Aksharathalukal

കാഴ്ച

നമ്മൾ മരിക്കുന്നതിനു മുൻപ് ആരുടെക്കെയോ സ്വപ്നങ്ങളിൽ വരുമെന്ന് പറയുന്നത് സത്യമാണോ....?
.
.
മഴ തകർത്ത് പെയ്യുന്ന രാത്രി. 
പ്രകൃതി കലിപൂണ്ടിരിക്കുന്നു. 
ആദി ഉറക്കമാണ്.
കുറച്ചു നാളുകളായി ദുഃസ്വപ്നത്തിന്റെ രാത്രികളാണ് ആദിക്ക്.
തന്റെ ഉറക്കം കെടുത്തുന്ന സ്വപ്നത്തിന്റെ ബാക്കിയെന്നോണം ഫോണുകൾ നിർത്താതെ നിലവിളിക്കുന്നു.
പെരുമഴയിലും ആദി വിയർത്തു കുളിച്ച് ഉണർന്നു.
തന്റെ സുഹൃത്ത് ഹരി മരിച്ചിരിക്കുന്നു. 
ഫോൺ എടുത്തു നോക്കിയ ആദി പേടികൊണ്ട് വിറങ്ങലിച്ചു.
 ഹരി മരിച്ചിരിക്കുന്നു...
(സുഹൃത്തിന്റെ മെസേജ്).
അവൻ ഒരു നിമിഷം നിശബ്ദനായി. 
എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആവുന്നില്ല.
അവനെങ്ങനെ മരിക്കാനാകും ഇന്നലെ കൂടി ഞങ്ങൾ കണ്ടതാണ്. അവനോർത്തു..
ഈ ബിസിനസ്സ് പൊട്ടിയാലെന്താ നമ്മൾ അടുത്തതിൽ രക്ഷപ്പെടും എന്ന് പറഞ്ഞ് പോയവനാണ്.
തെല്ലും വിറയലോടെ അവൻ ഫോൺ എടുത്ത്
അവസാനം വന്ന നമ്പറിലേക്ക് തിരിച്ചു വിളിച്ചു. 
മനു നീ പറഞ്ഞത് സത്യമാണോ..? 
നമ്മുടെ ഹരി....
നീ കളി പറയുന്നതല്ലല്ലോ.. 
ഞാൻ എന്തിന് നുണ പറയണം ഇന്നലെ രാത്രി വൈകിയാ ഹരി വീട്ടിൽ വന്നത് രാവിലെ അവന്റെ അമ്മ നോക്കിയപ്പോ ഫാനിൽ....
മനുവിന്റെ ശബ്ദം ഇടറി അവൻ കോൾ കട്ട് ചെയ്തു.
 അവൻ പറഞ്ഞതും ശരിയാണ് അവനെന്തിന് കളളം പറയണം അവന്റെയും ചങ്ങാതി അല്ലേ. 
കഴിഞ്ഞു പോയ നാളുകളിൽ ഒരു ദുഃസ്വപ്നം പോലെ എന്നെ വിടാതെ കൂടിയതാണ് ഹരിയുടെ മരണം.
ഹരിയോട് പറഞ്ഞെങ്കിലും അവനത് വല്ല്യ കാര്യമാക്കിയില്ല.
 ചില സമയങ്ങളിൽ ഞാനും. 
ചെറിയമ്മയുടെ മരണവും കണ്ണിൽ നിന്ന് മായാതെ നിൽക്കുന്നു.
എന്റെ തോന്നലുകൾ ശരിയാണ്. എനിക്ക് മാത്രമെന്താ ഇങ്ങനെ.
അവൻ മനസ്സിലോർത്തു.
കൈയ്യിൽ ഇരുന്ന സിഗരറ്റ് പുകച്ചുകൊണ്ട് ഇരമ്പി വരുന്ന കടൽ തിരയോളം കണ്ണീർ ഒതുക്കി അവൻ ഓരോ പുകയും എടുത്തു. ഇടിവെട്ടി പെയ്യുന്ന മഴയിലും ശരീരം ചുട്ടുപൊള്ളുന്നു,വേർത്തോലിക്കുന്നു. അത് പേടി കൊണ്ടാണ്.
ഇതെല്ലാം തന്റെ ദുഃസ്വപ്നം ആകണമെന്ന്
മനസ്സിലോർത്ത് അവിടെ നിന്ന് ഇറങ്ങി.
മഴ പെയ്തു തോർന്ന മരണവീട്ടിൽ നിലക്കാത്ത തേങ്ങൽ ഇങ്ങ് ഇടവഴി വരെ മുഴങ്ങുന്നുണ്ടായിരുന്നു.
അനാഥനായ എനിക്ക് ഒരു താങ്ങായി നിന്നവൻ. കുരുക്കേറിയ ജീവിതം കെട്ടഴിച്ച് വിട്ടത് ഹരിയാണ്.
ആ കൂടെപിറപ്പാണ് ചലനമറ്റ ശരീരത്തോടെ
വീടിന്റെ ഉമ്മറത്ത് കിടക്കുന്നത്. അവസാനമായി ഒന്ന് കാണണമെന്നുണ്ട് കൂടെ പിറപ്പുകളുടെയും ബന്ധുക്കളുടെയും കരച്ചില്‍ കാതുകളിലേക്ക് തുളച്ചു കയറുന്നു.
എരിഞ്ഞു തീരുന്ന ചന്ദനതിരിയുടെ ഗന്ധം എന്നെ വേറൊരു ലോകത്ത് എത്തിക്കുന്നു. ഞാൻ മാത്രമുളള ഒരു ഇരുണ്ട ലോകത്ത്.
കൂടുതൽ ശക്തിയാർജിച്ച് അവൻ ഇടവഴിയിൽ നിന്നും വീട്ടിലേക്ക് നീങ്ങവെ ആരോ പുറകിൽ നിന്ന് പിടിച്ച് നിർത്തുന്നതു പോലെ അവനു തോന്നി.
അത് വേറാരുമല്ല.. അവൻ വളർന്നതിനോടൊപ്പം അവന്റെ കൂടെ കൂടിയ പേടി.
പണ്ട് ഔസേപ്പ് ചേട്ടന്റെ അടക്കിന് ബോധം പോയി നിലത്തു കിടന്നതാണ്.
ഔസേപ്പ് ചേട്ടന്റെ ആത്മാവ് കയറിയതാണെന്ന് ഒക്കെ ചിലർ. ആളുകളുടെ ദയനീയ നോട്ടവും
സുഹൃത്തുക്കളുടെ കളിയാക്കലുകളും മനസ്സിനെ തളർത്തിയിരുന്നു.
പിന്നെ ഒരോ മരണവീട്ടിലും ഇതൊരു തുടർ കഥയായി.
അന്ന് തുടങ്ങിയ പേടിയാണ്. 
പിന്നീട് അതിൽ നിന്നൊക്കെ മനപുർവ്വം ഓടിയോളിച്ചു.
ശാന്തമായ ഉമ്മറ കോലായിൽ തേങ്ങലുകൾ മുഴങ്ങി. വെളള തുണിയാൽ മുഖം മറച്ച് ചിതയിൽ അവസാന വിറകും വെച്ചിരുന്നു.
നാലു പാടും കത്തി അമർന്ന തീ കൂടുതൽ ശക്തിയാർജിച്ചു. 
ഒരു മഴക്ക് സൂചന നൽകി തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. 
ആ കാറ്റിൽ, അരികിൽ എരിഞ്ഞു കൊണ്ടിരുന്ന ചന്ദനതിരിയുടെ ഗന്ധം അങ്ങ് ഇടവഴി വരെ പരന്നു..
ആ ഗന്ധത്തിൽ ആദിയെ അവന്റെ പഴയ ഓർമകളിലേക്ക് കൊണ്ട് ചെന്നു. ഹരിയുമൊത്തുളള സന്തോഷത്തിന്റെയും സങ്കടങ്ങളുടെയും നാളുകൾ മനസ്സിൽ മിന്നി മറഞ്ഞു. അവന്റെ കണ്ണുകളിലേക്ക് ഇരുട്ട് കയറി കാഴ്ച മറച്ചിരിക്കുന്നു. ഹ്യദയമിടിപ്പ് കൂടി കൂടി വന്നു. ശരീരം ചുട്ട് പൊള്ളുന്നു. 
ആ ഇടവഴിയിൽ ബോധം നഷ്ടപ്പെട്ട് നടപാതയിലേക്ക് അവൻ വീണതും പെട്ടെന്ന് ഒരാൾ അവനെ താങ്ങി നിർത്തി.
ആകാശം ഇരുണ്ട് മൂടി. 
മഴ ശക്തിയിൽ നിലത്ത് പതിച്ചു.
ആ മഴയിൽ ആദിയും ഹരിയും അവരുടെ പ്രശ്നങ്ങൾ ഒഴുകി പോയ സന്തോഷത്തിൽ നടന്നു നീങ്ങി..!