Aksharathalukal

മരണഗന്ധം.....ഒന്ന്

 
മരണഗന്ധം...1
 
ക്രൈം ഫിക്ഷൻ നോവൽ
 
 
താലൂക്ക് ആശുപത്രി
അത്യാഹിതവിഭാഗം.
നെഴ്സിന്റെ മുറി.
 
 
മഴ കോരിച്ചൊരിയുന്ന ഒരു രാത്രിയായിരുന്നു അത്. ഭൂമിയും മനുഷ്യരും കുളിരുകോരി  വിറയ്ക്കുന്ന സമയം. രേവതി സിസ്റ്റർ മേശമേൽ തലചായ്ച്ച് ഒന്നു മയങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. കസേരയിലിരുന്നിരുന്ന അവരുടെ കണ്ണുകളിൽ ഉറക്കത്തിന്റെ നീരുറവ ഒഴുകാൻ തുടങ്ങിയിരുന്നു. അതങ്ങനെ കുറെ സമയത്തേയ്ക്ക് നീണ്ടുനിന്നപ്പോഴാണവർ മേശമേലേയ്ക്ക് തല ചായ്ക്കാൻ തീരുമാനിച്ചത്. വാർഡ് നിശബ്ദമാണ്. കറാ കറാ  കറങ്ങുന്ന ഫാനിന്റെ ശബ്ദത്തെ മഴ മുക്കി കളഞ്ഞിരിക്കുന്നു. പുറത്തൊരു ആംബുലൻസ് സൈറൺ മുഴക്കി വന്നു നിന്നതിന്റെ  ശബ്ദം മഴയുടെ ആരവത്തെ തോൽപ്പിച്ചവരുടെ കാതുകളിലെത്തി. കുറച്ചു കഴിഞ്ഞ്   സ്ട്രച്ചറിന്റെ വീലുകൾ കരഞ്ഞു. അവർ ചാടി എഴുന്നേറ്റ്  കസേരയെ പിൻകാലുകൾ കൊണ്ട് തള്ളിമാറ്റി പുറത്തേയ്ക്കിറങ്ങി. 
 
 
റൂം നമ്പർ 12
ഡോ. അലക്സ് തറമേൽ. 
 
 
ഡോക്ടർ മഴയുടെ കുളിര് അറിയുന്നുണ്ടായിരുന്നില്ല . അയാൾ തന്റെ മുറിയിൽ  നല്ല ഉറക്കത്തിലായിരുന്നു.  മൊബൈൽ ശബ്ദിച്ചു. ഞെട്ടിയുണർന്ന അയാൾ കിടന്നുകൊണ്ടു തന്നെ ഫോണെടുത്തു തോണ്ടി ചെവിയോട് ചേർത്തു. 
 
"ഡോക്ടർ ഒന്നു വരണം ഒരു അർജന്റ് കേസുണ്ട്"
 
രേവതിയുടെ പരിഭ്രാന്തമായ സ്വരം.
 
"എന്താ എന്തു പറ്റി"
 
"ഒരു പേഷ്യന്റിനെ കൊണ്ടു വന്നിട്ടുണ്ട്  ഡോക്ടർ വന്നേ കഴിയു"
 
"സജീവോ"?
 
"ഡോക്ടർ റൂമിലേയ്ക്ക് ഇപ്പോൾ പോയതേ ഉള്ളു"
 
അയാൾ ഉറക്കം മുറിഞ്ഞ ദേഷ്യത്തോടെ ഫോൺ ഓഫാക്കിയിട്ടെഴുന്നേറ്റു. 
 
താലൂക്ക് ആശുപത്രി
അത്യാഹിതവിഭാഗം.
 
അത്യാഹിതവിഭാഗത്തിന് പുറത്ത് എസ്.ഐ. രാജീവും രണ്ട് പോലീസുകാരും ഡോക്ടറുടെ വരവും കാത്ത് അക്ഷമരായി നില്പ്പുണ്ടായിരുന്നു. ഡോക്ടറെ കണ്ടപ്പോൾ രാജീവ് എന്തോ പറയാനായി മുന്നോട്ടാഞ്ഞെങ്കിലും അയാൾ എസ്.ഐ.യെ അവഗണിച്ചുകൊണ്ട് അകത്തേയ്ക്കുനീങ്ങി. രാജീവ് പിന്നാലേ പോകാൻ  തുടങ്ങിയെങ്കിലും അയാൾ വലതുകൈയുയർത്തി തടഞ്ഞു.
 
ഡോക്ടർ, നേഴ്സ് രേവതിയും രണ്ട് അറ്റൻഡർമാരും നിന്നിരുന്ന  ഒരു ബെഡ്ഡിനു  സമീപത്തേയ്ക്ക് ചെന്നു.  ആ ബെഡ്ഡിൽ ചുരിദാർധാരിയായ ഒരു യുവതി കിടപ്പുണ്ടായിരുന്നു. ഇരുപതിനകത്തേ പ്രായം വരു. സുന്ദരി. അവൾ പരിഭ്രാന്തയായി ചുറ്റും നോക്കുന്നു. എഴുന്നേൽക്കാൻ ശ്രമിക്കുന്നു. അറ്റൻഡർമാർ ബലമായി കൈകാലുകളിൽ പിടിച്ചിരിക്കുന്നതിനാൽ അവൾക്കതിനു കഴിയുന്നില്ല. അങ്ങനെ എഴുന്നേൽക്കാൻ കഴിയാത്തതുകൊണ്ടാവണം അവൾ അലറി വിളിക്കുന്നു. അവളുടെ ബോധമണ്ഡലത്തിൽ പുക പടലങ്ങൾ നിറഞ്ഞിരിക്കുന്നു എന്ന് ഡോക്ടർക്ക് മനസ്സിലായി. ഡോക്ടറെ കണ്ടതോടുകൂടി അവൾ ഭയന്ന് നിലവിളിച്ചു. ഡോക്ടർ  അവളുടെ കൈ ബലമായി കവർന്നെടുത്ത് നാഡിമിഡിപ്പ് പരിശോധിച്ചു പിന്നെ കൺപോളകളും  അതിനുശേഷം നേഴ്സ് നീട്ടിയ റൈറ്റിംഗ് പാഡിലെ പേപ്പറിൽ മരുന്ന് കുറിച്ചു കൊടുത്തു. 
 
നേഴ്സ് വളരെ പെട്ടെന്നു തന്നെ സിറിഞ്ചിൽ മരുന്ന് നിറച്ചു കൊണ്ട് വന്നു. അവളുടെ എതിർപ്പ്  മറികടന്നവരത് അവളുടെ കൈതണ്ടയിലേയ്ക്ക് അമർത്തി കുത്തി.
 
അവളൊന്ന് ഞരങ്ങി പിന്നെ വളരെ പെട്ടെന്ന് തന്നെ  മയക്കത്തിലേയ്ക്ക് ആഴ്ന്നിറങ്ങി.
 
ഡോക്ടർ പുറത്തേയ്ക്കിറങ്ങി. എസ്.ഐ.രാജീവിന്റെ അടുത്തെത്തി. 
 
"വളരെ വീക്കാണല്ലോ ആ കുട്ടി നോർമ്മലുമല്ല വാട്ട് ഹാപ്പൻഡ്"
 
ഡോക്ടർ ആകാംഷയോടെ തിരക്കി.
 
"ഇന്നൊരു  കൂട്ട ആത്മഹത്യ നടന്നു , ആ  വീട്ടിലേതാണീ കുട്ടി"
 
ഡോക്ടർക്കൊപ്പം നടന്നു കൊണ്ട് എസ്.ഐ.പറഞ്ഞു.
 
"തഹസിൽദാർ ശക്തിധരൻ സാറും കുടുംബവുമാണ് ആത്മഹത്യ ചെയ്തത് അവിടെ അവശേഷിച്ചത് ഈ കുട്ടിമാത്രമാണ്"
 
"ഇവിടെ അടുത്താണോ സംഭവം നടന്നിരിക്കുന്നത്"?
 
"ചെമ്പകപാറലെയിനിൽ "
 
"അത് വളരെ ദൂരെയല്ലല്ലോ. എപ്പോഴാണീ സംഭവം"
 
"ഉച്ചയ്ക്കാണ് സംഭവം. തഹസിൽദാരും ഭാര്യയും രണ്ട് കുട്ടികളുമാണ് സൂയിസൈഡ് ചെയ്തിരിക്കുന്നത്. ഒൻപതു മണി കഴിഞ്ഞിട്ടാണ്  ഞങ്ങൾക്ക് അറിയിപ്പ് കിട്ടുന്നത്. ഞങ്ങളെത്താൻ ഇത്തിരി വൈകി.  പേടിച്ചരണ്ട് ഒരു അലമാരയ്ക്ക് പിറകിൽ മറഞ്ഞിരിക്കുയായിരുന്ന ഈ കുട്ടിയെ കണ്ടെത്തിയത് ഒരു മണിക്കൂർ മുമ്പാണ്. ഈ കുട്ടിയെ തഹസിൽദാർ അഡോപ്റ്റ് ചെയ്തതാണ്"
 
"ആത്മഹത്യയാണോ "?
 
ഡോക്ടർ തന്റെ പരിശോധനമുറിയിലേയ്ക്ക് കയറുന്നതിനിടയിൽ ചോദിച്ചു. 
 
"അതെന്താ ഡോക്ടർ അങ്ങനെ ചോദിച്ചത്"
 
ഡോക്ടർ ചൂണ്ടികാട്ടിയ കസേരയിലേയ്ക്ക് ഇരുന്നു കൊണ്ട് എസ്.ഐ.രാജീവ് ചോദിച്ചു. 
 
"മരണം കണ്ട് പേടിച്ചതുപോലെയുള്ള ബിഹേവിയറല്ലല്ലോ ആ കുട്ടിയിൽ നിന്നുണ്ടായത്. ആരോ ആക്രമിക്കാൻ വരുമ്പോൾ പേടിച്ച് നിലവിളിക്കുന്നതുപോലെയുള്ള പെരുമാറ്റമാണല്ലോ"
 
"നോ ഡോക്ടർ ആത്മഹത്യകൾ തന്നെ.  ചോറിൽ വിഷം ചേർത്ത് കഴിയ്ക്കുകയായിരുന്നു. സൂയിസൈഡ് നോട്ടും കിട്ടിയിട്ടുണ്ട്. എങ്ങനെയുണ്ട് ഡോക്ടർ ആ കുട്ടിയുടെ കണ്ടീഷൻ"
 
ഡോക്ടർ പറഞ്ഞത് പാടേ തള്ളികൊണ്ട് രാജീവ് പറഞ്ഞു. 
 
"ഞാൻ പറഞ്ഞില്ലേ ആ കുട്ടി വളരെ വീക്കാണ് പോരെങ്കിൽ മാനസ്സികനിലയും അത്ര തൃപ്തികരമല്ല. ഇപ്പോ സെഡേഷൻ കൊടുത്തിട്ടുണ്ട്. രാവിലെയാകട്ടെ നോക്കാം"
 
"ഏക ദൃക്സാക്ഷിയാ മറ്റൊന്നും പേടിക്കാനില്ലല്ലോ അല്ലേ ഡോക്ടർ "
 
"ഏയ് നത്തിംഗ് റ്റു വറി.തഹസിൽദാർക്ക് ബന്ധുക്കളാരുമില്ലേ"?
 
"തഹസിൽദാരുടെ ചേട്ടനൊരാളുണ്ട് പുള്ളി ഓൺ ദ വേയിലാണ് "
 
"ഓക്കെ"
 
ഡോക്ടർ പറഞ്ഞെഴുന്നേറ്റു. 
 
ശക്തിധരൻ
പഞ്ചമി, എ4
ചെമ്പകപാറ ലെയിൻ.
 
ചെമ്പകപാറയിലെ അധികം ജനവാസമില്ലാത്ത സ്ഥലത്താണാ ഇരുനിലവീട്. ആ വീടിന് തൊട്ടടുത്തായി വീടുകളൊന്നുമില്ല.  
ആ വീട് സ്ഥിതിചെയ്യുന്ന ചെമ്പകപാറലെയിനിൽ  ആകെ അഞ്ചുവീടുകളേയുള്ളു. ആ ലെയിൻ  തുടങ്ങുന്നിടത്തൊരു വീട്. അതിനു പത്ത് മീറ്റർ അകലെ അതെ വശത്തു തന്നെ മറ്റൊന്ന്. അതിനും പതിനെട്ടുമീറ്റർ കഴിഞ്ഞ് മൂന്നാമത്തേത്. നാലാമത്തെ തഹസിൽദാരുടെ വീടാകട്ടെ മൂന്നാമത്തെ വീട് കഴിഞ്ഞ് മുപ്പതുമീറ്റർ അകലെയാണ്. ഏറ്റവും അവസാനത്തെ വീട്  ഒരുവളവിൽ അതുപോലെ മുപ്പതുമീറ്റർ കഴിഞ്ഞും.  അതുകൊണ്ടുതന്നെ ഉച്ചയ്ക്ക് നടന്ന ആത്മഹത്യകൾ പുറത്തറിഞ്ഞത്  നേരം വൈകിയിട്ടും. 
 
ആറു മണി കഴിഞ്ഞ നേരം  തഹസിൽദാരുടെ ഒരു സുഹൃത്ത് സുരേന്ദ്രൻ , അയാളുടെ മകളുടെ കല്യാണം വിളിയ്ക്കാൻ ആ വീട്ടിലെത്തി.  തഹസിൽദാരുടെ പ്രിയപ്പെട്ട  എം 80 മാരുതികാർ ഷെഡ്ഡിൽ പുറത്തേയ്ക്ക് പോകാനെന്നവണ്ണം തിരിച്ചിട്ടിരിക്കുകയായിരുന്നു കൂടാതെ ഗേറ്റ് തുറന്നും കിടന്നിരുന്നു.   അതെല്ലാം കണ്ടപ്പോൾ   സുരേന്ദ്രൻ  കരുതിയത് തഹസിൽദാർ കുടുംബസമേതം പുറത്തുപോകാൻ ഒരുങ്ങുകയാവും എന്നാണ് കാരണം അന്ന് ഞായാറാഴ്ചയായിരുന്നു. അതിനാലയാൾ ആ സമയം വീട്ടിലേയ്ക്ക് കയറിയില്ല തഹസിൽദാർ എവിടെയെങ്കിലും പോകാൻ ഒരുങ്ങുകയാണെങ്കിൽ പോയിട്ടു വരട്ടെ പിന്നൊരു ദിവസമോ അല്ലെങ്കിൽ അയാൾക്ക് മറ്റ് ചില വീടുകളിൽ കൂടി കല്യാണം വിളിക്കാനുണ്ട് അതുകഴിഞ്ഞ് തിരിച്ചുവരുമ്പോൾ ആ വീട്ടിൽ കയറാം എന്ന് കരുതി തിരിച്ചുപോയി. 
 
പിന്നെ ഒൻപതു മണിയോടെ അയാൾ തിരിച്ചെത്തിയപ്പോഴും. പഴയ അവസ്ഥ തന്നെയായിരുന്നു. ഗേറ്റ് തുറന്നു കിടക്കുന്നു. കാർ അതേ പൊസിഷനിൽ കിടക്കുന്നു. മാത്രവുമല്ല ലൈറ്റൊന്നും തെളിച്ചിട്ടില്ല. സംശയം തോന്നി അയാൾ  കോളിംഗ്ബെൽ   ഒന്നടിച്ചു.  അകത്ത് ശബ്ദം  മുഴങ്ങി. കാത്തു നിന്നു. ഒരു പ്രതികരണവുമില്ല. രണ്ടാമതടിച്ചു. ഇല്ല പ്രതികരണമില്ല. മൂന്നാമതും നോക്കി. മാറ്റമുണ്ടായില്ല. സുരേന്ദ്രൻ  സംശയത്തോടെ തഹസിൽദാരുടെ മൊബൈലിലേയ്ക്കു വിളിച്ചു. അതിന്റെ റിംഗ് ടോൺ അയാൾക്ക് പുറത്തുകേൾക്കാമായിരുന്നു. അത് ശബ്ദിച്ചു തീരുന്നതുവരെ അയാൾ കോൾ കട്ടാക്കിയില്ല. പിന്നെയും കുറെ സമയം കൂടി അവിടെ കാത്തു  നിന്നതിനുശേഷം അയാളാ വീടിന്റെ സിറ്റൗട്ടിലേയ്ക്ക് കയറി വാതിൽ പിടി ഒന്നു തിരിച്ചു നോക്കി. അത് തുറക്കുന്നില്ല. അയാളാ  വീടിനു ചുറ്റും നടന്നു നോക്കി. ജനാലയിലെല്ലാം കർട്ടനുള്ളതിനാൽ അകത്തെ കാഴ്ചകളൊന്നും കാണാൻ കഴിഞ്ഞിരുന്നില്ല.എന്നാൽ പിന്നിലെ വാതിൽപിടി തുറന്നു നോക്കാൻ അയാളെന്തുകൊണ്ടോ ശ്രമിച്ചില്ല. അത് പൂട്ടിയിട്ടില്ലായിരുന്നു , കുറ്റിയിട്ടിട്ടുമില്ലായിരുന്നു. സുരേന്ദ്രൻ ഫോൺ ചെയ്തതനുസരിച്ച് സ്ഥലത്തെത്തിയ പോലീസാണതു കണ്ടുപിടിച്ചതും അതുവഴി അകത്തേയ്ക്ക് കയറിയതും. അപ്പോഴാണ് മഴ തുടങ്ങിയത്. നാലു മൃതദേഹങ്ങളും ഡൈനിംഗ് റൂമിൽ തന്നെയാണ് കിടന്നിരുന്നത്. പതിനഞ്ചു വയസ്സുള്ള ജാനകിയുടെയും  പതിനേഴു വയസ്സുള്ള ദേവകിയുടെയും മൃതദേഹങ്ങൾ തറയിൽ മലർന്ന് കണ്ണുകൾ തുറിച്ചു കിടക്കുന്ന നിലയിലും ശക്തിധരൻ തഹസിൽദാരുടേയും  ഭാര്യ സീമയുടെയും മൃതദേഹങ്ങൾ കുറച്ചപ്പുറം മാറി കമിഴ്ന്നു കിടക്കുന്ന നിലയിലുമായിരുന്നു. ഡൈനിംഗ് ടേബിളിൽ നാലുപാത്രങ്ങളിൽ ആഹാരം കഴിച്ചതിന്റെ അവശിഷ്ടങ്ങൾ മേശ നിറയെ അവിടവിടെ കിടപ്പുണ്ടായിരുന്നു. കൂടാതെ അഞ്ചുഗ്ലാസ്സുകളിൽ  കുടിക്കാനായി വെള്ളം നിറച്ചുവച്ചിരുന്നെങ്കിലും ഒരു ഗ്ലാസ്സിലെ വെള്ളം പകുതി കുടിച്ച നിലയിലായിരുന്നു. 
 
ആഹാരവശിഷ്ടങ്ങൾ ഉണങ്ങി പിടിച്ചിരുപ്പുണ്ടായിരുന്നു അവരുടെയെല്ലാം കൈകളിൽ. തഹസിൽദാർ മുണ്ടും ജൂബായുമാണ് ധരിച്ചിരുന്നത്. അത് നന്നായി അലക്കി തേച്ചിട്ടിരുന്നതാണ്. ഭാര്യയുടേത് സാരിയും ബ്ലൗസുമായിരുന്നു അതിൽ പുതുമയുടെ മണമുണ്ടായിരുന്നു. കുട്ടികൾ രണ്ടുപേരും ലാച്ചായാണ് ധരിച്ചിരുന്നത്. ഒറ്റനോട്ടത്തിൽ ആഹാരം കഴിഞ്ഞ് പുറത്തേയ്ക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു അവരെന്നു തോന്നിപ്പിക്കുന്ന അന്തരീക്ഷം. എന്നാൽ തഹസിൽദാരുടെ  ശവശരീരം   കിടന്നിരുന്നതിന്റെ തൊട്ടടുത്തായി ഒരു വെള്ളപേപ്പർ നാലായി മടക്കിയ നിലയിൽ കാണപ്പെട്ടു. അതായിരുന്നു ആത്മഹത്യകുറിപ്പ്. 
 
"ഞങ്ങൾ പോകുന്നു"
 
അത്രയേ അതിലെഴുതിയിരുന്നുള്ളു. 
 
അതിനടുത്തായി രണ്ട് മൊബൈൽ ഫോണുകളുമുണ്ടായിരുന്നു.
 
 
താലൂക്ക് ആശുപത്രി. 
റൂം നമ്പർ 12
ഡോ.അലക്സ് തറമേൽ. 
 
ഡോക്ടറുടെ മുന്നിൽ ഒരു മദ്ധ്യവയസ്ക്കനിരുപ്പുണ്ട്. ദാസപ്പൻ കോൺട്രാക്ടറാണത്. തഹസിൽദാരുടെ ഒരേയൊരു കൂടപിറപ്പാണയാൾ. 
 
ആശുപത്രിയിൽ അഡ്മിറ്റുചെയ്യപ്പെട്ട അവളുടെ , രേണുകയുടെ വിവരം തിരക്കി വന്നതാണയാൾ.
 
"പേടിക്കാനൊന്നുമില്ല രേണുകയ്ക്ക്  ചെറിയൊരു മെന്റൽ ഡിപ്രഷൻ. ചികിത്സിച്ചു പരിപൂർണ്ണമായും ഭേദമാക്കാവുന്നതേയുള്ളു പക്ഷേ ഇവിടെ അതിനുള്ള സൗകര്യമില്ല മെന്റൽ ഹോസ്പിറ്റലിലേയ്ക്കു മാറ്റണം"
 
"മെന്റൽ ഹോസ്പിറ്റലെന്നു പറയുമ്പോ"?
 
"ചികിത്സ മനസ്സിനല്ലേ അതിനവിടെ പോയാലല്ലേ പറ്റു. പിന്നെ നിങ്ങൾക്ക് അനുജന്റെയും കുടുംബത്തിന്റെയും സൂയിസൈഡിൽ സംശയമുണ്ടെന്ന് പറഞ്ഞ സ്ഥിതിയ്ക്ക് രേണുക അസുഖത്തിൽ നിന്ന് മോചിതയാകേണ്ടത് അത്യാവശ്യമല്ലേ എന്താണവിടെ സംഭവിച്ചതെന്ന് അറിയാവുന്നത് ആ കുട്ടിയ്ക്ക് മാത്രമല്ലേ"
 
"അതുശരിയാണ് പക്ഷെ സർക്കാർ ആശുപത്രിയിൽ...."?
 
"വേണമെന്നില്ല ഇവിടെ അടുത്തുള്ള സിറ്റി 
 ഹോസ്പിറ്റലിൽ  അതിനുള്ള സൗകര്യമുണ്ട് അവിടേയ്ക്ക് കൊണ്ടുപോകാം"
 
"അതുമതി ഡോക്ടർ "
 
"പോലീസിനെയും ആ വിവരം അറിയിക്കണം അവരല്ലേ ഇവിടെ കൊണ്ടുവന്നത്"
 
ദാസപ്പൻ കോൺട്രാക്ടർ അതുശരിയാണെന്ന മട്ടിൽ തലകുലുക്കി. 
 
 
നഗരം
പോലീസ് സൂപ്രണ്ടിന്റെ ആഫീസ് 
 
ഡി.വൈ.എസ്.പി.ശ്യാംഅജിത്ത്, ഇൻസ്പെക്ടർ സുബൈർ തോട്ടത്തിൽ, സബ്ബ് ഇൻസ്പെക്ടർ രാജീവ് എന്നിവരായിരുന്നു പോലീസ് സൂപ്രണ്ട് നിയാസ്തൈകൂട്ടത്തിന്റെ മുന്നിൽ ഇരുന്നിരുന്നത്. 
 
"ആ മൊബൈൽ ഫോണുകൾ "?
 
എസ്.പി.ചോദ്യഭാവത്തിൽ ഡി.വൈ.എസ്.പി.യുടെ മുഖത്തേയ്ക്കു നോക്കി.
 
"അങ്ങനെ യൂസ്ഫുള്ളായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അയാളുടെയും ബന്ധുക്കളുടെയും കുറച്ച് സുഹൃത്തുക്കളുടെയും ഇൻകമിംഗും ഔട്ട്ഗോയിംഗും കോളുകൾ"
 
"വാട്ടസ്പ്പ് ഫേസ്ബുക്ക് അക്കൗണ്ടുകൾ"
 
"ഫേസ്ബുക്കില്ലായിരുന്നു വാട്ടസ്പ്പിലുണ്ട് സജീവമല്ലായിരുന്നു"
 
"മറ്റേ ഫോൺ കിട്ടിയത് അയാളുടെ വൈഫിന്റേതല്ലായിരുന്നോ"
 
"അതെ സാർ അതിലെ ഡീറ്റയിൽസും ഏറെകുറെ ഇതു തന്നെ"
 
"അവർക്ക് വാട്ട്സ്പ്പും ഫേസ്ബുക്കുമൊന്നുമില്ലായിരുന്നു"
 
സുബൈർ തോട്ടത്തിൽ ഇടയ്ക്കുകയറി പറഞ്ഞു.
 
"ആ കുട്ടി...രേണുക"?
 
"സിറ്റി ഹോസ്പിറ്റലിൽ  സൈക്കാട്രിക്കിന് ചികിത്സയിലാണ്. അവളിപ്പോഴും അഡ്മിറ്റു ചെയ്യപ്പെട്ട അതേ അവസ്ഥയിൽ തന്നെയാണ്"
 
എസ്.ഐ.രാജീവ് പറഞ്ഞു. 
 
"ഒരു മാറ്റവുമില്ല"? ഡോക്ടർ എന്തു പറയുന്നു"?
 
എസ്.പി.തിരക്കി.
 
"റിക്കവർ ചെയ്യും എന്ന് എപ്പോൾ അത് പറയാൻ കഴിയില്ലെന്നാണ്. രേണുകയുടെ  മനസ്സിന് വലിയൊരാഘാതം  സംഭവിച്ചിട്ടുണ്ടെന്നാണ് സിറ്റി
 ഹോസ്പിറ്റലിലെ ഡോക്ടർ. ജോൺചക്കപറമ്പിൽ പറയുന്നത്.
 ഞാൻ കരുതുന്നതവരുടെ കൂട്ട മരണം കണ്ടിട്ടാവാം അതെന്നാണ് അങ്ങനെയും സംഭവിക്കാമല്ലോ , പക്ഷേ  ഡോക്ടർ അത് സമ്മതിക്കുന്നില്ല"
 
ഇൻസ്പെക്ടർ സുബൈർ തോട്ടത്തിൽ തന്റെ സീറ്റിൽ മുന്നോട്ടാഞ്ഞിരുന്ന് പറഞ്ഞു. 
 
"ഡോക്ടർ പറയുന്നത് ശരിയാണോ എന്നറിയാൻ തല്ക്കാലം രേണുക റിക്കേവേഡാവുന്നതുവരെ കാത്തിരിക്കുകയേ നിർവ്വാഹമുള്ളു"
 
രാജീവ് പറഞ്ഞു.
 
എസ്.പി.അവർ പറഞ്ഞത് മൂളികേട്ടിട്ട് തന്റെ മനസ്സ് തുറന്നു. 
 
"മരണകാരണം സയനൈഡാണെന്ന് തെളിഞ്ഞു കഴിഞ്ഞു അത് ബലപ്രയോഗം നടത്തിയല്ല ആരും കഴിച്ചിരിക്കുന്നത്. സൂയി സൈഡ് നോട്ട് കിട്ടി അത് തഹസിൽദാരുടെ കൈപ്പടയിലുള്ളതാണെന്ന് എക്സ്പേർട്ട്സ് വിലയിരുത്തി കഴിഞ്ഞു. പിന്നെ കോൺട്രഡിക്ഷനുള്ളത്
 
 
1. മരണ സമയത്ത് അവർ നാലുപേരും ധരിച്ചിരുന്ന വസ്ത്രങ്ങൾ. വസ്ത്രങ്ങൾ ആ സ്ത്രീയുടേത് പുതിയതായിരുന്നെങ്കിൽ ബാക്കിയുള്ളവരുടേത് നന്നായി അയണിട്ട് ഏതോ ഒരു സ്ഥലത്തേയ്ക്ക് പോകാൻ തയ്യാറെടുത്തതുപോലെ അതിനെ സപ്പോർട്ട് ചെയ്യുന്നതാണ് തുറന്നു കിടന്നിരുന്ന ഗേറ്റും. പുറത്തേയ്ക്ക് തിരിച്ചിട്ടിരുന്ന കാറും. 
 
 
2.തഹസീൽദാർ അഡോപ്റ്റ് ചെയ്തതാണ് രേണുകയെ മകളെ പോലെ കരുതിയാണ് വളർത്തിവന്നതും പക്ഷേ ഡൈനിംഗ് ടേബിളിൽ നാലു പ്ലേറ്റുകളിലെ ആഹാരമുണ്ടായിരുന്നുള്ളു അത് കഴിച്ച നാലുപേരും മരിച്ചിരിക്കുന്നു. രേണുകയെ എന്തുകൊണ്ട് ഒഴിവാക്കി?
 
 
3.ഡൈനിംഗ് ടേബിളിൽ അഞ്ചു ഗ്ലാസ്സുണ്ടായിരുന്നു. അതിൽ നാലു ഗ്ലാസ്സിലും വെള്ളം നിറച്ചുവച്ചിരുന്നെങ്കിൽ ഒരു ഗ്ലാസ്സ് പകുതി കുടിച്ച നിലയിലായിരുന്നു. അതാരാണ് കുടിച്ചത് ? ആ ഗ്ലാസ്സിൽ  നിന്ന് ഫിംഗർപ്രിന്റസൊന്നും കിട്ടിയിട്ടുമില്ല.
 
 
4. രേണുകയെ ചികിത്സിക്കുന്ന ഡോക്ടറുടെ ഒപ്പിനിയൻ മനസ്സിനേറ്റ വലിയൊരാഘാതമാണ് അവളുടെ മാനസ്സികനില തെറ്റാൻ കാരണമെന്ന്. അവളുടെ അസുഖവും ഈ മരണങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ"?
 
5.തഹസിൽദാർക്ക് സയനൈഡ് എങ്ങനെ , എവിടെനിന്ന്  കിട്ടി? 
 
"ഇവയൊക്കെയാണ് നമ്മുടെ മുന്നിലുയരുന്ന പ്രധാന  ചോദ്യങ്ങൾ.  ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാവാതെ  നമുക്കീ കേസ് ക്ലോസ്സ് ചെയ്യാനും കഴിയില്ല പ്രത്യേകിച്ച് തഹസീൽദാരുടെ ചേട്ടൻ കൂട്ട ആത്മഹത്യയിൽ സംശയം പ്രകടിപ്പിച്ചിച്ച് പരാതി തന്നിരിക്കുന്ന സാഹചര്യത്തിൽ.  അല്ലെങ്കിൽ  എന്താണ് സംഭവിച്ചതെന്നറിയാൻ ആ കുട്ടി റിക്കവേഡാവണം. സോ വീ പ്രൊസീഡ്...ശ്യാമിന് ഇപ്പോൾ തന്നെ മൂന്ന് കേസുകളുണ്ടെന്നെനിക്കറിയാം അതുകൊണ്ട്  സുബൈർ അന്വേഷിക്കു രാജീവ് കൂടെയുണ്ടല്ലോ. ക്രമം തെറ്റിക്കണ്ട  റിപ്പോർട്ട്  ശ്യാമിന് കൊടുത്താൽ മതി. ഓക്കെ ദെൻ"
 
"സർ"
 
എസ്.പി.യെ സല്യൂട്ട് ചെയ്തവർ പുറത്തേയ്ക്കിറങ്ങി.
 
(തുടരും)