Aksharathalukal

തുണ്ട് പടം

©ഡേവിഡ് ജോൺ 
 
ദശാവധാരം സിനിമ തിയേറ്ററുകളിൽ ഉത്സവമേളം തീർത്ത് ഹൗസ് ഫുൾ ബോർഡ് തൂക്കി നിറഞ്ഞു ഓടുന്ന കാലം.
 ബാല്യത്തിന്റെ കളി ചിരികളിൽ നിന്നും ഒരുപടി കടന്ന് കൗമാരത്തിലേക്ക് എന്റെ ജീവിതം സഞ്ചാരിച്ചു തുടങ്ങി .
 ഒഴിവ് ദിവസങ്ങളിൽ കുടുംബത്തോടെ അമ്മയുടെ ജേഷ്ഠത്തിയുടെ വീട്ടിൽ പോയി താമസിക്കുന്നത് ഞങ്ങൾക്കൊരു പതിവായിരിന്നു.
അവിടുത്തെ എന്റെ പ്രധാന സന്തത സഹചാരി അമ്മയുടെ അനിയത്തിയുടെ ഓമന പുത്രനായ രാഗേഷ് -ആയിരുന്നു 
ബന്ധം വച്ച് നോക്കിയ എന്റെ അനിയനാണ് പുള്ളി പക്ഷേ ഒരു വയസ്സിന്റെ ഇടവേള ഞങ്ങൾക്കിടയിലുള്ളത് കൊണ്ട് അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഞങ്ങൾ പരസ്പരം പെരുമാറിയിരുന്നത് 
 
അവനോടൊപ്പം വടകര ടൗൺ മുഴുവൻ ചുറ്റി കറങ്ങുന്നതാണ് ആ സമയങ്ങളിൽ എന്റെ പ്രധാന വിനോദം. അത്തരത്തിലുള്ള ചുറ്റി കറങ്ങൽ വേളയിലാണ് ദശാവധാരം സിനിമ കേരളത്തിൽ റിലീസ് ആവുന്നത്.
ടൗണിലെ പ്രധാനപ്പെട്ട ചുമരുകളിലെല്ലാം സിനിമയുടെ പോസ്റ്ററുകൾ മുഖ്യ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു.പക്ഷേങ്കിൽ 
ഞാനെന്ന കൗമാരക്കാരന്റെ കണ്ണുകൾ ഉടക്കി നിന്നത് സിന്ധു ചേച്ചിയുടെ പുതിയ
 എ-പടത്തിന്റെ പോസ്റ്ററിലായിരുന്നു.
മാങ്ങാണ്ടി പോലെ ശുഷ്‌കിച്ച ഈയുള്ളവന്റെ മോന്തയിൽ (മുഖം )ആദ്യമായി പ്രത്യക്ഷപ്പെട്ട മുഖക്കുരു  അജ്ഞാതയായ ഏതോ പെൺകുട്ടിക്ക് എന്നോട് തോന്നിയ അഗാധമായ പ്രേമത്തിന്റെ ലക്ഷണമാണെന്ന് പറഞ്ഞു തന്ന പ്രിയ സുഹൃത്ത് ഷാനു. ഇന്നെന്റെ കൈയിൽ അവനെ കിട്ടിയിരുന്നെങ്കിൽ ഓടിച്ചിട്ട്‌ ഇടിച്ചേനെ.
 
അവൻ പറഞ്ഞ അജ്ഞാതയായ ആ പെൺകുട്ടി ചിലപ്പോൾ എന്റെ ക്ലാസ്സിൽ തന്നെയാണ് പഠിക്കുന്നതെങ്കിൽ?
ആ തോന്നലിൽ നിന്നായിരിക്കാം എന്റെ മനസ്സിൽ ഉറങ്ങി കിടന്ന പ്രേമ രോഗിയുടെ ആത്മാവ് ഉണർന്നത്.
അജ്ഞാത സുന്ദരിയെ തേടിയുള്ള എന്റെ കണ്ണുകളുടെ നീരീക്ഷണ പാടവം അല്പം കൂടിയപ്പോൾ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഉൽക്കകൾ പോലെ ഇച്ചിരി പോന്ന എന്റെ തലയ്ക്കിട്ട് കിട്ടിയ  അധ്യാപകരുടെ ചോക്ക് പീസുകളുടെ ഏറിന്റെ എണ്ണം വർധിച്ചതല്ലാതെ മറ്റ് പ്രയോജനങ്ങൾ ഒന്നും തന്നെയുണ്ടായില്ല.
 
ഇടയ്ക്കിടെ എന്റെ മനസ്സിൽ പ്രണയത്തിന്റെ വിത്തുകൾ തളിർത്തും കായ്ച്ചും പോയി കൊണ്ടിരുന്നു പക്ഷേ എന്റെ മനസ്സിലെ രോഗി മെനഞ്ഞെടുത്ത അജ്ഞാത സുന്ദരി മാത്രം തിരശീലയ്ക്ക് പിന്നിൽ മറഞ്ഞിരുന്നു  സയൻസ് ക്ലാസ്സിൽ വച്ച്  ആദ്യമായി മറ്റൊരു പരമമായ സത്യം കൂടി ഞാൻ മനസ്സിലാക്കി.
ഒരു പെണ്ണിനെ കെട്ടി പിടിച്ചാലും ഉമ്മ കൊടുത്താലും കുട്ടികൾ ഉണ്ടാവുമെന്ന ആ അറിവ് എന്റെ മനസ്സിൽ ഭീതിയുണ്ടാക്കി. പെൺകുട്ടികളെ കാണുന്ന മാത്രയിൽ അവരിൽ നിന്നൊക്കെ ഞാൻ ഒഴിഞ്ഞു മാറി. അഥവാ മനസ്സിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടു വല്ല പെൺപിള്ളേരെയും കെട്ടി പിടിച്ചു പോയാൽ?
ഒമ്പത്തിൽ രണ്ട് തവണ തോറ്റ് തൊപ്പിയിട്ട് നാട്ടുകാരുടെയും വീട്ടുകാരുടെയും പരിഹാസം ഏറ്റു വാങ്ങി ഒരേ ബെഞ്ചിൽ തന്നെ തഴച്ചു കൊണ്ടിരിക്കുന്ന ഞാൻ കൈയിൽ ഫീഡിങ് ബോട്ടിലും പിടിച്ച്  ക്ലാസ്സിൽ ഇരിക്കുന്ന കാഴ്ച ഇടയ്ക്കിടെ എന്റെ സ്വപ്നങ്ങളിൽ മിന്നി മറഞ്ഞു.
ഏറെ കാലം അതൊരു ദു:സ്വപ്നമായി എന്റെ മനസ്സിൽ തങ്ങി നിന്നു. 
 
അങ്ങനെ സിന്ധു ചേച്ചിയുടെ പുതിയ എ പടത്തിന്റെ പോസ്റ്റർ വടകര നഗരത്തിന്റെ മുക്കിലും മൂലയിലും സ്ഥാനം പിടിച്ചു നിൽക്കുന്നു യുവാക്കൾ ആ പോസ്റ്ററിലേക്ക് നോക്കി വാ പൊളിച്ചു നിൽക്കുന്ന കാഴ്ച്ച ഇന്നും ഓർമ്മയിൽ നിന്നും മാഞ്ഞു പോയിട്ടില്ല 
മാഹിയിൽ അന്ന് തുണ്ട് പടം കളിച്ചിരുന്നത് ഷനീന  തിയേറ്ററിലും അതിർത്തിയിലുള്ള അഴിയൂർ മുരുകനിലുമായായിരിന്നു.
രതിയുടെ ആനന്ദ നിമിഷങ്ങൾ പകർന്ന് നൽകി തലശ്ശേരിയുടെ വിരി മാറിൽ തലയുയർത്തി പങ്കജ് ടാകീസ് നിൽക്കുമ്പോൾ കാഴ്ചക്കാർ തുണ്ട് പടം കാണാൻ മറ്റെവിടെ പോകാൻ.
ഒരുപാട് കാഴ്ചകാർക്ക് രതിയുടെ ഉന്മാദ ദൃശ്യങ്ങൾ പകർന്ന് നൽകി പങ്കജ് വിസ്‌മൃതിയിലേക്ക് മടങ്ങിയിരിക്കുന്നു.
 
പക്ഷേ എ-പടങ്ങൾക്ക് പേരും പെരുമഴും കേട്ട ഈ മൂന്ന് തീയറ്ററിലും പോകാനുള്ള ഭാഗ്യം അമ്മച്ചിയാണേ ഈയുള്ളവന് ലഭിച്ചിട്ടില്ല പേടിയായിരുന്നു അതിന്റെ പ്രധാന 
കാരണം.ഞാനെന്ന ബ്ലഡി ഫൂളിന്റെ കൺട്രികളായ കുടുംബക്കാർ മുഴുവൻ ഈ പരിസരങ്ങളിലായിരുന്നു താമസം.
അഥവാ എന്റെ തലവെട്ടമെങ്ങാനും ആ പരിസരങ്ങളിൽ കണ്ടാൽ- ബി ബി സി ന്യൂസിന്റെ നെറ്റ് വർക്ക് സ്പീഡിനെക്കാൾ വേഗത്തിൽ വാർത്ത വീട്ടിൽ അറിയുമെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അങ്ങനെ നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ കെട്ടി പിടിച്ചാൽ കുട്ടികൾ ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞാൻ കഴിഞ്ഞു പൊന്നു....
 
രാഗേഷിന്റെ കൂടെ പച്ചക്കറി വാങ്ങിക്കാൻ മാർക്കറ്റിൽ വന്ന സമയത്ത് അവന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് പ്രഖ്യാപിച്ചു.
 
"എനിക്ക് സിന്ധു ചേച്ചിയുടെ തുണ്ട് പടം കാണണം "
 
എന്റെയാ ആഗ്രഹം അവനിൽ ആദ്യം ഞെട്ടലുണ്ടാക്കിയെങ്കിലും എന്റെ മോഹം അസ്ഥിക്ക് പിടിച്ചതാണെന്ന് ബോധ്യപ്പെട്ടപ്പോൾ ചെറിയ തോതിൽ അവന്റെ മനസ്സിലും ചാഞ്ചട്ടം തുടങ്ങിയിരുന്നു. അന്നത്തെ തുണ്ട്  പുസ്തങ്ങളായിരുന്ന മുത്തും മുത്ത് ചിപ്പിയും.
എന്റെ കൗമാര നാളുകളെ മനോഹരമാക്കി തന്ന കൊച്ചു പുസ്തകങ്ങൾ.
 
കൊച്ചു പുസ്തകങ്ങൾ വായിച്ചു മടുത് സഹാറ മരുഭൂമി പോലെ വരണ്ട് കിടക്കുന്ന രാഗേഷിന്റെ പിഞ്ചു മനസ്സിനെ  ഇളക്കി നോക്കാനായി ഞാൻ മറ്റൊരു നമ്പറിട്ടു നോക്കി 
 
"നീയൊരുത്തൻ കാരണമാണ് വായനയുടെ ലോകം എനിക്ക് നഷ്ട്ടപ്പെട്ടത്.അതെങ്കിലും ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ വായിച്ചു ഞാൻ തൃപ്തി നേടുമായിരുന്നു "
 
എന്റെ ആ ഡയലോഗ് കേട്ടതും ആണ്ടു ബലി തിന്നാൻ വരുന്ന ബലി കാക്കയുടെ മുഖ ഭാവത്തോടെ അവൻ എന്നോട് ചോദിച്ചു 
 
"ഡാ കൊരങ്ങാ നിന്നോട് ഞാൻ എന്തു ചെയ്യ്തു?"
 
കിളിപോയി നിൽക്കുന്നത് പോലെ അവൻ എന്നോട് ചോദിച്ചു.
 
"നീയല്ലേടാ കൊക്കാച്ചി മോനെ നമ്മുടെ അളിയന് ക്വാർട്ടേസിന്റെ  ടോപ്പിലുള്ള വാട്ടർ ടാങ്കിൽ കയറാനുള്ള വിദ്യ പറഞ്ഞു കൊടുത്തത്? നിന്റെ ആ പൊട്ടത്തരം കാരണം എന്റെ അഭിമാനവും പോരാത്തതിന്  എന്തോരം കൊച്ചു പുസ്തകമാണെന്നോ നഷ്ട്ടപ്പെട്ടു പോയത്!"
 
ഞാൻ ആത്മഗതം പോലെ പറഞ്ഞു നിർത്തി.
                     *****
വാട്ടർ ടാങ്കിന്റെ ഒഴിഞ്ഞ പൈപ്പിനുള്ളിലായിരുന്നു കൊച്ചു പുസ്തകങ്ങൾ നിധി പോലെ സൂക്ഷിച്ചു വച്ചിരുന്നത്. അളിയനെ മുകളിൽ കയറാൻ പഠിപ്പിച്ചു കൊടുത്ത അന്ന് തന്നെ അങ്ങേര് ഏട്ടിന്റെ പണിയും ഞങ്ങൾക്ക് തന്നു.
ഒളിപ്പിച്ചു വച്ച കൊച്ചു പുസ്തകൾ ഓരോന്നായി അമ്മച്ചി അടുപ്പിലിട്ട് കത്തിക്കുന്നത് വ്യസനത്തോടെ കണ്ട് നിൽക്കാൻ മാത്രമേ ഞങ്ങൾക്ക് സാധിച്ചുള്ളൂ 
                       ******
"പോടാ. നിന്റെ വർത്തമാനം കേട്ടാൽ തോന്നും അതൊക്കെ നീ വാങ്ങിച്ചു വെച്ചതാണെന്ന്. ഈയുള്ളവൻ കഷ്ട്ടപ്പെട്ട് അച്ഛന്റെയും അമ്മയുടെയും പൈസ അടിച്ചു മാറ്റി വാങ്ങിക്കുന്ന കൊച്ചു പുസ്തകം ഓസിക്ക് വായിക്കുന്നതും പോരാഞ്ഞിട്ട് ഇപ്പോൾ കുറ്റം പറയാൻ വന്നിരിക്കുന്നു "
 
 തുണ്ട് പടം കണ്ടോണ്ടിരിക്കുമ്പോൾ സ്വന്തം തന്ത കടന്ന് വന്നപ്പോൾ  ഉടുമുണ്ട് പോലും ഓർമ്മയില്ലാതെ കണ്ടം വഴി ഓടിയവനാണ് ഇപ്പോൾ എന്റെ മുമ്പിൽ കിടന്ന് ന്യായം വിളമ്പി കൊണ്ടിരിക്കുന്നതെന്നു ചിന്തിച്ചപ്പോൾ എന്റെ ചുണ്ടുകൾ ഞാൻ പോലും അറിയാതെ പുഞ്ചിരിച്ചു.
 
"നീയെന്താടാ  മര കഴുതേ ചിരിക്കുന്നത് ?"
 
അവന്റെ സംസാരത്തിന്റെ ടോൺ മാറി തുടങ്ങിയതും ഞാൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
 
"എനിക്ക് സിന്ധു ചേച്ചിയുടെ പടം കാണണം "
 
എന്റെ തീരുമാനം ഉറച്ചതാണെന്ന് 
മുഖഭാവത്തിൽ നിന്നും മനസ്സിലാക്കിയ രാഗേഷ്  എന്നെയും കൂട്ടി കേരള ക്വയർ ടാകീസ് ലക്ഷ്യമാക്കി നടന്നു.
ടിക്കറ്റ് കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുക്കുന്ന സമയത്താണ് ബ്രഹ്മാസ്ത്രം പോലെ ആ ചോദ്യം കൗണ്ടറിന് അകത്തു നിന്നും മുഴങ്ങിയത്
 
"നിന്നെ എനിക്ക് നല്ല പരിചയമുണ്ടല്ലോ.!നീയാ മുൻസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന രവിയുടെ മോനല്ലേ?"
 
കൗണ്ടറിൽ നിന്നുള്ള ചോദ്യം കേട്ട് എന്റെ ഇടനെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി.
പക്ഷേ എന്നെ പോലും അത്ഭുതപ്പെടുത്തി കൊണ്ട് രാഗേഷ് ഒരു പതർച്ചയുമില്ലാതെ മറുപടി നൽകി.
 
"അയ്യോ ചേട്ടന് ആള് മാറി എന്റെ അച്ഛന്റെ പേര് മണി. മാഹി ആശുപത്രിയിൽ ജോലി ചെയ്യുന്നു "
 
ശേഷം ഒരു ഭാവ വ്യത്യാസവും മുഖത്ത് പ്രകടിപ്പിക്കാതെ  ടിക്കറ്റ് വാങ്ങി കൊണ്ട് എന്നെ ലക്ഷ്യമാക്കി രാഗേഷ് കടന്ന് വന്നു.
 
"ഡാ  മരയോന്തിന് ഉണ്ടായവനെ നീയെന്തിനാടാ എന്റെ അച്ഛന്റെ പേരും ജോലി സ്ഥലവും പറഞ്ഞു കൊടുത്തത്? "
 
കൂട്ടിയിടിക്കുന്ന കാൽ മുട്ടുകളെ സ്വയം നിയന്ത്രണത്തിൽ വരുത്തി കൊണ്ട് ഞാൻ അവനോട് ചോദിച്ചു.
ഒരു ഭാവ വ്യത്യാസവും കൂടാതെ അവൻ മറുപടി നൽകി.
 
"സിന്ധു ചേച്ചിയുടെ തുണ്ട് പടം കാണണമെന്ന് ആഗ്രഹം പറഞ്ഞത് നീ. തടയാൻ ശ്രമിച്ച ഈയുള്ളവനെ അളിയൻ മൂപ്പരെ ടറസിന്റെ മുകളിൽ കയറ്റിയത് മൂലം കൊച്ചു പുസ്തകം പോയെന്നും വികാര വിചാരങ്ങൾ ഇപ്പോൾ വേണ്ട വിധത്തിൽ പ്രാബല്യത്തിൽ വരുന്നില്ലെന്നും പറഞ്ഞ് പരാതി പറഞ്ഞതും നീ. അങ്ങനെ വരുമ്പോൾ അങ്ങേരുടെ മറ്റെടുത്തെ ചോദ്യത്തിന് നിന്റെ അച്ഛന്റെ  പേര് അല്ലാതെ ഞാൻ എന്റെ അച്ഛന്റെ പേര് പറയണോ? "
 
മുണ്ടാട്ടം മുട്ടിക്കുന്ന കോനുഷ്ട്ട് ചോദ്യം എന്നോട് തിരിച്ചു ചോദിച്ചതും മറുപടി നൽകാൻ ഒന്നുമില്ലാതെ ഞാൻ തരിച്ചു നിന്നു.
 
"ഇനിയൊന്നും ആലോചിക്കേണ്ട വരാനുള്ളത് വഴിയിൽ തങ്ങില്ല.നീ വാ അൽപ സമയം സിന്ധു ചേച്ചിയുടെ തുണ്ട് കണ്ട് സമാധാനപ്പെടാം "
 
എന്നെ ചേർത്തു പിടിച്ചു കൊണ്ട് രാഗേഷ് തീയേറ്ററിനു അകത്തേക്ക് കടന്നു.
 
മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം പോലെ പ്രകാശിച്ചു നിൽക്കുന്ന വലിയ സദസിലേക്ക് മുഖം മറച്ചു കൊണ്ട് ഞാനും രാഗേഷും കടന്നെത്തി. വലിയ സ്ക്രീനിന്റെ എല്ലാ വശങ്ങളും കറക്റ്റായിട്ട് കിട്ടുന്ന സ്ഥലം നോക്കി തന്നെ ഞങ്ങൾ ഇരിപ്പുറപ്പിച്ചു.
ഞങ്ങളെ പോലെ മറ്റ് കാണികളും അക്ഷമരായി സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നു. പതിയെ ലൈറ്റുകൾ ഓരോന്നായി ഓഫ്‌ ആയി തുടങ്ങി. ഒരുപാട് നാളുകളായി മനസ്സിൽ കൊണ്ട് നടന്ന ആഗ്രഹം ഇന്നിതാ സഫലമായിരിക്കുന്നു.
തിരശീലയിൽ സിന്ധു ചേച്ചി കടന്ന് വരുന്നതും കിടക്കുന്നതും എന്റെ കണ്ണുകൾ ഒപ്പിയെടുത്തു. ഈ സമയത്താണ് അടുത്ത സീറ്റിൽ ഇരുന്ന കാർന്നൊർ പതിഞ്ഞ ശബ്ദത്തിൽ എന്നോട് ചോദിച്ചു.
 
"മോനെ ഓള് തുണി മാറ്റി തുടങ്ങിയോ ?"
 
കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന കാർന്നോര് ചോദിച്ച അതേ ചോദ്യം ഒത്തിരി സമയം കൊണ്ട് മറ്റുള്ള കാഴ്ചക്കാരും സ്വയം ചോദിക്കുകയാണ്.
 
"ചേട്ടാ.അവര് നമ്മളെ മൂഡ് ആക്കാൻ വേണ്ടി ചെയ്യുന്നതാണ് അല്പം കൂടി കഴിയട്ടെ "
 
എല്ലാ ബിറ്റുകളും ഓരോന്നായി കഴിഞ്ഞു പക്ഷേ പ്രതീക്ഷിച്ചത് പോലെ ഒന്നും കിട്ടിയതുമില്ല 
 
സിന്ധു ചേച്ചി ചതിച്ചാശാനേ . കാർന്നോര് വലിയ വായിൽ നില വിളിച്ചു കൊണ്ട് തന്റെ ശൂന്യമായി കിടക്കുന്ന പോക്കറ്റിലേക്ക് നോക്കി.ഇതേ സമയം ഇഞ്ചി കടിച്ച മോച്ച കുരങ്ങിന്റെ ഭാവത്തോടെ സീറ്റിൽ അമർന്നിരിക്കുന്ന രാഗേഷിന്റെ മുഖത്തേക്ക് നോക്കാൻ പോലുമുള്ള ത്രാണിയെനിക്കില്ലായിരുന്നു.
പ്രതീക്ഷയുടെ ഒരു നുറുങ്ങു വെട്ടത്തോടെ ഞാൻ സ്‌ക്രീനിലേക്ക് തന്നെ നോക്കിയിരിക്കുകയാണ്.
അഥവാ ബിരിയാണി കൊടുത്താലോ!
 
എയിഡ്സ് എന്ന രോഗത്തെ കുറിച്ചുള്ള മലയാളികളുടെ പൊതു ധാരണകൾ തെറ്റാണെന്ന് ചൂണ്ടി കാണിച്ചു കൊണ്ട് ആ കൊച്ച് സിനിമ അവസാനിച്ചപ്പോൾ കൈയടിക്കണോ അതോ ഉച്ചയ്ക്ക് കറിക്ക് വേണ്ട സാധനങ്ങൾ വാങ്ങാൻ വേണ്ടി അച്ഛൻ തന്ന ഇരുന്നൂറു രൂപ സിന്ധു ചേച്ചിയുടെ പടം കണ്ട തോർത്ത് പൊട്ടി കരയണോ എന്നുള്ള സംശയത്തിൽ കസേരയിൽ ചാരിയിരിക്കുന്ന രാഗേഷിനെ ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി.
പൊള്ളുന്ന ചൂടിൽ ടൗണിൽ നിന്നും വീട് വരെ നടന്ന് കൊണ്ടിരിക്കെ രാഗേഷ് ഒരുതവണ പോലും എന്നോട് മിണ്ടിയില്ല. അവന്റെ മനസ്സിലിരിപ്പ് എനിക്ക് ഊഹിക്കാമായിരുന്നു. ടിക്കറ്റിനു കൊടുത്ത പണം ഉണ്ടായിരുന്നെങ്കിൽ എന്തോരം പൊറോട്ടയും ബീഫും കഴിക്കാമായിരുന്നു. വഴി നീളെയുള്ള രേഷ്മ ചേച്ചിയുടെ സിനിമ പോസ്റ്ററിൽ ഇടയ്ക്കിടെ പാളി നോക്കി കൊണ്ട് ഞാൻ മുന്നോട്ട് നടന്നു.വീട് എത്തുന്നതിനു മുൻപ് തന്നെ അവിടെ രംഗം പന്തിയെല്ലെന്നുള്ള രീതിയിൽ ചില ദു:സൂചനകൾ ഞങ്ങൾക്ക് കിട്ടി തുടങ്ങിയിരുന്നു.ഓരോ അടിയും സൂക്ഷിച്ചു തന്നെ ഞങ്ങൾ മുന്നോട്ട് വച്ചു. പെട്ടന്നാണ് ഒരലർച്ചയോടെ ആ ചോദ്യം അവിടെ ഉയർന്നു കേട്ടത് രാഗേഷിന്റെ മുഖത്ത്‌  അവന്റെ പ്രിയപ്പെട്ട മാതാവിന്റെ കരതലം അമർന്നു.
 
"നീയൊക്കെ നാട്ടുകാരെ കൊണ്ട് പറയിക്കാൻ എ പടത്തിനും പോകും അല്ലേടാ *&%%മകളെ "
 
ശുഭം.....