Aksharathalukal

°ͲHꀤЯͲY_🖤° (part 4)

 

അടുത്ത നിമിഷം ഇമ ചിമ്മുന്ന വേഗത്തിൽ ഭീകരരൂപം എന്നെ വിടുവീച്ച് അപ്രത്യക്ഷയായി..

വീണ്ടുകിട്ടിയ ജീവശ്വാസം ഞാൻ ആഞ്ഞ് വലിച്ചു.

ഈ സമയം അടുക്കളയിൽ നിന്നും മീര ഇടനാഴിയിലേക്ക് വന്നു. അവൾ അടുക്കളയിൽ ആയിരുന്നുനെന്ന് അപ്പോഴാണ് ഞാനറിയുന്നത്..

എന്റെ പരവേശം കണ്ട് അവൾ ചോദിച്ചു.

"എന്താടാ എന്താ പറ്റിയെ.. വല്ലാതെ കിതയ്ക്കുന്നല്ലോ... കണ്ണെല്ലാം ചുവന്നിരിക്കുന്നു.. "

മറുപടി പറയാൻ എനിക്ക് അൽപനേരം വേണ്ടിവന്നു.

"എനിക്ക്... എനിക്ക് പൊടി അലർജിയാണ് പെട്ടെന്ന് ചുമ വന്നു"

ഞാൻ പറഞ്ഞൊപ്പിച്ചു.

നടന്നതൊന്നും അവൾ അറിഞ്ഞുകാണില്ല. അത് നടന്നിരുന്നോ അതോ എന്റെ തോന്നൽ മാത്രമാണോ എന്നുകൂടി എനിക്ക് സംശയമുണ്ട്.എന്തുതന്നെ ആയാലും അവളോട് പറയാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നി.

ഹാളിലിരിക്കുമ്പോൾ മീര പറഞ്ഞു.

"വീട് നിറയെ പൊടി പിടിച്ചിരിക്കാണ്.. ഞാൻ ഇന്നലെയാണ് വന്നത്.നന്നായി തൂത്തുവാരാൻ ഒന്നും പറ്റിയിട്ടില്ല.. are you ok now?"

എനിക്ക് പ്രശ്നമൊന്നുമില്ലെന്നു പറഞ്ഞു.

ഞാൻ ആലോചിച്ചു. എന്തുകൊണ്ടായിരിക്കും അങ്ങനെ അനുഭവപ്പെട്ടത്? എന്നെ എന്തിനായിരിക്കും അപകടപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടാവുക? ഈ വീട്ടിൽ വെച്ച്  ഇങ്ങനെയുണ്ടാകാൻ എന്തായിരിക്കും കാരണം? എന്തെങ്കിലും സൂചന ആയിരിക്കുമോ?

ചോദ്യങ്ങൾക്കൊന്നും ഉത്തരം കണ്ടെത്താനായില്ല.

ഇന്നേരമാണ് പൂട്ടിയിട്ടിരിക്കുന്ന മുറി വീണ്ടും എന്റെ ശ്രദ്ധയാകർഷിച്ചത്.

"ആ മുറിയെന്താ പൂട്ടിയിരിക്കുന്നേ.."

മീരയോട് ചോദിച്ചു.

അവൾ കുറച്ചുനേരം നിശബ്ദതയായിരുന്നു.

"അത് എന്റെ ഏട്ടന്റെ മുറിയാണ്.."

എനിക്കതൊരു പുതിയ അറിവായിരുന്നു.

"നിനക്ക് ഏട്ടനുണ്ടോ?"

അവൾ ദുഃഖത്തോടെ തലയാട്ടി.

"ഉണ്ടായിരുന്നു, ഏട്ടനെ..ഏട്ടനെ കഴിഞ്ഞ നാലഞ്ച് മാസമായി കാണാനില്ല..!!"

                              ***

സൂര്യപ്രകാശം മാഞ്ഞ് അവ്യക്തമായ ഇരുട്ടിന്റെ തിരശ്ശീല വീണു കഴിഞ്ഞു. ഇരുളിനോടൊപ്പം മഞ്ഞു പരക്കുന്നതു കാരണം തണുപ്പ് വർദ്ധിച്ചു വന്നു കൊണ്ടിരുന്നു.

രാത്രി കിടക്കുമ്പോൾ മീര പറഞ്ഞതെല്ലാം ഓർക്കുകയായിരുന്നു..

ജനനത്തോടെ മീരയ്ക്ക് അമ്മയെ നഷ്ടപ്പെട്ടു പത്തുവയസ്സുള്ളപ്പോൾ അച്ഛനെയും.. പിന്നീട് മീരയെ വളർത്തിയത് ഏട്ടനാണ്.

ഏട്ടന് ഒരുപാട് പഠിക്കാൻ ഒന്നും കഴിഞ്ഞിട്ടില്ല, ചെറിയ ചെറിയ തൊഴിൽ ചെയ്തു കിട്ടുന്ന തുക കൊണ്ടാണ് മീരയെ പഠിപ്പിച്ച് ജോലി ആക്കിയത്.

മീരയ്ക്ക് ജോലി ലഭിച്ച് യൂ എസിൽ പോയ അതേ സമയത്താണ് വിദേശത്ത് പോകാനുള്ള വിസയും ഏട്ടന് ശരിയായി കിട്ടിയത്.

എന്നാൽ ഏട്ടൻ വിദേശത്ത് പോയിട്ടില്ലെന്നു മീര പറയുന്നു.. പാസ്പോർട്ടും വിസയും ഒക്കെ വീട്ടിൽ തന്നെയാണ് ഉള്ളത്.

നാട്ടിൽ വന്ന് മീര പോലീസിൽ പരാതിപ്പെട്ടെങ്കിലും ഇതുവരെ അവർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലത്രേ..!!

മീരയുടെ ഏട്ടന് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക??

അവളുടെ വീട്ടിൽ വെച്ച് എനിക്കങ്ങനെ അനുഭവപ്പെട്ടതിനെ പിന്നിൽ എന്തോ ഒരു കാരണമുണ്ട്..

എല്ലാം കാര്യങ്ങളും കൂടി ചൂണ്ടുന്നത് ഒരു ഒറ്റ പോയിന്റിലേയ്ക്ക് ആയിരിക്കുമോ?

ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കായി ഒരുപാട് ചിന്തിച്ച ശേഷം എപ്പോഴോ മയങ്ങി.

കോണിപ്പടികളും ഇടനാഴികളും കടന്നു ബൾബിന്റെ ശക്തിയിൽ പ്രകാശമാനമായ ഒരു മുറിയിൽ ഞാനെത്തി.

ഒരു സ്ത്രീ നിലത്ത് കമിഴ്ന്നു കിടക്കുന്നു.. അവർ തലയുയർത്തി എന്നെ നോക്കി.. അവരുടെ കണ്ണുകളിലെ ദയനീയമായ ഭയവിഹ്വലത ഞാൻ ശ്രദ്ധിച്ചു.

അവരുടെ നെറ്റ് പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു... സഹായത്തിനെന്നോണം എനിക്ക് നേരെ അവർ കൈകൾ നീട്ടി..

അടുത്ത നിമിഷം ഒരു കറുത്ത ഹൂഡി ധരിച്ച ഒരാൾ വന്ന് ആ സ്ത്രീയുടെ തലയ്ക്ക് ഇരുമ്പുദണ്ഡ് കൊണ്ടു ശക്തിയായി അടിച്ചു..

ഇരുമ്പുദണ്ഡിന്റെ  ഉച്ചത്തിലുള്ള ശബ്ദത്തിൽ ആ സ്ത്രീയുടെ നിലവിളി എനിക്ക് കേൾക്കാനായില്ല..

നിലത്തേയ്ക്ക് ചായുന്നതിനൊപ്പം അവരുടെ കണ്ണുകൾ അടഞ്ഞു വന്നു. അപ്പോഴും സഹായത്തിനായി നീട്ടിയ അവരുടെ കൈകൾ എനിക്ക് നേരെ കിടന്നിരുന്നു..

ഇരുമ്പുദണ്ഡ് പിടിച്ചു നിൽക്കുന്നയാളുടെ മുഖത്തേയ്ക്ക് നോക്കുമ്പോഴേക്കും എന്റെ കണ്ണുകൾ അവ്യക്തമാകാൻ തുടങ്ങി.. കണ്ണുകളിലേയ്ക്ക് ഇരുട്ട് പടർന്നു കയറി.

ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റു.. കണ്ണുതുറന്ന്, തപ്പിപ്പിടിച്ച് ഞാൻ ലൈറ്റ് ഓണാക്കി.

ഞാൻ ചെറിയ തോതിൽ കിതച്ചിരുന്നു.. നെറ്റിയിലെ വിയർപ്പുതുടച്ചു കൊണ്ട് ഓർത്തു.

ഹോ എന്തൊരു സ്വപ്നമാണ്..!

കറുത്ത ഹൂഡി ധരിച്ചയാൾ ആരായിരിക്കും?
ആ സ്ത്രീ.. അവരെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ..

അതെ, അത് ആ സ്ത്രീ തന്നെയാണ്.. മീരയുടെ വീട്ടിൽ നിന്നും ജനലിലൂടെ പുറത്തു കണ്ട സ്ത്രീ!

അതേ കണ്ണുകൾ, വലിയ നെറ്റി, രോമ നിബിഡമായ കറുത്തപുരികകൾ.. എനിക്കുറപ്പുണ്ട് അവരെ തന്നെയാണ്  ഞാൻ സ്വപ്നത്തിൽ കണ്ടത്..!!

ഈ സമയം എന്നെ ഞെട്ടിച്ചു കൊണ്ട് വേദനയോടെ മോങ്ങുന്ന ഒരു  നായയുടെ ശബ്ദം മുഴങ്ങി കേട്ടു.. തുടർന്ന് മറ്റൊരു നായയുടെ കൂടി ശബ്ദം.. ക്രമേണേ വർദ്ധിച്ചു വർദ്ധിച്ചു വന്നു.. നാലുപാടിൽ നിന്നും നായക്കളുടെ മോങ്ങൽ കേൾക്കാൻ തുടങ്ങി..

ഞാൻ ചെവി കൊട്ടിയടച്ചു...എനിക്കു പേടിയായി, മീരയുടെ വീട്ടിൽ വെച്ചുണ്ടായതു പോലെ എനിക്ക് നേരെ ആക്രമണം ഉണ്ടാവുമോയെന്നു ഭയന്നു...

പെട്ടെന്ന് എല്ലാ നായക്കളുടെ ശബ്ദവും നിന്നു.. ചുറ്റും നിശബ്ദത മാത്രം..

കുറച്ചുനേരം നിരാശതയുടെ അത്യഗാധഗർത്തിലായിരുന്നു ഞാൻ..

എന്നോട് തന്നെ ഞാൻ ചോദിച്ചു.

ഈ സ്വപ്നം കാണാൻ കാരണം??

 

°°കാത്തിരിക്കണേ..°°