Aksharathalukal

പ്രണയോന്മാദികളുടെ പുരാവൃത്തം 2

ദേവൻ ഉടുത്തിരുന്ന വെളുത്തമുണ്ട് ഒന്ന് മാടി ഒതുക്കി...
കയ്യിലെ കറുത്ത ചരടുകൾ ഒന്ന് കയറ്റി വച്ചു....
നടന്നു നീങ്ങുന്ന വഴികളിലെല്ലാം പലരുടെയും മിഴികൾ തന്നിലേക്ക് പാളി വീഴുന്നത് അവൻ അറിയുന്നുണ്ടായിരുന്നു...
അധികവും പരിചയക്കാരല്ല അടുത്ത് നിൽക്കുന്നവർ ആകാംഷയോടെ അവനെ വീക്ഷിക്കുമ്പോൾ കാരണം തിരക്കി മിഴികൾ പായിക്കുന്നവരാണ്...
പരിചമുള്ളവരിൽ ചിലർ അത്ഭുതത്തോടെ നോക്കുന്നു...
ചിലർക്ക് ദേഷ്യം.... മറ്റു ചിലരിൽ അവഞ്ജയുടെ മേമ്പൊടിയാണ്....
മുൻപ് വളരെ സ്നേഹിച്ചവരുടെ മിഴികളിൽ ദേഷ്യഭാവമാണ്....
ഇപ്പോഴത്തെ കൗമാരക്കാരിൽ ചിലർക്ക് മാത്രം ആരാധനകലർന്ന ഒരു തരം ദേഷ്യഭാവം. 

അല്ലെങ്കിലും നാടിനെ മുഴുവൻ കുലുക്കിയ പ്രണയകഥയിലെ നായകന് ഇതിനേക്കാൾ ചെറിയ സ്വീകരണം ലഭിക്കില്ലല്ലോ..??? 

അച്ഛനും അമ്മയും സഹോദരങ്ങളും എവിടെയായിരിക്കും???
ജീവനോടെ ഉണ്ടാകുമോ???
അതോ ചുട്ട് കൊന്നു കാണുമോ???
ആരോട് ചോദിക്കും ആര് പറഞ്ഞു തരും????
ഇനി ഒന്നും സംഭവിച്ചിട്ടില്ല എങ്കിൽ എങ്ങനെ അവർക്ക് മുന്നിൽ ചെന്ന് നിൽക്കും...
ഒക്കെ ഇട്ടെറിഞ്ഞു പോയതിന് എന്ത്‌ ന്യായീകരണം നിരത്തും..??
അതിനുള്ള ഉത്തരം തിരഞ്ഞു കുഴഞ്ഞതിനാലാണ് ഈ വരവ് ഇത്രയും താമസിച്ചത്....
പലവട്ടം ഇങ്ങനെയൊരു വരവിനു തയ്യാറെടുത്തപ്പോഴും നാജി എവിടെ???
എന്ന ചോദ്യത്തിന് കൊടുക്കേണ്ട മറുപടികളെ കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല....
ഇപ്പോഴും ഉണ്ടായിട്ടല്ല  അങ്ങാടിപ്പുറത്തേയ്ക്ക് വീണ്ടും കാലെടുത്ത് കുത്തിയിരിക്കുന്നത്...
വാണിയേക്കാടന്മാരുടെ പ്രതികരണം എങ്ങനെയാവും എന്ന് ഒരു നിശ്ചയവും ഇത് വരേയ്ക്കും ഇല്ലാ.... 

പക്ഷെ ഇനിയും വയ്യ.
ഒന്നു കാണണം ' ഒരു വാക്കെങ്കിലും സംസാരിക്കണം...
എന്നിട്ടേ മടങ്ങു...
ഒരായിരം മാപ്പ് ചോദിച്ചാലും തീരാത്ത തെറ്റാണല്ലോ അവരോട് ചെയ്തത്...!! 

ജീവനോടെ എവിടെയെങ്കിലും ഉണ്ടാകും മകന് വേണ്ടി ഇന്നും പ്രാർത്ഥനയിൽ മുഴുകിയ അമ്മയും വീട്ടുകാരും..
ജീവിതത്തിലിനി മറ്റു മോഹങ്ങൾ ഒന്നുമില്ല....
പ്രതീക്ഷകളുമില്ല....
കഴിഞ്ഞ് പോയ കാലങ്ങളിലെല്ലാം എല്ലാവരുടെയും മറുവിളി അവൻ പ്രതീക്ഷിച്ചിരുന്നു...
നിശബ്ദമായി കാത്തിരുന്നു...
മൗനമായി തേവരോട് പ്രാർഥിച്ചിരുന്നു.. 

ഇരവിലും പകലിലും നോവിച്ച.....
കനവിലും നിനവിലും  നിറഞ്ഞു നിന്ന നാജിയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയിൽ മറ്റെല്ലാം മറന്നു.... 

കടവ് കടക്കാൻ തോണി തേടി പോകുന്നതിനിടയിലാണ് പുതുതായി പണി തീർത്തിരിക്കുന്ന പാലം ദേവന്റെ മിഴികളിൽ പതിഞ്ഞത്... 

ദൂരെ കടത്ത് തോണിയിൽ രണ്ട് അറ്റത്തിരുന്ന് ഇരുന്ന് കഥകൾ പറഞ്ഞ  കരിനീല കണ്ണുള്ളവളെയും അവളുടെ പ്രിയപ്പെട്ടവന്റെയും ദൃശ്യം അവനിൽ ഒന്ന് മിന്നി മാഞ്ഞു....
നിതംബം കഴിഞ്ഞൊഴുകി നടക്കുന്ന അവളുടെ മുടിയിഴകൾ മെല്ലെ കാറ്റിൽ ഉലയുന്നു....
ഇടയ്ക്കിടെ കടത്ത് കാരൻ കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി അങ്ങേത്തലയ്ക്കലേ പൊടി മീശക്കാരന്  നിവേദ്യം പോലെ കിട്ടുന്ന അവളുടെ കാടാക്ഷം....
ചുറ്റിത്തിരിയുന്ന ഭൂമിയെ പോലും മറക്കുന്ന അവളുടെ ചിരി... 

അതിലല്ലേ ദേവൻ മയങ്ങി പോയത്....
ആ നിഷ്കളങ്കമായ ചിരിയിൽ.....
തന്നെ നോക്കി പുഞ്ചിരിക്കുന്ന ആർക്കും മറു പുഞ്ചിരി തിരികെ നൽകുന്ന പെണ്ണ്...
"""ഷഹനാജ്... """ 

ദേവന്റെ നാജി......

അവളുടെ ബാഹ്യമായ സൗന്ദര്യത്തെക്കാൾ ആരും അറിയാതെ സഹപാടികളിൽ പലർക്കും തന്നാലാകുന്ന സഹായം ചെയ്തു കൊടുക്കുന്ന നാജി....
അവളെ ഒത്തിരി ഇഷ്ടമായിരുന്നു തനിക്ക്......

നാജിയോട് കൂട്ടുകൂടാനും അവൾക്കായി എന്ത്‌ ചെയ്തു കൊടുക്കാനും മത്സരമായിരുന്നു കൂട്ടുകാർക്കിടയിൽ....
അവളുടെ അധരങ്ങളിൽ ആ നിമിഷങ്ങളിൽ വിരിയുന്ന മന്ദഹാസം കാണുവാനായി മാത്രം....

ഒരാളോട് മാത്രം നാജി എന്തെങ്കിലും സംസാരിച്ചു പോയാൽ അന്നത്തെ ദിവസം അയാളെ അത്‌ ചൊല്ലി കളിയാക്കും എല്ലാവരും...
അത്‌ കേൾക്കാനും ഒരു ചേല് തന്നെ...
നാജിയോട് ചേർത്ത് പേരൊന്ന് പറയാൻ ഏവരും ആഗ്രഹിച്ചിരുന്നു...
ഈ ഞാൻ പോലും.....
കൂട്ടത്തിലെ ഏക അന്യജാതിക്കാരൻ ഞാനായിട്ട് പോലും ഉള്ളിന്റെയുള്ളിൽ വെറുതെ ഒരു മോഹം അങ്ങനെ കൂട് കൂട്ടിയിരുന്നു.....
കടത്തിറങ്ങും നേരം നാജിക്ക് നേരെ ഉയരുന്ന ആറോളം കരങ്ങളിൽ ഒന്ന് മാത്രമായിരുന്നു ദേവൻ ആ നാളുകളിൽ....

നിനവുകളിൽ എല്ലാം നാജിയുടെ വട്ടമുഖം വിരുന്നെത്തിയ രാവുകൾ...
കിനാവ് കാണാൻ പഠിപ്പിച്ചവൾ......
തീരെ ചെറുതിലെ  കുപ്പിവളക്കിലുക്കം പോലെ സംസാരിച്ചിരുന്നവൾ പെട്ടെന്നൊരു നാൾ തീർത്തും എന്നെ ഗൗനിക്കാതെ വന്നതോടെ ഉള്ളിൽ ഞാൻ പോലും അറിയാതെ പൊട്ടിമുളച്ച് തളിരിലവൾ
വിരിഞ്ഞ് വലിയൊരു വടവൃക്ഷമായി മാറിയത് ഞാനറിഞ്ഞു.....

""അവൾ പെൺകുട്ടിയായെടാ... ""
എന്നുള്ള കൂട്ടുകാരുടെ കളിവാക്കുകളിലെ സത്യം വിളിച്ചോതും പോലെ തുടുത്ത മുഖവും കാണുമ്പോൾ കുനിഞ്ഞു പോകുന്ന ശിരസ്സും....

ഒരു ദിവസം ഒന്ന് കണ്ടാൽ മതി മിണ്ടിയാൽ മതി എന്ന തോന്നൽ കലാശലായതോടെ വാണിയത്ത് വീടിന്റെ പഠിപ്പുരയ്ക്കൽ
കൂട്ടുകാർക്കൊപ്പം പോയി...
വെറുതെ.....
എപ്പോഴെങ്കിലും പുറത്തേയ്ക്ക് അവൾ വന്നെങ്കിലോ????
ഒന്ന് കാണാൻ ആ മുഖം നെഞ്ചിൽ നിറയ്ക്കാൻ....
രാവേറെ പോയിട്ടും അവളെ കണ്ട് കിട്ടിയില്ല....
ഉണ്ണി സായ്ബിന്റെ വക അസ്സൽ പണി എനിക്കും കൂടെ വന്നവർക്കും കിട്ടി...
കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന അവരുടെ തെങ്ങിൻ തോപ്പിൽ
വെട്ടിയിടുന്ന തേങ്ങയും കരിക്കും വെവ്വേറെ തിരിച്ച് എണ്ണിയിടാൻ...
പോകാൻ നേരം സായിബ് എന്തേലും വെച്ച് തരും കയ്യിൽ.....
ഞങ്ങൾക്ക് പൈസ തരാൻ മൂപ്പര് കണ്ടെത്തുന്ന ഒരു വഴി...
ഈ പ്രായത്തിലെ ചെക്കൻമാർക്ക് കയ്യിൽ എന്തേലുമൊക്കെ കാര്യത്തിന് കാശ് വേണം എന്ന കാഴ്ചപ്പാടുള്ളയാളാണ് ഉണ്ണി ഹാജി..
അത്‌ വെറുതെ ഒട്ട് തരികയും ഇല്ലാ...
ശരീരം വിയർക്കേ പണിയെടുപ്പിക്കും വിയർപ്പ് ആറും മുന്നേ കൂലിയും തരും.

ഏവർക്കും സർവ്വസമ്മനാണ് ഉണ്ണി ഹാജി....
ബഹുമാനം ആദരവ് ഒക്കെ തോന്നുന്ന വ്യക്തിത്വം....
കിഴക്ക് വെള്ള കീറും മുന്നേ നമസ്കാരപായയിൽ പ്രാർത്ഥനാ നിരതൻ ആകുന്ന ഉണ്ണി മഹമൂദ് ഹാജി.....
അറേബ്യൻ നാടുകളിൽ ആകാശസഞ്ചാരം യോഗ്യമായിട്ടില്ലാത്ത കാലത്ത്  ഹജ്ജ് ചെയ്ത മനുഷ്യൻ...

അങ്ങനെയുള്ളയാളുടെ വാത്സല്യ നിധിയായ മകളോട് മറുജാതിക്കാരന് തോന്നിയ ഇഷ്ടം പുറത്ത് പറയാതെ ഉള്ളിലൊതുക്കാൻ ഞാൻ കിണഞ്ഞു പരിശ്രമിച്ചിരുന്നു...
പക്ഷെ ഒരു നോക്ക് കാണാതെ വയ്യ തന്നെ ഹൃദയത്തിൽ അവൾക്കായി പണിത അറയിൽ വല്ലാത്തൊരു നോവ് പടരും ഒരു വട്ടം പോലും കാണാതിരുന്നാൽ.

അന്നും ആകാശത്തു രക്തവർണ്ണം പടർന്നു....
അന്തരീക്ഷത്തിൽ ബാങ്കൊലികൾ മുഴങ്ങി കേട്ടു....
എനിക്കൊപ്പമുണ്ടായിരുന്നവരെ നമസ്കരിച്ചിട്ട് വരാനായി സായിബ് പറഞ്ഞയച്ചു...
എന്നോടൊന്ന് പുഞ്ചിരിച്ച്

"""നാവ് വരളണുണ്ടോ ഞാൻ കുടിക്കാൻ വെള്ളം കൊടുത്ത് വിടാട്ടോ..!!""

അദ്ദേഹം എന്റെ ചുമലിൽ തട്ടി പറഞ്ഞ് കൊണ്ട് അകത്തേക്ക് പോയി മറഞ്ഞു......
കുറച്ചു നിമിഷങ്ങൾ കടന്ന് പോയിക്കാണും ഞാൻ ചെയ്തിരുന്നതിലേക്ക് വീണ്ടും തിരിഞ്ഞു...

ചുറ്റും നിറയുന്ന കൂമന്റെയും ചീവീടുകളുടെയും കലഹസ്വരങ്ങൾക്കിടയിൽ 
എനിക്കടുത്തേക്ക് വരുന്ന പാദസര കിലുക്കവും കുപ്പി വളകൾ തമ്മിൽ കൊഞ്ചി കഥപറയുന്ന ശബ്ദവും കേട്ട്  കുനിഞ്ഞു നിന്നടത്ത് നിന്ന് വെപ്രാളത്തോടെ നിവർന്നു....
എന്നും കാതിന് കുളിർമ്മയേകുന്ന ശബ്ദം.....
ആരെന്ന് അറിയാമെങ്കിൽ പോലും
എന്നെ കാണുമ്പോൾ അവളുടെ മുഖം വിടരുന്നോ????
ഭാവ വ്യത്യാസം ഉണ്ടാകുന്നോ......
ചൊടികളിൽ പുഞ്ചിരി വിരിയുന്നോ???
അതൊക്കെ നോക്കികാണാൻ ഒരു മോഹം....

മൊസൈക്ക് പാകിയ അകത്തളത്തിൽ നിന്നും കുഞ്ഞൊരു മൊന്തയിൽ നിറഞ്ഞ ദ്രാവകം കയ്യിലേന്തിയാണ് അവളുടെ വരവ്...
തിളക്കമുള്ള കരിനീല വർണ്ണത്തിലെ
പട്ട് പാവാടയും കുപ്പായവും നീട്ടിയെഴുതിയ കരി നീല മിഴികളും...
കൈ നിറയെ കരിനീല വളകൾ അവ തമ്മിൽ കഥ പറഞ്ഞ് പൊട്ടി ചിരിക്കും പോലെ തോന്നിച്ചു...
എനിക്കടുത്തെത്തിയതേ ആ വളകളുടെ പൊട്ടിച്ചിരികൾ ഒന്നടങ്ങി സ്വകാര്യം പറയും പോലെയായി...

അവളുടെ കൈകൾ എനിക്ക് നേരെ നീണ്ടപ്പോഴാണ് ആ നേരമത്രയും എന്റെ മിഴികളാ വളകളിൽ മാത്രമായിരുന്നു എന്ന് ബോധ്യമായത്...

മുഖം ഉയർത്തി ഒന്ന് നോക്കുക പോലും ചെയ്യാതിരുന്നപ്പോൾ ഹൃദയഭിത്തികൾ വല്ലാതെ ചുരുങ്ങി നോവും പോലെ തോന്നി....

"""നാജി...."""

ഹൃദയം പൊടിയും പോലെയുള്ള വിളിയാളം ആയിരുന്നത്...
ഒരു നോട്ടത്തിനു വേണ്ടി....
അവളുടെ മിഴികൾ ഒന്ന് പിടച്ചുകൊണ്ട് എനിക്ക് നേരെ ഉയർന്നു...
ഉച്ചത്തിൽ കർണങ്ങളെ അലോസരപ്പെടുത്തുന്ന ചിവീടുകളെക്കാൾ ഉച്ചസ്ഥായിയിൽ കൂമന്റെ ശബ്ദം....
ഏക്കറുകളോളം  നീണ്ടു നിവർന്നു കിടക്കുന്ന പച്ചപ്പിൽ പൊതിഞ്ഞ പറമ്പിൽ രണ്ട് പൊട്ട് പോലെ നാജിയും ദേവനും.......
ദൂരേക്ക് അകന്നു പോകുന്നു...

ഞാൻ ഉറക്കിൽ നിന്നെന്ന പോലെ ഉണർന്നു......
നാജിയില്ല പറമ്പില്ല....
പുഴയിലെ ഓളത്തിൽ ഒഴുകി കരയ്ക്കടുക്കുന്ന വഞ്ചിയില്ല...
കമാനം പോൽ വളഞ്ഞു നിൽക്കുന്ന മേൽപ്പാലം.....
കുറച്ച് കൂടി മുന്നോട്ട് നടക്കേ പാലത്തിനു കീഴെ അട്ടയെ കണക്കെ വളഞ്ഞു കിടന്നുറങ്ങുന്ന വഞ്ചിക്കാരൻ ഹംസ....
പാലം വന്നതോടെ കടത്തൊഴിഞ്ഞു പെരുവഴിയിൽ ആയികാണണം...

ഒന്ന് തട്ടി വിളിച്ചൂടെ എന്നുള്ള മനസ്സിന്റെ ചോദ്യം എന്തുകൊണ്ടോ അവഗണിക്കാൻ തോന്നിയില്ല...

"""ഹംസൂട്ടിക്കാ....???"""

ആ വിളിയിൽ പിടഞ്ഞെഴുനേൽക്കുന്ന അർദ്ധപ്രാണനായ മനുഷ്യൻ ക്ഷീണിച്ച് എല്ലുന്തിയ അയാൾ എഴുനേറ്റിരുന്ന് നെഞ്ച് പൊട്ടുമാറ് ഉറക്കെ ചുമച്ചു....
കിതപ്പൊന്നടക്കി എന്നെ നോക്കി....
പ്രതീക്ഷിക്കാത്ത എന്തോ കണ്ടപോലെ ആ മിഴികൾ നിറഞ്ഞു....
അതിനുള്ളിൽ പ്രതീക്ഷയുടെ തിളക്കം....

ഏറ്റവും ഒടുവിൽ പുകയിലക്കറ  തിങ്ങിയ പല്ലുകൾ കാണിച്ച് അയാൾ തിരക്കി...

""നാജിമോള് ഏടെ ദത്താ....????
വന്നില്ലേ????"""

ഞങളുടെ മൂക പ്രണയത്തിന്റെ മൂക സാക്ഷി....
എന്ത്‌ പറയും????


(തുടരും...)

✍️❤️ഹഷാര❤️


കമന്റ്സ് പറയണേ 😍

 


പ്രണയോന്മാദികളുടെ പുരാവൃത്തം 3

പ്രണയോന്മാദികളുടെ പുരാവൃത്തം 3

5
1244

നാജി...........!!!! അവൾ എനിക്ക് മുന്നിലും ഉത്തരം കിട്ടാതെ ഞാൻ തേടിയലയുന്ന കടംങ്കഥയാണെന്ന് എനിക്ക് മുന്നിലിരിക്കുന്ന ഈ മനുഷ്യനെ എങ്ങനെ അറിയിക്കും...!!! മുന്നിലിരിക്കുന്ന ഹസൂട്ടിക്കയെ നോക്കിയിരിക്കെ വീണ്ടും കണ്മുന്നിൽ ആ തെങ്ങിൻ തോപ്പും അതിന് ഒത്ത നടുവിലായി തലയുയർത്തി നിൽക്കുന്ന വാണിയേക്കാടൻ മാളികയും തെളിഞ്ഞു വന്നു. ആ വീടിന് പിന്നിലെ പറമ്പിൽ ചങ്ക് പൊട്ടി തന്റെ പെണ്ണിനെ വിളിക്കുന്ന ഒരു പൊടി മീശക്കാരൻ. '""ഇങ്ങള് കരയാ....... കരയല്ലേ...... എനക്കും പെരുത്ത് സങ്കടം വരും..... കരയല്ലേ......ദേവാ....!!!""" മുത്ത് പൊഴിയും പോലെ അവളുടെ വാക്കുകൾ അവന്റെ കാതിൽ ചിന്നി ചിതറി.... "&qu