Aksharathalukal

രണ്ടാംക്കെട്ട്..... 8 (Last part)

✍🏻SANDRA C.A.#Gulmohar❤️

 

പ്രേമം നടിച്ച് കൊണ്ട് പോയവൻ ശരീരത്തോടുളള ദാശം ശമിച്ച് ഉപേക്ഷിച്ചപ്പോൾ അപമാനത്തിൽ രേണു ആത്മഹത്യ ചെയ്തപ്പോൾ കൂടുതൽ തകർന്ന് പോയത് അമ്മാവനും അമ്മായിയും ആയിരുന്നു..

ആറ്റു നോറ്റു വളർത്തിയ മകൾ ജീവനറ്റു തിരികെ വന്നതൊടെ ഹൃദയം പൊട്ടി അമ്മാവൻ കൂടി പോയതോടെ സമനില തെറ്റി,ആരും ആശ്രയമില്ലാതെ വന്ന അമ്മായിയെ ഞാൻ തന്നെ വീട്ടിലേക്ക് കൊണ്ട് വന്നു...

ഇതിനിടയിൽ തുടർചികിത്സക്കായി അമ്മുവിനെയും രാഹുലിനെയും രാജി തന്നെ വിദേശത്തേക്ക് കൊണ്ട് പോയിരുന്നു...

മാസങ്ങൾ പിന്നെയും കടന്നു പോയതോടെ ഉളളിലെവിടെയോ അമ്മുവിനോടുളള ഭയം വർദ്ധിച്ച് വന്നു..

കിച്ചൂട്ടനെ അവൾ കൊണ്ട് പോകുമോ എന്നുളള ഭയത്തിൽ നീറി നീറി ഞാൻ എരിയുമ്പോളും ഉളളിലിരുന്നാരോ പുതിയ ജീവിതത്തിന്റെ പ്രതീക്ഷകൾക്ക് തിരി കൊളുത്തി...

മറന്നു തുടങ്ങിയ പ്രണയം പൂർവ്വാധികം ശക്തിയോടെ എന്നിൽ വേരൂറപ്പിച്ചുക്കൊണ്ടിരുന്നു...

ചുറ്റുമുളളതെല്ലാം മറന്ന് മനസ്സ് പഴയ പ്രേമകാലത്തേക്ക് മടങ്ങി തുടങ്ങിയതോടെ ജോഷ്വായെ സ്നേഹിക്കുന്ന പഴയ അമൃതയായി സ്വയം പണിത ഒരു സാങ്കൽപ്പിക ലോകത്തിൽ ഞാൻ ജീവിച്ചു തുടങ്ങി..

കിച്ചൂട്ടനെ സ്വന്തം മകനായി മനസ്സ് കൊണ്ട് സ്വീകരിച്ചതോടെ ഞാൻ പോലും അറിയാതെ ജോഷ്വായെ ഭർത്താവായി മനസ്സിൽ അവരോധിച്ചു..

അവന്റെ വിവാഹം കഴിഞ്ഞ കാര്യം മനപൂർവ്വം മറക്കുമ്പോൾ കിച്ചൂട്ടനെ സ്വന്തമാക്കാനുളള വഴികൾ തങ്കമണി ചേച്ചി മുഖേന ചെയ്തു..

ലീഗലായി അവനെ സ്വന്തമാക്കിയതോടെ മനസ്സിലെ ആശങ്കകൾ പകുതി ഒഴിഞ്ഞു..

ഇതിനിടയിൽ അമ്മായി രോഗം മാറി സുഖം പ്രാപിച്ചു,അമ്മായിയുടെ ബാധ്യതകൾ ഞങ്ങളുടെ സ്ഥലം വിറ്റ് തീർത്തതോടു കൂടി അമ്മായി സ്വതന്ത്രയായി..

പതിയെ ചെയ്ത പാപങ്ങളെല്ലാം മറന്ന് ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമായി കിച്ചൂട്ടനെ നോക്കി അമ്മായി ജീവിക്കാൻ തുടങ്ങിയതോട് കൂടി അന്തരീക്ഷം ശാന്തവും സന്തോഷപൂർണവ്വുമായി...

പക്ഷേ, എനിക്ക് ഒരു ജീവിതം കിട്ടാൻ അവർ വീണ്ടും ആലോചനകൾ കൊണ്ട് വന്ന് തുടങ്ങിയതോടെ എന്നിലെ സന്തോഷങ്ങളെല്ലാം കെട്ടടങ്ങി തുടങ്ങി..

ഇനിയൊരിക്കൽ കൂടി ഒരു പരീക്ഷണത്തിന് നിന്ന് കൊടുക്കാൻ വയ്യെങ്കിലും അച്ഛന്റെ ദയനീയമായ അപേക്ഷയ്ക്ക് മുന്നിൽ സ്വയം തലക്കുനിക്കേണ്ടി വരുന്നു..

           ❄️❄️❄️❄️❄️❄️❄️

പ്രശസ്തമായ ചെമ്മണ്ണ് അമ്പലത്തിലേക്ക് കുടുംബമായി ദർശനം നടത്താൻ പോകുവാണെന്ന് പറഞ്ഞപ്പോൾ തങ്കമണി ചേച്ചിയും കാർത്തിയേട്ടനും കൂടി വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ എതിർക്കാനായില്ല..

ആപത്ത് കാലത്ത് കൂടെ നിന്നവരെ മറക്കാൻ പാടില്ലലോ...??

പുറത്തേക്ക് ഒരു യാത്ര എന്ന് പറഞ്ഞതെ ഉത്സാഹത്തോടെ തുളളിച്ചാടുന്ന കിച്ചൂട്ടനിലായിരുന്നു യാത്രയിൽ ഉടനീളം എന്റെ ശ്രദ്ധ..

ഇടയ്ക്കൊക്കെ എന്നിലേക്ക് പാളി വീഴുന്ന കാർത്തിയേട്ടന്റെ നോട്ടത്തെ പൂർണ്ണമായി അവഗണിക്കുമ്പോൾ ഉളളിലെവിടെയോ ജോഷ്വായെ കാണാനുളള ഒരു നീക്കത്തിനായി സ്വയം മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടിരുന്നു..

അമ്പലത്തിലെ അന്തരീക്ഷം മനസ്സ് ഒന്ന് ശാന്തമാക്കിയപ്പോൾ ഉറങ്ങി പോയ കിച്ചൂട്ടനെയും എടുത്ത് അമ്പലത്തിന്റെ ചെരിവിലുളള ചെമ്പകചോട്ടിലെ കൽപടവുകളിൽ പോയി ഇരുന്നു..

കല്ലിൽ കൊത്തിയ കൽപടവുകളിൽ കൊഴിഞ്ഞു വീണ ഇളം മഞ്ഞ ചെമ്പകപ്പൂക്കളിൽ ഒന്നിലും പെടാതെ,ആ സുഗന്ധത്തിൽ സ്വയം മറന്ന് ഇരിക്കുമ്പോളാണ് അടുത്തേക്ക് കാർത്തിയേട്ടൻ വന്നിരുന്നത്..

കാർത്തിയേട്ടന് ഒരു ചിരി സമ്മാനിച്ച് വീണ്ടും മലകളെ മൂടിയ മഞ്ഞിനെ നോക്കിയിരിക്കുമ്പോൾ ഒരു തുടക്കമെന്ന പോലെ കാർത്തിയേട്ടൻ ചോദിച്ചു..

"എന്നെ കല്യാണം കഴിപ്പിക്കണമെന്ന് അമ്മയോട് പറഞ്ഞത് താൻ ആണോ...??"

കാർത്തിയേട്ടന്റെ ചോദ്യത്തിന് മുന്നിൽ ഒന്നു പരുങ്ങിയെങ്കിലും ഒരു മറു ചോദ്യം ഞാനെറിഞ്ഞു..

"കാർത്തിയേട്ടന് പ്രായം കൂടി കൂടി വരികയാണെന്ന് വല്ല ബോധവുമുണ്ടോ..??

എത്ര കാലം ഇങ്ങനെ ഒറ്റയ്ക്ക് കഴിയാനാ പ്ലാൻ..??"

എന്റെ ചോദ്യത്തിന് സ്വയം ഒരു പുച്ഛ ചിരിയോടെ കാർത്തിയേട്ടൻ മറുപടി പറഞ്ഞു..

"എന്തിനാ അമൃതേ ഇങ്ങനെ പൊട്ടൻ കളിക്കുന്നേ..??

എന്റെ മനസ്സിൽ എന്താണുളളതെന്ന് തനിക്ക് നന്നായിട്ട് അറിയാവുന്നതല്ലേ..??

സഹതാപമോ ദയവോ ഒന്നുമല്ല..

തന്നോടുളള സ്നേഹം ഒാർമ്മ വെച്ച നാൾ തുടങ്ങിയതാ..

ആ സ്നേഹം ഏറ്റവും നന്നായിട്ട് അറിയുന്നത് എന്റെ അച്ഛനും അമ്മയ്ക്കുമാ..

ആ അവരോട് തന്നെ നീ എന്റെ കല്യാണത്തിന് വേണ്ടി റെക്കമെന്റേഷൻ ചെയ്യുമ്പോൾ നിന്റെ മനസ്സിലുളള എന്റെ സ്ഥാനം ഒരു കോമാളിയുടേതാണെന്ന് പോലും എനിക്ക് തോന്നി പോകുവാ..!!

എന്നെ നീ മനസ്സിലാക്കുന്നില്ലലോ..??"

ഇടറിയ ശബ്ദത്തോടെ കാർത്തിയേട്ടൻ പറഞ്ഞു നിർത്തിയപ്പോൾ ഉറങ്ങി കിടന്ന കുഞ്ഞിനെ ഒന്നു കൂടെ നെഞ്ചോടടക്കി നിറഞ്ഞ കണ്ണുകളോടെ ഞാൻ കാർത്തിയേട്ടനെ നോക്കി പറഞ്ഞു..

"കാർത്തിയേട്ടാ, എനിക്ക് ഒരിക്കലും ആ കണ്ണിൽ കാർത്തിയേട്ടനെ കാണാൻ പറ്റില്ല..

ജീവന് തുല്യം സ്നേഹിച്ചവന്റെ മുന്നിൽ തെറ്റുക്കാരിയായി,അനിയത്തിയുടെ ചതിയിൽ പെട്ട് ജീവിതം ഇല്ലാതായവളാ ഞാൻ..

എന്നെ പോലെ ഒരാളെ കാർത്തിയേട്ടന് വേണ്ട..പ്ലീസ്സ്...!!"

കെെക്കൂപ്പി ഞാൻ അങ്ങനെ പറഞ്ഞതും കാർത്തിയേട്ടൻ നിറകണ്ണുകളോടെ ഏഴുന്നേറ്റു..

"ഇപ്പോഴും നീ മനസ്സിലാക്കാത്ത അല്ലെങ്കിൽ അറിയാൻ ശ്രമിക്കാത്ത ചില കാര്യങ്ങളുണ്ട്...

പണ്ട് നീ എന്നിൽ നിന്നും ഒഴിഞ്ഞു മാറുന്നതിന്റെ കാരണം എന്താണെന്ന് ഞാൻ തിരക്കി ചെന്നപ്പോൾ എത്തിയത് ജോഷ്വായുടെ മുന്നിലായിരുന്നു...

അവന് നിന്നോടുളള സ്നേഹം സത്യമാണെന്നറിഞ്ഞ ആ നിമിഷം മുതൽ നിന്റെ കൺവെട്ടത്ത് പോലും ഞാൻ വന്നിട്ടില്ല..

മിഥുൻ ജോഷ്വായുടെ മാത്രമല്ല എന്റെയും ചങ്ക് കൂട്ടുക്കാരനാ..

ഒരിക്കൽ നീ ജോഷ്വായെ ചതിച്ചെന്ന് മിഥുൻ വിളിച്ചറിയിച്ചതിനെ തുടർന്ന് നാട്ടിലെത്തിയ ഞാൻ കാണുന്നത് കല്യാണം മുടങ്ങി പന്തലിൽ തളർന്നിരിക്കുന്ന നിന്നെയാ...

ആ നിമിഷം നിന്നെ എന്റെതാക്കണം എന്ന് തോന്നിയെങ്കിലും അതിന് മുൻപ് തന്നെ നിന്റെ അനിയത്തി നിന്റെ കഴുത്തിൽ കയർ മുറുക്കിയിരുന്നു..

നിന്നെ പറ്റി അറിഞ്ഞതൊന്നും സത്യമല്ലെന്ന് മനസ്സിലാക്കിയ ഞാൻ ജോഷ്വായെ ചെന്ന് കണ്ടു, അന്ന് അവൻ എന്നോട് പറഞ്ഞത്,

"അച്ഛന്റെ ആഗ്രഹം മൂലം നീ വെറെ കല്യാണത്തിന് സമ്മതിച്ചൂ,നിന്നോട് പൊറുക്കണമെന്ന്" നിന്റെ അനിയത്തി അവനോട് പറഞ്ഞെന്നാണ്..

അന്ന് മുതൽ എനിക്ക് നിന്റെ അനിയത്തിയുടെ പ്രവൃത്തിയിൽ സംശയമുണ്ടായിരുന്നെങ്കിലും നിന്നെ ഒാർത്ത് സ്വയം നശിക്കുന്ന ജോഷ്വായെ പതിയെ ജീവിതത്തിലേക്ക് കൊണ്ട് വരുകയായിരുന്നു എന്റെ ലക്ഷ്യം..

അതിന് എന്നെ സഹായിച്ചത് ജോഷ്വായുടെ ചേട്ടന്റെ ഭാര്യയായ SI അന്നാ ചാണ്ടിയായിരുന്നു...!!

പതിയെ പതിയെ അവൻ ജീവിതത്തിലേക്ക് മടങ്ങി വന്നു...

അവനെ ഒാർത്ത് നീ വിഷമിക്കരുത് എന്നോർത്താണ് അവന്റെ അനിയനെ വിവാഹം കഴിപ്പിച്ച് അവന്റെ വിവാഹം കഴിഞ്ഞെന്ന് നിന്നെ അറിയിച്ചത്..!!

അങ്ങനെ നീ അവനെ മറന്ന് പുതിയൊരു ജീവിതം തുടങ്ങുമെന്ന് ഞങ്ങൾ വിചാരിച്ചു..

പക്ഷേ,ഞങ്ങൾക്ക് തെറ്റി പോയി,വെെകാതെ നിന്റെ അനിയത്തിയെയും ഭർത്താവിനെയും പറ്റിയുളള കഥകൾ ഞങ്ങൾ അറിഞ്ഞു..

നീ ഒരു ചതിയിൽ പെട്ടതാണെന്ന് ഞങ്ങൾ മനസ്സിലാക്കി..

സത്യങ്ങളെല്ലാം അറിയാൻ ഞങ്ങൾ നിന്റെ ഭർത്താവിന്റെ അനിയത്തിയായ രാജിയെ തന്നെ കണ്ടു കാര്യങ്ങൾ തിരക്കി..

ആ കുട്ടിയിൽ നിന്നും അറിഞ്ഞ വിവരങ്ങൾ കേട്ട് ഞങ്ങൾ ഞെട്ടി പോയി..

നിന്നെയോർത്ത് ഉരുകുന്ന ജോഷ്വാ എനിക്ക് മറ്റൊരു വേദനയുമായി..

ഭാഗ്യവശാൽ നീ അവനിൽ നിന്നും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു..

ജോഷ്വായെ അഭിമുഖീകരിക്കാൻ നിനക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് അവന് നല്ല ബോധ്യമുളളത് കൊണ്ടാണ് ജോഷ്വാ  നിന്നെ സഹായിക്കാൻ വേണ്ടി എന്നെയും അന്ന ചേച്ചിയെയും ഏർപ്പാടാക്കിയത്..

നിനക്ക് അറിയാമോ ജോഷ്വായുടെ സ്വന്തം കെെത്തറി യൂണിറ്റിലാണ് നീ ജോലി ചെയ്തു കൊണ്ടിരിക്കുന്നത്..

പക്ഷേ, നാളുകൾ ഇത്ര കഴിഞ്ഞിട്ടും അന്ന ചേച്ചി വന്ന് പറഞ്ഞിട്ട് പോലും നീ ഇത് വരെ ജോഷ്വായെ കാണാൻ തയ്യാറായില്ല..

മാത്രമല്ല,എന്റെ സൗഹൃദത്തെ നീ വല്ലാതെ തെറ്റിദ്ധരിക്കുകയും ചെയ്തു..

ഒരിക്കൽ നീ എന്റെ പ്രാണനായിരുന്നു..
പക്ഷേ, ജോഷ്വായ്ക്ക് നിന്നോടുളള സ്നേഹം കണ്ടു സ്വയം ഒഴിഞ്ഞു മാറിയതാണ് ഞാൻ..

ഇപ്പോൾ എന്റെ മനസ്സിൽ ഒരാൾ മാത്രമെ ഉളളൂ..

രാജി...!!!!"
 

പറഞ്ഞതെല്ലാം കേട്ട് ഞെട്ടിയിരിക്കുന്ന എനിക്ക് അവിശ്വനീയമായിരുന്നു അത്..

പക്ഷേ, ഒരു ചിരിയോടെ തന്നെ കാർത്തിയേട്ടൻ പറഞ്ഞു..

"ഞെട്ടണ്ട,നിന്റെ മുൻഭർത്താവിന്റെ സഹോദരി രാജിയെ തന്നെയാണ് ഞാൻ സ്നേഹിക്കുന്നത്..

നല്ലൊരു മനസ്സ് ഉണ്ട് അവൾക്ക്..

പിന്നെ നിന്നെ പോലെ തന്നെ ഒരു പാവമാണ് അവൾ...

നീ എന്ത് കാരണങ്ങൾ കൊണ്ട് ആണോ അവനെ അകറ്റി നിർത്തിയത് അതിന്റെ സത്യാവസ്ഥകളെല്ലാം നീ അറിഞ്ഞു കഴിഞ്ഞു..

ഇനിയും അവനെ അകറ്റി നിർത്തരുത്...!!"

ഇത്രയും പറഞ്ഞതിന് ശേഷം എന്റെ കെെയ്യിൽ നിന്നും ബലമായി കിച്ചൂട്ടനെ എടുത്ത് കൊണ്ട് കാർത്തിയേട്ടൻ നടന്നകന്നു...

സത്യമേത് മിഥ്യയേതേന്നറിയാൻ പറ്റാത്തൊരവസ്ഥയിലായിരുന്നു ഞാൻ..

എന്റെ ജോഷ്വാ..അവൻ ഇപ്പോഴും എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടോ..??

ഒാർക്കുമ്പോൾ നെഞ്ചു പൊടിഞ്ഞ് ഞാൻ സ്വയം ഇല്ലാതാകുന്നത് പോലെ എനിക്ക് തോന്നി..

അവന്റെ സ്നേഹത്തിന്റെ മുന്നിൽ ഞാൻ ഒന്നുമല്ലെന്ന് എനിക്ക് മനസ്സിലായി...

ഉറക്കെ പൊട്ടി കരയാൻ തുടങ്ങിയപ്പോളാണ് തോളിൽ ഒരു കരസ്പർശം അറിയുന്നത്..

തിരിഞ്ഞു നോക്കാതെ തന്നെ അതാരാണെന്ന് എനിക്ക് മനസ്സിലായി..

തലക്കുനിച്ചു വിങ്ങി വിങ്ങി കരയാൻ മാത്രമെ എനിക്ക് സാധിച്ചുളളൂ....
 

"ആമീ....!!!"

ജോഷ്വായുടെ ആ വിളി കേട്ടതും ഒരു നിമിഷം ശ്വാസം വിലങ്ങിയത് പോലെ എനിക്ക് തോന്നി...

അടുത്ത നിമിഷം അവന്റെ നെഞ്ചിലേക്ക് വീണു ഞാൻ പൊട്ടി കരഞ്ഞു പോയി..

എന്നെ ചേർത്തു പിടിക്കുന്ന ആ കരങ്ങളുടെ കരുത്തിനപ്പുറം ഉളളിലെ ഹൃദയത്തിന്റെ തുടിപ്പ് കേട്ട് എന്റെ പ്രണയത്തെ എനിക്ക് തന്നെ തിരിച്ചു നൽകിയ ദെെവത്തോട് നന്ദി പറയാൻ വാക്കുകൾക്ക് വേണ്ടി എന്റെ മനം തേടി..
 

ആത്മാർത്ഥമായ സ്നേഹം ഒരിക്കലും വേർപിരിയില്ല എന്ന സത്യം തിരിച്ചറിഞ്ഞു പരസ്പരം മത്സരിച്ച് സ്നേഹിക്കുമ്പോൾ ആശീർവ്വാദം എന്ന പോലെ ചെമ്പക മരം ഞങ്ങൾക്ക് മേൽ പൂക്കൾ പൊഴിച്ചുക്കൊണ്ടിരുന്നു...
 

           ❄️❄️❄️❄️❄️❄️❄️

എല്ലാവരുടെയും അനുഗ്രഹത്തോടെ ജോഷ്വായുടെ താലി ഞാൻ സ്വീകരിക്കുമ്പോൾ ഞങ്ങളുടെ സ്വന്തം മകനായി തന്നെ കിച്ചൂട്ടൻ ഞങ്ങളക്കൊപ്പം ഉണ്ടായിരുന്നു...!!

പരസ്പരം മത്സരിച്ചു സ്നേഹിക്കുന്ന ഞങ്ങളുടെ ഒരു വാശിയായിരുന്നു ഞങ്ങളുടെ രണ്ട് കുടുംബങ്ങളും ഒരു വീട്ടിൽ ഒരുമ്മിച്ച് തന്നെ കഴിയണമെന്ന്...!!

എല്ലാവരുടെയും സമ്മതത്തോടെ തന്നെ ജോഷ്വായുടെ കുടുംബത്തിലേക്ക് അച്ഛനെയും അമ്മയെയും കിച്ചൂട്ടനെയും അമ്മായിയെയും  ഞങ്ങൾ കൂട്ടി കൊണ്ട് വന്നു..

അവിടെ ജോഷ്വായുടെ അപ്പച്ചനെയും അമ്മച്ചിയെയും കൂടാതെ ചേട്ടനായ ഡേവിഡും ഭാര്യയായ അന്നാ ചാണ്ടിയും മകളായ റോസ്മിനും,അനിയനായ റോഷനും ഭാര്യായായ റിൻസിയും കുഞ്ഞായ ക്രിസ്പിനുമുണ്ടായിരുന്നു..

അവരെല്ലാം പൂർണ്ണ സമ്മതത്തോടെ തന്നെ ഞങ്ങളെ സ്വീകരിച്ചു..

എല്ലാവരും പരസ്പരം സന്തോഷത്തോടെ കഴിഞ്ഞു കൂടി,കിച്ചൂട്ടനെ ഞങ്ങളുടെ മൂത്ത മകനായി തന്നെ എല്ലാവരും അംഗീകരിച്ചിരുന്നു..

ഇതിനിടയിൽ ചികിത്സ പൂർത്തിയാക്കി കൃത്രിമ കെെകാലുകളോടെ അമ്മുവൂം മാറ്റമില്ലാത്ത അവസ്ഥയിൽ രാഹുലും നാട്ടിലെത്തിയിരുന്നു..

അവരെത്തി അധികം വെെകാതെ തന്നെ കാർത്തിയേട്ടനും രാജിയുമായുളള വിവാഹം നടന്നു..

കല്യാണത്തിൽ ഞങ്ങൾ പങ്കെടുത്തെങ്കിലും അമ്മു പരിചയഭാവം പോലും കാണിച്ചില്ല,

ഒരു കണക്കിന് കിച്ചൂട്ടനെ ഒാർത്തപ്പോൾ അവളുടെ അകൽച്ച ഞങ്ങൾക്ക് ആശ്വാസമായി..

പിന്നീട്,ജോഷ്വായുടെയും എന്റെയും സംയുക്തമായ പങ്കാളിത്തതോടെ കെെത്തറി യൂണിറ്റ് വളർന്നു വലിയ കമ്പനിയായി മാറി..

ഇതിനിടയിൽ സന്തോഷത്തിന് മാറ്റു കൂട്ടാനെന്ന പോലെ ഞാൻ ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി..

വർഷങ്ങൾ ഒരുപാട് പിന്നെയും കടന്നു പോയി..

പെട്ടെന്നുളള അമ്മായിയുടെ മരണം ഒഴിച്ച് ഞങ്ങൾ അതീവ സന്തോഷത്തിലായിരുന്നു ജീവിക്കുന്നത്...

കിച്ചൂട്ടന് തിരിച്ചറിവ് ആയപ്പോൾ സത്യങ്ങളെല്ലാം ഞങ്ങൾ തുറന്നു പറഞ്ഞെങ്കിലും അവന്റെ മനസ്സിൽ അച്ഛനും അമ്മയും ഞാനും ജോഷ്വായും തന്നെയായിരുന്നു..

കുസൃതികളായ രാധുവിന്റെയും ഗീതുവിന്റെയും വല്യേട്ടനായിരുന്നു അവൻ..
 

മൂവരുടെയും പരസ്പര സ്നേഹം അതിശയിപ്പിക്കുന്നതായിരുന്നു...

ഒരു കൂട്ടു കുടുംബത്തിൽ ജീവിക്കുന്നത് കൊണ്ട് തന്നെ എന്റെ കുഞ്ഞുങ്ങൾ ശരി തെറ്റുകൾ തിരിച്ചറിയുമെന്നും സ്വാർത്ഥതയില്ലാതെ പങ്കു വെയ്ക്കാൻ അവരെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും എനിക്ക് അറിയാമായിരുന്നു..

 

രാജിയിൽ നിന്നും അമ്മുവിന്റെ കുത്തഴിഞ്ഞ ജീവിതത്തെ പറ്റി ഞാൻ അറിയുന്നുണ്ടായിരുന്നെങ്കിലും പിന്നീട് ഒരിക്കൽ പോലും അവളെ ഒാർത്തു ഞാൻ നൊമ്പരപ്പെട്ടിരുന്നില്ല..

വർഷങ്ങൾ പിന്നെയും കടന്നു പോയി,അച്ഛനമ്മമാർ ഞങ്ങളെ വിട്ടകന്നു...

കുഞ്ഞുങ്ങൾക്ക് തിരിച്ചറിവായി..

എനിക്കും ജോഷ്വായ്ക്കും പ്രായമായി തുടങ്ങി...

രാഹുലിന്റെ മരണം അമ്മുവിനെ വല്ലാതെ തളർത്തിയെന്നും തെറ്റുകളെല്ലാം തിരിച്ചറിഞ്ഞ അവൾ പാവപ്പെട്ടവർക്ക് വേണ്ടി ജീവിക്കാൻ തുടങ്ങിയെന്നും രാജിയിലൂടെ അറിഞ്ഞപ്പോൾ മുതൽ എന്തുക്കൊണ്ടോ അവളെ വർഷങ്ങൾക്ക് ശേഷം വീണ്ടും കാണണമെന്ന് എനിക്ക് തോന്നി തുടങ്ങി...
 

ആദ്യം ഈ കാര്യം ജോഷ്വായോടാണ് പറഞ്ഞത്, ഞാൻ ഒരു രണ്ടാംക്കെട്ടുക്കാരിയായിട്ട് കൂടി ഈ കാലമത്രയും ഒരിക്കൽ പോലും അത് പറഞ്ഞെന്നെ വേദനിപ്പിക്കാതെ,എന്റെ പരിശുദ്ധിയെ ചോദ്യം ചെയ്യാതെ, എന്നിലെ സ്ത്രീയെ പൂർണ്ണയാക്കിയ അദ്ദേഹത്തോട് അനുവാദം വാങ്ങാതെ എന്റെ ജീവിതത്തിൽ ഞാൻ ഒന്നും ചെയ്യില്ലായിരുന്നു..
 

അദ്ദേഹം സമ്മതം മൂളിയതോടെ ഞാൻ കിച്ചൂട്ടനോടും എന്റെ ആഗ്രഹം  പറഞ്ഞു..

അവനും ഒപ്പം വരാമെന്ന് പറഞ്ഞതോടെ മൂന്നാറിലെ അനാഥാശ്രമത്തിലേക്ക് ഞങ്ങൾ മൂവരും പുറപ്പെട്ടു..

വഴി നീളെ എന്നിൽ വല്ലാത്തൊരു അസ്വസ്ഥത നിറഞ്ഞെങ്കിലും ജോഷ്വായുടെയൂം കിച്ചുട്ടന്റെയും സ്നേഹപൂർണമായ പെരുമാറ്റം എന്നിലെ ആശങ്ക ഒട്ടൊക്കെ കുറച്ചു..

നിറയെ പൂക്കളുളള,പൂക്കളെക്കാൾ നെെർമല്യമുളള നിറയെ കുഞ്ഞുങ്ങളുളള "ആകാശപറവ" യിൽ അമ്മുവിനായി കാത്തിരിക്കുമ്പോൾ ഉളളിലെവിടെയോ അപ്പോൾ പഴയ ഒരു പാവടക്കാരിയുടെ മുഖം മാത്രമായിരുന്നു...!!!

ആരോ പറഞ്ഞു ഞങ്ങൾ വന്നിട്ടുണ്ടെന്നറിഞ്ഞ് വയ്യാത്ത കാലു വലിച്ചു വെച്ചു പ്രയാസപ്പെട്ട് ഒാടി വരുന്ന അവളെ കണ്ടതും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..

വെളുത്ത സാരിയുടുത്ത്,ആഭരണങ്ങളോ അലങ്കാരങ്ങളോ ഇല്ലാതെ നീണ്ടു മെലിഞ്ഞ അവളുടെ രൂപം കണ്ടതും എന്റെ ഹൃദയം പൊടിഞ്ഞു പോയി..

ഒാടി ചെന്ന് അവളെ നെഞ്ചോട് ചേർക്കുമ്പോളേക്കും അവളും ഉറക്കെ കരഞ്ഞു പോയിരുന്നു..

എന്റെ കാലിൽ വീണു മാപ്പ് പറയാനൊരുങ്ങിയ അവളെ തടഞ്ഞു ചെർത്തു നിർത്തി കിച്ചൂട്ടനെ കാണിക്കുമ്പോൾ കുറ്റബോധം കൊണ്ട് അവൾ ഉറക്കെ കരഞ്ഞു പോയിരുന്നു..
 

കിച്ചൂട്ടനെ ചേർത്തു പിടിച്ച് ഉമ്മകൾ കൊണ്ട് മൂടുമ്പോൾ ജോഷ്വായുടെ തോളിൽ ചാഞ്ഞ് ആ കാഴ്ച്ച കൺ നിറയെ കാണുകയായിരുന്നു ഞാൻ...

ഒരുപാട് നേരത്തെ സ്നേഹപ്രകടനങ്ങൾക്കൊടുവിൽ മടങ്ങുന്നതിന് മുൻപ് അവൾ വീണ്ടും എന്റെ കാലിൽ വീഴാനായി തുടങ്ങി..

പിടിച്ചെഴുന്നേൽപ്പിച്ച് അവളെ നോക്കിയതും നിറകണ്ണുകളോടെ അവൾ "മാപ്പ്" എന്ന് മന്ത്രിച്ച് നിലത്തേക്ക് കുഴഞ്ഞു വീണു...

നിലച്ച ഹൃദയതാളങ്ങൾക്ക് അപ്പുറം അവളുടെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു..

പാപങ്ങളെല്ലാം കഴുകി കളഞ്ഞ് വിശുദ്ധമായ ഹൃദയത്തോടെ ജീവിതത്തിനപ്പുറം മരണത്തിലെങ്കിലും സമാധാനത്തോടെ അവൾ പോയപ്പോൾ വാക്കുകൾക്കപ്പുറം കണ്ണീരോടെ അവളുടെ തുറന്ന കണ്ണുകൾ ഞാൻ മൂടുമ്പോൾ എനിക്ക് തുണയായി,ആശ്വസിപ്പിക്കാൻ അവളുടെ സ്വന്തം കുഞ്ഞും,അവൾ തന്നെ അകറ്റാൻ നോക്കിയ എന്റെ പ്രണയവും എന്റെ കൂടെയുണ്ടായിരുന്നു.....!!!!!

 

അവസാനിച്ചു...

 

അങ്ങനെ എന്റെ കഥ അവസാനിപ്പിച്ചിരിക്കുന്നു...

ഈ കഥയ്ക്ക് കിട്ടിയ വായനയ്ക്കും സപ്പോർട്ടിനും ഒരുപാട് സ്നേഹവും സന്തോഷവുമുണ്ട്...

ഇനിയും എഴുത്തുകളുമായി മടങ്ങി വന്നാൽ സ്വീകരിക്കുമോ...??
 

ഈ കഥ ഇഷ്ട്ടമായെങ്കിൽ എനിക്കായ് രണ്ട് വരി........