Aksharathalukal

അച്ചടിപ്പിശക്

കർക്കിടകമാസം വന്നുകഴിഞ്ഞാൽ പിന്നെ  വീടിന്റെ ചുറ്റുവട്ടം കണ്ടാൽ വേമ്പനാട് കായലിന്റെ സൗന്ദര്യമാണ്. അത്രയും വിശാലമായി പരന്ന് കിടക്കുന്ന, വെള്ളം നിറഞ്ഞ വയലോലകൾ, കാറ്റിലിളകിയാടുന്ന ചെറിയ ഓളങ്ങൾ, പച്ചപ്പ് കാണാതെയുള്ള  പാടവരമ്പുകൾ, ഒഴുകി നടക്കുന്ന കരിനീല പൂക്കളുള്ള കുളപ്പായലുകൾ,  അതിനിടയിലൂടെ നീന്തി നടക്കുന്ന താറാവിൻ കൂട്ടങ്ങളും, അങ്ങിങ്ങായി കാണുന്ന കുളക്കോഴികളും. അതിന്റെ ഒരു അരികത്തായി മുളകൊണ്ട് വേലിക്കെട്ടുകൾ തീർത്ത എന്റെ സൗധവും. വെള്ളം പൊങ്ങുമ്പോൾ കരിങ്കല്ല് കെട്ടിയ മതിൽ എപ്പോളും ഇടിഞ്ഞു വീഴുന്ന അവസ്ഥയാണ് , പിന്നെ അത് പലവട്ടം കെട്ടിമടുത്തു. അതോടെ വേലി നിർമ്മാണം മുഴുവനും മുളകൊണ്ടാക്കി .

അപ്പനപ്പൂപ്പൻമാരായി ഒരു ചെറുവള്ളം സ്വന്തമായി ഉള്ളതുകൊണ്ട് എല്ലാദിവസവും വീട്ടിൽ വന്ന് കിടന്ന് ഉറങ്ങാൻ പറ്റും. കൂടിവന്നാൽ റോഡിൽ നിന്ന് ഏകദേശം 30 മീറ്റർ കാണും വീട്ടിലേക്കുള്ള വെള്ളം നിറഞ്ഞ് കിടക്കുന്ന ഭാഗം. അതിനു പുറകിലേക്ക്  ഒരു 2, 3 കിലോമീറ്റർ ചുറ്റളവിൽ മുഴുവനും വെള്ളം തന്നെ വെള്ളം. ഇംഗ്ലണ്ടിൽ നിന്നും കുറെ മൈലുകൾ ദൂരത്ത് കടലിലുള്ള ബിഷപ്പ് റോക്ക് പോലൊരു  ഒരു കൊച്ച് ദ്വീപ്. ഞാനും എന്റെ അമ്മയും പിന്നെ അമ്മൂമ്മയും മാത്രം.

അവർ എനിക്ക് കല്യാണകാര്യം  ശ്രമിച്ചു  നടക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒന്ന് രണ്ടു  കൊല്ലത്തോളമായ്. സപ്ലെക്കോ യിൽ ജോലിക്ക് പോയി തുടങ്ങിയ കാലം മുതൽ കല്യാണം ആലോചിച്ചു നടക്കുന്നതാണ്. ഇതുവരെ ഒന്നും നടന്നില്ല എല്ലാത്തിനും ഓരോ കാരണങ്ങൾ. അത്രയും സൗന്ദര്യമൊന്നുമില്ലെങ്കിലും തരക്കേടില്ല എന്ന് പറയുമെന്ന് തോന്നുന്നു.

പെണ്ണ്കാണാനായി പല സ്ഥലത്തും പോയിക്കണ്ട പെൺകുട്ടികളെ മുഴുവനും  ഇഷ്ടപ്പെട്ടു. ഒരു ഇഷ്ടക്കേടും ഇതുവരെ ഉണ്ടായിട്ടില്ല. അവർക്ക് തിരിച്ചു ഇഷ്ടം വരുന്നില്ല എന്നതാണ് പ്രശ്നം. തീർത്തും അങ്ങനെ പറയാൻ പറ്റില്ല, ചെറിയ സംഭവം ഉണ്ടായി.  ഒരിക്കൽ ഒരു സുഹൃത്തിന്റെ കൂടെ അങ്ങ് കൂട്ടിക്കൽ എന്നൊരു സ്ഥലം വരെ പോയി. മുണ്ടക്കയം കഴിഞ്ഞു പിന്നെയും കുറെ ദൂരം പോകണം. എല്ലാ കാര്യങ്ങളും  അവൻ പറഞ്ഞുറപ്പിച്ചു വെച്ചിട്ടുണ്ട്, നീ വെറുതെ ഒന്ന് പോയി കണ്ടാൽ മതി, അത്രമാത്രം. പറഞ്ഞതല്ലേ പോയിക്കളയാം എന്ന് കരുതി. വീട്ടിൽ നിന്നും 2, 3  മണിക്കൂർ ദൂരം കാണും അവിടെ വരെ. ഇറങ്ങിയപ്പോൾ മുതൽ തോരാതെ മഴ പെയ്തുകൊണ്ടിരിക്കുന്നു . ഐശ്വര്യത്തിന്റെ ഒരു പ്രതിബിംബമാണല്ലോ മഴ, അത്കൊണ്ട് ശരിക്കും പെയ്തോട്ടെ എന്ന്തന്നെ കരുതി യാത്രപുറപ്പെട്ടു.  ഈ പറഞ്ഞ സ്ഥലത്ത് ഇത്‌ വരെ പോയിട്ടില്ല, ആദ്യമായിട്ടാണ് കൂട്ടിക്കലിൽ  പോകുന്നത്. മലയോര മേഖലയാണ്.  നല്ല കയറ്റവും, കൊടും വളവുകളും തന്നെ. പോകുന്ന വഴിയിൽ നിറചയെ റബർ തോട്ടം തന്നെ എവിടെ നോക്കിയാലും. വളമിട്ട് കൊടുക്കാനുള്ള പ്ലാറ്റുഫോം ഒക്കെ ഓരോ റബ്ബറിന്റെ ചുവട്ടിലും നന്നായി ശരിയാക്കിയിട്ടുണ്ട്. റബർ മരങ്ങളെല്ലാം ഒരേ ലൈനിൽ നിൽക്കുന്നതു കണ്ടാൽ, സ്കൂളിൽ പണ്ട് കുട്ടിക്കാലത്ത്  അസ്സെംബ്ളിക്ക് നിന്നിരുന്നതുപോലുണ്ട്.  വെള്ളക്കെട്ടിന്റെ ലോകത്തു നിന്നും ഞാൻ പച്ചപ്പ് നിറഞ്ഞ  മലനിരകളിൽ  ചെന്നെത്തിയപ്പോൾ വല്ലാത്ത കുളിർമ തോന്നി മനസിനും, ശരീരത്തിനും. ഈ കല്യാണമെങ്ങാനും  നടന്നാൽ, പിന്നെ അതിനു ശേഷം ഭാര്യയുടെ പേരിലുള്ള റബ്ബർ എസ്റ്റേറ്റിൽ വന്ന് താമസിക്കുന്ന രംഗങ്ങൾ ഒക്കെ മനസിലേക്ക് കടന്നുവന്നു. ഇടതൂർന്ന് നിൽക്കുന്ന വലിയ മരങ്ങൾക്കിടയിലൂടെ വീഴുന്ന മഴത്തുള്ളികളിൽ നനഞ്ഞുകൊണ്ട്   കാർ മുന്നോട്ട് പതിയെ പൊയ്ക്കൊണ്ടിരുന്നു. റബ്ബർ എസ്റ്റേറ്റിനുള്ളിൽ  വഴിയിൽ അങ്ങിങ്ങായി ഇടിഞ്ഞു പൊളിഞ്ഞ ബംഗ്ലാവുകൾ കണ്ടിട്ട് മെക്സിക്കോ യിലെ ഹിൽ സിറ്റിയായ ഇസാമൽ എന്ന സ്ഥലത്തിന്റെ  ഓർമ്മവന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഇടതൂർന്ന തേക്കിൻ  കൂപ്പിനകത്തോടെയായി യാത്ര. എങ്ങും നല്ല പച്ചപ്പും, വെള്ളച്ചാലുകളും, കൊഴിഞ്ഞ ഇലകളും മാത്രം . ആ സമയത്തു സൂര്യൻ കുറച്ചുകൂടി സൂര്യരശ്മികൾ പ്രകൃതിയിലേക്ക് വാരി വിതറിയെങ്കിലെന്ന് വെറുതെ തോന്നിപ്പോയി.

ഞങ്ങൾ വീതിയുള്ള  വഴിയിൽ നിന്ന് തിരിഞ്ഞ് ഒരു ഇടവഴിയിലേക്ക് കടന്നു,  വലിയ കയറ്റം കയറിയായിരുന്നു തുടർന്നുള്ള യാത്ര. കയറ്റം കയറി മുകളിൽ ചെന്നപ്പോൾ, പണ്ട്  യൂട്യൂബിൽ, സഞ്ചാരത്തിന്റെ ടാൻസാനിയൻ വിഡിയോയിൽ, മൗണ്ട് കിളിമഞ്ചാരോ കണ്ടപോലുള്ള പ്രതീതി ഉളവാക്കി.

സ്ഥലം ഇവിടെ ആണ്, ഇനി നിർത്തി  ആരോടെങ്കിലും ചോദിച്ചു നോക്കിയിട്ട് പോകാമെന്ന് അവൻ പറഞ്ഞു. ഞാനും അത് ശരിവെച്ചു. നിറയെ മഞ്ഞ വർണ്ണത്തിൽ  കോളാമ്പി പൂക്കൾ നിറഞ്ഞ് നിൽക്കുന്ന ഒരു വീടിന്റെ മുറ്റത്ത്‌ ചെന്ന് വിളിച്ചു. അഡ്രസ് കാണിച്ചു അന്വേഷണം നടത്തി. അത് ഇവിടെ അടുത്താണ്, അവർ വഴി നന്നായി  പറഞ്ഞു തന്നു.

ഇതെങ്കിലും ഒന്ന് നടക്കുമോ ദൈവമേ എന്നാലോചിച്ചു നേരെ കയറിചെന്നു. രണ്ടു മൂന്നു പേര് അവിടെ നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ കയറി ഇരുന്നു. കുറച്ചു കുശലങ്ങൾ ചോദിച്ച ശേഷം, വീട്ടുകാർ പെൺകുട്ടിയോട് വരാൻ പറഞ്ഞു. ഒരു ശകലം പോലും മേക്കപ്പിടാതെ ഒരു കുട്ടി എന്റെ മുന്നിൽ വന്നു നിന്നു. ചായ അവിടെ മുന്നിൽ വെച്ചിട്ട് പെട്ടെന്ന് തന്നെ അവൾ അകത്തു കയറി പോയി. മോൾ ഇങ്ങനെ ആണ്. ഒന്നും വിചാരിക്കല്ലേ എന്ന് വീട്ടുകാർ ഇടപെട്ടു പറഞ്ഞു. എം മ്പി എ കഴിഞ്ഞ വിവരമൊന്നും പെരുമാറ്റത്തിൽ കാണുന്നില്ലല്ലോ ദൈവമേ എന്ന് കരുതി പുറത്തേക്ക് യാത്ര പറഞ്ഞിറങ്ങി.  കുറച്ചു ദൂരം നടന്ന് ഗേറ്റ് കടന്നു കഴിഞ്ഞപ്പോളേക്കും പുറകിൽ നിന്ന് ഒരു പെൺകുട്ടിയുടെ ശബ്ദം. ഒന്ന് നിന്നേ എന്ന്. ഞങ്ങൾ തിരിഞ്ഞു നോക്കി. ചായ കൊണ്ടുവന്ന പെൺകുട്ടി പുറകിൽ അതെ ഞങ്ങളെ തന്നെയാണ് അവൾ വിളിച്ചത് . പെട്ടന്ന്  ഓടി അടുത്ത് വന്നു നിന്നു. എനിക്ക് നിങ്ങളെ കല്യാണം കഴിക്കാൻ യാതൊരു വിധ താൽപ്പര്യവും ഇല്ല. അതുകൊണ്ട് ഇനി മുൻപോട്ടു യാതൊരു രീതിയിലുമുള്ള നടപടികളുമായും ഇങ്ങോട്ട് വരേണ്ട. ഇങ്ങനെ ഒരു പെരുമാറ്റം ഞാൻ ഒട്ടും പ്രതീക്ഷിചില്ല. എന്ത് പറയാൻ, ഞാൻ ആകെ ചമ്മിപ്പോയി. അവൻ എന്റെ തോളത്തു കൈപിടിച്ച് പതുക്കെ തട്ടി, എന്നിട്ട് പറഞ്ഞു ഇതിന് മുഴുത്ത വട്ടാണെടാ, വല്ല പാറക്കല്ലും വെച്ച് എറിയുന്നതിനു മുമ്പേ വേഗം ജീവനും കൊണ്ട്  ഓടിക്കോ. പക്ഷെ എനിക്ക് അങ്ങിനെ ഒന്നും തോന്നിയില്ല, എന്നാലും ഞാൻ നന്നായി ചമ്മിപ്പോയി. അതോടെ ചിലവ് ഏകദേശമൊരു നാലായിരം രൂപ അന്ന്  അതുവഴി മാറിക്കിട്ടി.

ഇനി ഇഷ്ടപ്പെട്ട് ആരെങ്കിലും വന്നാൽ തന്നെ എന്ത് കാര്യം, അവർ ആലോചന ആയി വന്ന് എന്റെ വീടും, പിന്നെ ഭീകര സൗന്ദര്യമുള്ള  വെള്ളക്കെട്ടും,  ഒറ്റനോട്ടത്തിൽ കണ്ട് കഴിയുമ്പോൾ തന്നെ ജീവനും കൊണ്ടോടും. അവരെയും കുറ്റം പറയാൻ പറ്റില്ല. ഇതുപോലെ, പണ്ട് ഒരു പെണ്ണിന്റെ അച്ഛൻ വീട്ടിൽ വന്നപ്പോൾ മുന്നിലൂടെ ഇഴഞ്ഞു പോകുന്നു നല്ല കരിമരുതിന്റെ കളറിൽ ഉള്ള  ഒരെണ്ണം മുറ്റത്തൂടെ. കൊടുത്ത ചൂട്  കാപ്പി കുടിച്ചെന്നു വരുത്തി, ഇവിടെ വീട് നിറയെ പാമ്പാണോ  എന്ന് ചോദിച്ചു പുള്ളി ചാടി വള്ളത്തിൽ കയറി ഇരുപ്പായി. അതോടെ ഞാൻ അക്കരെയ്ക്കുള്ള തുഴച്ചിൽ ആരംഭിച്ചു. അവസാനം ഇതെല്ലാംകൊണ്ട് എനിക്ക് ഈമാതിരി  ചടങ്ങുകളോട് പതിയെ  ഒരു അതൃപ്തി വന്ന് തുടങ്ങി.

എന്തായാലും നാട്ടിൽ വൈകുന്നേരങ്ങളിൽ  അസ്തമയസൂര്യന്റെ കടും തീമഞ്ഞ  പ്രകാശം വെള്ളത്തിൽ പതിക്കുമ്പോളുള്ള കാഴ്ച എത്ര വർണ്ണിച്ചാലും മതിവരില്ല. ആ സമയം, ചെറിയ കാറ്റത്തു,  വള്ളം തുഴഞ്ഞു മീൻ പിടിച്ചു നടക്കുമ്പോൾ കിട്ടുന്ന സുഖമുണ്ടല്ലോ,പറഞ്ഞറിയിക്കാൻ പോലും സാധ്യമല്ല. വണ്ടിയിൽ വഴികളിലൂടെ  പോകുന്നവർ അസൂയയോടെ അവർ  കണ്ണിൽ നിന്നും മറയുന്നവരെയും  നമ്മളെ പിന്തിരിഞ്ഞു  നോക്കുന്നത് കാണേണ്ട കാഴ്ച്ച തന്നെയാണ് .

ഒരിക്കൽ നാട്ടിൽ കുറച്ചു പണത്തിന് ആവശ്യം വന്നപ്പോൾ അന്ന് കൂട്ടിന് പെണ്ണ് കാണാൻ പോന്ന അവൻ പലിശക്ക് പണം തരുന്ന  ഒരാളെ സംഘടിപ്പിച്ചു തന്നു. അവന്റെ അറേഞ്ച്മെന്റ് ആയതു കൊണ്ട് പണ്ടത്തെ  ചെറിയ ഒരു പേടി ഉള്ളിൽ കിടപ്പുണ്ട്. ഇത് അതുപോലെ ഒന്നുമല്ല, നീ ധൈര്യമായി പോരെ. എങ്കിൽ ശരി പോയേക്കാം എന്നുപറഞ്ഞു കൂടെപ്പോയി. രണ്ടു മൂന്നു കിലോമീറ്റർ കഴിഞ്ഞു വീടെത്തി.

അവിടെ വീട്ടിലുള്ള ആൾ ഇറങ്ങി വന്ന് പറഞ്ഞു. ചോദിച്ച പണം റെഡിയായിട്ടുണ്ട്, നിങ്ങളുടെ കയ്യിൽ ബാഗ് ഉണ്ടോ. 15% പലിശ കണക്ക് കൂട്ടി  ഇപ്പൊ 8000 രൂപ തന്നാലേ പണം നൽകാൻ പറ്റുകയുള്ളു  എന്ന് പറഞ്ഞു.

എങ്കിൽ അത് കുറച്ച് ബാക്കിയുള്ള പണം തന്നാൽ മതിയെന്ന് ഞാൻ. അത് പറ്റില്ല ഈ പണത്തിൽ നിന്ന് എടുക്കാൻ പറ്റില്ല, വേറെ രൊക്കം കാശ് തന്നാലേ കാര്യങ്ങൾ നടക്കൂ. അതെന്താ അങ്ങിനെ, അപ്പൊ ഇതിനെന്താണ് വിത്യാസമുള്ളത്...?

ചെറിയൊരു പ്രശ്നം, ഈ തരുന്ന പണം അത്ര നല്ലതല്ല. ഇതിനുള്ളിലെ നോട്ട്കെട്ടുകളിൽ കുറച്ച്  അച്ചടിപ്പിശകുകളുണ്ട്. പക്ഷെ പെട്ടന്ന് മറ്റാർക്കും അതൊന്നും മനസിലാവില്ല, ഒന്നും പേടിക്കാനില്ലന്നെ, നിങ്ങൾ ധൈര്യമായി കൊണ്ടുപൊക്കോ.....

കൂടെ വന്നവനെ, വായിൽ വന്ന തെറി വിളിച്ചിട്ട് ജീവനും കൊണ്ട് ഇറങ്ങിയോടാൻ പിന്നെ കാരണം നോക്കി നിൽക്കേണ്ടി  വന്നില്ല....

🌾