Aksharathalukal

❤നിറഭേദങ്ങൾ...❤ Part-2

✍️ SANDRA C.A#Gulmohar❤️
 

കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ശിവദയെ തേടിയെത്തുമ്പോഴേക്കും കേരളത്തിലുളള മുഴുവൻ മാധ്യമപ്രവർത്തകരും അവിടെ എത്തിയിരുന്നു...

 

കടന്നു പോകാൻ അനുവദിക്കാത്ത പോലീസുക്കാർക്ക് മുന്നിൽ മടിയോടെ കാര്യം അറിയിക്കുമ്പോഴേക്കും തന്നെ പൊതിഞ്ഞ് ചോദ്യങ്ങൾ എയ്തു തുടങ്ങി അവർ ...!!
 

എങ്ങനെയൊക്കെയോ ഐ. സി. യു. വിന്റെ വാതിൽക്കൽ എത്തിയതും ഒരു നിമിഷം എന്റെ ശ്വാസം ഒന്നു വിലങ്ങി...

 

ഐ. സി. യു. വാതിലിന് മുന്നിലെ കസേരകളിലൊന്നിൽ തളർന്നിരിക്കുന്നു...

 

ശിവദ....
 

ആ നിമിഷം എനിക്കുണ്ടായ വികാരത്തെ എന്ത് പേരിട്ടു വിളിക്കണമെന്നറിയില്ല..

ഒറ്റ കുതിപ്പിൽ അവൾക്കരികിലേക്ക് പായുമ്പോൾ മനസ്സാകെ തണുപ്പ് പടർന്നിരുന്നു...
 

തൊട്ടടുത്തെത്തിയിട്ടും എന്തുക്കൊണ്ടോ അവളെ വിളിക്കുവാൻ എനിക്ക് കഴിഞ്ഞില്ല...
 

രക്തപങ്കിലമായ വസ്ത്രങ്ങളോടെ അഴുക്കും രക്തവും പറ്റി പിടിച്ച കെെ കൊണ്ടു തല താങ്ങി കുനിഞ്ഞിരിക്കുകയായിരുന്നു അവൾ..
 

നീളൻ മുടി ഉരുട്ടി കെട്ടി വെച്ചതിൽ എവിടെയോ കുറച്ചു വർണ്ണനൂലുകൾ കൂടി പെട്ടു പോയിരിക്കുന്നു...
 

ഇടയ്ക്കിടയ്ക്ക് കേൾക്കുന്ന ഏങ്ങലടികൾ ആ മെല്ലിച്ച ശരീരത്തെ വീണ്ടും തളർത്തുന്നതായി തോന്നിയതും അവൾക്ക് മുന്നിലേക്ക് മുട്ടു കുത്തിയിരുന്നു ഞാൻ...
 

പെട്ടെന്നുളള എന്റെ നീക്കത്തിൽ അവൾ ഞെട്ടിപിടഞ്ഞു പോയി...

സജല മിഴികൾ എന്നെ തിരിച്ചറിഞ്ഞതും ഒരു വിങ്ങലോടെ പറഞ്ഞു,
 

"മാനസിക വളർച്ച ഇല്ലാത്ത ഒരു കൊച്ചു കുട്ടിയെയാ അവർ....
 

എന്തോ ഞെരക്കം കേട്ടു ഓടി ഞാൻ ചെന്നപ്പോഴേക്കും പാതി മരിച്ചിരുന്നു അവൾ..
 

അപ്പോഴും കെെയ്യിൽ മുറുക്കെ പിടിച്ചിരുന്നു ഒരു പിടി മിഠായികൾ...!!

 

കടിച്ചു കീറി കളഞ്ഞല്ലോ ഒരു പാവം കുഞ്ഞിനെ അവർ....


 

ചോര പൊടിയാത്ത ഒരു ഇഞ്ചു സ്ഥലമില്ല അതിന്റെ ദേഹത്ത്...
 

വാരിയെടുക്കുമ്പോളും 'നോവുന്നു.. ' എന്നു പറയുകയായിരുന്നു അവൾ...
 

സഹിക്കാൻ പറ്റുന്നില്ല വിഘ്നേഷ്..
 

സഹിക്കാൻ പറ്റുന്നില്ല....!!! "

 

ഒരു പൊട്ടി കരച്ചിലോടെ ഇടയ്ക്കിടയ്ക്ക് മുറിഞ്ഞു പോയ വാക്കുകൾ അവൾ പറഞ്ഞവസാനിപ്പിക്കുമ്പോൾ ഞാനും കരഞ്ഞു പോയിരുന്നൂ...!!!!

 

ഒരു പെൺക്കുട്ടിയെ ഒറ്റയ്ക്ക് കിട്ടുമ്പോൾ ആക്രമിച്ചു കീഴ്പ്പെടുത്താൻ മാത്രം ലെെംഗീകദാരിദ്ര്യം അനുഭവിക്കുന്നവരാണല്ലോ ചുറ്റും എന്നത് ഈ ലോകത്തോട് തന്നെ വെറുപ്പ് തോന്നിപ്പിച്ചു...




 

        ❤❣❤❤❣❤❤❣❤❤❣❤❣❤


 

ശിവദയ്ക്ക് ഡ്രെെവിങ് അറിയില്ലായിരുന്നു...
 

ഞാൻ പോയതിന് ശേഷം തന്റെ സുരക്ഷയെ പ്രതി രാത്രിയിൽ കാറിനുളളിൽ കയറിയിരുന്നു അവൾ...

പുലർച്ചെ എപ്പോഴോ തന്റെ കാറിന്റെ മുന്നിലേക്ക് എന്തോ വന്ന് വീഴുന്ന ശബ്ദം കേട്ടാണ് അവൾ ഞെട്ടിയുണർന്നത്...
 

അവൾ ഡോർ തുറന്നു ഇറങ്ങുന്നുന്നതിന് മുൻപ് തന്നെ പത്രം ഇടാനും കട തുറക്കാനും പിന്നെ കടത്തിണ്ണകളിൽ അഭയം പ്രാപിച്ചവരുമായ ചിലർ ഓടി വരുകയും മെയിൻ റോഡിലേക്ക് കടക്കാൻ ശ്രമിക്കുന്ന ഏതോ ഒരു വാഹനത്തെ തടഞ്ഞു നിർത്താൻ ശ്രമിക്കുന്നതും കണ്ടു...
 

പരിഭ്രാന്തയായ അവൾ വേഗത്തിൽ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയതും മുന്നിൽ കണ്ട കാഴ്ച അവളെ തളർത്തി കളഞ്ഞു...

 

ചോര കൊണ്ട് വികൃതമാക്കപ്പെട്ട നിലയിൽ പൂർണ്ണ നഗ്നനയായ ഒരു പെൺക്കുട്ടി...!!!

 

ആ നിമിഷം അവൾ പ്രജ്ഞയറ്റ് നിലം പതിച്ചു...
 

ശിവദയുടെ വണ്ടിയിൽ തന്നെയാണ് ആ പെൺക്കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീടുളള പല കാര്യങ്ങളും അവൾക്ക് ഓർമ്മയില്ലായിരുന്നു...
 

അത്രത്തോളം ആ കാഴ്ച അവളെ തളർത്തിയിരുന്നു...
 

പോലീസുക്കാർക്ക് മുന്നിൽ മാറി മാറി ഇതാവർത്തിക്കുമ്പോൾ അവൾ കൂടുതൽ കൂടുതൽ തളരുന്നത് ഞാൻ വേദനയോടെ കണ്ടു...
 

ഇടയ്ക്ക് എപ്പോഴോ അവൾക്ക് സംരക്ഷണം നൽകിയ എന്നെയും അവർ സംശയിച്ചു...
 

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അവിടെ നിന്നിറങ്ങുമ്പോൾ സന്ധ്യ മയങ്ങിയിരുന്നു...
 

ശിവദയുടെ അനിയത്തി അറിയപ്പെടുന്ന ഒരു ഫെമിനിസ്റ്റ് ആയത് കൊണ്ടാവാം ചോദ്യം ചെയ്യൽ ഇത്രയെറെ നീണ്ടു പോയത്....

 

വരദയുടെ ചേച്ചിയാണ് ശിവദ എന്നത് എനിക്കും പുതിയോരു അറിവായിരുന്നു...
 

ആ അറിവ് വെച്ച് ശിവദയെ സുരക്ഷിതമായി വീട്ടിലെത്തിക്കാനായിരുന്നു ഞാൻ ആദ്യം ശ്രമിച്ചത്...

പക്ഷേ, വരദയുടെ എന്തോ ആവശ്യത്തിനായി അച്ഛനും അമ്മയും വിദേശത്താണ്... കോൺടാക്റ്റ് ചെയ്യാനുളള മറ്റു മാർഗ്ഗങ്ങളും തടസ്സപ്പെട്ടിരുന്നു....
 

അത്തരമൊരു സാഹചര്യത്തിൽ ശിവദയുടെ കാര്യത്തിൽ എന്തു തീരുമാനമെടുക്കണമെന്ന് എനിക്ക് വളരെയധികം ആലോചിക്കേണ്ടി വന്നു...

 

ഒന്നു സംസാരിക്കാൻ കൂടി കഴിയാത്തത്ര അവശനിലയിലായിരുന്നു അവൾ..
 

അവളുടെ രൂപം ആരെയും സങ്കടപ്പെടുത്തുമായിരുന്നു...
 

സിസ്റ്ററമ്മയുടെ അടുത്തേക്ക് അവളെ എത്തിക്കാമെന്ന് ആദ്യം കരുതിയെങ്കിലും അവിടെയുളള കൊച്ചു കുട്ടികളെ പോലും ശിവദയുടെ ഈ രൂപം വേദനിപ്പിക്കുമെന്ന് എനിക്ക് പിന്നീട് തോന്നി...
 

തന്റെ വീട്ടിലേക്ക് കൊണ്ട് പോകാമെന്നു വെച്ചാൽ ശിവദ എന്തു കരുതും...??
 

പോരാതെ മിന്നുവിന്റെയും മാളുവിന്റെയും മരണത്തിന് ശേഷം വീട്ടിലുളളവർക്കൊക്കെ പെൺക്കുട്ടികളെ തന്നെ ഭയമാണ്...!!!
 

എന്തു ചെയ്യണമെന്നറിയാതെ എന്റെ മനസ്സാകെ ഉഴറി...
 

മനുഷ്യൻ എത്ര നിസ്സാരനാണെന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങൾ..

എല്ലാവരെയും സഹായിക്കുന്ന, എന്തിനും ഏതിനും കൂട്ടുക്കാരുണ്ടെന്ന വിശ്വസിച്ചിരുന്ന തനിക്ക്  ഒരു പെൺക്കുട്ടിയെ സുരക്ഷിതമായി ഏൽപ്പിക്കാൻ തക്ക ബന്ധങ്ങൾ ഒന്നുമില്ലെന്ന് ഇപ്പോൾ തിരിച്ചറിവ് വന്നിരിക്കുന്നു...!!!

 

ഒരു നിമിഷം ശിവദയെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്ലെന്ന് ആഗ്രഹിച്ചു പോയെങ്കിലും വെല്ലുവിളി ഏറ്റെടുത്തെന്ന പോൽ അവളെയും കൊണ്ട് വീട് ലക്ഷ്യമാക്കി യാത്ര തുടങ്ങി...!!!




 

      ❤❣❤❤❣❤❤❣❤❤❣❤❤❣❤





 

പ്രതീക്ഷിച്ചതിന് വിപരീതമായി വീഴാൻ പോയ ശിവദയെ ആദ്യം താങ്ങി പിടിച്ചു അകത്തേക്ക് കൊണ്ട് പോയത് അച്ഛനായിരുന്നു...
 

രക്തവും അഴുക്കും പുരണ്ട് ക്ഷീണിതയായ അവളെ അമ്മയും മുത്തശ്ശിയും കൂടിയാണ് കുളിപ്പിച്ചത്..

ശേഷം അമ്മയുടെ ഒരു നെെറ്റി അവളെ ധരിപ്പിച്ചു... പൊതുവെ മെല്ലിച്ച അവളുടെ ശരീരത്തെ ആ വസ്ത്രം ഒന്നും കൂടി ക്ഷീണിതയായി എടുത്തു കാണിച്ചു....!!

 

ശേഷം അവൾക്ക് ആഹാരവും നൽകി, കൊച്ചു കുട്ടിയെ പോലെ അവളെ ഉറക്കി കിടത്തിയതിന് ശേഷം മാത്രമായിരുന്നു അമ്മ ഉഗ്രരൂപത്തിൽ എന്റെ നേരെ തിരിഞ്ഞത്...
 

അസമയത്ത് ഒരു പെൺക്കുട്ടിയെ വീട്ടിലേക്ക് കൊണ്ട് വന്നതിലുളള എല്ലാ ദേഷ്യവും അമ്മ പ്രകടിപ്പിച്ചെങ്കിലും കാര്യങ്ങളെല്ലാം പറഞ്ഞു കേട്ടപ്പോൾ അമ്മയും മുത്തശ്ശിയും കരഞ്ഞു പോയിരുന്നൂ....!!
 

എന്നിൽ നിന്നും നേരത്തെ തന്നെ എല്ലാ വിവരങ്ങളും അറിഞ്ഞ അച്ഛൻ മാത്രം ആശുപത്രിലായ പെൺക്കുട്ടിയെ പറ്റിയുളള വിവരങ്ങൾ നിർവികാരനായി കേട്ടു ഹാളിൽ ഇരിപ്പുറപ്പിച്ചിരുന്നു...!!

 

ആ നെഞ്ചും നീറുന്നുണ്ടാവാം, പ്രകടിപ്പിക്കാത്താകാം..
 

മിന്നുവും മാളും മരിച്ച അന്ന് അവരെ ഒരു നോക്ക് കാണാൻ പോലും കൂട്ടാക്കാത്ത അച്ഛന്റെ മുഖം പെട്ടെന്നു മനസ്സിലേക്ക് വന്നതും ഞാനും പതിയെ അച്ഛനിലേക്ക് ചാഞ്ഞു....
 

ഒരു കെെ കൊണ്ട് എന്റെ കെെയ്യിൽ മുറുകെ പിടിച്ച അച്ഛന്റെ നോട്ടം അപ്പോഴും ടിവിയിലെ ബ്രേക്കിംഗ് ന്യൂസിൽ തന്നെയായിരുന്നു...!!!


 

"മയക്കുമരുന്ന് നൽകി ബുദ്ധി വളർച്ചയില്ലാത്ത പെൺക്കുട്ടിയെ പീഡിപ്പിച്ചവരിൽ രണ്ട് പേർ അറസ്റ്റിൽ...
 

മുഖ്യ പ്രതിയും ഗുണ്ടാ നേതാവുമായ യുവാവിനെതിരെ  പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...!!! "

 


 

         ❤❣❤❤❣❤❤❣❤❤❣❤❤❣❤




 

അത്തരത്തിൽ ഒരു കാഴ്ച നേരിട്ട് കണ്ടതിലുളള ഭയം കൊണ്ടാകാം ആ രാത്രി മുഴുവൻ ശിവദയെ പനിച്ചു...
 

പനി കൊണ്ട് പിച്ചു പേയും പറയുന്ന ശിവദയ്ക്ക് കാവലായി ഒരു പോള കണ്ണടയ്ക്കാതെ അമ്മയും മുത്തശ്ശിയും അകത്ത് കാവലിരുന്നപ്പോൾ, അച്ഛനും ഉറങ്ങാതെ ഉമ്മറത്ത് ഉണ്ടായിരുന്നു...!!!

 

പിറ്റെന്ന് ഉച്ചയോടെ പനി വിട്ടു മാറി ശിവദ മുറി വിട്ടിറങ്ങി...
 

അച്ഛനോട് അല്പം ഭയത്തോടെ നിന്നെങ്കിലും അമ്മയും മുത്തശ്ശിയുമായി അവൾ വേഗം ഇണങ്ങി...
 

ഇതിനിടയിൽ അച്ഛൻ തന്നെ മുൻകെെ എടുത്തു ശിവദയുടെ മാതാപിതാക്കളെ വിവരം അറിയിച്ചു...
 

കോവിഡ് കാരണം നാട്ടിലേക്ക് വരാൻ കുറച്ചു പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, മാത്രമല്ല ശിവദയുടെ അച്ഛന്റെ ചികിത്സയുടെ ആവശ്യത്തിനായാണ് അവർ വിദേശത്തേക്ക് പോയത്...

ഈ കാര്യം ശിവദ അറിയരുത് എന്നവർ പ്രത്യേകം പറഞ്ഞു..

'ശിവദയ്ക്ക് ഇവിടെ ഒരു കുഴപ്പവും വരില്ല' എന്ന അച്ഛന്റെ ഉറപ്പിന്മേൽ അവർ സമാധാനിച്ചു...

ശിവദ ഇപ്പോൾ താമസിക്കുന്ന ഹോസ്റ്റലിലും വിവരം അറിയിക്കണമെന്ന് അച്ഛൻ പറയുന്നത് ഞാൻ ശ്രദ്ധിച്ചു...
 

ഒരു മകൾ ഇല്ലെങ്കിലും 'അച്ഛൻ' എത്ര ഉത്തരവാദിത്വത്തോടെയാണ് ശിവദയുടെ കാര്യങ്ങൾ തീർപ്പാക്കിയതെന്ന് ഞാൻ ഒരു കൗതുകത്തോടെ നോക്കി കണ്ടു...
 

ശിവദ മയക്കം വിട്ടുണർന്നതും വീട്ടുക്കാരെ വിളിക്കാൻ ഓർമപ്പെടുത്തിയപ്പോൾ ആ കരുതൽ എന്റെ ചുണ്ടുകളിൽ ഒരു ചിരി വിരിയിച്ചു...!!




 

       ❤❣❤❤❣❤❤❣❤❤❣❤❤❣❤



 

അമ്മയുടെ വലിയ നെെറ്റിയ്ക്ക് മുകളിൽ മുത്തശ്ശിയുടെ കരിമ്പടവും പുതച്ച് അവർക്കൊപ്പം അടുക്കളിയിലിരുന്നു തന്റെ കാര്യങ്ങളൊക്കെ ഒരു ചിരിയോടെ പങ്കു വെയ്ക്കുന്നവളെ കണ്ടപ്പോൾ ആദ്യം അദ്ഭൂതമാണ് തോന്നിയത്...

 

ഒരുപാട് പ്രശ്നങ്ങൾ അതിജീവിച്ചവളാണ് ശിവദയെന്ന് പെട്ടെന്ന് തന്നെ എനിക്ക് മനസ്സിലായി...
 

അമ്മയോടും മുത്തശ്ശിയോടും ചിരിയോടെയാണ് പറയുന്നതെങ്കിലും ആ ഉളള് നീറുകയാണെന്ന് എനിക്ക് തോന്നി...
 

അവളിൽ നിന്നും തന്നെ എല്ലാം അറിയണമെന്ന നിർബന്ധമുളളത് കൊണ്ട് കേട്ടതൊക്കെയും മനസ്സിലാവാഹിച്ച്, മഴ ഒന്നു തോർന്നപ്പോൾ പുറത്തേക്ക് ഇറങ്ങിയ അച്ഛനെ കാത്ത് ഞാൻ ഉമ്മറത്തെ അരമതിലിൽ ഇരുന്നു...
 

എത്ര നേരം അങ്ങനെ ഇരുന്നെന്ന് അറിയില്ല...

മുറ്റത്തെ മാവിനെ നനച്ചിറങ്ങുന്ന ചാറ്റൽ മഴയ്ക്കൊപ്പം ഇരുട്ടും പെയ്തിറങ്ങി...

കുളിരോടെ തുളച്ചു കയറുന്ന തണുപ്പിനെ അകറ്റാൻ ഒരു കട്ടൻ കിട്ടിയെങ്കിലെന്ന് കൊതിച്ചതും മുന്നിൽ രണ്ട് ഗ്ലാസ് ചായയുമായി അവൾ..

ശിവദ...
 

തൊട്ടു പിറകിലായി അമ്മയും മുത്തശ്ശിയും തലേന്ന് വറൂത്തെടുത്ത ചക്ക ചിപ്പ്സുമായി എത്തി...
 

അവർക്കൊപ്പം തുലാമാസത്തിന്റെ വിശേഷങ്ങൾ പങ്കു വെച്ചു, മഴ ആസ്വദിക്കുമ്പോഴായിരുന്നു ഇടിത്തീ പോലെ അവൾ ആ ചോദ്യം ചോദിച്ചത്...


 

"ആരാണ് മിന്നുവും മാളുവും...??

മുത്തശ്ശി ഇതിപ്പോൾ എത്രാമത്തെ തവണയാണെന്നോ ആ പേരുകളിൽ എന്നെ വിളിക്കുന്നത്..???

ആരാ അവർ...?? "

 

ചെറു പുഞ്ചിരിയോടെ നിഷ്കളങ്കമായി അവൾ അത് ചോദിക്കുമ്പോൾ ഞങ്ങളുടെ മുന്ന് പേരുടെയും ഹൃദയം വേദനിക്കുകയായിരുന്നു....!!!!



 

(തുടരും)