Aksharathalukal

രണ്ടാനമ്മ ❤

രണ്ടാനമ്മ ... ❤


 ഉച്ച മയക്കത്തിനു ശേഷം വീടിന്റെ മുന്നിലെ ചാരുപടിയിൽ വന്നിരിക്കുകയായിരുന്നു ഞാൻ... ഈ വീട്ടിലേക്ക് പടികയറി വന്നിട്ട് മൂന്നാഴ്ച്ച കഴിഞ്ഞിരിക്കുന്നു....പക്ഷെ ജിതിൻ പറഞ്ഞറിഞ് ഈ വീടും വീട്ടുകാരും എനിക്ക് വളരെ സുപരിചിതർ ആണ് ..... അതിനാൽ തന്നെ ആയിരിക്കാം ഇവിടവുമായി വേഗം ഇണങ്ങാൻ കഴിഞ്ഞത്..... ജിതിന്റെ കോൾ വന്നെന്നും പറഞ്ഞു അപ്പച്ചി ഫോൺ കൊണ്ടുവന്നു തന്നു.... വേഗം ഒരുങ്ങി ഇരിക്കണം എന്റെ വീട്ടിലേക്ക് വേഗം പോകണം എന്നുമാത്രം പറഞ്ഞു ആ കോൾ മറുതലക്കൽ നിന്നു.. എന്താണ് പെട്ടെന്ന് ഇത്ര അത്യാവശ്യം.... എന്തിനാണെങ്കിലും എനിക്ക് മടുപ്പാണ്...
അവിടെ അതിനെന്താ രസം.....
അച്ഛനും ആ സ്ത്രീയും മാത്രം...

ആ സ്ത്രീ... 'രണ്ടാനമ്മ 'എന്ന് വിശേഷണത്തിനപ്പുറം ഒരിക്കലും ആ സ്ത്രീയെ അമ്മയുടെ സ്ഥാനത്ത് കാണാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.....ശ്രമിച്ചിരുന്നില്ല എന്നതാവും കൂടുതൽ ശരി.......

ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്‌ ആ സ്ത്രീയുമായി അച്ഛൻ വരുന്നത്..... അച്ഛന്റെ കല്യാണം ആണെന്ന് പലരും മറഞ്ഞും തെളിഞ്ഞും എന്നോട് പറഞ്ഞിരുന്നു.....
മോൾക്ക്‌ കൂട്ടിനു അച്ഛൻ ഒരാളെ കൊണ്ടുവരുകയാണെന്നു അച്ഛനും എന്നോടായി പറഞ്ഞത് ഞാൻ ഓർക്കുന്നു...
അനുവാദം ചോദിച്ചതല്ല.....അറിയിപ്പ് മാത്രം....
എന്റെ ജനനത്തോടെ മരിച്ചുപോയ അമ്മയെ എനിക്ക് പരിചയമില്ല...
എവിടെ എങ്കിലും മുഖം പോലും കണ്ടതായി ഓർക്കുന്നില്ല.....എങ്കിലും എനിക്ക് മുന്നിൽ ഇതാണ് ഇനി നിന്റെ അമ്മ എന്ന് പറഞ്ഞു അച്ഛൻ ആ സ്ത്രീയെ എനിക്ക് പരിചയപ്പെടുത്തി തന്നു......
അമ്മയെ അറിയാത്ത എനിക്കെന്ത് പുതിയതും പഴയതും.....
ആരായാൽ എനിക്കെന്താ.....
എന്നെ നോക്കി വളർത്തിയ അമ്മമ്മ മാത്രമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നത്....
അമ്മമ്മയും പോയതോടെയാണ് അച്ഛൻ ആ സ്ത്രീയെ കൊണ്ടുവരുന്നത്..

വലിയൊരു തറവാട് വീട്ടിൽ ഞങ്ങൾ മൂന്നുപേരും മാത്രമായി ചുരുങ്ങിയ കാലങ്ങൾ.....
അവർ അതിരാവിലെ എഴുന്നേൽക്കുമായിരുന്നു....
അച്ഛനും എനിക്കും പ്രിയപ്പെട്ടതായി അവർ കണ്ടെത്തിയ വിഭവങ്ങൾ ഒരു മടിയും കൂടാതെ ഉണ്ടാക്കി തരുമായിരുന്നു....
എനിക്ക് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു തന്നു......
എന്റെ വസ്ത്രങ്ങൾ അലക്കി തേച്ചുമിനുക്കി തരുമായിരുന്നു,അച്ഛന്റെയും...
വീടിന്റെ മുക്കും മൂലയും എന്നും വൃത്തി വിളിച്ചോതി....
പാടത്തേയും പറമ്പിലെയും എല്ലാ കാര്യങ്ങൾക്കും അവർ ഒരു മടിയും കൂടാതെ ഓടിനടന്നു......
ഒരിക്കൽ പോലും അവരോടു സ്നേഹത്തോടെ സംസാരിച്ചതായി എന്റെ ഓർമ്മയിൽ ഇല്ലാ....
അവരെ ഞാൻ ഒന്നും അഭിസംബോധന ചെയ്തിരുന്നില്ല....... ചെയ്യേണ്ട അവസരങ്ങൾ ഉണ്ടാക്കിയതും ഇല്ലാ...

അവരുടെ പേര് 'ഭാമ' എന്നാണെന്നു അച്ഛൻ ഒറക്കെ വിളിച്ചു കേൾക്കുമ്പോൾ മാത്രം ഞാൻ ഓർത്തു പോന്നു....
തിട്ടയിലും തൊടിയിലും ഞാൻ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ അവർ എനിക്കരികിലായ്  വരും.... പക്ഷെ പറയാൻ വന്നതെല്ലാം ഒരു തരം പേടിയോടെ വിഴുങ്ങി തിരിച്ചുപോകും.....
ഞാൻ അവരെ അംഗീകരിച്ചില്ലെങ്കിലോ എന്ന് ഭയമായിരുന്നോ അവർക്ക്...?
അറിയില്ലാ......
ഞാനും അങ്ങോട്ടേക്ക് സംസാരിക്കാൻ ചെന്നില്ല...
അവർ എനിക്ക് ഒരു ദ്രോഹവും ചെയ്തതായി അറിവില്ല....
പക്ഷെ എന്തെ.....?
കൂട്ടുകാർ പറഞ്ഞുതന്ന ഭീകരികളായ രണ്ടാനമ്മമാരുടെ കഥകൾ ആയിരിക്കാം എന്നെ അവരിൽ നിന്ന് അകറ്റിയത്...
പക്ഷെ അവർ എന്തിനെയാകും പേടിച്ചിട്ടുണ്ടാവുക.....
എന്നിൽ നിന്നൊരു അകൽച്ചയാണ് അവർ ഭയന്നതെങ്കിൽ ഞാൻ ഒരിക്കലും അതിന് അവരോട് അടുത്തിരുന്നില്ലല്ലോ...

എന്നോട് എന്തെങ്കിലും ആവശ്യങ്ങൾ ചോദിച്ചറിയാൻ അച്ഛൻ വിടുമ്പോൾ അവർ വരും....
അതിനു മാത്രം ഞാൻ മറുപടിയും കൊടുക്കും....
തെളിഞ്ഞ ചിരിയോടെ അവർ മടങ്ങി പോകും.... അത്രമാത്രം...
ഞാൻ അവരെയൊ..അവർ എന്നെയോ ഒരു വാക്കുകൊണ്ട് പോലും വേദനിപ്പിച്ചട്ടില്ല...
അതു മാത്രം എനിക്ക് അവരെ കുറിച്ച് അറിയാം....
അവർ ഒരു അനാഥയാണെന്നും അവർക്കൊരിക്കലും ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയില്ലെന്നും ഒരിക്കൽ തറവാട്ടിൽ ഒത്തുകൂടിയ ബന്ധുക്കൾ അടക്കം പറഞ്ഞത് ഞാൻ കേട്ടു....
ചിലപ്പോൾ എന്നെ അവർ സ്വന്തം മോളായി കണ്ടിരിക്കാം....
അതാകും ഞാൻ അംഗീകരിച്ചില്ലെങ്കിലോ എന്നവർ ഭയന്നതും....
പക്ഷെ അതിനു ശേഷവും എനിക്ക് അവരെ മനസ്സ് തുറന്നു സ്നേഹിക്കാൻ കഴിഞ്ഞട്ടില്ല....
എനിക്കും അവർക്കും ഇടയിൽ ഒരു തിരശീല വീണു മറഞ്ഞിരുന്നു....

സ്കൂൾ കാലഘട്ടം പകുതി മുതൽക്കേ ഞാൻ ഹോസ്റ്റലിലേക്ക് മാറാൻ വാശിപിടിച്ചു.... അതു ജയിക്കുകയും ചെയ്തു..... പത്താം ക്ലാസിനു ശേഷം ഞാൻ അതിനാൽ എന്റെ വീട്ടിലെ അതിഥി മാത്രം ആയിരുന്നു....
അച്ഛനോടും എനിക്ക് അമിതായ ആത്മബന്ധം ഉണ്ടായിട്ടില്ല എന്നതാണ് സത്യം....
ഞാൻ വീട്ടിൽ ചെല്ലുന്ന ദിവസങ്ങളിൽ അവർ എനിക്ക് പ്രിയപ്പെട്ടതെല്ലാം ഒരുക്കി എന്നെ കാത്തിരുന്നു... എന്നെ മതിയാവോളം സൽക്കരിച്ചു.....
ചില രാത്രികളിൽ ഒറങ്ങാതെ കണ്ണ് അടച്ചു കിടക്കുമ്പോൾ അവർ വന്നെന്റെ അടുത്തിരിക്കും..ശേഷം,എന്റെ നെറ്റിയിൽ തലോടി... ഒരു ചുംബനം തന്ന് തിരികെ പോകും....ഞാൻ അത് അറിഞ്ഞതായി ഭാവിച്ചില്ല...
ഞാൻ ഒരിക്കൽ പോലും അവരെ ചേർത്തുനിർത്തിയിട്ടില്ല.... ഒരു ചുംബനം നൽകിയിട്ടില്ല.....

ജിതിനെ പരിചയപ്പെട്ടത് കോളേജിൽ വച്ചാണ്.... എന്റെ ഏറ്റവും നല്ല സുഹൃത്ത്.. എന്നെ അവനോളം മനസ്സിലാക്കിയ ആരും ഉണ്ടായിട്ടില്ല...
എന്നിട്ടും എന്നെ എന്തിനെങ്കിലും അവൻ ശകാരിച്ചതായി ഓർമയുണ്ടെങ്കിൽ അത് ആ സ്ത്രീയോടുള്ള എന്റെ പെരുമാറ്റം മാറണം എന്ന സംസാരത്തിൽ മാത്രമാണ്....

ജിതിന്റെ കയ്യ് പിടിച്ചു അവന്റെ ഭാര്യയായി എന്റെ വീട്ടിൽ നിന്ന് പടിയിറങ്ങുമ്പോൾ പോലും എന്റെ കണ്ണുകൾ പെയ്തിരുന്നില്ല....
പക്ഷെ അച്ഛനും അവരും നിറകണ്ണുകളോടെ എന്നെ യാത്രയാക്കിയ പൊരുൾ എനിക്ക് അപരിചിതമാണ്....സ്നേഹത്തോടെ ഒരു നോട്ടം പോലും ഞാൻ അവർക്കായി സമ്മാനിച്ചിട്ടില്ല...എന്നിട്ടും അവർ എന്നെ സ്നേഹിച്ചു... അല്ലാ സ്നേഹിച്ചുകൊണ്ടേ ഇരിക്കുന്നു...ചുരുൾ അഴിയാതെ എന്റെ ജീവിതത്തിലെ ഒരേട്....

ഓർമകൾക്ക് അന്ത്യമിട്ട് ഞാൻ വേഗം ഒരുങ്ങി നിന്നു...
ജിതിന്റെ അമ്മയും അച്ഛനും അപ്പച്ചിയുമാണ് ഇവിടെ ഉള്ളത്... അവരും എന്നോടൊപ്പം ഒരുങ്ങി വന്നു... എല്ലാവരും വരുന്നുണ്ടോ.....
പക്ഷെ എന്തിന്......
ഒരു വിഷണ്ണഭാവം ഈ മുഖങ്ങളിൽ തങ്ങി  നിൽപ്പുണ്ട്... കണ്ണുകളും നിറഞ്ഞപോലെ...
അകാരണമായ ഒരു ഭീതി എന്നിൽ നിറയുന്നത് ഞാൻ അറിഞ്ഞു...
ഞാൻ കാരണം ആരാഞ്ഞില്ല....
മൂകയായി നിന്നു... ജിതിൻ വന്നതും വേഗം എന്റെ വീട്ടിലേക്ക് തിരിച്ചു...
അമ്മ എന്നെ നെഞ്ചോട് ചേർത്ത് കിടത്തി..... എന്തും നേരിടാനുള്ള ധൈര്യം പകരും പോലെ.....
എന്റെ പ്രിയപ്പെട്ടവർ എന്നവർ കരുതുന്ന ആർക്കോ ആപത്ത് സംഭവിച്ചിരിക്കാം...
പക്ഷെ കാരണം അറിയാതെ ...ഞാൻ എങ്ങനെ കരയണം....?
ആർക്കു വേണ്ടി കരയണം...?
ഒരിക്കൽ പോലും ഇരുവരെയും ചേർത്ത് നിർത്താത്ത... ഇറുക്കി പുണരാത്ത കൈകൾ കൊണ്ട് ഞാൻ എങ്ങനെ എന്റെ മുഖം അവക്കുള്ളിൽ മറക്കണം....?

എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം തറവാടിന്റെ ഉമ്മറത്തു വെള്ള പുതപ്പിച്ച അച്ഛന്റെ ജീവിനറ്റ ശരീരത്തിൽ അവസാനിച്ചു....
എന്നിലും കണ്ണുനീർ ഉണ്ടെന്ന് എന്റെ കണ്ണുകൾ എന്നോട് പറഞ്ഞുതുടങ്ങി... പക്ഷെ നിലത്തേക്ക് തെന്നി ചിതറുന്ന ആ തുള്ളികൾ എന്നെ നോക്കി പുച്ഛിക്കുകയാണോ.....?

'പ്രഹസനത്തിന് അവ പ്രസക്തി നൽകുന്നില്ല....'അതാണ് എന്റെ ചോദ്യത്തിന് അവ തന്ന ഉത്തരം.....

അച്ഛന്റെ അരികിലേക്ക് എന്നെ ഇരുത്താൻ ആരൊക്കെയോ തിടുക്കം കാട്ടി....
പക്ഷെ എനിക്ക് കാണേണ്ടത് അവരെ ആയിരുന്നു.....
എന്റെ രണ്ടാനമ്മയെ......
ഈ കഴിഞ്ഞ കാലം മുഴുവൻ പരാതികളും പരിഭവങ്ങളും ഇല്ലാതെ എനിക്കും അച്ഛനും വേണ്ടി ഒരു ജീവിതം ഉഴിഞ്ഞുവച്ച.. എന്റെ രണ്ടാനമ്മയെ....എന്റെ കണ്ണുകൾ അവരെ ചുറ്റിനും പരതി...

മുറിയിലെ കട്ടിലിൽ മൂകയായി കണ്ണുനീർ വറ്റി ഇമവെട്ടാത്ത കണ്ണുകളുമായി ഇരിക്കുന്ന അവരിൽ എന്റെ തേടൽ എത്തി നിന്നു........
ഞാൻ അവരുടെ അരികിലേക്ക് ചെന്നു...
ഞങ്ങളുടെ സ്വകാര്യതക്ക് വേണ്ടി ഏവരും വെളിയിലേക്ക് ഇറങ്ങി.....

മുറിയിൽ ഞങ്ങൾ മാത്രം അവശേഷിച്ചു...
അവർ എന്നെ കണ്ടില്ലേ....?
കാണാത്തതായി അഭിനയിക്കുകയാണോ...
അവർ എതിർ ദിശയിലേക്ക് ദൃഷ്ടി ഊന്നിയിരിക്കുന്നു.....
അവരെ എന്താണ് ഞാൻ വിളിക്കേണ്ടത്...എന്റെ ശബ്ദം പോലും എന്നെ പരിഹസിക്കുകയാണോ...

"അമ്മേ....."

ആദ്യമായി.....
ജീവിതത്തിൽ ആദ്യമായി അവർക്ക് വേണ്ടി എന്റെ നാവ് ചലിച്ചിരിക്കുന്നു...അറിയാതെ ആണോ...
അല്ല... മനസ്സറിഞ്ഞു തന്നെ.....

എന്നെ അത്ഭുതത്തോടെ...അതിലേറെ ആകാംഷയോടെ അവർ തിരിഞ്ഞുനോക്കി.....
എന്നും എനിക്ക് വേണ്ടി ആ മുഖത്തു ചാർത്തിയിരുന്ന വിശാദമേറിയ പുഞ്ചിരിയോടെ  എന്നെ നോക്കി...
കയ്കൾ രണ്ടും എനിക്ക് നേരെ നീട്ടി...
ഞാൻ ആ മാറിലേക്ക് ഓടി ഒളിച്ചു...
അമ്മ നിശബ്ദയായി തേങ്ങി.....എന്നെ അവർ ഇറുക്കെ പുണർന്നു.....
ഞാനും നെഞ്ചുപൊട്ടെ ആ മാറിൽ ആർത്തു കരഞ്ഞു......അച്ഛന് വേണ്ടി കരഞ്ഞു....
പക്ഷെ അതിലുമപരി ഞാൻ ആ അമ്മക്ക് വേണ്ടി കരഞ്ഞു......
അവർക്ക് ഞാൻ നിഷേധിച്ച സ്നേഹത്തിനു വേണ്ടി കരഞ്ഞു.......
തള്ളിനിരസിച്ച അവരുടെ മാതൃത്വത്തിനു വേണ്ടി കരഞ്ഞു.....
പെയ്തൊഴിഞ്ഞ കണ്ണുനീരിൽ....
വൈകി അറിഞ്ഞ അനുഭൂതിക്ക് വേണ്ടി......അച്ഛനോടുള്ള ക്ഷമാപണവും
ദൈവത്തിനോടുള്ള നന്ദിയും ഞാൻ മറക്കാതെ കൂട്ടിച്ചേർത്തു .......
അവരെ ഞാൻ സ്നേഹിച്ചിരുന്നോ....
ഞാൻ എന്റെ ഓർമ്മയിൽ ചികഞ്ഞു...

'ഇവിടേക്ക് എത്തുന്ന അത്രയും നേരം നീ പ്രാർത്ഥിച്ചത് നിന്റെ ഈ അമ്മക്ക് വേണ്ടിയല്ലേ'....
ഹൃദയം എന്നോടായി ചോദിച്ചു....

'അതെ.... ഞാൻ ഇവർക്ക് വേണ്ടിയാണ് ഭയന്നത്...ഇവർക്ക് വേണ്ടി ആണ് കരഞ്ഞത്..... എന്റെ രണ്ടാനമ്മക്ക് വേണ്ടി........ അല്ല.... എന്റെ അമ്മക്ക് വേണ്ടി.....എന്റെ മാത്രം അമ്മക്ക് വേണ്ടി....'


-അവസാനിച്ചു...

✍️- 🦋 ഹൃദ്യ 🦋