അദ്ധ്യായം - 10
“അത് കൊണ്ട് അഞ്ജനയാണ് ഇതിൻറെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത് എന്നാണോ?”
ഉമയ്ക്ക് സമീർ പറയുന്നതിൻറെ ലോജിക്ക് മനസിലായില്ല.
“അതല്ല മാഡം ഞാൻ മുഴുവനും പറഞ്ഞോട്ടെ, ആ ബ്ലാക്ക് സ്കോർപ്പിയോയിൽ അഞ്ജനയെക്കൂടാതെ രണ്ട് പേരുണ്ടായിരുന്നു, പക്ഷേ അവരുടെ മുഖം കാമറയിൽ കിട്ടിയിട്ടില്ല. ആ വണ്ടിയുടെ പിന്നിൽ രാവണൻ എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചിട്ടുണ്ടായിരുന്നു, ഒപ്പം രാവണൻറെ ചിത്രവും. ആ വണ്ടി ശിവലാൽ ഷെട്ടിയുടെ വണ്ടിയെ ചെയ്സ് ചെയ്യുകയായിരുന്നുവെന്നും അതിലുണ്ടായിരുന്നവരാണ് ശിവലാൽ ഷെട്ടിയെ അപായപ്പെടുത്തിയതെന്നുമാണ് ബാസ്റ്റിൻ ജോണിൻറെ സംസാരത്തിൽ നിന്നും എനിക്ക് മനസിലായത്. മാത്രമല്ല അയാൾ മാഡത്തിൻറെ പേരും പറയുന്നത് കേട്ടു. ശിവലാൽ ഷെട്ടിയുടെ മരണവുമായി മാഡത്തിനും ബന്ധമുണ്ടെന്ന്, മാഡത്തിനിട്ടെന്തോ മുട്ടൻ പണി അണിയറിലൊരുങ്ങുന്നുണ്ടെന്ന് “
സമീർ പറഞ്ഞവസാനിപ്പിക്കും മുൻപ് ഉമ ഇടയ്ക്ക് കയറി.
“ഓ അതുകൊണ്ട് എനിക്ക് ഒരു മുന്നറിയിപ്പ് തരാൻ കൂടിയാണ് സമീർ ഇവിടെ വരെ വന്നത് അല്ലേ.... താങ്ക്സ്.... പക്ഷേ ഇത് ഉമ കല്ല്യാണി ഐ.പി.എസ് ആണെന്നവർ ഓർത്തില്ല... വരട്ടെ..”
ഉമയ്കക് ശരിക്കും അരിശം കയറുന്നുണ്ടായിരുന്നു. പക്ഷേ അപ്പോഴും ഉമയക്ക് സമീർ പറഞ്ഞതിൽ ചില പൊരുത്തക്കേടുകളുണ്ടെന്ന് തോന്നി.
“സമീറേ നീ പറഞ്ഞതൊക്കെ ഞാൻ കേട്ടു... അതെല്ലാം ശരിയാണെന്ന് വിശ്വസിച്ചാലും ചില ചോദ്യങ്ങളുണ്ടല്ലോ? നീ പറഞ്ഞ കഥയനുസരിച്ച് അഞ്ജനയ്ക്ക് ഡി.വൈ.സി.പി രാജൻ ജോണിനോട് ശത്രുതയുണ്ട്, എ.സി.പി ശ്യാമിനോട് ശത്രുതയുണ്ട്, കിരൺ മാത്യുവിനോടും ശത്രുതയുണ്ട്. പക്ഷേ ശിവലാലിനെയെന്തിന് അവൾ അറ്റാക്ക് ചെയ്യണം ?”
സമീർ ഒന്ന് പുഞ്ചിരിച്ചു.
“അഞ്ജനയുടെ കേസിൽ പോലീസിന് അറിയാത്തത്, അല്ലെങ്കിൽ അറിയാൻ ശ്രമിക്കാത്തത് ചിലതുണ്ട്. അതിലൊന്നാണ് ആ കേസിലെ യഥാർത്ഥ പ്രതിയുടെ പേര്, അഞ്ജനയെ ചതിച്ച് വഞ്ചിച്ച് തൻറെ ആവശ്യം കഴിഞ്ഞ് മറ്റുള്ളവർക്കായി എറിഞ്ഞ് കൊടുത്തവൻ... ഇന്ദ്രജിത്ത്... ഇന്ദ്രജിത്ത് ഷെട്ടി.... ശിവലാൽ ഷെട്ടിയുടെ മകൻ. ഇനി മാഡം എല്ലാം ചേർത്ത് ഒന്ന് ചിന്തിച്ച് നോക്കിയേ.... എന്തെങ്കിലുമൊക്കെ കണക്ട് ആകുന്നുണ്ടോയെന്ന്?”
ഉമയ്ക്ക് ശരിക്കും തല പെരുക്കുന്നത് പോലെ തോന്നി, അഴിക്കും തോറും മുറുകുന്ന കുരുക്കുകളാണ് ചുറ്റിനും. പുതുതായി വെളിവാക്കപ്പെടുന്ന ഒരോ സംഗതിയും കൂടുതൽ സങ്കിർണ്ണതകളിലേക്കാണ് വിരൽ ചൂണ്ടുന്നതും.
“എന്നിട്ട് ഈ ഇന്ദ്രജിത്ത് ഇപ്പോൾ എവിടെയാണ്?”
“അയാൾ കഴിഞ്ഞ കുറേക്കാലമായി മിസ്സിംഗ് ആണ്. ആളൊരു പ്രശ്നക്കാരനായിരുന്നു. അഞ്ജന അവൻറെ ആദ്യത്തെ ഇരയുമല്ലായിരുന്നു. കൂടുതൽ പ്രശ്നങ്ങളിലകപ്പെടാതിരിക്കാൻ ശിവലാൽ ഷെട്ടി അവനെ വിദേശത്തേക്ക് കടത്തിയതാണെന്ന് കരുതുന്നവരുമുണ്ട്, അതല്ല ആരോ കൊന്ന് എവിടെയോ കുഴിച്ചുമൂടിയതാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കാലങ്ങൾക്ക് ശേഷം അഞ്ജന ഇപ്പോ തിരിച്ച് വന്നു, അവളെ ദ്രോഹിച്ചവരിൽ ചിലർ ചത്തുമലച്ചു, മറ്റു ചിലർ ഇന്ന് എവിടെയാണെന്ന് ആർക്കും അറിയുകയുമില്ല.”
സമീർ അത് പറഞ്ഞപ്പോൾ ഉമ അപ്പോൾ ചിന്തിച്ചത്, പോലീസുകാരിയായ തനിക്കു പോലും അറിവില്ലാതിരുന്ന ഇക്കാര്യങ്ങളെങ്ങനെ സമീറിന് അറിയാം എന്നതായിരുന്നു. പേര് അഞ്ജനയെന്നാണോയെന്ന് വ്യക്തമായ ധാരണയില്ലെങ്കിലും ഒരു റേപ്പ് കേസുമായി ബന്ധപ്പെട്ട് ശ്യാമിനെതിരേ ആരോപണമുയർന്നിരുന്നത് കേട്ടിരുന്നതായി ഉമയ്ക്ക് ഓർമ്മ വന്നു. ഉള്ളിൽ തോന്നിയ ആ സംശയം അവൾ സമീറിനോട് ചോദിച്ചു.
“ഈ കാര്യങ്ങളൊക്കെ നിനക്കെങ്ങനെ ഇത്ര കൃത്യമായി അറിയാം?”
ഒരു പുഞ്ചിരിയായിരുന്നു സമീറിൻറെ ആദ്യ മറുപടി
“എനിക്കൊരു സുഹൃത്തുണ്ടായിരുന്നു, ജ്യേഷ്ഠതുല്യനായ സുഹൃത്ത്. ജെറാൾഡ് സേവ്യർ, ആളൊരു ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റാണ്. അയാൾ പറഞ്ഞാണ് ഞാനിതൊക്കെ അറിഞ്ഞത്, നിർഭാഗ്യവശാൽ അയാളും ഇപ്പോൾ അപ്രത്യക്ഷനായിരിക്കുന്നു.”
പോലീസുകാരുടെ തിരോധാനത്തിന് പിന്നിൽ ഏതോ ഒരു തീവ്രവാദ സംഘടനയുടെ സ്വാധീനം മാത്രമല്ല, മറിച്ച് മറ്റെന്തൊക്കെയോ കാരണങ്ങളുമുണ്ടെന്ന് ഉമയ്ക്ക് മനസിലായി തുടങ്ങി. താൻ കരുതിയതിനപ്പുറം ഒത്തിരി കാര്യങ്ങൾ സമീറിനറിയാമെന്നും ഉമയ്ക്ക് മനസ്സിലായി. അതൊന്നും അറിയാതെ ഇനി മുന്നോട്ട് പോകുന്നതിലർത്ഥമില്ല.
“സമീറേ നിനക്കിതിനേപ്പറ്റി കൂടുതലെന്തൊക്കെയറിയാം. ജെറാൾഡ് പറഞ്ഞിട്ടുള്ളത്.”
“അങ്ങനെ എല്ലാമൊന്നും തുറന്ന് പറയുന്ന ആളല്ല ജെറിയേട്ടൻ, ഇത് തന്നെ വളരെ യാദൃശ്ചികമായി പറഞ്ഞതാണ്. ഇപ്പോ ജെറിയേട്ടനെയും കിഡ്നാപ്പ് ചെയ്തോണ്ട് കൂടിയാണ് ഞാനിതൊക്കെ പറയാൻ വന്നതും. ഞാൻ ആദ്യം പറഞ്ഞില്ലേ ആ കൂടിക്കാഴ്ചക്ക് പിന്നിൽ പല കാരണങ്ങളുണ്ട്. അതൊക്കെ മാഡം അറിയണം. അത് ജെറിയേട്ടൻറെ രക്ഷയ്ക്ക് ഉപകരിക്കുമെങ്കിൽ അതാണ് എനിക്ക് അദ്ദേഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ സഹായം.”
സമീറിൻറെ കണ്ണ് നിറഞ്ഞിരുന്നു. അയാൾ കണ്ണുകൾ തുടച്ചിട്ട് തുടർന്നു.
“ഇപ്പോ കാണാതായിരിക്കുന്ന സി.പി.ഒ അജിത്ത് അരവിന്ദ് കൊല്ലപ്പെട്ട ശിവലാൽ ഷെട്ടിയുടെ മകൻ ഇന്ദ്രജിത്തിൻറെ സഹപാഠിയായിരുന്നു, ബാംഗ്ലൂരിൽ. അയാളും കാണാതായവരുടെ പട്ടികയിലുണ്ട്. ഈ കാണാതായ പോലീസുകാരിൽ ശ്യാംസാറിനും കിരൺ സാറിനും പല പ്രമാദമായ കേസുകളിലും ഇൻഫർമേഷൻ കൊടുത്തിരുന്നത് ജെറിയേട്ടനായിരുന്നു. അഞ്ജനയുടെ കേസിൽ പക്ഷേ ശ്യാം സാറുമായി ജെറിയേട്ടൻ തെറ്റിയിരുന്നു, പക്ഷേ പിന്നീടെപ്പോഴോ അവർ വീണ്ടും ഒന്നിച്ചു. മാഡം ഒന്ന് ചിന്തിച്ചുനോക്കിയേ ശത്രുക്കൾക്ക് യാതൊരു പഞ്ഞവുമില്ലാത്തവരാണ് ഈ കാണാതായവരെല്ലാം. പലതവണ വധശ്രമങ്ങളെ അതിജീവിച്ചവരും. ശ്യാം സാറിൻറെ കാര്യം മാഡത്തിന് അറിവുള്ളതാണല്ലോ?”
അത് പറയുമ്പോൾ സമീറിൻറെ മുഖത്ത് വന്ന പുഞ്ചിരി തൻറെ നേരേയുള്ള പരിഹാസമാണെന്ന് ഉമയ്ക്കറിയാമായിരുന്നു. കാരണം ആ വധ ശ്രമത്തിന് പിന്നിൽ താനാണെന്നുള്ള സത്യവും സമീറിനറിയാമെന്ന് ഉമയ്ക്ക് ഊഹിക്കാവുന്നതേയുള്ളായിരുന്നു.
“അന്ന് എ.സി.പി ശ്യാംമാധവിനെ കൊല്ലാൻ ശ്രമിച്ച തീവെട്ടി സജീവ് ഇപ്പോൾ എവിടെയുണ്ടെന്ന് മാഡത്തിനറിയാമോ ?”
ഗൂഢമായൊരു പുഞ്ചിരിയുടെ മേമ്പോടി ചാലിച്ചായിരുന്നു സമീറിൻറെ ആ ചോദ്യം.
തീവെട്ടി സജീവിനെക്കുറിച്ച് കുറച്ചധികം കാലമായി വിവരമൊന്നുമില്ല. സ്ഥിരമായി കേസുകൾ ഉണ്ടാക്കിക്കൊണ്ടിരുന്ന അയാൾ ശ്രീലങ്കയിലേക്ക് നാട് വിട്ട് പോയി എന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്, ഉമയ്ക്കും അതിലപ്പുറം അറിയില്ലായിരുന്നു.
“എനിക്കറിയില്ല”
ഒറ്റ വാക്കിലായിരുന്നു ഉമയുടെ മറുപടി.
“പക്ഷേ എനിക്കറിയാം.... മാഡത്തിൻറെ പോലീസ് പറയും പോലെ അയാളൊരിടത്തേക്കും നാടുവിട്ട് പോയിട്ടില്ല. “
ഉമയ്ക്ക് എന്തുകൊണ്ടോ അത് അറിയാനുള്ള ആകാംക്ഷയേറി.
“പിന്നെ അയാളെവിടെ പോയെന്നാണ് നീ പറയുന്നത്.?”
“മാഡം ഓമനിച്ച് വളർത്തുന്ന രണ്ട് നായകളില്ലേ..... ശരിക്കും കടുവകളെ പോലെ ശൗര്യമുള്ള രണ്ടെണ്ണം. കുറച്ച് കാലം മുൻപ് അവയൊന്ന് നാട് വിട്ട് പോയിരുന്നില്ലേ... എന്നിട്ട് ഒരാഴ്ച തികയും മുൻപ് തിരികെ പ്രത്യക്ഷപ്പെടുകയും ചെയ്തു അല്ലേ....?”
അത് വാസ്തവമായിരുന്നു. ഒരു രാത്രിയിൽ അപ്രത്യക്ഷരായ ആ നായകളെ ഒത്തിരി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പക്ഷേ നാലഞ്ച് ദിവസത്തിനിപ്പുറം അവറ്റകൾ തിരികെ വരികയും ചെയ്തു. പക്ഷേ അതും തീവെട്ടിയുടെ തിരോധാനവുമായെന്ത് ബന്ധമെന്ന് ഉമ ചോദിച്ചു.
“ആ കാണാതായ നാല് ദിവസം കൊണ്ട് ആ നായകൾ രണ്ടും കുശാലായി മാംസം തിന്ന് മദിച്ചു. മാഡത്തിൻറെ ക്വട്ടേഷനേറ്റെടുത്ത കാലനെ, തീവെട്ടി സജീവിനെ ശ്യാം സാറങ്ങ് തീർത്തു എന്നിട്ട് അവൻറെ വെട്ടിനുറുക്കിയ ശരീരം മാഡത്തിൻറെ കാവൽനായകളെക്കൊണ്ട് തന്നെ തീറ്റിച്ചു.”
“നോ......”
ഒരലർച്ച പോലെയാണ് ഉമയുടെ തൊണ്ടിയിൽ നിന്നും ശബ്ദം പുറത്ത് വന്നത്. സമീർ പറഞ്ഞത് ഉമയക്ക് ഉൾക്കൊള്ളാനായില്ല. മേശപ്പുറത്ത് ഗ്ലാസിലിരുന്ന വെള്ളം ഒറ്റവലിക്ക് കുടിച്ച് തീർത്തു. ഉമയുടെ ശ്വാസഗതി ഉച്ചത്തിലായിരുന്നു. സമീർ വളരെ കൂളായി ഇരിക്കുകയായിരുന്നു. ഉമ റിലാക്സാകാൻ വേണ്ടി അയാൾ കാത്തിരുന്നു.
“സാറേ അതാണ് നിങ്ങൾക്കാർക്കും അറിയാത്ത ശ്യാം സാർ. നിയമത്തിൻറെ വലക്കണ്ണികളിലൂടെ അനായാസം ഊരിപ്പോകാൻ വേണ്ടി ഒരാളെയും കണ്ണ് മൂടിക്കെട്ടിയ നീതിദേവതയ്ക്ക് മുന്നിൽകൊണ്ട് പോകാൻ ഇഷ്ടമില്ലാത്ത പോലീസുകാരൻ, നീതിയും ന്യായവും തൂക്കിനോക്കി, നിയമ പുസ്തകത്താളുകൾ മുഴുവൻ പരിശോധിച്ച് ഏതെങ്കിലും കാലത്ത് വിധിക്കപ്പെടുന്ന കോടതിയുടെ തീർപ്പ് വരെ കാത്ത് നിൽക്കാൻ ക്ഷമയില്ലാത്ത ഓഫീസർ. അതാണ് ശ്യാം സാർ, ശ്യാം സാർ മാത്രമല്ല, ഈ കാണാതായിരിക്കുന്ന ഓരോരുത്തർക്കും ഉണ്ട് അത്തരം ഫ്ലാഷ് ബാക്ക്. അത് കൊണ്ട് തന്നെ അവർ പലർക്കും പൊതുശത്രുവാണ്. ഇപ്പോ ശത്രുക്കൾ പലരും ഒന്നിച്ച് ചേർന്നിരിക്കുന്നു എന്ന് വേണം അനുമാനിക്കാൻ. അവർ ഈ പോലീസുകാരെ അപായപ്പെടുത്തിയിരിക്കാം. അതുമല്ലെങ്കിൽ തടവിലിട്ട് പീഡിപ്പിക്കുന്നുണ്ടാവാം. ഇത്രയും കാര്യങ്ങൾ മാഡത്തിനോട് പറയാനാണ് ഞാൻ വന്നത്. ഇനി എന്തെങ്കിലും ചെയ്യാൻ മാഡത്തിനേ കഴിയൂ.... “
സമീർ പറഞ്ഞതെല്ലാം കൂടി ഉമയുടെ തലച്ചോറിൽ വല്ലാത്തൊരു പ്രകമ്പനം സൃഷ്ടിക്കുകയായിരുന്നു. ആരാണ് നായകൻ ആരാണ് വില്ലൻ എന്നറിയാത്തൊരു സിനിമാകഥ പോലെയാണ് ഉമയ്ക്ക് തോന്നിയത്. കുറേയേറെ ചോദ്യങ്ങൾ ഉമയുടെ മനസിൽ ഉത്തരമില്ലാതെ അവശേഷിച്ചു. ഒരു കാര്യം ഉമയ്ക്കുറപ്പായി ആരോ സമർത്ഥമായി മെനഞ്ഞ തിരക്കഥയാണിത്. ഇവിടെ ശരിക്കും കഥയറിയാതെ ആടുകയാണ് ഷൺമുഖനും താനുൾപ്പെടുന്ന പോലീസും.
*********************
ബാസ്റ്റിൻ ജോണിൻറെ മരണം കേരളത്തിലെ ഗുണ്ടാ ഗ്യാങ്ങുകൾക്കൊരു നടുക്കം സൃഷ്ടിച്ചു. പരസ്പരം ഉള്ള പകപോക്കലാണെന്ന് ആദ്യം വിലയിരുത്തപ്പെട്ടതെങ്കിലും, അതല്ല യഥാർത്ഥത്തിൽ നടന്നതെന്ന് അവർ വളരെ വേഗം മനസിലാക്കി. പോലീസിൽ നിന്ന് തന്നെ വിവരങ്ങൾ ചോർത്തിക്കൊടുക്കാൻ അവർക്ക് ധാരാളം ആൾക്കാരുണ്ടല്ലോ. പൊതുവേ ശത്രുക്കളെങ്കിലും വരാൻ പോകുന്ന വലിയ അപകടം മുൻകൂട്ടിക്കണ്ട് വലിയ സംഘങ്ങൾ പരസ്പരം സന്ധിചെയ്യാൻ തയ്യാറായി. അതിന് മുൻകൈ എടുത്തത് ഷൺമുഖനായിരുന്നു. അവർ രണ്ട് സാധ്യതകളാണ് ചിന്തിച്ചത്.
ഒന്ന് ഈ പോലീസുകാരുടെ തിരോധാനത്തിന് പിന്നിൽ തങ്ങളുടെയൊക്കെ ചിന്തയ്ക്ക് അപ്പുറത്തുള്ള ആരോ ആണ്, ഒരു പക്ഷേ പോലീസ് ഇൻറലിജൻസ് പറയും പോലെ വമ്പൻ തീവ്രവാദ ഗ്രൂപ്പുകളേതോ കളിക്കുന്ന ഇൻറർനാഷണൽ കളി
രണ്ട് പോലീസ് തങ്ങളെ കുടുക്കാൻ വേണ്ടി ഉമ കല്ല്യാണി ഐ.പി.എസ് ൻറെ നേതൃത്വത്തിൽ നടത്തുന്ന ഏതോ രഹസ്യ ഓപ്പറേഷനാണിത്.
രണ്ടായാലും അത് തങ്ങളുടെ നിലനില്പിന് ഭീഷണിയാണെന്ന് അവർക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ കാര്യമായി എന്തെങ്കിലും ചെയ്യണമെന്ന് അവർ തീരുമാനിച്ചുറപ്പിച്ചു. ശരിക്കും ഒരു യുദ്ധകാഹളമാണ് അവിടെ മുഴങ്ങിയത്, ആ യുദ്ധത്തിൻറെ സൈന്യാധിപനായി ഷൺമുഖനല്ലാതെ മറ്റൊരു ഓപ്ഷൻ അവർക്കില്ലായിരുന്നു. ശിവലാൽ ഷെട്ടിയുടെയും ബാസ്റ്റിൻ ജോണിൻറെയും കൊലയ്ക്ക് പകരം ചോദിക്കാൻ വലിയ ചോരക്കളികൾക്ക് അവർ തയ്യാറെടുത്തു.
************************
കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ ഗുണ്ടാ നേതാക്കന്മാർ തൃശ്ശൂരിൽ ബാസ്റ്റിൻ ജോണിൻറെ ശവമടക്കിന് ശേഷം ഒത്തുകൂടി പോലീസിനെതിരേ യുദ്ധം പ്രഖ്യാപിച്ച വിവരം ഇൻറലിജൻസിൽ നിന്നും ഉമയറിഞ്ഞു. ഡി.ജി.പി വിളിച്ച മീറ്റിംഗിൽ ആതായിരുന്നു പ്രധാന ചർച്ചാ വിഷയം.
“നമ്മൾ അറിഞ്ഞത് ശരി തന്നെയാണ്. ഏതോ തീവ്രവാദ ഗ്രൂപ്പും ഇവിടുത്തെ ഗുണ്ടാ സംഘങ്ങളും ഒന്ന് ചേർന്നിരിക്കുന്നു. നമ്മൾ ശരിക്കും ജാഗ്രത പാലിക്കണം, കാണാതായ പോലീസ് ഓഫീസർമാരെയടക്കം കണ്ട് പിടിക്കുന്നതോടൊപ്പം ഇനി ഉണ്ടാകാനിടയുള്ള ക്രമസമാധാന പ്രശ്നങ്ങളും നമ്മൾ ഹാൻഡിൽ ചെയ്യേണ്ടതായി വരും, ഇലക്ഷൻ വർഷമായത് കൊണ്ട് തന്നെ നമ്മുടെ മുകളിൽ പ്രഷർ കൂടും... സോ ഹാൻഡിൽ ദിസ് ടഫ് സിറ്റുവേഷൻ കെയർഫുളീ...”
ഉമയ്ക്ക് ഉപദേശവും താക്കീതുമായാണ് ഡി.ജി.പി പറഞ്ഞവസാനിപ്പിച്ചത്.
“അറിയാം സാർ.... നമ്മുടെ കണക്കുകൂട്ടലിനുമപ്പുറത്താണ് സ്ഥിതിഗതികൾ. ബട്ട് അയാം കോൺഫിഡൻറ് , ഐ കാൻ ഹാൻഡിൽ ദിസ് വെൽ..... പക്ഷേ സാർ പറഞ്ഞതിലൊരു പൊരുത്തക്കേടുണ്ട്.... ഇവിടുത്തെ സർവ്വ ഗുണ്ടാ ഗ്യാങ്ങുകളും പിന്നെ ഏതൊ തീവ്രവാദ സംഘടനയും ഒന്ന് ചേർന്ന് പോലീസിനെതിരേ സന്ധിയില്ലാ സമരം തുടങ്ങുകയാണെന്നാണല്ലോ.... അങ്ങനെയെങ്കിൽ ഈ ബാസ്റ്റിൻ ജോണിനെയും സംഘാംഗങ്ങളെയും കൊന്നതാരാണ്?”
ഉമയുടെ ആ ചോദ്യം ഡി.ജി.പി തന്നോട് തന്നെ പലതവണ ചോദിച്ചിരുന്നതാണ്.
“ഉമാ നമ്മൾ എല്ലായിടത്തും ലോജിക്ക് നോക്കിയാൽ ചിലപ്പോ മുന്നോട്ട് പോകാനാവാതെ തപ്പിത്തടഞ്ഞ് നിന്ന് പോകും. ചില നേരം നമ്മൾ അന്വേഷണ ഉദ്യോഗസ്ഥരെ മുന്നിലേക്ക് നയിക്കുന്നത് നിഗമനങ്ങളാണ്. ചിലപ്പോൾ ചില ഭ്രാന്തൻ നിഗമനങ്ങൾ പോലും നമ്മളെ വിജയതീരത്തെത്തിക്കാറുണ്ട്. ബാസ്റ്റിൻ ജോണിന് ശത്രുക്കളൊരുപാടുണ്ടല്ലോ... അവരിലാരെങ്കിലുമാകാം.... പിന്നെ എത്രയൊക്കെ സന്ധി ചെയ്താലും ഗുണ്ടാ സംഘങ്ങളല്ലേ.... ഉള്ള മരുന്നൊക്കെ കുത്തി വച്ച് ബോധമില്ലാതിരിക്കുന്നവന്മാർക്കെന്ത് സന്ധി, എന്ത് ഒത്ത് തീർപ്പ്, അവന്മാരാരേലും കൊന്ന് തള്ളിക്കാണും. അങ്ങനെ കരുതാനേ നിവർത്തിയുള്ളൂ”
ഡി.ജി.പി ആ പറഞ്ഞത് ഒരു രക്ഷപെടൽ തന്ത്രമാണെന്ന് ഉമയ്ക്ക് മനസിലായി. പക്ഷേ അതേക്കുറിച്ച് ഉമയ്ക്ക് ചില ഊഹങ്ങളുണ്ടായിരുന്നു. ഡി.ജി.പി പറഞ്ഞത് പോലെ ചില ഭ്രാന്തൻ നിഗമനങ്ങൾ. അത്കൊണ്ട് തന്നെ ഒരു വാദപ്രതിവാദത്തിന് നിൽക്കാതെ ഉമ യാത്ര പറഞ്ഞിറങ്ങി. തിരികെ ഓഫീസിലേക്കുള്ള യാത്രയിൽ കാറിലിരുന്ന ഉമ ചിന്തിച്ചതും അതേക്കുറിച്ചായിരുന്നു.
ആരായിരിക്കും രാവണൻ.... ? രാവണൻ നന്മയോ തിന്മയോ? പുരാണത്തിലെ രാവണനിൽ ചിലർക്ക് നന്മയും ചിലർക്ക് തിന്മയും കാണാനാകും. അതുപോലെയാവില്ലേ ഇതും.? മാനവും നീതിയും നഷ്ടപ്പെട്ട അഞ്ജനയെന്ന പെൺകുട്ടിയും അവളെ സഹായിക്കാനിറങ്ങിപ്പുറപ്പെട്ട നിഖിൽ രാമനും മറ്റു ചിലരുമായിരിക്കുമോ രാവണൻറെ മുഖം മൂടിക്ക് പിന്നിൽ? തനിക്ക് നീതി നേടിത്തരാത്ത പോലീസ് വകുപ്പിനോട് തന്നെയുള്ള അഞ്ജനയുടെ പകയാണോ ഈ പോലീസുകാരുടെ തിരോധാനത്തിനും മരണത്തിനും പിന്നിൽ? തൻറെ പകയിൽ മധുരാപുരിയൊന്നാകെ ചുട്ടുകളഞ്ഞ കണ്ണകിയുടെ കഥ കുട്ടിക്കാലത്ത് അമ്മാവൻ പറഞ്ഞ് തന്നത് ഉമ ഓർത്തു. ഇവിടെയും ഒരു പെണ്ണിൻറെ പകയിൽ സംസ്ഥാനപോലീസൊന്നാകെ ആടിയുലയുകയാണോ?.
ഡ്രൈവർ കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോഴാണ് ഉമ ചിന്തകളിൽ നിന്നുമുണർന്നത്. ഒരു സംഘമാൾക്കാർ വണ്ടി തടഞ്ഞിരിക്കുകയാണ്.
തുടരും ...