Aksharathalukal

എന്നെന്നും നിൻചാരെ - 3

 എന്നെന്നും നിൻചാരെ  

✍️   🔥അഗ്നി 🔥

ഭാഗം : 3


    " സാവിത്രി...  അവൾ ഇതുവരെ ഒരുങ്ങിയില്ലേ..  "   പ്രകാശൻ വിളിച്ചു ചോദിച്ചു.  


    " എന്തിനാ ഉടുത്തുഒരുങ്ങിയിട്ട്...  വലിയ ഗുണമുള്ള കാര്യം ഒന്നുമല്ലല്ലോ... "  സാവിത്രി ശബ്ദം താഴ്ത്തി പിറുപിറുത്ത് കൊണ്ട് പ്രകാശനരികിലേക്ക് നടന്നുവന്നു.  

     
    " എന്താ...  നീ പറയുന്നത്...  വായിൽ ഇട്ട് സംസാരിക്കാതെ കുറച്ചു ഉറക്കേ പറയൂ... "  അയ്യാൾ അവരെ ശകാരിച്ചു.  


   " ഞാൻ ഒന്നും പറഞ്ഞില്ല...  നാട്ടുകാരോട് ഒക്കെ എന്ത്‌ പറയും...  ഇനി ഇത് മതി നാട്ടുകാർക്ക് പാടി നടക്കാൻ.. "  സാവിത്രി അല്പം മുഷിച്ചിലോടെ പറഞ്ഞു നിർത്തി.  


    " അല്ലെങ്കിൽ നാട്ടുകാർക്ക് പറഞ്ഞു രസിക്കാൻ ഉള്ളത്  പുന്നാരമകൾ  ഉണ്ടാക്കിയെടുത്തിട്ട് ഉണ്ടല്ലോ...  അല്ല നിന്റെ വീട്ടിൽ ഒന്നും നീ പറഞ്ഞില്ലേ... " 


    " ഹ്മ്മ്...  അവരെ വിളിച്ചു അറിയിക്കാൻ മാത്രം ഒന്നും ഇല്ലല്ലോ. അമ്പലത്തിൽ വെച്ചൊരു താലികെട്ട് അല്ലെ ഉള്ളു...  പിന്നെ എന്തിനാ അവരെ ഒക്കെ കഷ്ടപെടുത്തുന്നെ... " 


   " ഹ്മ്മ്...  നിന്റെ കുടുംബത്തിൽ നിന്ന് വരുന്നത് നിനക്കിഷ്ടം   അല്ലല്ലോ....  "


   "  ഞാൻ ഒരു തർക്കത്തിനില്ല...  അതുപോട്ടെ ഇറങ്ങാൻ സമയമായില്ലല്ലോ പിന്നെ എന്തിന അവൾ ഒരുങ്ങിയോ എന്നറിയാൻ ഇത്ര തിടുക്കം... "  


   " അതൊക്കെ ഞാൻ പറയാം...  നീ അവളുടെ മുറിയിലേക്ക് നടക്കു... ഞാൻ പിന്നാലെ വരാം.." 
 അതും പറഞ്ഞയാൾ തിരികെ സ്വന്തം മുറിയിലേക്ക് കയറി... 


   " അല്ല... നമുക്ക് ഒരുമിച്ചു പോകാമല്ലോ... ഞാൻ ഇവിടെ നിൽക്കാം... "  അവർ മുറിക്കുവെളിയിൽ തന്നെ നിൽക്കാൻ ഭാവിച്ചു. 


   " നിന്നോട് ഞാൻ എന്തു പറഞ്ഞോ അതനുസരിക്കു... " അയ്യാൾ തീർപ്പ് കല്പിച്ചപ്പോൽ പറഞ്ഞു. പിന്നെയും പ്രകാശനെ എതിർത്തു അവിടെ നിൽക്കാൻ സാവിത്രിക്ക് കഴിയാത്തതുകൊണ്ട് അവര് പാറുവിനരുകിലേക്ക് നടന്നു. 


    " സ്വന്തബന്ധം ഒന്നും ഈ നാട്ടിൽ അല്ലാത്തതുകൊണ്ട് അത്രയും നാണക്കേട് കുറഞ്ഞു...  എങ്കിലും നാട്ടുകാരുടെ മുഖത്തു ഞാൻ എങ്ങനെ നോക്കും...  ഇത്രയും നാളും ആട്ടിയകറ്റിയ അവന്റെ കയ്യിൽ മോളേ പിടിച്ചു ഏൽപ്പിക്കുക ഇങ്ങേർക്ക് വല്ലോം അറിയണോ... പെണ്ണുങ്ങൾ എന്തേലും കിട്ടാൻ കാത്തു നിൽക്കുവാ അതിനുള്ളിൽ ഇട്ട് ചികയാൻ...  എന്റെ ദേവി ഇതുപോലെ ഒരു മാനക്കേട് എനിക്ക് നീ തന്നല്ലോ... "   


    മകളുടെ തെറ്റുകൾക്ക് നേരെ കണ്ണടച്ച് അവർ ആ പഴിയും മറ്റുള്ളവർക്കുമേൽ അടിച്ചേൽപ്പിച്ചുകൊണ്ട് സ്വയം പതം പറഞ്ഞു മുറിയിലേക്ക് കടന്നു.  


     സെറ്റ്സാരി ചുറ്റി കണ്ണാടിക്ക് മുന്നിൽ നിൽക്കുകയായിരുന്നു പാറു....  അവൾ സ്വയം കണ്ണാടിയിൽ നോക്കി പുച്ഛിക്കുന്നു...  അമ്മ എന്തോ പിറുപിറുത്തു വരുന്നത് കണ്ടവൾ ശ്രദ്ധ അവരിലേക്ക് തിരിച്ചു...  ഒന്നും വ്യക്തമായില്ലെങ്കിലും ആരെയോ കാര്യമായി കുറ്റപ്പെടുത്തുന്നതാണെന്ന് അവരുടെ ചേഷ്ടകളിൽ നിന്നും അവൾക്ക് വ്യക്തമായി... 


    " അമ്മ ആരെയാ ഇങ്ങനെ പ്രാകുന്നെ... "  പാറു ചോദിച്ചു... 


   " ഞാൻ പ്രാകുന്നെന്നോ...  എന്റെ ശനിദശയെ കുറിച്ച് സ്വയം പറഞ്ഞുപോയതാണ്...  എന്റെ ഒരു ഗതികേട് നോക്കണേ...  കൺവെട്ടത്തു  കണ്ടൂടാത്തതിനെ ഒക്കെ ഇപ്പൊ മരുമോൻ ആക്കാൻ ആണല്ലോ വിധി... " 

  
    " എന്നോട് പറയുന്നത് കേട്ടാൽ ഞാൻ സ്വയം തീരുമാനിച്ചതാണെന്ന് തോന്നുമല്ലോ...  ഞാൻ പറഞ്ഞോ എനിക്ക് അയ്യാളെ കെട്ടണം എന്ന്... " 
പാറു അവളുടെ ഭാഗം ന്യായികരിക്കാനായി ശ്രമിച്ചു.  


   " നീ ഓരോന്നും തന്നിഷ്ടം കാണിച്ചിട്ടാ ഇങ്ങനെ.. എന്തൊക്കെ ആഗ്രഹങ്ങൾ ആയിരുന്നു നിന്റെ വിവാഹത്തെ കുറിച്ച്...  ഹ്മ്മ് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല....  അതിനൊക്കെ ഒരു യോഗം വേണം...  ഒന്നേ ഉള്ളെന്ന് കരുതി പുന്നാരിച്ചു വഷളാക്കിയതിന്റെ ആണ്...  ഞാൻ എന്റെ കുടുംബത്തൊക്കെ എങ്ങനെ കയറിചെല്ലും എന്റെ ദേവി... "

    
   " അതിന് നീ നിന്റെ കുടുംബത്തിൽ പോകൽ ഉണ്ടോ... പോയാലും എന്തെങ്കിലും വഴക്ക് ഉണ്ടാക്കിയിട്ടല്ലേ മടങ്ങി വരൂ...  "  അവരുടെ സംസാരം കേട്ടെത്തിയ പ്രകാശൻ ആയിരുന്നു അതിനു മറുപടി നൽകിയത്.


     പ്രകാശന് നേരെ തിരിഞ്ഞു മറുപടി നൽകാൻ തുനിയുമ്പോൾ ആണ് സാവിത്രി അദ്ദേഹത്തിന്റെ കയ്യിൽ ഇരുന്ന ആമാടപെട്ടി കണ്ടത്... സംശയഭാവത്തിൽ അവര് പ്രകാശനെ നോക്കി ചോദിച്ചു. 


    " ഇത് അമ്മയുടെതല്ലേ...  ഇതെന്തിന് വേണ്ടി എടുത്തു... " 


   " അതെ ഇത് അമ്മയുടേതാണ്...  എന്റെ മോൾക് കല്യാണത്തിന് കൊടുക്കാനായി എടുത്തു...  ഇതൊക്കെ അവൾക്കുള്ളതല്ലേ... വേറൊരു മകൾ നമുക്കില്ലല്ലോ ഇതൊന്നും സൂക്ഷിച്ചു വെക്കാനായി... " 


    " ആഹാ ഇത് നല്ല കഥ...  അവനെ പോലൊരുത്തൻ മകളെ കൈപിടിച്ച് കൊടുക്കുന്നതിനു എന്തിനാ ഈ കണ്ട പണ്ടം മുഴുവൻ...  ഇപ്പൊ അവളുടെ കഴുത്തിലും കയ്യിലും ഉള്ളത് തന്നെ ധാരാളം... " തന്റെ അനിഷ്ട്ടം അവർ വെട്ടിത്തുറന്നു പറഞ്ഞു...  


   " ഇതൊക്കെ എന്റെ അമ്മ അവരുടെ പേരകുട്ടിക്കായി മാറ്റിവെച്ചതാണ്... അതിനു നിന്റെ അഭിപ്രായം ഒന്നും ആവിശ്യമില്ല... എന്ത്‌കൊടുക്കണം കൊടുക്കേണ്ട എന്ന് തീരുമാനിക്കുന്നത് ഞാനാണ്... "  പ്രകാശൻ തെല്ലൊരു ദേഷ്യത്തിൽ പറഞ്ഞു. 

   
    " ഇതാപ്പോ നല്ലകൂത്ത്....  മകളുടെ ഭർത്താവ് ഉപേക്ഷിച്ചു പോയെന്ന് പറഞ്ഞു തറവാടും സ്ഥലവും എല്ലാം മകൾക്കും അവളുടെ മുടിഞ്ഞ പുത്രന്റെ പേരിലും എഴുതിവെച്ച് തള്ളേനെ അങ്ങ് കെട്ടിയെടുത്തു...  ആകെ കൂടെ കിട്ടിയത് ഈ പണ്ടങ്ങൾ ആണ് ഇപ്പൊ അതും ആ നശിച്ചവളുടെ മോനക്ക്...  പെങ്ങളെ തല മണ്ണിൽ കുത്തുന്നതുവരെ പെങ്ങൾ പല്ലവി ആയിരുന്നു അവള് ചത്തുതുലഞ്ഞതും  അവളുടെ മകൻ...  നിങ്ങൾ എന്നെയും മോളെയും കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ..."  പറഞ്ഞു കഴിഞ്ഞതും സാവിത്രി കട്ടിലിലേക്ക് മറിഞ്ഞുവീണിരുന്നു...  പ്രകാശന്റെ സകല ആരോഗ്യവും ആർജിച്ചെടുത്ത  അടിയായിരുന്നു അയ്യാൾ സാവിത്രിക്ക് നൽകിയത്.  


    പാറു അമ്മയെ പിടിച്ചെഴുന്നേല്പിച്ചു...  തന്നെ തല്ലിയ ദേഷ്യം കൂടി ഓർക്കേ ഭർത്താവിനോട് എന്തോ കടുപ്പത്തിൽ പറയാനായി തിരിഞ്ഞ സാവിത്രി അദ്ദേഹത്തിന്റെ ക്രോധം കൊണ്ട് ജ്വലിച്ച മുഖം കാൺകെ തന്റെ നാവിനെ അടക്കി നിർത്തി.  


    ഒരു സമാധാനപരമായ രീതിയിൽ പ്രശ്നം ലഘൂകരിക്കാൻ പാറു അച്ഛനോടായി പറഞ്ഞു. 
  

     " എനിക്ക് ഇത്ര സ്വർണം ഒന്നും വേണ്ട അച്ഛേ... കുറച്ചു അമ്മയെടുത്തോട്ടെ... " 


    " ആഭരണങ്ങൾ ഒന്നും ഇടാതെ നടക്കേണ്ടി  വന്നാൽ കൂടി ഇതിൽ നിന്ന് ഒരുതരി പൊന്ന് എനിക്ക് വേണ്ട... എല്ലാം ആ  നശിച്ച... " പ്രകാശന്റെ നോട്ടത്തിൽ പതറി അവർ പറയാൻ വന്നത് പൂർത്തീകരിച്ചില്ല. 


    " ഇതിൽ നിന്ന് ഒന്ന് കുറയാതെ എല്ലാം അണിഞ്ഞു റെഡി ആകാൻ നോക്കു... സാവിത്രി അവളെ റെഡി ആകാൻ സഹായിക്കു...  നിന്റെ സഹോദരനും ഭാര്യയും ഇപ്പോൾ എത്തും അമ്മയ്ക്ക് വയ്യാത്തതിനാൽ ഇവർ അവിടെ ചെന്നു അമ്മയെ കണ്ടാൽ മതിയെന്ന് പറഞ്ഞു. " തുടക്കം ഒരു ശാസനയോടെ ആരംഭിച്ചെങ്കിലും പറഞ്ഞവസാനിപ്പിക്കുമ്പോൾ ശബ്ദത്തിൽ അല്പം സൗമ്യത വന്നിരുന്നു. 


   " അവരെ ഒക്കെ എപ്പോ ക്ഷണിച്ചു... " സാവിത്രി ചോദിച്ചു.  


     " അതൊക്കെ ഇന്നലെ ഞാൻ വിളിച്ചിരുന്നു... ഇനി സംസാരം വേണ്ട നേരം വൈകുന്നു. പിന്നെ താൻ ഒന്ന് കൂടെ വരൂ... " അയ്യാൾ സാവിത്രിയെ വിളിച്ചു മുറിക്ക് പുറത്തേക്കു കടന്നു പോകും വഴി മോളോടായി പറഞ്ഞു..  
  
   " പാറു അതൊക്കെ നോക്കു അമ്മ ഇപ്പൊ വരും.. " 

     
   അല്പം ഭയത്തോടെ സാവിത്രിയും അയാൾക്ക് പിന്നാലെ ഇറങ്ങി.  


    " അകത്തു നിന്ന് ആദിക്ക് കൊടുക്കുന്നതിനു കണക്ക് പറഞ്ഞല്ലോ...  അവൻ നിന്റെ മോളേ മാത്രം അല്ല സ്വീകരിക്കുന്നത്...  അവളുടെ വയറ്റിൽ വളരുന്ന ഒരു കുഞ്ഞിനെ കൂടെ ആണ്... അതും എന്റെ അഭിമാനം രക്ഷിക്കാൻ. അവന്റെ അമ്മയെ പോലെ നാളെ ഞാനും ആത്മഹത്യ എന്ന ഒരു ചിന്തയിൽ കുടുങ്ങി ജീവൻ നഷ്ട്ടപെടുത്താതിരിക്കാൻ...  ആരാന്റെ കുഞ്ഞിന് അച്ഛനും കൂടി ആകുന്ന അവൻ എത്ര കൊടുത്താലും എനിക്ക് അതൊക്കെ കുറഞ്ഞുപോയെന്നെ ചിന്തിക്കാൻ കഴിയൂ.. കാരണം ഞാൻ ഒരു മനുഷ്യൻ ആയി ചിന്തിക്കുന്നത് കൊണ്ട്...  ഇതൊക്കെ അവിടെ വെച്ചു പറയാതിരുന്നത് എത്ര തെറ്റ് ചെയ്തെന്നാലും അവൾ എന്റെ മോളാണ്... എന്റെ ഒരു വാക്കുകൊണ്ട് പോലും  ഇന്നും അവൾ വേദനിക്കുന്നത് എനിക്കും വേദനാജനകമായത് കൊണ്ട് മാത്രമാണ്...  കേട്ടല്ലോ ഇനി കൊടുത്തതും കിട്ടാത്തതും ആയ കണക്കുകൾ നിരത്താൻ ശ്രമിക്കും മുന്നേ ഇതൊക്കെ ചിന്തിക്കുന്നത് നല്ലതാണ്...  ചെല്ല് അവളെ ഒരുങ്ങാൻ സഹായിക്ക്... " 

   പ്രകാശൻ പറഞ്ഞത് യാതൊന്നും  അവർ നല്ലമനസ്സോടെ കണ്ടില്ല... അതിലും കുറ്റങ്ങൾ ചികയാൻ വ്യഗ്രത കൂട്ടുകയായിരുന്നു അവരുടെ മനസ്സ്. പതിയെ തിരിഞ്ഞു മകളുടെ മുറിയിലേക്ക് പോകുമ്പോഴും തന്നെ എവിടെയും തോല്പിച്ചിട്ടുള്ള പാർവതി... പ്രാകാശന്റെ പെങ്ങളെ കുറിച്ച് ആയിരുന്നു ചിന്ത മുഴുവൻ... അവളോടുള്ള ദേഷ്യം അവളുടെ മരണശേഷം മകനെ ഒറ്റപെടുത്തിയും കുറ്റപെടുത്തിയും സന്തോഷം കണ്ടെത്തുകയായിരുന്നു... അവസാനം അവൻ തന്നെ തന്റെ മകളുടെ ഭർത്താവായി വരികാ... വല്ലാത്തൊരു നാണക്കേടിൽ അകപ്പെട്ടത് പോലെ തോന്നി അവർക്ക്....  അവനാണ് വിവാഹകാര്യം ഇങ്ങോട്ട് ആവശ്യപെട്ടത് എന്ന ഓർമയിൽ വെറുപ്പ് അതികരിക്കുകയും ചെയ്തു. 


     " പിന്നെ  ഒന്ന് നിലക്ക് ഒരു കാര്യംകൂടി... " പ്രകാശന്റെ ആ വിളിയിൽ അവർ അവിടെ തന്നെ നിന്നുകൊണ്ട് അയ്യാളെ തിരിഞ്ഞു നോക്കി. അവൾക്കരികിലേക്ക് വന്നു കൊണ്ട് പ്രകാശൻ തുടർന്നു. 

    " ആദിയുടെ കൂടെ അരുണും കുടുംബവും ഉണ്ടായിരിക്കും... വേണ്ടാത്ത വർത്തനങ്ങൾ മാത്രമേ നാവിൽ നിന്ന് വരൂ അതുകൊണ്ട് നാവിനു വിലക്കിട്ടോളണം...  ഇല്ലെങ്കിൽ ഇപ്പൊ കിട്ടിയത് പോലെ അമ്പലം ആണെന്ന് കൂടി ഓർക്കാതെ ഞാൻ കൈ ഉയർത്തി തരും... " ഒരു താക്കിതോടെ അയ്യാൾ പറഞ്ഞു പുറത്തേക്ക് ഇറങ്ങി.  


    ==================================


      താലിയുമായി അരുൺ മടങ്ങി എത്തുന്നതും കാത്ത് ആദിയും അരുണിന്റെ അമ്മയും അനിയത്തിയും ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു.  


      കടും പച്ചനിറത്തിൽ ഉള്ള ഷർട്ടും അതിന് ചേരുന്ന കര മുണ്ടുമായിരുന്നു ആദിയുടെ വേഷം. കഴിഞ്ഞ ഓണത്തിന് അരുൺ എടുത്തു നല്കിയതായിരുന്നു...  ഓണത്തിന് അവൻ ഒരുപാട് തവണ അത് ധരിക്കാൻ അവൻ പറഞ്ഞെങ്കിലും ആദി അത് കൂട്ടാക്കിയില്ല... ഇന്ന് ഈ വേളയിൽ ഇതണിയുവാൻ എന്തോ അവനു തോന്നി... 

       തനിക്കായി ആദി ഒന്നും വാങ്ങാറില്ല അമ്മാവനോ അരുണോ ഇതുപോലെ എടുത്ത് കൊടുക്കുന്ന വസ്ത്രങ്ങൾ മിക്കതും അലമാരയിൽ തന്നെ ആയിരിക്കും... അതൊന്നും ഇട്ട് പുറത്തു കറങ്ങി നടക്കുവാൻ അവനും ആഗ്രഹിച്ചിരുന്നില്ല... അമ്മ പോയതിൽ പിന്നെ ആഗ്രഹങ്ങൾ ഒന്നും അവനുണ്ടായിരുന്നില്ല... നേരം പുലരുന്നതും അസ്തമിക്കുന്നതും... ഋതുക്കൾ മാറുന്നതൊന്നുമേ തന്നെ ബാധിക്കുന്നില്ലെന്ന മട്ടിൽ അലസമായിരുന്നവന്റെ ജീവിതം... 


   " ഡാ അവർ ഇറങ്ങിയോ എന്ന് വിളിച്ചു നോക്ക്... " അരുണിന്റെ ശബ്ദം ആണ് അവനെ പല ചിന്തകളിലും നിന്ന് ഉണർത്തിയത്. 


    " ഹ...  ഞാൻ വിളിച്ചു നോക്കാം...  അല്ല
താലി... "  അവൻ ചോദിച്ചു. 


   " ആഹാ അപ്പൊ നീ ഇത് ഏത് ലോകത്തു ആയിരുന്നു അനു താലി ഒക്കെ നിനക്ക് മുന്നിൽ കൊണ്ടുകാട്ടിയിരുന്നു..  ദാ നിൽക്കുന്നു ഞാൻ വിളിക്കാം...  " 


   " വേണ്ട... ഞാൻ അമ്മാവനെ വിളിക്കട്ടെ... " ഫോണും എടുത്തു ആദി മുറ്റത്തേക്ക് ഇറങ്ങി. 
മുറ്റത്തു കിടക്കുന്ന കാർ കണ്ടവൻ ആരുടേത് എന്ന ഭാവത്തിൽ അരുണിനെ നോക്കി.  


    " ഷിയാസിന്റേത് ആണ് എല്ലാവർക്കും പോകേണ്ടതല്ലേ...  പിന്നെ പെണ്ണിനെ ബൈക്കിൽ എങ്ങനെ കൊണ്ടുവരും..  അവൻ തന്നയച്ചതാണ്... "  


    "  ഹ്മ്മ്... " വെറുതെ ഒന്ന് മൂളി അപ്പോഴേക്കും കാൾ കണക്ട് ആയി അവൻ അമ്മാവനോട് സംസാരിക്കാൻ തുടങ്ങി...  അധികം നീണ്ടുപോകാതെ ആ സംസാരം നിർത്തി അവൻ അമ്മയുടെ അസ്ഥിതറയ്ക്ക് അരികിലേക്ക് നീങ്ങി...  അമ്മയുടെ അനുഗ്രഹം വാങ്ങി അരുണിനടുത്തേക്ക് വന്നു. 

    
    " അവർ ഇറങ്ങി എന്ന്... " 

    
     " എങ്കിൽ നമുക്കും ഇറങ്ങാം...  "  


     " ഹ...  ഒരു നിമിഷം..." അവൻ അരുണിന്റെ അമ്മയുടെ കൈപിടിച്ച് ഇറയത്തേക്ക് കയറി. 


     " പ്രസവിച്ചു മുലയൂട്ടി ഇല്ലെന്നേ ഉള്ളു...  അമ്മയുടെ സ്ഥാനം തന്നെയാണ് മനസ്സിൽ...  ചടങ്ങുകൾ അതിന്റെ രീതിയിൽ ഒന്നും അല്ല...  പുതിയോരു തുടക്കമാണ്...  അമ്മ എന്നെ അനുഗ്രഹിക്കണം... " അത്രയും പറഞ്ഞവൻ അവരുടെ കാലിൽ തൊട്ടു. 


    നിറഞ്ഞകണ്ണുകൾ നേര്യതിന്റെ തുമ്പിൽ ഒപ്പിയെടുത്ത് അവർ അവനെ മനസ്സ് നിറഞ്ഞു അനുഗ്രഹിച്ചു കൊണ്ട് തോളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു. 


    " എന്നും അമ്മയുടെ അനുഗ്രഹം കൂടെ ഉണ്ടാകും... നീ എനിക്ക് എന്റെ അരുണിനെ പോലെ തന്നെയാണ്... എന്റെ മകനാണ്.. " 


        കണ്ടുനിന്ന അരുണിന്റെയും അനുവിന്റെയും കണ്ണുകളും നിറഞ്ഞു...  


      ആദി അനുവിന് അരികിലേക്ക് വന്നുകൊണ്ട് അവളോടായി പറഞ്ഞു..  

    " താലികെട്ടുമ്പോൾ പെങ്ങളുടെ സ്ഥാനം നിനക്കാട്ടോടി വായാടി... " സമ്മതമായി അവൾ പുഞ്ചിരിച്ചു... 


        " ഇറങ്ങാം... " അരുൺ ചോദിച്ചു. കാരണം അവർക്കിരുവർക്കുമിടയിൽ പലപ്പോഴും സംസാരത്തിന്റെ ആവിശ്യം പോലും ഇല്ലായിരുന്നു... അത്രമേൽ പരസ്പരം അവർ മനസ്സിലാക്കിയിരുന്നു... 


     ഒരിക്കൽ കൂടി അമ്മയുടെ അസ്ഥിത്തറയിലേക്ക് നോക്കി അവൻ കാറിലേക്ക് കയറി...  വണ്ടി ഗേറ്റ് കടക്കുവോളം അവൻ അവിടേക്ക് തന്നെ മിഴി പതിപ്പിച്ചു  

                                     തുടരും...  

          എല്ലാരുടെയും അഭിപ്രായങ്ങൾ വായിക്കുന്നുണ്ടെട്ടോ...  ഒരുപാട് സന്തോഷവും സ്നേഹവും എല്ലാരോടും ❤️❤️❤️


     അപ്പൊ നാളെ കല്യാണം ആണ് ചെറിയൊരു ചടങ്ങ് മാത്രമേ ഉള്ളു...  എങ്കിലും ആദിയക്കും പാറുവിനും വേണ്ടി ഞാൻ എല്ലാരേയും കല്യാണത്തിന് ക്ഷണിക്കുന്നു... 

      
       അപ്പൊ വായിച്ചിട്ട് അഭിപ്രായം പറയണേ...  


എന്നെന്നും നിൻചാരെ  - 4

എന്നെന്നും നിൻചാരെ - 4

4.7
4939

എന്നെന്നും നിൻചാരെ   ✍️ 🔥 അഗ്നി  🔥  ഭാഗം : 4        കാറിൽ തളംകെട്ടി നിന്ന നിശബ്ദതയെ ബേധിച്ചുകൊണ്ട് അരുണിന്റെ അമ്മ സംസാരിച്ചു തുടങ്ങി.    " മോനെ...  നീ താലി വാങ്ങാൻ പോയപ്പോൾ പുടവകൂടി വാങ്ങിയില്ലേ...  രാവിലെ കൂടെ ഞാൻ ഓർമിപ്പിച്ചതായിരുന്നല്ലോ. "     " ഓ... പുടവ കൊടുത്തു കേറ്റണ്ടെ കെട്ടിലമ്മയല്ലേ..." പല്ല് കൂട്ടി കടിച്ചു അവൻ പറഞ്ഞു...  പുറകിലെ സീറ്റിൽ ഇരുന്നത് കൊണ്ട് അമ്മയ്ക്കോ അനുവിനോ  അത് വ്യക്തമായി കേൾക്കാൻ സാധിച്ചിരുന്നില്ല...  വേറെന്തെല്ലാമോ ചിന്തയിൽ ആയിരുന്നത് കൊണ്ട് ആദിയും അവൻ പറഞ്ഞത് എന്തെന്ന് ശ്രദ്ധ