Aksharathalukal

നിനക്കായ് ഒരിക്കൽ...

നിനക്കായ് ഒരിക്കൽ❣️
 
ആളുകളുടെ കോലാഹലങ്ങൾ കേട്ടപ്പോഴാണ് ഇന്നവൾ കൺ തുറന്നത്. വീടിന്റെ അകത്തുനിന്ന് ആരുടേയെല്ലാം അലമുറയിട്ടുള്ള കരച്ചിലും ആളുകളുടെ ബഹളങ്ങളെല്ലാം എന്തിനെന്നറിയാതെ നോക്കി നിന്നു. പക്ഷേ, എന്തോ ഒന്ന് തന്നിൽ നിന്ന് അകലുന്നതായി അവൾക്ക് അനുഭവപ്പെട്ടു.ആരോ പറയുന്നതായി അവൾ കേട്ടു "മാഷ് പോയി.... നല്ല മനുഷ്യനായിരുന്നു... പറഞ്ഞിട്ട് കാര്യമില്ലല്ലോ.... "
 
ഇത് കേട്ടതും തന്റെ പ്രാണൻ നിലയ്ക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു. ഒരുതരം മരവിപ്പ്. തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലായിരുന്നു അവൾക്ക്. തന്റെ ജീവനായിരുന്ന മാഷ്... തനിക്ക് എല്ലാമായിരുന്നവൻ തന്നെ വിട്ട് എന്നന്നേക്കുമായി പോയിരിക്കുന്നു. ഒരു മടങ്ങി വരവില്ലാതെ.
 
തന്റെ പ്രണയം ഒരിക്കൽ പോലും മാഷ് അറിഞ്ഞിരുന്നില്ല, തനിക്കു നേരെ വീഴുന്ന ഓരോ നോട്ടവും തന്റെ ഹൃദയത്തിലാണ് പതിച്ചത്. പ്രണയത്തിനുമപ്പുറം ഒരു തരം അടങ്ങാത്ത ഭ്രാന്തായിരുന്നു..
 
കൂടെയുള്ളവർ തനിക്ക് ഭ്രാന്താണെന്ന് പറഞ്ഞപ്പോഴും മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി.നിലാവും സൂര്യകിരണങ്ങളുമെല്ലാം പുഛിക്കുമ്പോഴും മൗനമായി തന്നെ തന്റെ പ്രണയത്തിന്റെ ആഴം അവർക്കു മുന്നിൽ തുറന്ന് കാണിക്കുമായിരുന്നു. വീണ്ടും തന്റെ പ്രിയപ്പെട്ടവന്റെ ഓർമ്മയിലൂടെ സഞ്ചരിക്കുമ്പോൾ അവൾ കണ്ടു.അവളുടെ വേരുകൾക്ക് അടുത്ത് ആഴത്തിലുള്ള കുഴി.
ഒരു വെള്ളതുണിയിൽ ആരൊക്കെയോ ചേർന്ന് തന്റെ പ്രിയപ്പെട്ടവനെ കൊണ്ട് വന്ന്  ആ കുഴിയിൽ വെക്കുന്നത് ഒരു വിങ്ങലോടെ നോക്കി കണ്ടു.ആറടി മണ്ണിൽ പ്രിയപ്പെട്ടവനെ മൂടിയപ്പോൾ അലറി കരഞ്ഞു.... ഹൃദയം പൊട്ടി ചോര ഒലിക്കുന്നതു പോലെ അനുഭവപ്പെട്ടു. അവളെ സമാധാനിപ്പിക്കാൻ അവളുടെ കൂടെയുള്ളവർക്ക് കഴിഞ്ഞില്ല. അവളുടെ പ്രണയത്തിന്റെ ആഴം എത്രമാത്രമാണെന്ന് അവർ തിരിച്ചറിയുകയായിരുന്നു.
 
അവൾക്ക് ആശ്വാസമാകാനെന്നോണം മഴത്തുള്ളികൾ അവളെ വാരി പുണരാൻ ഭൂമിയിലേക്ക് പതിച്ചു. വിറയാർന്ന ചുണ്ടുകളോടെ അവൾ പതുകെ മൊഴിഞ്ഞു: "  പ്രിയപ്പെട്ടവനെ,വരും ജന്മങ്ങളിലെല്ലാം നിന്റെ പെണ്ണായി ഞാൻ പുനർജനിക്കും... അന്ന് നമുക്കിടയിൽ തടസ്സങ്ങളായി ഒന്നും ഉണ്ടാവില്ല. നമ്മുടേത് മാത്രമായ ലോകം. എന്റെ അവസാന ശ്വാസം വരെ ഞാൻ പ്രണയിച്ചു കൊണ്ടേയിരിക്കും... നിനക്ക് കൂട്ടായി അവസാനം വരെ ഞാനുണ്ടാകും..."
 
ആ മഴയിലും ചെമ്പകമരം ആടിയുലഞ്ഞു.പൊഴിഞ്ഞു വീണ ചെമ്പകപൂക്കൾ തന്റെ പ്രാണനോട് ചേർന്ന് കിടന്നു..💓
 
 
 
 
Meow....
Vaayichatt comments ariyikkanne...
Ishttayaal support aakkane😌