Aksharathalukal

അഗ്നിസാക്ഷി - ലളിതാംബികാ അന്തർജ്ജനം

 

അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ഒരു സ്ത്രീ ജീവിതത്തിൻറെ കഥ. ജാതിയുടെയും മതത്തെയും സമുദായത്തെയും എല്ലാം നടുവിൽ അകപ്പെട്ടുപോയ കുറേ ജീവിതങ്ങളാണ്  അന്തർജ്ജനം അഗ്നിസാക്ഷിയിൽ അവതരിപ്പിച്ചിരിക്കുന്നത് .
ജീർണ്ണിച്ച മനുഷ്യ ആചാരങ്ങളും ചിന്തകളും നശിപ്പിച്ചാൽ മാത്രമേ അതെ സ്ഥാനത്തേക്ക് പുതിയവകൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ആചാരങ്ങളെയും സമുദായ വിവേചനങ്ങളെയും വേറിട്ട കാഴ്ചപ്പാടിൽ  നേരിട്ടവരാണ് ഉണ്ണിനമ്പൂതിരിയും ദേവകി മാനമ്പളളിയും മിസ്സിസ് നായരും.

മാറുന്ന കാലത്തിനു വൈരുദ്ധ്യമായി സ്നേഹമെന്ന ബന്ധനത്തിൽ അകപ്പെട്ട് ധർമ്മത്തിനും കർമ്മത്തിനും നടുവിൽ ജീവിതം തീർത്ത വ്യക്തിയാണ് ഉണ്ണിനമ്പൂതിരി.
ചെറിയമ്മയ്ക്ക് കൊടുത്ത വാക്ക് നിറവേറ്റാൻ ദീക്ഷ എടുക്കുമ്പോഴും സഹോദരിയായ തങ്കത്തിന് വേണ്ടി പഠന കാര്യത്തിനായി അപ്ഫൻ  നമ്പൂതിരിയോട് തർക്കിക്കുമ്പോഴും  ഉണ്ണി നമ്പൂതിരിയുടെ സ്നേഹവും കരുതലും നമുക്ക് ബോധ്യപ്പെടുന്നു.നിഷ്കാമ കർമ്മത്തിനായി ജീവിതം ഉഴിഞ്ഞു വയ്ക്കുമ്പോഴും മറ്റുള്ളവരെ കഴിവതും വേദനിപ്പിക്കാതിരിക്കാൻ ശ്രമിക്കുമ്പോഴും മനപ്പൂർവ്വം അല്ലാതെ അദ്ദേഹം സ്വന്തം പത്നിയെ ആ മറ്റുള്ളവരുടെ കൂടെ കൂട്ടിയില്ല.  ഭാര്യയും ഭർത്താവും രണ്ടല്ല മറിച്ച് ഒന്നാണെന്ന് അദ്ദേഹത്തിന്റെ  വിശ്വാസമാവാം ചിലപ്പോൾ അദ്ദേഹത്തിൻറെ സ്നേഹവും കരുതലും കുറഞ്ഞുപോയി എന്ന് ദേവകി മാനമ്പളളിയെ തോന്നിപ്പിച്ചത്. എന്നാൽ തൻറെ മരണം വരെയും അദ്ദേഹം ദേവകിയിൽ പ്രസന്നനായിരുന്നു .

ഒരു സമുദായത്തിന്റെയോ  മതത്തന്റെയോ  സ്വരം എന്നതിലുപരി വിവേചനത്തിന്റെ  ദുഃഖഭാരം ചുമക്കുന്ന ഒരുകൂട്ടം സ്ത്രീകളുടെ സ്വരമായിരുന്നു ദേവകി മാനമ്പളളി. പ്രശസ്തി പറ്റിയ സാമൂഹിക പ്രവർത്തകയായി മാറിയെങ്കിലും ആ മനസ്സിൽ നിയമത്തിൻറെ ആശകളുടെയും സ്നേഹത്തന്റെയും  എല്ലാം ബന്ധനകൾ  നിലനിന്നു. അതിൽ നിന്നൊരു മോചനമെന്നോണം  അവർ രാജ്യമൊട്ടാകെ തന്റെ  സേവനങ്ങൾ നടത്തി മറ്റുള്ളവരുടെ പാപങ്ങൾ ഏറ്റെടുത്തും പ്രായശ്ചിത്തം  ചെയ്തും അവർ കഠിനമായ പരീക്ഷണങ്ങൾ നേരിട്ടു  ദേവകിബഹനായി മാറി. എന്നിരുന്നാലും പൂർവ്വ സ്മരണകളിൽ നിന്നും ഒരിക്കലും അവർ  മുക്തയല്ലായിരുന്നു. ശരീരം ഉപേക്ഷിച്ചു മോക്ഷം പ്രാപിക്കാൻ അവർ ആഗ്രഹിച്ചു അതിനുവേണ്ടി അവർ യോഗിനിമാതാവായി , സുമിത്രാനന്ദയായി . കഴുത്തിൽ മുറുകി കെട്ടിയിരിക്കവേ സനാഥയെന്ന ധൈര്യം പകർന്ന പവിത്രമായ താലിച്ചരട്  പോലും അവർ ഉണ്ണിനമ്പൂതിരിയെ  തിരികെ ഏൽപ്പിച്ചിരുന്നു. അത്രയേറെ ഒരുവേള അവർ ഈ  കാപട്യലോകത്തിൽ നിന്ന് മോക്ഷം ആഗ്രഹിച്ചിരുന്നിരിക്കണം.

സമൂഹത്തിൻറെ വിവേചനത്തിൽ സ്വന്തം കാര്യത്തിനു വേണ്ടി ശബ്ദമുയർത്താൻ മാത്രമേ മിസ്സിസ് നായർക്ക്  കഴിഞ്ഞുള്ളൂ. സ്വന്തം ദുഃഖഭാരം കുറച്ച്, പഠിച്ചു പഠിച്ചു മുന്നേറാനുള്ള തന്റേടം  അവർ കാണിച്ചു. സ്വന്തം ആവശ്യങ്ങൾ നിറവേറ്റാനുള്ള  തത്രപ്പാടിൽ തന്നെപ്പോലെ തന്നെ സമുദായ ആചാരങ്ങളിൽ അകപ്പെട്ടു പോയ, താൻ പ്രാണനെ  പോലെ സ്നേഹിക്കുന്ന ഏട്ടത്തിയെ സ്വതന്ത്രമാക്കാൻ  അവർക്ക് സാധിച്ചില്ല. തനിക്ക് പ്രിയപ്പെട്ട ഉണ്ണിയേട്ടന്റെയും തേതിയേട്ടത്തിയുടെയും   ജീവിതം തകരുന്നത് നിസ്സഹായയായി കാണാൻ മാത്രം വിധിച്ചവൾ .

ജാതിമത വ്യവസ്ഥയിൽ അനേകം ജീവിതങ്ങൾ അകപ്പെട്ടു പോയിട്ടുണ്ട്. ജലപിശാചുമുത്തശ്ശിയും ഭ്രാന്തിചെറിയമ്മയും ഒരുതരത്തിൽ ഈ   ആചാരങ്ങളുടെ ഇരയാണ് .  തൊട്ടുകൂടായ്മയും അയിത്തവും എല്ലാം പാലിച്ച് ഇരട്ട് വെളിച്ചമാണ് എന്ന കപടമായ ഭാവനയിൽ  ജീവിച്ചിരുന്നവർ.

ഇന്നത്തെ ഈ ആധുനിക സമൂഹത്തിൽ ഇത്തരം വിവേചനങ്ങളും വ്യവസ്ഥകളും മറ്റൊരു മുഖം പ്രാപിച്ചിരിക്കുന്നു .  അറിവ് വെളിച്ചമാണ് എന്ന തിരിച്ചറിവോ അതോ സ്വാതന്ത്ര്യം സുപ്രധാനമാണ് എന്ന വീണ്ടുവിചാരമോ ആവണം തൊട്ടുകൂടായ്മയ്ക്കും അയിത്തത്തിനും ഒക്കെ അവസാനം കുറിച്ചു തുടങ്ങിയത്. മനുഷ്യജാതി എന്ന ഒരൊറ്റ ജാതിയിൽ മനുഷ്യർ എല്ലാം പൂർണമായും വിശ്വസിച്ചു തുടങ്ങുമ്പോൾ ഒരു തരത്തിലുള്ള വിവേചനങ്ങളും പിന്നീട് അവശേഷിക്കുന്നില്ല. ഈ ലോകത്ത് ധനത്തിനെ സമ്പത്തിന്റെയും  അളവിൽ ഉപരി അറിവിന്റെയും  കാര്യബോധത്തിന്റെയും  ത്രാസിൽ മനുഷ്യരെ അളന്നു തുടങ്ങണം.

ജീവജാലകങ്ങൾ എപ്പോഴും ബന്ധിതരാണ്. ധർമ്മത്തിന്റെയും  സ്നേഹത്തിന്റെയും  ബന്ധനം  മനുഷ്യ ജന്മങ്ങളിൽ ആനന്ദകരവും  ദുഃഖകരവുമായ സന്ദർഭങ്ങൾക്ക് രൂപം നൽകുന്നു. ആരും ഒരിക്കലും സ്വത്രന്തർ അല്ല . ആചാരങ്ങളുടെയും നിയമത്തിന്റെയും  ആശകളുടെയും  സ്നേഹത്തിന്റെയും ബന്ധനത്തിൽ നിന്ന്  പാവപ്പെട്ട മനുഷ്യാത്മാവിനു മോചനമില്ല.