Aksharathalukal

ഇച്ചായൻ്റെ പ്രണയിനി - 11

Part -11
 
തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോഴും അഖിയുടെ മനസ്സിൽ പഴയ കാര്യങ്ങൾ എല്ലാം തെളിഞ്ഞു വന്നു.
 
 
പട്ടുപാവാട ഇട്ട് പാടവരമ്പിലൂടെ ഓടിവരുന്ന ഒരു പെൺകുട്ടിയുടെ മുഖം തെളിമയോടെ അവൻ്റെ മനസ്സിൽ നിറഞ്ഞു നിന്നു .
 
" വരദ. അവൻ്റെ മാത്രം വിദു.
പ്ലസ് ടുവിൽ തുടങ്ങിയ പ്രണയം ആയിരുന്നു. അവളെ ആദ്യമായി കണ്ടത് അമ്പലത്തിൽ വച്ചാ. ഒരു കരിം പച്ച പട്ടുപാവാടയിട്ട് കൂട്ടുകാരികളുടെ കൂടെ നടന്നു വരുന്ന അവൾ തന്റെ മനസ്സിലേക്ക് തന്നെയാണ് കയറിപ്പറ്റിയത്.
 
 
 ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ ആദ്യമൊക്കെ എതിർത്തെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു .
 
 
പഠിപ്പ് എല്ലാം കഴിഞ്ഞ് ഞാൻ ഒരു ജോലി അന്വേഷിച്ച് നടക്കുന്ന സമയത്താണ് വീട്ടിൽ അവളുടെ കല്യാണം ഉറപ്പിച്ചു എന്ന് 
പറഞ്ഞ് അവൾ വിളിച്ചത് .
 
 
അന്ന് ഞാൻ അവളെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു .വേഗം തന്നെ ഒരു ജോലി വാങ്ങി അവളുടെ വീട്ടിൽ വന്ന് സംസാരിക്കാം എന്നും വിചാരിച്ചു. പക്ഷേ വിചാരിച്ച പോലെയല്ല കാര്യങ്ങൾ നടന്നത്. ജോലി അത്രയെളുപ്പം ഒന്നും കിട്ടിയിരുന്നില്ല .
 
 
അവളുടെ വീട്ടിൽ കല്യാണം നടത്തുന്ന  വരെ കാര്യങ്ങൾ എത്തിയപ്പോൾ അവൾ  കല്യാണത്തിന് ഒരാഴ്ച മുമ്പ്  ആരോടും പറയാതെ എന്നെ അന്വേഷിച്ചു വന്നു .
 
 അന്ന് ജോലിയും കൂലിയും ഇല്ലാത്ത ഞാൻ എങ്ങനെയാണ് അവളെ സ്വീകരിക്കുക .അതും സമ്പന്നതയുടെ നടുവിൽ മാത്രം ജീവിച്ച അവളെ എന്തിൻ്റെ പേരിലാണ് വിവാഹം കഴിക്കുക.
 
 അതുകൊണ്ട് കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി ഞങ്ങൾ പിരിയാൻ തീരുമാനിച്ചു .അവൾ  കാലുപിടിച്ചു പറഞ്ഞതാ കൂടെ കൊണ്ടുപോവാൻ. പക്ഷേ വീട്ടിലെ അവസ്ഥ കൂടി ആലോചിച്ചപ്പോൾ എനിക്ക് അതിനു കഴിഞ്ഞില്ല. 
 
ഒരു ഭാഗത്ത് അവൾ മറുഭാഗത്ത് സുഖമില്ലാതെ ഇരിക്കുന്ന അപ്പു. 
അവളോട് തന്നെ മറക്കാനും മറ്റൊരു കുടുംബജീവിതം തെരഞ്ഞെടുക്കാനും പറഞ്ഞെങ്കിലും മനസ്സിൽ ഒരു തീരാ വേദനയായി അത് നില നിന്നു.
 
 
അത് ഏറ്റവും കൂടുതൽ മനസ്സിലാക്കിയത് അവളുടെ കല്യാണതലേന്ന് ആയിരുന്നു .
 
 
അന്ന് അങ്ങനെ പറഞ്ഞത് തന്റെ കഷ്ടപ്പാടുകൾ കൊണ്ടാണെങ്കിലും അവൾ കൂടെ ഉണ്ടായിരുന്നാൽ നന്നായിരുന്നേനെ. അവളെ പറഞ്ഞു വിടണ്ടായിരുന്നു .
 
അന്നാണ് ജീവിതത്തിൽ ആദ്യമായി കൂട്ടുകാരുടെ ഒപ്പം മദ്യപിച്ചു .പക്ഷേ അതോടുകൂടി അവളുടെ ഓർമ്മകൾ മനസ്സിലേക്ക് തീരാ വേദനയായി കടന്നു വരികയാണ് ചെയ്തത് .അവസാനം കൂട്ടുകാരനാണ് പറഞ്ഞത് 
അവളുടെ ആങ്ങളയെ വിളിച്ച് കാര്യങ്ങളെല്ലാം സംസാരിച്ച് കല്യാണം മുടക്കാം എന്ന്. ആങ്ങളയുടെ നമ്പറും അവൻ തന്നെ ഒപ്പിച്ചു തന്നു .
 
ആ നമ്പറിലേക്ക് വിളിച്ച  ഉടനെ തന്നെ സങ്കടം സഹിക്കാൻ പറ്റാതെ എന്തൊക്കെയോ കരഞ്ഞു പറഞ്ഞു. മറുഭാഗത്ത് നിന്നും കാര്യം മനസ്സിലാവാതെ എന്താ എന്ന് ഒരാൾ ചോദിക്കുന്നുണ്ടെങ്കിലും മദ്യത്തിന്റെ ലഹരിയിൽ താൻ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. ബോധമില്ലാതെ അവിടെ തന്നെ വീണു .
 
 
അഖി പഴയ ഓരോന്ന് ആലോചിച്ച് ചിരിച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു. വീട്ടിലെത്തിയതും അവൻ നേരെ ബെഡിലേക്ക് കിടന്നു .ക്ഷീണം കൊണ്ട് കിടന്നതും അവൻ വേഗം ഉറങ്ങിപ്പോയി.
 
****
 
അഖിയെ കണ്ടു തിരിച്ചു പോകുന്ന മാഡിയുടെ മനസ്സിലും അഖിലിനെ കുറിച്ചുള്ള ഓർമ്മകളാണ് നിറഞ്ഞുനിന്നത് .
 
താൻ  പിജി സെക്കൻഡ് ഇയർ പഠിക്കുമ്പോഴാണ് അഖിയെ പരിചയപ്പെട്ടത് . അതും ഒരു റോങ്ങ് നമ്പറിലൂടെ.
 
 
ഒരുദിവസം കൂട്ടുകാരുമായി പാർട്ടി എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുമ്പോഴാണ് ഫോണിൽ ഒരു കോൾ വന്നത്. പരിചയമില്ലാത്ത നമ്പർ ആയതിനാൽ കോൾ അറ്റൻഡ് ചെയ്തില്ല .പിന്നീട് രണ്ടുമൂന്നു വട്ടം കൂടി അതിൽ നിന്നും കോളുകൾ വന്നപ്പോൾ 
മാഡി ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു.
 
 
കോൾ അറ്റൻഡ് ചെയ്തതും മറുഭാഗത്ത് നിന്നും കുഴഞ്ഞ ശബ്ദത്തിൽ എന്തൊക്കെയോ പറയുന്നു ഒരു ചെറുപ്പക്കാരന്റെ ശബ്ദമാണ് കേട്ടത് .
 
 
കൂട്ടത്തിൽ ഇടയ്ക്കിടയ്ക്ക് അളിയാ എന്നും പറയുന്നുണ്ട്. എന്താണ് വിഷയം എന്ന് മനസ്സിലാവാത്തതിനാൽ പലതവണ ഇത് ആരാണ്, എന്താണ് എന്നൊക്കെ ചോദിച്ചെങ്കിലും അതിനുള്ള 
ഉത്തരമൊന്നും ലഭിച്ചിരുന്നില്ല.
 
 
 അവസാനം ദേഷ്യം വന്ന് മാഡി കോൾ കട്ട് ചെയ്തു സ്വിച്ച് ഓഫ് ചെയ്തു വച്ചു.പിറ്റേ ദിവസം വൈകുന്നേരം വീണ്ടും അതേ നമ്പറിൽ നിന്നും  കോൾ വന്നു.
 
 
മാഡി ആദ്യമെല്ലാം സമാധാനപൂർവ്വം എന്താണ് കാര്യം എന്ന് അന്വേഷിച്ചെങ്കിലും അധികം വൈകാതെ  അത് ദേഷ്യത്തിലേക്ക് വഴി മാറിയിരുന്നു.
 
 
 മദ്യപിച്ചിട്ട് ആണ് കോൾ വരുന്നത് എന്ന് ആ ശബ്ദത്തിൽ നിന്ന് തന്നെ മനസ്സിലായിരുന്നു. പലതവണ കോൾ കട്ട് ചെയ്യ്തു എങ്കിലും വീണ്ടും വീണ്ടും അതേ നമ്പറിൽ നിന്ന് തന്നെ കോൾ വരും.
 
 
" എനിക്ക് അവൾ ഇല്ലാതെ പറ്റില്ല അളിയാ. അവളെ എനിക്ക് താ. ഞാൻ പൊന്നുപോലെ നോക്കാം" എന്തൊക്കെയോ അങ്ങനെ വിളിച്ചു പറയുന്നുണ്ട്.
 
 
 ആദ്യമൊക്കെ മാഡി അത് കാര്യമാക്കിയില്ലെങ്കിലും പിന്നീട് അത് വല്ലാത്ത ഒരു ശല്യം ആയി മാറിയിരുന്നു .അവസാനം അവൻ സഹികെട്ട് ആ നമ്പറിലേക്ക് വിളിച്ചു നാല് ചീത്ത പറഞ്ഞു.
 
 
 പിന്നെ രണ്ടു മൂന്നു ദിവസത്തേക്ക് ആ നമ്പറിൽ കോൾ ഒന്നും വന്നിരുന്നില്ല . കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും തുടങ്ങി ആ നമ്പറിൽ നിന്നും വിളിക്കാൻ. 
 
 
 നമ്പർ ബ്ലോക്ക് ചെയ്തിട്ടു. അപ്പോൾ വേറെ നമ്പറിൽ നിന്നും വിളിക്കാൻ തുടങ്ങി. അങ്ങനെ ഗതികെട്ട അവസാനം മാഡി തന്നെ അവനെ അന്വേഷിച്ചിറങ്ങി .
 
 
നേരിട്ട് കണ്ട് ഒന്ന് പൊട്ടിച്ച് രണ്ട് ചീത്ത പറയാൻ പോയ മാഡി മുൻപിലുള്ള ചെറുപ്പക്കാരനെ കണ്ടു അതിശയിച്ചു പോയി.
 
 
 കാണുമ്പോൾ തന്നെ അറിയാം ഒരു പാവമാണെന്ന്. കുടിച്ച് ബോധമില്ലാതെ വഴിയിലാണ് കിടപ്പ്.ആ  അവസ്ഥയിൽ കണ്ടപ്പോൾ എന്തോ ഒറ്റയ്ക്കാക്കി പോകാൻ തോന്നിയില്ല.
 
 അവനെയും കൊണ്ട് നേരെ പോയത് രാഹുലിൻ്റെ ഗസ്റ്റ് ഹൗസിലേക്ക് ആണ്. ഒരു പരിചയമില്ലാത്ത ആളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നതിന് രാഹുൽ കുറേ ചീത്ത പറഞ്ഞു എങ്കിലും അതൊന്നും കാര്യമാക്കിയില്ല.
 
 
 പിറ്റേ ദിവസം നേരം വെളുത്തപ്പോൾ അവന് ബോധം വന്നിരുന്നു. ശല്യപ്പെടുത്തിയതിന് സോറി പറഞ്ഞു അവൻ തല താഴ്ത്തി കുറ്റബോധത്തോടെ ഗേറ്റ് കടന്നു പോയത് ഇപ്പോഴും മാഡിയുടെ മനസ്സിലുണ്ട് .
 
 
പിറ്റേദിവസം വൈകുന്നേരമാകുമ്പോൾ തന്നെ കുറച്ചുകാലമായി ശല്യം ചെയ്യുന്ന ആ ഫോൺകോൾ എത്തുന്നില്ല എന്ന് മനസ്സിലായപ്പോൾ മാഡിക്കും എന്തോ വല്ലാത്ത ഒരു വീർപ്പുമുട്ടൽ ആയിരുന്നു.
 
 
 
അയാൾ പിന്നെ തൻ്റെ ഫോണിലേക്ക് വിളിച്ചില്ല
 അതുകൊണ്ട് മാഡി വീണ്ടും ഒരിക്കൽ കൂടി അവനെ അന്വേഷിച്ചു ഇറങ്ങി .
 
 
പതിവുപോലെ വഴിയരികിൽ കുടിച്ച് ബോധമില്ലാതെ തന്നെയായിരുന്നു കിടന്നിരുന്നത്. കുറച്ചു കാലം ഒക്കെ അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അതിൽ ഒന്നും അവൻ നന്നായില്ല.
 
 
അതോടെ രാഹുൽ ഇടപെട്ട് അവനെ ഡീഅഡിക്ഷൻ സെൻ്ററിൽ ആക്കി. 
അധികം വൈകാതെ അവൻ 
സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയ്തു .
 
 
അങ്ങനെയാണ് 
അവൻ എൻ്റെ അളിയൻ ആയത് . അവന് ജോലി ശരിയാക്കി കൊടുത്തതും താൻ തന്നെയാണ്. പക്ഷേ ഇതുവരെ താൻ ആരാണെന്നോ എന്താണെന്നോ അവനോട് പറഞ്ഞിട്ടില്ല.
 
അവന്റെ വിചാരം താനും അവനെ പോലെ സാധാരണ കുടുബത്തിലെ ആളാണെന്നാണ്. അതുകൊണ്ട് തന്റെ കമ്പനിയെ കുറിച്ചും ജോലിയെ കുറിച്ചും അവനോട് പറഞ്ഞിട്ടില്ല.
 
 
മാഡി ഓരോന്ന് ആലോചിച്ച് വീട്ടിലേക്ക് ഡ്രൈവ് ചെയ്തു .ആ ആഴ്ച എങ്ങനെയാണ് തള്ളി നീക്കിയതെന്ന് അവന് പോലും അറിയുന്നുണ്ടായിരുന്നില്ല.
 
 
 അപർണയെ ഒന്ന് വിളിച്ച് സംസാരിക്കണം എന്നുണ്ടായിരുന്നു എങ്കിലും അവൾ എന്തു കരുതും എന്നതിനാൽ അവൻ ആ ശ്രമം ഉപേക്ഷിച്ചു.
 
 
ആ ആഴ്ച്ച അങ്ങനെ കടന്നുപോയി .വീണ്ടും ഒരു തിങ്കളാഴ്ച കൂടി വന്നെത്തി. അവൻ വീണ്ടും അതേ സന്തോഷത്തോടെ ഓഫീസിലേക്ക് പോവാൻ റെഡിയായിരുന്നു.
 
 മാഡിയുടെ മട്ടും ഭാവവും എല്ലാം കണ്ടു രാഹുലിനും മനസ്സിലായിരുന്നു അവൻ്റെ ഉള്ളിൽ എന്താണെന്ന് .
 
 
****
 
മാഡി രാഹുലിനെക്കാത്ത് പാർക്കിങ്ങിൽ നിൽക്കുമ്പോഴാണ് അപർണ സ്കൂട്ടിയിൽ വന്നു തൻ്റെ മുമ്പിൽ നിന്നത്.
 
 കുറച്ചുകാലത്തിനുശേഷം അവളെ വീണ്ടും കണ്ടതും അവൻ്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു.
 
 
 അവർക്കു പിന്നാലെ തന്നെ മറ്റൊരു സ്കൂട്ടിയിൽ അർച്ചനയും എത്തിയിരുന്നു
 
 
" ഗുഡ്മോർണിംഗ് സാർ..." അപർണ പറഞ്ഞു.
 
 
"ഗുഡ്മോർണിംഗ് ...കല്യാണം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു. നന്നായിരുന്നോ...."
 
 
" ആഹ് സാർ.. അടിച്ചുപൊളിച്ചു..." 
 
 
"ഗുഡ്മോർണിംഗ് സാർ..." അപ്പോഴേക്കും അച്ചുമ്മ കൂടി അവരുടെ അരികിലേക്ക് എത്തിയിരുന്നു .
 
 
" ഗുഡ് മോണിംഗ്.തൻ്റെ കള്ള വയറുവേദന മാറിയോ..." അത് ചോദിച്ചതും അച്ചുമ്മ ഒന്ന് ഞെട്ടി.
 
 
" കള്ള വയറുവേദനയോ... എനിക്ക് ശരിക്കും വയറുവേദന തന്നെയായിരുന്നു "
 
 
"ഇത് ഞാൻ വിശ്വസിക്കാം പക്ഷേ രാഹുൽ വിശ്വസിക്കും എന്ന് എനിക്ക് തോന്നുന്നില്ല. അവനാണ് എന്നോട് പറഞ്ഞത് നീ കള്ളത്തരം കാട്ടിയാണ് ലീവ് എടുത്തത് അതിനൊപ്പം പറയുകയും ചെയ്തു ഇനി എന്നാണോ അപർണ ഓഫീസിലേക്ക് വരുന്നത് അന്ന് മാത്രമേ അർച്ചനയും വരികയുള്ളൂ എന്ന്. അവൻ പറഞ്ഞത് അക്ഷരം പ്രതി ശരിയായത് കണ്ടില്ലേ "
 
 
അപർണ്ണയേയും അർച്ചനയേയും  നോക്കിക്കൊണ്ട് മാഡി പറഞ്ഞു. അപ്പോഴേക്കും രാഹുൽ അവരുടെ മുന്നിൽ എത്തിയിരുന്നു.
 
 
" അയ്യോ മരപ്പട്ടി വന്നു....വാ വേഗം പോകാം" എന്നു പറഞ്ഞു അപ്പുവിന്റെ കൈയും പിടിച്ചു വലിച്ച് അർച്ചന അകത്തേക്കോടി.
 
 
" അവളെന്താ വാലിനു തീ പിടിച്ച പോലെ ഓടുന്നേ." അവരുടെ പോക്ക് കണ്ടിട്ട് രാഹുൽ  ചോദിച്ചു .
 
 
"നിന്നെ കണ്ടിട്ട് പേടിച്ചു ഓടുന്നതാ..."
 
 
"ഓടട്ടെ...ഓടട്ടെ... എത്ര ദൂരം ഓടുന്നമെന്ന് എനിക്ക് ഒന്ന് കാണണം" അത് പറഞ്ഞു മാഡിക്കൊപ്പം അവനും അകത്തേക്ക് നടന്നു.
 
 
 *****
 
" May I come in sir" അപർണ്ണയുടെ ശബ്ദം കേട്ട് കാബിനിൽ ഇരിക്കുന്ന മാഡിയും രാഹുലും പുറത്തേക്ക് നോക്കി.
 
 
" Ya come in..
" മാഡി ഒരു പുഞ്ചിരിയോടെ പറഞ്ഞു. അതുകേട്ട് അപർണ്ണയും അവൾക്ക് പിന്നിലായി അർച്ചനയും അകത്തേയ്ക്ക് വന്നു. കയ്യിൽ  ഒരു ബോക്സും ഉണ്ട് .
 
 
"ദാ സാർ..." കയ്യിലുള്ള ബോക്സ് തുറന്ന് 
രാഹുലിന് നേരെ നീട്ടിക്കൊണ്ട് അപർണ പറഞ്ഞു.
 
 
" ഇതെന്താ ചോക്ലേറ്റൊക്കെ ആയിട്ട്..."അതിൽ നിന്നും ഒരു പീസ് എടുത്തുകൊണ്ട് രാഹുൽ ചോദിച്ചു .
 
 
"ചേട്ടായിടെ കല്യാണം ആയിരുന്നല്ലോ. അതിന്റെ വകയാണ് "അത് പറഞ്ഞ് കൈയിലുള്ള ബോക്സ് മാഡിക്ക്  നേരെയും നീട്ടി.
 
 അവനും ഒരു പുഞ്ചിരിയോടെ ചോക്ലേറ്റ് എടുത്തു .
 
 
"അല്ല ചേട്ടൻ്റെ കല്യാണം ആയിട്ട് ട്രീറ്റ് ഒന്നുമില്ലേ. എല്ലാം ഒരു പീസ് ചോക്ലേറ്റിൽ ഒതുക്കിയോ .ഞങ്ങളെ കല്യാണത്തിന് വിളിച്ചില്ല. അപ്പോ ഒരു നല്ല ട്രീറ്റ് എങ്കിലും തരണ്ടേ "രാഹുൽ ചോദിച്ചു 
 
"അയ്യോ അങ്ങനെയല്ല സാർ .കല്യാണം കാസർകോട് വച്ചായിരുന്നു .പിന്നെ ഏട്ടൻ എന്ന് പറയുമ്പോൾ എൻ്റെ സ്വന്തം ഏട്ടൻ്റെ അല്ലാ.അതുകൊണ്ടാ ഓഫീസിലുള്ള ആരെയും വിളിക്കാഞ്ഞത് ."
 
 
"എന്നാലും അത് തീരെ ശരിയായില്ല "
 
 
"എന്നാ ഒരു കാര്യം ചെയ്യാം. രണ്ട് അടുത്ത ആഴ്ച ഞങ്ങളുടെ അവിടുത്തെ അമ്പലത്തിൽ ഉത്സവം ആണ്. നിങ്ങൾ വായോ .അപ്പൊ ഈ പരാതി തീർക്കാം ."
 
 
" അതിനെന്താ ഞങ്ങൾ തീർച്ചയായും വരും "
മാഡി പറഞ്ഞു .
 
 
"എന്ന ശരി ഞങ്ങൾ പോവുക "
അതുപറഞ്ഞ് അപ്പുവും അർച്ചനയും തിരിഞ്ഞു നടന്നതും പിന്നിൽ നിന്നും രാഹുൽ അർച്ചനയെ വിളിച്ചു.
 
 
" മധുര വിതരണം ഒക്കെ കഴിഞ്ഞ് ഫ്രീ ആകുമ്പോൾ ഭവതി എൻ്റെ ക്യാബിനിലേക്ക് ഒന്നു വരണം .അടിയന് ഒന്ന് രണ്ട് കാര്യങ്ങൾ പറയാനുണ്ട്." രാഹുൽ അർച്ചനയെ നോക്കി പറഞ്ഞതും അവൾ കള്ളം പിടിക്കപെട്ടതു പോലെ അവനെ നോക്കി തലയാട്ടി വേഗത്തിൽ ക്യാമ്പിൽ നിന്നും പുറത്തേക്കിറങ്ങി.
 
 
**** 
 
ഉച്ചയ്ക്ക് കാൻ്റീനിൽ  ഇരിക്കുകയാണ് അപ്പുവും അച്ചുമ്മയും.
 
 
" എന്താ അച്ചുമ്മ മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നെ. വയ്യേ ...എന്താ പറ്റിയത്..."
 
 
" ഇനിയെന്ത് പറ്റാൻ .ആ മരപ്പട്ടിയുടെ വായിൽ ഇരിക്കുന്നത് മൊത്തം ഞാൻ കേട്ടു . അതിന് എന്തൊരു ബുദ്ധിയാ .ഞാൻ കാണിച്ച കള്ളത്തരം എത്ര പെട്ടെന്നാ അയാൾ കണ്ടുപിടിച്ചത് . അയാൾക്ക് ഓഫീസ് വർക്ക് എല്ലാം വിട്ട് വല്ല സിബിഐലും ചേരുന്നതാ നല്ലത്. നാട്ടിലുള്ള ക്രിമിനൽസിനെ എങ്കിലും പിടിക്കാമല്ലോ"അവൾ താടിക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു. 
 
 
"സാറിന്റെ കയ്യിൽ നിന്നും കണക്കിന് കിട്ടിയില്ലേ." അപ്പു സഹതാപത്തോടെ ചോദിച്ചു.
 
 
" അത് സ്ഥിരം ഉള്ളതല്ലേ .എന്നാലും ഞാൻ ഇത്രയും പ്ലാൻ ചെയ്തു നടപ്പിലാക്കിയ കാര്യം ഇത്ര പെട്ടെന്ന് എങ്ങനെ മനസ്സിലാക്കി. പോട്ടെ ഇനി അടുത്ത വട്ടം ഒരു തലനാരിഴ സംശയത്തിനു പോലും വകവയ്ക്കാതെ വേണം പ്ലാനുകൾ നടപ്പിലാക്കാൻ ."എന്തോ അന്താരാഷ്ട്ര കാര്യം പറയുന്നതുപോലെ 
ആക്ഷൻ കാണിക്കുന്നത് കണ്ടു അച്ചുമ്മ പറഞ്ഞത് കേട്ട് അപ്പുവിന് ചിരിവന്നു.
 
 
" അപർണയ്ക്ക് ഒരു വിസിറ്റർ ഉണ്ട് "  സെക്യൂരിറ്റി ചേട്ടൻ പറഞ്ഞതും അപർണ്ണ ചെയറിൽ നിന്നും എഴുന്നേറ്റു .ഒപ്പം അച്ചുമ്മയും .
 
 
"അപർണ്ണയെ അല്ലേ വിളിച്ചത്. പിന്നെ നീ എങ്ങോട്ടാ "അർച്ചനയെ കണ്ടു എഡ്വിൻ ചോദിച്ചു.
 
 
"അപർണയുടെ വിസിറ്റർ എന്നുപറഞ്ഞാൽ അത് അർച്ചനയുടെ വിസിറ്റർ കൂടിയായിരിക്കും. യു അണ്ടർ സ്റ്റാൻഡ് .
 
 
"വാ അപ്പു നമുക്ക് നമ്മുടെ വിസിറ്ററേ കണ്ടിട്ട് വരാം."   അത് പറഞ്ഞ് അർച്ചന അപ്പുവിന്റെ കൈപിടിച്ച് പുറത്തേക്കു നടന്നു.
 
 
തന്നെ കാത്തു നിൽക്കുന്ന ആളെ കണ്ട് അപർണ്ണയുടെ മുഖം മങ്ങി.
 
 
" ആരാടി അത്... ചുള്ളൻ ആണല്ലോ "
പുറത്തു നിൽക്കുന്ന ആളെ കണ്ടു അർച്ചന പറഞ്ഞു .
 
 
"ചുള്ളൻ അല്ല കുള്ളൻ. അത് അവനാടി വിഷ്ണു. എന്റെ എക്സ്"
 
 
" അവൻ എങ്ങനെ ഇവിടെ എത്തി . നിന്റെ ഓഫീസ് അവൻ എങ്ങനെ അറിഞ്ഞു."
 
 
" ആവോ ഞാൻ ഒന്നും പറഞ്ഞു കൊടുത്തിട്ടില്ല. എന്തായാലും അവൻ്റെ അടുത്തേക്ക് ആണല്ലോ പോകുന്നത്. അവനോട് തന്നെ ചോദിക്കാം" എന്ന് പറഞ്ഞു അവർ വിഷ്ണുവിന്റെ അരികിലേക്ക് നടന്നു.
 
 
 അപ്പുവിന്റെ കൂടെ പരിചയമില്ലാത്ത ഒരാളെക്കൂടി കണ്ടതും വിഷ്ണു 
 അർച്ചനയെ സംശയത്തോടെ നോക്കി.
 
 
" ഇത് എൻ്റെ ഫ്രണ്ടാണ് ."അവൻ്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി 
അപ്പു പറഞ്ഞു .
 
അത് കേട്ട് വിഷ്ണു അർച്ചനയെ നോക്കി ഒന്ന് പുഞ്ചിരിച്ചു .അവളും തിരിച്ച് മനസ്സില്ലാമനസ്സോടെ ചിരിച്ചു കൊടുത്തു.
 
 
" വിഷ്ണു എന്താ ഇവിടെ... എന്റെ ഓഫീസ് എങ്ങനെ കണ്ടുപിടിച്ചു."
 
 
"ഞാൻ  അപ്പുവിനെ ഒന്ന് കാണാൻ വന്നതാ. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് ."
 
 
"അതിനെന്താ  വിഷ്ണു പറഞ്ഞോളൂ" അത് കേട്ട് വിഷ്ണു അർച്ചനയെ ഒന്ന് നോക്കി .
 
 
"ഇവൾ അറിയാത്ത രഹസ്യങ്ങൾ ഒന്നും എൻ്റെ ജീവിതത്തിൽ ഇല്ല. അതുകൊണ്ട് വിഷ്ണു പറഞ്ഞോളൂ .എന്താ കാര്യം "
 
 
"അപ്പു എനിക്ക് നിന്നെ മറക്കാൻ പറ്റില്ല. 
നീ എൻ്റെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യം ഉള്ള വ്യക്തി ആയിരുന്നു എന്ന് എനിക്ക് മനസ്സിലായത് നീ എന്നെ വിട്ട് പോയപ്പോഴാണ്."
 
 
"ഞാൻ നിന്നെ വിട്ടു പോയപ്പോഴോ... അതെങ്ങിനെയാ വിഷ്ണു ശരിയാവുന്നത്. നീയല്ലേ എല്ലാം അവസാനിപ്പിച്ചു പോയത് "
 
 
"അപ്പു പ്ലീസ്... എന്റെ അപ്പോഴത്തെ സിറ്റുവേഷൻ അതായിരുന്നു .
പഠിപ്പു കഴിഞ്ഞിട്ടും സ്വന്തമായി ജോലി ഒന്നും ഇല്ലാതെ വീട്ടുകാരുടെ മുൻപിലും നാട്ടുകാരുടെ മുൻപിലും ആകെ നാണം കെട്ട് തലകുനിച്ച് ആയിരുന്നു നടന്നിരുന്നത്. അതുകൊണ്ടാ ഞാൻ നിന്നോട് പിരിയാം എന്നു പറഞ്ഞത്. ഇപ്പോ എനിക്കൊരു ജോലി ആയി .സെറ്റിൻഡ് ആയി .അതുകൊണ്ടാ നിന്നെ കാണാൻ ഞാൻ വന്നത് ."
 
 
'ജോലി ഇല്ലാത്ത കാരണം ഒരു വട്ടം നീ എന്നെ ഉപേക്ഷിച്ചു .ജോലി കിട്ടിയപ്പോ തിരികെ വന്നു. ഇനി ആ ജോലി പോയാൽ നീ വീണ്ടും എന്നെ കൈവിടില്ല എന്ന് എന്താ ഉറപ്പ് "
 
 
അതു പറഞ്ഞതും വിഷ്ണുവിന്റെ മുഖം മാറിയിരുന്നു.
 
 
" നീ പഴയ കാര്യങ്ങൾ മനസ്സിൽ വെച്ച് ഇങ്ങനെ ഒന്നും പറയല്ലേ അപ്പു . ഞാൻ സത്യമാ പറഞ്ഞത്. എനിക്ക് നീ ഇല്ലാതെ പറ്റില്ലടീ. അത്രയും ഇഷ്ടം ആയതുകൊണ്ടാ."
 
 
" പറ്റില്ല വിഷ്ണു. കഴിഞ്ഞ കാര്യങ്ങളൊന്നും ഓർക്കാൻ പോലും എനിക്ക് താല്പര്യമില്ല. പിന്നെ എനിക്ക് നിന്നോട് തോന്നിയത് പ്രണയം ആണോ എന്ന് എനിക്ക് പോലും അറിയില്ല.
 
 കാരണം എൻ്റെ ജീവിതത്തിൽ കഴിഞ്ഞു പോയ കാര്യങ്ങൾ മറക്കാൻ വേണ്ടിയാണ് നീ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതം പറഞ്ഞത്. നിന്നെ ഒരിക്കലും പറ്റിച്ചു പോണം എന്ന് ഞാൻ കരുതിയിട്ടില്ല. കാരണം എനിക്കറിയാം ആത്മാർത്ഥമായി ഒരാളെ സ്നേഹിച്ച് അയാൾ നമ്മളെ ചതിക്കുമ്പോൾ ഉള്ള വേദന എന്താണെന്ന് "
 
 
"ഞാൻ പറഞ്ഞല്ലോ അപ്പു അപ്പോഴത്തെ ഒരു അവസ്ഥയിൽ അങ്ങനെ ചെയ്തു പോയതാ. സോറി... പ്ലീസ്... ഞാൻ വേണമെങ്കിൽ നിന്റെ വീട്ടിൽ വന്നു സംസാരിക്കാം. നമ്മുടെ കല്യാണം വേഗം നടത്താൻ പറയാം."
 
 
" വേണ്ട വിഷ്ണു. അതിൻ്റെയൊന്നും ഒരാവശ്യവുമില്ല .എല്ലാ കാര്യങ്ങളും നമ്മൾ പറഞ്ഞ് അവസാനിപ്പിച്ചതാണ് .വീണ്ടും പുറത്ത് എടുക്കേണ്ട കാര്യമില്ല "
 
 
" പ്ലീസ് അപ്പു.ഞാൻ പറയുന്നതൊന്നു കേൾക്ക്." തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അപ്പുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവൻ  പറഞ്ഞു.
 
 
" വിഷ്ണു ഇത് ഞാൻ വർക്ക് ചെയ്യുന്ന ഓഫീസാണ് .ഇവിടെ വെച്ച് ഒരു സീൻ ക്രിയേറ്റ് ചെയ്യരുത് .കയ്യിൽനിന്നും വിട് ."
 
 
"ഞാൻ നിന്നോട് ഒരു തെറ്റു മാത്രമല്ലേ അപ്പു ചെയ്തിട്ടുള്ളൂ. അല്ലാതെ മോശമായി ഒരു  നോട്ടം പോലും നിനക്ക് നേരെ ഇതുവരെ എന്നിൽനിന്നും ഉണ്ടായിട്ടില്ലല്ലോ. ഈ ഒരു തെറ്റും മാത്രം നിനക്ക് ക്ഷമിച്ചു കൂടെ "
 
 
"വിഷ്ണു എനിക്കതിന് കഴിയില്ല .നീ തോന്നുമ്പോൾ കൂടെ വരാനും വേണ്ടത്തപ്പോൾ ഉപേക്ഷിക്കുവാനും ഞാനെന്താ  നിന്റെ വീട്ടുകാർ വാങ്ങിത്തന്ന കളിപ്പാട്ടമാണോ." അപ്പു ദേഷ്യത്തോടെ ചോദിച്ചു .
 
 
"ഞാൻ പറഞ്ഞല്ലോ .എനിക്ക് നിന്നെ വേണം. നീ എന്തൊക്കെ പറഞ്ഞാലും ഞാൻ സമ്മതിക്കില്ല അപ്പു..." അവൻ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞതും അപ്പു അവൻ്റെ കയ്യിലെ പിടിവിടാൻ ഒരുപാട് ശ്രമിച്ചു.
 
 
" വിഷ്ണു വിടാൻ അല്ലേ പറഞ്ഞത് "
 
 
"ഇല്ല നീ എന്നോട് ക്ഷമിച്ചു ,എന്നെ സ്നേഹിക്കും എന്ന് പറയാതെ നിന്റെ കൈയിലെ പിടി ഞാൻ വിടില്ല "
 
 
വിഷ്ണു അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ. പിന്നീട് ചെവിയിൽ എന്തോ വല്ലാത്ത ഒരു മൂളലാണ്  അനുഭവപെട്ടത്.
 കുറച്ച് സമയം കഴിയേണ്ടിവന്നു എന്താണ് അവിടെ നടന്നത് എന്ന് മനസ്സിലാക്കാൻ .
 
 
അപ്പുവിനും ആദ്യം കാര്യം എന്താണ് എന്ന് മനസ്സിലായില്ല . അർച്ചനയുടെ അഞ്ച് വിരലുകളും അവൻ്റെ കവിളിൽ നന്നായി തന്നെ പതിഞ്ഞിട്ടുണ്ട്. ആ മുഖം ആകെ ചുവന്നു തുടുത്തു .
 
 
"ഇവൾക്ക് ഒരുവട്ടം താൽപര്യമില്ല എന്ന് തന്നോടല്ലേ പറഞ്ഞത് .പിന്നെയും എന്തിനാ അതുതന്നെ പറഞ്ഞു ശല്യം ചെയ്യുന്നത്. ഇറങ്ങി പൊയ്ക്കോണം അല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും.
 
 
ഇന്നത്തെ കാലത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ കുറിച്ച് ഞാൻ പറഞ്ഞു തരേണ്ടല്ലോ. തെറ്റായ രീതിയിൽ ഒന്ന് നോക്കിയാൽ മതി അതു കേസ് ആവും.
 ഈ നല്ല പ്രായത്തിൽ കോടതി കയറി ഇറങ്ങേണ്ടി എങ്കിൽ പോടാ ".അർച്ചന അലറിയതും വിഷ്ണു ഒന്നും മിണ്ടാതെ ഓഫീസിന്റെ പടികളിറങ്ങി .
 
അവൻ്റെ മനസ്സിൽ അർച്ചനയോടുള്ള ദേഷ്യം നിറഞ്ഞു
 
 
ഇതെല്ലാം കണ്ടു നിന്ന രാഹുലിന്റെ മനസ്സിൽ അന്നാദ്യമായി അർച്ചനയോട് ഒരു ബഹുമാനം തോന്നി.
 
 
സ്ത്രീകൾ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം .അവൻ ഒരു പുഞ്ചിരിയോടെ മാഡിയുടെ കാബിനിലേക്ക് നടന്നു.
 
 
" അച്ചുമ്മാ നിനക്ക് ഇത്രയൊക്കെ ധൈര്യമുണ്ടോ. ഒരാളെ അടിക്കുക എന്നൊക്കെ വച്ചാ ..."
 
 
"പിന്നല്ലാതെ നിന്റെ കൈപിടിച്ച് തിരിച്ച അവനെ പൂവിട്ട് പൂജിക്കണോ.അവൻ്റെ ഒരു ഭീഷണിപ്പെടുത്തൽ .നമ്മൾ അങ്ങ് പേടിച്ചു പോകും എന്ന് കരുതി കാണും." 
അർച്ചന ദേഷ്യത്തോടെ പറഞ്ഞു .
 
 
"എന്നാലും ഇനി ഇതിന്റെ പേരിൽ വല്ല വഴക്കിനും അവൻ വരുമോ അച്ചുമ്മ "
 
 
"അവൻ വരുന്നെങ്കിൽ വരട്ടെ .എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന് "അത് പറഞ്ഞ് അപ്പുവിനെയും കൂട്ടി  അവൾ ഓഫീസിലേക്ക് തിരിച്ചു നടന്നു 
 
*****
 
അന്നത്തെ ദിവസം പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ലാതെ കടന്നുപോയി .
 
 
വൈകുന്നേരം അപ്പു ഓഫീസ് വിട്ട് വീട്ടിലേക്ക് എത്തുമ്പോൾ ഏട്ടൻ എങ്ങോട്ടോ പോകാൻ റെഡിയായി നിൽക്കുകയാണ് .
 
 
"ഈ ബാഗേക്കെയായി ഏട്ടൻ എങ്ങോട്ടാ "
 
 
"ഞാൻ നീ വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. എനിക്ക് ഓഫീസിലെ ഒരു വർക്കുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വരെ ഒന്നു പോകണം. ഒരാഴ്ച  കഴിഞ്ഞേ തിരികെ വരുള്ളൂ ."
 
 
"അപ്പോ എട്ടൻ ഉത്സവത്തിന് ഉണ്ടാകില്ലേ"
 
 
" ഉത്സവത്തിന് ഇനിയും  ദിവസങ്ങൾ ഉണ്ടല്ലോ. അപ്പോഴേക്കും ഞാൻ തിരിച്ചെത്താം .
അമ്മേ ഞാൻ ഇറങ്ങാ ട്ടോ "ഏട്ടൻ അകത്തേക്ക് നോക്കിക്കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു.
 
 
"നീ എങ്ങനെയാ പോകുന്നേ "ഉമ്മറത്തിരിക്കുന്ന അച്ഛൻ ചോദിച്ചു .
 
 
"ഫ്രണ്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട് .അവൻ ഇനി റെയിൽവേ സ്റ്റേഷൻ വരെ കൊണ്ടുചെന്നു ആക്കും.അവൻ റോഡിനു മുകളിൽ എത്തി എന്നു പറഞ്ഞ് വിളിച്ചിട്ടുണ്ട് .എന്നാ ഞാൻ ഇറങ്ങുകയാ" തോളിലെ ബാഗ് ഒന്നുകൂടി 
ശരിയാക്കി കൊണ്ട് അഖിൽ വീടിന്റെ പടികടന്ന് പുറത്തേക്ക് പോയി .
 
 
അവൻ പോകുന്നത് നോക്കി അപ്പു സങ്കടത്തോടെ നിന്നു .
 
 
"അവിടെ ഇനി മിഴിച്ചു നിൽക്കാതെ വന്നു ഡ്രസ്സ് മാറ്റി ചായ കുടിക്കാൻ നോക്ക് പെണ്ണേ" അമ്മ ശാസനയുടെ പറഞ്ഞു അകത്തേക്ക് പോയി .
 
 
*****
 
"കുറേ നേരമായോ രാഹുലേ നീ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട്"
 
 
" ഇല്ലടാ ഞാൻ ഇപ്പോ എത്തിയതേയുള്ളൂ" അത് പറഞ്ഞ രാഹുൽ കോ ഡ്രെവർ സീറ്റ് തുറന്നുകൊടുത്തു.
 
 
" നന്ദൻ എവിടെ "
 
 
"അവന് ഒരു മീറ്റിംഗ് ഉണ്ട്. അതാ  നിന്നെ പിക്ക് ചെയ്യാൻ എന്നേ പറഞ്ഞയച്ചത് ."
 
 
"ആണോ ...അവൻ ഇന്നലെ ഇവിടെ വന്നിരുന്നു. ഏതോ ഫ്രണ്ടിനെ കാണാൻ. വഴി തെറ്റി വന്നതാ .അപ്പോഴാണ് എന്നെ കണ്ടത്.
 
 
 ഞാൻ വീട്ടിലേക്ക് വരാൻ പറഞ്ഞ് അവനെ ഒരുപാട് തവണ വിളിച്ചു .പക്ഷേ നീ ഇല്ലാത്തതുകൊണ്ട് പിന്നെ ഒരു ദിവസം വരാം എന്നു പറഞ്ഞു."
  
 
"അവൻ ഇന്നലെ ഇവിടെ വന്നിരുന്നോ"
 
 
"ആ വന്നിരുന്നു "
 
 
"ഏതു കൂട്ടുകാരനെ കാണാനാ ഇവിടേയ്ക്ക് വന്നത് "രാഹുൽ ആലോചിച്ച് വണ്ടി മുന്നോട്ടെടുത്തു .
 
 
രാഹുൽ അഖിലിന്റെ വീട്ടിലെ ആരുമായും നേരിട്ട് പരിചയമില്ല. അഖിലിനെ ഡി അഡിക്ഷൻ സെൻ്ററിൽ  ആക്കാൻ വേണ്ടി ഒരു തവണ അച്ഛനോട് ഫോണിൽ സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ വീട്ടുകാരുമായി രാഹുലിനും വലിയ പരിചയമൊന്നുമില്ല .
 
 
ഇന്നലെ വീട്ടിലേക്ക് വന്നപ്പോൾ മാഡി അഖിലിനെകണ്ട കാര്യമൊന്നും തന്നോട് പറഞ്ഞതുമില്ല. അവൻ്റെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ ഉയർന്നെങ്കിലും തൽക്കാലത്തേക്ക് അതെല്ലാം മാറ്റിവച്ച് ഡ്രൈവിംഗ് കോൺസെൻട്രേറ്റ് ചെയ്തു .
 
 
രാഹുൽ അഖിയേ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുചെന്നാക്കി .
 
" അപ്പോ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട അടുത്ത ആഴ്ച്ച ഉത്സവത്തിനു രണ്ടു പേരും അങ്ങ് എത്തിയേക്കണം "
 
 
" ഞങ്ങൾ വരാം ടാ " രാഹുൽ പുഞ്ചിരിയോടെ പറഞ്ഞു.
 
 
അവർ പരസ്പരം യാത്ര പറഞ്ഞ് അഖി സ്റ്റേഷനിലേക്കും രാഹുൽ തിരികെ വീട്ടിലേക്കും  വന്നു .
 
 
(തുടരും)
 
 
🖤 പ്രണയിനി 🖤

ഇച്ചായൻ്റെ പ്രണയിനി - 12

ഇച്ചായൻ്റെ പ്രണയിനി - 12

4.7
4233

Part -12     "അപ്പു ബാത്റൂമിലെ നിന്റെ ഗാനമേള കഴിഞ്ഞെങ്കിൽ ഒന്നിങ്ങോട്ട് വേഗം ഇറങ്ങു പെണ്ണെ . നിന്റെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങിയിട്ട് സമയം കുറെയായി .   "ദാ ഇപ്പോ കഴിയും അമ്മേ" അവൾ വേഗം തന്നെ കുളിച്ച് ഇറങ്ങി. പൂജാമുറിയിൽ പോയി വിളക്ക് വച്ച് വന്നു. ഫോൺ നോക്കിയപ്പോൾ എട്ടായി ആണ് വിളിച്ചിരിക്കുന്നത്. നാലഞ്ച് മിസ് കോൾ ഉണ്ട്.   അവൾ വേഗം തിരികെ വിളിച്ചതും ആദ്യത്തെ റിങ്ങിൽ തന്നെ എട്ടായി കോൾ എടുത്തു.   " അപ്പുട്ടാ നീ ഓക്കെയാണേ "     "അതെ... എന്താ ഇപ്പോ അങ്ങനെ ചോദിക്കാൻ" അപ്പു ഒന്നും മനസ്സിലാവാതെ ചോദിച്ചു .     "ഇന്ന് വൈകുന്നേരം ഹോസ്പിറ്റല