HAMAARI AJBOORI KAHAANI
പാർട്ട് 12
അർജിത്ത് അലോഷ്യ എന്ന അജുവേട്ടൻ. അപ്രതീക്ഷിതമായി നിഹയുടെ ജീവിതത്തിൽ ഇടിച്ചുകയറിവന്നു പ്രിയങ്കരനായവൻ.
പ്ലസ് ടു വരെയുള്ള പഠനം ബാംഗ്ലൂരിൽ പൂർത്തിയാക്കി.... പെട്ടെന്നൊരുദിവസം നാട്ടിലേക്ക് വരേണ്ടിവന്നവനാണ് അജു.
ആദ്യമൊന്നും ഇവിടുത്തെ രീതികളുമായി അജുവിന് പൊരുത്തപ്പെടാൻ പറ്റിയില്ലായെങ്കിലും ഋഷിയുടെയും ആൽവിന്റെയും സൗഹൃദം അവനെ മാറ്റി. ഇവിടെ വന്നതിനുശേഷം അജുവിന് കിട്ടിയ കൂട്ടാണ് ഇവർ. ആൽവിനും ഋഷിയും ചെറുപ്പം മുതലുള്ള കൂട്ടാണ്. അതിനിടയിലേക്ക് അജുവുംകൂടെ വന്നതും ആ ബന്ധം കൂടുതൽ ദൃഢമായി.
മൂവരും കോളേജിലെ എല്ലാ പരിപാടിക്കും പങ്കെടുത്തു കോളേജ് ഹീറോസ് തന്നെയായിരുന്നു. അങ്ങനെയിരിക്കെ ഇതുപോലൊരു സമരത്തിനിടക്കാണ് അവർ അപ്പുവിനേം നിഹായേം പരിചയപ്പെടുന്നത്.
നിഹായും അപ്പുവും എട്ടിൽ പഠിക്കുമ്പോൾ ഒരു ദിവസം നയാ കൊടുത്ത പണിയുടെ ഫലമായി ടീച്ചർ രണ്ടുപേരേം ഗെറ്റ്ഔട്ട് അടിച്ചിരുന്നു. അങ്ങനെ പുറത്തുനിന്നു ഹരിതാപവും പച്ചപ്പുമാസ്വദിച്ചു നിൽക്കുമ്പോളാണ് അപ്പൂന് ഒരു ബുദ്ധി തോന്നിയത്.
നിചുമ്മാ........
നീട്ടിയുള്ള സ്നേഹത്തോടെ വിളി കേട്ടതും നിഹാ അപ്പുവിനെ ഒന്ന് സൂക്ഷിച്ചുനോക്കി. ആ വിളിയിലൂടെ തന്നെ നിഹാക്ക് മനസ്സിലായിരുന്നു എന്തോ പണിക്കുള്ള മുന്നറിയിപ്പാണെന്ന്.
എന്താണ് അപ്പുമോളെ ഒരു പതപ്പിക്കൽ....
നിഹാക്ക് കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലായെന്നു അറിഞ്ഞതും അപ്പുവൊന്നു ഇളിച്ചുകൊടുത്തു.
അതുണ്ടല്ലോ..... എന്തായാലും ഇപ്പൊ പ്രത്യേകിച്ച് പണിയൊന്നുല്ലല്ലോ അപ്പോപ്പിന്നെ നമുക്കൊരു പണി നോക്കിയാലോ.......
ഡീ ഡീ പറഞ്ഞുപറഞ്ഞു നീയെനിക്കൊരു പണിയാക്കുവോടെ......
അതിനു അപ്പു ഞാനങ്ങനെ ചെയ്യോ എന്ന ഭാവത്തിൽ നിഹായെ ഒന്ന് നോക്കി. അതിനു നിഹാ നീയേ അങ്ങനെ ചെയ്യുന്ന ഭാവത്തിൽ തിരിച്ചും നോക്കി. അതു കണ്ടതും അവളെ നോക്കി മുഖം കോട്ടി തിരിഞ്ഞുനിന്നു.
ഇത് കണ്ടതും നിഹാ അപ്പൂവിന്റെ കയ്യിൽ തോണ്ടി കാര്യം പറയാൻ പറഞ്ഞു. ആദ്യമൊന്നു ജാഡയിട്ടെങ്കിലും ഇനിയും പറഞ്ഞില്ലേൽ നിഹാ അവളുടെ പാട്ടിനുപോവുമെന്ന് തോന്നിയതും കാര്യമവതരിപ്പിച്ചു.
അതുണ്ടല്ലോ നിച്ചുവേ നമുക്കൊന്ന് ഹോളി ആഘോഷിച്ചാലോ....
അതൊരു നല്ല ഐഡിയ ആണെന്ന് തോന്നിയെങ്കിലും അതിനു വേണ്ട കളർപ്പൊടി എവിടുന്നു കിട്ടുമെന്നാലോചിച്ചു നിൽപ്പാണ് നിഹാ. അതിനുള്ള പരിഹാരവും അപ്പുവിന്റെ കയ്യിലുണ്ടായിരുന്നു.
പിന്നെ രണ്ടാളും ഇത്ര ധൈര്യത്തിൽ ഇതെല്ലാം കാട്ടുന്നത് ശ്രീധരന്റെ ഹയർ സെക്കന്ററി ഡിപ്പാർട്മെന്റ് വേറെയാണെന്നതും രണ്ടാഴ്ചയായി മാത്‍സ് അസോസിയേഷൻ ക്യാമ്പ് നടക്കുന്നതിൽ അയാൾ അടുത്താഴ്ചയെ ഇനി വരോള്ളുവെന്ന ധൈര്യത്തിലാണ്.
കളർ പൊടിക്കുവേണ്ടി അടുത്ത് പൂട്ടിയിട്ടിരുന്ന സ്റ്റോറിന്റെ ജനൽ കുത്തിതുറന്നു ചോക്കുപൊടി എടുത്തു പൊടിച്ചു ഇച്ചിരി വെള്ളത്തിൽ കലക്കി വെച്ചു. അതും പോരാഞ്ഞു ഉച്ചക്ക് ബാക്കിവന്ന കുറച്ചു മോര് എടുത്തു വെള്ളവുമൊഴിച്ചു തയാറാക്കി നിൽപ്പാണ്. ഇനിയിപ്പോ ഇതാരുടെ നേർക്കാണ് പരീക്ഷിക്കുന്നതെന്നുവെച്ചാൽ സുഖമായി ക്ലാസ്സിൽ കിടന്നിറങ്ങിയിരുന്ന പിള്ളേരെ കുരിട്ടു ബുദ്ധി പ്രയോഗിക്കാൻ അവസരമൊരുക്കി കൊടുത്ത അവരുടെ സ്വന്തം ശത്രുവായ നയയുടെ മേലും.
എന്തോ ഒരാവശ്യത്തിന് നയാ ക്ലാസിനു പുറത്തിറങ്ങിയതുകണ്ടതും സാധനങ്ങളെല്ലാം ഒന്നൂടെ എടുത്തുവെച്ചു ഭിത്തിയുടെ സൈഡിലേക്ക് നീങ്ങിനിന്നു അടുത്തോട്ടു വന്നതും നേരെയൊരാക്രമായിരുന്നു. കരുതിവച്ചിരുന്ന പച്ച മഞ്ഞ വെള്ള പിങ്ക് നീല ഇങ്ങനെ ചോക്കുപൊടികൾ ചേർത്തുണ്ടാക്കിയ ചോക്കുഫേഷ്യലും അവസാനമായി മാറ്റി വച്ചിരുന്ന മോരുംവെള്ളവും കോരിയൊഴിച്ചു നേരെ നോക്കിയതും തങ്ങളെത്തന്നെ അന്തംവിട്ടുനോക്കിനിക്കുന്ന മൂന്നു ചേട്ടന്മാരും. സ്വഭാവമെന്താന്ന് വെച്ചാൽ നേരെ വരാനിരുന്ന നയയെ വേറൊരു കൊച്ച് വിളിച്ചങ്ങോട്ട് പോയപ്പോളാണ് അവിടെ പഠിപ്പിക്കുന്ന ഒരു ടീച്ചറിനെക്കാണാൻ അജുവേട്ടനും റിച്ചേട്ടനും ആൽവിച്ചനും വരുന്നത്.
തൃപ്തിയായി.... ഇനിയിപ്പോ നേരെ തെക്കോട്ടെടുത്താട്ടെ എന്ന ഭാവത്തിലാണ് നമ്മുടെ പിള്ളേരുടെ നിൽപ്പ്. ചിരിക്കാൻ വന്നിട്ട് ചിരിക്കാനും പറ്റുന്നില്ല കരച്ചിൽ വന്നിട്ട് കരയാനും പറ്റുന്നില്ലെന്ന ഭാവത്തിലാണ് ഇവർ. രണ്ടുകൂട്ടരും ഒന്ന് പ്രതികരിക്കാൻ സാധിക്കുംമുന്നേ നയയിതു കണ്ടു ടീച്ചർമാരെ വിളിച്ചുകൂട്ടിയിരുന്നു. പിന്നെ ടീച്ചർമാരുടെ വക തെറിവിളിയായി അടിയായി ക്ഷമ ചോദിക്കലായി ആകെ മൊത്തം സീൻ കോൺട്രാ.
അവസാനം മേരിടീച്ചർ വന്നു ഒരുവിധം എല്ലാം സ്വസ്ഥമാക്കി എല്ലാരും പിരിഞ്ഞു.
ഇത് കഴിഞ്ഞു കൃത്യം ഒരാഴ്ച കഴിഞ്ഞു ഒരവധി ദിവസം അടുത്ത വീട്ടിലെ കൊച്ചുപിള്ളേർക്ക് ട്യൂഷനെടുത്തു കൊടുത്തു തിരിച്ചുവരുന്നവഴിക്കാണ് നേരെ ചേട്ടന്മാരുടെ മുന്നിൽ ചെന്ന് പെടുന്നത്. അന്നത്തെ സംഭവത്തെ തുടർന്നുണ്ടായ പണികളൊർത്തപ്പോൾതന്നെ രണ്ടുപേരുടെയും ഏകദേശം കിളികൾ പോയിരുന്നു. അവർ കണ്ടെന്നുറപ്പായതും തങ്ങളുടെ കാര്യത്തിൽ ഏകദേശം തീരുമാനമായെന്നു അവർ ഊഹിച്ചു.
നേരെ ചെന്ന് ഇവർക്കുമുന്നിൽ നിന്നു അവർക്കെന്തേലും പറയാനിടംകൊടുക്കാതെ തന്നെ കള്ളകരച്ചിലാരംഭിച്ചു. ആദ്യമൊന്നു പകച്ചെങ്കിലും ഇടക്കുള്ള ഇടങ്കണ്ണിട്ടുള്ള നോട്ടം റിച്ചേട്ടൻ കണ്ടിരുന്നു. അതു ബാക്കി രണ്ടുപേരെയും കാണിച്ചുകൊടുത്തു. അതോടെ അവർക്കും കാര്യം മനസ്സിലായി.
കൊറേ നേരം കഴിഞ്ഞിട്ടും തങ്ങൾ പ്രതീക്ഷിച്ച പ്രതികരണമൊന്നുമുണ്ടാകാതെ വന്നതും അപ്പുവും നിഹായും അവരെ നോക്കി. നോക്കുമ്പോ കാണുന്നത് കയ്യുംകെട്ടി തങ്ങളെ നോക്കിനിക്കുന്നവരെയാണ്.
കഴിഞ്ഞോ......
ഗൗരവത്തിൽ അജുവേട്ടൻ ചോയിച്ചതും നിഹാ ചാടിക്കയറി തലയാട്ടി. അപ്പു നിഹായെ ഒന്ന് പല്ലുകടിച്ചുനോക്കി. തന്നെ നോക്കുന്നത് കണ്ടതും വേറെ നിവർത്തിയില്ലാതെ അപ്പുവും സമ്മതിച്ചു.
രണ്ടു ചീത്തയാണ് പ്രതീക്ഷിച്ചതെങ്കിലും അതിനു വിപരീതമായി ചിരിച്ചുകൊണ്ടുതന്നെ അവരെ പരിചയപ്പെട്ടു. അവിടെ ആരംഭിക്കുകയായിരുന്നു സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പുതിയൊരു തുടക്കം.
പിന്നീടുള്ള ദിവസങ്ങളിലും അവർ പലയിടത്തും വെച്ചു കണ്ടു കൂടുതൽ അടുത്തിരുന്നു. അതിനിടക്കാണ് അജുവേട്ടന് ഒരു അഞ്ജാത കാമുകി ഉണ്ടെന്നും അതാ പെൺകുട്ടിക്കറിയില്ലെന്നുമൊക്കെ അറിഞ്ഞു. ആ ചേച്ചിയെ എന്റെ ഏട്ടനുതന്നെ കൊടുക്കാൻ ഞാൻ ദൈവത്തോട് പറയാമെന്നു നിഹാ എപ്പോഴും പറയും.
അങ്ങനെയിരിക്കെ ഒരുദിവസം താൻ അവളെ കണ്ടെന്നു അജുവേട്ടൻ പറഞ്ഞിരുന്നു. ദിവസങ്ങൾ കടന്നുപോകുന്നതിനനുസരിച്ചു അജുവേട്ടന് ആ ചേച്ചിയോടുള്ള ഇഷ്ടം കൂടി കൂടി വന്നു. അപ്പുവും നിഹായും എത്ര ചോയിച്ചിട്ടും അവർ അതുമാത്രം കാട്ടിക്കൊടുത്തിട്ടില്ല.
നിഹാ ഈ കാര്യങ്ങളെല്ലാം അവളുടെ ചേച്ചിമാരോടും അമ്മയോടും പറയുമായിരുന്നു. അവർക്കും അജുവേട്ടനും റിച്ചേട്ടനും ആൽവിച്ചനും പരിചിതമായിരുന്നു. അതിനിടെയാണ് നന്ദുചേച്ചിടെ പിറകിൽ ഒരു വായിനോക്കി നടക്കുന്നുണ്ടെന്നറിയത്. ആദ്യം അതു ചേച്ചിയുടെ തോന്നലാണെന്ന് തോന്നിയെങ്കിലും പിന്നെയും ഈ ശല്യം തുടർന്നപ്പോൾ അതു ചേച്ചി വീട്ടിൽ പറഞ്ഞിരുന്നു.
നിഹാ അതു അപ്പുവിനോടും വന്നു പറഞ്ഞു. അവർ രണ്ടുപേരുംകൂടെ അവനിട്ടു പണിയാൻ തീരുമാനിച്ചു. പിറ്റേന്ന് തന്നെ അവർ ചേച്ചിയുടെ കൂടെ ആ പൂവാലനെ തിരക്കിപ്പോയി.
പതിവുപോലെ നന്ദുചേച്ചി നടന്നുവരുമ്പോൾ ചേച്ചിയേംകാത്തു അയാളവിടെ നിൽപ്പുണ്ടായിരുന്നു. എന്നാൽ ദൂരെനിന്നായതുകൊണ്ട് അവർക്കയാളെ കാണാൻ പറ്റിയില്ല. അടുത്തേക്ക് ചെല്ലും മുന്നേ ആരോ വന്നയാളേംകൊണ്ട് പോയി.
പിന്നുള്ള ദിവസങ്ങളിൽ മറ്റുതിരക്കുകൾ കാരണം അവർക്കയാളെ കണ്ടെത്താനായില്ല. പയ്യെ പയ്യെ നന്ദേച്ചി ആ കാര്യം പറയാതായി. അവരും ആ കാര്യം വിട്ടിരുന്നു.
ഒരു ദിവസം സ്കൂൾവിട്ടു നിഹായും അപ്പുവും നന്ദേച്ചിയും നടക്കുമ്പോൾ അപ്പുവാണാ കാര്യമെടുത്തിടുന്നത്.
എടി ചേച്ചി... നിന്റെ പൊറേഞ്ഞൊരു വായിനോക്കി നടക്കുന്നതെന്നു പറഞ്ഞ അവന്റെ ശല്യമൊക്കെ പോയോ.....
പെട്ടെന്നത് കേട്ടതും ചേച്ചിയൊന്നു ഞെട്ടി. വിറച്ചു വിറച്ചു തപ്പിത്തടഞ്ഞെന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും അവൾക്കതിനു കഴിഞ്ഞില്ല. അതോടെ നിഹായും അപ്പുവും പിടിച്ചൊന്നു കൊടഞ്ഞതും ചേച്ചിയെല്ലാം തത്ത പറയുംപോലെ പറഞ്ഞു.
ആദ്യമൊക്കെ അയാളുടെ സാന്നിധ്യം ശല്യമായിരുന്നെങ്കിലും അന്ന് നിങ്ങടെ കൂടെ പോയതിനു ശേഷം അയാളെ കണ്ടില്ല. ഇനിയയാളുടെ ശല്യമില്ലെന്നോർത്തു ആദ്യം സന്തോഷം തോന്നിയെങ്കിലും ദിവസങ്ങൾ കഴിയുംതോറും നെഞ്ചിലെന്തോ വിങ്ങൽപോലെ തോന്നി. അയാളെയൊന്നു കാണാൻ സാധിച്ചിരുന്നെങ്കിലെന്നു ഒത്തിരി ആഗ്രഹിച്ചിരുന്നു.
അപ്പോഴാണ് ഞാൻ മനസ്സിലാക്കി തുടങ്ങിയെ ഞാനും അയാളെ സ്നേഹിച്ചിരുന്നെന്നു.... അപ്പൊ എനിക്ക് വല്ലാത്ത സങ്കടം തോന്നി.... ഒരുദിവസം അപ്രതീക്ഷിതമായി എക്സ്ട്രാ ക്ലാസ്സ് കഴിഞ്ഞു താമസിച്ചിറങ്ങിയപ്പോ ഞാൻ കണ്ടു എന്നെയും കാത്തു സ്ഥിരം സ്ഥലത്തു നിക്കുന്ന ആളെ.......അപ്പോത്തെ എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല... എന്തൊക്കെയാ ചെയ്യണ്ടെന്നെനിക്ക് തന്നെ അറിയില്ലായിരുന്നു.....
എന്നിട്ട്..
രണ്ടുപേരുമൊരുപോലെ ആകാംഷയോടെ ചോയിച്ചു.
ഒന്ന് നിർത്തിയിട്ടു മുഖത്ത് ലേശം നാണമൊക്കെ വിരിയിച്ചു ചേച്ചി പറഞ്ഞു...
ഞാനൊന്നുമോർക്കാതെ അങ്ങോട്ട് ചെന്ന് എന്തൊക്കെയോ പറഞ്ഞു..... ആളാണെ ഒന്നും കേട്ടില്ല ഞാനടുത്തോട്ട് വരുന്ന കണ്ടപ്പോ മുതൽ ആകെ ഞെട്ടി നിൽപ്പാ.... ഞാൻ ചോയിച്ചെനൊന്നും മറുപടി പറയാണ്ടായപ്പോ എനിക്ക് നല്ലോണം ദേഷ്യം വന്നു ഞാൻ പിച്ചുവേം മാന്തുവേമൊക്കെ ചെയ്തു....
ബാക്കിയറിയാനുള്ള ആവേശത്തിൽ തന്നെ നോക്കിയിരിക്കുന്നവരെ കണ്ടപ്പോ നന്ദു ബാക്കി പറയാൻ തുടങ്ങി.
എന്റെ രണ്ടു അടിയും പിച്ചുമൊക്കെ കിട്ടിയപ്പോളാ ആൾക്ക് ബോധം വരുന്നേ... പെട്ടെന്നെന്നെ കണ്ടോന്നു ഷോക്കായെങ്കിലും അതു മാറ്റി ആള് സംസാരിച്ചു.
നീ.. നീയെന്താ ഇപ്പൊ പറഞ്ഞെ.... അ.. അപ്പൊ നിനക്കെന്നെ ഇഷ്ട്ടാണല്ലേ...
അതു പറഞ്ഞുകഴിഞ്ഞതും എന്നേം പൊക്കിയൊന്നു വട്ടംകറങ്ങി... ശെരിക്കും അപ്പോളാ ഞാനെന്താ ചെയ്തെന്നു ഞാൻ തന്നെ അറിയുന്നേ... പിന്നൊന്നും നോക്കിയില്ല നേരെ അവിടുന്നൊരോട്ടം ആയിരുന്നു.... പിന്നേം എന്നും എന്നെ കാണാൻ ആളവിടെ വന്നുനിക്കും അങ്ങനെ ഞങ്ങൾ കൂടുതലടുത്തു... ഇപ്പൊ പിരിയാൻ പറ്റാത്തത്ര ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു..
കഥയെല്ലാം കേട്ടു ത്രില്ലിലിരിപ്പാണ് നിഹായും അപ്പുവും. പെട്ടെന്ന് രണ്ടുപേരും മുഖത്ത് ഗൗരവം നിറച്ചുകൊണ്ട് പറഞ്ഞു...
അതെ.... അധികം പ്രതീക്ഷ വെക്കേണ്ട ഞങ്ങളാദ്യമൊന്നു കണ്ടുനോക്കട്ടെ എന്നിട്ട് പറയാം ആളെ ഞങ്ങടെ ഏട്ടനാക്കാൻ കൊള്ളാവോന്നൊക്കെ....
ആദ്യമാ മുഖമൊന്നു വാടിയെങ്കിലും പിന്നെതൊരു പുഞ്ചിരിയിലേക്ക് മാറി.
നിങ്ങൾക്കെന്തായാലും ഏട്ടനെ ഇഷ്ട്ടാകും ഏട്ടനെ ഇഷ്ട്ടാകാതിരിക്കാനിടയില്ല....
ചേച്ചിടെ ആത്മവിശ്വാസം കണ്ടപ്പോൾ രണ്ടുപേരും ശെരിക്കും ഞെട്ടി. ഏട്ടനെ കാണാനുള്ള അവരുടെ ആഗ്രഹവും വർദ്ധിച്ചു. ചേച്ചിയോട് പറഞ്ഞു സമ്മതിപ്പിച്ചു അടുത്ത് തന്നെ പരിചയപ്പെടാന്നേൽക്കുകയും ചെയ്തു.
ദിവസങ്ങൾ വീണ്ടും കടന്നുപോയി ഇന്നാണ് നന്ദേച്ചി ഏട്ടനെ അവർക്ക് പരിചയപ്പെടുത്തുന്നത്. അതിന്റാവേശത്തിലാണ് പിള്ളേർ. കാത്തിരുന്നു കാത്തിരുന്നു അവരുടെ മുന്നിലേക്ക് അവരുടെ ചേച്ചിപ്പെണ്ണിന്റെ പ്രിയപ്പെട്ടവൻ കടന്നുവരുകയാണ്. ഇന്നുമുതൽ അയാളവർക്കും ഏട്ടനാവുകയാണ്. അതിന്റൊരു തിടുക്കം രണ്ടുപേരിലുമുണ്ടായിരുന്നു.
ചേച്ചി ആളെ പരിചയപ്പെടുത്താൻ വിളിക്കുമ്പോഴാണ് അവർ ചേച്ചിടടുത്തു നിൽക്കുന്ന ആളെ കാണുന്നത്. ആളെ കണ്ടതും അവർ ശെരിക്കും ഞെട്ടിപ്പോയി. അവർക്കവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. മുന്നിൽ നിക്കുന്ന ആളിൽ തങ്ങളെ കണ്ടതിന്റെ ഒരു ഞെട്ടലുമില്ലായെന്നു കണ്ടതും അവർ സംശയത്തോടെ ഉറ്റുനോക്കി.
ഇതെല്ലാം കണ്ടു ഒരു ചിരിയോടെ നന്ദേച്ചി ആളെ പരിചയപ്പെടുത്തി.
നിഹാ അപ്പു.... ഇതാ നിങ്ങളുടെ ഏട്ടൻ എന്റെ പ്രണയം അർജിത്ത് അലോഷ്യ എന്ന അജുവേട്ടൻ. ഇത് രണ്ടും ഏട്ടന്റെ കൂട്ടുകാരാണ് ഋഷിയും ആൽവിനും.
എല്ലാണ്ണത്തിനേം കൂർപ്പിച്ചു നോക്കി നിൽപ്പാണ് നിഹായും അപ്പുവും. എല്ലാരും അറിഞ്ഞുകൊണ്ടുള്ള പണിയാണെന്നറിഞ്ഞപ്പോൾ രണ്ടാളും മുഖത്തോട് മുഖമൊന്നു നോക്കി. ആ നോട്ടം അവരെ നന്നായറിയാവുന്ന ബാക്കിയുള്ളവർക്ക് ഒരു പണിക്കുള്ള മുന്നറിയിപ്പാണെന്ന് മനസ്സിലായിരുന്നു. ആരും അങ്ങോട്ടുമിങ്ങോട്ടുമൊന്നും പറയാതെ കിട്ടിയവഴിക്കോടി. ഒട്ടും കുറക്കാതെ പിറകെ തന്നെ നമ്മുടെ പിള്ളേരും വച്ചുപിടിച്ചു. ഇവർക്ക് നല്ല സ്റ്റാമിന ആയോണ്ട് എത്ര നേരമെടുത്തായാലും ഓടിച്ചിട്ട് കൊടുത്തിട്ടാണ് ഒരു സമാധാനം കിട്ടിയത്.
കിട്ടാനുള്ള കിട്ടിക്കഴിഞ്ഞപ്പോ എല്ലാരും ഞൊണ്ടിയും മുടന്തിയും എങ്ങനൊക്കെയോ ഒരിടത്തിരുന്നു. പിന്നേം തല്ലുകൊള്ളാൻ വയ്യാത്തൊണ്ടു തുടക്കം മുതലുള്ളതെല്ലാം വള്ളിപുള്ളി തെറ്റാതെ പറഞ്ഞുകേൾപ്പിച്ചു. ആദ്യം കുറച്ചു ജാഡയിട്ടെങ്കിലും അവർക്കും ഈ ബന്ധത്തിൽ നൂറുവട്ടം സമ്മതമറിയിച്ചു. അതോടെ അപ്പുവും നിഹായും ഔദ്യോഗികമായി അജുവേട്ടന്റെ പെങ്ങമ്മാരായി മാറി.
അന്നുമുതലങ്ങോട്ട് അവരുടെ നാളുകളായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഹൃദയത്തിലൊരിടം നേടാൻ പരസ്പരം കഴിഞ്ഞിരുന്നു. കുഞ്ഞു കുഞ്ഞു കറക്കവുമൊക്കെയായി ജീവിതത്തിൽ സന്തോഷമനുഭവിച്ച ദിനങ്ങളായിരുന്നു അത്.
എന്നാൽ ആ സന്തോഷത്തിനു അധികം ആയുസ്സില്ലായിരുന്നു. നിഹായോടുള്ള ദേഷ്യത്തിന് നയാ ഇതറിഞ്ഞ നയാ വീട്ടിലറിയിച്ചു, അതുവഴി ശ്രീധരനുമറിഞ്ഞു. അതോടെ പതിനെട്ടു തികഞ്ഞതും നന്ദേച്ചിയുടെ വിവാഹം തീരുമാനിച്ചു. അതെ തുടർന്നു വീട്ടിൽ ഒരുപാട് വഴക്കുനടന്നെങ്കിലും അതൊന്നും വിലപ്പോയില്ല. അജുവേട്ടൻ നേരിട്ടുവന്നു ചേച്ചിയെ ഇഷ്ടമാണെന്ന് പറഞ്ഞെങ്കിലും അപമാനിച്ചുവിട്ടു. ശ്രീധരന് എല്ലാ പിന്തുണയുമായി അണിയറയിൽ വെല്യച്ഛനും അപ്പച്ചിയും കുടുംബവും നിന്നു.
ഒരു ദിവസം വഴക്കിനെതുടർന്നു അമ്മക്ക് ഗുരുതരമായ പരുക്ക് പറ്റിയിരുന്നു. അതിന്റെപേരിൽ അമ്മയുടെ ജീവൻവെച്ചു ഭീഷണിപ്പെടുത്തിയാണ് അയാൾ ഈ വിവാഹത്തിന് സമ്മതിപ്പിച്ചത്. അടുത്ത മുഹൂർത്തത്തിൽത്തന്നെ വിവാഹവും നടത്തി. ചേച്ചിക്കൊന്നു എതിർക്കാൻപോലും സാധിക്കാതെ ഒരു ജീവച്ഛവമായിരുന്നു കൊടുക്കുവാൻ മാത്രമേ സാധിച്ചൊള്ളു. അജുവേട്ടൻ തടയാൻ കൊറേ ശ്രമിച്ചെങ്കിലും നിസ്സഹായയായി ഇരിക്കുവാൻ മാത്രമേ അവൾക്കായുള്ളൂ.
അന്ന് കിടപ്പിലായതായിരുന്നു നിഹയുടെ അമ്മയും. അതിനുശേഷം അജുവേട്ടനെ നേരിടാനാകാതെ തളർന്നുപോയിരുന്നു നിഹായും. ചേച്ചിടെ വിവാഹത്തിനുശേഷം ഇന്നാണവൾ അജുവേട്ടനെ കാണുന്നത്.
എല്ലാമോർക്കവേ ഒരിറ്റുകണ്ണീർ അവളുടെ കണ്ണുകളിൽനിന്നുമടർന്നു. അതാരും കാണാതെ തുടച്ചവൾ മുന്നോട്ടു ചവിട്ടി.
തുടരും
വായിച്ചു ഇഷ്ടപ്പെടുന്നവർ അഭിപ്രായം പറയണേ 😍😍😍