എന്നെന്നും നിൻചാരെ
✍️ 🔥 അഗ്നി 🔥
ഭാഗം : 4
കാറിൽ തളംകെട്ടി നിന്ന നിശബ്ദതയെ ബേധിച്ചുകൊണ്ട് അരുണിന്റെ അമ്മ സംസാരിച്ചു തുടങ്ങി.
" മോനെ... നീ താലി വാങ്ങാൻ പോയപ്പോൾ പുടവകൂടി വാങ്ങിയില്ലേ... രാവിലെ കൂടെ ഞാൻ ഓർമിപ്പിച്ചതായിരുന്നല്ലോ. "
" ഓ... പുടവ കൊടുത്തു കേറ്റണ്ടെ കെട്ടിലമ്മയല്ലേ..." പല്ല് കൂട്ടി കടിച്ചു അവൻ പറഞ്ഞു... പുറകിലെ സീറ്റിൽ ഇരുന്നത് കൊണ്ട് അമ്മയ്ക്കോ അനുവിനോ അത് വ്യക്തമായി കേൾക്കാൻ സാധിച്ചിരുന്നില്ല... വേറെന്തെല്ലാമോ ചിന്തയിൽ ആയിരുന്നത് കൊണ്ട് ആദിയും അവൻ പറഞ്ഞത് എന്തെന്ന് ശ്രദ്ധിച്ചില്ല.
" എന്താ ഏട്ടാ ഈ പിറുപിറുക്കുന്നെ... "
" അതൊക്കെ വാങ്ങിയിട്ട് ഉണ്ട് അമ്മേ... അവിടെ ഇരിക്കുന്ന കവറിൽ ഉണ്ട്.. " അത്രയും പറഞ്ഞവൻ സംസാരം അവസാനിപ്പിച്ചു ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
===============================
" ഇത്ര തിടുക്കത്തിൽ ഈ കല്യാണം നടത്താണായിരുന്നോ നാത്തൂനേ... അതും ആ ചെക്കൻ... ജാതകപ്പൊരുത്തം, കല്യാണത്തിന് അനുയോജ്യമായ സമയം എന്നൊക്കേ പറഞ്ഞു ഇത്ര പെട്ടന്ന് ഒരു തീരുമാനം വേണ്ടിയിരുന്നോ.. അതോ ഇനി മറ്റെന്തെങ്കിലും കാരണം ആണോ."
സാവിത്രിയുടെ സഹോദരഭാര്യ അവരോടായി ചോദിച്ചു...
" വേറെന്ത്... നീ എന്താ ലളിതെ ഓരോന്നൊക്കെ മനസ്സിൽ വെച്ചു സംസാരിക്കുന്നെ... പിന്നെ കല്യാണം നേരത്തെ ആക്കിയത് ജ്യോൽസ്യൻ പറഞ്ഞത് കൊണ്ടുതന്നെയാണ്... അല്ലാണ്ട് നിങ്ങളെ ഒക്കെ ഒളിക്കാനും മാത്രം എന്താ ഉള്ളത്... പിന്നെ ആദി... അവന്റെയും പാറുവിന്റെയും കല്യാണം ചെറുതിലെ പറഞ്ഞു വെച്ചത് ആണല്ലോ... പിന്നെ എനിക്ക് അവനോടു ചെറിയ മുഷിച്ചിൽ ഉണ്ടെങ്കിലും മോൾക്കും ഏട്ടനും അവനെന്നു പറഞ്ഞാൽ ജീവൻ ആണ്."
അമ്മ പറയുന്നത് കെട്ട് പാറു ഞെട്ടി തരിച്ചു... തനിക്ക് ആദിയെ ഇഷ്ടം ആണെന്ന് പറഞ്ഞത്, അവൾ ഒരു മുഷിച്ചിലോടെ അവരെ നോക്കി... പിന്നെ താൻ ഇപ്പൊ സംസാരിക്കാതിരിക്കുന്നതാണ് ബുദ്ധി എന്ന ചിന്തയിൽ അവൾ മൗനം പൂണ്ടു.
" ആദി... നല്ല പയ്യൻ ആണ്... എന്റെ പെങ്ങളുടെ സ്വഭാവം എനിക്ക് നന്നായി അറിയാം... പക്ഷെ പാറു... അവൾക്ക് അവനോടു വെറുപ്പ് ആയിരുന്നെന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല... " പ്രകാശനോടായി സാവിത്രിയുടെ സഹോദരൻ സച്ചിദാനന്ദൻ പറഞ്ഞു.
" എന്റെ കുട്ടി ഉള്ളോണ്ട് വലിയൊരു മാനക്കേട് ഒഴിഞ്ഞു... ആ നിഖിൽ എന്ന് പറയുന്ന പയ്യനെ ഞാനും ആദിയും കൂടി കാണാൻ പോയിരുന്നു... അന്ന് അവൻ പറഞ്ഞ ഭാഷ ഒരു അച്ഛൻ എന്നനിലയിൽ എനിക്ക് കേട്ടാൽ അറക്കുന്ന തരത്തിൽ ആയിരുന്നു... അവിടുന്ന് ഇറങ്ങുമ്പോൾ മനസ്സിൽ മരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അത് മനസ്സിലാക്കിയപ്പോലേ അവൻ എന്നെ ചേർത്ത് നിർത്തി... അവളെയും എന്നെയും എല്ലാം മാനക്കേടിൽ നിന്ന് രക്ഷിക്കാൻ സ്വയം ത്യാഗിയായി... " പറഞ്ഞു കഴിഞ്ഞതും പ്രകാശൻ കരഞ്ഞു പോയിരുന്നു.
സച്ചിദാനന്ദൻ അളിയനെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.
" ഇതെല്ലാം ഒരു ദൈവനിയോഗമാണ്... വിധി ഇങ്ങനോക്കെ ആണെന്ന് ചിന്തിക്കു... ഇങ്ങനെ ഒന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടേൽ അതിനു പിന്നിൽ എന്തെങ്കിലും നിയോഗങ്ങളും ഉണ്ടാകും... തീർച്ചയായും ആദിയെ അടുത്തറിയുമ്പോൾ പാറുവിനും അവനെ ഇഷ്ടമാകും... അളിയൻ ചുമ്മാ ടെൻഷൻ അടിക്കല്ലേ... "
" ഹ്മ്മ് എല്ലാം നല്ലതിനെന്ന് വിശ്വസിക്കാം... " പ്രകാശൻ ഒന്ന് ദീർഘമായി നിശ്വസിച്ചു.
" ദാ ഒരു കാർ വരുന്നു അവരാണെന്ന് തോന്നുന്നു. അളിയൻ വരൂ നമുക്ക് അവരെ കൂട്ടിവരാം... " സച്ചിദാനന്ദൻ പ്രകാശനെയും കൂട്ടി വണ്ടിക്ക് അരികിലേക്ക് നടന്നു.
അവർ പുറത്തേക്കു ഇറങ്ങുന്നത് കണ്ടു ലളിത പറഞ്ഞു. " അവർ വന്നെന്ന് തോന്നുന്നു സച്ചിയേട്ടൻ ഒക്കെ പുറത്തേക്ക് ഇറങ്ങുന്നു.
" ഓ... ഇങ്ങോട്ട് തന്നല്ലേ അവർ വരുന്നത്.. ആനയിച്ചു എഴുന്നെള്ളിക്കണം എന്നുണ്ടോ... " സാവിത്രി ഗർവോടെ പറഞ്ഞു.
" നല്ലൊരു ദിവസം ആയിട്ട് മിണ്ടാതിരിക്ക് നാത്തൂനേ... "
അത്രയും നേരം പരിഭ്രമം ഏതുമില്ലാതെ നിന്നിരുന്ന പാറുവിന്റെ ഉള്ളിൽ അവർ എത്തിയെന്ന അറിവ് ഒരു വിറയൽ ഉണ്ടാക്കി... ഹൃദയമിടിപ്പ് അതിവേഗതയിൽ ആകുന്നത് അവൾ തിരിച്ചറിഞ്ഞു. മിഴികൾ അവർക്കായി തിരയരുതെന്ന് മനസ്സിൽ പറഞ്ഞു പഠിപ്പിക്കുന്ന നിമിഷം, അവളുടെ കണ്ണുകൾ ചതിച്ചിരുന്നു... കരിപ്പച്ചനിറത്തിൽ ഉള്ള ഷർട്ട് ആണ് അവളുടെ മിഴികളിൽ ആദ്യം പതിഞ്ഞത്... സച്ചി അമ്മാവന്റെ അടുത്ത് എന്തൊക്കെയോ സംസാരിക്കുന്നുണ്ടവൻ... അറിയാതെ പോലും അവന്റെ മിഴികൾ തനിക്കായി തിരച്ചിൽ നടത്തുന്നില്ലെന്നവൾ മനസ്സിലാക്കി...
" പണ്ടെങ്ങോ കണ്ടതാണവനെ... ഇപ്പൊ ആളാകെ മാറിയില്ലേ... മീശയൊക്കെ ആയി വല്ലാത്തൊരു മാറ്റം... പാർവതിയുടെ കണ്ണുകൾ ആണല്ലേ അവനു... അല്ല എന്താ അവന്റെ പേര്.... " ലളിതയുടെ ചോദ്യം ആണ് പാറുവിനെ ചിന്തകളിൽ നിന്ന് ഉണർത്തി.
" ആദി... ആദിദേവ്..." ഏതോ ഓർമയിൽ എന്നപോൽ അവളുടെ അധരങ്ങൾ ആ നാമം ഉച്ചരിച്ചു... അവളും ഓർക്കുകയായിരുന്നു ആ പേര് താൻ ഉച്ചരിച്ചിട്ട് വർഷങ്ങൾ ചെന്നിരിക്കുന്നു. തന്നെ ആരോ ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നലിൽ അവൾ വീണ്ടും അവരിലേക്ക് ശ്രദ്ധതിരിച്ചു... തന്നെ വെറുപ്പോടെ നോക്കുന്ന അരുണിനെ കാണെ അവളും അവനെ തിരിച്ചു പുച്ഛഭാവത്തിൽ നോക്കി... താൻ ഒരിക്കലും മാറില്ല എന്ന ഓർമപ്പെടുത്തൽ അവനു നൽകാൻ എന്നപോലെ.
" എന്നാൽ ഇനിയും സമയം വൈകിക്കേണ്ട... രണ്ടാളും പോയി തൊഴുത്തിട്ട് വരൂ... " പ്രകാശൻ ആദിയോടും പാറുവിനോടുമായി പറഞ്ഞു.
" അതെന്തിനാ മോൾ എനിക്ക് ഒപ്പം തൊഴുതതാണ്... ഇപ്പൊ വന്നവർ പോയി തോഴട്ടെ... " സാവിത്രി ആണ് മറുപടി നൽകിയത്.
" അങ്ങനെ ആണോ ചേച്ചി... അവർ വധുവരൻമാർ പോയി തൊഴുത്തിട്ട് വരട്ടെ... ആദിമോൻ ചെല്ല്... പാറു നീ അവനൊപ്പം പോകു. " ഒരു തീർപ്പ് കല്പിക്കും വിധം സച്ചി അത് പറഞ്ഞു.
ആദി പാറുവിനെ ഒന്ന് നോക്കിയശേഷം തൊഴാനായി നടന്നു... അച്ഛനെയും അമ്മാവനെയും നോക്കി പാറുവും അവനെ പിന്തുടർന്നു... അവർ അല്പം നീങ്ങിയതും അവരും ചടങ്ങുകൾക്കായി അകത്തേക്ക് കടന്നു.
ഇരുവരും കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു. രണ്ടുപേരുടെയും മനസ്സ് കലുഷിതമായിരുന്നു.. ഒന്നിനും വേണ്ടി അവർ ദൈവത്തിനോട് അഭ്യർത്ഥിചില്ല.... എല്ലാം ദൈവനിയോഗത്തിന് വിട്ടുകൊടുത്തു.. പ്രസാദം വാങ്ങി നെറ്റിയിൽ ചാർത്തി...
എല്ലാവരും യഥാക്രമത്തിൽ ചടങ്ങുകൾക്കായി കാത്തിരുന്നു... പ്രകാശൻ എടുത്തുകൊടുത്ത താലികോർത്ത ചരട് കൈകളിൽ വാങ്ങി മിഴികൾ ഉയർത്തി പാറുവിനെ നോക്കി... അവളുടെ മൂക്കിൻ തുമ്പിലെ വിയർപ്പുതുള്ളികൾ അവനു മനസ്സിലാക്കി കൊടുത്തു ഈ നിമിഷം അവൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ... അവൻ അനുവാദത്തിനെന്നപോലെ അരുണിനെയും അമ്മയെയും നോക്കി... ശേഷം കഴുത്തിലേക്ക് താലിച്ചരട് ചേർത്ത് ഇരുകണ്ണുകളും അടച്ചു മൂന്നുകെട്ടുകൾ കെട്ടി... പിന്നിൽ നിന്ന് അനു പാറുവിന്റെ മുടി ഉയർത്തി കൊടുത്തിരുന്നു... ശേഷം മോതിരവിരൽ കൊണ്ടവളുടെ നെറുകയിൽ സിന്ദൂരം അണിയിച്ചു...
ദൈവനിയോഗം എന്നപോൽ വീശിയടിച്ച കാറ്റിൽ അമ്പലമണികൾ മുഴങ്ങി.... പ്രകൃതി പോലും ആ കൂടിച്ചേരൽ ആഗ്രഹിച്ചിരുന്നിരിക്കാം... പ്രകാശൻ പാറുവിന്റെ കൈകൾ ആദിയുടെ കൈകളിൽ നൽകി... അയ്യാൾ അതിയായ സന്തോഷത്തിൽ ആയിരുന്നു ആ നിമിഷമത്രയും.
അച്ഛന്റെ സ്ഥാനത്ത് നിന്ന് സച്ചിദാനന്ദൻ ആദിയുടെ കൈകളിൽ പുടവ നൽകി... അവൻ അത് പാറുവിനു കൈമാറി... എല്ലാവരുടെയും അനുഗ്രഹവും വാങ്ങി... പ്രകാശന്റെ താക്കീത് ഓർമയിൽ നിന്നതുകൊണ്ട് സാവിത്രി മനസ്സിലെ അനിഷ്ടം പ്രകടിപ്പിക്കാതെ അനുഗ്രഹിക്കുന്നതായി ഭാവിച്ചു. ക്ഷേത്രത്തിന് വലംവെച്ചു ഒരിക്കൽ കൂടി ഒന്നിച്ചു തൊഴുതവർ ചടങ്ങുകൾ തീർത്തു പുറത്തേക്കിറങ്ങി...
" ആദി... ഇതാ വണ്ടിയുടെ കീ നീ പിടിച്ചോ ഞാൻ അമ്മയെയും അനുവിനെയും കൂട്ടി പോയി വീട്ടിൽ നിങ്ങളെ സ്വീകരിക്കാൻ ഉള്ള ഒരുക്കങ്ങൾ ചെയ്യാം.. " അതും പറഞ്ഞു അരുൺ അവന്റെ കയ്യിലേക്ക് കീ കൊടുത്തു.
" ഡാ നിങ്ങൾ എങ്ങനെ പോകും... "
" അവർ ഞങ്ങൾക്ക് ഒപ്പം പോരും... ഞങ്ങൾ അവിടേക്ക് ആദ്യം ഇറങ്ങാം... അളിയനും പെങ്ങളും അവരുടെ വണ്ടിയിലും വന്നോളും... " സച്ചി ആയിരുന്നു മറുപടി നൽകിയത്.
" എവിടേക്ക് പോകുന്ന കാര്യമാണ്... " സാവിത്രി ചോദിച്ചു.
" അത്.... ആദിയുടെ വീട്ടിൽ ഇവരെ സ്വീകരിക്കാൻ ആരെങ്കിലും ഒക്കെ വേണ്ടേ... ഞങ്ങൾ ആദ്യം അവിടേക്ക് പോകാം എന്ന് പറയുകയായിരുന്നു. "
" അതെന്തിനാ... അവിടേക്ക്... നമുക്ക് വീട്ടിലേക്ക് പോകാം വരുന്നവർക്ക് അവിടേക്ക് വരാം... പാറു... മോൾ പോയി വണ്ടിയിൽ കയറു. "
" എന്താ നാത്തൂനേ ഈ പറയുന്നേ വിവാഹം കഴിഞ്ഞു വധുവരന്മാർ വരന്റെ വീട്ടിലേക്ക് അല്ലെ പോകേണ്ടത്... " ലളിത അല്പം മുനവെച്ചു സംസാരിച്ചു.
" ഓ.... അല്ലെങ്കിൽ എല്ലാം ചടങ്ങ് അനുസരിച്ചു ആയിരുന്നല്ലോ..." അല്പം ഈർഷ്യയോടെ അവർ പറഞ്ഞു.
" സാവിത്രി നീ മിണ്ടാതിരിക്കു... അളിയൻ അവരെയും കൂട്ടി പൊയ്ക്കോളൂ... ഞാനും സാവിത്രിയും പിന്നാലെ വന്നോളാം... " പ്രകാശൻ മറുപടി നൽകി.
അരുൺ ആദിയോട് പറഞ്ഞു അവർക്ക് ഒപ്പം പോയി...
സാവിത്രി മുഖം കനപ്പിച്ചു പിടിച്ചു പ്രകാശനൊപ്പം വണ്ടിയിൽ കയറി...
"ഞങ്ങൾ വീട്ടിൽ ഒന്ന് കയറിയിട്ടേ വരു... പിന്നെ നിങ്ങൾ രണ്ടാളും അടുത്തുള്ള ശിവക്ഷേത്രത്തിൽ കൂടി കയറിയിട്ട് വീട്ടിലേക്ക് പോന്നാൽ മതി... അപ്പോഴേക്കും മുഹൂർത്തം ആകു...."
സമ്മതം എന്നപോൽ ആദി ഇരുവശത്തേക്കും തലചലിപ്പിച്ചു...
ആദിയോട് വണ്ടിയിൽ കയറാൻ ആവിശ്യപ്പെട്ട് ശേഷം പ്രകാശൻ പാറുവിന്റെ തലയിൽ തലോടി നെറ്റിയിൽ സ്നേഹചുംബനം നൽകി അവളെ ആദിക്ക് അരികിൽ കോഡ്രൈവർ സീറ്റിൽ ഇരുത്തി... അവരോടു പുറപ്പെടാൻ ആവശ്യപ്പെട്ടു.
ഇരുവരും ഒരുമിച്ചു ആ യാത്ര ആരംഭിച്ചു... പരസ്പരം മനസ്സിനെ ഉലക്കുന്ന ചിന്തകളും പേറി...
തുടരും....
അപ്പൊ വായിച്ചു നോക്കി അഭിപ്രായം പറയണേ...
ഇനി അവരുടെ ജീവിതം എങ്ങനെ ആകുമെന്ന് അടുത്ത പാർട്ടുകളിൽ അറിയാം... കാത്തിരിക്കണേ....