Aksharathalukal

ഇനിയെത്ര ദൂരം.... തുടർകഥ - അവസാന ഭാഗം

 

 

 


  ഇരുട്ട് അന്തരീക്ഷത്തിൽ പരന്നു തുടങ്ങിയിരിക്കുന്നു.

 ഇരുട്ടിന്റെ മറ പറ്റി ചീവീടുകളുടെ ശബ്ദം -

 വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡിലൂടെ കാർ മുന്നോട്ടു പോയി കൊണ്ടിരുന്നു.

 കാറിന്റെ ഗ്ലാസിലൂടെ മഞ്ഞ് പെയ്തിറങ്ങുന്നു ഉണ്ടായിരുന്നു.

 കഴിഞ്ഞു പോയതെല്ലാം പേടിപ്പെടുത്തുന്നത് പോലെ ഡെയ്സി ക്ക് തോന്നി.

 ദേവൻ കാർ ഓടിക്കുന്നതിനിടെ മുഖമുയർത്തി ഡെയ്സിയെ നോക്കി.

 ആ മുഖത്തെ ഭയപ്പാടുകൾ കണ്ടതും ദേവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

" ഇതെന്താ തന്റെ പേടി ഇതുവരെ മാറിയില്ലേ.... "

 ഡെയ്സി പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ദേവന്റെ മുഖത്തേക്ക് നോക്കി.

" ജീവിതത്തെ ഇതുവരെ എന്നും ഭയത്തോടെ നോക്കി കണ്ടിട്ടുള്ളൂ.... അതുകൊണ്ടുതന്നെ എല്ലാറ്റിനെയും ഭയമാണ്..... എന്നാൽ ഇതിപ്പോ സുരക്ഷിതമായ ഒരു കൈകളിൽ എത്തപ്പെട്ടത് പോലെ തോന്നി പോകുന്നു.... "

 ഇതു പറയുന്നതിനിടെ അവളുടെ കണ്ണുകൾ നിറയുന്നത് ദേവൻ കണ്ടു.

" എന്തുപറഞ്ഞാലും നിറയുന്ന ഈ കണ്ണുകൾ ഉണ്ടല്ലോ.... അതാണ് ഒരു പെൺകുട്ടിയെ മറ്റുള്ളവരുടെ മുന്നിൽ ദുർബല ആക്കി തീർക്കുന്നത്..... അത് ഇനി ഉണ്ടാവരുത്..... എന്തിനെയും ധൈര്യത്തോടെ നേരിടാനുള്ള കഴിവ് വേണം...... "

 ദേവൻ മുന്നോട്ടു ശ്രദ്ധ തിരിച്ച് കാർ ഓടിക്കുന്നതിനിടെ പറഞ്ഞു.

 അവൾ ഒന്നും പറയാതെ പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് കണ്ണുകൾ തുടച്ചു.

 ഇനിയും ഏറെ ദൂരം സഞ്ചരിക്കണം...

 പെയ്തിറങ്ങുന്ന മഞ്ഞുതുള്ളികൾ കാറിന്റെ വേഗത കുറച്ചു കൊണ്ടിരുന്നു..... കാരണം മുന്നിലെ വഴിത്താരകൾ അവ്യക്തമാണ്.....

 ചില സ്ഥലങ്ങളിൽ ഇടുങ്ങിയ ഇടവഴിയിലൂടെ പോകുന്നതുപോലെ തോന്നിപ്പോകും... റോഡിന്റെ വീതി കുറഞ്ഞു, ഇരുവശങ്ങളിലും അഗാധമായ ഗർത്തത്തിനു മുകളിലൂടെ സഞ്ചരിക്കുന്നത് പോലെ തോന്നും..... ചിലയിടങ്ങളിൽ പാറക്കെട്ടുകളുടെ മാറുപിളർന്ന്, ഇരുട്ടിന്റെ കറുപ്പിൽ പഞ്ഞിക്കെട്ടുപോലെ, മലയിടുക്കുകളിൽ നിന്ന് വെള്ളം പ്രവഹിക്കുന്നത് കാണാം....

 ഇതെല്ലാം പ്രകൃതിയെ മനോഹരി ആക്കുകയാണ്..... പക്ഷേ എവിടെയോ മരണവും പതിയിരിക്കുന്നുണ്ട്.....

 ഡെയ്സി പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു..... ഇടയ്ക്ക് അവളുടെ കണ്ണുകളെ ഉറക്കം കീഴ്പ്പെടുത്തുന്നുണ്ടായിരുന്നു.

 വളഞ്ഞു പുളഞ്ഞ് കിടക്കുന്ന റോഡിലൂടെ സാവധാനം കാർ മുന്നോട്ടു പോയി കൊണ്ടിരുന്നു.

 യാത്ര തിരിച്ചിട്ട് സമയം ഏറെ ആയിരിക്കുന്നു....

 ദേവൻ മുഖമുയർത്തി ഡെയ്സിയെ നോക്കി...... അവൾ ഉറക്കത്തിലേക്ക് വഴുതി വീണിരിക്കുന്നു.... ആ മുഖത്തെ ക്ഷീണിത ഭാവം ദേവൻ കാണുന്നുണ്ടായിരുന്നു...
 ഈ കുഞ്ഞു പ്രായത്തിൽ തന്നെ ഏറെ സഹിച്ചിരിക്കുന്നു... അമ്മയുടെ തണലിൽ ഏറെ പിടിച്ചുനിന്നു... പക്ഷേ അവസാനം.....

 ദേവൻ ആ മുഖത്തു നിന്ന് കണ്ണെടുത്ത് മുന്നോട്ടു ശ്രദ്ധ തിരിച്ചതും, തൊട്ടുമുന്നിൽ കണ്ട ഇടവഴിയിൽ നിന്ന്, ഒരു വാഹനം മുന്നോട്ടു കുതിച്ച് തന്റെ വാഹനത്തിന് കുറുകെ വരുന്നത് ദേവൻ ഭയപ്പാടോടെ കണ്ടു.

 അയാൾ വേഗം ബ്രേക്കിൽ കാലമർത്തി... വാഹനം ഒരു കുലുക്കത്തോടെ നിന്നു.

 എന്തോ കണ്ടു ഭയപ്പെട്ടതുപോലെ ഡെയ്സി ഉറക്കത്തിൽ നിന്ന് ചാടി എഴുന്നേറ്റു.

 ദേവൻ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു.

 റോഡിന് ഇരുവശങ്ങളിലും അഗാധമായ കൊക്കയാണ്... ഒരു വാഹനത്തിന് മാത്രം കടന്നുപോകാനുള്ള വഴിയേയുള്ളൂ..... അതിനു കുറുകെ ആണ് മറ്റൊരു വാഹനം വന്ന് നിൽക്കുന്നത്.....

 ദേവൻ ഹോണിൽ കയ്യമർത്തി.

 ഈ സമയം മുന്നിൽ കിടന്ന വാഹനത്തിൽ നിന്ന് ഒരാൾ പുറത്തേക്ക് ഇറങ്ങുന്നത് ദേവൻ കണ്ടു.

 ആ മനുഷ്യന് ഒപ്പം തന്നെ ഊന്നുവടി താങ്ങി, മറ്റൊരു മനുഷ്യനും കാറിന്റെ ഡോർ തുറന്നു പുറത്തിറങ്ങി.

 കാറിന്റെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ, ഡെയ്സി ഭയത്തോടെ ആ മുഖം കണ്ടു.

 ദേവൻ കാറിന്റെ ഡോർ തുറന്നു പുറത്തിറങ്ങി.

 ഈ സമയം കാറിൽ നിന്നിറങ്ങിയ റോയ്, തന്റെ ഇടവും വലവും നിന്ന രണ്ടുപേരുടെ സഹായത്തോടെ, മുന്നോട്ടു നടന്നു കാറിന്റെ മുന്നിൽ ചാരി നിന്നു.

 ദേവൻ കാറിൽനിന്നിറങ്ങി മുന്നോട്ടു നടക്കുമ്പോഴും ഡെയ്സി കാറിനകത്ത് തന്നെയായിരുന്നു.

 റോയിയുടെയും, ദേവന്റെയും കണ്ണുകൾ തമ്മിലിടഞ്ഞു.

 റോയി വികലമായി ചിരിച്ചുകൊണ്ട്, തന്റെ മുഖത്തിലൂടെ കൈകൾ ഓടിച്ചു.

" ഞാൻ വിചാരിച്ചതിലും ഒരു ആൺകുട്ടി തന്നെയാണ് നീ...... അല്ലെങ്കിൽ എനിക്ക് വിധിച്ചതിനെയും കൊണ്ട് നീ മല കയറുക ഇല്ലായിരുന്നു...... "

 റോയിയുടെ വാക്കുകൾ കേട്ടതും, ദേവൻ പല്ലിറുമ്മി കൊണ്ട് ആ മുഖത്തേക്ക് നോക്കി.

 അതിനുശേഷം കാറിൽ അരികിലേക്ക് നടന്നു, ഡോർ തുറന്ന് ഡെയ്സി യോട് പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു.

 ദേവന്റെ കൈകളിൽ പിടിച്ചു കൊണ്ട് ഡെയ്സി മുന്നോട്ടു നടന്നു.

 ഡെയ്സിയും ദേവനും, റോയിക്ക് അരികിൽ നടന്നെത്തി.

 റോയ് വികലമായ ചിരിയോടെ ഡെയ്സിയെ നോക്കി.

" ഇതിനെ എന്റെ കൺവെട്ടത്തു നിന്ന്, നീ എങ്ങോട്ട് മാറ്റാമെന്ന് വെച്ചാലും അവസാനം എന്റെ കാൽച്ചുവട്ടിൽ തന്നെ വരും..... "

 റോയിയുടെ വാക്കുകൾ കേട്ടതും ദേവന്റെ മുഖത്ത് ദേഷ്യം തിരതല്ലി.

" സ്വന്തം മകൾ മറ്റൊരാളുടെ തണലിലേക്ക് ഇങ്ങനെ ചേർന്നു നിൽക്കണമെങ്കിൽ, അത് ജനിപ്പിച്ച തന്തയുടെ കർമ്മദോഷമാ..... "


 ദേവന്റെ വാക്കുകൾക്ക് മറുപടി പോലെ റോയിയുടെ പൊട്ടിച്ചിരി അവിടെ മുഴങ്ങി.

" ഭൂമിയിലെ സൃഷ്ടികളെല്ലാം, സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യന് ആസ്വദിക്കാനാണ്...... അത് മണ്ണ് ആയാലും,, പൊന്നായാലും, പെണ്ണായാലും എല്ലാം റോയിക്ക് ഒരുപോലെയാ..... "

 റോയി അത് പറഞ്ഞു തീരും മുന്നേ ദേവൻ കൈനീട്ടി റോയിയുടെ മുഖത്ത് ആഞ്ഞടിച്ചു.

 പ്രതീക്ഷിക്കാത്ത ആ അടിയിൽ റോയി ചോര തുപ്പി കൊണ്ട് കാറിന്റെ ബോണറ്റ് ലേക്ക് വീണു.

 ഞൊടിയിടയിൽ തന്നെ ദേവൻ, ബോണറ്റിൽ കാലൂന്നി, റോയിയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു.

" പെണ്ണിന്റെ മാനത്തിന് വില പറയുന്നോടാ, അമ്മയേയും പെങ്ങളെയും തിരിച്ചറിയാൻ പാടില്ലാത്ത പൊലയാടി മോനേ....... "

 ദേവൻ, റോയിയെ ബോണറ്റിൽ നിന്ന് പിടിച്ചുയർത്തി.

 ഈ സമയം, റോയ്ക്ക് അരികിൽ നിന്നയാൾ ദേവനു നേരെ കൈ ഉയർത്തിയെങ്കിലും, ദേവൻ അതിനുമുന്നേ അവന്റെ മുഖത്ത് ആഞ്ഞടിച്ചു.

 ഈ സമയം റോയിയ്ക്ക് അരികിൽ നിന്ന മറ്റേയാൾ ദേവനെ വട്ടം കടന്നുപിടിച്ചു.

 എന്നാൽ വേഗം തന്നെ ദേവൻ അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് നിലത്തടിച്ചു.

 ഒരു നിലവിളിയോടെ അവൻ നിലത്തു വീണു.

 പെട്ടെന്ന്, ആദ്യം നിലത്തുവീണവൻ കുതറിയോടാൻ ശ്രമിച്ചെങ്കിലും ദേവൻ അവനെ കടന്നു പിടിച്ചു....

 ആ മൽ പിടുത്തത്തിൽ രണ്ടുപേരും ഉരുണ്ട് റോഡിന് അരികിലേക്ക് വീണു.

 റോഡിന് അരികിൽ അഗാധമായ കൊക്കയായിരുന്നു...... അതു മനസ്സിലാക്കിയ ദേവൻ ഞൊടിയിടയിൽ ചാടിയെഴുന്നേറ്റ് അവന്റെ അടിവയറ്റിൽ ആഞ്ഞു ചവിട്ടി..... ആ ചവിട്ടിൽ ഒരു നിലവിളിയോടെ, ആ കൊക്കയിലേക്ക് അവൻ പതിച്ചു.

 ഇതുകണ്ട് ഭയത്തോടെ മറ്റേയാൾ നിലത്തു നിന്ന് എഴുന്നേറ്റ് ഓടാൻ ശ്രമിച്ചെങ്കിലും, ദേവൻ അരയിൽ നിന്ന് തോക്കു വലിച്ചൂരി  അവനു നേരെ നീട്ടി.

 അതു കണ്ടതും അവന്റെ കാലുകൾ നിശ്ചലമായി.

 ദേവൻ അവന്റെ നെറ്റിയിൽ തോക്ക് മുട്ടിച്ചു.
 അവൻ ഭയത്തോടെ ദേവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പിന്നിലേക്ക് നടന്നു. അവസാനം അവൻ റോഡിനരികിൽ എത്തിയതും ദേവൻ അവനെ ആഞ്ഞുചവിട്ടി. അവനും ഒരലർച്ചയോടെ അഗാധതയിലേക്ക് പതിച്ചു.

 ഇതെല്ലാം കാണുമ്പോഴും റോയിയുടെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല.
 പൊടിഞ്ഞു ഇറങ്ങിയ ചോരത്തുള്ളികൾ ഒരാവർത്തികൂടി തുടച്ചിട്ട്, റോയി ദേവനെ നോക്കി.

 ദേവൻ സാവധാനം നടന്ന്, റോയിക്ക് മുന്നിലെത്തി.

 കയ്യിലിരുന്ന തോക്ക്, റോയിയുടെ നെറ്റിയിൽ മുട്ടിച്ചു.

 എന്നാൽ ഇതിനിടെ, ഡെയ്സി, ദേവന്റെ കൈകളിൽ പിടിച്ചു.

 ദേവൻ തിരിഞ്ഞു നോക്കിയതും, ഡെയ്സിയുടെ മുഖത്ത് എന്തെല്ലാമോ ഭാവമാറ്റങ്ങൾ മിന്നിമറഞ്ഞു.

 അത് അവസാനം പകയുടെ തീനാളം ആയി മാറുന്നത് ദേവൻ കണ്ടു.

 ഡെയ്സി, ദേവനു മുന്നിലേക്ക് കടന്നുവന്നു.

 ഡെയ്സിയുടെ കണ്ണുകൾ, റോയിയുടെ മുഖത്ത് തറച്ചു.

 ആ കണ്ണുകളിൽ ക്രോധ ത്തിന്റെ തിരയിളക്കമായിരുന്നു.

 ദേവൻ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു പിന്നീട് അവിടെ സംഭവിച്ചത്.

 ഡെയ്സി കൈ ഉയർത്തി റോയിയുടെ മുഖത്ത് ആഞ്ഞടിച്ചു.

 അതിനുശേഷം ആ മുഖത്തേക്ക് ഡെയ്സി കാറിത്തുപ്പി.

" ഇത് എന്റെ അമ്മയ്ക്ക് വേണ്ടി..... ഇനി ഒരിക്കലും നിങ്ങളെ ഓർത്ത് കണ്ണീരൊഴുക്കാതിരിക്കാൻ...... സ്വന്തം മകളുടെ മാനത്തിനു വേണ്ടി, ജനിപ്പിച്ച സ്വന്തം തന്തയ്ക്ക്, ഭാര്യയും, മകളും നൽകിയ ഒരു കൊട്ടേഷൻ ആയിട്ട് ഇതിനെ കണ്ടാൽ മതി.... ഇതെങ്കിലും ഞാൻ ചെയ്തില്ലെങ്കിൽ, എന്റെ ഈ ആയുസ്സ് മുഴുവൻ ഞാൻ കരയേണ്ട തായി വരും..... "

 ഡെയ്സിയുടെ, വാക്കുകളുടെ തീവ്രത ദേവൻ അറിയുന്നുണ്ടായിരുന്നു.

 ദേവൻ അവളെ സമാധാനിപ്പിച്ചു കൊണ്ട് തന്റെ നെഞ്ചോട് ചേർത്തു നിർത്തി.

 അതിനുശേഷം ആ കണ്ണുകൾ വീണ്ടും റോയിക്ക് നേരെ തിരിഞ്ഞു.

 വർദ്ധിച്ച ദേഷ്യത്തോടെ ദേവൻ റോയിക്ക് അരികിലിരുന്ന താങ്ങു വടിയെടുത്ത് അഗാധതയിലേക്ക് വലിച്ചെറിഞ്ഞു.

 അതിനുശേഷം റോയിയെ പിടിച്ചുയർത്തി ബോണറ്റിൽ ലേക്ക് ചേർത്തുനിർത്തി.

 കുഴഞ്ഞു താഴെ വീഴാൻ എന്നപോലെ റോയി ബോണറ്റിൽ ലേക്ക് ചാരിനിന്നു.

" സ്വന്തം മകളെ, മറ്റൊരു കണ്ണുകൊണ്ട് കാമാവേശത്തോടെ നോക്കിക്കാണുന്ന നിന്നെപ്പോലെ ഉള്ളവർക്ക് മരണമല്ലാതെ മറ്റെന്തു ശിക്ഷയാണ് നൽകേണ്ടത്..... കോച്ചി പിടിക്കുന്ന തണുപ്പിൽ മരണത്തെ പുൽകാൻ ഒരു സുഖമാണ്..... ഈ കുന്നിൻ മുകളിൽ നിന്ന് പറന്നിറങ്ങുമ്പോൾ, ഒരു ഇളം കുളിരിൽ അവസാനം ഒരു വേദന....... അതാണ് ഞാൻ നിനക്ക് നൽകുന്ന ശിക്ഷ....... "


 ഇതു പറഞ്ഞിട്ട് ദേവൻ, നിലത്തിലൂടെ വലിച്ചിഴച്ച് കാറിന്റെ ഡോറിന് അരികിലേക്ക് കൊണ്ടുപോയി.

 അതിനുശേഷം ഡോർ തുറന്ന്, അയാളെ കാറിനകത്തേക്ക് ആഞ്ഞു തള്ളി.

 മുന്നിൽ മരണമാണ് എന്നറിഞ്ഞിട്ടുപോലും റോയിയുടെ ചുണ്ടിൽ പരിഹാസം നിറഞ്ഞ പുഞ്ചിരി വിടർന്നു.

 അത് ദേവന് സഹിക്കാവുന്നതിലും അധികമായിരുന്നു. ദേവൻ കൈ ആഞ്ഞുവീശി മുഖമടച്ച് ഒരടി കൊടുത്തു.

" രണ്ടുകാലും, കയ്യുമായി നടന്നപ്പോഴും, അവസാനം ഒരു കാലും ഒരു കൈയുമായി ഇങ്ങനെ ഒക്കി കുത്തി നടക്കുമ്പോഴും ജീവിതമെന്തെന്ന് നീ പഠിച്ചില്ല...... അമ്മയെയും, മകളെയും തിരിച്ചറിയാൻ കഴിയാത്ത നീയൊക്കെ ഈ ഭൂമിക്ക് ഒരു ഭാരമാണ്.... ഒരു നീതി പാലകനായ ഞാൻ തന്നെ നിന്റെ വിധി നടപ്പാക്കുക എന്നത് കാലം എനിക്ക് വേണ്ടി മാത്രം കരുതിവെച്ച പുണ്യം..... അത് ഈ മകളുടെ പ്രാർത്ഥനയായി ഞാൻ കരുതി കൊള്ളാം..."


 ഇതു പറഞ്ഞിട്ട് റോഡിന് കുറുകെ കിടന്ന, കാർ, പുറത്തുനിന്നുകൊണ്ട് ദേവൻ സ്റ്റാർട്ട് ചെയ്തു.

 അത് പതുക്കെ പതുക്കെ, റോഡിന് അരികെയുള്ള അഗാധമായ താഴ്ചയിലേക്ക്  തെന്നി തെന്നി നീങ്ങുന്നത് ഡെയ്സി കണ്ടുനിന്നു.

 അവസാനം, ചൂളം വിളിച്ചു കടന്നുപോകുന്ന കാറ്റിനൊപ്പം, കാറും അഗാധതയിലേക്ക് പതിച്ചു.

 അങ്ങ് അകലെ അത് ഒരു തീഗോളമായി മറയുന്നത് ദേവനും, ഡെയ്സിയും കണ്ടു.

 ഡെയ്സി തന്റെ ഇരുകൈകളും മുഖത്തോട് ചേർത്ത് വെച്ച് വിങ്ങിക്കരഞ്ഞു.

 ദേവൻ സാവധാനം ആ കൈകൾ പിടിച്ചുയർത്തി.

 അവൾ ഒരു തേങ്ങലോടെ ആ നെഞ്ചിലേക്ക് ചാഞ്ഞു.


 സാവധാനം ഡെയ്സി മുഖമുയർത്തി, ദേവന്റെ ഇരുകൈകളിലും മുറുകെ പിടിച്ചു.

" ഒരു അച്ഛന്റെ സ്നേഹമാണ് ഞാനിപ്പോൾ അനുഭവിച്ചറിയുന്നത്.... അതിന് എനിക്ക് ഒരുപാട് നന്ദിയുണ്ട്..... "

 അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ മുത്തുകൾ അടർന്നുവീണു.

 ദേവൻ അവളെ സമാധാനിപ്പിച്ചു.

" മോള് ഇനി ആരെയും ഭയപ്പെടേണ്ട...... ഇവിടെ കണ്ടത് എല്ലാം ഒരു സ്വപ്നം ആയിട്ട് കരുതിയാൽ മതി...... ഇനിയുള്ള യാത്ര എങ്ങോട്ടാണ്....... പൂപ്പാറയിലേക്കോ.... അതോ അമ്മയുടെ അടുക്കലേക്കോ...... "

 അതിന് ഡെയ്സി ക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.

" നമുക്ക് തിരികെ പോകാം...... എനിക്ക് അമ്മയെ കാണാൻ കൊതിയാവുന്നു..... പിന്നീട് ഒരിക്കൽ അമ്മയ്ക്കൊപ്പം ഞാൻ മുത്തശ്ശനെ കാണാൻ പോയി കൊള്ളാം..... "


 അതിനു മറുപടി പോലെ ദേവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

 ദേവൻ ഡെയ്സിയും കൂട്ടി കാറിന് അരികിലേക്ക് നടന്നു.

 ഇനി മടക്ക യാത്രയാണ്.......

 ജീവിതത്തിനും, മരണത്തിനുമിടയിലുള്ള ഒരു യാതയ്ക്ക് ഇറങ്ങിപ്പുറപ്പെട്ട മൂന്നുപേർ..... അതിൽ ഒരാളെ മരണം കവർന്ന് എടുക്കുമ്പോൾ, അവശേഷിക്കുന്നത് രണ്ടുപേർ.....

 അവർ ഒരു മടക്കയാത്രയ്ക്ക് ഒരുങ്ങുകയാണ്.....

 അത് ജീവിതത്തിലേക്കുള്ള ഒരു മടക്കയാത്രയാണ്.......

 മനസ്സിൽ പ്രതീക്ഷകൾക്ക് ജീവൻ വയ്ക്കാൻ തുടങ്ങിയിരിക്കുന്നു..... ആ പ്രതീക്ഷകളെ സ്വപ്നമായി കണ്ട് ഡെയ്സി കണ്ണുകൾ അടച്ചു.

 ഇരുട്ടിനെ കീറി മുറിച്ച് കാർ മുന്നോട്ട് പോയി കൊണ്ടിരുന്നു.... ഒരു നല്ല പ്രഭാതത്തിനായി....





................................... ശുഭം...................................