Aksharathalukal

ഇച്ചായൻ്റെ പ്രണയിനി - 2

©️ Part -2.       
 
ആളുകളുടെ ശബ്ദം കേട്ടാണ് അവൾ കണ്ണുതുറന്നത് . ട്രൈയിൻ ഒറ്റപ്പാലം സ്റ്റേഷനിൽ എത്തിയിരുന്നു .
 
അവൾ എഴുന്നേറ്റ് ഒന്ന് മൂരി നിവർന്നു .
പഴയ കാര്യങ്ങൾ ആലോചിച്ച് എപ്പോഴോ ഉറങ്ങിപ്പോയിരുന്നു. കുറച്ചു ദൂരം കൂടി കഴിഞ്ഞാൽ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ എത്തും.
 
 
 എത്താറായി എന്ന് അച്ഛനെ വിളിച്ചു പറഞ്ഞു. അച്ഛനും ഏട്ടനും തന്നേ കാത്ത് സ്റ്റേഷനിൽ നൽകുന്നുണ്ട്.
  
 
കുറച്ചു കാലത്തിനുശേഷം അച്ഛനെയും എട്ടനെയും കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. ഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിച്ചു.
 
 എട്ടനെ നോക്കിയപ്പോൾ പുഞ്ചിരിയോടെ നിൽക്കുക മാത്രമാണ് ചെയ്തത്. ഒരു വർഷം കൊണ്ട് എട്ടൻ ഒരുപാട് മാറിയപോലെ. കട്ട താടിയും നീട്ടിവളർത്തിയ മുടിയും ജിമ്മൻ ബോഡിയും മൊത്തത്തിൽ ഒരു അടാർ ലുക്ക് ആയിട്ടുണ്ട്.
  
 
"നീയങ്ങ് സുന്ദര കുട്ടപ്പൻ ആയല്ലോ ചേട്ടാ" അവൾ അഖിയുടെ വയറിലേക്ക് ഇടിച്ചുകൊണ്ട് പറഞ്ഞു .
 
 
"പിന്നല്ലാതെ" അവനും അഭിമാനത്തോടെ തന്നെ പറഞ്ഞു .
 
 
"ബാക്കി വീട്ടിൽ ചെന്നിട്ട് സംസാരിക്കാം.അഖിൽ നീ മോളുടെ ബാഗ് പിടിക്ക്." തൻ്റെ തോളിൽ ഉള്ള ബാഗ് ഏട്ടൻ്റെ കയ്യിലേക്ക് കൊടുത്തു കൊണ്ട് അച്ഛൻ പറഞ്ഞു .
 
 
"മോള് ആരുടെ കൂടെയാ വരുന്നേ .അവനൊപ്പം  ബൈക്കിലാണോ. അതോ എൻ്റെയൊപ്പം സ്കൂട്ടിയിലാണോ "
 
 
"ഞാൻ അച്ഛനോടൊപ്പം വരാം "അവൾ അച്ഛന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു .
അത് കേട്ടതും അവളുടെ ബാഗും തോളിലിട്ടു കൊണ്ട് അഖിൽ മുന്നിൽ നടന്നു . അച്ഛന്റെ കയ്യും പിടിച്ച് അവളും പിന്നിൽ നടന്നു.
 
 
 
 വീടിന്റെ ഉമ്മറത്ത് തന്നെ തങ്ങളെ കാത്തെന്ന പോലെ അമ്മ ഇരിക്കുന്നുണ്ട് .വണ്ടിയിൽ നിന്നും ഇറങ്ങിയതും ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു.
  
 
സന്തോഷം കൊണ്ടാണോ അതോ എന്നിൽ ഉണ്ടായ മാറ്റങ്ങൾ കണ്ടു ആണോ എന്തോ അമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
 
 
"ശല്യം വന്നു എന്ന് കരുതി ആണോ 
അമ്മ കരയുന്നത്" അവൾ തമാശയോടെ ചോദിച്ചു 
 
"ഈ നാവിന്റെ നീളം മാത്രം ഇതുവരെ കുറഞ്ഞിട്ടില്ല അല്ലേ "അമ്മ അവളുടെ കൈയിൽ ഒന്ന് നുള്ളി കൊണ്ട് പറഞ്ഞു .
 
 
"സംസാരമൊക്കെ പിന്നെ .ഞാനോന്ന്  
കുളിച്ചിട്ട് വരട്ടെ. അപ്പോഴേക്കും അമ്മ ഫുഡ് എടുത്തു വെക്ക്." അത് പറഞ്ഞു അവൾ നേരെ തൻ്റെ റൂമിലേക്ക് നടന്നു.
 
 
 വീടും വീട്ടുകാരും ഇപ്പോഴും അതേ പോലെ തന്നെയുണ്ട്. തനിക്കു മാത്രമേ മാറ്റങ്ങൾ വന്നിട്ടുള്ളൂ. അവൾ ഒരു പുഞ്ചിരിയോടെ തൻ്റെ റൂമിലേക്ക് കയറി.
 
 
 മുറിയിൽ ചെറിയ ചില വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. വാരിവലിച്ച് ഇട്ടിരുന്ന പുസ്തകങ്ങളെല്ലാം ഷെൽഫിൽ ഭംഗിയിൽ അടുക്കി വെച്ചിട്ടുണ്ട്. 
 
 
 അവൾ ഡ്രസ്സ് എടുത്ത് പുറത്തേക്കിറങ്ങി. ഒരു കോമൺ ബാത്റൂം ആണ് ഉള്ളത് .
 
 
 അവൾ അടുക്കള വഴി മുറ്റത്തേക്കിറങ്ങി .
വീടിന്റെ പിന്നിലുള്ള  ചില മരങ്ങൾ മുറിച്ചു മാറ്റിയിട്ടുണ്ട് .ഇപ്പൊ അവിടെ ചെറിയ രീതിയിൽ ഒരു അടുക്കളത്തോട്ടം സെറ്റ് ചെയ്തിട്ടുണ്ട് .
 
 
അവൾ അതെല്ലാം ഒന്ന് നോക്കി കൊണ്ട് നേരെ ബാത്ത് റൂമിലേക്ക് കയറി .കുളി കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ ഡൈനിങ് ടേബിളിൽ  അവളെ കാത്ത് അച്ഛനും അമ്മയും അഖിലും ഇരിക്കുന്നുണ്ടായിരുന്നു.
 
 
 " വാ മോളെ കഴിക്കാം" അച്ഛൻ വിളിച്ചതും ഒരു പുഞ്ചിരിയോടെ അച്ഛന്റെ അരികിൽ ചെന്നിരുന്നു.
  
 
"അവിടെ അമ്മച്ചിയും മാത്യു മോനും എന്തു പറയുന്നു. സുഖമല്ലേ "
 
 
"അതേ അമ്മ. അവിടെ എല്ലാവർക്കും സുഖമാണ് .രണ്ടുമാസം കഴിഞ്ഞാൽ മാർവിൻ ചേട്ടൻ പഠിത്തം കഴിഞ്ഞ് തിരികെ വരും എന്നാണ് പറഞ്ഞത് .അതുകഴിഞ്ഞാൽ ഉടൻതന്നെ മാത്യു  ചേട്ടായിയുടെ കല്യാണം ഉണ്ടാകും "
 
 
" അല്ല നിന്റെ ജോലി കാര്യം എന്തായി "
 
 
"അതിന്റെ കാര്യം ഒന്നും പറയാതെ ഇരിക്കുന്നതാ നല്ലത്. ഇവിടെ അടുത്തുള്ള ഒരു കമ്പനിയിൽ ചേട്ടായി  വഴി ഒരു ജോബ് ശരിയാക്കിയിട്ടുണ്ട്. വലിയ ജോബ് ഒന്നും അല്ലാ .എന്തോ ടെലികോളിങ്ങ് അങ്ങനെ എന്തോ ആണ് പറഞ്ഞത് ."
 
 
"അപ്പോൾ ഇനി പിജി ചെയ്യുന്നില്ലേ "
അമ്മ ചോദിച്ചു .
 
 
"എനിക്കിനി പഠിക്കാൻ ഒന്നും വയ്യ .ഈ ജോബ് നോക്കട്ടെ നല്ലതാണെങ്കിൽ കണ്ടിന്യൂ ചെയ്യണം. അല്ലെങ്കിൽ ഞാൻ നിർത്തി പോരും."
 
 
"നന്ദ മാധവ് എക്സ്പോർട്ടിംഗ് കമ്പനിയിൽ അല്ലേ"
 
 
"അതേ ഏട്ടാ"... 
 
 
" അത് ഇവിടെ അടുത്ത് ആണല്ലോ. അരമണിക്കൂർ യാത്രയെ കാണൂ. എന്നാ ജോയിൻ ചെയ്യേണ്ടത് "
 
 
"ഒരാഴ്ച സമയം തന്നിട്ടുണ്ട് അതിനുള്ളിൽ ഏതെങ്കിലുമൊരു ദിവസം ജോയിൻ ചെയ്താൽ മതി .എനിക്കാണെങ്കിൽ വേറെ എവിടെയും ജോലി ചെയ്ത് എക്സ്പീരിയൻസ് ഇല്ലല്ലോ അതുകൊണ്ട് ഞാൻ പോവണോ എന്നാണ് ആലോചിക്കുന്നേ."
 
 
" ഇങ്ങനെയൊക്കെ പോയിട്ടല്ലേ എക്സ്പീരിയൻസ് ഉണ്ടാവുന്നത് .ഇതിന് മോളെന്തായാലും പോകണം .പിന്നെ വീട്ടിൽ വെറുതെ ഇരിക്കേണ്ട ല്ലോ" അച്ഛൻ അത് ചെറിയൊരു ടെൻഷനോടെയാണ് പറഞ്ഞത്.
 
 
" ഞാൻ പഴയ അപ്പു ആകുമോ എന്ന പേടിയാണോ നിങ്ങൾക്ക് ."അവൾ അത് ചോദിച്ചതും അച്ഛന്റെയും അമ്മയുടെയും ഏട്ടൻ്റെയും മുഖം ഒരുപോലെ മാറിയിരുന്നു.
 
 
" അതോർത്ത് നിങ്ങൾ ആരും പേടിക്കണ്ട. ഞാൻ ഇനി ആ പഴയ അപ്പു ആവില്ല പോരേ "
അവൾ അവരെ നോക്കി പറഞ്ഞതും എല്ലാവരുടെ മുഖത്തും ഒരു പുഞ്ചിരി നിറഞ്ഞു.
 
 
 അപ്പോഴാണ് ചേട്ടന്റെ ഫോൺ റിംഗ് ചെയ്തത് .അവൻ  കോൾ അറ്റൻഡ് ചെയ്തു ഭക്ഷണം കഴിക്കുന്നത് നിർത്തി എണീട്ട് പോയി.
 
 
" ഈ ചെറുക്കന്റെ ഒരു കാര്യം .ഭക്ഷണം കഴിക്കാൻ പോലും അവനു സമയമില്ല "
അവൻ പോകുന്നത് നോക്കി അച്ഛൻ പറഞ്ഞു 
 
 
"ഇത്രയും തിരക്കുപിടിച്ച് എണീറ്റു പോവാൻ അതാരാ "
 
 
" അത് മിക്കവാറും അവൻ്റെ അളിയൻ ആയിരിക്കും .അല്ലാതെ വേറെ ആർക്കും അവൻ ഇങ്ങനെ കോൾ ചെയ്യില്ല .അവനും കോൾ ചെയ്യില്ല ."അമ്മ പറഞ്ഞു 
 
 
"അളിയനോ .ഏത് അളിയൻ "
 
 
"അത് എനിക്കും അറിയില്ല .ആ കുട്ടിയുടെ കൂട്ടു കിട്ടിയതിൽ പിന്നെയാ അവൻ കുടിയും വലിയും എല്ലാം ഉപേക്ഷിച്ച് നല്ല ആളായത് .
ഒരു ദിവസം ആ കുട്ടിയെ ഇവിടേയ്ക്ക് 
കൊണ്ടുവരാൻ ഞാൻ പറഞ്ഞിട്ടുണ്ട് "
 
 
"ഈ അളിയൻ എന്നു പറയുന്നത് ആൺ തന്നെയാണോ. അതോ വേറെ വല്ല പെൺകുട്ടിയും...." ചെറിയൊരു സംശയത്തോടെ  അപ്പു പാതി പറഞ്ഞു നിർത്തി.
 
 
" നീ  സംശയിക്കുന്ന പോലെ ഒന്നുമില്ല. ആ മോനോട് ഞാൻ ഒരു വട്ടം സംസാരിച്ചിട്ടുണ്ട്. നല്ല കുട്ടിയാ. നല്ല സംസാരം .ആ മോനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല . എന്റെ കുട്ടിയെ പഴയപോലെ ആക്കിയത്  അവനാ "അത് പറയുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.
 
 
 അപ്പോഴേക്കും ഏട്ടൻ കോൾ കഴിഞ്ഞു വന്നു .
 
 
"ഫോൺ വിളി കഴിഞ്ഞു ചേട്ടാ "അപ്പു ചെറിയ ഒരു ആക്കലോടെ ചോദിച്ചു 
 
 
"നീ നിന്റെ കാര്യം നോക്കിയാൽ മതി. എന്റെ കാര്യം അന്വേഷിക്കാൻ വരണ്ട ."അതു പറഞ്ഞ് അവൻ ഫുഡ് കഴിക്കാൻ തുടങ്ങി.
 
 
" കാലമെത്രകഴിഞ്ഞാലും ഏട്ടൻ്റെ ചൊറിത്തവള സ്വഭാവത്തിന് ഒരു മാറ്റവും വരില്ല അല്ലേ."
 
 
 പിന്നീട് അവിടുന്ന് തുടങ്ങുകയായിരുന്നു അവരുടെ രണ്ടു പേരുടെയും വഴക്ക്. 
അതൊന്നും ശ്രദ്ധിക്കാതെ അച്ഛനുമമ്മയും വേഗം ഭക്ഷണം കഴിച്ചു എണീറ്റു .
 
 
__________________________________________
 
ഓഫീസ് കഴിഞ്ഞ് വന്നതും മാധവ്   നേരെ തൻ്റെ റൂമിലേക്ക് പോയി. അവൻ്റെ മുഖം കണ്ടു എന്താണ് പ്രശ്നം എന്ന് അമ്മച്ചി പലവട്ടം ചോദിച്ചെങ്കിലും തലവേദനയാണ് എന്നു പറഞ്ഞു അവൻ ഒഴിഞ്ഞു മാറി .
 
 
റൂമിൽ വന്നതും ഡ്രസ്സ് പോലും ചെയ്ഞ്ച് ചെയ്യാതെ അവൻ ബെഡിലേക്ക് കിടന്നു .
മനസ്സിൽ മുഴുവൻ രാവിലെ ഇൻറർവ്യൂവിൽ ആ പെൺകുട്ടി ചോദിച്ച ചോദ്യം ആയിരുന്നു .
 
 
" സാർ ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ."ആ ചോദ്യം അവൻ്റെ  കാതുകളിൽ വീണ്ടും വീണ്ടും അലയടിച്ചു കൊണ്ടിരുന്നു.
 
 
" യക്ഷി പെണ്ണെ.... നീ എവിടെയാ... അന്നത്തെ ആ സംഭവത്തിന് ശേഷം നിന്നെ അന്വേഷിച്ചു ഞാൻ പോവാത്ത സ്ഥലങ്ങളില്ല. നേരിൽ കണ്ടു ആ കാലു പിടിച്ച് ഒരു ക്ഷമ ചോദിക്കണമെന്നുണ്ട്. ഞാൻ അല്ലാ തെറ്റുകാരൻ എന്ന് പറയണമെന്നുണ്ട് .പക്ഷേ നീ എവിടെയാണ്... ജീവിതത്തിൽ എന്നെങ്കിലും നിന്നെ നേരിട്ട് കാണണം എല്ലാം തുറന്നു പറയണം എന്നുണ്ട് "അവൻ മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു 
 
 
 
 അവന്റെ ഓർമ്മകൾ പഴയ കലാലയ ജീവിതത്തിലേക്ക് സഞ്ചരിച്ചു .
 
 
****
 
 
കോളേജിൽ അഡ്മിഷൻ എടുത്ത രണ്ടാമത്തെ ദിവസമാണ് ഞാൻ അവളെ ആദ്യമായി കാണുന്നത് .
 
 
ഡിഗ്രി ഫസ്റ്റ് ഇയർ സ്റ്റുഡൻ്റ് ആണ് എന്നാണ് ഫസ്റ്റ് കണ്ടപ്പോൾ ഞാൻ കരുതിയത് .
ചെറിയൊരു റാഗിംഗ് ചെയ്യാമെന്നാണ് 
വിചാരിച്ചത് .
 
 
അപ്പോഴാണ് കൂടെയുള്ളവർ പറഞ്ഞത് അവൾ ഡിഗ്രി തേർഡ് ഇയർ സ്റ്റുഡൻ്റ് ആണെന്നും കൂട്ടത്തിൽ ആരോടും മിണ്ടാത്ത ഒരു ജാഡക്കാരി ആണെന്നു.
 
 
 അത്രയ്ക്കും ജാഡക്കാരിയോ. എങ്കിൽ അതൊന്ന് അറിയണമല്ലോ എന്ന് കരുതിയാണ് അവളോട് നേരിട്ട് ചെന്ന് സംസാരിച്ചത്.
 
 
 സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി  ജാഡക്കാരി ഒന്നുമല്ല .ഒരു പാവം പൊട്ടി പെണ്ണാണെന്ന്.
 
 
 അധികം അവളോട് ആരും കൂട്ടുകൂടാൻ പോവാത്തതുകൊണ്ടായിരിക്കാം ഞാൻ അവളോട് സംസാരിച്ചപ്പോൾ എല്ലാവരും എന്നെ ഏതോ അന്യഗ്രഹ ജീവിയെ കണ്ട പോലെയാണ് നോക്കിയത് .
 
 
ഞാൻ അവളെ യക്ഷി പെണ്ണേ എന്ന് കളിയാക്കി വിളിച്ചതും അവൾ ഒന്ന് കൂർപ്പിച്ചു നോക്കിക്കൊണ്ട് ലൈബ്രറിയിലേക്ക് ഓടി. 
 
 
ഞാനും  തിരിച്ച് ഫ്രണ്ട്സ് ഇരിക്കുന്ന മരച്ചുവട്ടിൽ എത്തിയതും അവരും എന്നെ അത്ഭുതത്തോടെ നോക്കുകയായിരുന്നു.
 
 
" എന്താ ഇങ്ങനെ നോക്കുന്നെ "അവരുടെ കൂട്ടത്തിൽ ഇരുന്നുകൊണ്ട് ഞാൻ ചോദിച്ചു.
 
 
" ഞാൻ ഇവിടെ  അവളെ കാണാൻ തുടങ്ങിയിട്ട് രണ്ടു മൂന്നു കൊല്ലമായി. എന്റെ ഫ്രണ്ടിന്റെ അനിയത്തിയാണ് അപർണ. ഇതുവരെ ഒരാളോട് പോലും വാ തുറന്നു നേരാ വണ്ണം സംസാരിക്കുന്നത് കണ്ടിട്ടില്ല . ആ അവൾ നിന്നോട് സംസാരിക്കുന്നത് കണ്ട് നോക്കി പോയതാ" അവൾ ചിരിയോടെ പറഞ്ഞു 
 
 
"അവളോട് സംസാരിച്ചത് ആരാ ഈ മാഡി അല്ലേ അപ്പൊ പിന്നെ അങ്ങനെ ആയില്ലെങ്കിലെ അത്ഭുതമുള്ളൂ "അവൻ ഷർട്ടിൻ്റെ കോളർ ഉയർത്തിക്കൊണ്ട് പറഞ്ഞു.
 
 
" പിന്നെ... അവൾ ഒന്ന് സംസാരിച്ചു എന്ന് കരുതി അത്ര പുകഴ്ത്തേണ്ട ആവശ്യമൊന്നുമില്ല "കൂട്ടത്തിലുള്ള ഹരൻ അവനെ നോക്കി പറഞ്ഞു .
 
 
ഞങ്ങൾ ഏഴു പേരാണ് പുതുതായി വന്ന ബോയ്സ്. ഞാൻ ,രാഹുൽ, ഹരൻ ,യാദവ് ആദിത്യൻ ,മഹാദേവൻ, ബിനീഷ്. 
 
കൂട്ടത്തിൽ വന്നപ്പോൾ മുതൽ ഹരൻ ഒരു ചൊറിയൻ സ്വഭാവം ഉള്ളതുപോലെ തോന്നിയിരുന്നു.
 
 
"അതിനിപ്പോ എന്താ ഹരാ. നിനക്ക് ഇങ്ങനെ വെറുതെ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിച്ചിലെങ്കിൽ ഒരു സമാധാനം ഇല്ലേ ."മാഡി അവനെ നോക്കി ചോദിച്ചു 
 
 
"എനിക്ക് എന്തിന് സമാധാനം. ഞാൻ പറഞ്ഞു എന്നെ ഉള്ളൂ. ഒരാളെ കൊണ്ട് സംസാരിപ്പിക്കാൻ ഒക്കെ ആർക്കും പറ്റും . പക്ഷേ എല്ലാ കാര്യങ്ങളും അങ്ങനെ അല്ല."
 
 
"ഈ മാഡി എന്തെങ്കിലും മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടെങ്കിൽ അത് നടത്തിയിരിക്കും ."
മാഡിയും ഒട്ടും കൊടുത്തില്ല.
 
 
 കുറഞ്ഞ സമയം കൊണ്ട് തന്നെ അവർ തമ്മിൽ ഒരു വാക്ക് തർക്കം നടന്നിരുന്നു.
 
 
" അത്ര ധൈര്യം ആണെങ്കിൽ ഞാൻ പറയുന്നത് നീ ചെയ്യടാ." വാശിയോടെ ഹരൻ പറഞ്ഞു 
 
"ശരി ഞാൻ ചെയ്യാം. നീ എന്താ കാര്യം എന്ന് പറ"
 
 
" അവളെക്കൊണ്ട് നിന്നെ ഇഷ്ടമാണെന്ന് പറയിപ്പിക്ക്. അപ്പോൾ ഞാൻ സമ്മതിക്കാം നീ മിടുക്കൻ ആണെന്ന് "
 
 
"അതാണോ... അതിനെന്താ ഇപ്പൊ തന്നെ പറയിപ്പിക്കാം അല്ലോ .ഇവൻ ഒന്നു പ്രൊപ്പോസ് ചെയ്താൽ yes പറയാത്ത ആരെങ്കിലും ഉണ്ടാകുമോ." രാഹുൽ പറഞ്ഞു.
 
 
" നോ... നോ..ഇവൻ പ്രെപ്പോസ് ചെയ്തു അവളെക്കൊണ്ട് ഇഷ്ടമാണെന്ന് അല്ല പറയേണ്ടത്.ഇവൻ ഒന്നും പറയാതെ തന്നെ അവൾ ഇവനോട് വന്നു ഇഷ്ടമാണെന്ന് പറയണം .സമ്മതമാണോ മാഡി.... എങ്കിൽ ഞാൻ സമ്മതിക്കാം നീ എല്ലാം തികഞ്ഞവൻ ആണെന്ന് "
 
 
"നിങ്ങൾ ഒരു ചെറിയ കാര്യത്തിന്റെ പേരിൽ വെറുതെ ഒരു വഴക്ക് ഉണ്ടാക്കണ്ട. നമ്മള് രണ്ടു കൊല്ലമേ ഇവിടെയുള്ളൂ അത് മാക്സിമം അടിച്ചു പൊളിച്ചു കഴിയാം. വെറുതെ 
ഒരു തമ്മിൽ തല്ല് വേണ്ട." ആദിത്യൻ അവരോടായി പറഞ്ഞു.
 
 
"ഇതിൽ എന്ത് വഴക്കാ ആദിത്യ. 
ഇവന് ഞാൻ പറഞ്ഞത് ചെയ്യാൻ പറ്റുമോ എന്ന് വെറുതെ ഒന്ന് നോക്കുന്നതല്ലേ .
ഞാൻ പറഞ്ഞത് ചെയ്താൽ ഇവൻ എല്ലാം തികഞ്ഞ മിടുക്കൻ ആണെന്ന് ഞാൻ സമ്മതിക്കാം "
 
 
"ഒരു മാസം... ഒരു മാസത്തിനുള്ളിൽ ഞാൻ അവളെ കൊണ്ട് എന്നേ ഇഷ്ടമാണെന്ന് പറയിച്ചിരിക്കും." വാശിയോടെ തന്നെ മാഡിയും പറഞ്ഞു.
 
 
" നമ്മുക്ക് നോക്കാം"ഹരൻ പറഞ്ഞു.
 
 
 
" വെറുതെ ആവശ്യമില്ലാത്ത കാര്യത്തിന് പിറകെ പോവണ്ട. അതിനെ കാണുമ്പോൾ തന്നെ അറിയാം ഒരു പാവം കുട്ടിയാണെന്ന്. വെറുതെ അതിനെ ശല്യപ്പെടുത്തേണ്ട ."രാഹുൽ പറഞ്ഞു.
 
 
" എനിക്കും ആ കുട്ടിയെ ശല്യപ്പെടുത്താൻ താൽപര്യമൊന്നുമില്ല. പിന്നെ ഇവൻ പറഞ്ഞ സ്ഥിതിക്ക് എനിക്ക് തെളിയിക്കണമല്ലോ ഞാനും കഴിവുള്ളവൻ ആണെന്ന് "മാഡി.
 
 
*******
 
 
"മോനേ നന്ദാ.... എണീക്ക് എന്തു ഉറക്കമാ ഇത്." അമ്മച്ചി തട്ടി വിളിച്ചപ്പോഴാണ് അവൻ കണ്ണുതുറന്നത്.
 
 
 സമയം 10 മണി കഴിഞ്ഞിരിക്കുന്നു. ഓഫീസിൽ നിന്നും വന്നു ഡ്രസ്സ് പോലും മാറിയിട്ടില്ല.
 
 
" തലവേദന കുറവില്ലേ മോനേ.ഹോസ്പിറ്റലിൽ പോകണോ."  ഇല്ലാത്ത സ്നേഹം വരുത്തി 
ആ സ്ത്രീ ചോദിച്ചു.
 
 
" വേണ്ട അമ്മച്ചി ഇപ്പൊ കുറവുണ്ട് "
 
 
"എന്നാ വാ ഭക്ഷണം കഴിക്കാം .എല്ലാവരും താഴെ നിന്നെ കാത്തിരിക്കുന്നുണ്ട്."
 
 
" ഞാൻ ഈ ഡ്രസ്സ് ഒക്കെ ഒന്ന് മാറ്റി വരട്ടെ .
അമ്മച്ചി താഴേക്ക് പൊയ്ക്കോ "
അതു പറഞ്ഞ് അവൻ ഡ്രസ്സും ആയി 
ബാത്റൂമിൽ കയറി .
 
"""""""""""""""""""""""""""""""""""""""""""""""""
 
ഓരോന്ന് ആലോചിച്ച് ടെൻഷനോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു 
അപ്പു .
 
 
നാളെ ഓഫീസിൽ ജോയിൻ ചെയ്യണമെന്ന് ചേട്ടായി വിളിച്ചു പറഞ്ഞു .ഒരാഴ്ച സമയം തന്നതാണ് പക്ഷേ ഞാൻ മടി കാണിച്ചു വീട്ടിലിരിക്കും എന്നറിയാവുന്നത് കൊണ്ട് ചേട്ടായി സ്ട്രിറ്റ് ആയിത്തന്നെ പറഞ്ഞു നാളെ പോകണം എന്ന്.
 
 
ഒരു എക്സ്പീരിയൻസും ഇല്ലാത്ത ഞാൻ അവിടെ പോയി എന്ത് ചെയ്യാനാ മഹാദേവാ .
 ഒരു ഡിഗ്രി ഒക്കെ ഉണ്ടെങ്കിലും എനിക്ക് വലിയ ബുദ്ധി ഒന്നും ഇല്ല എന്ന് എനിക്ക് മാത്രമല്ലേ അറിയുള്ളൂ.അവിടെ പോയിട്ട് മണ്ടത്തരം ഒന്നും കാണിക്കല്ലേ  ഭഗവാനെ" അവൾ പ്രാർത്ഥിച്ചുകൊണ്ട് കിടന്നു.
 
 
 കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ അവൾ ഉറങ്ങിപ്പോയി.
 
 
########################### 
 
 
പിറ്റേദിവസം ഓഫീസിലേക്ക് പോകാൻ അവൾ റെഡിയായി. ആദ്യ ദിവസമായതിനാൽ അഖിൽ അവളെ ഓഫീസിൽ കൊണ്ടു ചെന്ന് ആക്കാം എന്ന് പറഞ്ഞു .
 
 
ഓഫീസിലേക്കുള്ള യാത്രയിൽ മൊത്തം മനസ്സിന് എന്തോ വല്ലാത്ത ഒരു അസ്വസ്ഥത വന്നു നിറയുന്നത് അവളും അറിഞ്ഞിരുന്നു.
 
 
 ഓഫീസിൽ ജോയിൻ ചെയ്യുക എന്ന ടെൻഷനേക്കാൾ ഉപരി തനിക്ക്  എന്തൊക്കെയോ സങ്കടമോ സന്തോഷമോ ഒന്നും മനസ്സിലാകാത്ത ഒരു വികാരം മനസ്സിൽ നിറഞ്ഞു വന്നിരുന്നു .
 
 
"ഇതാണ് ഓഫീസ്" ഗേറ്റ് കടന്ന് ഒരു ബിൽഡിംഗിന് മുകളിൽ മുന്നിൽ വണ്ടി നിർത്തി കൊണ്ട് അഖിൽ പറഞ്ഞു.
 
 
 അവൾ കണ്ണടച്ച് പ്രാർത്ഥിച്ചുകൊണ്ട് ബൈക്കിൽ നിന്നും ഇറങ്ങി. നന്ദ മാധവ് എക്സ്പോർട്ടിംഗ് കമ്പനി എന്ന് വലിയ അക്ഷരങ്ങളിൽ ആ ബിൾഡിങ്ങിൻ്റെ മുകളിൽ എഴുതി വെച്ചിട്ടുണ്ട് .
 
 
"ഇവിടെ നിന്ന് സ്വപ്നം കാണാതെ അകത്തേക്ക് പോകാൻ നോക്ക് പെണ്ണേ. എനിക്ക് ഡ്യൂട്ടിക്ക് സമയമായി ഞാൻ പോവുവാ" അഖിൽ തിരക്കിട്ട് പറഞ്ഞുകൊണ്ട് ഗേറ്റ് കടന്ന് പുറത്തേക്ക് പോയി.
 
 
 അപ്പു അകത്തേക്കു നടന്നു റിസപ്ഷനിസ്റ്റിനോട് ചോദിച്ചപ്പോൾ അവൾ 2 ഫ്ലോറിലെ മീറ്റിംഗ് ഹാളിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു.
 
 
 വിറക്കുന്ന കാലടികളോടെ അവൾ സ്റ്റയർ കയറി സെക്കൻഡ് ഫ്ലോറിൽ എത്തി. തന്നെപ്പോലെ കുറച്ച് ആളുകൾ മീറ്റിംഗ് ഹാളിൽ ഉണ്ടായിരുന്നു .അവൾ വാതിൽ തുറന്ന് അകത്തേക്ക് കയറിയതും എല്ലാവരും അവളെ ഒന്ന് തല ഉയർത്തി നോക്കി ശേഷം തൻ്റെതായ പ്രവർത്തനങ്ങളിൽ മുഴുകി.
 
 
 അവൾ ഒഴിഞ്ഞു കിടന്ന ഒരു ചെയറിൽ ചെന്നിരുന്നു. തൊട്ട് അപ്പുറത്തായി ഫോണിൽ നോക്കി മറ്റൊരു പെൺകുട്ടിയും ഇരിക്കുന്നുണ്ട്.
  
 
" ജോയിൻ ചെയ്യാൻ വന്നതാണോ "ആ പെൺകുട്ടി ഫോണിൽ നിന്നും തല ഉയർത്തി കൊണ്ട് ചോദിച്ചു. അപ്പു അതെ എന്ന രീതിയിൽ തലയാട്ടി.
 
 
" എന്താ പേര്" അവൾ വീണ്ടും ചോദിച്ചു.
 
 
" അപർണ. തൻ്റേയോ ."
 
 
"അർച്ചന"അതു പറഞ്ഞു അവൾ വീണ്ടും ഫോണിലേക്ക് നോക്കിയിരുന്നു. 
 
 
 
തുടരും
 
 
🖤പ്രണയിനി 🖤
 

ഇച്ചായൻ്റെ പ്രണയിനി - 3

ഇച്ചായൻ്റെ പ്രണയിനി - 3

4.5
3322

©️ Part -3 വിറക്കുന്ന കാലടികളോടെ അവൾ സ്റ്റയർ കയറി സെക്കൻഡ് ഫ്ലോറിൽ എത്തി. തന്നെപ്പോലെ കുറച്ച് ആളുകൾ മീറ്റിംഗ് ഹാളിൽ ഉണ്ടായിരുന്നു .അവൾ വാതിൽ തുറന്ന് അകത്തേക്ക് കയറിയതും എല്ലാവരും അവളെ ഒന്ന് തല ഉയർത്തി നോക്കി ശേഷം തൻ്റെതായ പ്രവർത്തനങ്ങളിൽ മുഴുകി. അവൾ ഒഴിഞ്ഞു കിടന്ന ഒരു ചെയറിൽ ചെന്നിരുന്നു. തൊട്ട് അപ്പുറത്തായി ഫോണിൽ നോക്കി മറ്റൊരു പെൺകുട്ടിയും ഇരിക്കുന്നുണ്ട്. " ജോയിൻ ചെയ്യാൻ വന്നതാണോ "ആ പെൺകുട്ടി ഫോണിൽ നിന്നും തല ഉയർത്തി കൊണ്ട് ചോദിച്ചു. അപ്പു അതെ എന്ന രീതിയിൽ തലയാട്ടി. " എന്താ പേര്" അവൾ വീണ്ടും ചോദിച്ചു. " അപർണ. തൻ്റേയോ ." "അർച്ചന"അതു പറഞ