന കത്തി ബലമായി പിടിച്ചുവാങ്ങി നിലത്തെറിഞ്ഞു.

 അപ്പോഴാണ് രാഘവന് ശ്വാസം നേരെ വീണത്.

" എന്താ നന്ദു ഇത്...... "  - ആതിരാ ശകാര ത്തോടെ ചോദിച്ചു.

" വയ്യ ഏടത്തി..... " - നിറകണ്ണുകളോടെ നന്ദു പറഞ്ഞു.

 ആതിര അവന്റെ തലമുടിയിഴകളിലൂടെ തലോടി.

 രാഘവൻ തന്റെ കഴുത്തിൽ കത്തി തൊട്ടു നിന്ന ഭാഗത്തിലൂടെ കൈ ഓടിച്ചു.

 കൈയിൽ പതിഞ്ഞ രക്തത്തുള്ളികൾ കണ്ടതും രാഘവന്റെ ക്രോധം ഇരട്ടിയായി.

 അയാൾ ആക്രോശത്തോടെ നന്ദുവിന്റെ അരികിലേക്ക് കുതിച്ചു.

" സ്വന്തം തന്തയെ കൊല്ലാൻ നോക്കുന്നോടാ കഴുവേറി... "

 രാഘവന്റെ ഗർജ്ജനം അവിടെ മുഴങ്ങി.

 രാഘവന്റെ കൈ, നന്ദു വിന്റെ ദേഹത്ത് പതിക്കുന്നതിന് മുന്നേ ആതിര ആ കൈകളിൽ കടന്നുപിടിച്ചു.

 രാഘവന്റെയും, ആതിര യുടെയും കണ്ണുകൾ തമ്മിലിടഞ്ഞു.

 രാഘവന്റെ ചുവന്നുതുടുത്ത കണ്ണുകളിലേക്ക് നോക്കുമ്പോൾ ആതിരയുടെ മുഖത്ത് പരിഹാസം നിറഞ്ഞ പുഞ്ചിരി വിടർന്നു.

" എന്താ വല്യച്ഛ.... നേരും നെറിയും കെട്ട കളിക്കിടെ മരണഭയം പിടികൂടാൻ തുടങ്ങിയോ...... "

 ആതിരയുടെ ചുണ്ടിലെ പുഞ്ചിരി കണ്ടതും രാഘവന്റെ മുഖത്തെ കോപം ഇരട്ടിയായി.

" സ്വന്തവും, ബന്ധവും പറഞ്ഞ് ഒരു പട്ടിയും ഈ മുറ്റത്ത് കാലുകുത്തി പോകരുതെന്ന് ഞാൻ പറഞ്ഞതല്ലേ..... "

 രാഘവന്റെ വാക്കുകൾ കേട്ടതും ആതിര, നന്ദു വിന്റെ കൈകളിൽ പിടിച്ചുകൊണ്ട് മുറ്റത്തുനിന്നും വീടിന്റെ ഉമ്മറത്തേക്ക് കയറി. അതിനുശേഷം രാഘവന്റെ നേരെ തിരിഞ്ഞു.

" ഞാനീ ചവിട്ടിനിൽക്കുന്ന മണ്ണ് ഒരാളുടെയും ഔദാര്യം അല്ല..... എനിക്ക് കൂടി അവകാശപ്പെട്ടതാണ്......."

 ആതിരയുടെ ഓരോ വാക്കുകളും രാഘവന്റെ ദേഷ്യം വർധിപ്പിച്ചതേയുള്ളു.

" അവകാശം ഒക്കെ ഈ പടിക്കുപുറത്ത്...... "

 രാഘവൻ പടിപ്പുരയ്ക്കു നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.

" അതു പറയാൻ വല്യച്ഛന് എന്താ അവകാശം.... ഈ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യന്, ആവശ്യമില്ലാത്ത ഒന്നേയുള്ളൂ ഈ ഭൂമുഖത്ത്.... അവന്റെ മരണസർട്ടിഫിക്കറ്റ്... എന്നാൽ ജനന സർട്ടിഫിക്കറ്റ്..... താൻ എവിടെ ജനിച്ചു..... എവിടെ വളർന്നു.... ഇതെല്ലാം അറിയണമെങ്കിൽ, ഈ പറഞ്ഞ സാധനം കയ്യിൽ കരുതിയേ മതിയാകൂ..... അല്ലെങ്കിൽ അവൻ അഡ്രസ്സ് ഇല്ലാത്തവൻ ആയി മാറും...... "

 ആതിരയുടെ വാക്കുകൾക്ക് മൂർച്ച ഏറുക യായിരുന്നു.

 രാഘവൻ തന്റെ മീശ യിലൂടെ കൈ ഓടിച്ചു ആതിരയെ രൂക്ഷമായി നോക്കി.

 ആ നോട്ടം ലക്ഷ്മി യിലും, ശോഭ യിലും ഭയപ്പാടു ണർത്തി.

 എന്നാൽ ആതിര, തന്നിലെ ശക്തി ഒട്ടും ചോരാതെ ആ മുഖത്തേക്ക് തന്നെ നോക്കി.

" അപ്പോൾ നീ എന്റെ പൂർവകാല ചരിത്രം തിരഞ്ഞിറങ്ങിയതാണല്ലേ..... "

" അത് ഞാൻ കുറേ തിരഞ്ഞു വല്യ അച്ഛാ.... പക്ഷേ ഉത്തരം കിട്ടാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല..... ജനിച്ച വർഷവും, മാസവും, ദിവസവും, മണിക്കൂറും ഒരു പുസ്തകത്തിൽ പോലും കുറിച്ച് വെച്ചിട്ടില്ലാത്ത ഒരു ജന്മം..... പക്ഷേ ആ ജന്മത്തിന്, മേൽവിലാസം ഉണ്ടാക്കാൻ ഈ തറവാട് മുറ്റത്തേക്ക് വരേണ്ടി വന്നു..... "


" അപ്പോൾ നീ എല്ലാം അറിഞ്ഞുകൊണ്ടുള്ള വരവാണ് അല്ലേ..... " - രാഘവൻ ചോദിച്ചു.

 ആതിരയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

" അപ്പോൾ കഥയുടെ പൊരുളൊക്കെ വലിയച്ഛന് മനസ്സിലാവുന്നുണ്ട് അല്ലേ..... അപ്പോൾ പിന്നെ കാര്യങ്ങളൊക്കെ എളുപ്പമാകും..... " - ആതിര പറഞ്ഞു.


" നീ എന്നെ എന്നാ ചെയ്യും.... ഞാൻ പലതും ചെയ്തു കൂട്ടിയിട്ടുണ്ട്.... അതൊക്കെ നിനക്ക് തെളിയിക്കാൻ പറ്റുമോ.... പറ്റില്ല.... കാരണം തെളിവിന്റെ ഒരു കണിക പോലും അവശേഷിക്കാതെ, അതൊക്കെ കുഴിച്ചുമൂടാനും എനിക്കറിയാം..... "

" ഇതിനൊക്കെ സാക്ഷിയായി ഇപ്പോഴും ജീവിക്കുന്ന കുറെ രക്തസാക്ഷികൾ ഉണ്ടെന്നകാര്യം വലിയച്ഛൻ മറക്കരുത്......"

 ആതിര യുടെ വാക്കുകൾ കേട്ടതും, രാഘവന്റെ ക്രോധം നിറഞ്ഞ മുഖത്ത് പുഞ്ചിരി വിടർന്നു.
 സാവധാനം ആ കണ്ണുകൾ ലക്ഷ്മിയുടെ മുഖത്തേക്കായി.

" ആ ജീവിക്കുന്ന രക്തസാക്ഷിയെ, ഈ മണ്ണിലേക്ക് തന്നെ പറഞ്ഞുവിടാൻ രാഘവന് അധികനേരം വേണ്ട..... " - ഒരു വികൃതമായ പുഞ്ചിരിയോടെ, തന്റെ തലമൂടി ഇഴകളിലൂടെ കൈ ഓടിച്ചു കൊണ്ട് രാഘവൻ പറഞ്ഞു.

 അതു കേട്ടതും, ലക്ഷ്മി ഭയത്തോടെ തലതാഴ്ത്തി, തന്റെ അരികിൽ നിന്നിരുന്ന ശോഭയെ മുറുകെ പിടിച്ചു.

 രാഘവൻ അഴിഞ്ഞുവീണ മുണ്ട് മടക്കി കുത്തി ആതിരക്ക് നേരെ തിരിഞ്ഞു.

" നീ എന്നെപ്പറ്റി എന്തു വിചാരിച്ചു..... നിന്റെ അധികാരം വെച്ച് എന്നെ പൂട്ടാമെന്നോ.... നിന്റെയൊക്കെ നിയമത്തിനുമുന്നിൽ ഞാനിന്നും നിരപരാധി യാ..... കാരണം ഈ കൈകൊണ്ട് ഞാൻ തീർത്ത ഒരു മരണത്തിന് സാക്ഷിപറയാൻ ഇന്നീ ഭൂമുഖത്ത് ആരുമില്ല..... അതുകൊണ്ട് നിന്റെ നിയമം പഠിപ്പിക്കലൊക്കെ, നിന്റെ കീഴിലുള്ളവരുടെ അടുക്കൽ മതി........ "


 ആതിര പരിഹാസത്തോടെ വലിയച്ഛനെ നോക്കി.

" ഇതാണ് വലിയച്ഛ ചങ്കൂറ്റം..... കാലിലെ മണ്ണ് ഒലിച്ചു പോകുമ്പോഴും ഇങ്ങനെ നെഞ്ചും വിരിച്ചു നിൽക്കണം..... സാക്ഷി പറയാൻ വേണ്ടി മാത്രമല്ല കാലം ഒരു കഥാപാത്രത്തെ ഇത്രയും നാൾ മാറ്റി നിർത്തിയിരുന്നത്.... പ്രതികാരം ചെയ്യാൻ വേണ്ടി കൂടിയാണ്...  ആ കഥാപാത്രം ഈ മണ്ണിൽ കാലെടുത്തു വച്ചാൽ, വലിയച്ഛൻ പടുത്തുയർത്തിയ ഈ സാമ്രാജ്യം ഇവിടെ തകർന്നു വീഴും.... ആ ഉടയോന് മുന്നിൽ നിസ്സഹായതയോടെ നിൽക്കേണ്ടി വരുന്ന ഒരു വളർത്തു മകന്റെ മുഖം കുറെ നാളായി ഞാൻ മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട്....... "

 ആതിരയുടെ പരിഹാസം നിറഞ്ഞ വാക്കുകളിൽ തന്റെ സ്വപ്നങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുകയാണെന്ന് രാഘവന് തോന്നി.

 പകയുടെ നെരിപ്പോടിൽ കനൽ എരിയാൻ തുടങ്ങിയിരിക്കുന്നു.

 രാഘവന്റെ കണ്ണുകളിൽ എവിടെയോ ഭയത്തിന്റെ തിരയിളക്കം ആതിര കാണുന്നുണ്ടായിരുന്നു.

 അതുതന്നെയാണ് തന്റെ വിജയവും.....

 രാഘവൻ ഓരോരുത്തരെയും രൂക്ഷമായി നോക്കി കൊണ്ട് വീടിനകത്തേക്ക് നടക്കാൻ ഒരുങ്ങി.
 എന്നാൽ രാഘവന് കുറുകെ ആതിര കയറിനിന്നു.

 രാഘവൻ ആണെങ്കിൽ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

" എന്താ വല്യച്ഛ.... തോറ്റ് പിന്മാറുകയാണോ.."

 ആതിരയുടെ ചോദ്യം രാഘവന്റെ സിരകളെ ചൂടുപിടിപ്പിച്ചു.

" നിന്നെപ്പോലെ ഒരു പീറ പെണ്ണിനെ ഭയന്ന് ഓടാൻ മാത്രം ഭീരുവല്ല ഈ രാഘവൻ....... "

" അത് സത്യം...... ഒരു എതിരാളി ആകുമ്പോൾ കുറച്ച് ധൈര്യം ഒക്കെ വേണം... എങ്കിലല്ലേ അതൊരു മത്സരം ആകു.... അവിടെ യെ ജയവും തോൽവിയും തീരുമാനിക്കാൻ പറ്റൂ..... " - ആതിര ചിരിച്ചുകൊണ്ട് പറഞ്ഞു.

"എനിക്ക് തോൽക്കാൻ മനസ്സില്ല എങ്കിലോ..."

 രാഘവന്റെ ചോദ്യം കേട്ടതും ആതിര, ആ മുഖത്തു നിന്ന് കണ്ണെടുത്ത് സാവധാനം മുറ്റത്തേക്കിറങ്ങി.

 മുറ്റത്തേക്കിറങ്ങി യ ആതിര, തന്റെ കാറിൽ ചാരി നിന്ന് രാഘവനെ നോക്കി.

" ഈ തറവാട്ടിൽ നടന്ന ഒരു മരണം.... അതിന് വല്യച്ഛൻ ഉത്തരം പറഞ്ഞേ മതിയാകൂ...."

 ആതിര യുടെ വാക്കുകൾ കേട്ടതും, രാഘവന്റെ പൊട്ടിച്ചിരി അവിടെ മുഴങ്ങി.

" നിന്റെ വരവ് കണ്ടപ്പോഴേ ഞാൻ വിചാരിച്ചതാണ്..... എന്നെയും കൊണ്ടുപോകാനുള്ള വരവായിരിക്കുമെന്ന്... പക്ഷേങ്കില് നീ കരുതിയിരിക്കുന്ന ഈ തെളിവൊന്നും പോരല്ലോ മോളെ ഈ രാഘവനെ പൂട്ടാൻ..... അതിന് നീ പഠിച്ച നിയമവും പോരാതെ വരും... അതുകൊണ്ട് എന്റെ മോള് വന്ന വഴി പോ.... "

 രാഘവൻ കൈകൾ കൂട്ടിത്തിരുമ്മി.

" അതിന് ഈ ആതിരയ്ക്ക് ഒരു നിയമത്തിന്റെയും ആവശ്യമില്ല..... പക്ഷേ ഇതിനെല്ലാം ദൃക്സാക്ഷി ആകേണ്ടി വന്ന ഒരു മനുഷ്യൻ... അയാളുടെ മുന്നിൽ കണക്കുകൾ നിരത്തിയാൽ മതി.... "

 ആതിരാ ഇത് പറയുന്നതിനിടെ ഒരു കാർ മുറ്റത്തു വന്ന് നിന്നു. ആ കാറിനു പിറകെ ഒരു പോലീസ് ജീപ്പും മുറ്റത്തേക്ക് കടന്നുവന്നു.

 ലക്ഷ്മിയും, ശോഭയും, നന്ദുവും ഒന്നും മനസ്സിലാകാതെ മുഖത്തോടുമുഖം നോക്കി.

 എന്നാൽ രാഘവൻ അപകടം മണത്തു തുടങ്ങിയിരുന്നു.

 ഈ സമയം കാറിന്റെ ഡോർ തുറന്ന് ഹരിയും അനന്തനും ഇറങ്ങി. അവർ, ആതിരയ്ക്ക് അരികിലേക്ക് നടന്നടുത്തു.

" എന്താ മോളെ സാക്ഷിവിസ്താരം ഒക്കെ കഴിഞ്ഞോ..... പ്രതി കുറ്റം സമ്മതിച്ചോ..... " - അനന്തൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

 മറുപടി പോലെ ആതിരയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

" പ്രതി അത്ര പെട്ടെന്നൊന്നും കുറ്റം സമ്മതിക്കുമെന്ന് തോന്നുന്നില്ല ചെറിയച്ഛ.."- ആതിര പറഞ്ഞു.

 അതുകേട്ടതും രാഘവന്റെ മുഖത്ത് ക്രോധം തിരതല്ലി.

" അപ്പോൾ അച്ഛനും, മോളും, ചെറിയച്ഛനും കൂടി രാഘവനെ പൂട്ടാൻ ഇറങ്ങിയിരിക്കുകയാണ് അല്ലേ..... "

 രാഘവന്റെ വാക്കുകൾ കേട്ടതും, ഹരി ദേഷ്യത്തോടെ രാഘവനു നേരെ ചാടിവീണു. രാഘവന്റെ കഴുത്തിൽ കുത്തിപ്പിടിച്ച്, ചുമരിനോട് ചേർത്ത് നിർത്തി.

" ഞങ്ങളുടെ അമ്മയെ കൊലയ്ക്ക് കൊടുത്തിട്ട് വേദാന്തം പറയുന്നോടാ കഴുവേറീടെ മോനെ.... ഞങ്ങൾ ഇത് അറിയാൻ വൈകിയത് കാലം നിനക്ക് നൽകിയ ഔദാര്യം..... ആ ഔദാര്യം കൊണ്ട് നീ ഇതുവരെ ജീവിച്ചു..... ഇനി മതി നിന്റെ ഇവിടത്തെ രാജവാഴ്ച.... ഞങ്ങൾ ദാനം തന്ന ഈ സാമ്രാജ്യത്തിൽ നിന്നും ഇനി നിനക്ക് പടി ഇറങ്ങാം..... "

 ഹരി പല്ലിറുമ്മി കൊണ്ട് പറഞ്ഞു.

 എന്നാൽ പെട്ടെന്നുതന്നെ രാഘവൻ, ഹരിയെ ആഞ്ഞു തള്ളി. പെട്ടെന്നുള്ള രാഘവന്റെ പ്രവർത്തിയിൽ ഹരി മുറ്റത്തേക്ക് വീണു. ഈ സമയം മുറ്റത്ത് കിടന്നിരുന്ന വെട്ടുകത്തി നിലത്തു നിന്നെടുത്ത്, രാഘവൻ ഹരിയുടെ കഴുത്തിൽ ചേർത്തുവച്ചു.

" നീയൊക്കെ അമ്മയുടെ ഗർഭപാത്രത്തിൽ ആയിരുന്നപ്പോൾ, ഈ മണ്ണിൽ കാലെടുത്തു വെച്ചവനാണ്‌ ഞാൻ..... തെരുവ് തെണ്ടിയായ ജനിച്ചു വീണത്..... അതുകൊണ്ട് ആ ചെറ്റ തരത്തിന് ഇന്നും ഒരു കുറവുമില്ല...."

 പോലീസ് ജീപ്പിൽ നിന്ന്, പോലീസുകാർ ചാടി ഇറങ്ങി അവർക്ക് അരികിലേക്ക് വന്നു.

 എന്നാൽ രാഘവൻ ഹരിയെ ചേർത്തുപിടിച്ചു പോലീസുകാർക്ക് നേരെ കത്തി വീശി.

" ഒറ്റ ഒരുത്തനും അടുത്ത് പോകരുത്..... രാഘവൻ തെരുവിന്റെ സന്തതിയാ..... ഈ കാണുന്ന സാമ്രാജ്യം രാഘവൻ വെട്ടിപ്പിടിച്ചുണ്ടാക്കിയത് തന്നെയാ.... അതിന് പലതും ചെയ്യേണ്ടി വന്നിട്ടുണ്ട്..... മരിക്കാൻ പേടിയില്ലാത്ത രാഘവനെ കൊണ്ട് ഇനി ഒരു കൊലപാതകം കൂടി ചെയ്യിക്കരുത്..... ഒരു കൊല ചെയ്താലും, രണ്ട് കൊല ചെയ്താലും ശിക്ഷ ഒന്നു തന്നെയാ..... നഷ്ടപ്പെടാൻ ഒന്നും ഇല്ലാത്തവനാ രാഘവൻ.... "

 രാഘവൻ നിന്ന് കിതയ്ക്കുകയായിരുന്നു.
 അവിടെ കൂടിനിന്നവരിൽ ഭയത്തിന്റെ അലകൾ ആഞ്ഞടിക്കാൻ തുടങ്ങി.

 പറഞ്ഞാൽ പ്രവർത്തിക്കുന്നവൻ ആണ് രാഘവൻ.... അതുകൊണ്ടുതന്നെ എന്തും സംഭവിക്കാം എന്ന ഭയം അവരിൽ നുരഞ്ഞുപൊന്തി. നിസ്സഹായതയോടെ ഓരോരുത്തരും മുഖത്തോടുമുഖം നോക്കി.


" രാഘവാ....... "

 ഒരലർച്ചയോടെയുള്ള വിളി അന്തരീക്ഷത്തിൽ മുഴങ്ങി.

 കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങിയ ആ രൂപത്തിലേക്ക് രാഘവൻ ഞെട്ടലോടെ നോക്കി.

 മാധവമേനോൻ ആയിരുന്നു അത്.

 ലക്ഷ്മിയുടെ കണ്ണുകളിൽ സാവധാനം ആ മുഖം തെളിഞ്ഞു വന്നു. വിശ്വസിക്കാനാവാതെ നിന്ന ലക്ഷ്മിയുടെ മുഖത്ത് സന്തോഷം തിരതല്ലി.

 ഈ സമയം വല്ലാത്തൊരു അവസ്ഥയിലായിരുന്നു രാഘവൻ.

 മാധവമേനോൻ നടന്നു രാഘവന്റെ അടുത്തെത്തി.

 രാഘവന്റെ ചുവന്നു തുടുത്ത കണ്ണുകളിലേക്കും, കയ്യിലിരുന്ന കത്തി യിലേക്കും മാധവമേനോൻ നോക്കി.

 അതിനുശേഷം കൈ ഉയർത്തി, രാഘവന്റെ മുഖമടച്ച് ആഞ്ഞടിച്ചു.

 രാഘവൻ പ്രതീക്ഷിക്കാത്ത അടിയിൽ, കയ്യിലിരുന്ന കത്തി നിലത്തുവീണു.

" ഈ ഒരു അടിയുടെ കുറവാണ് എന്റെ കുടുംബം ഇങ്ങനെയായി പോകാനുള്ള കാരണം..... അത് ഞാനിപ്പോൾ തിരുത്തുകയാണ്..... അന്ന് എനിക്ക് എന്റെ ഭാര്യയെ നഷ്ടപ്പെട്ടു..... ഇനി ഒന്നും നഷ്ടപ്പെടാതിരിക്കാൻ എനിക്ക് ചിലത് ചെയ്തേ പറ്റൂ..... ഞാൻ നിനക്കു നൽകിയ ഈ സാമ്രാജ്യം, ഞാനിങ്ങ് തിരിച്ചെടുക്കുക യാണ്..... "

 മാധവമേനോന്റെ കണ്ണുകൾ നിറയുന്നത് ആതിര കണ്ടു. അവൾ വേഗം മുത്തച്ഛനരികിലേക്ക് നടന്നടുത്തു.

 ഈ സമയം പോലീസുകാർ രാഘവന് അരികിൽ എത്തിയിരുന്നു.

 മാധവമേനോൻ, ആതിരയുടെ ചുമലിൽ കൈ വെച്ചുകൊണ്ട് രാഘവനെ നോക്കി.

" നീ ശരിക്കും ഒരു മനുഷ്യനല്ല...... മറിച്ച് എന്റെ ശാരദ പറയാറുള്ളതുപോലെ പത്തു തല കളിലും, ക്രൂരതയും പ്രതികാരവും നിറച്ച ഒറ്റ തലയുള്ള രാവണനാണ്‌ നീ..... ആ പത്തു തലകളിൽ ഒന്നൊഴിച്ച് ബാക്കിയെല്ലാം ഞാൻ ഇങ്ങ് എടുക്കുകയാ..... നീ ചെയ്തുകൂട്ടിയ പാപങ്ങൾക്ക് പരിഹാരമായി ആ ഒറ്റ തലകൊണ്ട് നിനക്കിനി ജീവിക്കാം...... ശിക്ഷകൾ എല്ലാം ഏറ്റുവാങ്ങി ഇനിയൊരു ശിഷ്ടകാലം നിനക്ക് ഉണ്ടെങ്കിൽ, മനസ്സിലെ എല്ലാ ക്രൂരതയും മാറ്റിവെച്ച് ഒരു സാധാരണ മനുഷ്യനായി നിനക്ക് ഈ വീട്ടുമുറ്റത്ത് കാലുകുത്താം..... അതല്ല ഇതുപോലെ ഒരു ജന്മം ആയിട്ടാണ് നീ തിരിച്ചു വരുന്നത് എങ്കിൽ, ആയുസ്സ് എത്താതെ മരിക്കാൻ ആയിരിക്കും നിന്റെ വിധി........ "


 രാഘവനു നേരെ ചൂണ്ടിയ മാധവമേനോന്റെ കൈവിരൽ വിറക്കുകയായിരുന്നു.

 പോലീസുകാർ വന്ന് രാഘവന്റെ കൈകളിൽ വിലങ്ങ് വെച്ച് ജീപ്പിന് അരികിലേക്ക് കൊണ്ടുപോയി.

 ലക്ഷ്മിയുടെയും, ശോഭയുടെയും കണ്ണുകളിൽ നിന്ന് കണ്ണുനീർ മുത്തുകൾ അടർന്നുവീണു. എന്നാൽ നന്ദു വിൽ ഒരു ഭാവ പ്രകടവുമുണ്ടായില്ല.

 പോലീസ് ജീപ്പ് അകന്നു പോയതും, മാധവമേനോൻ മുഖമുയർത്തി ലക്ഷ്മിയെ നോക്കി.

 അവൾ കരഞ്ഞു കൊണ്ട് ഓടി അച്ഛനരികിലേക്ക് വന്നു.

 മാധവമേനോൻ, ലക്ഷ്മിയുടെ തല മുടിയിഴകളിലൂടെ തലോടി തന്റെ നെഞ്ചോടുചേർത്തു.

" എല്ലാം ഉള്ളിലൊതുക്കി ഇത്രയും നാൾ കഴിഞ്ഞു അല്ലേ..... എല്ലാറ്റിനും ഒരു മറുവശമുണ്ട്.... ഇതുവരെയുള്ള യാത്ര സഹനങ്ങളിലൂടെ ആയിരുന്നല്ലോ...... "

 മാധവമേനോൻ മുഖമുയർത്തി ശോഭയേയും, നന്ദുവിനെ യും നോക്കി. അവർ രണ്ടുപേരും മുത്തച്ഛനരികിലേക്ക് വന്നു. അവരെ രണ്ടു പേരെയും മാധവമേനോൻ തന്നോട് ചേർത്തുനിർത്തി.

" എല്ലാ ദുഃഖവും മാറ്റിവെച്ച് ഇനി ഈ മക്കൾക്ക് വേണ്ടി ജീവിക്ക..... " - ലക്ഷ്മിയെ നോക്കിക്കൊണ്ട് മാധവമേനോൻ പറഞ്ഞു.

 ഈ സമയം ഹരിയും, അനന്തനും അവർക്കരികിലേക്ക് വന്നു. അച്ഛന്റെ ചുമലിൽ രണ്ടുപേരും കൈകൾ വച്ചു.

" അച്ഛാ..... ഒത്തിരി നാളുകൾക്ക് ശേഷമുള്ള കൂടിച്ചേരൽ അല്ലേ ഇത്..... ഇന്ന് നമുക്ക് എല്ലാവർക്കും ഇവിടെ കൂടാം..... ഞങ്ങൾ വീട് വരെ പോയി എല്ലാവരെയും കൂട്ടി ഇങ്ങോട്ട് എത്താം..... " - ഹരി പറഞ്ഞു.

 അതിനു മറുപടി പോലെ മാധവമേനോൻ പുഞ്ചിരിയോടെ തലയാട്ടി.

" അപ്പോൾ മുത്തച്ഛാ..... ഞാനും ഓഫീസ് വരെ പോയിട്ട് എത്രയും പെട്ടെന്ന് തിരിച്ചെത്താം..... എന്നിട്ട് നമുക്ക് വിശേഷങ്ങളൊക്കെ പറയാം...... "

 മാധവമേനോന്റെ കൈകളിൽ പിടിച്ചുകൊണ്ട് ആതിര പറഞ്ഞു.

 മാധവമേനോൻ അവളുടെ മുഖത്തേക്ക് നോക്കി.

" മോളും, ശങ്കരനും ഇല്ലായിരുന്നുവെങ്കിൽ ഈ ജീവിതം ഒരു യാത്രയായി ഇന്നും തുടർന്നു പോയേനെ..... മുത്തച്ഛനെ വീണ്ടും ഓർമ്മകളുടെ ഈ മുറ്റത്തേക്ക് കൂട്ടിക്കൊണ്ടുവന്നത് മോളാ.... ഇങ്ങനെയൊരു മോള് ഏത് അച്ഛന്റെയും പുണ്യമാ..... "

 മാധവമേനോൻ, ആതിരയുടെ തലമുടിയിഴകളിലൂടെ തലോടി.

 ഒരിക്കൽ കൂടി എല്ലാവരോടും യാത്ര പറഞ്ഞ് ഹരിയും, അനന്തനും, ആതിരയും കാറിൽ കയറി.

 നന്ദുവും, ശോഭയും, മുത്തച്ഛന്റെ കൈകളിൽ പിടിച്ച് അമ്മയ്ക്കൊപ്പം അകത്തേക്ക് നടന്നു.

 ക്രൂരതയും, പ്രതികാരവും നിറഞ്ഞ രാവണ സാമ്രാജ്യത്തിൽ നിന്ന്, സ്നേഹവും, ശാന്തിയും നിറഞ്ഞുനിൽക്കുന്ന ആ പുതിയ രാമ രാജ്യത്തിലേക്ക്, മാധവമേനോന്റെ കാലടികൾ അമർന്നു.



................................ ശുഭം......................................