അതും പറഞ്ഞ് മറിയാമ്മ വീടിന്റെ കതകടച്ചു.. പുറത്ത് തണുപ്പിൽ ഒരു കാവി മുണ്ട് മാത്രമുടുത്ത് പരമേശ്വരൻ നിന്നു. നെഞ്ചിൽ ആരോ ഒരു കരിങ്കല്ല് എടുത്ത് വച്ചതായും, അതേ സമയം നെഞ്ചിനുള്ളിൽ പെട്ടെന്നൊരു ശൂന്യതയും അയാൾക്ക് അനുഭവപ്പെട്ടു.
രാത്രി ആ തണുപ്പിലൂടെ നടന്നപ്പോൾ അയാൾക്ക് ശ്വാസം മുട്ടാൻ തുടങ്ങി. പത്ത് കൊല്ലം കഷായം സേവിച്ച് മാറ്റിയെടുത്ത ശ്വാസംമുട്ടൽ ഒറ്റ വാചകത്തിൽ തിരിച്ച് തന്നവൾ മറിയാമ്മ.
മറിയാമ്മയുടെ മണമാണ് കള്ളിന് . കള്ളുവീപ്പയിൽ മറിയാമ്മ കോപ്പ കൊണ്ടിളക്കുമ്പോൾ അവളുടെ കൈയിൽ നിന്ന് ലഹരി കള്ളിലേക്ക് പരക്കും. അവിടുന്ന് പരമേശ്വരന്റെ കരളിലേക്കും. കള്ള് പോലെയായിരുന്നു പരമേശ്വരന് മറിയാമ്മ.. കള്ള് തന്നെയായിരുന്നു പരമേശ്വരന് മറിയാമ്മ.. കള്ളിന്റെ നിറം, കള്ളിന്റെ മണം, കള്ളിന്റെ മത്ത്, കള്ളിന്റെ ഒഴുക്ക്, കള്ളിന്റെ നുര, കള്ളിന്റെ തിര…. പരമേശ്വരന് കരച്ചിൽ വന്നു. താടിരോമങ്ങളുടെ ആദ്യത്തിൽ അപ്രത്യക്ഷമായ കണ്ണീർ തുള്ളികൾ സമയമേറെ കഴിഞ്ഞ് താടിത്തുമ്പിൽ നിന്ന് ഇറ്റിറ്റ് വീണു.
പരമേശ്വരന് കള്ള് കുടിക്കണമെന്ന് തോന്നി. അയാൾ നേരെ കൃഷ്ണേട്ടന്റെ വീട്ടിലേക്ക് നടന്നു. കൃഷ്ണേട്ടൻ ഉറങ്ങാൻ പായ എടുത്ത് വെക്കുകയായിരുന്നു .പരമേശ്വരൻ ഒന്നും പറയാതെ അടുക്കളയിൽ കയറി അരിച്ചാക്കിൽ പൂഴ്ത്തിവച്ചിരുന്ന രണ്ട് വാറ്റിന്റെ കുപ്പി എടുത്തു.. “എന്താടാ പ്രശ്നം?” “ഓള് പോയി ” കൃഷ്ണേട്ടൻ രണ്ട് ഗ്ലാസെടുത്ത് മുന്നിൽ വച്ചു. ആരും ഒരു വാക്ക് പോലും മിണ്ടിയില്ല. അരിച്ചാക്കിൽ പൂഴ്ത്തിയ കുപ്പി കഴിഞ്ഞു.ഉറിയിൽ ഒളിപ്പിച്ച കുപ്പി തീർന്നു. കിണറ്റിൽ താഴ്ത്തിയ രണ്ട് കുപ്പി കൂടെ തീർന്നു. ” കഴിഞ്ഞു” “പോരാ …” “വാ …” കൃഷ്ണേട്ടൻ പരമേശ്വരനെയും കൂട്ടി നടന്നു. രാത്രിയുടെ നിശ്ശബ്ദതയിൽ, നനഞ്ഞ മണ്ണിന്റെ തണുപ്പിൽ, ഇളം പുല്ലിന്റെ കുത്തലിൽ, നിലാവനുവദിച്ച് തന്ന നേരിയ വെളിച്ചത്തിൽ അവർ തോട്ടിൻ കരയിലേക്ക് നടന്നു.
“അവസാനത്തേതാ… നെല്ലിക്ക …” (ഈ വാചകം നിങ്ങൾ വായിച്ച് മുഴുമിപ്പിക്കുന്ന സമയം കൊണ്ട് പരമേശ്വരൻ ആ കുപ്പിയും തീർത്തു.) വാറ്റ് ബോധത്തിന് വില പറയാൻ തുടങ്ങിയപ്പോ അബോധത്തിന്റെയും ബോധത്തിന്റെയും നേരിയ നൂൽപ്പാലം താണ്ടി മറിയാമ്മ അവനിലേക്കിറങ്ങി വന്നു. പരമേശ്വരൻ നിസ്സഹായനായ് നോക്കി നിന്നു. കുടിച്ചത് അധികമായോ എന്നാദ്യമായ് അയാൾ ശങ്കിച്ചു.
“ഇനി എങ്ങോട്ടേക്കാ?” “അറീല.. ” ” വീട്ടില് വാ.. ഇന്നാട കെടക്കാ.. ” “വേണ്ട” പരമേശ്വരൻ നടന്നു.ഇരുട്ടിന്റെ അറ്റം വരെ നടന്നു. നിശ്ശബ്ദതയുടെ അതിരുവരെ നടന്നു. തണുപ്പിന്റെ അന്ത്യം വരെ നടന്നു.മത്തിന്റെ അവസാനം വരെ നടന്നു. നടന്ന് കാലു കഴച്ചപ്പോൾ ഇരുട്ടിനെ പിളർന്ന ആദ്യത്തെ വെളിച്ചം പരമേശ്വരന്റെ കണ്ണിൽ തട്ടിത്തെറിച്ചു. കിളികൾ കലപില കൂട്ടി. മഞ്ഞു തുള്ളികൾ ഉരുകാൻ തുടങ്ങി. അയാളുടെ തലയിൽ നിന്ന് മത്ത് പതിയെ വിടവാങ്ങി. ബോധത്തിന്റെ പുതിയ കണങ്ങൾ അയാളിൽ ഉദിച്ചു.
അയാളുടെ മുന്നിൽ ലോകം വിശാലമായ് പടർന്ന് പന്തലിച്ച് പച്ചപ്പോടെ തലയുയർത്തി നിന്നു. അയാൾ ഒരു പിടി മണ്ണ് വാരിയെടുത്തു. ആ മണ്ണിന്റെ ചൂടിൽ അയാളുടെ ഉള്ളിലെ മഞ്ഞ് ഉരുകിയൊലിച്ചു. പരമേശ്വരന് എല്ലാം വ്യക്തമായി. ആ തെളിവെള്ളത്തിന്റെ ആഴത്തിൽ അയാൾ മറിയാമ്മയെ കണ്ടു. മുകളിൽ തന്റെ പ്രതിബിംബവും കണ്ടു… ബോധം..സൂര്യൻ തലക്ക് മുകളിൽ എത്തുന്നത് വരെ അയാൾ അവിടെ തന്നെ ഇരുന്നു.പിന്നെ എഴുന്നേറ്റ് പതുക്കെ ഷാപ്പിലേക്ക് നടന്നു.
മറിയാമ്മ ഷാപ്പിന്റെ മുന്നിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. പരമേശ്വരൻ. അടുത്തെത്തിയപ്പോൾ എങ്ങോട്ടെന്നില്ലാതെ അവൾ പറഞ്ഞു, ”ഇവിടെ കള്ളില്ല…” “വേണ്ട.. വെള്ളം മതി… ” അവൾ ഒന്നും മിണ്ടാതെ ഉള്ളിലേക്ക് കേറിപ്പോയി. ഒരു ഗ്ലാസിൽ വെള്ളം എടുത്തു വന്നു. ” പോരാ.. ” മറിയാമ്മ ദേഷ്യത്തിൽ ഒരു വലിയ പാത്രത്തിൽ വെള്ളം എടുത്ത് വന്ന് ശക്തിയിൽ ബെഞ്ചിൽ വച്ചു.
പരമേശ്വരൻ പാത്രം തന്റെ അടുക്കലേക്ക് നീക്കി. സമയമെടുത്ത് താടി തടവി.കണ്ണുകൾ അടച്ചു. പാത്രം പതിയെ ചുണ്ടോടടുപ്പിച്ചു. മറിയാമ്മ മേശമേലിരുന്ന് ഒളികണ്ണിട്ട് നോക്കി.പരമേശ്വരൻ ആ വെള്ളത്തിൽ പതിയെ ഊതി. തീരെ ചെറിയ തിരമാലകൾ ആ പാത്രത്തിന്റെ അരികുകളിൽ ചെന്ന് തട്ടിത്തെറിച്ചു. ആ ഓളങ്ങളോടൊപ്പം വെള്ളത്തിന്റെ നിറം മാറി. മണം മാറി. രുചി മാറി. വെള്ളം കള്ളായ് മാറി. കണ്ടു നിന്നവർ കണ്ണു തിരുമ്മി.. മറിയാമ്മ പരമേശ്വരനെ കണ്ണുചിമ്മാതെ നോക്കി. അയാൾ ഒരൊറ്റ വലിക്ക് കള്ളെല്ലാം കുടിച്ച് തീർത്തു. ചിലർ പാത്രം മണപ്പിച്ച് കള്ളു തന്നെയെന്ന് ഉറപ്പിച്ചു. ചിലർ അപ്പോൾ തന്നെ കവലയിലേക്ക് ഓടി. ചിലർ പരമേശ്വരന്റെ കാൽക്കൽ വീണു.
അയാൾ മുണ്ട് കൊണ്ട് ചിറി തുടച്ച് ഷാപ്പിന് പുറത്തേക്ക് വന്നു. പിറകെ വന്നവരെ ആട്ടിയോടിച്ചു.. നേരെ തോട്ടിൻകരയിൽ പോയിരുന്ന് ഒരു ബീഡി കത്തിച്ചു. തെളിവെള്ളം…. ശാന്തത … കാറ്റ്..
“ഏയ്… ” പിറകിൽ നിന്നൊരു വിളി.. കേട്ട് മടുക്കാത്ത വിളി.. അവളുടെ വിളി.. പരമേശ്വരൻ ചെടികൾ വകഞ്ഞു മാറ്റി തിരിഞ്ഞു നോക്കി.. അവൾ… തിരമാല പോലെ അവൾ… കൈയിൽ ഒരു കോപ്പ.. “എന്താദ് ?” “മോര്..” “എന്തിനാ? ” “കെട്ട് വിടാൻ .. ” “വിട്ടിട്ട് ?” ” വിട്ടിട്ട് വാ… വീട്ടിലേക്ക് …” “എന്തിനാ?” “കള്ള് കുടിക്കാൻ!….”
-ശുഭം-
ദേവദത്തന്‍