Aksharathalukal

ശാന്തി ഭവനം - 1

ശാന്തി ഭവനം
 
(കുറ്റാന്വേഷണ കഥ)
 
സമീർ കലന്തൻ
 
(ഭാഗം 1)
 
 
ഇന്ന് അൽപ്പം നേരം വൈകിയാണ് രാധിക അടുക്കളയിൽ കയറിയത്. ഇന്നലെ രാത്രി അവളുടെ ഭർത്താവ് അശോകൻ ലീവ് കഴിഞ്ഞ് കുവൈറ്റിലേക്ക് പുറപ്പെട്ടിരുന്നു, രാവിലെ ഉറക്കമുണർന്നിട്ടും എഴുന്നേൽക്കാൻ മനസ്സ് വന്നില്ല അവൾക്ക്. അശോകൻ പോയ ദുഃഖം അവളെ അത്രയ്ക്കും തളർത്തിയിരുന്നു. ഒരു പ്രവാസിയുടെ ഭാര്യയുടെ വിരഹ വേദന അവളിൽ നിറഞ്ഞുനിന്നു. മക്കൾക്ക് സ്‌കൂളിൽ പോകേണ്ടതുണ്ട് എന്നതിനാൽ അവൾ വേഗം ചാടിയെഴുന്നേറ്റ് അടുക്കളയിൽ കയറി പണികളിൽ മുഴുകി.
 
അടുക്കളയിലേക്ക് കടക്കുമ്പോൾ അവളാലോചിച്ചത് പ്രാതലിന് ഇന്നെന്തുണ്ടാക്കും എന്നായിരുന്നു. ഭക്ഷണം ഉണ്ടാക്കാനല്ല ബുദ്ധിമുട്ട്, എന്തുണ്ടാക്കണമെന്ന് തീരുമാനിക്കാനാണ് ഏറ്റവും പ്രയാസമെന്ന് അവളപ്പോഴറിഞ്ഞു. ദോശയോ പുട്ടോ ഉണ്ടാക്കിയാലോ എന്നാലോചിച്ചുവെങ്കിലും പെട്ടെന്ന് പണി തീരുന്ന ഉപ്പുമാവിലേക്ക് അവസാനം അവളെത്തി. അപ്പോഴാണ് ഫ്രിഡ്‌ജിലുള്ള ചിക്കനെ കുറിച്ച് അവൾക്കോർമ്മ വന്നത്. അശോകൻ വാങ്ങിക്കൊണ്ടുവന്ന ചിക്കനിൽ ബാക്കി കുറച്ച് ഫ്രിഡ്ജിലുണ്ട്. അത് കുക്കറിലിട്ട് വേഗം കറിയാക്കിയാൽ ബ്രഡ്‌ഡും കൂട്ടി മക്കൾക്ക് കൊടുക്കാം. അവർക്കത് നല്ല ഇഷ്ടവുമാണ്.
 
രാവിലെത്തന്നെ ചായ കിട്ടിയില്ലെങ്കിൽ പത്രത്തിലെ അക്ഷരങ്ങളെല്ലാം മാഞ്ഞുപോകുമെന്നാണ് അശോകന്റെ വിചാരം. വന്ന പത്രം നിവർത്താതെ, രാധിക ചായ കൊണ്ടുവരുന്നതും നോക്കിയിരിക്കും അയാൾ. അതറിയാവുന്നതിനാൽ തന്നെ ആദ്യം രാധിക ചായ കൊടുക്കുക അശോകനാണ്. എന്നിട്ടേ മറ്റു പണികൾ ആരംഭിയ്ക്കൂ. തന്റെ അച്ഛനും ഇങ്ങനെയായിരുന്നു എന്ന് രാധിക എപ്പോഴും അശോകനോട് പറയാറുണ്ട്. രാവിലെ എഴുന്നേറ്റ് ബാത്ത്റൂമിൽ പോകണമെങ്കിൽ അച്ഛന് ചായ കിട്ടണം. എങ്ങാനും അമ്മ ചായ കൊണ്ടുവരാൻ ഒന്ന് വൈകിയാൽ ഉമ്മറത്ത് നിന്ന് അച്ഛന്റെ ദേഷ്യത്തിലുള്ള ഒരു വിളിയുണ്ട്. അതെല്ലാം ഓർത്തപ്പോൾ രാധിക അറിയാതെ ഒന്നുചിരിച്ചു.
 
അശോകനും ജ്യേഷ്ഠൻ സന്തോഷും അടുത്തടുത്ത വീടുകളിലാണ് താമസം. രണ്ടുപേരും കുവൈറ്റിൽ കൂട്ടുകച്ചവടം നടത്തുകയാണ്. സന്തോഷിന്റെ ഭാര്യ പ്രിയ വൈദ്യുതി ബോർഡിലാണ് ജോലിചെയ്യുന്നത്. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകളും അഞ്ച് വയസ്സായ ഒരു മകനുമാണ് അവർക്കുള്ളത്. അശോകന്റെ ഭാര്യ രാധികയ്ക്ക് ജോലിയൊന്നുമില്ല;വീട്ടമ്മയാണ്. അവർക്കും രണ്ടുമക്കളാണ്. മകൾ രാജി പത്താം ക്ലാസ്സിൽ പഠിക്കുന്നു; മകൻ രാഹുൽ അഞ്ചാം ക്ലാസ്സിലും.
 
അരിയിടാനായി വലിയ ചെമ്പിൽ വെള്ളം പിടിച്ച് അടുപ്പിൽ വെച്ചതിന് ശേഷം ഫ്രീസറിലുണ്ടായിരുന്ന ചിക്കനെടുത്ത് രാധിക വെള്ളത്തിലിട്ടുവെച്ചു. അപ്പോഴേയ്ക്കും മക്കളുടെ പതിവ് വിളികൾ വന്നിരുന്നു.
 
"അമ്മേ.. എന്റെ ബ്രഷ് കാണാനില്ല" രാഹുൽ ഉറക്കെ വിളിച്ചു പറയുന്നുണ്ട്.
 
"തോർത്തെവിടെ? അമ്മേ?" ഒരൽപ്പം ശാന്തതയിലാണ് രാജി ചോദിച്ചത്.
 
"എല്ലാം ഞാനെടുത്ത് പെട്ടിയിൽ വെച്ച് പൂട്ടി" ദേഷ്യത്തിൽ തന്നെയാണ് രാധിക ഉത്തരം പറഞ്ഞതെങ്കിലും അടുക്കളയിൽ നിന്നും ഓടിവന്ന് അവൾ ബ്രഷും തോർത്തുമെടുത്ത് മക്കൾക്ക് നൽകി.
 
"ഉപയോഗം കഴിഞ്ഞാൽ അത് വെയ്ക്കുന്ന സ്ഥലം ഒന്നോർത്തുവെച്ചോളൂട്ടോ. നാളെയും വേണ്ടതല്ലേ" ചെറിയ പരിഹാസത്തിൽ രാധിക അത് പറഞ്ഞപ്പോൾ മക്കൾ ചിരിച്ചു.
 
അങ്ങനെ പറഞ്ഞിട്ടും കാര്യമില്ലെന്ന് അവൾക്കറിയാം. കാരണം നാളെയും ഇതുതന്നെയാവും അവസ്ഥ. എല്ലാം താൻ തന്നെ പോയി എടുത്തുകൊടുക്കണം. അവൾ ഫ്രിഡ്ജ് തുറന്നു ഡോറിന്റെ വശത്തുള്ള ചെറിയ പ്ലാസ്റ്റിക് പാത്രമെടുത്ത് തുറന്നു. വെളുത്തുള്ളി തൊലി കളഞ്ഞ് അത് പേസ്റ്റ് രൂപത്തിലാക്കി എടുത്തു വെയ്ക്കുന്നത് ആ പാത്രത്തിലാണ്. അത് തുറന്നപ്പോഴാണ് വെളുത്തുള്ളി പേസ്റ്റ് തീർന്നത് അവൾ കണ്ടത്.
 
"രാജീ... നീ കുളിക്കാൻ കയറിയോ? മോളേ... ഓടിപ്പോയി പ്രിയമ്മടെ അടുത്തുനിന്ന് കുറച്ച് വെളുത്തുള്ളി പേസ്റ്റ് വാങ്ങി വായോ.. പ്രിയമ്മ ഇന്നലെ കുറെ വെളുത്തുള്ളി പേസ്റ്റാക്കി ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട്"
 
അതുകേട്ടതും രാജി ഒന്ന് ചിണുങ്ങി. പിന്നെ വേഗം അപ്പുറത്തെ വലിയച്ഛന്റെ വീട്ടിലേക്കവൾ ഓടി. ബെല്ലടിച്ചതും മാക്സി പകുതി കയറ്റിക്കുത്തിക്കൊണ്ട് പ്രിയ ഓടിവന്ന് വാതിൽ തുറന്നു.
 
"ആ.. നീയായിരുന്നോ.. ഞാനാ ചെക്കനെ കുളിപ്പിക്കുകയായിരുന്നു"
 
"പ്രിയമ്മേ.. വെളുത്തുള്ളി പേസ്റ്റുണ്ടോ? അമ്മ പറഞ്ഞു....."
 
"ആ ഫ്രിഡ്ജിലിരിക്കുന്നണ്ടെടീ... ഞാനവനെയൊന്ന് കുളിപ്പിക്കട്ടെ ട്ടാ. രാജീ... നീ പോകുമ്പോൾ വാതിലടക്കണേ" രാജിയുടെ ചോദ്യം പൂർത്തിയാവുന്നതിനു മുമ്പുതന്നെ പ്രിയ മറുപടിയും പറഞ്ഞ് മകനെ കുളിപ്പിക്കാനായി ബാത്ത്റൂമിലേക്കോടി.
 
===============
 
മക്കളെല്ലാം സ്‌കൂളിൽ പോയതിന് ശേഷം ഒരു കട്ടൻ ചായയുണ്ടാക്കി രാധിക സിറ്റൗട്ടിൽ വന്നിരുന്ന് പതുക്കെ ഊതിക്കുടിച്ചു. മക്കൾ പോയിക്കഴിഞ്ഞാൽ പതിവായി അവൾ അശോകന്റെയടുത്ത് ഇതുപോലെ വന്നിരിക്കാറുള്ളതാണ്. അയാൾ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ സംസാരിച്ചുകൊണ്ടിരിക്കും. കഴിഞ്ഞ നാല് മാസമായി ചെയ്തുകൊണ്ടിരുന്ന അക്കാര്യമെല്ലാം ആലോചിച്ചപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.
 
കസേരയിൽ കിടന്നിരുന്ന പത്രത്തിലെ ഒരു വാർത്ത അവൾ ശ്രദ്ധിച്ചു. കുറച്ചു നാളായി വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന ഒരു സംഭവമായിരുന്നു അത്. വളരെ ചെറിയ പെൺകുട്ടികളെ ബലാൽസംഗം ചെയ്തതിന് ശേഷം അവരെ കൊലപ്പെടുത്തിയ ക്രൂരനായ ഒരു കൊലപാതകിയെ കുറിച്ച് കുറച്ചു നാളായി പത്രങ്ങളിലും വാർത്തകളിലുമെല്ലാം പറഞ്ഞുകൊണ്ടിരുന്നു. ആ വാർത്ത പത്രത്തിൽ കണ്ടപ്പോൾ അവളൊന്ന് അതിൽ കണ്ണോടിച്ചു.
 
കേസന്വേഷിച്ച പോലീസ് ഇൻസ്‌പെക്ടർ വഹാബും കൂടെ കുറച്ചു പോലീസുകാരും കൂടി നിൽക്കുന്ന പത്രത്തിലെ ഫോട്ടോയുടെ അടിയിലുള്ള വാർത്താശകലം അവൾ വായിച്ചു. '........ക്രൂരമായ ഈ കേസിന്റെ അന്വേഷണത്തിന്റെ അവസാനത്തിൽ എസ്‌കെ എന്ന സ്വകാര്യ കുറ്റാന്വേഷകൻ......'
 
"രാധീ... രാധീ..." പ്രിയയുടെ നീട്ടിയുള്ള വിളികേട്ട് പത്രം മടക്കിവെച്ച് രാധിക എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി. തൊട്ടപ്പുറത്തെ വീട്ടിലെ അടുക്കള വാതിലിൽ നിന്നാണ് പ്രിയ രാധികയെ വിളിക്കുന്നത്. ജോലിക്ക് പോകാനായി സാരിയുടുത്തൊരുങ്ങിയാണ് പ്രിയ നിൽക്കുന്നത്.
 
"എന്തേടത്തീ..." രാധിക വിളി കേട്ടു.
 
"രാധീ.. ഞാനിന്ന് വരുമ്പോൾ കുറച്ചു വൈകും. ഒപ്പം ജോലി ചെയ്യുന്ന ഒരാൾ അസുഖമായി ആശുപത്രിയിൽ കിടക്കുന്നുണ്ട്. അവിടെയൊന്ന് കയറണം. നാല് മണിക്ക് മക്കൾ സ്‌കൂളിൽ നിന്നും വരുമ്പോൾ നീയൊന്ന് നോക്കണം ട്ടാ... ആ ചെക്കൻ യൂണിഫോം മാറ്റാതെ കളിക്കാൻ പോകും"
 
"അതൊക്കെ ഞാൻ നോക്കിക്കൊള്ളാം.. ഏടത്തി വേഗം പൊയ്‌ക്കോളൂ.. ഇപ്പോൾ തന്നെ സമയം വൈകിയല്ലോ"
 
പ്രിയ വാതിലടച്ചു അകത്തേക്ക് പോയി. രാധിക വീണ്ടും പത്രമെടുത്ത് വായന തുടങ്ങി. അൽപ്പ നേരം കഴിഞ്ഞതും അപ്പുറത്ത് നിന്ന് ഗേറ്റ് അടക്കുന്ന ശബ്ദം അവൾ കേട്ടു. പ്രിയ ജോലിക്കായി വീട്ടിൽ നിന്നും പുറപ്പെട്ടു എന്നവൾക്ക് മനസ്സിലായി. തൊട്ടപ്പുറത്താണ് അവരുടെ വീടെങ്കിലും പ്രിയയുടെ വീടിന്റെ മുൻവശം വടക്കോട്ട് തിരിച്ചായതിനാൽ ആ വീട്ടിലേക്ക് വരുന്നവരെയും പോകുന്നവരെയുമൊന്നും ഇവിടെയിരുന്ന് കാണാൻ കഴിയില്ല.
 
രാധികയുടെ വീടിന്റെ അതേ ദിശയിലേക്കാണ് പ്രിയയുടെ വീടും പണിയാനായി ആദ്യം തീരുമാനിച്ചിരുന്നത്. അങ്ങനെയാണ് കണക്കും കാര്യങ്ങളുമെല്ലാം കൂട്ടിവെച്ചത്. എന്നാൽ സന്തോഷിന് അത് താല്പര്യമില്ലായിരുന്നു. ഒരൽപ്പം പുരോഗമന ചിന്താഗതിക്കാരനായ സന്തോഷ് മതപരമായ പല ചടങ്ങുകളും അനുഷ്ടാനങ്ങളും ഉപേക്ഷിച്ചിരുന്നു. അതിലൊന്നാണ് ഈ വീടിന്റെ നിർമ്മാണവും അതുമായി ബന്ധപ്പെട്ട കർമ്മങ്ങളും.
 
പുഴയോരത്തേക്ക് ഫ്രന്റ് വ്യൂ വേണം എന്ന വാശിയിൽ വടക്കോട്ടേക്ക് മുഖം തിരിച്ചാണ് സന്തോഷ് 'ശാന്തി ഭവനം' എന്ന ഈ വീട് പണിതിട്ടുളളത്. അതിനാൽ തന്നെ വീടിന്റെ അടുക്കള വന്നിരിക്കുന്നത് കന്നിമൂലയിലാണ്. ബന്ധുക്കളിൽ നിന്ന് ഒരുപാട് ആക്ഷേപങ്ങളും വിമർശനങ്ങളും ഉണ്ടായ ഒരു സംഭവമായിരുന്നു അത്. പക്ഷെ സന്തോഷ് അതൊന്നും വകവെച്ചില്ല. ഗൃഹപ്രവേശത്തിന്റെ അന്ന് ഗണപതി പൂജ പോലും നടത്താത്തതിനാൽ ബന്ധുക്കളിൽ പലരും ഈ വീട്ടിലേക്ക് ഇപ്പോൾ വരാറില്ല. വീട് പണിത് അതിൽ താമസമാക്കിയിട്ട് ഏകദേശം രണ്ട് വർഷത്തോളമായി. ഈ വീട്ടിൽ സമാധാനത്തിൽ വാഴില്ല എന്ന് പറഞ്ഞിരുന്ന ബന്ധുക്കളോടെല്ലാം സന്തോഷ് പറയുന്ന മറുപടി രണ്ട് വർഷമായിട്ട് അവർക്ക് ഒരു കുഴപ്പവുമുണ്ടായില്ലല്ലോ എന്നാണ്.
 
പെൺകുട്ടികളുടെ കൊലപാതക വാർത്ത വായിച്ച് മനസ്സ് നിറയെ ദുഃഖവുമായി രാധിക എഴുന്നേറ്റു. ഇത്ര ചെറിയ പെൺകുട്ടികളെ നശിപ്പിച്ച് കൊന്നുകളഞ്ഞ ക്രൂരനായ ആ കൊലയാളിയുടെ മനസ്സിന്റെ കാഠിന്യം എത്ര വലുതാണ് എന്നവളോർത്തു. അടുക്കളയിലെത്തി മറ്റുപണികൾ തുടങ്ങവേ പ്രിയയുടെ വീട്ടിൽ നിന്നും മിക്സി ഓൺ ആക്കുന്ന ശബ്ദം കേട്ടപ്പോൾ അവൾ അത്ഭുതപ്പെട്ടു.
 
'പ്രിയേടത്തി ഇത് വരെ പോയില്ലേ? പോകുമ്പോൾ ഗേറ്റ് അടക്കുന്ന ശബ്ദം ഞാൻ കേട്ടതാണല്ലോ. എന്തെങ്കിലും അസുഖമോ മറ്റോ വന്നിട്ട് വേഗം തന്നെ തിരിച്ചു വന്നതായിരിക്കുമോ?' രാധിക ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് അടുപ്പത്ത് ചോറ് വെച്ചത് വെന്തുമറിയുന്നത് കണ്ടത്. വേഗം തന്നെ അവളതെടുത്ത് അപ്പുറത്തേക്ക് മാറ്റിവെച്ചു. അപ്പോഴേയ്ക്കും പ്രിയയുടെ വീട്ടിൽ നിന്നും കേട്ട മിക്സിയുടെ ശബ്ദം നിന്നിരുന്നു.
 
രാധിക ചോറ് ഊറ്റിക്കൊണ്ടിരിക്കുമ്പോൾ പ്രിയയുടെ വീട്ടിലെ വാട്ടർ ടാങ്ക് നിറഞ്ഞുപോകുന്നതിന്റെ ശബ്ദം കേട്ടപ്പോൾ അവൾക്ക് മനസ്സിലായി പ്രിയ തിരിച്ചു വന്നിരിക്കുന്നുവെന്ന്. 'ഇന്നെന്തേ പ്രിയേടത്തി ജോലിക്ക് പോയിട്ട് പെട്ടെന്ന് തന്നെ തിരിച്ചു വന്നത്? ചോറൂറ്റി കഴിഞ്ഞതിന് ശേഷം എന്തായാലും ഏടത്തിയുടെ അടുത്തൊന്ന് പോയി നോക്കണം'. രാധിക അങ്ങനെ ആലോചിച്ചു നിൽക്കുമ്പോഴേയ്ക്കും പ്രിയയുടെ വീട്ടിലെ മോട്ടോർ ഓഫ് ആക്കിയിരുന്നു. ടാങ്ക് നിറഞ്ഞു താഴേയ്ക്ക് പോയിക്കൊണ്ടിരുന്ന വെള്ളത്തിന്റെ ശക്തി നേർത്തു നേർത്തു വന്നു.
 
ഊറ്റിയ ചോറെല്ലാം മൂടി വെച്ചതിന് ശേഷം രാധിക പ്രിയയുടെ അടുത്തേക്ക് പോകാനായി നിൽക്കുമ്പോഴാണ് അവളുടെ ഫോൺ ശബ്ദിച്ചത്. പ്രിയയായിരുന്നു മറുതലക്കൽ. ഫോൺ എടുത്തയുടൻ രാധിക ചോദിച്ചു.
 
"പ്രിയേടത്തി... എന്താ ഇന്ന് പറ്റിയേ?"
 
"ഒന്നും പറയണ്ട എന്റെ രാധീ.. ടാങ്ക് നിറഞ്ഞു പോകുന്ന ശബ്ദം നീ കേട്ടു ല്ലേ.."
 
"ആ.. ഞാൻ കേട്ടു. ഞാൻ അത് തന്നെയാ ആലോചിച്ചുകൊണ്ട് നിന്നിരുന്നത്.. അല്ലാ... ജോലിക്ക് പോയ ആൾ ജ്യൂസ് കുടിക്കാനാണോ പെട്ടെന്ന് തന്നെ തിരിച്ചു വന്നത്?" ചിരിച്ചുകൊണ്ട് രാധിക പ്രിയയോട് ചോദിച്ചു.
 
"ജ്യൂസ് കുടിക്കാനോ? എന്താ രാധീ നീ പറയുന്നത്?" ചെറിയൊരു അത്ഭുതത്തോടെ പ്രിയ മറുചോദ്യം ഉന്നയിച്ചു.
 
"പിന്നെ എന്തിനാ മിക്സി ഓണാക്കിയത്?"
 
"മിക്സിയോ? നിനക്കെന്താ വട്ടായോ? അതൊക്കെ പോകട്ടെ, ഇപ്പോഴും ടാങ്ക് നിറഞ്ഞു വെള്ളം പോയിക്കൊണ്ടിരിക്കുകയല്ലേ?.. ഒരു കാര്യം ചെയ്യൂ... ആ മെയിൻ സ്വിച്ച് ഒന്ന് ഓഫ് ചെയ്തേക്കൂ"
 
പ്രിയയുടെ സംസാരം കേട്ട് രാധിക മറുപടിയൊന്നും പറയാതെയായപ്പോൾ അവൾ വീണ്ടും ചോദിച്ചു.
 
"രാധീ.. കേൾക്കുന്നില്ലേ നിനക്ക്? വീടിന്റെ താക്കോൽ എന്റെ കയ്യിലല്ലേ.. അതാ ഞാൻ പറഞ്ഞത് കിഴക്കേപ്പുറത്ത് പോയി ചുമരിലുള്ള മെയിൻ സ്വിച്ച് ഓഫ് ചെയ്യാൻ. ഇല്ലെങ്കിൽ മോട്ടോർ കത്തിപ്പോകും"
 
"പ്രിയേടത്തി അപ്പോൾ ഇവിടെ വീട്ടിലില്ലേ?" അത്ഭുതത്തോടെ രാധിക ചോദിച്ചു.
 
"വീട്ടിലോ?.. ഞാൻ KSEB യിലല്ലേ. നിന്നോട് യാത്ര പറഞ്ഞിട്ടല്ലേ ഞാൻ വന്നത്"
 
പ്രിയയുടെ ആ മറുപടി കേട്ടതും രാധികയുടെ നെഞ്ചിലൊരു ഇടിവെട്ടി. വിറക്കുന്ന ശബ്ദത്തോടെ അവൾ പ്രിയയോട് ചോദിച്ചു.
 
"അപ്പോൾ പിന്നെ ഇവിടെ മോട്ടോർ ആരാ ഓഫ് ചെയ്തത്?"
 
"മോട്ടോർ ഓഫ് ചെയ്‌തെന്നോ? ഞാൻ അവിടെ നിന്നും പുറപ്പെടുന്നതിന്റെ കുറച്ചുമുമ്പ് ടാങ്കിൽ വെള്ളം തീർന്നിരുന്നു. അപ്പോൾ ഞാൻ മോട്ടോർ ഓണാക്കി. കുറച്ചുനേരമിട്ടിട്ട് ഓഫാക്കാമെന്നാണ് വിചാരിച്ചത്. എന്നാൽ വരുന്ന തിരക്കിൽ അത് ഓഫ് ചെയ്യാൻ മറന്നു. ഇവിടെയെത്തിയപ്പോഴാണ് അക്കാര്യം ഓർമ്മവന്നത്. അതല്ലേ നിന്നെ ഞാനിപ്പോൾ വിളിച്ചത്. അല്ലാ.. ഞാൻ വാതിൽ പൂട്ടിയിട്ടാണല്ലോ വന്നത്. അപ്പോൾ പിന്നെ ആരാ വീടിന്റെ അകത്തുകയറി മോട്ടോർ ഓഫ് ചെയ്തത്?"
 
"ആ.. അറിയില്ല. ഇപ്പോൾ തന്നെ മോട്ടോർ ആരോ ഓഫ് ചെയ്തു"
 
"എന്റെ രാധീ... ചിലപ്പോൾ കറന്റ് പോയതായിരിക്കും"
 
"ഹേയ്.. അതല്ല. ഇവിടെ കറന്റുണ്ട്.. നമ്മുടെ രണ്ടുവീടിന്റെയും ഒരേ ലൈനല്ലേ. മാത്രവുമല്ല അവിടെ കുറച്ചുനേരം മിക്സി ഓണായിരുന്നു. അതും ആരോ ഓഫാക്കി"
 
അതുകേട്ടപ്പോൾ പ്രിയക്കും ഭയമായി. ആരായിരിക്കും തന്റെ വീട്ടിൽ കയറിയത്? എന്തായിരിക്കും അവിടെ സംഭവിക്കുന്നത്? ഒരൽപ്പ നേരത്തെ നിശബ്ദതയ്‌ക്ക് ശേഷം പ്രിയ പറഞ്ഞു.
 
"രാധീ.. നീയവിടെയൊന്ന് പോയി നോക്ക്. ഒരുപക്ഷെ മക്കളെങ്ങാനും വന്നിട്ടുണ്ടെങ്കിലോ?"
 
"മക്കൾ ഈ സമയത്ത് വരില്ലല്ലോ.. മാത്രവുമല്ല വീടിന്റെ ചാവി ഏടത്തിയുടെ കയ്യിലല്ലേ. മക്കൾ വന്നാലും അവരെങ്ങനെ അകത്തുകയറും?"
 
"നീയാ അടുക്കളയുടെ അടുത്ത് പോയി ആരാ ഉള്ളിലെന്ന് വിളിച്ചു ചോദിക്ക്"
 
"അയ്യോ! എനിക്ക് പേടിയാ ഏടത്തി... ഇവിടെ ആരുമില്ല. മക്കളൊക്കെ സ്കൂളിലും പോയില്ലേ"
 
"എന്നാൽ നീയൊരു കാര്യം ചെയ്യ്. ഗോപാലേട്ടൻ വഞ്ചിപ്പുരയിലുണ്ടാവും. വേഗം പോയി വിളിച്ചുകൊണ്ടുവായോ. എന്നിട്ട് നിങ്ങൾ രണ്ടാളും കൂടി പോയിനോക്ക്. ആരാ എന്റെ വീട്ടിലെന്ന് എനിക്കറിയണമല്ലോ"
 
"ആ... ഞാൻ ഗോപാലേട്ടന്റെ അടുത്ത് പോകട്ടെ" അതും പറഞ്ഞു രാധിക ഫോൺ വെച്ചു.
 
പുഴക്കടവിലെ വഞ്ചിപ്പുരയ്ക്കകത്തിരുന്ന് തന്റെ വഞ്ചിക്ക് കീൽ അടിക്കുകയായിരുന്ന ഗോപാലനോട് ചെന്ന് രാധിക വിവരങ്ങളൊക്കെ പറഞ്ഞു. ഏറെ ഭയന്നുകൊണ്ടാണ് രാധിക ഗോപാലനോട് കാര്യങ്ങളൊക്കെ പറഞ്ഞതെങ്കിലും അയാൾക്ക് അതത്ര വലിയ കാര്യമായി തോന്നിയില്ല. കീൽ പാത്രത്തിൽ നിന്നും ബ്രഷ് എടുത്ത് പുറത്ത് വെച്ചതിനുശേഷം രാധികയോടൊപ്പം നടക്കുമ്പോൾ അയാൾ പറഞ്ഞു.
 
"മോൾക്കൊന്നും തോന്നരുത്. കന്നിമൂല താഴ്ന്നുകിടക്കുന്ന ഒരു വീടാണത്. പോരാത്തതിന് ആ ഭാഗത്ത് അടുക്കളയും. ഇന്നത്തെ കാലത്തെ കുട്ടികൾക്ക് ചിലപ്പോൾ ഇതിലൊന്നും വിശ്വാസമുണ്ടായിരിക്കില്ല. എന്നാലും അതിലെല്ലാം സത്യമുണ്ട് കുട്ടീ.. ഒരു വീട്ടിലേക്ക് പ്രാണവായു വരേണ്ട ഈശാനകോൺ കാണിച്ചുവെച്ചിരിക്കുന്നത് കണ്ടില്ലേ. അവിടെ ഇതൊന്നുമല്ല, ഇതിനപ്പുറം സംഭവിച്ചാലും അത്ഭുതമില്ല"
 
ഗോപാലൻ പറയുന്നതെല്ലാം രാധിക കേട്ടുനിന്നു. കാരണം അവൾക്കറിയാം സന്തോഷിന് ഇതിലൊന്നും വിശ്വാസമില്ലായെന്ന്. ആ വീടിനടുത്തെത്തിയപ്പോൾ ഗോപാലൻ ചോദിച്ചു.
 
"വീടിന്റെ താക്കോൽ കയ്യിലുണ്ടോ?"
 
"ഇല്ല താക്കോൽ ഏടത്തിയുടെ കയ്യിലാണ്. അടുക്കളയിൽ നിന്നാണ് മിക്സിയുടെ ശബ്ദം കേട്ടത്. അവിടെത്തന്നെയാണ് മോട്ടോറിന്റെ സ്വിച്ചും ഉള്ളത്. അടുക്കളയുടെ ജനവാതിൽ എപ്പോഴും തുറന്നാണിടാറുള്ളത്. ഗോപാലേട്ടൻ എന്റെകൂടെ ആ ഭാഗത്തേക്കൊന്ന് വന്നാൽ എനിക്കവിടെ നിന്ന് ഉള്ളിലേക്കൊന്ന് നോക്കാമായിരുന്നു"
 
ഗോപാലൻ കൂട്ടിന് വന്നപ്പോൾ രാധികയ്ക്ക് ചെറിയൊരു ധൈര്യം കൈവന്നു. അവൾ അടുക്കളഭാഗത്തെത്തി, മതിലിനോട് ചേർത്തുവെച്ചിരുന്ന ചെങ്കല്ലിൻ കട്ടകളിൽ നിന്നും ഒരെണ്ണമെടുത്ത് അടുക്കള ജനവാതിലിന് താഴെയിട്ട് അതിന്മേൽ കയറിനിന്നുകൊണ്ട് രാധിക അകത്തേക്ക് നോക്കി.
 
(തുടരും)
 
സമീർ കലന്തൻ