Aksharathalukal

തിര Part 1

Part 1
 
തിര
 
🌊🌊🌊🌊🌊🌊🌊🌊
 
"കടൽ പറയുന്നത് എന്തെങ്കിലും അന്ന കൊച്ച് കേട്ടോ..?"
 
ഇല്ലെന്ന് ഞാൻ  പറഞ്ഞില്ലെങ്കിലും എന്റെ മുഖഭാവത്തിൽ നിന്നും ഇച്ചായൻ അത് വായിച്ചെടുത്തു.
 
 
"സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി കടൽ വിതുമ്പുന്നത് കാണുന്നില്ലേ..?
 
ഓരോരുത്തരും തനിച്ചിരുന്ന് കടലിനോട് പറയുന്ന സങ്കടങ്ങളെല്ലാം കേട്ട്  ആ സങ്കടങ്ങൾ ഓരോന്നും ഓരോ തിരയിലൂടെയും കടൽ വിളിച്ചോതുകയാണ്. അത് കൊണ്ടാണ് കടൽ വെള്ളത്തിന്‌ ഇത്രമാത്രം കണ്ണുനീരിന്റെ ഉപ്പുരസം."
 
കടൽ വെള്ളം കൈക്കുള്ളിൽ കോരിയെടുത്ത് അന്ന് ഇച്ചായൻ പറഞ്ഞ വാക്കുകൾ ഓരോന്നും ഞാൻ കടലിനെ നോക്കി ഓർത്തു കൊണ്ടിരുന്നു.
 
കടൽ ഇപ്പോഴും ആരുടെയൊക്കെയോ സങ്കടങ്ങൾ ഓർത്ത് വിതുമ്പുകയാണെന്ന് എനിക്ക് തോന്നി. ഇച്ചായൻ കൂടെയില്ലാത്തതിന്റെ സങ്കടം കൂടെ പറഞ്ഞു കടലിനെ വിഷമിപ്പിക്കേണ്ടന്നു കരുതി ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.
 
 
നാട്ടിലേക്ക് എത്താൻ ഇനിയും ഒരുപാട് ദിവസങ്ങളുണ്ട്. കടലിന്റെ നടുവിൽ ഒരു കപ്പലിൽ ഇരിക്കുമ്പോയും ഒരു വരി പോലും കടലിന് വേണ്ടി എഴുതാൻ എനിക്ക് കഴിഞ്ഞില്ല.
 
എന്റെ സ്ഥാനത്ത് ഒരു കവി ആയിരുന്നുവെങ്കിൽ വരുന്ന തലമുറയ്ക്ക് കടലിലേക്ക് നോക്കി മൂളാൻ രണ്ട് വരി കവിത ഇവിടെ നിന്ന് എഴുതാൻ തീർച്ചയായും അയാൾക്ക് കഴിയുമായിരുന്നു.
 
"എന്റെ കടലേ...
നിന്നോട് ഞാൻ ക്ഷമ ചോദിക്കുന്നു. നിനക്ക് വേണ്ടി എഴുതാൻ എന്റെ ഹൃദയത്തിൽ ഒരു വരി പോലും മുളയ്ക്കുന്നില്ല. ആരെങ്കിലും എഴുതി വച്ച രണ്ട് വരി മൂളാൻ എന്റെ ഓർമ്മകളിൽ നിന്ന് ഒരു വരി പോലും പൊടി തട്ടിയെടുക്കാനും എനിക്ക് കഴിയുന്നില്ല."
 
പറഞ്ഞു തീർന്നതും ഒരു ഇളം തെന്നൽ എന്നെയും കടന്നു പോയി, എന്നെ ചേർത്ത് നിർത്തി കവിളിൽ ഒരു മുത്തം തന്ന് ആശ്വസിപ്പിച്ചത് പോലെ...
 
ഒരു നിമിഷം ഞാൻ കണ്ണടച്ച് നിന്നു. മറ്റുള്ളവരുടെ സങ്കടങ്ങൾ തിരമാലകളാക്കി മാറ്റി വിതുമ്പാൻ മാത്രമല്ല, ഇളം തെന്നലായി വന്നു തഴുകി ആശ്വസിപ്പിക്കാനും കടലിന് കഴിയും.
 
"ഇതെന്നാ... അന്ന കൊച്ച്  കിനാവും കണ്ടേച്ച് ഇരിക്കാണോ..."
 
ശബ്ദം കേട്ട പാടെ ആളെ മനസ്സിലായെങ്കിലും ഒന്ന് തിരിഞ്ഞു അവന്റെ മുഖത്തേക്ക് നോക്കി ഞാൻ പുഞ്ചിരിച്ചു.
 
അപ്പോഴാണ് എന്റെ നോട്ടം ഒരു നിമിഷം ക്ലോക്കിലേക്ക് തിരിഞ്ഞത്. എന്റെ ഡ്യൂട്ടി സമയം കഴിഞ്ഞിരിക്കുന്നു. ഡ്യൂട്ടി എബിക്ക് കൈ മാറാൻ സമയമായി.
 
"എന്താ എബി.. എനിക്ക് സ്വപ്നം കാണാനും പാടില്ലായോ...
 
അതോ നീ മാത്രം കണ്ടാൽ മതിയോ..? "
 
അല്പം അർത്ഥം വച്ചു ഞാൻ ചോദിച്ചപ്പോൾ അവൻ ഒന്ന് ചിരിച്ചു തടി തപ്പാൻ ഒരു ശ്രമം നടത്തി.
 
"എന്താ മേരി കൊച്ച് സ്വപ്നത്തിൽ ഒന്നും വരാറില്ലേ എബി..."
 
ഞാൻ വിടാതെ വീണ്ടും ചോദിച്ചു.
 
"പുള്ളിക്കാരത്തിക്ക് സ്വപ്നത്തിൽ ഒന്നും വരാൻ സമയം കിട്ടാറില്ലന്നെ..."
 
"അതിനു നിനക്ക് സ്വപ്നം കാണാൻ ഒക്കെ സമയം കിട്ടാറുണ്ടോ..."
 
അത് കേട്ടപ്പോൾ അവനും ഒന്ന് ചിരിച്ചു.
 
"ഇതിപ്പോ അച്ചായൻ കൊണ്ട് വരുന്ന ഇരുപത്തി എട്ടാമത്തെ ആലോചനയാ...ഇതൊന്ന് നടന്നു കിട്ടാൻ വേണ്ടി അമ്മച്ചി നേർന്നതിന് കണക്കൊന്നും ഇല്ലാ..."
 
"ഇപ്പൊ പെങ്കൊച്ചുങ്ങക്കൊക്കെ നല്ല ഡിമാൻഡ് ആണ് മോനെ...
 
പോരാത്തതിന് നാട്ടിൽ ആർക്കും അറിയാൻ മേലാത്ത ഒരു പണിയും..."
 
"എന്നാലും ഇങ്ങനെയുണ്ടോ...?
 
ചെക്കൻ മെർച്ചന്റ് നേവിയിൽ ആണെന്ന് പറഞ്ഞാൽ തന്നെ അതെന്തോന്നാ എന്നാവും അടുത്ത ചോദ്യം. പിന്നെ ഒരു മണിക്കൂർ അച്ചായൻ എന്റെ ജോലിയെ പറ്റി ഒരു സെമിനാർ അങ്ങോട്ട് അവതരിപ്പിക്കും. ഒന്നും മനസ്സിലായില്ലേലും അവസാനം ശമ്പളത്തിന്റെ വലുപ്പം കാണുമ്പോ അടുത്ത ആഴ്ച പെണ്ണിനെ വന്നൊന്നു കാണാൻ പറയും.
 
അവിടെ പോയാൽ പെണ്ണിന്റെ വല്യപ്പച്ചിക്കും വല്യമ്മച്ചിക്കും വരെ ഇതുതന്നെ പറഞ്ഞു കൊടുക്കണം.
 
എന്നിട്ടോ പെണ്ണിനോട് സംസാരിക്കാൻ ഒരഞ്ചു മിനിറ്റ് കിട്ടിയാൽ അവളും ചോദിക്കും, ഇച്ചായനെന്നതാ പണി എന്ന്..."
 
"എന്നിട്ട് നീ എന്താ പറയാറ്...? "
 
"ഓരോരുത്തന്മാര് എണ്ണി കൊടുക്കുമ്പോൾ അടിച്ചു കേറ്റുന്ന എണ്ണ മുതൽ ചോറുണ്ടാക്കാനുള്ള അരി വരെ നമ്മളെ പോലെ ഉള്ളവർ ദിവസങ്ങളോളം കടലിൽ കഴിഞ്ഞു കൂടിയിട്ടും കൂടിയാ കിട്ടുന്നതെന്നങ് പറയും.
 
അല്ലാതെന്ത് ചെയ്യാനാ...
 
എന്നാലും കപ്പലിൽ ആണെന്ന് അറിയുമ്പോൾ പിന്നെയും സംശയങ്ങളാ...
 
ഇതൊക്കെ കൊണ്ടാ പെണ്ണും പെടക്കോഴിയൊന്നും വേണ്ടെന്ന് അമ്മച്ചിയോടു പറഞ്ഞത്."
 
 
പഠിച്ചു നല്ലൊരു ജോലി നേടിയിട്ടും അതിന്റെ വില ആരും മനസ്സിലാക്കാത്തതിന്റെ വിഷമം അവന്റെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു. കേട്ട് പരിചിതമായ അവന്റെ സങ്കടങ്ങളിൽ ഒന്ന് മാത്രം.
 
 
"പിന്നെന്തേയ്... മേരി കൊച്ചിന്റെ കാര്യം കേട്ടപ്പോ  തീരുമാനം മാറ്റിയെ..?"
 
 
"അതൊരു പാവം പിടിച്ച കൊച്ചാണെന്നാ അമ്മച്ചി പറഞ്ഞെ... അവർക്ക് ജോലിയൊന്നും പ്രശ്നല്ല.
അപ്പൊ ഞാനും കരുതി നാട്ടിൽ എത്തിയിട്ട് ഒന്ന് പോയി കാണാമെന്ന്."
 
"അതേതായാലും നന്നായി. ഇനിയിപ്പോ ജോലിയെ പറ്റി സെമിനാർ ഒന്നും അവതരിപ്പിക്കാൻ നിൽക്കേണ്ടല്ലോ..."
 
ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.
 
"ആർക്കറിയാം... അവിടെ എത്തിയിട്ട് പഴയ പല്ലവി ആവർത്തിക്കില്ലെന്ന്."
 
"എബിക്ക് വിധിച്ച പെണ്ണ് വരാൻ സമയം ആയിട്ടില്ലെന്ന് കരുതിയ മതിയെടോ..."
 
"ഹാ അങ്ങനെ ആശ്വസിക്കാം..."
 
"എന്നാ പിന്നെ ഞാൻ അങ്ങ് ചെല്ലട്ടെ... ഇപ്പൊ തന്നെ വൈകി."
 
എബിക്ക് വേണ്ട നിർദ്ദേശങ്ങൾ എല്ലാം കൊടുത്ത് ഞാൻ ഡ്യൂട്ടി അവന് കൈ മാറി.
 
മലയാളികൾ ആയി ഈ കപ്പലിൽ വർക്ക്‌ ചെയ്യുന്നത് ഞാനും എബിയും ഒരു ക്രൂ മെമ്പറും അടക്കം മൂന്ന് പേര് മാത്രമാണ്. എബി ആണെങ്കിൽ തനി അച്ചായനും ആണ്. അത്കൊണ്ട് തന്നെ എബിയുമായി സംസാരിക്കാൻ കിട്ടുന്ന സമയം നഷ്ടപ്പെടുത്താറില്ല. കേട്ട് പഴകിയ കാര്യങ്ങൾ ആണെങ്കിൽ പോലും സ്വന്തം നാടിന്റെ ഭാഷ കേൾക്കുമ്പോൾ ഒട്ടും മുഷിപ്പ് തോന്നാറില്ല.
 
അവിടുന്ന് നേരെ പോയത് മെസ്സ് റൂമിലേക്ക് ആയിരുന്നു. ഡ്യൂട്ടിക് കേറുന്നതിനു മുൻപ് വല്ലതും കഴിച്ചതാണ്. ഇപ്പൊ സമയം എട്ട് മണി കഴിഞ്ഞിരിക്കുന്നു.
 
 
എനിക്കുള്ള ഭക്ഷണം ടേബിളിൽ തന്നെ ഉണ്ടായിരുന്നു. ഏഴ് മുതൽ എട്ട് വരെയാണ് ഡിന്നർ ടൈം. ആ സമയത്ത് വരുന്ന ക്യാപ്റ്റനും ഓഫീസർസിനും സ്റ്റുവാർഡ് വിളമ്പി കൊടുക്കും. അത് കഴിഞ്ഞു വരുന്നവർ സ്വന്തമായി എടുത്ത് ചൂടാക്കി കഴിച്ച് പ്ലേറ്റ് കഴുകി വെക്കണം.
 
വീട്ടിൽ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിച്ചു ശീലിച്ച എനിക്ക് ഇതൊന്നും ഒരു ഭാരമായി തോന്നിയിട്ടില്ല. സ്വന്തമായി പാത്രം കഴുകുന്നതിലുള്ള മടി കാരണം കൃത്യ സമയത്ത് വരാൻ ദൃതി കൂട്ടാറുള്ളത് പുരുഷ മേധാവികളാണ്.
 
എനിക്ക് വേണ്ടി മാറ്റി വച്ച ഭക്ഷണം എടുത്ത് ഞാൻ ചൂടാക്കി കഴിച്ചു. പാത്രം കഴുകി വെക്കുമ്പോയാണ് നിഹാൽ കയറി വന്നത്.
 
"അന്ന കഴിച്ചു കഴിഞ്ഞോ..? "
 
"ആ കഴിഞ്ഞല്ലോ...
 
എന്താ ഇന്നും ഞാനെടുത്തു തരണോ...?"
 
അങ്ങനെ പറയാനും കാരണമുണ്ട്. ചീഫ് എഞ്ചിനീയർ ആണെങ്കിലും കൂട്ടത്തിൽ ഏറ്റവും മടി നിഹാലിനാണ്. എന്നാലും അവന്റെ തിരക്ക് കഴിഞ്ഞു വരുമ്പോയെക്കും സമയം കഴിഞ്ഞിരിക്കും. മൂന്ന് ദിവസമായി ഞാനാണ് അവന് ചൂടാക്കി കൊടുക്കുന്നത്. 
 
"ഒന്ന് ചൂടാക്കി താ ഡിയർ..."
 
ഈ കപ്പലിൽ വർക്ക്‌ ചെയ്യുന്ന ആകെയുള്ള പെൺകുട്ടി ഞാൻ മാത്രമായത് കൊണ്ടാവാം അവൻ എന്നോട് തന്നെ ആവശ്യപ്പെടുന്നത്.
 
അവനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് ബോധ്യമുള്ളത് കൊണ്ട് തന്നെ അവന്റെ ഭക്ഷണം എടുത്ത് ചൂടാക്കി കൊടുത്തിട്ട് ഞാൻ നേരെ എന്റെ ക്യാബിനിലേക്ക് നടന്നു.
 
ഡ്രസ്സ് പോലും മാറ്റാതെ ഞാൻ റിസീവർ എടുത്ത് വീട്ടിലേക്ക് വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
 
ഇത് പതിവില്ലാത്തതാണ്. കുളിച്ചു വന്നു ഒന്ന് കൂടെ വിളിക്കാമെന്ന് കരുതി ബാത്‌റൂമിലേക്ക് നടന്നു.
 
കുളിച്ചിറങ്ങി റിസീവർ എടുക്കാൻ തുനിഞ്ഞപ്പോഴാണ് എമർജൻസി അലാറം മുഴങ്ങിയത്.
 
എന്താണെന്ന് അറിയാൻ ഒരു നിമിഷം ചെവിയോർത്തു നിന്നപ്പോയാണ് അടുത്ത അനൗൺസ്‌മെന്റ് വരുന്നത്. 
 
കടൽകൊള്ളക്കാർ കപ്പൽ കീയടക്കാൻ എത്തിയിരിക്കുന്നു..!
 
ചിന്തിക്കാൻ ഒട്ടും സമയം കൊടുക്കാതെ ഞാൻ ബുള്ളറ്റ് പ്രൂഫും ധരിച്ചു മാസ്റ്റർ സ്റ്റേഷനിലേക്ക് നടന്നെങ്കിലും ബ്രിഡ്ജിലെ വിൻഡോ ഗ്ലാസ്‌ പൊട്ടിച്ചിതറിയ ശബ്ദം കേട്ടതും എന്റെ കാലുകൾ ആ ഭാഗത്തേക്ക് ചലിച്ചു.
 
വേഗത്തിൽ നടന്നു ബ്രിഡ്ജിൽ എത്തിയപ്പോൾ കണ്ട കാഴ്ച ആവിശ്വസിനീയമായിരുന്നു.
 
അല്പം മുൻപ് എന്നോട് സംസാരിച്ചിരുന്ന എബി താഴെ വീണു കിടക്കുന്നു. അവന് ചുറ്റും രക്തം തളം കെട്ടിക്കിടക്കുന്നുണ്ട്.
 
അടുത്ത ഭാഗത്തിനായി കാത്തിരിക്കുക
©
 
ഒത്തിരി സ്നേഹത്തോടെ
Muhsina ithus