വൈകേന്ദ്രം Chapter 51
“മോളെ, അത് വിട്... ഏട്ടത്തി നോക്കിക്കോളാം എല്ലാം...”
ലച്ചുവിനോട് അത് പറഞ്ഞ ശേഷം അവൾ രുദ്രനു നേരെ തിരിഞ്ഞു.
“അച്ഛാ പ്ലീസ്...”
വൈഗ പറഞ്ഞു.
രുദ്രൻ വൈഗയെ ഒന്നു നോക്കിയ ശേഷം ആ പേപ്പറുകൾ എടുത്ത് സൈൻ ചെയ്തു.
വൈഗ ആ പേപ്പറുകൾ കൈയിലെടുത്ത് മാനവിനോട് പറഞ്ഞു.
“അച്ഛൻ സൈൻ ചെയ്തിട്ടുണ്ട്. ഇനി മാനവിന് നിൻറെ കണ്ടീഷൻ പറയാം.”
അതുകേട്ട് മാനവ് പറഞ്ഞു.
“It's quite simple. രുദ്രന് തനിച്ച് തിരിച്ച് പോകാം. ലച്ചുവിൻറെ വിവാഹം മാർട്ടിനൊപ്പം ഇപ്പോൾ ഇവിടെ നടക്കും. പിന്നെ വൈഗ ലക്ഷ്മി എന്ന നീ... ഇനിയുള്ള കാലം എൻറെ ഒപ്പം… എൻറെ മാത്രമായി... എനിക്ക് മാത്രമായി... എൻറെ കൂടെ… എൻറെ ചൂടറിഞ്ഞു ജീവിക്കും.”
അത് കേട്ട് ലച്ചു പറഞ്ഞു.
“ഞാൻ പറഞ്ഞതല്ലേ ഏട്ടത്തി, അവനെ വിശ്വസിക്കരുതെന്ന്. ഇപ്പോ എന്തായി? ഇനി നമ്മൾ എന്ത് ചെയ്യും?”
ആ സമയം മിഥുൻ വൈഗയിൽ നിന്നും ഫയൽ പിടിച്ചെടുത്തു. അത് വക്കീലിനെ ഏൽപ്പിച്ചു. വക്കീൽ ആ പേപ്പറുമായി പോകുന്നത് രുദ്രനും വൈഗയും ലച്ചുവും ഒന്നും പറയാതെ, പ്രതികരിക്കാതെ നോക്കി നിന്നു.
അയാൾ പോയതിനു ശേഷം വൈഗ മാനവിനടുത്തായി വന്നു നിന്നു. പിന്നെ പുച്ഛത്തോടെ പറഞ്ഞു.
“നീ ഓർക്കുന്നുണ്ടോ? ഒരിക്കൽ ഞാൻ നിന്നോട് പറഞ്ഞതാണ്, വൈഗ ലക്ഷ്മി എന്ന ഈ ഞാൻ, ഈ അച്ഛനും കുടുംബത്തിനും വേണ്ടി എന്തെങ്കിലും പറഞ്ഞാൽ അത് 100% ഉറപ്പായി നടത്തിയിരിക്കും എന്ന്.”
“അതു പോലെ തന്നെ പറയുകയാണ് നിന്നെ പിച്ചച്ചട്ടി എടുപ്പിക്കും എന്ന് പറഞ്ഞാൽ ഈ വൈഗ ലക്ഷ്മി അത് ചെയ്തിരിക്കും.”
“കൂടാതെ എന്നിലേക്ക് വന്ന നിൻറെ കണ്ണുകൾ ഞാൻ ഇല്ലാതാക്കും. നിൻറെ അവസാനം എന്നിലൂടെ എന്ന് പറയുന്നതാവും കൂടുതൽ നല്ലത്. പക്ഷേ നിന്നെ കൊന്ന് ഞാൻ ജയിലിൽ ഒന്നും പോകില്ല.”
“ഒന്നു കൂടി ഇന്ദ്രൻ മോഹിച്ചത് മാത്രമേ നീ നേടൂ. എന്നാൽ ഇന്ദ്രൻറെതായതൊന്നും നീ തൊടുക പോലുമില്ല. ഈ ഞാനടക്കം ഒന്നും. ഓർമ്മ വെച്ചോ.”
പെട്ടെന്നുള്ള വൈഗയുടെ സ്വഭാവത്തിലുള്ള ചേഞ്ച് കണ്ട് മാനവ് ഒന്ന് ശങ്കിച്ചു.
എന്നാൽ അവൻ ഉത്തരം പറയും മുൻപ് മേഘ പറഞ്ഞു.
“നീ എന്തു കണ്ടാടീ കിടന്നു തിളക്കുന്നത്? മാനവിന് നിന്നിൽ എന്തു കൊണ്ടാണാവോ ഇളക്കം ഉണ്ടായത്. അതുകൊണ്ട്... അതുകൊണ്ട് മാത്രമാണ് ഇവന്മാർ അടങ്ങി നിൽക്കുന്നത്. അല്ലെങ്കിൽ അവർ കാണിച്ചു തന്നേനെ എന്താണ് നിൻറെ വിലയെന്ന്?”
മേഘയെ തുടരാൻ അനുവദിക്കാതെ മാനവ് ഇടയ്ക്കു കയറി പറഞ്ഞു.
“മേഘ... മതി ഇനി ഒന്നും പറയണ്ട.”
അതിനുശേഷം അവൻ രുദ്രനു നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.
“അപ്പോ എങ്ങനെയാ രുദ്ര... മോളുടെ കെട്ടു കാണാൻ നിൽക്കുന്നുണ്ടോ?”
അതു കേട്ട് വൈഗ നേരെ മാർട്ടിന് അടുത്തേക്ക് ചെന്നു.
പിന്നെ അവൻറെ മുഖത്തു നോക്കി സാവധാനം ചോദിച്ചു.
“എന്താ മാർട്ടിൻ ലച്ചുവിനെ വേണോ നിനക്ക്?”
അവളുടെ ചോദ്യം മാർട്ടിനെ അമ്പരപ്പിച്ചു.
മാനവും അവനെ നോക്കി. എന്താണ് അവൻ പറയാൻ പോകുന്നതെന്ന്.
പക്ഷേ അവനെ ഒന്നും പറയാൻ സമ്മതിക്കാതെ വൈഗ തന്നെ തുടർന്നും സംസാരിച്ചു.
“ഇപ്പോൾ ഈ നിമിഷം ഭദ്ര ലക്ഷ്മി എന്ന ഈ ലച്ചു മാറ്റിയിടാൻ പോലും ഒന്നുമില്ലാത്ത ദരിദ്രവാസി പെണ്ണാണ്. അങ്ങനെ ഒരു ദരിദ്രവാസി പെണ്ണിനെ ധർമ്മ കല്യാണം നടത്തിക്കൊണ്ടു പോകാൻ മാത്രം വിഡ്ഢിയാണോ മാർട്ടിൻ നീ?”
അതുകേട്ട് മാർട്ടിൻ ഒന്ന് അമ്പരന്നു.
അവൻ ഇത്ര നേരവും ഇതൊന്നും ആലോചിച്ചു പോലുമില്ല.
എന്നാൽ അവൻറെ മുഖത്തെ പരിഭ്രമം മനസ്സിലാക്കി വൈഗ തുടർന്നു.
“എന്തായാലും എനിക്ക് വിഷയമല്ല, കാരണം ഇന്ദ്രൻ എന്നെ കല്യാണം കഴിക്കാൻ ഉണ്ടായ സാഹചര്യത്തിൽ എൻറെ അച്ഛൻറെ തല താഴ്ന്നത് ഞാൻ ഒരിക്കലും മറക്കില്ല….”
“എന്നാൽ അതിലും പരിതാപകരമായി രുദ്രനച്ഛൻ നിൽക്കുന്നത് കാണുമ്പോൾ എനിക്കുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല…”
വൈഗയുടെ സംസാരം കേട്ട് ലച്ചു വല്ലാതെ തകർന്നു പോയി.
എങ്കിലും തളർന്ന സ്വരത്തിൽ അവൾ ചോദിച്ചു.
“ഏട്ടത്തി... എന്തൊക്കെയാ ഈ പറയുന്നത്? എന്താണ് ഇങ്ങനെയൊക്കെ?”
വൈഗ അതിന് മറുപടിയായി പറഞ്ഞത് ഇങ്ങനെയാണ്.
“പക അത് തീർക്കാൻ ഉള്ളതാണ്. അത് ബിസിനസ്സിൽ ആയാലും ജീവിതത്തിൽ ആയാലും അല്ലേ അച്ഛാ...”
ലച്ചു വിശ്വാസം വരാതെ വൈഗയേ നോക്കി.
അതു കണ്ട് രുദ്രൻ വൈഗയോട് ചോദിച്ചു.
“ചതിക്കുകയായിരുന്നു അല്ലേ? മോളെ പോലെയല്ലേ ഞാൻ നിന്നെ കൊണ്ട് നടന്നത്?”
“എന്തിന് എന്ന് ഞാൻ ചോദിക്കുന്നില്ല? ശിക്ഷാ... അതർഹിക്കുന്നവൻ അനുഭവിക്കണം എന്ന പക്ഷക്കാരനാണ് ഞാൻ.”
രുദ്രൻ ഒന്നു നിർത്തി മാനവിനോട് പറഞ്ഞു.
“നാളെ കഴിഞ്ഞേ എന്തും ആരും അറിയാവൂ. പിന്നെ മാർട്ടിൻ ലച്ചുവിനെ വിവാഹം കഴിക്കാൻ തയ്യാറാകുന്നു എങ്കിൽ എനിക്ക് സമ്മതമാണ്. ഇനി ഇതെല്ലാം ടോണിയും അവരുടെ വീട്ടുകാരും അറിഞ്ഞ ശേഷം കല്യാണം വേണ്ടെന്നു വയ്ക്കുന്നത് വരെ നോക്കി നിൽക്കാൻ എനിക്ക് പറ്റില്ല.എൻറെ മോളുടെ ഭാവിയെങ്കിലും എനിക്ക് നോക്കണം.”
അത്രയും പറഞ്ഞ് രുദ്രൻ മാർട്ടിനെ നോക്കി.
എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അവൻ സമ്മതമല്ലെന്ന് തീർത്തും പറഞ്ഞു.
“വൈഗ പറഞ്ഞ പോലെ ഒരു ദരിദ്രവാസി പെണ്ണിനെ ധർമ്മ കല്യാണം നടത്തി ജീവിക്കാനുള്ള വക ഒന്നും എനിക്കില്ല. ഞാൻ അത്ര വലിയ കോടീശ്വരനുമല്ല.”
അത് കേട്ട് വൈഗ ചിരിച്ചു. പിന്നെ പറഞ്ഞു.
“എന്നാൽ, ഇവർക്കൊപ്പം ഞാനും പോകുകയാണ്.”
ഈ സമയം ടോണിയും ഇന്ദ്രനും ഭദ്രനും ബാക്കിയുള്ളവരും വാതിലിനടുത്ത് നിൽക്കുന്നത് ലച്ചു കണ്ടു.
ഭദ്രനെ കണ്ട ലച്ചു പിന്നെ ഒന്നും ഓർക്കാതെ കരഞ്ഞു കൊണ്ട് ഓടി ചെന്ന് അവനെ കെട്ടിപ്പിടിച്ചു. അടുത്തു നിൽക്കുന്ന ടോണിയെ ഒന്നു നോക്കാൻ പോലും അവൾക്ക് ബുദ്ധിമുട്ട് തോന്നി.
എന്നാൽ ഇന്ദ്രൻ വൈഗയേ തന്നെ നോക്കി നിൽക്കുകയായിരുന്നു. അതു കണ്ട മേഘ അവനടുത്തു വന്നു ചോദിച്ചു.
“ഇപ്പൊ എങ്ങനെയുണ്ട് ഇന്ദ്ര? എന്നെ താനെത്ര avoid ചെയ്തു കല്യാണത്തിന് മുൻപ്. കല്യാണം ഉറപ്പിച്ച ശേഷം ഒരിക്കൽ പോലും എന്നോട് സംസാരിച്ചു പോലുമില്ലല്ലോ? അന്ന് ഞാൻ തന്നെ കിട്ടിയിരുന്നുവെങ്കിൽ ഈ ദരിദ്രവാസിയുടെ ഭാര്യ ആകേണ്ടി വന്നേനെ ഞാൻ. ആലോചിക്കാൻ പോലും പറ്റുന്നില്ല ആ അവസ്ഥ.”
അവളുടെ സംസാരം കേട്ട് മാനവും മിഥുനും പൊട്ടിച്ചിരിച്ചു പോയി. അതുകണ്ട് മഹിയും വേഗം അവരോടു കൂടിച്ചേർന്നു.
എന്നാൽ ടോണി നീങ്ങി ലച്ചുവിനെ നോക്കി ദേഷ്യത്തോടെ ചോദിച്ചു.
“ലച്ചു നീ എന്താ എന്നെ നോക്കാത്തത്? എന്നെ നീ കണ്ടില്ലേ? എന്താ പുതിയ ആൾക്കാരെ കിട്ടിയപ്പോൾ എന്നെ വേണ്ടെന്നു തോന്നിയോ?”
അതു കേട്ട് ലച്ചു മെല്ലെ പറഞ്ഞു.
“അത് പിന്നെ ... ഞാൻ... എനിക്ക്... “
പറയാൻ വാക്കുകൾ കിട്ടാതെ നിൽക്കുന്ന ലച്ചുവിനെ നോക്കി ടോണി ചോദിച്ചു.
“എന്താണ് ലച്ചു, നിന്നെ കെട്ടാൻ പോകുന്നവൻ ഒരു നട്ടെല്ലില്ലാത്തവൻ ആണെന്ന് കരുതിയോ നീ?”
ഭദ്രനിൽ നിന്നും അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ച് ചിരിച്ചു കൊണ്ട് ചോദിച്ചു.
അവൾ പരിഭ്രമത്തോടെ രുദ്രനെ നോക്കി. വൈഗ പറഞ്ഞതൊന്നും അവൾക്ക് accept ചെയ്യാൻ ഇതുവരെ പറ്റിയിട്ടില്ല. അവൾ ഒരിക്കലും വൈഗയിൽ നിന്ന് ഇങ്ങനെയൊരു move പ്രതീക്ഷിച്ചും ഇല്ല.
ചിന്തിച്ചാൽ വൈഗ പറഞ്ഞതിൽ ഒരു തെറ്റുമില്ല. അവൾ പക തീർക്കുകയാണ്. എങ്കിൽ അതിൽ ഒരു തെറ്റും കാണുന്നില്ല. കാരണം അതിനുള്ള അർഹത അവൾക്കുണ്ട്.
പക്ഷേ ലച്ചു ഏട്ടത്തിയെ ഒത്തിരി സ്നേഹിച്ചിരുന്നു. അവളിൽ നിന്നും ഒരു ചതി ഈ സമയത്ത് അവൾ പ്രതീക്ഷിച്ചില്ലായിരുന്നു. അത് അവളെ ഒത്തിരി തളർത്തിയിരുന്നു.
അവൾ രുദ്രനെ നോക്കി. അച്ഛൻ അവളെ കണ്ണുകൊണ്ട് ചിമ്മി കാണിച്ചു. അച്ഛൻറെ മുഖത്ത് ഒരു ടെൻഷനും അവൾ കണ്ടില്ല. അത് അവളെ വല്ലാതെ അതിശയിപ്പിച്ചു. മാനവ് വന്ന് ഇന്ദ്രനു മുൻപിൽ നിന്നു കൊണ്ട് ചോദിച്ചു.
“എന്താണ് ലേറ്റ് ആയത്? ഈ എൻട്രി കുറച്ചു നേരത്തെ ആകേണ്ടതായിരുന്നു. അങ്ങനെയാണ് ഞാൻ പ്രതീക്ഷിച്ചത്? സാരമില്ല, എന്തായാലും നീ എത്തിയല്ലോ? കാര്യങ്ങളൊന്നും നിനക്കറിയില്ലല്ലോ? എല്ലാം ഞാൻ തന്നെ വിശദമായി പറഞ്ഞുതരാം. കേട്ടോളൂ.”
“നിൻറെ കവചമായി നീ കൊണ്ടു നടക്കുന്ന രണ്ടും ഇനി എൻറെതാണ്. മാണിക്യമംഗലം ഗ്രൂപ്പിൻറെ എല്ലാ സ്വത്തും, കൂടാതെ ദാ ഇവളും…”
എന്ന് പറഞ്ഞു വൈഗയെ പിടിച്ചു അവരുടെ ഇടയിൽ നിർത്തി.
എന്നാൽ അത് കണ്ടിട്ടും ഒരു ചെറു ചിരിയോടെ ഇന്ദ്രൻ പറഞ്ഞു.
“നിനക്ക് തെറ്റി മാനവ്. ഞാൻ മോഹിച്ചത് മാത്രമേ നിനക്ക് തട്ടിത്തെറിപ്പിക്കാൻ ഞാൻ അനുവദിച്ചിട്ടുള്ളൂ. എന്നാൽ ഞാൻ ആഗ്രഹിക്കാതെ എന്നിൽ വന്നു ചേർന്നത്, അത് പെണ്ണായാലും പൊന്നായാലും എന്നും ഇന്ദ്രൻറെത് മാത്രമായിരിക്കും.”
“ഇനി എൻറെ സമയമാണ് മാനവ്... “
ആ സ്വരം വൈഗയുടെ ആയിരുന്നു.
“ഇനി എനിക്ക് വേണ്ടത് നാളത്തെ ഫംഗ്ഷൻ നന്നായി നടക്കണം. അതിനു നീ വരണം.”
അതു കേട്ട് മാനവ് തലയാട്ടി ചിരിച്ചു കൊണ്ട് വൈഗയുടെ കണ്ണുകളിലേക്ക് നോക്കി. പിന്നെ ചോദിച്ചു.
“നീ എന്താ ചമേലിയൻ ആണോ? എന്തു പെട്ടെന്നാണ് നിന്ന നിൽപ്പിൽ അപ്പുറം ചാടിയത്?”
അതുകേട്ട് ഇന്ദ്രൻ വൈഗയേ അവളുടെ അരക്കെട്ടിൽ പിടിച്ച് തന്നോട് ചേർത്തു പിടിച്ചു. എന്നിട്ട് പറഞ്ഞു.
“ഇവൾ വൈഗ ലക്ഷ്മി, രേവതി നാൾ... അതായത് 70 ശീലവും കാണിക്കുന്ന എൻറെ പെണ്ണ്. അത് കണ്ടു നീ വാ... നാളെ നമുക്ക് അവിടെ functionന് കാണാം. പിന്നെ ഒന്നു കൂടി... ഇനി ഒരു കൈയബദ്ധം നിന്നിൽ നിന്നും ഉണ്ടായാൽ....”
ഇന്ദ്രനെ പറയാൻ അനുവദിക്കാതെ ഭദ്രൻ പറഞ്ഞു.
“ഉറപ്പിച്ചോളൂ... ചന്ദ്രോത്ത് നിന്ന് തെക്കേ പുറത്തെ മാവ് വെട്ടാൻ സമയമായി എന്ന്.”
മാനവിൻറെ കണ്ണുകളിൽ തീ പാറുകയായിരുന്നു…
“എന്ന് നന്ദനം മക്കളും മാണിക്യ മംഗലത്തെ പെൺ തരിയിൽ കണ്ണു വെച്ചുവോ, അന്ന് രുദ്രൻ നിങ്ങൾക്ക് അനുവദിച്ച സമയം അവസാനിച്ചിരിക്കുന്നു.”
രുദ്രൻ ആണ് പറഞ്ഞവസാനിപ്പിച്ചത്.
എല്ലാം കേട്ട് മിഥുൻ ചോദിച്ചു.
“എന്താ ഭീഷണിയാണോ? അച്ഛനും മക്കളും തെണ്ടാൻ തയ്യാറായിക്കോളൂ..”
അതിനുശേഷം ടോണിക്ക് നേരെ തിരിഞ്ഞു അവനോട് പറഞ്ഞു.
“ഈ കുട്ടി ഡോക്ടറെ കെട്ടി ജീവിക്കുന്നതൊന്ന് എനിക്ക് കാണണം... എന്തിനാ ഐപിഎസുകാരാ ഈ ധർമ്മ കല്യാണം?”
അതു കേട്ട് രുദ്രൻ പറഞ്ഞു.
“മഹി, നീയെങ്കിലും മനസ്സിലാക്കു ഞാൻ എന്താണ് പറഞ്ഞതെന്ന്. അനിയന്മാരെ ഒതുക്കി ഇല്ലെങ്കിൽ കരയിക്കും ഞാൻ?”
എന്നാൽ മഹി അതിന് ഉത്തരം നൽകിയത് ഇങ്ങനെയാണ്.
“എല്ലാ സ്വത്തും മാനവിന് എഴുതി കൊടുത്തിരിക്കുന്നു എന്നത് ഓർക്കാതെയാണ് അങ്കിൾ വെല്ലുവിളിക്കുന്നത്.”
അതിന് രുദ്രൻ പറഞ്ഞ മറുപടി ഇതാണ്.
“എനിക്ക് മക്കൾ മൂന്നല്ല, നാലാണ്. അതു മാത്രം നീ ഓർത്താൽ മതി.”
അതുകേട്ട് മാനവ് വൈഗയേ നോക്കി രുദ്രനോട് ചോദിച്ചു.
“ഇവൾ ആണോ നിങ്ങൾ ഇപ്പോൾ പറഞ്ഞ നാലാമത്തെ സന്തതി?”
അവനു മറുപടി രുദ്രൻ ചിരിയോടെ നൽകി.
“പറയുമ്പോൾ അങ്ങനെയും പറയാം. അല്ലെങ്കിൽ പ്രായത്തിൽ ആണെങ്കിൽ രണ്ടാമത്തേതും, കുനിറ്റു ബുദ്ധിയുടെ കാര്യത്തിലും, പകയുടെ കാര്യത്തിലും നോക്കിയാൽ ഒന്നാമത്തവളും. ഇനിയും സമയമില്ല സംസാരിച്ചു നിൽക്കാൻ. “
അതും പറഞ്ഞ് അവർ പുറത്തേക്ക് നടന്നു.
പെട്ടെന്ന് വൈഗ തിരിഞ്ഞു നിന്ന് പറഞ്ഞു.
“നാളെ ഒരു ദിവസം സ്വസ്ഥമായി ഫങ്ക്ഷൻ നടക്കണം, അതിന് മുൻകരുതലെന്നോണം നന്ദനങ്കിളിനെ ഞാൻ നേരത്തെ തന്നെ കൂട്ടിക്കൊണ്ടു പോയിട്ടുണ്ട്. ഫംഗ്ഷൻ കഴിഞ്ഞ ശേഷം നിൻറെ കയ്യിലിരിപ്പ് പോലെ അച്ഛനെ കിടത്തിയോ നടത്തിയോ എങ്ങനെ വേണമെങ്കിലും നിനക്ക് കൊണ്ടു പോകാം. അതൊക്കെ നിൻറെ ഇഷ്ടം.”
അതും പറഞ്ഞു മുന്നോട്ടു നടന്നു അവൾ. വൈഗ പറഞ്ഞത് കേട്ട് മാനവടക്കം എല്ലാവരും ഞെട്ടി.
പിന്നെയും നടക്കുന്നതിനിടയിൽ ഒന്നുകൂടി നിന്ന് തിരിഞ്ഞ് ശേഷം വൈഗ ചെറുചിരിയോടെ തുടർന്നു.
“രുദ്രനച്ഛൻ പറഞ്ഞത് ഓർത്തുകൊള്ളുക, നിങ്ങൾക്കുള്ള ഇളവ് അച്ഛൻ എടുത്തു കളഞ്ഞിരിക്കുന്നു. അതുകൊണ്ട്...”
അവൾ മെല്ലെ തിരിഞ്ഞ് മിഥുൻ അടുത്തേക്ക് നടന്നു. പിന്നെ അവനെ ഒന്നു മണപ്പിച്ച് കൊണ്ട് പറഞ്ഞു.
“ബ്ലഡിൻറെ മണം നന്നായി വരുന്നുണ്ടോ എന്നൊരു സംശയം?”
അത്ര മാത്രം പറഞ്ഞ് അവൾ തിരിഞ്ഞ് ഇന്ദ്രനും രുദ്രനും മറ്റുള്ളവർക്കും ഒപ്പം പുറത്തേക്കിറങ്ങി.
എല്ലാം കണ്ട മേഘയുടെയും മഹിയുടെയും ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ആരും കാണാതിരിക്കാൻ അവർ രണ്ടു പേരും ശ്രദ്ധിച്ചു.
എന്നാൽ വൈഗ പറഞ്ഞ കാര്യങ്ങളുടെ ഷോക്കിൽ നിന്നും പെട്ടെന്ന് വിമുക്തനായി മാനവ് നന്ദൻറെ സെല്ലിൽ കോൾ ചെയ്തു.
ഏകദേശം മൂന്നു റിങ്ങിനു ശേഷം കോള് കണക്ട് ആയി.
അത് കണ്ടപ്പോൾ തന്നെ മാനവിന് കുറച്ച് സമാധാനം ആയി. എന്നാൽ ഫോണിൽ നിന്നും വന്ന ശബ്ദം അവനെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു.
“Hello, brother... you really missed me so much. We just left your place. It's not even 5mts now.”
അവളുടെ സംസാരം കേട്ട് മാനവ് ദേഷ്യത്തോടെ അലറി.
“വൈഗ....”
ഇതുകേട്ട് വൈഗ പറഞ്ഞു.
“Yes... വൈഗ ലക്ഷ്മി ഇന്ദ്ര പ്രതാപവർമ്മ… ഒരിക്കലും വെറും വാക്ക് പറയില്ല മാനവ്. So becarful.”
അതും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.