ആദ്യമായെന്നപോൽ 🥀
ചെറുകഥ
ഫുൾ പാർട്ട്
അമ്മാവാ ഈ തവണത്തെ പി. എസ്.ഈ ലിസ്റ്റിൽ എന്റെ പേരും വന്നിട്ടുണ്ട്. കൂടി പോയാൽ ഒരു വർഷം അതിനുള്ളിൽ എനിക്ക് ജോലി കിട്ടും.
അത് വരെ കാത്തിരിക്കാനുള്ള മനസെങ്കിലും അമ്മാവൻ കാണിക്കണം. വൈഗയെ എനിക്ക് ഇഷ്ടമാ, അവൾക്ക് എന്നേയും. അവളെ എനിക്ക് തന്നൂടെ?
നന്ദന്റെ അപേക്ഷ നിറഞ്ഞ സ്വരത്തെ പാടെ പുച്ഛിച്ചു തള്ളി കൊണ്ട് മാധവൻ മുറ്റത്ത് നിൽക്കുന്ന അവന് നേരെ നീട്ടി തുപ്പി.
" തുഫ്ഫ്..!"
നിനക്ക് അറക്കലെ മാധവന്റെ മോളെ തന്നെ വേണം അല്ലേ? എന്റെ ക്ടാവിനെ ചോദിക്കാൻ എന്ത് യോഗ്യതയാടാ നാറി നിനക്കുള്ളത്?
സ്വന്തമെന്ന് പറയാൻ തളർവാതം പിടിച്ചു കിടക്കുന്ന ഒരു തന്തയും ഒന്നിനും കൊള്ളാത്ത ഒരു തള്ളയും കൂടെപിറന്നവളും അല്ലാതെ ഒരു കൂരയോ ഒരു തുണ്ട് ഭൂമിയോ പോലും ഇല്ലാത്ത നി എന്ത് ധൈര്യത്തിലാടാ എന്റെ മുറ്റത്ത് നിന്ന് ചിലക്കുന്നത്?ഈ മതിൽ കെട്ടിന് ഉള്ളിൽ നിന്നെ ഇനി കണ്ടു പോകരുത്. ഇറങ്ങി പോടാ നായിന്റെ മോനെ.
വാസവാ ഈ *&₹% മോനെ പിടിച്ച് പുറത്താക്കിയിട്ട് ഇവൻ ചവിട്ടിയ പറമ്പ് മുഴുവൻ ചാണകവെള്ളം തളിച്ച് ശുദ്ധികലശം നടത്ത് മ്മ്.. വേഗം..!!
ഇടത്തെ തോളിൽ കിടന്ന തോർത്തെടുത്തു ഊക്കോടെ ഒന്ന് കുടഞ്ഞിട്ട് മാധവൻ അകത്തേക്ക് നടന്നു.തന്നെ ഉന്തിത്തള്ളി പുറത്തേക്ക് ഇറക്കാൻ ശ്രമിക്കുന്ന വാസന്റെയും മറ്റു പുറം പണിക്കാരുടെയും കൈകളിൽ കിടന്ന് പിടഞ്ഞു കൊണ്ട് നന്ദൻ അലറിവിളിക്കുന്ന ശബ്ദം ആ മതിൽ കെട്ടിനുള്ളിൽ തട്ടി പ്രതിധ്വനിച്ചു.
✿ ✿ ✿ ✿ ✿ ✿
മ...മാധവേട്ടാ..
ഊണുമേശയിൽ ഇരുന്ന് അന്നത്തെ വരവ് ചിലവുകൾ കണക്ക് കൂട്ടുകയായിരുന്ന മാധവനടുത്തേക്ക് സതി വിറച്ചുവിറച്ചു ചെന്നു..
മ്മ്.. എന്താ?
ശബ്ദത്തിൽ ഗൗരവം നിറച്ചുകൊണ്ട് കണക്ക് പുസ്തകത്തിൽ നിന്നും തലയുയർത്താതെ അയാൾ അവർക്ക് മറുപടി കൊടുത്തു..
അ.. അത് നന്ദൻ അവൻ നല്ല പയ്യനാ. നമ്മടെ പാറു മോളെ ഒരുപാട് ഇഷ്ടമാ. അവനെന്നു പറഞ്ഞാൽ അവൾക്കും അങ്ങനെ തന്നെയാ. ഓർമ്മവെച്ച കാലം തൊട്ട് പാറു നന്ദന് ഉള്ളതാണെന്നും നന്ദൻ പാറൂന് ഉള്ളതാണെന്നും നമ്മള് തന്നെ അല്ലെ അവരെ പറഞ്ഞ് മോഹിപ്പിച്ചത്? കഴിഞ്ഞ രണ്ട് വർഷങ്ങൾക് മുൻപ് വരെയും മാധവേട്ടനും അത് തന്നെയല്ലേ പറഞ്ഞത് പെട്ടനെന്താ ഒരു മാറ്റം??
അത്ശെരി നി എന്നെ ചോദ്യം ചെയ്യാൻ മാത്രമയോടി ഒരുമ്പട്ടോളെ? വേലേം കൂലിം ഇല്ലാത്ത ഒരുത്തന് എന്റെ മോളെ കെട്ടിച്ചു കൊടുക്കണമെന്ന് പറഞ്ഞതും പോരാ എന്നെ ചോദ്യം ചെയ്കകൂടി ചെയ്യുന്നോ? നിന്റെ അഹങ്കാരം കാരണാ അവള് വഴിതെറ്റി പോയത്. തള്ളേടെ വളർത്ത് ദോഷം അല്ലാണ്ട് എന്താ..?
അതും പറഞ്ഞ് സതിയുടെ അടുത്തേക്ക് പാഞ്ഞു ചെന്ന മാധവൻ പാർവതിയുടെ പിൻവിളിയിൽ സ്തബ്ദനായി നിന്നു..
"അച്ഛാ ..."അമ്മയെ തൊട്ട് പോവരുത്. എന്തിന്റെ പേരിലാ അച്ഛൻ എന്റെ അമ്മക്ക് നേരെ കൈ ഉയർത്തുന്നത്? പാറു നന്ദന് ഉള്ളതാണെന്ന് നാട് മുഴുവൻ പറഞ്ഞു നടന്നിട്ട് ഒടുക്കം നന്ദൻ കടക്കാരൻ ആയപ്പോൾ അച്ഛൻ ആ വാക്ക് അങ്ങ് മാറ്റി. വെറുതെ ഒന്നുമല്ലല്ലോ അച്ഛന് പാടത്തു വിത്തിറക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ, കയ്യിലുള്ള വീടും പറമ്പും പണയം വെച്ചല്ലേ നന്ദേട്ടന്റെ അച്ഛൻ പണം കണ്ടെത്തി തന്നത്? എന്നിട്ട് നമ്മുക്കൊരു നല്ലകാലം വന്നപ്പോൾ വന്ന വഴി മറന്നില്ലേ അച്ഛൻ? വീടും പറമ്പും ബാങ്ക്കാര് കൊണ്ടുപോയി എന്നറിഞ്ഞപ്പോൾ തളർന്നുവീണതല്ലേ ആ മനുഷ്യൻ?അച്ഛന്റെ കൈയിൽ ഇപ്പോൾ ഉള്ള സ്വത്തിന്റെ നൂറിൽ ഒരംശം കൊടുത്തിരുന്നേൽ അങ്ങനെ സംഭവിക്കില്ലായിരുന്നു. ആ കുടുംബത്തോട് ഇത്രേം ദ്രോഹം ചെയ്തിട്ട് നിന്ന് ആദർശം പറയാൻ അച്ഛന് എങ്ങനെ കഴിയുന്നു? ഒന്നുമില്ലെങ്കിലും സ്വന്തം പെങ്ങളും കുടുംബവും അല്ലെ???
പ്ഫാ.... ഉണ്ടാക്കിയ തന്തയ്ക്ക് നേരെ ചോദ്യം ഉയർത്തുന്നോടി പന്ന *&₹%. നിനക്ക് ആ *&#*മോനെ കെട്ടണം അല്ലെ തുഫ്ഫ്.. ഇന്നേക്ക് മൂന്നാം നാൾ കല്യാണാ. എല്ലാം പറഞ്ഞോറപ്പിച്ചിട്ടാണ് ഈ മാധവൻ വന്നേക്കുന്നെ. ഞാൻ കാട്ടിതരുന്ന ചെക്കന്റെ മുന്നിൽ തല കുനിച്ചു കൊടുക്കും നീ..അല്ലാതെ എന്തെങ്കിലും കന്നന്തിരിവ് കാട്ടാൻ ആണുദ്ദേശം എങ്കിൽ നിന്റെ തള്ള പിന്നെ ജീവനോടെ കാണില്ല. കൊന്ന് കളയും ഞാനീ *&₹₹% മോളെ..
കൈയിലിരുന്ന കണക്ക് പുസ്‌തകം നിലത്തേക്ക് എറിഞ്ഞുകൊണ്ട് ധരിച്ചിരുന്ന മുണ്ടൊന്ന് മുറുക്കിയുടുത്ത് മാധവൻ പാടത്തേയ്ക്കിറങ്ങി..
✿ ✿ ✿ ✿ ✿ ✿
" നിനക്കുള്ള പുടവയും ആഭരണങ്ങളുമാ, ഇതൊക്കെ ഇട്ട് മര്യാദക്ക് പന്തലിലേക്ക് ഒരുങ്ങിയിറങ്ങിയാൽ നിനക്ക് നന്ന്, അല്ലാണ്ടാ തെണ്ടി ചെക്കനെ ഓർത്തു കണ്ണീരൊഴുക്കാനാണ് ഭാവമെങ്കിൽ കൊന്ന് കളയും ഞാൻ. മാധവന് കുടുംബമഹിമയും അന്തസ്സും കഴിഞ്ഞേ ബാക്കിയെന്തും ഒള്ളൂന്ന് അറിയാലോ, എന്റെ അഭിമാനത്തിന് കോട്ടം വരുത്താനാണ് ഭാവോങ്കി സ്വന്തം ചോരയാന്ന് പോലും ഓർക്കില്ല മാധവൻ. നിന്നെ മാത്രല്ല നിന്റെയാ മറ്റവനെ കൂടി കൊന്നുകളയാൻ എന്റെ കൈ അറക്കില്ലെന്ന് ഓർത്തോ "
കൈയിലിരുന്ന കടലാസ് കവറുകൾ ഊക്കോടെ പാർവതിയുടെ കട്ടിലിൽ വെച്ചിട്ട് അയാൾ വെളിയിലേക്ക് ഇറങ്ങി. അവളുടെ മുറിവാതിൽ താഴിട്ട് പൂട്ടി താക്കോൽ ഇടുപ്പിൽ തിരുകി വെച്ചുകൊണ്ട് അയാൾ ഉമ്മറത്തിണ്ണയിലേക്ക് നടന്നു..
മാധവൻ കൊണ്ട് വെച്ച കൂടുകളിലേക്കൊന്നു കണ്ണുകൾ പായിച്ചുകൊണ്ട് പാർവതി നിലത്തൊരു മൂലയിലേക്ക് ഒതുങ്ങി കൂനിക്കൂടി ഇരുന്നു..കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ മിഴിനീര് അവളുടെ മുഖമാകെ കരിമഷി പടർത്തി. ശ്വാസമെടുക്കാൻ പോലും മറന്നുകൊണ്ട് ഏങ്ങി കരയുമ്പോൾ നുണക്കുഴി കാട്ടി ചിരിക്കുന്ന പന്ത്രണ്ട് വയസുള്ളൊരു പുള്ളിപ്പാവാടക്കാരിയും അവളുടെ കവിളിൽ പിടിച്ചുവലിച്ചു തിരിഞ്ഞോടുന്ന പതിനാല് വയസുകാരൻ കുട്ടിചെക്കനും അവളുടെ കൺമുൻപിൽ തെളിഞ്ഞു നിന്നു..
കഴിഞ്ഞാഴ്‌ചകൂടി ഒരു കുഞ്ഞുമ്മയ്ക്ക് വേണ്ടി നന്ദേട്ടാന്ന് വിളിച്ച് കൊഞ്ചിച്ചിരിച്ചവന്റെ പുറകെ നടന്നത് അവളോർത്തെടുത്തു. അച്ഛന്റെ മർദ്ദനങ്ങൾക്കും ശകാരവാക്കുകൾക്കും ഒടുവിൽ സങ്കടങ്ങളെല്ലാം അവന്റെ മടിയിൽ കിടന്നു കരഞ്ഞു തീർക്കുമ്പോൾ തലോടി ഉറക്കിയിരുന്ന പ്രായത്തിൽ കവിഞ്ഞ ജോലിത്തഴമ്പുള്ള കൈകളിലെ സുരക്ഷിതത്തെ തേടിയെന്ന പോലെ അടുത്തുകിടന്ന പിഞ്ചിക്കീറിയ തലയണയിൽ അവൾ മുഖമമർത്തി.
മുന്നിലെ തടിവാതിലിന്റെ പൂട്ടിളകുന്ന ശബ്ദം കേട്ടതും കരഞ്ഞു വീർത്ത കണ്ണുകൾ വലിച്ചു തുറന്നുകൊണ്ട് കട്ടിലിന്റെ കാലിൽ താങ്ങിപ്പിടിച്ചവൾ എഴുന്നേറ്റിരുന്നു.. തറയിലെ തണുപ്പ് കൊണ്ട് മരവിച്ചുപോയ കാലുകൾക്ക് ബലം കൊടുത്തൊരുവിധം എഴുന്നേറ്റ് നിന്നു.കൈകൾ മേശമേൽ താങ്ങി പിടിച്ചു കൊണ്ട് തലയുയർത്തി നോക്കിയതും ആ വാതിൽ അവളുടെ മുൻപിൽ തുറന്നു കഴിഞ്ഞിരുന്നു. വീട്ടിലെ കാര്യസ്ഥൻ വാസവൻ ആയിരുന്നു അത്..
കുഞ്ഞേ.. അടുക്കളപ്പുറത്തെ വാതില് തുറന്നിട്ടിട്ടുണ്ട് ഗേറ്റിന് പുറത്തെ മാവിന്റെ മറവിൽ നന്ദൻ കുഞ്ഞുനിപ്പോണ്ട് മോളെ കാണണം എന്ന് പറഞ്ഞു.
അയാളുടെ വാക്കുകൾ കേട്ടിട്ടും വെളിയിലേക്ക് ഇറങ്ങാതെ നിൽക്കുന്ന പാർവതിയെ അയാൾ തട്ടി വിളിച്ചു.
കുഞ്ഞു പേടിക്കണ്ട മാധവദ്ദേഹം നാല് കാലിലാ രാത്രി വന്നു കേറിയത്. നാളെ സൂര്യനുദിക്കാതെ ഇനി കണ്ണ് തുറക്കില്ല മോള് ധൈര്യമായിട്ട് പൊക്കോ.
വാസവന്റെ ഭാഗത്തു നിന്നും അങ്ങനൊരു ഉറപ്പ് കിട്ടിയതും അത്രയും നേരം തന്റെ പ്രണയത്തിന്റെ ജീവനെ പറ്റി ചിന്തിച്ചു നിന്നവൾ അടുക്കളപ്പുറത്തേക്ക് ഓടി.
തളർന്നു വീഴാൻ തുടങ്ങിയ ഉടലിനെ പിടിച്ച് നിർത്തിക്കൊണ്ട് ഓടി ചെന്നു മാഞ്ചോട്ടിൽ നിൽക്കുന്ന നന്ദന്റെ നെഞ്ചിലേക്ക് വീഴുമ്പോൾ അവളാകെ തളർന്നു പോയിരുന്നു. തന്നെ ഒന്ന് മുറുകെ പുണരുവാൻ പോലും ശക്തിയില്ലാതെ നെഞ്ചിലേക്ക് തളർന്നു കിടക്കുന്നവളെ ചുറ്റിപ്പിടിച്ചു മുടിയിലൂടെ വിരലോടിച്ചു നന്ദൻ.
അവളുടെ കുഞ്ഞു മുഖം കൈകുമ്പിളിൽ എടുത്ത് കരഞ്ഞു വീർത്ത കണ്ണുകളിലും മിഴിനീർ പറ്റിപ്പിടിച്ച കവിളിണകളിലും വിതുമ്പുന്ന അധരങ്ങളിലും നോക്കിക്കൊണ്ട് ആ വിരിനെറ്റിയിലേക്ക് ചുണ്ടുകൾ മുട്ടിച്ചു നന്ദൻ, വിറച്ചുകൊണ്ടവളവന്റെ വിയർത്തു കുതിർന്ന കുപ്പായത്തിലേക്ക് വിരലുകൾ കോർത്ത് പിടിച്ചു. പതിനഞ്ചു വർഷത്തെ പ്രണയകാലത്തിനിടക്ക് അവൻ നൽകുന്ന " ആദ്യചുംബനം ".
ആ കുഞ്ഞുമ്മയെ നിർവൃത്തിയോടെ ഏറ്റുവാങ്ങിക്കൊണ്ട് അവളവന്റെ നെഞ്ചിലേക്ക് ഒന്നുകൂടി പറ്റിച്ചേർന്നു നിന്നു.പാർവതിയെ തന്നിൽ നിന്നും അടർത്തി മാറ്റി അവളെ നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ട് നന്ദൻ മുന്നോട്ട് നടന്നു. അത്രെയും നേരം അനുഭവിച്ചിരുന്ന വേദനയും അവശതയുമെല്ലാം എവിടേക്കോ പോയി മറഞ്ഞപോലെ തോന്നി പാർവതിക്ക്.
ഇരുവരും നടന്ന് വയലിനടുത്തുള്ള ഏറുമാടത്തിന് മുൻപിലെത്തി. അവളുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് നന്ദനാ പടവുകൾ നടന്നു കയറി. അതിനകത്തേക്ക് കയറി നിലാവിലേക്ക് കണ്ണും നട്ടു നിൽക്കുന്ന പാർവതിയെ പിന്നുലൂടെ ചുറ്റിപ്പിടിച്ചു നന്ദൻ.. കുറച്ചു നേരം അങ്ങനെ നിന്നതിനു ശേഷം നന്ദൻ അവളെയും കൂട്ടി നിലത്തേക്ക് ഇരുന്നു. ഒരു മൂലക്കായി അവൻ കരുതി വെച്ചിരുന്ന പൊതി തുറന്ന് അതിൽ നിന്നും ഒരു കഷ്ണം ദോശ പിച്ചിക്കീറി കറിയിൽ മുക്കി അവളുടെ വായിലേക്ക് വെച്ച് കൊടുത്തു..
തട്ട് ദോശയാ ല്ലേ?
മ്മ്മ്ഹ്ഹ്..
അവനിൽ നിന്നും കുഞ്ഞൊരു മൂളലുതീർന്നതും ദോശയിൽ നിന്നും ഒരു കഷ്ണം എടുത്തവൾ അവനെ ഊട്ടി കൊടുത്തു. ഭക്ഷണം കഴിച്ചു കഴിഞ്ഞവളെയും കൂട്ടി നിലത്തേക്ക് മലർന്ന് കിടന്നു നന്ദൻ. അവനെ നോക്കി കണ്ണുനിറച്ചുകൊണ്ടവളവന്റെ നെഞ്ചിലേക്ക് തലചേർത്ത് ആ ഹൃദയതാളവും ശ്രവിച്ചു കണ്ണുകൾ അടച്ചു കിടന്നു. പാർവതിയുടെ കണ്ണുകൾ അവന്റെ നെഞ്ചിലേക്ക് ഉരുകിയൊലിച്ചപ്പോൾ നന്ദന്റെ മിഴിനീര് നിലത്തേക്ക് ഇറ്റ് വീണു..
✿ ✿ ✿ ✿ ✿ ✿
" പാറു.. പാറുട്ടി എണ്ണിക്ക് നേരം വെളുക്കുന്നു "
പാർവതിയെ തട്ടി വിളിച്ചുകൊണ്ട് നന്ദൻ ഒന്ന് മൂരി നിവർന്നു. അവന്റെ നെഞ്ചിൽ നിന്നും അടർന്നുമാറി കൊണ്ട് പാർവതി എഴുന്നേറ്റിരുന്നു.
" പോകാറായോ നന്ദേട്ടാ? "
മ്മ്മഹ്..
ഇനി.. ഇനിം വരില്ലേ ന്നെ കാണാൻ?
മ്മ്ഹ്ഹും.. നിഷേധാർധത്തിൽ തലയാട്ടികൊണ്ട് അവനാപെണ്ണിനെ പിടിച്ച് നെഞ്ചിലേക്കിട്ടു..
ഞാൻ.. ചതിക്കാരുന്നെന്ന് തോന്നുന്നുണ്ടോ പാറു നിനക്ക്?
മ്മ്ഹും.. ഇല്ലാ.. എനിക്കറിയാം എന്തേലും വഴിയുണ്ടാരുന്നേ എന്നേം കൂടെ കൂട്ടിയെനേംന്ന്.
ഒരു രണ്ട് വർഷം മുൻപാരുന്നേൽ നിന്റെ അച്ഛൻ എന്തൊക്കെ ചെയ്താലും നന്ദൻ നിന്നെ കൂടെ കൂട്ടിയെനേം.. പക്ഷെ ഇന്നങ്ങനെ അല്ല. പട്ടണിയും പരിവട്ടവും മാത്രെ ഒള്ളു നന്ദന്. ആ ഒറ്റമുറിവീട്ടില് നിന്നേം കൊണ്ട് ഞാനെങ്ങനാ പാറു കയറി ചെല്ലണത്? നിന്നേം കൂട്ടി എങ്ങോട്ടേലും പോയികളയാന്ന് വെച്ചാൽ ന്റെ വീട്ടിലുള്ള മൂന്നു ജന്മങ്ങളെ ഇല്ലാണ്ടാക്കില്ലേടി അങ്ങേര്? പിന്നെ നിന്റെമ്മേ വെറുതെ വിടൂന്ന് തോന്നുന്നുണ്ടോ പാറു?
ഇത്രേം പേരേം നോവിക്കണേക്കാൾ നല്ലത് നമ്മള് നമ്മടെ ആഗ്രഹം വേണ്ടാന്ന് വെക്കണതല്ലേ പാറൂട്ടി?
മ്മ്ഹ്ഹ്.. ആണ്.. പക്ഷെ നിക്ക് പറ്റില്ല നന്ദേട്ടാ... വേറൊരാളുടെ കൂടെ നിക്ക് ഓർക്കാൻ കൂടെ വയ്യ...
അതൊക്കെ ഇപ്പോ തോന്നണതാ പാറു.. നല്ലൊരു ജീവിതം കിട്ടി തുടങ്ങുമ്പോൾ നീ നന്ദനെ മറന്നോളും...
ല്ലാ.. ഞാൻ മറക്കൂല... ന്റെ നന്ദേട്ടനെ പാറു മറക്കൂല...
നന്ദനെ വരിഞ്ഞു ചുറ്റി അലറികരയുമ്പോൾ അവളവനെ ഇറുകെ ചുറ്റി വരിഞ്ഞിരുന്നു..സങ്കടം സഹിക്കവയ്യാതെ അവന്റെ മുഖമാകമാനം ചുണ്ടുകൾ ചേർത്തു മൂത്തുമ്പോൾ പെണ്ണിന്റെ കണ്ണുനീരും ഉമിനീരും കൊണ്ടവന്റെ മുഖമാകെ കുതിർന്നിരുന്നു..
ഇനിയുമത് തുടർന്നാൽ ഒരുപക്ഷെ താൻ ഇവളെ ആർക്കും വിട്ടുകൊടുക്കില്ലെന്ന് തോന്നിയതും നന്ദൻ അവളെയും കൂട്ടി ഏറുമാടത്തിന്റെ പടികൾ ഇറങ്ങി.. പെണ്ണിന്റെ ആഗ്രഹം പോലെ അവനവളെ തന്റെ പുറത്തേന്തികൊണ്ട് പാടത്തൂടെ നടന്നു..
നന്ദേട്ടാ...
മ്മ്ഹ്ഹ്.
വീട്ടില് എനിക്കായി ഇയാള് കൊറേ കുപ്പിവളകൾ വാങ്ങി വെച്ചിട്ടില്ലേ? അതൊക്കെ ഭാവിയിൽ എന്റെ നന്ദേട്ടന്റെ സ്വന്തമാകാൻ ഭാഗ്യം ലഭിക്കണ കുട്ടിക്ക് കൊടുക്കണോട്ടോ.. പാറൂന് അവളോടുള്ള സ്നേഹാ അതൊക്കെന്ന് പറയണേ...
അതിനുത്തരം നൽകാതെ നന്ദൻ അവളെയും ഏന്തി നടന്നു.. വീടടുക്കാറായതും നന്ദന്റെ പിൻകഴുത്തിൽ ചുറ്റി പിടിച്ചിരുന്ന പാർവതിയുടെ കൈകൾ മുറുകി. കണ്ണിൽ നിന്നും മിഴിനീരിറ്റിറ്റ് അവന്റെ തോളിലേക്ക് വീണു.. നിറഞ്ഞ് വന്ന കണ്ണികളേ ചിമ്മിയടച്ചവൻ ചുവടുകൾ വെച്ചു.. അറക്കലെ ഗേറ്റിന്റെ മുന്നിൽ എത്തിയതും നന്ദനവളെ താഴെക്കിറക്കി.
അവസാനമായി പാറു അവന്റെ നെഞ്ചിലേക്ക് മുറുകെ ചേർന്ന് നിന്നു.. അവളെ അടർത്തി മാറ്റിക്കൊണ്ട് നന്ദൻ ആ നെറ്റിയിൽ ഒന്നു കൂടി നുകർന്നു.. ഒരുപാട് മോഹത്തോടെ പെണ്ണിന്റെ അധരങ്ങളിലേക്ക് ചുണ്ടുകൾ ചേർത്ത് മൃദുവായി മുത്തി.. ഞെട്ടി വിറച്ചുകൊണ്ടവളവനിലേക്ക് ചേർന്നു നിന്നു..
പുറകിൽ അടുക്കളവാതിൽ തുറക്കുന്ന ഒച്ച കേട്ടതും നന്ദനവളെ അടർത്തി മാറ്റി പിടിച്ചു. ഗേറ്റ് തുറന്ന് വാസവൻ ചേട്ടൻ വെളിയിലേക്ക് വന്നു.
" നേരം വെളുക്കാറായി മക്കളെ "
അവരോടുള്ള സഹതാപം കണ്ണുകളിൽ നിറച്ചുകൊണ്ട് വാസവൻ പറഞ്ഞതും നന്ദൻ പാറുവിന്റെ കൈകൾ അവനിൽ നിന്നും അടർത്തി മാറ്റിക്കൊണ്ട് കണ്ണുകൾ കൊണ്ടവൾക്ക് യാത്ര പറഞ്ഞു..
പോകുന്നതിന് മുൻപവൾ നന്ദന്റെ കൈയിൽ ഒരിക്കൽ കൂടി വിരൽ കോർത്തു..
ന്റെ മംഗലത്തിന് വരണ്ടാട്ടോ നന്ദേട്ടാ.. വന്നാൽ തന്നെ ഞാൻ കാണാതെ എവടെലും മാറിനിന്നാമതി.. നിങ്ങളെ കണ്ടാൽ ഞാൻ കൂടിറങ്ങി വന്നുപോയാലോ..??
ചുവന്നുകലങ്ങിയ കണ്ണുകളോടെ പറയുന്ന പെണ്ണിനെ നിറകണ്ണുകളോടെ നോക്കിക്കൊണ്ട് അവളുടെ മുടിയൊന്നു മാടിയൊതുക്കി ആ നെറ്റിയിൽ ഒന്ന് മുത്തി തിരിഞ്ഞു നടന്നു നന്ദൻ..
അവൻ കൺമുൻപിൽ നിന്നും മറഞ്ഞിട്ടും വഴിയിലേക്ക് തന്നെ കണ്ണും നട്ടു നിൽക്കുന്ന പാർവതിയേ കൂട്ടി വാസവൻ ഉള്ളിലേക്ക് നടന്നു..
✿ ✿ ✿ ✿ ✿ ✿
പിറ്റേ ദിവസം അറക്കലെ മുറ്റത്തു കല്യാണപന്തൽ ഉയർന്നിട്ടും ആളും ആരവവും പെരുകിയിട്ടും അതിനേക്കാൾ ഉച്ചത്തിൽ അലറി കരഞ്ഞുകൊണ്ട് രണ്ട് ഹൃദയങ്ങൾ അവിടെ നിന്നു.. രണ്ടാം ദിവസം കരഞ്ഞു വീർത്ത കണ്ണുകളും വാടിതളർന്ന ശരീരവും പൊട്ടിയടർന്ന ഹൃദയവുമായി ചുവന്ന പട്ടുടുത്ത് സർവാഭരണവിഭൂഷിതയായി ഒരന്യ പുരുഷന്റെ താലിക്ക് മുൻപിൽ അവൾ തലകുനിച്ചു കൊടുത്തു.ആ താലി കഴുത്തിൽ മുറുകിയപ്പോൾ കൊലക്കയറ് മുറുകിയ പോലെയവളുടെ ഉടലൊന്ന് പിടഞ്ഞു.. അയാളുടെ കൈകളാൽ അവളുടെ സിന്ദൂരരേഖ ചുവപ്പണിഞ്ഞപ്പോൾ തന്റെ ഹൃദയം കീറിമുറിഞ്ഞൊഴുകുന്ന രക്തത്താൽ തിലകം ചാർത്തിയപോൽ അവളൊന്നു വിറച്ചു..മണ്ഡപത്തിന് ചുറ്റും വലം വെക്കുമ്പോൾ അയാളുടെ കൈകളുടെ സ്പർശത്താൽ തന്റെ ശരീരം പുഴുവരിക്കുന്ന പോലെ തോന്നിയവൾക്ക്..
ഇതേ സമയം തന്റെ പ്രണയം മറ്റൊരുവന് സ്വന്തമാകുന്ന കാഴ്ച മുന്നിൽ കണ്ടുകൊണ്ട് സദസിന് പുറകിൽ നിന്നും നിറഞ്ഞൊഴുകുന്ന കണ്ണികളോടെ ഒരുവൻ പുറത്തേക്ക് നടന്നു..
അന്നേക്ക് രണ്ടാം നാൾ ഊണും ഉറക്കവും ഇല്ലാതെ ആ ഒറ്റമുറി വീടിന്റെ മൂലക്ക് തളർന്നു കിടന്നിരുന്ന നന്ദന്റെ ചെവിയിലൊരു വാർത്തയെത്തി..
" അറക്കലെ മാധവന്റെ മകൾ പാർവതി ഗാർഹികപീഡനത്തിന് ഇരയായി മരണപ്പെട്ടെന്ന്..! "
കേട്ട വാർത്തയുടെ അർഥം മനസിലാകാതെ നന്ദൻ വീണ്ടുമാ തണുത്ത തറയിൽ തന്നെ കിടന്നു.. നിമിഷങ്ങൾ കടന്നു പോയതും ശേശിയില്ലാത്ത ശരീരത്തെ നിയന്ദ്രിച്ചു കൊണ്ടവൻ അവിടെയുള്ള സാദനങ്ങളെല്ലാം നിലത്തേക്ക് വലിച്ചു വാരിയിട്ടു. ഒടുവിൽ എവിടൊന്നോ ഒരു പൊതി തപ്പിയെടുത്തു കൊണ്ട് അഴിഞ്ഞുപോയ മുണ്ടും മുറുക്കിയുടുത്തവൻ വേച്ചു വെച്ച് അറക്കലേക്ക് നടന്നു.
വലിച്ചു കെട്ടിയ ഷീറ്റിന്റെ തണലിൽ നിരത്തിയിട്ടിരിക്കുന്ന കസേരകൾക്ക് നടുവിലൂടെ അവൻ അകത്തേക്ക് നടന്നു.. ഉയർന്നു കേൾക്കുന്ന കരച്ചിലിനേയും അലർച്ചകളെയും വകവെക്കാതെ വിളക്കിന് മുൻപിലായി വെള്ളപുതച്ചു കിടത്തിയിരിക്കുന്ന അവൾക്കരികിലേക്കവൻ ചെന്നു .. അവളുടെ തലക്കലിരുന്ന് കണ്ണുനീരൊഴുക്കുന്ന മാധവനെ തള്ളിമാറ്റിക്കൊണ്ട് നന്ദനവിടെ ഇരുപ്പുറപ്പിച്ചു ..
കടുത്ത പ്രഹരങ്ങൾ ഏറ്റു വാങ്ങിയതിന്റെ അടയാളമെന്ന പോലെ ചോര കല്ലിച്ചു കിടക്കുന്ന അവളുടെ മുഖമാകമാനം അവൻ വിരലുകൾ ഓടിച്ചു.. അവളെ പുതപ്പിച്ചിരുന്ന കോടിമുണ്ട് വകഞ്ഞു മാറ്റികൊണ്ട് മുറിവുകൾ നിറഞ്ഞ അവളുടെ കൈകൾ വെളിയിലേക്കെടുത്ത് കൈയിൽ കരുതിയിരുന്ന പൊതിയിൽ നിന്നും കറുപ്പും ചുവപ്പും നിറങ്ങളിലുള്ള കുപ്പിവളകൾ പുറത്തെടുത്ത് അവളുടെ കൈയിലേക്ക് അണിയിച്ചു കൊടുത്തു.
പൊതിയിൽ നിന്നും മഞ്ഞ ചരടിൽ കൊരുത്തൊരു കുഞ്ഞുതാലിമാല കൈയിലെടുത്തവൻ അവളെ അണിയിച്ചു. ഒരു കടലാസ് തുണ്ടിൽ പൊതിഞ്ഞു വെച്ചിരുന്ന സിന്ദൂരം അവളുടെ സീമന്തരേഖയിൽ തോട്ട് കൊടുത്തു. തന്നെ പിടിച്ചു മാറ്റാൻ വന്നവരെയൊക്കെ തട്ടി എറിഞ്ഞുകൊണ്ട് നന്ദനാ പെണ്ണിന്റെ നെറുകയിൽ 'ആദ്യമായെന്നപോൽ 'ചുണ്ടുകൾ ചേർത്ത് മുത്തി...
അവളിലേക്ക് ചാഞ്ഞു ആ തണുത്തുറഞ്ഞ ശരീരത്തെ കൈലെടുത്ത് നെഞ്ചോട് ചേർത്ത് വെച്ചു നന്ദൻ. വൃണപെട്ട് ചോരകല്ലിച്ചു കണ്ടാൽ മറ്റുള്ളവന് അറക്കുന്ന രീതിയിലായ അവളുടെ അധരങ്ങളിൽ അവനൊരിക്കൽ കൂടി ചുണ്ട് ചേർത്ത് മുത്തി..
ആ വെള്ളപുതച്ച ശരീരത്തെ നിലത്തേക്ക് ഇറക്കി കിടത്തികൊണ്ട് അവനവളുടെ നെറ്റിയിലേക്ക് തല ചേർത്ത് ആ മുഖത്തേക്ക് നോക്കി കിടന്നു.. നിമിഷങ്ങൾ കഴിഞ്ഞിട്ടും നന്ദനിൽ അനക്കമൊന്നും ഇല്ലാതെ വന്നതും ആരൊക്കെയോ ചേർന്നവനെ പിടിച്ചു നേരെ ഇരുത്തി, ഇരുത്തിയപാടെയവൻ അവളുടെ മേലേക്ക് ചാഞ്ഞു വീണു. അതോടൊപ്പം തന്നെ ജീവിതത്തിലെ അവസാനതുള്ളി കണ്ണുനീരും അവന്റെ കണ്ണിലൂടെ ഒഴുകിയിറങ്ങി..
അങ്ങ് മാനത്ത് മേഘങ്ങൾക്ക് ഇടയിലൂടെ നുണക്കുഴികാട്ടി ചിരിക്കുന്നൊരു പെണ്ണും അവളുടെ നന്ദേട്ടനും കൂടി മാലാഖകൂട്ടത്തിന് അടുത്തേക് കൈകോർത്ത് നടന്നു....
അവസാനിച്ചു...!!
രചന :- അഗ്നി
©This work is protected in accordance with copyright act.
എന്റെ ചെറിയൊരു ശ്രമമാണെ.. എത്രത്തോളം നന്നായി എന്നറിയില്ല..കുറച്ചു നാളുകൾക്കു മുൻപേ മനസ്സിൽ വന്നൊരാശയം ആണ്.. പകുതി അന്നേ എഴുതിയിരുന്നു. പക്ഷേ പൂർത്തിയാക്കാൻ ഇന്നാണ് സാധിച്ചത്. കഴിയുമെങ്കിൽ അഭിപ്രായങ്ങൾ അറിയിക്കുക...❤️