💚മീര 💚
മീരക്കൊപ്പം നന്ദനെ കണ്ടത് കൊണ്ടാകും ഉണ്ണി ഇരുവരെയും മാറി മാറി മാറി നോക്കി. അവന്റെ വരവ് നന്ദന് അത്ര പിടിച്ചില്ല.
" എന്താ ഉണ്ണി താൻ ഇവിടെ? " നന്ദൻ ചോദിച്ചു.
നന്ദന്റെ ആ ചോദ്യം ഉണ്ണിക്കത്ര ദഹിച്ചില്ല.
" എന്താ എനിക്ക് ഇവളെ കാണാൻ വരാൻ പാടില്ലേ? " അവന്റെ മുഖം കറു ത്തു. ഇത് കണ്ടു നന്ദൻ പുഞ്ചിരിച്ചു.
" വരാലോ പക്ഷെ അത് ഇവളെ സങ്കടപെടുത്താൻ മാത്രം ആകരുതെന്ന് മാത്രം "
ഇത് കേട്ടു ഉണ്ണിയുടെ ചുണ്ടുകൾ ദേഷ്യത്താൽ വിറച്ചു.
" അത് പറയാൻ നന്ദന് എന്താ അധികാരം? "
നന്ദൻ സർ മീരയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞ്.
" മീര പറഞ്ഞ് കൊടുക്ക് എനിക്ക് എന്ത് അധികാരമാ ഉള്ളതെന്ന് "
മീര അപ്പോഴാണ് ഉണ്ണിയുടെ മുഖത്തേക്ക് നോക്കുന്നത്. അവനോട് ഉള്ള ദേഷ്യവും സങ്കടവും മനസ്സിൽ അടക്കി വെച്ചിരുന്നത് പുറത്തേക്ക് വർഷിക്കാനുള്ള സമയം ഇതാണെന്നു അവൾക്കു തോന്നി. അവൾ പറഞ്ഞു
" നന്ദൻ സർ എന്നെ കെട്ടാൻ പോകുന്നു. ഇനി അധികാരത്തെ പറ്റി കൂടുതൽ വിവരിക്കണ്ടല്ലോ " അവൾ നിർത്തി എന്നിട്ടും ദേഷ്യം ആ കണ്ണുകളിൽ നൃത്തം ചവിട്ടുന്നുണ്ടായിരുന്നു. ഇതെല്ലാം കേട്ടു ഉണ്ണി സ്തംഭിച്ചു നിൽക്കുകയായിരുന്നു. മീരക്ക് ഇനിയും കൂടുതൽ പറയണം എന്ന് തോന്നൽ ഉണ്ടായി.
" ഉണ്ണി ഏട്ടൻ എന്താ കരുതിയെ എന്നെ പറ്റിച്ചിട്ടു പോയാൽ ജീവിത കാലം മുഴുവൻ ഞാൻ കണ്ണീരും കിനാവുമായി ജീവിക്കുമെന്നോ. എങ്കിൽ ഉണ്ണിഏട്ടന് തെറ്റി. നന്ദൻ സാറിനെ പോലെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരാണിനെ കിട്ടിയാൽ ഏതു പെണ്ണും സ്നേഹിച്ചു പോകും. "
ഉണ്ണി ഇതെല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ പുറത്തേക്കു പോകാൻ തിരിഞ്ഞു.
" ഉണ്ണിയേട്ടാ ഒരു നിമിഷം " അവൾ വിളിച്ചു. അവൻ തിരിഞ്ഞു നോക്കി
" ഉണ്ണിയേട്ടൻ എന്നെ തേച്ചില്ലാരുന്നെങ്കിൽ എനിക്ക് നന്ദൻ സാറിനെ കിട്ടില്ലായിരുന്നു അതിനു ഒരു പാട് നന്ദിയുണ്ട് "
ഇത് കേട്ടു ഉണ്ണിക് ലജ്ജ തോന്നി അവൻ ചമ്മിയ മുഖവുമായി അവിടെ നിന്നും ഇറങ്ങി പോയി.
*******
രണ്ടു ദിവസത്തിനു ശേഷം മീര ഡിസ്ചാർജ് ആയി. നന്ദൻ തന്നെ അവരെ വീട്ടിൽ കൊണ്ട് ചെന്നു ആക്കി. പോകാൻ നേരം നന്ദൻ മീരയോട് പറഞ്ഞ്.
" ഞാൻ വരും നാളെ തന്നെ എന്നാൽ pകൂടെ ഒരാൾ കൂടി കാണും "
മീര അത്ഭുതത്തോടെ നന്ദനെ നോക്കി.
അവൻ ഒന്ന് മന്ദഹസിച്ചു.
" വേറാരും അല്ല എന്റെ അമ്മ. തന്നെ പെണ്ണ് ചോദിക്കാൻ"
", അയ്യോ " മീര കണ്ണ് മിഴിച്ചു.
അത് കണ്ടു നന്ദന് ചിരി അടക്കാൻ കഴിഞ്ഞില്ല.
" എന്റെ പെണ്ണെ ഇനിയിങ്ങനെ വച്ചു കൊണ്ടുപോകാൻ എന്നെ കൊണ്ട് വയ്യ അമ്മയും അതാ പറയുന്നേ ഉടൻ കല്യാണം നടത്തണമെന്നു "
"മ്മ് " നാണത്തോടെ മൂളി.
*****
നന്ദൻ പോയി കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും മീരയെ സമീപിച്ചു.
" മോളെ അമ്മ ഒരു കൂട്ടം ചോദിച്ചാൽ എന്റെ മോളു സത്യം പറയുമോ "? അമ്മയുടെ ചോദ്യം കേട്ടു മീര സംശയത്തോടെ നോക്കി.
" മോളെ ഈ നന്ദൻ സാറിനു മോളോട് മറ്റെന്തെങ്കിലും ഇഷ്ടമുണ്ടോ? "
അമ്മയുടെ ചോദ്യം കേട്ടു അവൾ ഒന്ന് പരുങ്ങി എന്ത് പറയണം എന്ന് അവൾക്കു ഒരു ഊഹം വും ഇല്ലായിരുന്നു. എങ്കിലും മാതാപിതാക്കളോട് കള്ളംപറഞ്ഞിട്ടില്ലാത്ത ആ മനസ് സത്യത്തിലേക്ക് വഴി തുറന്നു.
" അമ്മേ സാറിനു എന്നെ ഇഷ്ടമാണ്. നാളെ അമ്മേം കൂട്ടി വരും പെണ്ണ് ചോദിക്കാൻ "
അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തി ദീർഘ ശ്വാസം വിട്ടു.
അമ്മയും അച്ഛനും അത്ഭുതത്തോടെ മുഖത്തോടു മുഖം നോക്കി നിന്നു. അല്പം കഴിഞ്ഞു ചോദ്യവുമായി എത്തിയത് അച്ഛനായിരുന്നു
" മോൾക്ക് സാറിനെ ഇഷ്ടമാണോ? "
" മ്മ് " അവൾ മൂളി.
"മോളെ നമുക്ക് ആഗ്രഹിക്കാൻ പറ്റാത്ത ബന്ധമാണ് അത് എങ്കിലും സാറിന്റെ സ്നേഹം കാണുമ്പോൾ വല്ലാത്തൊരു ആശ്വാസം മനസ്സിൽ തോന്നുവാ "
അച്ഛൻ പറഞ്ഞ് നിർത്തി.
" എന്തായാലും എന്റെ മോളു നാളെ റെഡി ആയി നില്ക്കു നന്ദൻ ആണ് മോൾക്ക് വിധിച്ചതെങ്കിൽ അത് അങ്ങനെ തന്നെയാകട്ടെ " അച്ഛന്റെ വാക്കുകൾ അവുടെ കർണ്ണങ്ങളിൽ ആനന്ദത്തിന്റെ കുളിര്മഴയായ് പെയ്തിറങ്ങി.
******
പിറ്റേന്ന് രാവിലെ തന്നെ അവൾ എണീറ്റു കുളിച്ചു . അപ്പോഴേക്കും അമ്മ അവൾക്കു ഉടുക്കാനുള്ള സാരീയുമായി എത്തിയിരുന്നു . അത് കണ്ടു അവൾക് വല്ലാത്തൊരു ചമ്മൽ തോന്നി.
" അമ്മേ ഈ സാരീ ഒന്നും എനിക്ക് വേണ്ടമ്മേ " അവൾ അമ്മയോട് കെഞ്ചി
" ആഹാ അതൊന്നും പറഞ്ഞാൽ പറ്റില്ല സാരീ ഉടുക്കണം അമ്മ ഉടുപ്പിച്ചു തരാം "
അമ്മ അവളെ നന്നായി സാരീ ഉടുപ്പിച്ചു
ഇളം പിങ്ക് ഇൽ ഗോൾഡൻ വർക്കുള്ള സാരിയായുരുന്നു അത്. അവളുടെ ശരീരത്തതു നന്നായി ഇഴുകി ചേർന്നിരുന്നു. കഴുത്തിൽ ഒരു പാലക്കമാലയും അമ്മ അണിയിച്ചു.
" ഇനി എന്റെ മോളു തന്നെ ഒരുങ്ങിക്കോ അമ്മ ഒന്ന് കാണട്ടെ " അമ്മ പറഞ്ഞത് അക്ഷരം പ്രതി അവൾ അനുസരിച്ചു.
കുങ്കുമ ചെപ്പു തുറന്നു ഒരു നുള്ള് എടുത്ത് നെറ്റിയിൽ അണിഞ്ഞു അതിനു താഴെ ഒരു കൊച്ചു പൊട്ടും കുത്തി. നീണ്ടു കൂർത്ത താമര മലർ നയനങ്ങളിൽ മഷി എഴുതി.
" അമ്മേ നോക്കിക്കേ എങ്ങനുണ്ട്? ' അവൾ അമ്മക്കരികിലേക്കു പതിയെ നടന്നു ചെന്നു.
അമ്മ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു. പിന്നെ അവള്കരികിൽ എത്തി ചേർത്തു പിടിച്ചു നെറുകിൽ ചുംബിച്ചു കൊണ്ട് പറഞ്ഞ്.
" എന്റെ കുട്ടി ഇപ്പോൾ സുന്ദരി കുട്ടി ആയിട്ടുണ്ട് എന്റെ മോളുടെ വിഷമങ്ങൾ എല്ലാം ഇതോടെ അവസാനിക്കട്ടെ "
" ലക്ഷ്മി ദ അവരിങ്ങെത്തി കേട്ടോ" അച്ഛൻ പുറത്തുന്നു വിളിച്ചു പറഞ്ഞപ്പോഴേക്കും അമ്മ വെളിയിലേക്ക് ഓടി.
അവളുടെ ഹൃദയം പട പടാന്നു ഇടിച്ചു തുടങ്ങിയിരുന്നു.
അവൾ പുറത്തേക്കു കാത് കൂർപ്പിച്ചു നിന്നു. പുറത്തു നന്ദൻ സാറിന്റെ അമ്മ വിവാഹം ഉടൻ നടത്തണം എന്നൊക്കെ പറയുന്നുണ്ടായിരുന്നു. അവരുടെ സംഭാഷണം അങ്ങനെ ശ്രദ്ധിച്ചു കൊണ്ടിരിക്കുമ്പോഴാണ് അമ്മ അകത്തേക്ക് കയറി വന്നത്.
" മോളെ പുറത്തേക്ക് വാ " അമ്മ അവളേം കൂട്ടി അവരുടെ മുൻപിൽ എത്തി. നമ്രശിരസായായ അവളെ നോക്കി നന്ദനും അമ്മയും പുഞ്ചിരിച്ചു.
" മോളെ ഇവിടെ വന്നിരിക്കുന്നു " നന്ദന്റെ അമ്മ അവളെ അവർക്കരികിലേക്കു ക്ഷണിച്ചു. അവൾ ഒന്ന് മടിച്ചു നിന്നപ്പോഴേക്കും അവർ അവള്കരികിലെത്തി അവളെ ചേർത്തു പിടിച്ചു.
" സുന്ദരി മോളു.. നന്ദ നിന്റെ സെലെക്ഷൻ ഒട്ടും തെറ്റിയിട്ടില്ലട്ടോ " അമ്മയുടെ വാക്കുകൾ കേട്ടു നന്ദൻ ചെറു ചിരിയോടെ മീരയെ നോക്കി അപ്പോഴും അവൾ നാണം കൊണ്ട് തലകുമ്പിട്ടു തന്നെ നില്പായിരുന്നു.
" മോളെ ഞങ്ങൾ ഉടൻ കൊണ്ട് പോകുവാ ഞങ്ങടെ വീട്ടിലേക്കു നിശ്ചയോം ഒന്നും വേണ്ട ഉടൻ തന്നെ കല്യാണം നടത്തണം അതാ ഞങ്ങളുടെ തീരുമാനം "
നന്ദന്റെ അമ്മ ഇത്രയും പറഞ്ഞ് മീരയുടെ അച്ചമ്മമാരെ നോക്കി.
" അതിനെന്താ ഞങ്ങൾക്ക് സമ്മതം " അച്ഛൻ സമ്മതവും മൂളി.
വാക്കുറപ്പിച്ചു അവർ ഇറങ്ങുമ്പോൾ ജനാലയിലൂടെ ഒളികണ്ണിട്ടു നന്ദനെ ഒന്ന് നോക്കാതിരിക്കാൻ അവൾക്കായില്ല നന്ദനും അത് അങ്ങനെ തന്നെയായിരുന്നു. പ്രണയമെന്ന പാൽ മഴ അവരിലേക്ക് ധാര ധാരയായി വർഷിച്ചു കൊണ്ടിരുന്നു.
******
ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു നന്ദന്റെയും മീരയുടേം വിവാഹ ദിവസം വന്നെത്തി. മീര സർവ്വാഭരണ വിഭൂഷിതയായി അണിഞ്ഞൊരുങ്ങി. ഇപ്പോൾ ആരു കണ്ടാലും അവളെ ഒന്ന് മോഹിക്കും. ചുറ്റും നിന്നവർ അവളിലേക്ക് കണ്ണെറിഞ്ഞു കൊണ്ടിരുന്നു.
" എന്തൊരു ചന്തമാ ആ കൊച്ചിന് കാല് വയ്യെങ്കിൽ എന്താ ഇത്രേം ചന്തക്കാരി കൊച്ചു ഈ നാട്ടിൽ ഉണ്ടോ " പലരുടേം അടക്കം പറച്ചിൽ അവളുടെ കാതിലും എത്തി. ഇതൊക്കെ കേട്ടു മറ്റൊരാൾ കൂടി അവിടെ നില്കുപുണ്ടായിരുന്നു ഉണ്ണി.
അവൻ അസൂയയോടെ അവളെ ഒന്ന് നോക്കി. ജീവിതത്തിൽ ആദ്യമായി അവളുടെ സൗന്ദര്യം കണ്ടു അവന്റെ മനസൊന്നു ഇളകി. അവൻ അവളെ തന്നെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു.
മൂഹുർത്തം അടുക്കാറായി. നന്ദനെ മണ്ഡപത്തിലേക്ക് എതിരേറ്റു ഇരുത്തിയിരുന്നു. അച്ഛൻ അവളെ കൈ പിടിച്ചു നന്ദന് അരികിലിരുത്തി. അവൾ ഇടം കണ്ണിട്ടു നന്ദനെ ഒന്ന് നോക്കി. അവനും അവളെ ഒന്ന് നോക്കി ചിരിച്ചു.
ഇതെല്ലാം കണ്ടു ആടി ഉലഞ്ഞ മനസുമായി ഉണ്ണി ഒരു കോണിൽ നില്പുണ്ടായിരുന്നു. സർവ ദൈവങ്ങളേം സാക്ഷിയാക്കി നന്ദൻ അവളുടെ കഴുത്തിൽ ഏഴു മഞ്ഞ ചരടിൽ കോർത്ത അവന്റെ പ്രണയത്തെ അണിയിച്ചു. ഇരുവരും തങ്ങളുടെ പ്രണയ സാഫല്യം ഹാരങ്ങളായി കൈ മാറി. ഒടുക്കം അവൻ അവന്റെ ആയുസ്സിനെ അവളുടെ സിന്ദൂരം രേഖയിൽ പതിപ്പിച്ചു. അച്ഛൻ അവളെ നന്ദന് കൈ പിടിച്ചു കൊടുത്തു. അഗ്നിയെ വലം വെക്കുന്നു എന്ന സങ്കല്പത്തോടെ അവർ വലം വെച്ചു. തിരിച്ചു മണ്ഡപത്തിൽ തന്നെ വന്നു നിന്നു. ആളുകൾ പിരിയാൻ ഒരുങ്ങിയപ്പോഴാണ് മീരയുടെ അമ്മാവന്റെ ശബ്ദം ഉയർന്നത്.
" എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ ഈ അവസരത്തിൽ മീര മോൾക്കുള്ള ഒരു വിവാഹ സമ്മാനം വന്നിട്ടുണ്ട് നിങ്ങളുടെ എല്ലാവരുടേം സാന്നിധ്യത്തിൽ ഞാൻ അത് അവൾക് കൈ മാറുകയാണ് "
മീര ഒന്നും മനസിലാകാതെ നന്ദനെ നോക്കി.അപ്പോഴും നന്ദൻ പുഞ്ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. അമ്മാവൻ ഒരു കവർ മീരക്ക് നൽകി. അവൾ അത് പൊട്ടിച്ചു അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു ആ കവറിൽ ഉണ്ടായിരുന്നത് വില്ലജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് അവളെ നിയമിച്ചു കൊണ്ടുള്ള പി എസ് സി അഡ്വൈസ് ആയിരുന്നു. അവൾ നിറഞ്ഞ കണ്ണുകളോടെ നന്ദനെ നോക്കി. നന്ദൻ ചെറു പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു. കൂടി നിന്നവർ എല്ലാം അവളെ അഭിനന്ദങ്ങൾ കൊണ്ട് മൂടി. മീരയുടെ മാതാപിതാക്കൾ സന്തോഷം കൊണ്ട് മതി മറന്നു. ഇതെല്ലാം കണ്ടും കെട്ടും നെഞ്ചിൽ തീ കോരി ഇട്ടു ഉണ്ണി നിന്നിടത്തു തന്നെ സ്തംഭിച്ചു നിന്നു.
********
ആദ്യരാത്രിയിൽ മണിയറയിലേക്ക് അവൾ പാലുമായി എത്തുമ്പോൾ നന്ദൻ അവിടെ നേരത്തെ തന്നെ സ്ഥാനം പിടിച്ചിരുന്നു.ഒരു വിറയലോടെ ആണ് അവൾ അവനെ സമീപിച്ചത്. നാണത്താൽ കൂമ്പിയ അവളുടെ മുഖം അവൻ കൈയിലെടുത്തു.
" എന്താ മീര തനിക്കിത്ര നാണം നമ്മൾ ഇന്നും ഇന്നലേം ഒന്നും കാണാൻ തുടങ്ങിയത് അല്ലല്ലോ എന്നെ ഒന്ന് നോക്കുവെങ്കിലും ചെയ്യടോ "
നന്ദന്റെ വാക്കുകൾ അനുസരിച്ചു എന്ന് വരുത്തി അവൾ മുഖം ഉയർത്തി അവനെ ഒന്ന് നോക്കി. അവൻ അവളുടെ കവിളുകളിൽ കരം ഓടിച്ചു.
" മീര ഞാൻ എത്ര ഭാഗ്യവാനാണ് തന്നെ പോലൊരു പെണ്ണിനെ സ്വന്തമാക്കിയില്ലേ "
" ഞാനും നന്ദൻ സാറിനെ പോലൊരാളുടെ സ്നേഹം അനുഭവിക്കാൻ പറ്റുക എന്നത് എന്നെ പോലൊരു പെണ്ണിന്റെ ഭാഗ്യമല്ലേ" അവൾ നമ്രമുഖിയായി മൊഴിഞ്ഞു.
നന്ദൻ നെറ്റി ചുളിച്ചു.
" ഈ സർ വിളി ഇനിയും ഒന്ന് നിർത്തുമോ ഞാൻ നിന്റെ ആ പഴയ സർ അല്ല ഈ കഴുത്തിൽ താലി ചാർത്തിയ നിന്റെ ഭർത്താവാണ്. നീ എന്നെ ഇനി മുതൽ ഏട്ടന് വിളിക്കണം.. ദ ഇപ്പോൾ തൊട്ടു വിളിച്ചോ ഞാൻ ഒന്നു കേൾക്കട്ടെ"
അവൾക്കു വീണ്ടും നാണം ഇരട്ടിച്ചു.
" ഡി വിളിയടി "
നന്ദൻ തമാശക്ക് ദേഷ്യം ഭാവിച്ചു.
" നന്ദേട്ടാ " അവൾ വിളിച്ചു.
" ആഹ് മിടുക്കി ഇനി ഞാൻ എന്റെ മിടുക്കിക്കൊരു സമ്മാനം തരാം ആ കണ്ണുകൾ ഒന്നടച്ചേ "
നന്ദൻ പറഞ്ഞതനുസരിച്ചു അവൾ ഇമകൾ പൂട്ടി. അവൻ അവളുടെ കൈകളിൽ എന്തോ ഒന്ന് വെച്ചു.
അവൾ കണ്ണ് തുറന്നു അതിലേക്കു നോക്കി
" എന്താ ഇത്? "
" ഇത് നിനക്ക് കിട്ടാവുന്നതിലും വെച്ചു ഏറ്റവും വലിയ സമ്മാനമാ " നന്ദൻ പറഞ്ഞ്. അവൾ ഒന്നും മനസ്സില്ലാതെ അതിലേക്കു നോക്കി കൊണ്ട് പറഞ്ഞു.
" എനിക്ക് കിട്ടാവുന്നതിൽ വെച്ചു ഏറ്റവും വല്യ സമ്മാനങ്ങൾ ഇന്നെനിക്കു സ്വന്തമായി ഒന്ന് ഈ ഇരിക്കുന്ന ആളും പിന്നെ ഞാൻ കഷ്ടപ്പെട്ട് വാങ്ങിയ ജോലിയും. അതിലും വലിയൊരു സമ്മാനം വേറെ ഇല്ല "
ഇതിനു. മറുപടിയായി ആദ്യം ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു നന്ദൻ ഇരുന്നു. എന്നിട് പതുക്കെ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
" ചിലപ്പോൾ ഇത് അതിലും വലിയ സമ്മാനം ആണെങ്കിലോ "
നന്ദന്റെ വാക്കുകൾ ശ്രവിച്ചു ഒന്നും മനസിലാകാതെ മീര അവനെ തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു.
( തുടരും )
©️AhalyaSreejith