Aksharathalukal

എന്നെന്നും നിൻചാരെ - 2

✍️    🔥 അഗ്നി 🔥

ഭാഗം : 2

     
            ഗെയ്റ്റ് തുറന്നു അകത്തേക്ക് പ്രവേശിച്ചതും അവന്റെ കണ്ണുകൾ പതിഞ്ഞത് അമ്മയുടെ അസ്ഥിത്തറയ്ക്ക് മുന്നിൽ ആണ്. അമ്മയുടെ അടുത്തിരുന്നു സംസാരിക്കണം  എന്നുണ്ടെങ്കിലും കള്ള് കുടിച്ചത് കൊണ്ട് അവൻ അമ്മക്കരികിലേക്ക് പോകാൻ മടി തോന്നി.  ഒരുവട്ടം കൂടി അസ്ഥിത്തറയിലേക്ക് നോക്കിയ ശേഷം അവൻ വീടിനടുത്തേക്ക് നടന്നടുത്തു...  ഇറയത്തേക്ക് കയറി അവൻ ചാരുപാടിയിലേക്ക് കിടന്നു. ഉറക്കം കണ്ണുകളിൽ തട്ടിയത് കൊണ്ട് ഇന്ന് നടന്ന കാര്യങ്ങളിലോ നാളെയുടെ ചിന്തകളിലോ അവൻ മനസ്സിനെ കുരിക്കിയില്ല...  ഗാഢനിദ്രയിൽ ആഴ്ന്നിറങ്ങിയിരുന്നു... 


         ==============================

        പാറുവിന്റെ അവസ്ഥ നേരെ മറിച്ചായിരുന്നു. ആദിയെ അംഗീകരിക്കാൻ മനസ്സ് ഒരിക്കലും പാകപ്പെടുകയില്ലെന്ന മുൻവിധിയിൽ കുടുങ്ങി കിടക്കുകയാണവൾ. ആദിയുമൊത്തൊരു ജീവിതം എന്ന ചിന്തകൾക്കുമേൽ അവൾ തന്നിലെ കളങ്കത്തെ കുറിച്ച് ഓർമിക്കുക കൂടെ ചെയ്യുന്നില്ല...  


      മേശവലിപ്പ് തുറന്നവൾ ഡയറി കൈകളിൽ എടുത്തു...   അലസമായതിലെ  താളുകൾ മറിക്കുന്ന വേളയിൽ മനോഹരമായ പുഞ്ചിരി ചുണ്ടിൽ നിറച്ചൊരു ചെറുപ്പക്കാരന്റെ ഫോട്ടോ ഊർന്ന് നിലത്തു വീണു... 


    " നിക്കി....  " അവളുടെ ചുണ്ടുകൾ ആ നാമം മൊഴിയുമ്പോൾ ഏങ്ങലടികൾ പുറത്തു കേൾക്കാത്ത ഞരക്കങ്ങളിൽ അവൾ ഒതുക്കി നിർത്തി.  


     ഓർമ്മകൾ അവളുടെ കലാലയ ജീവിതത്തിലേക്ക് പാഞ്ഞു...  ഒരുപാട് ആരാധികമാരുള്ള ആ ചെറുപ്പക്കാരനെ എപ്പോഴെല്ലാമോ അവളും ശ്രദ്ധിച്ചിരുന്നു..  കൂട്ടുകാർക്കിടയിൽ നിന്ന് അവനെ കുറിച്ചുള്ള വാർത്തകൾക്കായി കാതോർത്തിരുന്ന നാളുകൾ...   


                പേര് നിഖിൽ,  അറിയപ്പെടുന്ന ഒരു കുടുംബത്തിലെ യുവതലമുറയിലെ ചെറുപ്പക്കാരൻ...  ആരിലും മോശം എന്ന അഭിപ്രായം ഏറ്റുവാങ്ങാത്ത വ്യക്തി...  മാന്യമായ ഇടപെടലുകൾ മാത്രം പെൺകുട്ടികളോട്...  ഇതൊക്കെ തന്നെ ധാരാളമായിരുന്നു  അവന്റെ പ്രണയാഭ്യർത്ഥനയ്ക്ക്  മുന്നിൽ അടിയറവു പറയുവാൻ...  


    ആരിലും അസൂയ ജനിപ്പിച്ച പ്രണയം...  അത് തന്നെ ഒരു അഹങ്കാരി ആക്കിത്തീർത്തിരുന്നുവോ അവൾ സ്വയം ഒരു അവലോകനം നടത്തി...  തനിയ്ക്ക് പിഴവ് പറ്റിയ ആ രാത്രിയുടെ ചിന്തകൾക്ക് കൂട്ടിനായി ഇന്നും അവളുടെ മിഴികൾ പെയ്തുകൊണ്ടിരുന്നു... ഓർമ്മകളുടെ വേലിയേറ്റത്തിൽ എപ്പോഴോ മിഴികൾ നിദ്രയെ പുൽകി.. 


    ===================================


    " ഡാ...  ആദി....  എഴുന്നേൽക്കേടാ... "  ആദിയുടെ ചുമലിൽ ശക്തമായി ഉലച്ചുകൊണ്ട് അരുൺ അവനെ വിളിച്ചു.  


      ഉറക്കം പൂർത്തിയാകാത്ത നീരസത്തിൽ കണ്ണുകൾ ചിമ്മി തുറന്നു കൊണ്ട് ആദി ചുറ്റിനും നോക്കി.  നേരം പുലർന്നു വരുന്നതേ ഉള്ളു ആ ഈർഷ്യയിൽ അവൻ അരുണിനോട് കുപിതനായി...  


     " ഇത്ര പുലർച്ചെ നീ ആരുടെ അമ്മൂമ്മക്ക്‌ വായുഗുളിക വാങ്ങിക്കാൻ ഇറങ്ങിയതാടാ കോപ്പേ... " 


    " മോനെ.... " പല്ല് ഞെരിച്ചു ദേഷ്യം അടക്കിനിർത്തുന്ന രീതിയിൽ അരുൺ വിളിച്ചു. ശേഷം സംസാരം തുടർന്നു.  " നീ വീടിന്റെ താക്കോൽ തന്നെ...  ബാക്കി മറുപടി ഞാൻ പിന്നെ പറയാം. "
    പിന്നിലേക്ക് നോക്കി തന്റെ അമ്മയെയും അനിയത്തി അനുവിനെയും ആദിക്ക് കാണിച്ചുകൊടുത്തു. പെട്ടന്ന് നിവർന്നിരുന്ന ശേഷം തൂക്ക് വിളക്കിന്റെ നേരെ വിരൽ ചൂണ്ടി താക്കോൽ അവിടെ ഉണ്ടെന്ന് അവൻ കാട്ടിക്കൊടുത്തു. അത് മനസ്സിലാക്കിയപോലെ അരുൺ അവിടെ നിന്ന് താക്കോൽ എടുത്ത് അമ്മയുടെ കയ്യിലിലേക്ക് കൊടുത്തു തുറന്നു അകത്തു കയറാൻ നിർദേശം കൊടുത്തു. 


    " ഡാ...  നീ ഇവരെയും കൂട്ടി വന്നത് എന്തിനാ.." ആദി സംശയഭാവത്തിൽ അവനോട്  ആരാഞ്ഞു... 


    " അടിപൊളി....  ഡാ ഇന്ന് നിന്റെ കല്യാണം ആണെന്ന് അറിയുമോ.... അതൊ നീ കള്ളുംപുറത്തു വിളിച്ചു കൂവിയത് ആണോ... "   
   
   
      ആദി അവന്റെ തലമുടിയിൽ വിരൽകോർത്തു തലകുമ്പിട്ട് ഇരുന്നു...  അവന്റെ ആ ഭാവമാറ്റം അരുണിൽ ആശങ്ക നിറച്ചു...  


    " ഡാ...  നിനക്ക് ഒന്നും ഓർമയില്ലേ..." അത് ചോദിച്ചു..  


     " ഹ്മ്മ്....  " അവൻ അലസമായൊന്ന് മൂളി. 


    " എന്താടാ...  നിനക്ക് താല്പര്യമില്ലെങ്കിൽ ഇത് നടത്തേണ്ട...  അവർ എന്താന്ന് വെച്ചാൽ ചെയ്യട്ടെ.. "  അരുൺ അവനോടായി പറഞ്ഞു. 


     " ഹേയ്... അത്...  ഒന്നുമില്ലെടാ...  അവൾ സമ്മതം പറഞ്ഞിട്ടുണ്ടാകുമോ...   അമ്മാവൻ നിർബന്ധിച്ചു ആയിരിക്കും ഇങ്ങനൊരു തീരുമാനം...  അവളെ ഞാൻ കെട്ടിക്കോളാം എന്ന് പറയേണ്ടിയിരുന്നില്ലല്ലേ....  അമ്മാവന്റെ അപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ എന്തോ അങ്ങനെ ആണ് നാവിൽ വന്നത്... അവൾക്കും അമ്മായിക്കും ഇഷ്ടായി കാണില്ലല്ലേ...  " 


     " പിന്നെ അല്ലേൽ അവളെ കെട്ടാൻ ചാൾസ് രാജകുമാരൻ വരും...  ഇഷ്ട്ടപെട്ട ഒരുത്തൻ ഉണ്ടായിരുന്നല്ലോ...  എന്നിട്ട് എന്തായി...  ഇതൊക്കെ ഈശ്വരാ നിശ്ചയം ആണ്...  നിന്നെ തള്ളിപ്പറഞ്ഞ ആ തള്ളക്കും മോൾക്കും സ്വന്തം അഭിമാനം സംരക്ഷിക്കാൻ നിന്റെ കാൽകീഴിൽ വരേണ്ടി വന്നില്ലേ...   ദൈവം എല്ലാം കാണുന്നുണ്ടെന്ന് ഇതോടെ അവരെപോലെ ചിലർ മനസ്സിലാക്കട്ടെ... പിന്നെ ഇനിയും ആ മൂദേവിടെ മുന്നിൽ നീ നാവടക്കി നിൽക്കുകയൊന്നും വേണ്ട...  ഇനിയുള്ള ഭരണം അത് നീ മതി...  കേട്ടല്ലോ... "


    " ആരെയും തോല്പിച്ചും വേദനിപ്പിച്ചും ആദിക്ക് ഒന്നും നേടുകയും വേണ്ട... ഒരു സ്ഥാനവും വേണ്ട.... കടപ്പാട് തീർത്താൽ തീരാത്ത കടപ്പാട് ഉണ്ട് ആ മനുഷ്യനോട്... അമ്മാവൻ ആയിരുന്നില്ല അച്ഛന്റെ സ്ഥാനം ആണ് നൽകിയിട്ടുള്ളൂ...  ഇനിയും അങ്ങനെ തന്നെ ആയിരിക്കും... "  ആദിയുടെ മിഴിക്കോണിൽ ഉരുണ്ട് കൂടിയ നീർതുള്ളിയെ അവൻ ശാസനരൂപം അടക്കിനിർത്തി. അരുണിന്റെ നേത്രത്തിൽ അവൻ മറച്ചുപിടിക്കുന്ന കണ്ണുനീർ ഉണ്ടാക്കിയിരുന്നു. ഇനിയും ഒന്നും പറഞ്ഞവനെ വേദനിപ്പിക്കാൻ അരുണും ആഗ്രഹിക്കാതിരുന്നത് കൊണ്ട് ആ സംസാരം അവിടെ അവസാനിപ്പിച്ചു.  

   " ആദിയേട്ട...  ഇതിനകത്തു വലിയ പണികൾ ഒന്നുമില്ലല്ലോ...  എല്ലാം ഒതുങ്ങി തന്നെയാ ഇരിക്കുന്നെ...  ഒന്ന് തൂത്തു തുടക്കേണ്ടതേ ഉള്ളു. ഏട്ടൻ പറഞ്ഞപ്പോൾ ഞാൻ കരുതി കെട്ടാൻ ഇറങ്ങാൻ ആയാലും  ഇവിടുത്തെ പണി കഴിയില്ലെന്ന....  " അകത്തു നിന്ന് നടന്നു വരുന്നതിനിടയിൽ അനു അവരോടായി ഉറക്കെ പറഞ്ഞു. 

   
    " അതിനു നിന്റെ ഏട്ടന് വല്ല വെളിവ് ഉണ്ടോ അനുകുട്ടി...  ഈ പൊട്ടൻ പറയുന്നത് കെട്ട് നീ അല്ലെ വിശ്വസിക്കു... " അരികിലായി വന്നുനിന്ന അനുവിന്റെ തോളിൽ കൈചേർത്ത് തന്നോട് ചേർത്തുനിർത്തിക്കൊണ്ട് ആദി പറഞ്ഞു... 


    അവരുടെ പരസ്പര സാഹോദര്യം കണ്ടു അരുൺ ഉള്ളുകൊണ്ട് ഒരുപാട് സന്തോഷിച്ചു എന്നിരുന്നാലും അവൻ പുറമേക്ക് അവരെ പുച്ഛിക്കുന്നതായി പ്രകടിപ്പിച്ചു.  


    " അല്ല ഇതാരാണാവോ വൃത്തിയാക്കിയത്... " അതെ പുച്ഛത്തോടെ അവൻ ചോദിച്ചു.  അനുവിന്റെ മുഖത്തും ആ സംശയം പ്രകടമായി. 


    " വീടിനകത്തു കടക്കുന്നില്ലെങ്കിലും വല്ലപ്പോഴും ഒരിക്കൽ എല്ലാം ഞാൻ തന്നെ വൃത്തിയാക്കും... ഇത് കഴിഞ്ഞ ദിവസം നീ കുടുംബത്തിൽ ഒരു കല്യാണത്തിന് പോയില്ലേ അന്ന് ചെയ്തതാണ്. " 
ആദി മറുപടി നൽകി.  


   " ഹ്മ്മ്...  അപ്പൊ അധിക ദിവസം ആയില്ല... എങ്കിൽ നിനക്ക് ഇത് ഇന്നലെ പറഞ്ഞൂടായിരുന്നോ അങ്ങനെ ആണേൽ ഞാൻ ഇത്ര നേരത്തെ വരുമായിരുന്നോ... " 


   " ഇന്നലെ അത് പറയാൻ പറ്റിയ കണ്ടിഷനിൽ ആയിരുന്നിരിക്കില്ല...  " അവരെ കളിയാക്കി കൊണ്ട് അനു ആയിരുന്നു അതിനു മറുപടി പറഞ്ഞത്.  


    " നീ കൂടുതൽ ഭാരിച്ച കാര്യങ്ങൾ ഒന്നും അന്വേഷിക്കേണ്ടട്ടോ അകത്തു പോയി അമ്മയെ സഹായിക്കെടി... " അരുൺ അവളുടെ ചെവിക്ക് പിടിച്ചുകൊണ്ട് പറഞ്ഞു. അവൻ ചെവിയിൽ പിടിച്ച ദേഷ്യത്തിൽ അവൾ ചാടി തുള്ളി അകത്തേക്ക് പോയി...  പിന്നെ പെട്ടന്ന് തിരികെ വന്നു ആദിയോട് ചോദിച്ചു.  


     " അതല്ല.... എന്താണ്  ആരെയും അറിയിക്കാതെ പെട്ടന്ന് ഒരു കല്യാണം എന്താണ് ഉടായിപ്പ് വെല്ലോം ഒപ്പിച്ചോ.. "   


   " ഡീ...  " 


    " അയ്യോ.... ഞാൻ ഒന്നും ചോദിച്ചില്ലേ... " അതും പറഞ്ഞവൾ അകത്തേക്ക് പാഞ്ഞു.  


     " എന്താടാ....ഇത്ര ആലോചന... " എന്തോ കാര്യമായ ചിന്തയിൽ ആയിരുന്ന അരുണിന്റെ അടുത്ത് അവൻ ചോദിച്ചു.  


    " അത്....ഡാ...  അനു ചോദിച്ചത് ന്യായമായൊരു കാര്യമല്ലേ... നാട്ടുകാർ അങ്ങനല്ലേ കരുതൂ... ഇത്ര തിടുക്കത്തിൽ വേണ്ടിയിരുന്നോ കല്യാണം... "  


   " നാട്ടുകാർ എന്തും പറഞ്ഞോട്ടെ പുതിയൊരു വാർത്ത കിട്ടുന്നവരെ ഈ ചൊറിച്ചിൽ ഉണ്ടാകു... വൈകിയാൽ ഒരുപക്ഷെ അമ്മയെ പോലെ അമ്മാവനും ഒരു കുപ്പി വിഷത്തിൽ ആയുസ്സ് ഓടിക്കുന്നത് കൂടി കാണേണ്ടിവരുമായിരുന്നു. "

   ഇരുവരിലും ഒരു മൗനം ഉടലെടുത്തു...  നിശബ്ദത ബേധിച്ചുകൊണ്ട് ആദിയുടെ ഫോൺ ബെല്ലടിച്ചു. അമ്മാവൻ എന്ന് സ്‌ക്രീനിൽ തെളിഞ്ഞത് കണ്ടവൻ ധൃതിയിൽ ആൻസർ കീ കൊടുത്തു. 


   " ഹലോ അമ്മാവാ.... "  ആർക്കും എളുപ്പം മനസ്സിലാക്കാൻ കഴിയുമായിരുന്നു അവന്റെ ശബ്ദത്തിലെ ടെൻഷൻ.  


  " ഹ...  മോനെ ആദി...  അമ്മാവൻ വിളിച്ചത് ഒരു കാര്യം ചോദിക്കാൻ ആയിട്ടാണ്..  നിങ്ങൾ അവിടുന്ന് നേരെ ക്ഷേത്രത്തിലേക്ക് വരികയാണോ അതോ ഇവിടുന്ന് ഒരുമിച്ചു ഇറങ്ങണോ... "  

    
   " അത്....  അമ്മാവാ...  ഞങ്ങൾ നേരിട്ട് എത്തിയേക്കാം... അങ്ങനെ പോരെ... "  അനുവാദത്തിനെന്നപോലെ അവൻ ചോദിച്ചു. 


    " എന്നാൽ അങ്ങനെ മതി... അപ്പൊ അവിടെ വെച്ചു കാണാം... " 


   "എങ്കിൽ ശരി... മറ്റൊന്നും ഇല്ലല്ലോ...."  


   " ഇല്ലെടാ.... എങ്കിൽ ഫോൺ വെക്കുവാണേ... " 


  " ഹ... ശരി.. അമ്മാവാ... " 


         അവൻ അത്രയും പറഞ്ഞു കഴിഞ്ഞതും മറുവശം ഫോണ് കട്ടായി.  


         " അല്ലേടാ താലി ഒക്കെ വാങ്ങിയോ നീ.... " അരുൺ ചോദിച്ചു. അപ്പോഴാണ് ആദിക്കും അത്തരം ബോധം ഒക്കെ ഉണർന്നത്. ഇന്നലെ അതിനെ കുറിച്ചൊന്നും അവൻ ചിന്തിച്ചില്ല... 

    
    "  ഇല്ലെന്നുള്ളത് നിന്റെ ഈ നില്പിൽ നിന്ന് തന്നെ മനസ്സിലായി...  ഞാൻ  ഷിയാസിനെ വിളിക്കാം അവന്റെ കടതുറപ്പിച്ചു ഒന്ന് എടുക്കാം പിന്നെ നീ കെട്ടിലമ്മയെയും കൂട്ടിപോയി മാറ്റി വാങ്ങിക്കോ... " 


    " ഹ്മ്മ്... " അവൻ കഴുത്തിൽ കിടന്ന മാല ഊരി അരുണിന്റെ കയ്യിൽ കൊടുത്തു. 


   " ഡാ ഇത് വേണ്ട എന്റെ കയ്യിൽ ചിട്ടി കിട്ടിയ കാശുണ്ട് അതുവെച്ചു വാങ്ങാം... "  


   " അത് വേണ്ടെടാ...  താലി ഇത് വെച്ച് വാങ്ങിയാൽ മതി... അമ്മയുടെ മാല ആയിരുന്നു... അതുകൊണ്ടു താലി പണിയിക്കണം എന്നായിരുന്നു അമ്മയ്ക്ക്... ഇനി അതിനു സമയമില്ല... അതുകൊണ്ട് ഇത് കൊടുത്തു താലി വാങ്ങാം... " 


    " എങ്കിൽ നിന്റെ ഇഷ്ടം പോലെ...  ഞാൻ പോയി വരാം... കുളിച്ചു മാറ്റി നിലക്ക് നീ. അമ്മയോടും അനുവിനോടും പറഞ്ഞേക്ക്... " 


   " ഹ്മ്മ്... " മൂളികൊണ്ട് വീടിനകത്തേക്ക് കയറുമ്പോഴും...  ഇനി എന്താണ് സംഭവിക്കുക എന്ന ആശങ്ക അവനുണ്ടായിരുന്നു. 

                     തുടരും....  


        അപ്പൊ വായിച്ചു നോക്കി അഭിപ്രായം പറയാൻ മറക്കല്ലേ...  പിന്നെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം...  അപ്പൊ എനിക്കായി ഒരുവരിയെങ്കിലും കമന്റ്‌ ആയി എഴുതാൻ മറക്കില്ലല്ലോ... 


എന്നെന്നും നിൻചാരെ  - 3

എന്നെന്നും നിൻചാരെ - 3

4.8
4872

 എന്നെന്നും നിൻചാരെ   ✍️   🔥അഗ്നി 🔥 ഭാഗം : 3     " സാവിത്രി...  അവൾ ഇതുവരെ ഒരുങ്ങിയില്ലേ..  "   പ്രകാശൻ വിളിച്ചു ചോദിച്ചു.       " എന്തിനാ ഉടുത്തുഒരുങ്ങിയിട്ട്...  വലിയ ഗുണമുള്ള കാര്യം ഒന്നുമല്ലല്ലോ... "  സാവിത്രി ശബ്ദം താഴ്ത്തി പിറുപിറുത്ത് കൊണ്ട് പ്രകാശനരികിലേക്ക് നടന്നുവന്നു.             " എന്താ...  നീ പറയുന്നത്...  വായിൽ ഇട്ട് സംസാരിക്കാതെ കുറച്ചു ഉറക്കേ പറയൂ... "  അയ്യാൾ അവരെ ശകാരിച്ചു.      " ഞാൻ ഒന്നും പറഞ്ഞില്ല...  നാട്ടുകാരോട് ഒക്കെ എന്ത്‌ പറയും...  ഇനി ഇത് മതി നാട്ടുക