Aksharathalukal

വിൻസെന്റ് ബംഗ്ലാവ് (ഭാഗം-06)

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

                 നല്ല നിലാവുള്ള രാത്രി.

                 മുളകൾ കൊണ്ട് കാട് പിടിച്ച് കിടക്കുന്നതിന്റെ അരികെയുളള വിജനമായ റോഡ്,

ഇടയ്ക്ക് കേൾക്കുന്ന ചീവിടിന്റെ ശബ്ദം ഒഴിച്ചാൽ പൂർണ നിശ്ശബ്ദത.

ഹെഡ് ലൈറ്റിന്റെ സഹായത്തോടെ നീല വാൻ കുതിച്ച് പാഞ്ഞു.

ഇരുൾ മൂടി കിടക്കുന്ന വഴിയെ ഒരു ദയയുമില്ലാതെ ഹെഡ് ലൈറ്റിന്റെ വെളിച്ചം കീറി മുറിച്ച് പോയി കൊണ്ടിരുന്നു

ഇരുവശങ്ങളലും നേരിയ ഇരുട്ട് കട്ട പിടിച്ചിരുന്നു.

ഇടത് വശത്ത് വന്യമായ കാടാണെന്നും, വലത് വശത്ത് ഒരു വലിയ കിടങ്ങാണെന്നും നിലാവിന്റെ നേരിയ വെളിച്ചത്തിൽ മനസ്സിലായി

ആ കിടങ്ങുകളിൽ പേരറിയാത്ത ഒരുപാട് കൂറ്റൻ മരങ്ങൾ നിന്നിരുന്നു

അതിൻ മുകളിൽ എന്തൊക്കെയോ ഉണ്ടെന്നുള്ളതിന്റെ സാന്നിദ്ധൃമറിയിച്ചു, മരച്ചില്ലകൾ ശക്തമായി ഇളകുണ്ടായിരുന്നൂ

തുറന്നിട്ട ഗ്ലാസിലൂടെ പാലായനം ചെയ്യുന്ന തണുത്ത കാറ്റ് അവരെ ഇമ്പം കൊള്ളിച്ചു

അടിച്ചു മധോമക്തനായി.... 
ഉന്മാദ ലഹരിയിൽ ലയിച്ചു വണ്ടി ഓടിക്കുവായിരുന്ന വർക്കി  വഴു വഴുപ്പൻ നാവോടെ ഒരു പഴയ സിനിമ ഗാനം പാടി കൊണ്ടിരുന്നു

🎶🎶🎶വെളുക്കുമ്പോൾ കുളിക്കുവാൻ
പോകുന്ന വഴി വക്കിൽ
വേലിക്കൽ നിന്നവനേ.......🎶🎶🎶🎶

🎶🎶🎶🎶കൊച്ചു കിളിച്ചുണ്ടൻ മാ...മ്പഴം
കടിച്ചു കൊണ്ടെന്നോട് 
കിന്നാ...രം പറഞ്ഞവനേ......🎶🎶🎶🎶

🎶🎶🎶🎶എന്നോട് കിന്നാ....രം പറഞ്ഞവനേ.....🎶🎶🎶🎶

"ആഹാ.... ബലെ ഭേഷ്........!!!!!"
രവി പോത്സാഹനം എന്നോണം പറഞ്ഞു

"എടാ.... രവിയെ ഇതെന്തോന്ന് സാധനമാടാ നീ എനിക്ക് തന്നത്. വല്ലാത്ത ഒരു ആനന്ദം തോന്നുന്നു"

"ആശാനെ...  ഇത് നമ്മുടെ രാഘവന്റെ കഞ്ചാവ് ഇട്ട് വാറ്റിയാ സാധനം ആണ്. അങ്ങനെ പലതും തോന്നും"

"എടാ ഉവ്വേ.... ഞാൻ പറക്കുവാടാ..."

"ആശാൻ പറക്കുവല്ലെ.... ഞാൻ ഇവിടെ പറന്ന് പറന്ന് ആകാശത്തിൻ മുകളിൽ ഒരു കൂടാരം തന്നെ കൂട്ടി കഴിഞ്ഞു"

അത് കേട്ട് വലിയ വായയിൽ വർക്കി ചിരിച്ചു 

"ഹ ഹ ഹ ഹ ഹ... ഹാാ......"

"ആശാനെ ഇത് അടിച്ച് ചിരിക്കല്ലെ... പിന്നെ ചിരി നിർത്താൻ പറ്റില്ല കേട്ടാ..."

ഇത് കേട്ട് വർക്കി ഒന്ന് ചിരി നിർത്തി രവിയെ മിഴിച്ച് നോക്കി....

വീണ്ടും ചിരിക്കാൻ തുടങ്ങി....

പിന്നെ വീണ്ടും അവർ ഒരുമിച്ച് പാടി കൊണ്ടിരുന്നു

🎶🎶കദളി.... ചെൻ 
കദളി.... ചെൻ 
കദളി പൂ വേണോ......🎶🎶

ആ വരികൾ അന്തരീക്ഷത്തിൽ പറന്ന് നടന്നു.... പിന്നീട് പ്രകൃതിയിൽ ലയിച്ചു.

വാൻ റോഡിലൂടെ പോയ്ക്കൊണ്ടിരുന്നു...

മരച്ചില്ലകളിൽ നിന്ന് മഞ്ഞിൻ കണങ്ങൾ ഇറ്റുന്നുണ്ടോ എന്ന് സംശയിച്ചു

ഒരു ചെറിയ വളവ് കഴിഞ്ഞതും,

റോഡിന്റെ ഒരു വശം ചേർന്ന് ഒരാൾ കുനിപ്പിടിച്ചു, ധൃതിയിൽ നടന്നു പോവുന്നത് കണ്ടു

"ദേ.... ടാ... രവിയെ ഒരാള് നടന്നു പോവുന്നു"

ഇതും പറഞ്ഞ് വർക്കി അയാളുടെ പിന്നിലായി വണ്ടി ചവിട്ടി നിർത്തി...

അയാളെ ഉറക്കെ വിളിച്ചു ചോദിച്ചു

"ഹലോ ചേട്ടായി... ഒരു കാര്യം ചോദിച്ചോട്ടെ....?!!!"

അയാൾ ഒന്ന് നിന്നു.

ശേഷം പതിയെ തിരിഞ്ഞു...

കുഴിഞ്ഞ കണ്ണുകളും, ചുക്കി ചുളിഞ്ഞ മുഖവുമായി തിരിഞ്ഞു നോക്കിയ ആളെ കണ്ട് വർക്കിയുടെ മുഖം വിറങ്ങലിച്ചു

തന്റെ തലക്ക് ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു പോയി

കുറച്ച് മുൻപ് തനിക്ക് വഴി പറഞ്ഞു തന്ന ആ വൃദ്ധൻ ഇതാ തൊട്ട് മുൻപിൽ ഒരു പൈശാചിക ചിരിയുമായി നിൽക്കുന്നു

ഇത് കണ്ട വർക്കിയും, രവിയും അന്തം വിട്ട് പരസ്പരം നോക്കി

വൃദ്ധനായ മനുഷ്യൻ തന്റെ വലത് കൈ റോഡിലേക്ക് നീട്ടി പിടിച്ച് തങ്ങളുടെ വണ്ടിയുടെ അടുത്തേക്ക് വല്ലാത്ത ഒരു ഭാവത്തോടെ വരുന്നു....

അയാളുടെ കൈ കണ്ടപ്പോൾ ഭീതി അത്യന്തികം വർദ്ധിച്ചു

ചുക്കി ചുളിഞ്ഞ, മാംസം ലവലേശം പോലും ഇല്ലാത്ത മെലിഞ്ഞ കൈ ആയിരുന്നു

ആ കൈകൾക്ക് നീളം കൂടി വരുന്നുണ്ടോ എന്ന് സംശയിച്ചു 

അയാൾ ശരീരം കൂടുതലായി മറയുന്ന, പ്രത്യേക തരത്തിലുള്ള ഒരു വെള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്

അയാൾ മെല്ലെ മെല്ലെ വണ്ടി ലക്ഷ്യമാക്കി വന്നു

അയാൾ അടുത്ത് വരും തോറും അയാളുടെ മുഖം കൂടുതൽ പൈശാചികമായി തോന്നി തുടങ്ങി

വർക്കിയുടെ ഡോറിന് അടുത്തേക്ക് അയാൾ എത്തിയതും

അഴുകി ദ്രവിച്ച മാംസത്തിന്റെ മണം മൂക്കിലൂടെ അടിച്ചു കയറി 

വർക്കിയുടെ ചെന്നിയിൽ നിന്ന് വിയർപ്പ് കണങ്ങൾ വീണ് തുടങ്ങി

അയാൾ തന്റെ ചുക്കി ചുളിഞ്ഞ മുഖം ഡോറിന്‌ ഉള്ളിലേക്ക് നീട്ടിയതും,

എവിടെയെന്നോ കിട്ടിയ ധൈര്യത്തിൽ വർക്കി ആക്‌സിലേറ്ററിൽ കാല് അമർത്തി പറപ്പിച്ചു വിട്ടു

"ആശാനെ പതുക്കെ പോ... ഇല്ലേൽ വണ്ടി എവിടെയെങ്കിലും ഇടിക്കും കേട്ടോ...."

വിറയലോടെ രവി പറഞ്ഞൊപ്പിച്ചു

"എടാ... എന്തുവാടാ... ഇപ്പൊ കണ്ടത്...? പ്രേതം ആണോ...?"

"ആഹ്‌... അറിയത്തില്ല ആശാനെ... എന്തോ പന്തികേട് ഉണ്ട്"

"പന്തികേട്....? എടാ പൊട്ടാ... അതിന്റെ കാല് നിലത്ത് കുത്തിയിരുന്നില്ല...!!!"

രവി ഞെട്ടി  തുറിച്ചു നോക്കി

വണ്ടി മുൻപോട്ട് പോയി കൊണ്ടിരുന്നു...

"ആശാനെ... എനിക്ക് വല്ലാതെ പേടിയാകുന്നു. നമ്മൾ ഇത് കുറേ നേരമായി പോയി കൊണ്ടിരിക്കുന്നു... ചെക്ക്പോസ്റ്റിലെ ഏമാൻ പറഞ്ഞത് വെച്ച് നോക്കിയാൽ ചെറിയ റോഡിൽ കേറിയാൽ പിന്നെ അധികം ദൂരം ഇല്ല എന്നല്ലേ...?"

അത് തന്നെയാണ് കുറച്ച് നേരമായി താൻ ചിന്തിച്ചു കൊണ്ടിരിക്കുന്നത്. 
ഇതിപ്പോ കുറേ നേരമായി

വേവലാതിയോടെ വർക്കി ചുറ്റും നോക്കി വണ്ടി ഓടിച്ചു കൊണ്ടിരുന്നു

ചുറ്റുമുള്ള മരച്ചില്ലകൾ ചെറുതായി ഉലയുന്നുണ്ടായിരുന്നു

വല്ലാത്ത ഒരു മതിഭ്രമത്തിൽ ആയിരുന്ന വർക്കിയെ ഉണർത്തിയത്,
മുന്നിലേക്ക് കൈ ചൂണ്ടി കൊണ്ടുള്ള രവിയുടെ ഇടറിയ ശബ്ദമായിരുന്നു

"അതാ.... അവിടെ...."

മുൻപിലോട്ട്‌ നോക്കിയ വർക്കിയുടെ തൊണ്ടയിൽ നിന്ന് ഒരു അർത്തനാദം മുഴങ്ങി

അവിശ്വസനീയമായ കാഴ്ച്ച......!!!!!!!

തന്റെ കണ്ണുകൾ തന്നെ വഞ്ചിക്കുകയാണെന്ന് ഒരു വേള സംശയിച്ചു

അവിടെ ഇടത് വശത്തുള്ള ഒരു ഭീമൻ വൃക്ഷത്തിന്റെ..... റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന വലിയ മരച്ചില്ലയിൽ,

ആ വെള്ള വസ്ത്രം ധരിച്ച വിചിത്ര വൃദ്ധൻ,
താങ്കളെ കാത്തു നിൽക്കുന്നതെന്ന രീതിയിൽ..... ഒരു വവ്വാലിനെ പോലെ കണ്ണുമടച്ച് തല കീഴായി തൂങ്ങി കിടക്കുന്നു

തന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് കണങ്ങൾ ധാര ധാരയായി ഒലിച്ചിറങ്ങി.

അതിന്റെ അടുത്ത് എത്താനായതും,
വർക്കി അതിനെ സൂക്ഷിച്ചു നോക്കി

കടും ചുവപ്പിലുള്ള അതിന്റെ കുഴിഞ്ഞ കണ്ണുകൾ തുറന്നു

ഭയാനകമായ ആ നിമിഷം....

"കർത്താവേ...... കാത്തോളണേ....."

എന്ന് അലറി വർക്കിയുടെ കാലുകൾ സഡൻ ബ്രേകിൽ അമർന്നതും,

ആ ജീവി നിലത്തേക്ക് ചാടിയതും ഒരുമിച്ചായിരുന്നു

വണ്ടി ഒരു കുലുകത്തോടെ നിന്നു

അതിന്റെ ആഘാതത്തിൽ വർക്കിയുടെ തല സ്റ്റിയറിങ്ങിൽ വന്നിടിച്ചതിന് ശേഷം പിന്നിലേക്ക് ചാഞ്ഞു

വാനിന്റെ ഹെഡ്ലൈറ്റ് അണഞ്ഞു

സ്വബോധം കിട്ടിയതും മുന്നിലേക്ക് നോക്കി

ഒന്നും കാണാൻ കഴിഞ്ഞില്ല

അവർ ഇരുവശവും പരിഭ്രാന്തിയോടെ നോക്കി കൊണ്ടിരുന്നു

എങ്ങും വല്ലാത്ത ഒരു നിശ്ശബ്ദത...

ഉദ്ധ്യോജനകമായ നിമിഷം...

ഏത് നിമിഷവും എന്തും സംഭവിക്കാം എന്ന പ്രതീതിയോടെ ഇരുന്നു

മരണത്തിന്റെ ഭീതിയോടെ ഒരു കാറ്റ് തന്നെ തഴുകി പോയി

സമയം കടന്നു പോയി കൊണ്ടിരുന്നു...

ചെറിയ രീതിയിൽ ഇളകുന്ന ചില്ലകൾ പോലും, തന്നെ ഭയത്തിന്റെ മുൾമുനയിൽ നിർത്തി

ശ്വാസമടക്കി പിടിച്ച് ഇരുന്നു...

കുത്തിച്ചൂടാന്റെ കരച്ചിലും, രവിയുടെ തേങ്ങലും ഇടവിട്ട് കേട്ടുകൊണ്ടിരുന്നത് ഒഴിച്ചാൽ പൂർണ നിശ്ശബ്ദത

ആ നിശബ്ദതയെ ഭേദിച്ച്
"ട്ടക്ക്‌" എന്ന ഒരു ശബ്ദം മുഴങ്ങി

അവർ ഞെട്ടി മുമ്പിലോട്ട്‌ നോക്കി

അപ്രതീക്ഷമായി വന്ന നിലാവിന്റെ വെളിച്ചത്തിൽ വൃക്തമായി കണ്ടു

തന്റെ നീണ്ടു കൂർത്ത കൈ ബോണറ്റിൽ വെച്ച് കൊണ്ട്....

ആ വിചിത്ര ജീവിയുടെ ചോര കണ്ണുകൾ പ്രത്യക്ഷപ്പെട്ടു

പിന്നാലെ മറു കൈയ്യും ബോണറ്റിൽ വെച്ച് കൊണ്ട്,
ഒരു പല്ലിയെ പോലെ പറ്റി പിടിച്ച് കയറി വരുന്നു

തന്റെ സകല നാഡി ഞരമ്പുകളും വലിഞ്ഞു മുറുകി

തന്നെ കൂടുതൽ ഭയപ്പെടുത്തിയത് ആ ജീവിയിൽ വന്ന മാറ്റമായിരുന്നു

ശരീരത്തിൽ വസ്ത്രം ഇല്ലെന്ന് മാത്രമല്ല,
അയാൾ പൂർണമായും ഒരു ഭീകര സത്വം ആയി മാറിയിരിക്കുന്നു

തന്റെ ഹൃദയം ദൃഢഗതിയിൽ ഇടിച്ചു കൊണ്ടിരുന്നു....

ആ ജീവി സാവധാനം കയറി വന്നു...

ചുറ്റുമുള്ള കാട്ടു ചെടികളും, മരച്ചില്ലകളും, പുല്ലുകളും സർവശക്തിയിൽ ആടി ഉലഞ്ഞു

ഉണങ്ങിയ ഇലകൾ പാറി നടന്നു

വിറക്കുന്ന കൈകളോടെ വർക്കി ചാവി തിരിച്ചു കൊണ്ടിരുന്നു

നാവിൽ നിന്ന് യേശുവിനെ സ്തുതിച്ചു കൊണ്ടുള്ള വചനങ്ങൾ വിക്കലോടെ ഉയർന്നു

"ക്ർ... ക്ർർ... ക്ർർ... ക്ർർ"

എന്ന ശബ്ദമല്ലാതെ വണ്ടി സ്റ്റാർട്ട് ആയില്ല.

നിമിഷങ്ങൾ കടന്നു പോവും തോറും ആ ജീവി കൂടുതൽ അടുത്തു


"ആ..ശാനെ... ന്തേലും ചെ..യ്യ് ആശാ...നെ"

രവിയുടെ പതറിയ ശബ്ദം ചെവിയിൽ വന്നടിച്ചു

"സർ...വ്വ തിന്മകളി..ൽ നിന്നും കാ...ക്കുന്ന കർത്താ....വേ......"

വർക്കി വിറങ്ങലിച്ച നാവോടെ പ്രാർത്ഥിച്ചു കൊണ്ടിരുന്നു

"അ...ത് നമ്മ..ളെ കൊല്ലും ആശാ...നെ"

"തന്റെ തൂവലു....കൾ കൊണ്ട് അവി...ടുന്ന് നിന്നെ മ...റച്ചു കൊ....ള്ളും."

"എ..ന്തേലും ചെ..യ്യൂ... ആശാനെ...."
രവി പിറു പിറുത്ത് കൊണ്ടിരുന്നു

കണ്ണും പൂട്ടി പ്രാർത്ഥന തുടർന്നു

"അവിട...ത്തെ ചിറകു..കളുടെ കീഴിൽ നിനക്ക് അ...ഭയം ലഭി...ക്കും"

"ആശാനെ... പ്രാർത്ഥിച്ചു കാര്യമില്ല... ന്തേലും... ചെയ്യ്"
കരഞ്ഞു കൊണ്ടിരുന്നു

"മിണ്ടാതെ ഇരിക്കടാ ശവമേ...........!!!!!!!"
ക്ഷുഭിതനായി വർക്കി

"നിൻ പാ...ദങ്ങൾ പുൽ...കാൻ....
നി...ൻ കൃപയി...ൻ ആഴം അ...റിയാൻ...."

"ആശാനെ...."
രവി അവസാനമെന്നോണം ദയനീയമായി കരഞ്ഞു 

ഇനി ഒന്നും ചെയ്യാൻ ഇല്ല എന്ന് മനസിലായതോടെ
വർക്കി സർവ്വ ശക്തിയുമെടുത്ത് അലറി കൊണ്ട് പറഞ്ഞു

"അവിടുന്ന് നിനക് കവചയും, പരിചയും ആയിരിക്കണമേ"

ആരോ പിടിച്ച് നിർത്തിയത് പോലെ കാറ്റുകൾ നിലച്ചു

പെട്ടെന്ന് എല്ലാം നിശ്ശബ്ദതമായ പോലെ തോന്നി!!!!!

കുറച്ച് നിമിഷങ്ങൾ കടന്നു പോയതും

അപ്പോഴും കണ്ണുകൾ മുറുക്കി അടച്ച് പിടിച്ച് തന്നെ നിന്ന വർക്കിയുടെ ചെവിയിൽ....

"ആ...ശാ...നെ" 
എന്ന് നേർത്ത ശബ്ദത്തിൽ മന്ത്രിക്കുന്നത് കേട്ടു

ഭയന്ന വർക്കി സംശയത്തോടെ, മിടിക്കുന്ന കണ്ണുകൾ മെല്ലെ തുറന്നപ്പോൾ കണ്ടത്....

ആ നിമിഷം,

തന്റെ ശ്വാസം നിലച്ചുവോ .....?

ശരീരത്തിലൂടെ ഒരു വൈദ്യുതി കടന്നു പോയത് പോലെ

ഭയം കൊണ്ട് തന്റെ കണ്ണ് തുറിച്ചു വന്നു

തൊട്ട് മുൻപിലുള്ള ഗ്ലാസിന് മറുവശം വികൃതമായ, തികച്ചും പൈശാചികമായ മുഖത്തോടെ തന്നെ ഉറ്റു നോക്കി.......

വാൽ പോലെ നീണ്ട നാവ് കൊണ്ട് ഗ്ലാസ്സിൽ ഉരകുന്ന നികൃഷ്ട ജീവി.

അതിന്റെ വായയിൽ നിന്നും കട്ടിയുള്ള എന്തോ ദ്രാവകം ഗ്ലാസ്സിലേക്ക് ഇറ്റ് വീഴുന്നുണ്ടായിരുന്നു.

കടു ചുവപ്പൻ കണ്ണുകളായിരുന്നു അതിനുള്ളത്.

പാമ്പിന്റെ തോലിനോട് സാമ്യം തോന്നും വിധം,
കരിപച്ച നിറത്തിൽ മഞ്ഞ പുള്ളികളുള്ള തൊലികൾ ആയിരുന്നു ദേഹം മുഴുവൻ.


ഇത്ര അടുത്ത് ആ വികൃത മുഖം കാണുന്നത്

മരണത്തിന് തുല്യമാണെന്ന് തോന്നി

തന്റെ കണ്ണിലെ ഞെരമ്പ് ഒന്ന് പിടഞ്ഞുവോ

തന്റെ കൈ കാലുകൾ ഇളക്കാൻ ഒന്ന് ശ്രമിച്ചു നോക്കി

ഇല്ല തനിക്ക് കഴിയുന്നില്ല

ഭയം തന്നെ മുഴുവനായി വിഴുങ്ങിയിരിക്കുന്നു

തന്റെ മരണം അടുത്തെത്തി എന്ന് മനസ്സിലായ,
വർക്കിയുടെ നാവിൽ നിന്ന്
ഇട മുറിഞ്ഞു കൊണ്ട് ചില വാക്കുകൾ
വീണു

"ഈശോയെ... നിന്റെ വിധി പോലെ നടക്കട്ടെ. ഞാൻ നിന്നിൽ അർപ്പിക്കുന്നു......"

ഇത് കേട്ടത് കൊണ്ടോ, എന്തോ അഴുക്കി അസഹനീയമായ വായ തുറന്ന് തന്നെ ഇളിച്ചു, പരിഹസിച്ച് കാണിച്ചു കൊണ്ട്....

പതിയെ തല ഒരു വശത്തിലൂടെ കൊണ്ട് വന്ന് ഡോറിലൂടെ നീട്ടി....

................തുടങ്ങിയതും.......!!!!!!!

ദൂരെ എവിടെയോ ചെന്നയ്ക്കൾ ഒരിയിടുന്ന ശബ്ദം കേട്ട് തുടങ്ങി.

ആരെയോ വരവേൽക്കാൻ എന്ന പോലെ ചെടികളും, മരച്ചില്ലകളും ആടിയുലഞ്ഞു

എന്തിനെയോ സൂചിപ്പിക്കാനെന്ന വിധം ആകാശത്ത് ഇടി മിന്നലുകൾ വെട്ടി.

ഇടത്ത് വശത്തുള്ള കുറ്റി കാട്ടിൽ നിന്നു എന്തൊക്കെയോ ഭയന്നു ഓടി പോവുന്നത് പോലെ....

പക്ഷികൾ കല പില കൂട്ടി പറന്ന് അകന്നു

എവിടെ നിന്നോ വവ്വാലുകൾ കൂട്ടമായി ചിറകിട്ടടിച്ച്, അടുത്തടുത്ത് വരുന്ന ശബ്ദം കാതടപ്പിച്ചു കേട്ടു

നാസാരന്ധ്രകളിൽ ചുക്ക് കാപ്പിയുടെ കടുത്ത മണം അടിച്ച് കേറി

മുകളിലൂടെ ഒരു കൂട്ടം വവ്വാലുകൾ ചിറകടിച്ച്,
ആ ചാഞ്ഞു നിൽക്കുന്ന മരച്ചില്ലയുടെ താഴേക്ക് വന്നു

പൈശാചികത വിളിച്ചോതുന്ന ആ നികൃഷ്ട്ട ജീവിയുടെ മുഖത്ത് പോലും ഭയത്തിന്റെ ലാഞ്ചന കണ്ടുവോ

ആ ജീവി പതിയെ തല ചെരിച്ചു പിന്നിലേക്ക് നോക്കി

അങ്ങോട്ട് നോക്കിയ വർക്കി തരിച്ചു പോയി

അവിടെ അതാ ഒരു ഇരുണ്ട രൂപം പരിണമിക്കുന്നു

കണ്ണുകൾ തന്നെ കബളിപ്പിക്കുകയാണോ  

മരച്ചില്ലയുടെ താഴെ ആ വവ്വാൽ കൂട്ടം ഒരു മനുഷ്യ രൂപം പ്രാപിച്ചിരിക്കുന്നു

ചന്ദ്രൻ ഭൂമിയിൽ ഇറങ്ങി വന്നത് പോലെ അവിടെ നിലാവിന്റെ വെളിച്ചം തങ്ങി നിൽക്കുന്നു

വ്യക്തമായി കണ്ടു....

നീണ്ട് കൂർത്ത, വട്ടത്തിലുള്ള ഒരു തൊപ്പിയും,
നിലത്ത് കിടന്ന് ഇഴയുന്ന പോലെയുള്ള കറുത്ത കോട്ടും,
കൈവിരലുകളിൽ അസാധാരണമായി തിളങ്ങുന്ന മോതിരവും അണിഞ്ഞ്,
മറു കയ്യിൽ ഒരു കറുത്ത വടിയും പിടിച്ച്,

അവ്യക്തത നിറഞ്ഞ മുഖവുമായി......

ഒരു അതികായനായ മനുഷ്യൻ നിൽക്കുന്നു.....................!!!!!!!!!!!!!!!!!

കാറ്റുകൾ ശക്തമായി വീശി കൊണ്ടിരുന്നു

ബോണറ്റിൻ മുകളിലുണ്ടായിരുന്ന ജീവി പതിയെ നിലത്തേക്ക് ഇറങ്ങി,

നാല് കാലികളെ പോലെ രണ്ട് കൈ മുൻപിൽ കുത്തി അയാളുടെ നേരെ നടന്നു

ആ മനുഷ്യനെ നോക്കി ആക്രമിക്കാൻ എന്ന വണ്ണം മുഖത്തോട്ട് നോക്കി മുരണ്ടു കൊണ്ട് നിന്നു

ഏത് നിമിഷവും ആക്രമിക്കും എന്ന 
നിലയിൽ നിന്ന ജീവി....

അയാളുടെ മേലേക്ക് ചാടാൻ തുനിഞ്ഞതും

അയാൾ കയ്യിൽ ഇരുന്ന കറുത്ത വടി നിലത്ത് ഇട്ട് അടിച്ചു


".......................ട്ടെട്ടട്ടട്ട..........................."

ഭൂമി നടങ്ങും വിധം ഒരു ശബ്ദം ഉത്ഭവിച്ചു

അടുത്ത നിമിഷം

ആ ജീവി "..............ഘ്രാ..........."

അലറി കൊണ്ട് നാല് കാലിൽ കൈകൾ മുൻപിൽ കുത്തി സമീപത്തുള്ള കുറ്റി കാട്ടിൽ ഓടി മറഞ്ഞു.

കൺമുൻപിൽ അരങ്ങേറിയ രംഗം വിശ്വസിക്കാനാവാതെ,
കണ്ണും മിഴിച്ച് ഇരിക്കുകയായിരുന്നു വർക്കി

എതിർവശത്ത് നിൽക്കുന്ന മനുഷ്യനെ തന്നെ തറപ്പിച്ചു നോക്കി


അയാൾ തന്റെ ഇടത് കൈ മുന്പിലോട്ട്‌ നീട്ടി, വലത്തോട്ടേക്ക്‌ കൈ കൊണ്ടുപോയതും....

കൈയ്യുടെ താഴെ ചിറകുകൾ പോലെയുള്ള കറുത്ത വസ്ത്രം അയാളെ മുഴുവനായി മറച്ചു

നിലാവ് മെല്ലെ മാഞ്ഞു ഇരുട്ടായി തുടങ്ങി

കാറ്റുകൾ നിലച്ചു കൊണ്ടിരുന്നു 

തന്റെ ശ്വാസഗതി സാധാരണ നിലയിലേക്ക് വരുന്നത് ശ്രദ്ധിച്ചു

പെട്ടെന്ന് തന്നെ ഞെട്ടിച്ചു കൊണ്ട് ഹെഡ്‌ലൈറ്റിന്റെ വെളിച്ചം തെളിഞ്ഞു....

ആവേശത്തോടെ മുന്നിലേക്ക് നോക്കിയതും,

മുന്നിലുള്ള കാഴ്ച്ച തന്നെ കൂടുതൽ ഞെട്ടിച്ചു

അവിടെ ശൂന്യമായിരുന്നു............!!!!!!!!

മൂന്നോ, നാലോ വവ്വാലുകൾ അവിടെ നിന്ന് പറന്നു പോയ പ്രതീതി മാത്രം


ക്ഷീണിതനായ വർക്കി സ്റ്റിയറിംഗ് മേൽ രണ്ട് കൈകളും, തലയും വെച്ച് ഒരു നെടുവീർപ്പ് ഇട്ട് കിടന്നു

അപ്പോഴാണ് തന്റെ ചെവിയിൽ,
ഏങ്ങി ഏങ്ങി കരയുന്നത് കേട്ടത്

എവിടെ നിന്നാണെന്ന് അറിയാൻ തല ഉയർത്തി നോക്കിയ വർക്കി കണ്ടത്

തന്റെ ഇടത് വശത്ത്,
രണ്ടു കാലും സീറ്റിൽ കയറ്റി വെച്ച്, അതിന് മേൽ തല വെച്ച് വിറച്ച് കൊണ്ട് വാവിട്ട് കരയുന്ന രവിയെ ആണ്

അവനെ തട്ടി വിളിച്ചു.

കുറച്ച് നേരത്തെ ശ്രമത്തിന്റെ ഒടുവിൽ അവൻ സ്വാബോധത്തിൽ വന്നു

എഴുന്നേറ്റ ഉടനെ അവൻ കുഴയുന്ന നാവോടെ ചോദിച്ചു

"ആ.... ജന്തു എന്തിയെ ആശാനെ....?"

നിഷ്കളങ്കതയോടെ ഉള്ള രവിയുടെ ചോദ്യത്തിന് മറുപടി എന്നോണം വർക്കി ഒരു നെടുവീർപ്പ് മാത്രം ഇട്ടു.

വണ്ടി ഒന്ന് സ്റ്റാർട്ട് ആക്കി നോക്കി.

അൽഭുതം....!!!!!

ഒരു ബുദ്ധിമുട്ടും ഇല്ലാതെ വണ്ടി സ്റ്റാർട്ട് ആയിരിക്കുന്നു.

ഫസ്റ്റ് ഗിയറിൽ ഇട്ട് കൊണ്ട് വണ്ടി മുൻപോട്ട് എടുത്തു

ഗിയർ മാറ്റി മാറ്റി വണ്ടി പോയി കൊണ്ടിരുന്നു

രണ്ട് പേരും പരസ്പരം ഒന്നും സംസാരിച്ചില്ല

കുറച്ച് പോയതും, മഞ്ഞ നിറത്തിലുള്ള വെളിച്ചം കണ്ട് തുടങ്ങി

അതിന് അടുത്ത് എത്തിയതും,
വലിയ മതിലുകളുള്ള, തുറന്ന് കിടക്കുന്ന ഗേറ്റ് കണ്ട് വണ്ടി ചവിട്ടി നിർത്തി.

പെട്ടെന്നുള്ള ബ്രേക്ക് ചവിട്ടലിൽ വണ്ടി ഒന്ന് ഓഫായി നിന്നു

ഗേറ്റിന്റെ അടുത്തുള്ള ഇരു മതിലുകളുടെയും മുകളിൽ ചിമ്മിനി നിറത്തിലുള്ള ബൾബുകൾ ജ്വലിക്കുന്നു

ഇടതെ മതിലിനോട് ചേർന്ന് വരെ,
കുറ്റി കാടുകൾ പന്തലിച്ചു നിൽക്കുന്നുണ്ടായിരുന്നു

അപ്രതീക്ഷമായി വണ്ടി നിന്നതിൽ വർക്കി ഒന്ന് ഭയന്നു

ചാവി തിരിച്ചു വണ്ടി സ്റ്റാർട്ട് ആക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു

"ക്ർ.....ക്ർ.....ക്ർർ.....ക്ർർ...."

എന്ന ശബ്ദം മാത്രം പുറപ്പെട്ടു.

ഇടത് വശത്തെ മതിലിനോട്‌ ചേർന്ന് നിര നിരയായി നിൽക്കുന്നതിൽ 
ഏറ്റവും പിറകിലെ കുറ്റിച്ചെടികൾ ആടുന്ന ശബ്ദം കേട്ട് തുടങ്ങി....

എന്തോ ഓടിവരുന്നത് പോലെ......

രവിയുടെ വിറയൽ കൂടി
"ആശാനെ" എന്ന നേർത്ത ശബ്ദത്തിൽ വിളിച്ചു

വർക്കിയുടെ ഭയം വർധിക്കാൻ തുടങ്ങി.

ചെവിയിൽ നിന്ന് വിയർപ്പ് കണങ്ങൾ വീണു...

ഇടത് കൈ കൊണ്ട് അത് തുടച്ചു,
വീണ്ടും വീണ്ടും ചാവി തിരിച്ചു ശ്രമം തുടർന്നു

ചിമ്മിനി വിളക്ക് കെടാൻ പോവുന്നു എന്നുള്ള സൂചനയെന്നോണം മിന്നി മിന്നി കത്തി

വർക്കിയുടെ ശ്വാസം വീണ്ടും പട പടാന്ന് ഇടിക്കാൻ തുടങ്ങി

പരവേശത്തോടെ, വിറക്കുന്ന കൈകളോടെ  വർക്കി ചാവി തിരിച്ചു കൊണ്ടിരുന്നു

ചിമ്മിനി ബൾബുകൾ ഇടവിട്ട് ഇടവിട്ട് കത്തി

പെട്ടെന്ന്.....

സമീപത്തുള്ള പൊന്തൻ കാട് ഇളകി

അങ്ങോട്ടേക്ക് നോക്കിയ ഇരുവരും വ്യക്തമായി കണ്ടു

ആകാശത്തിൽ നിന്ന് ഇറങ്ങി വന്ന നിലാവിന്റെ വെളിച്ചത്തിൽ.....

ആ പൈശാചിക ജീവിയുടെ ഭീകരമായ മുഖം....................!!!!!!!!!!!!!!!!!!!!!

പിന്നെ, ഒന്നും നോക്കിയില്ല....

ആശാനും, ശിഷ്യനും ഡോർ തുറന്നിട്ട് ഗേറ്റും കടന്ന് അകത്തേക്ക് ഓടി

ആ നിമിഷം തന്നെ,
ചിമ്മിനി ബൾബുകൾ ചിമ്മി ചിമ്മി അണഞ്ഞു


♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ബംഗ്ലാവിന്റെ ഹാളിൽ,

                വർക്കി തന്റെ ഇന്നലത്തെ അനുഭവം പറഞ്ഞു നിർത്തി.

എല്ലാവരും ഒരുൾ കിടിലത്തോടെ, അതിലേറെ ഭയത്തോടെ അവരെ നോക്കി.

വേലു ചാമി പതിയെ അകത്തോട്ടു ഉൾവലിഞ്ഞു.

തല ഉയർത്തി നോക്കിയ വർക്കി കണ്ടത്, താങ്ങളെ  ഉറ്റു നോക്കി കൊണ്ടിരിക്കുന്ന ഒരുപാട് മുഖങ്ങളാണ്.

അവിടെ വല്ലാത്ത ഒരു മൂകത തളം കെട്ടി നിന്നു.

ആരും ഒന്നും ഉരിയാടാതെ ഇതികർത്തവ്യ മൂഢരായി ഇരുന്നു.

(തുടരും)

"അടുത്തത് നാളെ ഇടാമേ 🤗"
-പേരില്ലാത്തവൻ🧚