Aksharathalukal

നിന്നിലേക്ക് വീണ്ടും...ഭാഗം 02

ഞാൻ വീട്ടിലെത്തുമ്പോഴേക്കും മക്കൾ എത്തിയിരുന്നു. ബസ് നേരത്തെ വരും. ഞാൻ വരുന്നത് വരെ അവർ മഹിയുടെ തറവാട്ടിൽ നിൽക്കും. ഇവിടെ അടുത്ത് തന്നെയാണ്. ഞാൻ വരുന്ന സമയത്ത് അവരെ അമ്മ ഇവിടെ കൊണ്ടുവന്നാക്കും. എക്സ്ട്രാ ക്ലാസ്സ് ഒക്കെ ഉള്ള ദിവസം ഞാൻ എത്തുമ്പോൾ ഒരുപാട് വൈകും. ഇതാകുമ്പോൾ എനിക്കും ടെൻഷൻ ഇല്ല , കൊച്ചു മക്കളെ കാണാനേ കിട്ടുന്നില്ല എന്നുള്ള അമ്മയുടെ വിഷമവും മാറും.

"മഹി  എത്തിയില്ലേ?". 

"ഇല്ലമ്മ, വൈകുമെന്ന് പറഞ്ഞിരുന്നു."

"ഉം" . 

പുള്ളിക്കാരിയും മഹിയെപ്പോലെയാണ്. സംസാരം ഇത്രയൊക്കെയേ ഉള്ളൂ. ഞങ്ങൾ തമ്മിൽ അത്ര സൗഹാർദപരം ഒന്നുമല്ല. കല്യാണം കഴിഞ്ഞ സമയത്തൊക്കെ മാറുമെന്ന് കരുതി. പക്ഷേ ഇപ്പോഴും എന്തോ ഒരു മിസ്സിംങ് ഉണ്ട് ഞങ്ങൾക്കിടയിൽ. അമ്മക്ക് എന്നോട് അടുക്കാൻ എന്തോ ഒരു മടി പോലെയാ. ഞാനും മഹിയും തമ്മിൽ ഇതിൻ്റെ പേരിലാണ് ഏറ്റവും കൂടുതൽ വഴക്ക് ഇട്ടിട്ടുള്ളത്. മഹിയുടെ അഭിപ്രായത്തിൽ ഞാനാണ് അമ്മയോട് ഒരു അകലമിട്ട് നിൽക്കുന്നത്. ഒരു പരിധി വരെ അത് ശരിയാണ് താനും. അമ്മായിയമ്മ പോരോന്നും ഇല്ല. ഈ ഒരു ഗൗരവം മാത്രേ ഒള്ളൂ. എങ്കിലും എന്തോ ഒരു അകലം. മഹിയുടെ വീട്ടിൽ പെൺകുട്ടികളില്ല. രണ്ട് ആൺമക്കളാണ്. ചേട്ടനും ഭാര്യയും ദുബായിൽ സെറ്റിൽഡ് ആണ് . പക്ഷേ അതിൻ്റെ ഒരു അടുപ്പം ഒന്നും അമ്മ എന്നോട് കാണിച്ചിട്ടില്ല. അച്ഛൻ പക്ഷേ അങ്ങനെയല്ല . ചേട്ടത്തി വീട്ടിലില്ലായിരുന്നത് കൊണ്ട് പെൺമക്കളില്ലാത്തതിന്റെ കുറവ് അച്ഛൻ നികത്തിയത് എന്നിലൂടെയാണ്. ഗർഭിണി ആയിരുന്നപ്പോഴൊക്കെ എന്റെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് ഓരോന്ന് വാങ്ങിത്തരാൻ ഓടി നടന്ന അച്ഛനിൽ ഞാൻ കണ്ടത് എന്റെ ഒൻപതാം വയസ്സിൽ നഷ്ടപ്പെട്ട എന്റെ അച്ഛനെ തന്നെയായിരുന്നു. അമ്മയോട് ഞാനും ഇത്തിരി ജാഡയിട്ട് നിന്നു ആദ്യമൊക്കെ . പക്ഷേ അത് ഇത്രേം വർഷം നീണ്ടു പോകുമെന്ന് ഞാനും കരുതിയില്ല. ഇനി..... ഇനിയിപ്പോ എന്തു ചെയ്യാനാ?
എങ്കിലും എന്നും വൈകുന്നേരം മക്കളെ കൊണ്ടുവിടുമ്പോൾ അവരുടെ കൈയിൽ എന്തെങ്കിലും ഒരു പലഹാരവും കാണും. അമ്മ ഉണ്ടാക്കി  എനിക്കും മഹിക്കും വേണ്ടി കൊടുത്തു വിടുന്നതാണ്. ഏറ്റവും രസം എന്താണെന്ന് വെച്ചാൽ അതിൽ കൂടുതലും എൻ്റെ ഇഷ്ട വിഭവങ്ങൾ ആയിരിക്കും. നേരിട്ട് തരുകയൊന്നും ചെയ്യില്ല. മോൻ്റെ ബാഗിൽ വെച്ചു കൊടുത്തു വിടും. ചില ദിവസങ്ങളിൽ അമ്മ നിൽക്കുമ്പോൾ തന്നെ ഞാൻ മനപ്പൂർവം ആ പൊതി തുറന്നു കഴിക്കാറുണ്ട് , വെളിയിൽ വെച്ച് തന്നെ. ചുമ്മാ  അമ്മയുടെ മുഖഭാവം കാണാൻ. ഗൗരവത്തോടെ മുഖവും കൂർപ്പിച്ചു നിൽക്കുന്ന കണ്ടാൽ പുള്ളിക്കാരി ഉണ്ടാക്കി തന്നതാണ് ഞാൻ കഴിക്കുന്നതെന്നേ തോന്നില്ല. 
.................................................

കാർ പാർക്ക് ചെയ്തു കയറുമ്പോഴേ കേൾക്കാം മോൾടേം പ്രിയേടേo ശബ്ദം. ഈ അങ്കം എന്നും ഉള്ളത് തന്നെ.. 

"പപ്പ ഈ ഹോംവർക്ക് ഞാൻ നാളെ രാവിലെ ചെയ്തോളാന്ന് പറ അമ്മയോട് പ്ലീസ്."

എന്നെ കണ്ടതും ഓടി വന്നു കാലിൽ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.ഞാൻ ചിരിയോടെ അവളെ പൊക്കിയെടുത്തു. മോൻ അടുത്ത് ഇരിപ്പുണ്ട്. അവൻ ഭയങ്കര സൈലന്റാണ്. പഠിത്തത്തിലൊക്കെ എക്സ്ട്രാ  പെർഫക്ട് ആണ്. ആരും ഒന്നും പറഞ്ഞു ചെയ്യിക്കേണ്ടി വരാറില്ല. അതിനും കൂടി ഒണ്ട് ഈ കാന്താരി.

"അയ്യോ രാവിലെ പപ്പേടെ പൊന്ന് എണീക്കാൻ വൈകും. ഹോംവർക്ക് ചെയ്യാതെ ചെന്നാൽ ടീച്ചർ അടിയും തരും. അത് വേണോ അതോ ഇപ്പൊ എഴുതുന്നോ" ? 

അടി പുള്ളിക്കാരിക്ക് ഭയങ്കര പേടിയാണ്. എൻ്റെ ഡയലോഗ് ഏറ്റ പോലുണ്ട്. എന്തോ ഭയങ്കര ആലോചന. 

"വേണ്ട പപ്പ .  ഞാൻ ഇപ്പോ എഴുതിക്കോളാം." 

"അതാണ്. മ ഗുഡ് ഗേൾ. "

അവളെ നെഞ്ചോട് ചേർത്ത് കവിളിൽ  ഉമ്മ കൊടുക്കുമ്പോഴാണ് ഞങ്ങളെ തന്നെ നോക്കിയിരിക്കുന്ന പ്രിയയെ കാണുന്നത്. ഒരു നിമിഷം കണ്ണുകൾ തമ്മിലൊന്നുടക്കി.മോളെ താഴെ നിർത്തി ഞാൻ മുറിയിലേക്ക് നടന്നു. എവിടൊക്കെയോ ഒരു നഷ്ടബോധം. 
മക്കളെ പഠിപ്പിക്കുന്നതൊക്കെ പ്രിയയുടെ ഏരിയ ആണ്. ഞാൻ ശ്രദ്‌ധിക്കാറേയില്ല. ഇടക്കിടക്ക് പൊട്ടലും ചീറ്റലും കേൾക്കുമ്പോൾ മാത്രം ഒന്ന് ചെല്ലും. അതും മക്കളെ സപ്പോർട്ട് ചെയ്യാൻ വേണ്ടി മാത്രം. ഞാനും കൂടി അവരുടെ പക്ഷം ചേർന്ന് കഴിഞ്ഞാൽ പിന്നെ പ്രിയ ശബ്ദിക്കാറില്ല. പലപ്പോഴും അത് എന്ത് കൊണ്ടാണെന്ന് ഞാൻ ചിന്തിക്കാറുണ്ട്. അത്ര നേരം ബഹളം വെച്ചും വഴക്ക് പറഞ്ഞും അവരെ പഠിപ്പിച്ചു കൊണ്ടിരുന്ന ആളു പിന്നെ മിണ്ടാതിരിക്കും. 

..............................................

മോളെ നെഞ്ചോട് ചേർത്ത് കൊഞ്ചിക്കുന്ന മഹി... കണ്ണിൽ അത് മാത്രം നിറഞ്ഞു നിൽക്കുന്നു. നിനക്കെന്താണ് പ്രിയ? ആദ്യമായിട്ടാണോ നീ മഹി മോളെ കൊഞ്ചിക്കുന്നത്  കാണുന്നത്.? മക്കളെ രണ്ടു പേരെയും മഹിക്ക് ജീവനാണ്. മഹി നല്ലൊരു അച്ഛനാണ്  - ദ് ബെസ്റ്റ് - അവർക്ക് രണ്ടു പേർക്കും. ഈ ഏഴു വയസ്സിലും നന്ദു അവൻ്റെ എല്ലാ കാര്യങ്ങളും മഹിയുമായി ഷെയർ ചെയ്യും. കൂട്ടുകാരെ പോലെയാണ്. ഞാനും അങ്ങനെ തന്നെ ആയിരുന്നു. പരസ്പരം പറയാത്തതായി ഒന്നും ഉണ്ടായിരുന്നില്ല. എപ്പോഴാണ് ഒക്കെയും മാറിയത്....
ഇപ്പൊ എന്നെ നോക്കിയ ആ കണ്ണുകളിൽ ഞാൻ കണ്ടത് പഴയ മഹിയെ അല്ലേ? ഒരു നിമിഷം , ഒരൊറ്റ നിമിഷം കൊണ്ട് അത് മായുകയും ചെയ്തു. എങ്കിലും പെട്ടെന്നോർമ്മ വന്നത് ഞാൻ നന്ദുവിനെ പ്രസവിച്ചു കിടന്ന സമയമാണ്. ഒരു രാത്രി അവനെ ഉറക്കുന്നതിനിടയിൽ "നിനക്കിപ്പോ സ്നേഹം മുഴുവൻ അവനോടാണെ"ന്ന് പറഞ്ഞ് ഒരു കൊച്ചുകുഞ്ഞിന്റെ പരിഭവത്തോടെ എന്റെ മാറിൽ മുഖം പൂഴ്ത്തി ഉറങ്ങിയ എന്റെ മഹി ....

മോളെ ഉറക്കി ഞാനും ആഹാരം കഴിക്കാൻ ചെന്നിരുന്നു. ഞാനും മഹിയും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് രാത്രിയിൽ മാത്രമാണ്.അതും നിശബ്ദമായി.
മുകളിൽ ഫാൻ കറങ്ങുന്ന ശബ്ദം മാത്രം കേൾക്കാം. എനിക്കെന്തോ വല്ലാത്ത അസ്വസ്ഥത തോന്നി. ഈ നിശബ്ദത എനിക്കെന്നും ഭയമാണ്. എത്ര കൊടും തണുപ്പിലും ഫാൻ മുഴുവൻ വേഗതയിലും ഇടുന്നതും വീട്ടിൽ ഒറ്റക്കുള്ളപ്പോൾ ഉച്ചത്തിൽ പാട്ട് വെക്കുന്നതും ഒക്കെ ഈ നിശബ്ദതയെ ഭയന്നിട്ടാണ്. എൻ്റെ അച്ഛന് എൻ്റെ ആ പേടി അറിയാമായിരുന്നു . തണുപ്പത്ത് ഫാൻ ഇടുന്നതിനു അമ്മ വഴക്ക് പറയുമ്പോഴും അച്ഛൻ എനിക്കൊപ്പം നിൽക്കുമായിരുന്നു , അവൾക്ക് പേടിയായിട്ടല്ലെ എന്ന് ചോദിച്ചു കൊണ്ട്.
മഹിക്കും അറിയാമായിരുന്നു പണ്ട്. ഇപ്പൊ...... മറന്നിട്ടുണ്ടാവും. 
എൻ്റെ ഇഷ്ടങ്ങൾ മഹിയോ തിരിച്ചു ഞാനോ ഓർക്കാതായിട്ട് നാളുകളായി.

കഴിക്കുന്നതിനിടയിലും ഞാൻ ഓർത്തത് ഞങ്ങളുടെ വിവാഹം കഴിഞ്ഞ ആദ്യ നാളുകളാണ്. ഭക്ഷണം കഴിക്കുമ്പോൾ എങ്കിലും വാ അടച്ചു വെച്ച് ഇരിക്കെന്നും പറഞ്ഞു അമ്മ എത്രയോ വെട്ടം ഞങ്ങളെ വഴക്ക് പറഞ്ഞിരിക്കുന്നു. ജാള്യതയോടെ ചിരിച്ചു മിണ്ടാതിരിക്കുമ്പോഴും മേശക്കടിയിലൂടെ ആ കാലുകൾ എന്നെ തേടി എത്താറുണ്ടായിരുന്നു . എത്രയോ രാത്രികളിൽ ഉറങ്ങാതെ വെളുക്കുവോളം സംസാരിച്ചു ഇരുന്നിരുന്നു. രണ്ടു പേരും ജോലിക്ക് പോയാലും കിട്ടുന്ന ഇടവേളകളിലെല്ലാം  ഫോൺവിളിയോ മെസ്സേജോ ഉണ്ടായിരുന്നു. സ്കൂളിൽ കൂടെയുള്ള അധ്യാപകരുടെ എത്രയോ കളിയാക്കലുകൾ ഞാൻ കേട്ടിരിക്കുന്നു.

അതേ ഞങ്ങൾക്ക് ഇന്ന് പരസ്പരം സംസാരിക്കാൻ ഒന്നുമില്ല. അല്ല! ഒന്നുമില്ലെന്ന് പറയാൻ ആവില്ല. എന്തൊക്കെയോ ഉണ്ട് . മഹിയോടു സംസാരിക്കാൻ , അഭിപ്രായം ചോദിക്കാൻ , പറഞ്ഞു പൊട്ടിച്ചിരിക്കാൻ ,പരിഭവം പറയാൻ, ദേഷ്യപ്പെടാൻ ഒക്കെയും ..... പക്ഷേ പറയാൻ കഴിയുന്നില്ല. അടുത്തടുത്ത കസേരകളിൽ ഇരിക്കുമ്പോഴും ഞങ്ങൾക്കിടയിൽ അദൃശ്യമായ എന്തൊക്കെയോ തടസ്സങ്ങൾ.

എന്നെയൊന്നു നോക്കുന്നു കൂടിയില്ല. പ്ലേറ്റിലേക്ക് തന്നെ നോക്കി കഴിക്കുന്നു. നോട്ടം കണ്ടാൽ തോന്നും ഇങ്ങേരുടെ പ്ലേറ്റിൽ നിന്ന് ഞാൻ എന്തെങ്കിലും എടുത്തോണ്ട് ഓടുമെന്ന്.

പക്ഷേ മഹി അറിയാതെ ഇങ്ങനെ നോക്കിയിരിക്കാൻ ഒരു രസമൊക്കെ ഉണ്ട്. പ്രായം കൂടുമ്പോൾ ഇങ്ങേർക്ക് ഗ്ലാമറും കൂടുന്നുണ്ടോ? 
അയ്യേ , സ്വന്തം ഭർത്താവിനെ വയിനോക്കാൻ നാണമില്ലേ പ്രിയ ? ഞാൻ തന്നെ എൻ്റെ തലക്കിട്ട് കൊട്ടി. നോക്കിയപ്പോ മഹി എന്നെ നോക്കി ഇരിക്കുന്നു. ഞാൻ നോക്കിയത് കണ്ടിട്ടുണ്ടാകുമോ?

" എന്താ? " 

ചോദ്യത്തിന് എന്തിനാ ഇത്ര കനം ?

" എന്ത്?"

" എന്തിനാ ഒറ്റക്ക് ചിരിക്കുന്നെ?"

ഓ ..എല്ലാം കണ്ടു. 

" ഒന്നുവില്ല. വെറുതെ."

ഒന്ന് മൂളിയിട്ട് എഴുന്നേറ്റു പോയി കൈ കഴുകി. തിരികെ നടന്നപ്പോൾ എന്നെ ഒന്ന്  നോക്കിയോ? ആ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നോ?  അറിയില്ല. തോന്നിയതാകും.

ബെഡ്റൂമിൽ പോലും ഞങ്ങൾക്കിടയിൽ ഇതേ അകലമാണ്. മോൾ എന്നും മഹിയുടെ നെഞ്ചിൽ ആണ് ഉറക്കം. ഒരു കൈയിൽ മോനും കാണും. എനിക്ക് കൊതി തോന്നാറുണ്ട് അങ്ങനെ ചേർന്ന് കിടക്കാൻ. പക്ഷേ നടക്കാറില്ലെന്ന് മാത്രം. ചില സമയങ്ങളിൽ അവർക്കിടയിൽ ഞാനൊരു അധികപ്പറ്റാണ്. അവർ അച്ഛനും മക്കളും മാത്രമുള്ളൊരു ലോകത്ത് ... ഒട്ടും സഹിക്കാൻ കഴിയാതെ വരുമ്പോൾ ആ ലോകത്തേക്ക് ഇടിച്ചു കയറി ചെല്ലാൻ തോന്നും. പിന്നെയും വേണ്ടെന്ന് വെക്കും.



തുടരും...

// സാരംഗി//


© copyright protected


നിന്നിലേക്ക് വീണ്ടും...ഭാഗം 03

നിന്നിലേക്ക് വീണ്ടും...ഭാഗം 03

4.5
3130

"നീയും പ്രിയയും തമ്മിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?" നിജോയാണ്. ഞാൻ എന്ത് മറുപടി പറയാൻ! ഞങ്ങൾക്കിടയിലെ പ്രശ്നം എന്താണെന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല.  " നീ എന്താ അങ്ങനെ ചോദിച്ചത്?" " നിങ്ങളെ ഞാൻ ഇന്നോ ഇന്നലെയോ അല്ലല്ലോ കാണാൻ തുടങ്ങിയത്. കുറേ നാളായി ചോദിക്കണമെന്ന് കരുതുന്നു. ആദ്യം എന്തെങ്കിലും ചെറിയ പിണക്കം ആകുമെന്ന് കരുതി. ബട്ട് നൗ ഇറ്റ് സീംസ് സംതിങ് സീരിയസ്." "പ്രശ്നം എന്നു പറയാൻ ഒരു സ്പെസിഫിക് റീസൺ ഒന്നും ഇല്ലെടാ.. പുറത്ത് നിന്ന് നോക്കുന്നവർക്ക് വി ആർ ഓക്കെ. പക്ഷേ ഞങ്ങൾ രണ്ടും ശരിക്കും രണ്ടു ധ്രുവങ്ങളിലാണ്. കുറച്ചു നാളുകളായി. ടു ബി മോർ പ്