പോലീസ് ജീപ്പിനു അടുത്തേക്ക് നടക്കുമ്പോൾ ദേവന് അരികിലേക്ക് ഭാര്യ നന്ദനയും, മകൾ ആതിരയും നടന്നുവന്നു.
" നിനക്ക് ഇന്ന് കോളേജില്ലേ...... "
മകളെ നോക്കിക്കൊണ്ട് ദേവൻ ചോദിച്ചു.
അതിനു മറുപടി പോലെ അവൾ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.
" ഇന്നെന്താ ദേവേട്ടാ ഇത്ര നേരത്തെ.... "
ഭാര്യയുടെ ചോദ്യം കേട്ടതും ദേവൻ അവളുടെ മുഖത്തേക്ക് നോക്കി.
" ഞാൻ ഇന്നലെ നിന്നോട് പറഞ്ഞില്ലേ.... ജയിലിൽ വച്ച് നടന്ന കുറച്ചു കാര്യങ്ങൾ.... ഇന്ന് അവരുടെ വീട് വരെ ഒന്ന് പോകണം... "
അതുകേട്ടതും നന്ദനയുടെ മുഖം വാടി.
" ദേവേട്ടാ ഒറ്റയ്ക്ക് പോകണോ..... സ്റ്റേഷനിൽ ചെന്ന് ആരെയെങ്കിലും കൂട്ടി പോയാൽ പോരേ..... "
നന്ദനയുടെ മുഖത്തെ ഭയം കണ്ടതും ദേവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
അയാൾ മകൾക്ക് നേരെ തിരിഞ്ഞു.
" കേട്ടോ മോളെ.... നിന്റെ ഈ അമ്മ ഒരു പോലീസുകാരന്റെ ഭാര്യ തന്നെയാണോ..... "
" അച്ഛൻ ധൈര്യമായിട്ട് പോയിട്ട് വാ.... എന്തിനും കൂട്ടായി എന്റെ പ്രാർത്ഥന ഉണ്ടാകും..... "
ദേവൻ മകളുടെ തല മുടിയിഴകളിലൂടെ തലോടിക്കൊണ്ട് ജീപ്പിൽ കയറി.
രണ്ടുപേരുടെയും നേരെ കൈ വീശിക്കൊണ്ട് ജീപ്പ് മുന്നോട്ടെടുത്തു.
ഈ ദൗത്യം എവിടെ നിന്ന് തുടങ്ങണം എന്നറിയാതെ ദേവൻ കുഴങ്ങി.
ഡിപ്പാർട്ട്മെന്റിൽ തന്റെ സഹപ്രവർത്തകൻ രാജന് അല്ലാതെ മറ്റാർക്കും ഇതിനെക്കുറിച്ച് അറിയില്ല.
രാജനോട് ഇന്നലെ താൻ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു.
എന്താവശ്യത്തിനും തന്നോടൊപ്പം ഉണ്ടാകുമെന്ന് രാജൻ വാക്കു നൽകി.
അനിതയുടെ ഭർത്താവ് റോയിയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തട്ടില്ല എന്ന് താൻ അന്വേഷിച്ചറിഞ്ഞു.
അപ്പോൾ പിന്നെ വീട്ടിൽ ചെന്നാൽ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാൻ വഴിയില്ല.
പക്ഷേ വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാണ്...... ആ കുട്ടി വീട്ടിൽ തന്നെ ഉണ്ടാവുമോ....?
കുറെ ചോദ്യങ്ങൾ ദേവന്റെ മനസ്സിലൂടെ കടന്നു പോയി.
എന്തായാലും നേരെ അനിതയുടെ വീട്ടിലേക്ക് പോവുക തന്നെ.....
എന്തിനേയും നേരിടാൻ മനസ്സ് സജ്ജമാണ്...
നഗരത്തിന്റെ തിരക്കിൽ നിന്ന് ഒഴിഞ്ഞ് ചെമ്മണ്ണ് നിറഞ്ഞ ഒരു ഇടവഴിയിലൂടെ ജീപ്പ് പൊയ്ക്കൊണ്ടിരുന്നു
അവസാനം അതൊരു ഇരുനില ബംഗ്ലാവിന് മുന്നിൽനിന്നു.
ദേവൻ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു.
ഈ ബംഗ്ലാവിന് അരികിലായി വീടുകൾ ഒന്നുംതന്നെയില്ല.... വിജനമായ ഒരു അന്തരീക്ഷം....
ദേവൻ ആ ബംഗ്ലാവിന് അകത്തേക്ക് കണ്ണുകൾ പായിച്ചു....
അകത്തെ അന്തരീക്ഷം അത്ര പന്തിയല്ലെന്ന് ദേവന് പുറമേ നിന്നു തന്നെ മനസ്സിലായി.
അകത്ത് തടി മിടുക്കന്മാരായ കുറെ പേരുണ്ട്.....
റോയി ആശുപത്രിയിലായതുകൊണ്ട് കാവൽ നിൽക്കുന്നവർ ആയിരിക്കാം.....
എന്തും വരട്ടെയെന്നു കരുതി ദേവൻ ഗേറ്റിനു മുന്നിലേക്ക് ജീപ്പ് ചേർത്തുനിർത്തി.
ഫോണിൽ കൈ അമർത്തുന്നതിന് മുന്നേ ഒരു മനുഷ്യൻ ഗേറ്റിൽ പ്രത്യക്ഷപ്പെട്ടു.
" എന്താ കാര്യം......? " - പരുഷമായ അവന്റെ വാക്കുകൾ കേട്ടതും ദേവൻ ജീപ്പിൽ നിന്നിറങ്ങി.
" കാര്യം അറിഞ്ഞലേ നീ ഗേറ്റ് തുറക്കൂ..... "
പരിഹാസത്തോടെ ദേവൻ ചോദിച്ചു.
അവന്റെ നിൽപ്പു കണ്ടതും ദേവന്റെ സിരകൾക്ക് ചൂടുപിടിച്ചു.
" വാതിൽ തുറക്കെടാ കഴുവേറീടെ മോനെ..."
ഇതു പറഞ്ഞിട്ട് ദേവൻ കാലുകൊണ്ട് ഗേറ്റിൽ ആഞ്ഞുചവിട്ടി.
ഒരു നിമിഷം അകത്ത് കൂടി നിന്ന് അവരുടെ ശ്രദ്ധ ഗേറ്റിലേക്ക് ആയി.
ഈ സമയം ആ മനുഷ്യൻ ഗേറ്റ് തുറന്നു.
ദേവൻ ജീപ്പിൽ കയറി.
ജീപ്പ് ബംഗ്ലാവിന് അകത്തേക്ക് കുതിച്ചു.
ബംഗ്ലാവിനു പുറത്ത്, ദേവൻ ജീപ്പിൽ നിന്ന് ഇറങ്ങുന്നതിനിടെ, മുറ്റത്ത് നിന്നിരുന്നവരെല്ലാം ദേവന് അരികിൽ എത്തിയിരുന്നു.
ദേവൻ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു.
സ്വയരക്ഷയ്ക്ക് വേണ്ടി തീറ്റ കൊടുത്ത് വളർത്തിയ കുറേ ചാവേറുകൾ....
ദേവൻ മീശ യിലൂടെ കൈ ഓടിച്ചു കൊണ്ട് ഓരോരുത്തരെയും രൂക്ഷമായി നോക്കി കൊണ്ട് വാതിലിനരികിലേക്ക് നടന്നു.
മുൻവശത്തെ അടച്ചിട്ട വാതിലിനരികിലെ കോളിംഗ് ബെല്ലിൽ ദേവൻ കയ്യമർത്തി.
രണ്ടാമതും കൈ അമർത്താൻ മുതിരുന്ന അതിനിടയിൽ ജനലിന്റെ കർട്ടൻ മാറ്റി ആരോ നോക്കുന്നത് ദേവൻ കണ്ടു.
അൽപ്പസമയത്തിനകം വാതിൽ തുറന്നു.
ദേവൻ അകത്തേക്ക് കടക്കാൻ ഒരുങ്ങിയതും, പുറത്തു നിന്നിരുന്നവരിൽ ഒരാൾ കൂടി ദേവൻ ഒപ്പം അകത്തേക്ക് കടക്കാൻ ഒരുങ്ങി.
" നീ എങ്ങോട്ടാ..... " - ദേവൻ ചോദിച്ചു.
" പുറത്തുനിന്ന് ആരു വന്നാലും ഒരു കണ്ണുവേണം എന്നാണ് സാറ് പറഞ്ഞിരിക്കുന്നത്..... "
" ആണോ...... നീ ഈ വാതിലിന് പുറത്തുനിന്ന് രണ്ടു കണ്ണും അതിനുവേണ്ടി ഉപയോഗിച്ചോ.... പക്ഷേ ഈ വാതിലിന് അകത്തേക്ക് നീ കടന്നാൽ കൂമ്പിടിച്ചു ഞാൻ കലക്കും.... വല്ലവന്റെയും എച്ചില് തിന്ന് കൊഴുത്ത ഈ ശരീരത്തിൽ ആണൊരുത്തന്റെ കൈ ഒന്നു വീണാൽ ഉണ്ടല്ലോ നീ താങ്ങൂല്ല.... കേട്ടോടാ പൊല......... മോനേ.... "
ദേവൻ പല്ലിറുമ്മി കൊണ്ട് അവനെ ആഞ്ഞു തള്ളി.
ദേവൻ അകത്തു കടന്നതും വാതിൽ അകത്തുനിന്ന് കുറ്റിയിട്ടു.
ദേവൻ മുറിക്കകത്ത് ചുറ്റുപാടും ഒന്ന് വീക്ഷിച്ചു.
അകത്തുനിന്ന് വാതിൽ തുറന്ന മനുഷ്യൻ ദേവനരികിൽ നിൽക്കുന്നുണ്ടായിരുന്നു.
" നിങ്ങൾ....? " - ദേവൻ ചോദിച്ചു.
" എന്റെ പേര് ശങ്കരൻ...... ഇവിടത്തെ കുഞ്ഞിന്റെ കാര്യങ്ങളൊക്കെ നോക്കി കഴിയുന്നു...... "
അയാൾ താഴ്മയോടെ പറഞ്ഞു.
" ഈ പുറത്തു നിൽക്കുന്ന അവരൊക്കെ... "
" ഒന്നും പറയേണ്ട സാറേ..... ഇവിടത്തെ കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ചിരിക്കുന്നവന്മാരാ.... എന്തു പറയാനാ.. തടവറയിൽ ആയ രണ്ടു ജീവിതങ്ങൾ.... ഒന്ന് അനിത കുഞ്ഞും, മറ്റൊന്ന് ഇവിടുത്തെ മോളും..... "
അവരുടെ ഇടയിൽ അല്പസമയം നിശ്ശബ്ദത പരന്നു.
എന്തൊക്കെയോ പറയണം എന്നുണ്ട് എങ്കിലും അതിന് കഴിയാത്ത ഒരു അവസ്ഥയിലാണ് അയാൾ എന്ന് ദേവന് മനസ്സിലായി.
എന്തിനെയോ ഭയപ്പെടുന്നതുപോലെ....
" ആരെ വിശ്വസിക്കും എന്ന് അറിയാത്ത അവസ്ഥയിലാണ് സാറേ ഞാൻ ഇപ്പോൾ.... ചുറ്റും ശത്രുക്കൾ ആണ്..... ഈ മോള് ഇതിനുള്ളിൽ ഇല്ലായിരുന്നുവെങ്കിൽ, പണ്ടേ ഞാൻ ഇവിടെ നിന്ന് പോയേനെ.... ഈ ചെറു പ്രായത്തിൽ ആ കുഞ്ഞ് സഹിക്കാവുന്നതിലധികം സഹിച്ചു... ഇതിപ്പോ അകത്തുനിന്ന് പൂട്ടിയിട്ട് ഞാനാ കുഞ്ഞിന് കാവൽ നിൽക്കുന്നത്.... അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പാടില്ലാത്ത ജാതിയാണ് ചുറ്റും.... എന്തിന് സ്വന്തം തന്ത പോലും...... "
ആ മനുഷ്യന്റെ കണ്ണുകൾ നിറയുന്നത് ദേവൻ കണ്ടു.
" എന്നിട്ട് ആ കുട്ടി എവിടെ...? "
" ഞാൻ വിളിക്കാം സാറേ..... "
ഇതു പറഞ്ഞിട്ട് അയാൾ അകത്തേക്ക് നടന്നു.
അനിതാ പറഞ്ഞതെല്ലാം സത്യമാണെന്ന് ദേവനു തോന്നി.
ഇവിടെ കാണുന്ന കാര്യങ്ങൾ തന്നെ അതിനു തെളിവാണ്......
ദേവൻ ഓരോന്ന് ആലോചിക്കുന്നതിനിടെ മുകളിലത്തെ നടകൾ ഇറങ്ങി വരുന്ന ഡെയ്സിയെ കണ്ടു.
തന്റെ മകളുടെ അതേ പ്രായം....
കരഞ്ഞുകലങ്ങിയ കണ്ണുകൾ.....
പാറിപ്പറന്നു കിടക്കുന്ന മുടിയിഴകൾ.....
പെറ്റമ്മ കാണാൻ ആഗ്രഹിക്കാത്ത ഒരു മുഖം......
മനസ്സിനുള്ളിലെ വേദനകൾ മുഴുവൻ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്.
ദേവൻ ജയിലിൽ അനിതയെ കണ്ടതു മുതലുള്ള കാര്യങ്ങൾ ഡെയ്സി യോട് പറഞ്ഞു.
ഡെയ്സിയുടെ കണ്ണുകൾ വിടരുന്നത് ദേവൻ കണ്ടു...... ഒപ്പം ആ കൺപോളകളിൽ കണ്ണുനീർ മുത്തുകൾ നിറഞ്ഞു....
ദേവൻ ആ ചുമലിൽ കൈകൾ വച്ചു.
" ഇതേ പ്രായത്തിലുള്ള ഒരു മകൾ എനിക്കുമുണ്ട്.... അതുകൊണ്ടുതന്നെ ഇങ്ങനെയൊരു അവസ്ഥയിൽ, ഒരമ്മയുടെ വേദന എന്തെന്ന് എനിക്ക് മനസ്സിലാക്കാം..... ധൈര്യത്തോടെ മോൾക്ക് എന്റെ ഒപ്പം പോരാം.... മോളുടെ അമ്മ പറഞ്ഞ ആ സുരക്ഷിത സ്ഥാനത്ത് മോളെ എത്തിച്ചിട്ടേ എനിക്കിനി ഒരു മടക്കയാത്ര യുള്ളൂ..... "
ദേവൻ അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.
അവൾ ശങ്കരന്റെ മുഖത്തേക്ക് നോക്കി.
" മോള് ധൈര്യമായി പൊയ്ക്കൊള്ളൂ..... ഇത് ഈശ്വരൻ കാണിച്ചുതന്ന വഴിയാണ്.... ആ നീചൻ ആശുപത്രിയിൽ നിന്ന് വരുന്നതിനു മുന്നേ മോൾക്ക് സുരക്ഷിതമായ ഒരു സ്ഥാനത്ത് എത്തിപ്പെടാം.... പൂപ്പാറ എസ്റ്റേറ്റിൽ ചെന്നു പെട്ടാൽ ഒന്നുകൊണ്ടും മോള് പേടിക്കേണ്ട.... മണ്ണിനോടും, മനുഷ്യനോടും മല്ലിട്ടു ജയിച്ച ഒരു മനുഷ്യൻ അവിടെയുണ്ട്..... മോളുടെ അമ്മയുടെ അച്ഛൻ..... "
ശങ്കരൻ വികാരാവേശത്തോടെ പറഞ്ഞു.
ശങ്കരൻ തിരിഞ്ഞ് ദേവനെ നോക്കി.
" സാറിന് അറിയാമോ..... തന്റെ കൂടെ നിൽക്കുന്നവരെ, ചേർത്തുനിർത്തുന്ന പ്രകൃതക്കാരനാണ് അനിത കുഞ്ഞിന്റെ അച്ഛൻ.... അനിത കുഞ്ഞ് അദ്ദേഹത്തിന്റെ ഒറ്റ മോളാ..... ഇന്ന് അദ്ദേഹത്തിന് പ്രായം ആയി..... ഇത്ര ദൂരം സഞ്ചരിക്കാൻ അദ്ദേഹത്തിന് ആവില്ല..... പക്ഷേ എങ്കിൽ അദ്ദേഹത്തെ സ്നേഹിക്കുന്ന ഒത്തിരി പേർ അവിടെയുണ്ട്..... അതുകൊണ്ട് അവിടെ ചെന്നാൽ ഒന്നും ഭയപ്പെടേണ്ട...... "
ശങ്കരന്റെ വാക്കുകൾക്ക് മറുപടി പോലെ ദേവൻ തലയാട്ടി.
ഡെയ്സി, ദേവനൊപ്പം പുറത്തേക്ക് നടന്നു.
ഡെയ്സിയ്ക്കൊപ്പം പുറത്തേക്കിറങ്ങിയാൽ അവിടെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ദേവന് അറിയാമായിരുന്നു.
രണ്ടും കൽപ്പിച്ച് തന്നെ ദേവൻ വാതിൽ തുറന്നു.
ചുറ്റും നിന്നവർക്ക് നടുവിലൂടെ, ഡെയ്സിയുടെ കൈയും പിടിച്ച് ദേവൻ ജീപ്പിന് അരികിലേക്ക് നടന്നു.
ജീപ്പിലേക്ക് കാലെടുത്തു വച്ചതും ഒരാളുടെ കൈ ദേവന്റെ ചുമലിൽ വീണു.
" ഈ കൊച്ചിനെയും കൊണ്ട് സാർ എങ്ങോട്ടാ....?
അവന്റെ ചോദ്യം കേട്ടതും ദേവൻ ആ മുഖത്തേക്ക് രൂക്ഷമായി ഒന്ന് നോക്കി.
" അതറിഞ്ഞാലേ നീ പോകാൻ അനുവദിക്കു എങ്കിൽ പറയാം.... ഒരു പരാതി കിട്ടിയിട്ടുണ്ട്.... അതൊന്ന് അന്വേഷിച്ചറിയാൻ സ്റ്റേഷൻ വരെ കൊണ്ടുപോകണം..... "
ദേവൻ പറഞ്ഞു.
" കുഴപ്പമില്ല..... പോലീസ് സ്റ്റേഷനിലേക്ക് ഞങ്ങളുടെ രണ്ട് ആളുകൾ കൂടി വരും.... അങ്ങനെ ഈ കൊച്ചിനെ ഒറ്റയ്ക്ക് വിടാൻ പറ്റില്ലല്ലോ...... "
അവൻ ഇതു പറഞ്ഞിട്ട് കൂടെ നിന്ന രണ്ടുപേരുടെ മുഖത്തേയ്ക്ക് നോക്കി.
അവർ പോലീസ് ജീപ്പിന്റെ ഡോർ തുറക്കാൻ ഒരുങ്ങിയതും ദേവൻ അവരെ ആഞ്ഞുചവിട്ടി.
പെട്ടെന്നുതന്നെ അരയിൽ നിന്ന് തോക്ക് വലിച്ചൂരി തന്റെ മുന്നിൽ നിന്നവന്റെ നെറ്റിയിൽ മുട്ടിച്ചു.
" ഇതെന്താടാ പോലീസ് സ്റ്റേഷൻ നിന്റെ അമ്മായിയമ്മ വീടാണെന്ന് വെച്ചോ.... ഒറ്റ എണ്ണം ഇവിടെനിന്ന് അനങ്ങിയാൽ ഉണ്ടല്ലോ, പടക്കത്തിന് തീ കൊളുത്തുന്നത് പോലെ ഒരറ്റത്തുനിന്ന് കൊളുത്തും ഞാൻ...... പടക്കം കടിച്ച പന്നിയുടെ അവസ്ഥയായി പോകും.... തിരിച്ചറിയാൻ മുഖം ഉണ്ടാവില്ല...... "
ദേവൻ ഇതു പറഞ്ഞിട്ട് ഡെയ്സിയെ ജീപ്പിൽ കയറ്റി.
നീട്ടിപ്പിടിച്ച തോക്കുമായി ദേവനും ജീപ്പിൽ കയറി.
ജീപ്പ് മുന്നോട്ട് എടുക്കുമ്പോൾ, മുന്നിൽ വച്ചിരുന്ന കണ്ണാടിയിലൂടെ താൻ തോക്കുചൂണ്ടിയവൻ ആർക്കോ ഫോൺ ചെയ്യുന്നത് ദേവൻ കണ്ടിരുന്നു.
അത് റോയിക്ക് ആയിരിക്കുമെന്ന് ദേവൻ ഊഹിച്ചു.
ബംഗ്ലാ വിന്റെ ഗേറ്റ് കടന്ന് പോലീസ് ജീപ്പ് ചീറിപ്പാഞ്ഞു പോയി.
മെയിൻ റോഡിലേക്ക് കയറുമ്പോൾ തന്നെ, തന്റെ ജീപ്പിന് പിറകിൽ, പൊടി പറത്തിക്കൊണ്ട് രണ്ടു വാഹനങ്ങൾ വരുന്നത് ദേവന്റെ ശ്രദ്ധയിൽപെട്ടു.
അത് അവരുടെ വാഹനങ്ങൾ ആണെന്ന് ദേവന് മനസ്സിലായി.
ദേവൻ പോക്കറ്റിൽ നിന്ന് ഫോൺ കൈയിലെടുത്ത് ഒരു നമ്പറിലേക്ക് വിളിച്ചു.
" ഹലോ രാജൻ അല്ലേ........? "
" അതെ സാർ....... "
" രാജാ, താൻ ഇപ്പോൾ എവിടെയാണ്..? "
" ഞാനിപ്പോൾ മൂന്നാറിലേക്ക് തിരിയുന്ന ജംഗ്ഷനിൽ ഉണ്ട്..... കൂടെ കുറച്ചു പോലീസുകാരും ഉണ്ട്...... "
അതു കേട്ടതും ദേവന്റെ മുഖം വിടർന്നു.
" ഒ കെ രാജൻ..... ഞാൻ അങ്ങോട്ട് വന്നു കൊണ്ടിരിക്കുകയാണ്...... എന്റെ പിറകെ അവരുടെ രണ്ടു വാഹനങ്ങളുണ്ട്.... അത് ജംഗ്ഷനിൽ വച്ച് പൂട്ടിയേക്ക്..... "
" ശരി സാർ... "
ഇതു പറഞ്ഞിട്ട് ദേവൻ ഫോൺ ഓഫ് ചെയ്ത് സീറ്റിലേക്ക് ഇട്ടു.
പോലീസ് ജീപ്പ് അതിവേഗതയിൽ ആയിരുന്നു.
ഡെയ്സി ഇടയ്ക്കിടെ ഭയത്തോടെ ദേവന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു.
ഇതിനിടെ വാഹനം ചെറിയൊരു ജംഗ്ഷനിലെത്തി.
ആ ജംഗ്ഷനിൽ നിന്ന് നാലു വഴികളായി, ഓരോ സ്ഥലത്തേക്ക് തിരയുന്നുണ്ടായിരുന്നു.
അവിടെ ഒരു പോലീസ് ജീപ്പ് നിർത്തിയിട്ടിരിക്കുന്നത് ദേവന്റെ ശ്രദ്ധയിൽപ്പെട്ടു.
തന്റെ വാഹനം ആ ജംഗ്ഷനിൽ നിന്ന് മൂന്നാറിലേക്കുള്ള വഴിയിലേക്ക് കടന്നതും അരികിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പ് റോഡിനു കുറുകെ കാറുകൾക്ക് മുന്നിലായി ബ്രേക്കിട്ട് നിൽക്കുന്നത് ദേവൻ കണ്ടു.
ഒപ്പംതന്നെ ചുറ്റിലും നിന്നിരുന്ന പോലീസുകാർ കാറിന്റെ ഡോർ തുറന്ന് അകത്ത് ഇരുന്നവരെ ബലമായി റോഡിലേക്ക് വലിച്ചിറക്കി.
ഇതിനിടെ അതിലൊരാൾ പോക്കറ്റിൽനിന്ന് ഫോണെടുത്ത് ആരോടോ സംസാരിക്കുന്നുണ്ടായിരുന്നു.
ഇതുകണ്ട ഒരു പോലീസുകാരൻ വേഗം തന്നെ ആ ഫോൺ പിടിച്ചുവാങ്ങി അവനെ പോലീസ് ജീപ്പിലേക്ക് തള്ളി.
ഈ സമയം ദേവൻ പോലീസ് ജീപ്പുമായി മൂന്നാറിലേക്കുള്ള റോഡിലൂടെ കുറച്ചു ദൂരം പോയിരുന്നു.
ആ കണ്ണുകൾ ഇടയ്ക്കിടെ ആരെയോ തിരയുന്നുണ്ടായിരുന്നു.
അവസാനം ആ കണ്ണുകൾ റോഡിനരികിൽ പാർക്കു ചെയ്തിരുന്ന ഒരു കാറിലും അതിനോട് ചേർന്നു നിന്നിരുന്ന ഒരു മനുഷ്യനിലും തറച്ചു...... അത് രാജനായിരുന്നു....
ദേവൻ വേഗം തന്നെ പോലീസ് ജീപ്പ്, കാറിന് അരികിൽ പാർക്ക് ചെയ്തിട്ട് ജീപ്പിൽ നിന്ന് ചാടി ഇറങ്ങി രാജൻ അരികിലേക്ക് ചെന്നു.
ഈ സമയം ഡെയ്സിയും ദേവൻ അരികിൽ എത്തിയിരുന്നു.
രാജൻ തന്റെ കയ്യിലിരുന്ന കാറിന്റെ താക്കോൽ ദേവന് കൈമാറി.
ദേവനും, ഡെയ്സിയും വേഗം തന്നെ കാറിൽ കയറി.
" സർ ഞാൻ കൂടി വരാം..... "
രാജന്റെ വാക്കുകൾ കേട്ടതും ദേവൻ അയാളെ വിലക്കി.
" വേണ്ട രാജാ..... ഞാൻ ഒറ്റയ്ക്ക് പോയി കൊള്ളാം..... പിന്നെ ഈ കാര്യം ഞാനും താനും അല്ലാതെ മറ്റാരും അറിയാൻ ഇടവരരുത്..... എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ തന്നെ വിളിച്ചു കൊള്ളാം.."
രാജൻ സമ്മത ഭാവത്തിൽ തലയാട്ടി.
ദേവൻ ഡെയ്സിയുടെ മുഖത്തേക്ക് നോക്കി.
അവളുടെ ഭയം നിറഞ്ഞ മുഖം കണ്ടതും ദേവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
" പേടിച്ചിരിക്കുകയാണോ..... ഒന്നും വേണ്ട... ഇത് മൂന്നാറിലേക്കുള്ള ഒരു പിക്നിക് ആയി കരുതിയാൽ മതി..... "
ദേവൻ ഒരിക്കൽക്കൂടി രാജന്റെ മുഖത്തേക്ക് നോക്കിയിട്ട് കാർ മുന്നോട്ടെടുത്തു.
കാർ അകന്നു പോകുന്നതും നോക്കി നിന്നതിനു ശേഷം രാജൻ പോലീസ് ജീപ്പിന് അരികിലേക്ക് നടന്നു.
ഈ സമയം പട്ടണത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന റോയ്, ഈ കാര്യം അറിഞ്ഞതും ആശുപത്രി കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു ഒരു യുദ്ധത്തിനുള്ള പുറപ്പാടിൽ ആയിരുന്നു......
ശരീരത്തിലെ പരിക്കുകളുടെ കെട്ടുമായി, റോയി അനുയായികൾക്കൊപ്പം, ആശുപത്രിയിൽ തന്റെ കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടന്നു.
ഇതിനിടെ ആരൊക്കെയോ അയാളെ തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
അവരുടെ കൈകൾ തട്ടിമാറ്റി അയാൾ മുന്നോട്ടു കുതിച്ചു.
ജീവിതത്തിനും, മരണത്തിനും ഇടയിലുള്ള ദൂരം താണ്ടാൻ രണ്ടു മനുഷ്യർ...... ഇതിനിടയിൽ ഒരു പെൺകുട്ടി.......
പക്ഷേ വിജയം ഒരാൾക്ക് മാത്രം അവകാശപ്പെട്ടത്......
............................. തുടരും....................................