Aksharathalukal

നാം

            നാനാത്വത്തിൽ ഏകീകരിക്കപ്പെട്ട,
രാഷ്ട്രങ്ങൾക്കിടയിൽ തലയുയർത്തി തന്നെ നിൽക്കുന്ന ഒരു രാഷ്ട്രം ഇന്ന് എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ആചരിക്കുന്നു.
 
         പിറന്ന നാടിനു വേണ്ടി, പോറ്റിയ ദേശത്തിനു വേണ്ടി, തങ്ങളുടെ ജീവനും ജീവിതവും സമർപ്പിച്ച ലക്ഷോപലക്ഷം ധീരയോദ്ധാക്കളുടെ രക്തത്തിന്റെ ഗന്ധമുണ്ടിവിടെ.
  
       ഇന്ന് നാം സ്വാതന്ത്രരാണ്.
അത്‌ നേടാൻ സഹായിച്ച ആളുകളെ മറവിയിലേക്ക് വിട്ടുകൊടുക്കരുത്.
ഇന്ന് മാത്രം ഓർമ്മിക്കപ്പെടേണ്ടവർ അല്ല അവർ.നാം എവിടെയെല്ലാം നമ്മുടെ സ്വാതന്ത്ര്യം അനുഭവിക്കുന്നുവോ, അവിടെയെല്ലാം അവരെ സ്മരിക്കേണ്ടതായുണ്ട്.

       മുൻഗാമികളുടെ ആത്മസമർപ്പണത്തിന്റെ ഫലമാണ് ഈ അവകാശം.
ചരിത്രം രേഖപ്പെടുത്തിയതും രേഖപ്പെടുത്താതുമായ ആളുകൾ...

          കോവിഡ് പശ്ചാത്തലത്തിൽ ഇന്ന് ആഘോഷങ്ങൾ ഇല്ല,
ഇന്നും രാജ്യം കോവിഡ് എന്ന മഹാമാരിയെ നേരിടുന്നു, ആഘോഷങ്ങളില്ലാതെ പോരാടുന്നവർ ഇവിടെയുണ്ട്.
ഭരണാധികാരികൾ, ആരോഗ്യപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി നിരവധി ആളുകൾ. കർമ്മനിരതരായി സേവനം അനുഷ്ഠിക്കുന്ന നിരവധി ആളുകൾ.
വേണ്ട എന്ന് വച്ചു സ്വന്തം കാര്യം മാത്രം നോക്കിയാൽ മതിയായിരുന്നിട്ടും കർമോൽസുകാരായി പ്രവർത്തിക്കുന്ന ആളുകൾ...
രാജ്യത്തിന്റെ സുരക്ഷയ്ക്കായി നിലകൊള്ളുന്ന സൈന്യങ്ങൾ...
         ഒരു ദിനം മാത്രം സ്റ്റാറ്റസുകളിലോ, മറ്റും നിറഞ്ഞു നിൽക്കേണ്ടവരല്ല ഇവരൊന്നും.
രാജ്യത്തേക്കുറിച്ച് അഭിമാനം കൊള്ളുന്ന ഓരോ നിമിഷവും ഓർമ്മിക്കപ്പെടണം.
    
      അത് ലെറ്റിക്സിൽ വ്യക്തിഗത വിഭാഗത്തിൽ' ത്രോ 'യിൽ പൊന്ന് നേടി, നീരജ് ചോപ്ര രാജ്യത്തിന്റെ യശസ്സ് ഉയർത്തി.
അദ്ദേഹം മാത്രമല്ല ഒളിമ്പിക്സിൽ പങ്കെടുത്ത എല്ലാ ഇന്ത്യക്കാരും രാജ്യത്തിനു അഭിമാനമായ് നിലകൊള്ളുന്നു.ടോക്കിയോ നഗരത്തിലെ ഒളിമ്പിക്സ് വേദിയിൽ ദേശീയ ഗാനം ആലപിക്കപ്പെട്ടു, രാജ്യം നെറുകയിൽ എത്തിയ നിമിഷങ്ങൾ...
   
        വിജയം മാത്രം കാണുന്നതിനപ്പുറം അവരുടെ കഷ്ടപ്പാടുകളുടെ നേട്ടമായിരുന്നു അത്. പരാജയങ്ങളിൽ തളർന്നു വീഴാതെ, മുന്നോട്ടു കുതിച്ചതിനാലാണ് ഈ വിജയം അവർക്ക്സ്വന്തമായത്.വിജയിക്കളുടെയെല്ലാം പിന്നിൽ ഒരുപാട് കഥകൾ ഉണ്ടാകും, പരിഹാസത്തിന്റെയും അപമാനത്തിന്റെയും തോൽവിയുടെയും കഷ്ടപ്പാടുകളുടെയും കഥകൾ.

     സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്നേ ഉള്ള ഇന്ത്യൻ സിനിമകളുടെയെല്ലാം പ്രധാന പ്രമേയമായിരുന്നു അടിച്ചമർത്തൽ.
അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ വിപുലമായി തന്നെ അവതരിപ്പിച്ചിരുന്നു.
സത്യജിത് റായിയെപ്പോലുള്ള ആളുകളുടെ സിനിമകളിൽ അന്നത്തെ കാലത്തെ ജീവിതം ഒട്ടും ചോരാതെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
 
          പരിമിതികളിൽ നിന്നും ഉയർന്നു വന്നവരാണ് ഇവിടെ പലരും. ഇന്ത്യ വളരുന്നതെ ഉള്ളു. പക്ഷെ ആ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നത് ഇവിടുത്തെ ജനങ്ങൾ ആണെന്നിരിക്കെ അതിൽ നിന്നും ഉൾവലിയുന്ന പ്രവണത ഇന്ന് കാണുന്നുണ്ട്.
     
         പ്രതിജ്ഞകൾ നമ്മൾ തന്നെ മറന്നു പോകുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.
         "ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻമാരാണ്. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, സമ്പൂർണവും വൈവിദ്ധ്യപൂർണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു.ഞാൻ എന്റെ മാതാപിതാക്കളെയും, ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിയ്ക്കും, ഞാൻ എന്റെ രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കുകയും ചെയ്യും "
   
         സ്കൂളുകളിൽ അസംബ്ലിയ്ക്ക് മാത്രം ആർക്കോ വേണ്ടി ചൊല്ലേണ്ടതായിരുന്നില്ല ഇത്. അതിന്റെ അർത്ഥതലങ്ങൾ ഉൾക്കൊണ്ട്‌ കൊണ്ട് തന്നെ മനസ്സിൽ കൊണ്ട് ചൊല്ലേണ്ടതായിരുന്നു.
ഇന്ത്യയെ സ്വന്തം രാജ്യമായി തന്നെ കണക്കാക്കാൻ ആയിരുന്നു സ്കൂളുകളിൽ നമ്മൾ പഠിച്ചത്. എന്നാൽ കാലങ്ങൾക്കിപ്പുറം അവയെല്ലാം വെറും പ്രഹസനങ്ങൾ മാത്രമായ് മാറ്റപ്പെടുന്നു.

         "ഭാരതം എന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം "

    എന്ന് കവി സൂചിപ്പിച്ചു. സ്വയമേവ ഉള്ള ഒരു വിശകലനം ആവശ്യമല്ലേ, സ്വന്തമായി നാം കാണുന്നുണ്ടോ ഭാരതത്തെ?ഒരു ദിവസം സ്റ്റാറ്റസകളിലോ, സ്റ്റോറിയിലോ ഒതുങ്ങേണ്ടതാണോ നമ്മുടെ നാട്?

     "പെറ്റമ്മയും പിറന്ന നാടും സ്വർഗത്തെക്കാൾ  മഹത്തരം "എന്ന് സൂചിപ്പിക്കുമ്പോൾ പൗരന് നാടിനോടുള്ള വികാരം പ്രതിഫലിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ വ്യക്തിയുടെ ചിന്തയിലും പ്രവർത്തികളിലും നിറയേണ്ടിയിരുന്നവ, വാക്കുകളിലേക്ക് മാത്രമായ് ചുരുങ്ങുന്നു.

      കിഴക്കിന്റെ മൂല്യങ്ങളെ ചവിട്ടിമാറ്റി പടിഞ്ഞാറിന്റെ സംസ്‍കാരം കൈകൊള്ളുന്നവരോട്,
ദേശീയത എന്ത് എന്നറിഞ്ഞു വളർന്നുവരേണ്ടുന്ന ഒരു സമൂഹം നിങ്ങൾക്ക് താഴെ ഉണ്ട്. നാടിനോടും വീടിനോടും ഉള്ള കർത്തവ്യങ്ങൾ  അനുകരണങ്ങളായി മാറരുത്.
 
         ദേശീയോദ്ഗ്രഥനത്തെ കുറിച്ച് ഗോരമായ് വാചാലമാകുമ്പോഴും, ആലോചിക്കേണ്ട ഒന്നാണ് അതിന്റെ ഭാവങ്ങൾക്ക് എവിടെയെങ്കിലും കോട്ടം വന്നിട്ടുണ്ടോ എന്ന്.
  
        എവിടെയും വ്യത്യസ്തത പുലർത്തുന്നവരാണ് നാം. നാനാവിധ, ഭാഷ, വേഷ വൈവിദ്ധ്യങ്ങൾ ഉണ്ടെങ്കിലും ഒരു കുടക്കീഴിൽ അണിനിരണവർ. അവിടെ ചെറുതല്ലാത്ത മുറിവുകൾ വന്നിട്ടുണ്ടെങ്കിൽ അത്‌ മാറ്റിയെ തീരൂ.
   
    രാജ്യത്തെ അറിഞ്ഞുകൊണ്ട് വളരട്ടെ പുതിയ തലമുറ.
രാഷ്ട്രീയം ഉണ്ടോ എന്നതിന് ഇല്ല എന്ന് മറുപടിയാകും ഭൂരിപക്ഷം ആളുകളും പറയുന്നത്. രാഷ്ട്രത്തെക്കുറിച്ചുള്ള  അവബോധം തന്നെയാണ് രാഷ്ട്രീയം , അല്ലാതെ പാർട്ടികളുടെ നിലപാടുകൾ അല്ല.
പാർട്ടികളും രാഷ്ട്രീയവും രണ്ടാണ് എന്നെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ...
 
       അവകാശങ്ങൾ നേടിയെടുക്കാൻ പാടുപെടുന്ന നാം, അതോടൊപ്പമുള്ള കടമകൾ മനപ്പൂർവം വിസ്മരിക്കരുത്.
ഒരേ കുടുംബം ആണ് നാം.
മാറി ചിന്തിച്ചേ തീരൂ..
   
     അന്തരംഗത്തിൽ അഭിമാനം കൊള്ളണമെങ്കിൽ നമ്മൾ പരസ്പരം മനസ്സിലാക്കണം .

  എഴുപത്തിനാലു വർഷങ്ങൾ പിന്നിടുന്നു.
ഇത് രാജ്യത്തിന്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനമാണ്.
രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കാൻ ശ്രമിക്കാം...
മാറ്റങ്ങൾ സംഭവിക്കട്ടെ...

                                 ജയ്‌ഹിന്ദ്