ഗോകുലിന്റെ വരവ് കണ്ട് അയാളൊന്ന് നടുങ്ങി!
ഗോകുൽ: "കുറേ നേരമായല്ലോ എന്റെ പിറകെ നടക്കുവാൻ തുടങ്ങിയിട്ട്, എന്താണ് നിങ്ങൾക്കു വേണ്ടത്?"
അയാൾ: "അത്"
ഗോകുൽ: "നിങ്ങൾ പരുങ്ങാതെ കാര്യം പറയൂ."
അയാൾ: "സാർ... എനിക്ക് ഒരു സഹായം ചെയ്തു തരുമോ?"
ഗോകുൽ: "കാര്യമറിയാതെ ഞാൻ എങ്ങനെ മറുപടി പറയും?"
അയാൾ: "ആ കാണുന്നതാണ് എന്റെ വീട്. എനിക്ക് ആക്രി സാധനങ്ങൾ പെറുക്കിവിൽക്കലാണ് പണി. ഇന്ന് നല്ല മഴയായതുകൊണ്ട് പണിക്കുപോകാൻ കഴിഞ്ഞില്ല. വീട്ടിൽ, വൈകീട്ട് കഴിക്കുവാൻ ഒന്നുമില്ലാത്ത അവസ്ഥയാണ്. ഭാര്യ ഗർഭിണിയായതുകൊണ്ട് പട്ടിണിക്കിടുവാനും കഴിയില്ല. മാത്രമല്ല, ഒരു ചെറിയ കുഞ്ഞും വീട്ടിലുണ്ട്. സാറിന്റെ കയ്യിൽ കാശ് വല്ലതും ഉണ്ടെങ്കിൽ, എനിക്ക് കടമായിട്ട് കുറച്ചു തരാമോ? ഇനി കാശ് തരാൻ ബുദ്ധിമുട്ടാണെങ്കിൽ, ഭക്ഷണം വാങ്ങിതന്നാലും മതി. പലരോടും ഞാൻ ചോദിച്ചു, പക്ഷേ, ആരും തന്നില്ല."
അതുകേട്ടപ്പോൾ അവന് വിഷമംതോന്നി. അവൻ അയാളേയുംകൂട്ടി അടുത്തുളള ഹോട്ടലിൽ ചെന്ന്, മൂന്നുപേർക്കുളള ഭക്ഷണം വാങ്ങിച്ചു. അവൻ ആ ഭക്ഷണപ്പൊതി അയാളെ ഏൽപ്പിക്കുകയും ചെയ്തു. ഗോകുലിനോട് നന്ദി പറഞ്ഞ് അയാൾ വീട്ടിലേക്ക് തിരിച്ചു.
അയാൾക്ക് സഹായം ചെയ്യുവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ അവൻ റൂമിലേക്ക് നടന്നു.
"എങ്ങനെയുണ്ട് ഭക്ഷണം?" ശ്യാംധർ ചോദിച്ചു.
"ഭക്ഷണം ലോകതോൽവി ആയിരുന്നു." അവൻ മറുപടി പറഞ്ഞു.
ശ്യാംധർ: "ഇനി കിടക്കാൻ നോക്കിക്കോ. യാത്ര ചെയ്തതിന്റെ ക്ഷീണം കാണുമല്ലോ!"
അവൻ: "ഇവിടെ കിണറോ പൈപ്പ് കണക്ഷനോ വല്ലതും ഉണ്ടോ?"
ശ്യാംധർ: "പൈപ്പ് കണക്ഷൻ ഉണ്ട്. രാവിലെ ആറരയ്ക്ക് വെള്ളം വരും. ടെറസ്സിലുളള വാട്ടർ ടാങ്കിൽ, നമ്മൾ തന്നെ വെള്ളം കൊണ്ടുപോയി ഒഴിക്കണം."
അവൻ: "ആ... ഇവിടെ നിങ്ങൾ എങ്ങനെയാണ് കിടന്നുറങ്ങുന്നത്? മുഴുവൻ മണ്ണാണല്ലോ! ചൂലുണ്ടോ അടിച്ചുവാരാൻ?"
ശ്യാംധർ: "ചൂലുണ്ട് പക്ഷേ, ആരും ഉപയോഗിക്കാറില്ല."
അവൻ: "എന്നാൽ ഞാൻ വൃത്തിയാക്കാം. എനിക്ക് പൊടിയടിച്ചാൽ തുമ്മൽ വരും."
ഗോകുൽ വീട് മുഴുവൻ അടിച്ച് വൃത്തിയാക്കി. അതിനുശേഷം രാവിലെ ആറുമണിക്ക് അലാറം വച്ച് ഉറങ്ങുവാൻ കിടന്നു. പുതിയ സ്ഥലമായതുകൊണ്ട് പെട്ടെന്ന് അവന് ഉറക്കം വന്നില്ല. ഒന്നുറങ്ങാൻ കുറച്ച് സമയമെടുത്തു.
...................................*...................*........
മൊബൈലിന്റെ ഉണർത്തുപ്പാട്ടിൽ, രാവിലെ നേരത്തെത്തന്നെ അവൻ എണീറ്റു. മറ്റുളളവർ എഴുന്നേൽക്കും മുൻപേ അവൻ കുളിച്ച് റെഡിയായി. കൂടെയുള്ളവർ ഓരോരുത്തരായി എഴുന്നേറ്റപ്പോൾ, മൊത്തം ബഹളമയമായി.
പുതിയ ഓഫീസിലേക്ക്, മാനേജരുടെക്കൂടെ അവൻ യാത്രതിരിച്ചു. പണ്ട് പോലീസ്, വെടിവെപ്പ് നടത്തിയ ചന്ദനത്തോപ്പിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.
ഓഫീസിലെത്തിയ ഗോകുൽ, സ്റ്റാഫുകൾ ഓരോരുത്തരെയായി പരിചയപ്പെട്ടു. അവർ രണ്ടുപേരെ കൂടാതെ, മൂന്ന് ലേഡീ സ്റ്റാഫുകളുമുണ്ടായിരുന്നു. അതിലൊരാൾ പ്യൂൺ കാറ്റഗറിയിൽപ്പെട്ട ആളായിരുന്നു.
ഓഫീസ്, പണിപൂർത്തിയാവാത്ത കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ആൾസഞ്ചാരം പൊതുവെ കുറവുള്ള പ്രദേശമാണ്. കസ്റ്റമർ വല്ലവരും ഓഫീസിൽ വന്നാൽ വന്നു!
ആദ്യത്തെ ബ്രാഞ്ചിൽ അവന് പിടിപ്പത് പണിയായിരുന്നു. ഇവിടെയാണെങ്കിൽ ഒരു ഈച്ചപോലുമില്ല. പ്രധാനപ്പെട്ട ചടങ്ങ് എന്തെന്നാൽ, ഓരോ ദിവസവും അന്നത്തെ ബിസിനസ്സ് വോള്യം ഏരിയാ മാനേജരെ വിളിച്ച് പറയണം. ആരെങ്കിലും വന്നാലല്ലേ ബിസിനസ്സ് നടക്കൂ! ഒന്നുമില്ല എന്ന് പറഞ്ഞ് മാനേജർ തോറ്റു... നാളെ മുതൽ ഊഴം ഗോകുലിന്റേതാണ്. നാളെമുതൽ ആരെങ്കിലും വരണേ എന്ന പ്രാർത്ഥനയോടെ, അന്നത്തെ ദിവസത്തെ അഭ്യാസം മതിയാക്കി റൂമിലേക്ക് തിരിച്ചു.
ഗോകുലിനെ കൂടാതെ മറ്റൊരാൾക്കൂടി പുതുതായി സ്ഥലംമാറ്റം കിട്ടിയിട്ട് അവിടേക്ക് വന്നിരുന്നു. അനൂപ് എന്നാണ് അയാളുടെ പേര്. അവർ രണ്ടുപേരും പരസ്പരം പരിചയപ്പെട്ടു. വൈകുന്നേരത്തെ ഭക്ഷണം റെഡിയാകാൻ സമയമെടുക്കുമെന്നതിനാൽ അവർ കടൽക്കാണുവാൻ പുറപ്പെട്ടു. അരമണിക്കൂർ നടക്കാവുന്ന ദൂരമേയുള്ളൂ കടലിലേക്ക്.
അസ്തമയത്തിന്റെ മനോഹാരിത അവർ ആസ്വദിച്ചു.
ഗോകുൽ: "എന്ത് രസാലേ ഇങ്ങനെ കടൽ കണ്ടിരിക്കാൻ!"
അനൂപ്: "അതേ..."
ഗോകുൽ: "എന്തുപറ്റി? മുഖത്ത് ഒരു ടെൻഷൻ?"
അനൂപ്: "വീട്ടിൽനിന്ന് അനിയത്തി വിളിച്ചിരുന്നു. അവൾ നഴ്സിങ്ങിന് പഠിക്കുകയാ. വീട്ടിൽനിന്നും കോൾ വന്നാൽ മനസ്സ് എന്തോ അസ്വസ്ഥമാവും."
ഗോകുൽ: "അപ്പോൾ ആരുമില്ലാത്ത എന്റെ മനസ്സ് എങ്ങനെയാവും? അതൊക്കെ വിട്ടുകളയു."
അനൂപ്: "അവളെ നന്നായി പഠിപ്പിക്കണം. അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു ഞങ്ങൾ നല്ല വിദ്യാഭ്യാസം നേടണമെന്നുള്ളത്."
"ഗോകുൽ: "അച്ഛന് എന്തുപറ്റിയതാ? വിഷമം ആണെങ്കിൽ പറയണ്ടാട്ടോ!"
അനൂപ്: "ഏയ്... അത് സാരമില്ല. അതൊരു ചെറിയ കഥയാ, പറഞ്ഞാൽ ബോറടിക്കും."
ഗോകുൽ: "ഇല്ല, നീ ധൈര്യമായി പറഞ്ഞോ."
അനൂപ്: "അച്ഛന് പാർട്ട്ണർഷിപ്പിൽ ഒരു ചെറിയ ജ്വല്ലറി ഉണ്ടായിരുന്നു. ഒരു ചെറിയ മുറിയിൽ തുടങ്ങിയ കച്ചവടമായിരുന്നു. പിന്നീട് അച്ഛന്റെ അധ്വാനം, അതാണ് എല്ലാ ഉയർച്ചയ്ക്കും കാരണം. അച്ഛന്റെ പാർട്ട്ണർ ഷെയർമാർക്കറ്റിൽ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു. തുടക്കത്തിലൊക്കെ അയാൾക്ക് ലാഭം കിട്ടിയിരുന്നു. അതിന്റെ ആവേശത്തിൽ കൂടുതൽ രൂപ നിക്ഷേപിച്ച്, റിസ്കി കളികൾ കളിക്കാൻ തുടങ്ങി. ഫ്യൂച്ചർ ട്രേഡിംഗ് എന്നൊക്കെ പറയും. അതിൽ കളിച്ച് വലിയ സംഖ്യ അയാൾക്ക് നഷ്ടപ്പെട്ടു. ഏകദേശം ഒരു കോടിയോളം രൂപയാണ് അയാൾ ഒഴുക്കിക്കളഞ്ഞത്. ഇതിൽ ഭൂരിഭാഗവും ജ്വല്ലറിയിലെ രൂപയായിരുന്നു. അച്ഛനറിയാതെയാണ് അയാൾ ഇതെല്ലാം ചെയ്തിരുന്നത്. അച്ഛന്, അയാളെ നല്ല വിശ്വാസമായിരുന്നു. ഒരു ദിവസം കടയിലെ കണക്ക് നോക്കിയപ്പോഴാണ്, അച്ഛന് ഇതെല്ലാം മനസ്സിലായത്. വിവരം തിരക്കിയപ്പോൾ പേടിക്കണ്ട, എല്ലാം ഒരുമാസത്തിനുള്ളിൽ തിരിച്ചുത്തരാമെന്ന് അയാൾ വാക്ക് പറഞ്ഞു. പക്ഷേ..."
(തുടരും)
***********