Aksharathalukal

നിനക്കായ്‌ ഈ പ്രണയം (26)

പിങ്കു മിലിയെ വിട്ട് ഫോൺ എടുത്തു നോക്കി. ഗൂഢമായി ഒന്ന് ചിരിച്ചു.

"വിട്ടേക്ക് ഡീ.. ഇവളുടെ മൂന്ന് രക്ഷകൻമാരെയും തുളസീം ഗാങ്ങും 'ഹെൽ സ്റ്റേഷനിൽ' കൊണ്ട് പോയിട്ടുണ്ട്. നാളെ എന്താകുമോ ആവോ..?" അവരെ ഒരു പുച്ഛത്തോടെ നോക്കി സീനിയർ ഗാങ് പോയി.

" ഹെൽ സ്റ്റേഷനോ?? അതെന്താ?? " റൂമിലേക്ക് നടക്കുന്നതിനിടെ മിലി ചോദിച്ചു.

അറിയില്ല എന്ന ഭാവത്തിൽ ലച്ചുവും ഹണിയും ചുമല് കൂച്ചി.

"അതെ... ഈ സ്ഥലത്തു പണ്ട് ഒരു ട്രെയിൻ സർവീസ് സ്റ്റേഷൻ തുടങ്ങാൻ പരിപാടി ഉണ്ടായിരുന്നു. പണി തുടങ്ങി കുറച്ചു കാലം കഴിഞ്ഞു എന്തോ പ്രശ്നം ഒക്കെ വന്നു അത്‌ ഉപേക്ഷിച്ചു. പിന്നെ ആണ് ഇവിടെ കോളേജ് വന്നത്.. എന്നാലും കൊറേ റെയിലും ഒരു ബോഗിയും ഒക്കെ ഇപ്പോളും അവിടെ കിടപ്പുണ്ട്.. അവിടെ സിവിൽ ക്ലാസ് നടക്കുന്ന സ്ഥലത്തിനു അടുത്ത്.. അതിനെ ആണ് 'ഹെൽ സ്റ്റേഷൻ'എന്ന് പറയുന്നത്.." വലിയ ഒരു എക്സ്പ്ലനെഷൻ പിന്നിൽ നിന്ന് വന്നപ്പോൾ മിലിയും കൂട്ടുകാരും തിരിഞ്ഞു നിന്നു.

"ഹായ്... ഞാൻ നവ്യ... സെക്കൻഡ് ഇയർ സിവിൽ.." പിന്നിൽ നിന്നിരുന്ന കുട്ടി സ്വയം പരിചയപ്പെടുത്തി.

"ഹായ് ചേച്ചി.. ഞാൻ മിലി.. ഇത്‌ ലച്ചു.. പിന്നെ ദേ ഇത്..." മിലി പരിചയപ്പെടുത്താൻ തുടങ്ങിയപ്പോൾ ഹണി തടഞ്ഞു

"വേണ്ടാ.. എന്റെ പേര് ഞാൻ പറഞ്ഞോളാം... എന്റെ പേര് ഹണി.."

"ഹഹഹ... നിങ്ങൾ ഇപ്പൊ കോളേജിൽ ഫേമസ് അല്ലേ... ആരെയും പരിചയപെടുത്താണ്ട.." നവ്യ പറഞ്ഞത് കേട്ട് അവർ പരസ്പരം നോക്കി..

"തുളസി ചേട്ടന് ശരിക്കും ഒന്ന് കിട്ടണ്ട ആവശ്യം ഉണ്ടായിരുന്നു... ചുമ്മാ കോളേജിൽ ഗുണ്ടാ സെറ്റ് അപ്പും കൊണ്ട് നടക്കാ... ഇപ്പൊ കോളേജിലെ പലരുടെയും കണ്ണിലുണ്ണി ആണ് ആകാശ്... പിന്നെ.." നവ്യ പറയണോ വേണ്ടയോ എന്ന സംശയത്തോടെ നിർത്തി..

"പിന്നെ??" മൂന്നു പേരും കൂടി ഒന്നിച്ചു ചോദിച്ചു.

"പിന്നെ... ആ തുളസിയെ സൂക്ഷിക്കണം.. ആളു മഹാ പ്രശ്നക്കാരനാ.. കഴിഞ വർഷം നമ്മുടെ തേർഡ് ഇയർ പഠിക്കുന്ന ഒരു ചേട്ടൻ ഉണ്ട്.. ശാന്തനു.. ആ ചേട്ടൻ അവനു എതിരെ പ്രിൻസിടെ അടുത്ത് കംപ്ലയിന്റ് ചെയ്തു എന്ന് പറഞ്ഞു ആ ചേട്ടനെ ഹെൽ സ്റ്റേഷനിൽ ഉള്ള ആ പഴയ ബോഗിടെ ഉള്ളിലിട്ട് തച്ചു.. പിറ്റേന്ന് രാവിലെ വന്ന ഡേ സ്കോലേഴ്‌സ് കരച്ചിൽ കേട്ട് പോയി നോക്കീപ്പോ ആണ് കണ്ടത്.. മാസങ്ങളോളം ഹോസ്പിറ്റലിൽ കിടന്നു.. കുറച്ചു കൂടി വൈകി ചെന്നിരുന്നെങ്കിൽ ചിലപ്പോൾ ചത്തു പോയേനെ എന്നാ പറയുന്നത്.. "

"അല്ല.. എന്നിട്ട് പോലീസ് കേസ് ഒന്നും ആയില്ലേ.. " മിലി ചോദിച്ചു.

"എന്ത് കേസ്? തുളസി ഏതോ കേന്ദ്രമന്ത്രിയുടെ പരിചയക്കാരനോ മറ്റോ ആണ്.. ഫുൾ ക്യാഷ് ടീംസ് അല്ലേ.. പിന്നെ ശാന്തനു കംപ്ലയിന്റ് ഇല്ലെന്നു എഴുതി കൊടുത്തു.. ആ ചേട്ടന് കോഴ്സ് കംപ്ലീറ്റ് ചെയ്യണ്ടേ.. പാവപ്പെട്ട വീട്ടിലെ ചേട്ടനാ.. പഠിച്ചു എന്തെങ്കിലും ആയിട്ട് വേണം... " നവ്യ ഒരു നെടുവീർപ്പോടെ പറഞ്ഞു.

മിലിയുടെ റൂം വരെ അവരുടെ കൂടെ നടന്നു നവ്യ.. അവൾ പോകുന്നതും നോക്കി വാതിൽക്കൽ നിന്നു മൂന്ന് പേരും.

"ഒരു ചെറിയ പ്രണയം മണക്കുന്നില്ലേ... " ഹണി നവ്യ പോയ വഴിയേ നോക്കി ചോദിച്ചു.

"എനിക്കും തോന്നി " മുറിയിലേക്ക് തിരിച്ചു കയറിക്കൊണ്ട് പറഞ്ഞു ലച്ചു.

അപ്പോഴാണ് സ്റ്റഡി ടേബിളിൽ കയറി ഇരുന്ന് നഖം കടിച്ചു കൊണ്ട് എന്തോ ചിന്തിക്കുന്ന മിലിയെ അവർ ശ്രദ്ധിച്ചത്..

"മിലി... ഡി..." അവർ അവളെ തട്ടി വിളിച്ചു ചോദിച്ചു. "എന്താ നീ ഇരുന്ന് ആലോചിക്കുന്നത്?"

"എടി.. ഞാൻ ആ പിങ്കു പറഞ്ഞത് ഓർക്കുവാരുന്നു. ആകാശിനെയും ഷാജിയെയും ശ്രീയെയും അവർ ഹെൽ സ്റ്റേഷനിൽ കൊണ്ട് പോയിന്നു അല്ലേ പറഞ്ഞത്... " മിലിയുടെ സ്വരത്തിലെ പതർച്ചയുടെ കാരണം ലച്ചുനും ഹണിക്കും അപ്പോളാണ് പിടി കിട്ടിയത്.

"ഷാജിടെ ഫോൺ ഓഫാ.." വിളിച്ചു നോക്കികൊണ്ട് ഹണി പറഞ്ഞു.

"ശ്രീയുടെ ഫോൺ അടിക്കുന്നുണ്ട്... എടുക്കുന്നില്ല... " മിലിയുടെ ശബ്ദത്തിൽ നിരാശ കളർന്നിരുന്നു.

"ആകാശിന്റെ ഫോൺ നമ്പർ നിങ്ങളുടെ രണ്ടിന്റേം കയ്യിൽ ഇല്ലേ?? കഷ്ടായി.. നീ ശ്രീയെ ഒന്നും കൂടി വിളിച്ചു നോക്ക്. " ലച്ചു പറഞ്ഞത് കേട്ടു മിലി ഒന്നുകൂടി ഫോൺ ഡയൽ ചെയ്തു.

"നോ ആൻസർ.. "

"അല്ല.. ഈ ശ്രീ ഡേ സ്കോളർ അല്ലേ... അവൻ എങ്ങനെ പെട്ടു?" ഹണി ചോദിച്ചു.

"ഹാ..?? ആർക്കറിയാം?" മിലി കൈ മലർത്തി കാണിച്ചു.


"എടീ.. നമുക്ക് ഒന്ന് അവിടെ വരെ പോയി നോക്കിയാലോ?" മിലി ഒരു സംശയത്തോടെ ചോദിച്ചു.

"നിനക്കെന്താ പെണ്ണെ.. പ്രാന്തുണ്ടോ...? ഈ രാത്രി നമ്മൾ എങ്ങനെ പോവാനാ..?" ലച്ചു ഒന്ന് ചൊടിച്ചു.

"അങ്ങനെ അല്ലടാ.. ഞാൻ കാരണം അല്ലേ ഇതെല്ലാം... നവ്യ ചേച്ചി പറഞ്ഞത് പോലെ അവരെ അവിടെ ഇടിച്ചിട്ടേക്കാണെങ്കിൽ ഹോസ്പിറ്റലിൽ എങ്കിലും എത്തിക്കലോ...? അല്ലാണ്ട് അവരുടെ കൂടെ തല്ലുണ്ടാക്കാൻ ഒന്നും അല്ല.." മിലി പറഞ്ഞത് കേട്ടപ്പോൾ ശരിയാണെന്നു ലച്ചുവിനും തോന്നി. അതിനുള്ള ബോധമേ അവൾക്കുള്ളു.

"അതിപ്പോ.. ഗേറ്റ് പൂട്ടി കാണും.. നമ്മൾ എങ്ങനെ പോകും..?" ലച്ചു ചോദിച്ചു.

"പോവാൻ ആണ് തീരുമാനം എങ്കിൽ... ചിലപ്പോൾ ഒരു വഴി കിട്ടും... നമുക്കൊന്ന് ശ്രമിച്ചു നോക്കാം..." ഹണി പറഞ്ഞത് കേട്ട് മിലിയും ലച്ചുവും അവളെ ആക്കാംക്ഷയോടെ നോക്കി.

പിന്നെ ഒരു പടപുറപ്പാട് ആയിരുന്നു അവിടെ. മാമ്പഴം മുറിക്കാൻ അമ്മ കൊടുത്തയച്ച കത്തി കയ്യിലെടുത്തു ലച്ചു. മിലിക്ക് കിട്ടിയത് എപ്പോഴും പേഴ്സിൽ കൊണ്ട് നടക്കുന്ന പഴയ ഇൻസ്‌ട്രുമെന്റ് ബോക്സിലെ ഡിവൈഡർ ആണ്. ബസ്സിലൊക്കെ തൊടാനും പിടിക്കാനും വരുന്ന ചേട്ടന്മാരോട് മറുപടി പറഞ്ഞു ചില്ലറ പരിചയം ഒക്കെ ഉണ്ട് അതിന്.

"ഇതെന്താടാ നിന്റെ കയ്യിൽ?? മിലി കണ്ണും മിഴിച്ചു ചോദിച്ചു.

"മിനി ഡ്രാഫ്റ്റർ.. " ഹണി നിഷ്കളങ്കമായി ഉത്തരം പറഞ്ഞു..

"എന്തിനു??" - മിലി

" പ്രശ്നം ഉണ്ടാക്കുന്നവരെക്കൊണ്ട് സിലിണ്ടറിന്റെ ടോപ്പ് വ്യൂ വരപ്പിക്കാൻ ആയിരിക്കും.. " ലച്ചു അവളെ കളിയാക്കി കൊണ്ടു പറഞ്ഞു.

"ഒന്ന് പോയെടി.. അവന്മാരുടെ തലയ്ക്കു ഇത് വച്ചു ഒന്ന് കൊടുക്കും.. " ഹണി പറഞ്ഞു..

"എന്റെ ഹണി.. അതു ഒടിഞ്ഞു പോവും.. " മിലി അവളെ വിലക്കി..

"അത്‌ സാരമില്ലടി.. ഡ്രാഫ്റ്റർ ഒടിഞ്ഞു പോയിന്നു പറഞ്ഞു അപ്പന്റെ കയ്യീന്ന് കാശു വാങ്ങാം.. ബാ.. പോകണ്ടേ?"

മൂന്ന് ജാൻസി റാണിമാരും അംഗപുറപ്പാടിന് ഇറങ്ങി. പുറത്തേക്കുള്ള വഴി കാട്ടിതരാം എന്ന് പറഞ്ഞു ഹണി അവരെ കൊണ്ട് പോയത് സ്റ്റഡി റൂമിനടുത്തുള്ള മതിലിനരികിൽ ആണ്..

"സ്റ്റഡിലു ഇപ്പോളും വെളിച്ചം ഉണ്ടല്ലോ.. ഇവർ ഈ രാത്രി മുഴുവൻ ഇരുന്നു പടിക്കോ?" ലച്ചുനു സംശയം.

"പിന്നേ.. പഠിക്കുന്നു.. അവിടെ വേറെ പരിപാടി ആണ് മോളെ.. പിന്നേ പറഞ്ഞു തരാം.." ഹണി പറഞ്ഞു.

" ഹണി.. മതിൽ ചാടാൻ ആണോ നമ്മുടെ പരിപാടി?" മതിലിനരികിൽ ഹണി തിരിഞ്ഞു കളിക്കുന്നത് കണ്ടു മിലി ചോദിച്ചു.

"അല്ലടാ.. ചാടാൻ പറ്റില്ല.. അതിന്റെ മേളിൽ നിറയെ കുപ്പിച്ചില്ലാ.. ദേ ഇതാണ് ഞാൻ പറഞ്ഞ വഴി.." മതിലിനരികിൽ പ്ലാവിന്റെ പുറകിൽ ഒരു ഗേറ്റ് കാണിച്ചു ഹണി പറഞ്ഞു..

പ്ലാവിന്റെ ചില്ലകൾ കാരണം പെട്ടന്ന് ശ്രദ്ധിക്കില്ല ആ ഗേറ്റ്. നല്ല പൊക്കമുള്ള ഗേറ്റ് ആയത് കൊണ്ട് ചാടി കടക്കുന്നതും എളുപ്പം അല്ല.

"ഇത് പൂട്ടിയിരിക്കുകയാണല്ലോ...? വല്ല ഏണിയും കിട്ടാതെ ചാടാനും പറ്റില്ല.. ഇവളുടെ ഒരു പാട്ട ഐഡിയ.." ലച്ചു പുച്ഛിച്ചു.

"പഴശ്ശിയുടെ കളികൾ കമ്പനി കാണാൻ പോണേ ഒള്ളൂ മോളെ..." എന്ന് പറഞ്ഞു പ്ലാവിന്റെ മുകളിൽ വലിഞ്ഞു കയറി ഹണി..

അവൾ കയറി പോകുന്നത് കണ്ടപ്പോൾ ആണ് പ്ലാവിന്റെ ഒരു ചില്ല ഗേറ്റിന് അപ്പുറത്തേക്ക് വളർന്നു നിൽക്കുകയാണ് എന്ന് മിലിയും ലച്ചുവും കണ്ടത്. പിന്നെ ഒട്ടും അമാന്തിക്കാതെ രണ്ടും ഹണിക്ക് പിന്നാലെ വലിഞ്ഞു കയറി. മിലിയും ഹണിയും സ്മൂത്ത്‌ ആയിട്ട് കേറി എങ്കിലും ലച്ചുന് കയറാൻ പറ്റുന്നുണ്ടായിരുന്നില്ല. പിന്നെ മിലി അവളെ വലിച്ചു കേറ്റുകയായിരുന്നു. ആ ശ്രമത്തിൽ പാവത്തിന്റെ തൊലിയുടെ പെയിന്റ് കുറെ പോയി ചോരയും പൊടിഞ്ഞു.

മറുവശത്തു ചാടി ഇറങ്ങിയപ്പോൾ ലച്ചു ചുണ്ട് കോർപ്പിച്ചു കൈയുടെ പിൻവശം കാണിച്ചു പറഞ്ഞു.. "ചോര.."

"സാരമില്ലടാ.. ഒരു നല്ല കാര്യത്തിന് പോകുമ്പോ ചോര കാണുന്നത് ശുഭ ലക്ഷണം ആണ്.." ഹണി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

"അതെ.. നിന്റെ ലക്ഷണത്തിന് എന്റെ ചോര തന്നെ വേണല്ലേഡി പട്ടി..." ലച്ചു ചൊടിച്ചു.

"എന്റെ പിള്ളേരെ.. നിങ്ങൾ ഒന്ന് തല്ല് കൂടാതിരിക്കാമോ.. തമ്മിൽ കണ്ടാൽ തല്ലാ.. വാ.." മിലി അവരെയും വിളിച്ചുകൊണ്ട് നടന്നു.

"അല്ല ഹണി.. ഈ വഴി നിനക്കു എങ്ങനെ അറിയാം..?" മിലി ചോദിച്ചു.

"അതു മോളെ... ഞങ്ങടെ കുടുംബത്തിൽ നിന്ന് ഇവിടെ വന്നു പഠിക്കുന്ന ആദ്യത്തെ ആളൊന്നും അല്ല ഞാൻ. എന്റെ ഇച്ചായൻ, ഉമ്മച്ചൻ പഠിച്ചത് ഇവിടെയാ.. ഇങ്ങനെ അല്ലേ എന്റെ നാത്തൂനേ പുള്ളി സ്ഥിരം മതില് ചാടിച്ചിരുന്നേ... ആ കൊമ്പ് ഏങ്ങാനും വെട്ടി കാണുമോ എന്നായിരുന്നു എന്റെ ടെൻഷൻ.. എന്തായാലും നമുക്ക് ഭാഗ്യം ഉണ്ട്.." ഹണി പറഞ്ഞു.

"നിന്റെ ഇച്ചായന്റെ പേര് എന്താണ് എന്നാ പറഞ്ഞത്?" മിലി ചോദിച്ചു.

"ഉമ്മച്ചൻ.."

"നിന്റെ അപ്പനും അമ്മയ്ക്കും പുള്ളിയോട് എന്തോ വിരോധം ഉണ്ടായിരുന്നു എന്ന് തോന്നുന്നു.. അല്ലെങ്കിൽ ഇങ്ങനത്തെ പേരിടോ.."

ഹെൽ സ്റ്റേഷന്റെ അടുത്ത് എത്താറായപ്പോൾ മിലി പറഞ്ഞു.

"നോക്ക്.. അടി നടക്കാണെങ്കിൽ നമ്മൾ അങ്ങോട്ട് പോവില്ല.. ഒളിച്ചു നിക്കും.. അടി കഴിഞ്ഞു അവന്മാർ ചോര ഒളിച്ചു കിടക്കുമ്പോ ആശുപത്രിയിൽ കൊണ്ടോവ എന്നത് മാത്രം ആണ് നമ്മുടെ ലക്ഷ്യം.. ഒക്കെ?"

അവൾ വളരെ സ്ട്രിക്ട് ആയി പറഞ്ഞത് കേട്ട് ലച്ചുവും ഹണിയും സ്കൂൾ പിള്ളേരെപോലെ തല കുലുക്കി.

"അപ്പൊ നമ്മൾ പോകുന്നു. ആയുധങ്ങൾ ഒക്കെ എടുത്തു റെഡിയായി നടന്നോ.."

ലച്ചുവും ഹണിയും മിലിയെ ഫോളോ ചെയ്തു നടന്നു - ഹെൽ സ്റ്റേഷനിലേക്ക്.

"എന്തോ അനക്കം കേൾക്കുന്നുണ്ട്. " ഹെൽ സ്റ്റേഷന് അടുത്ത് എത്തിയപ്പോൾ ഹണി ഒരു ഡിക്ടറ്റീവ്നെ പോലെ പറഞ്ഞു.

"ഒരു കരച്ചിൽ അല്ലേ അതു..."

(തുടരും..)

ബൈ ദി ബൈ.. ഇന്നത്തെ പാർട്ടിൽ പെൺപിള്ളേർ മാത്രമേ ഒള്ളൂ.. ശ്രദ്ധിച്ചോ?? എല്ലാ പെൺപിള്ളേർക്കും വേണ്ടി ഇന്നത്തെ പോസ്റ്റ്‌ ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു.

ഇവിടെ വന്നു പോകുന്ന തരുണീ മണികൾ രണ്ടു വാക്ക് കുറിക്കാൻ മറക്കല്ലേ..
 


നിനക്കായ്‌ ഈ പ്രണയം (27)

നിനക്കായ്‌ ഈ പ്രണയം (27)

4.5
3470

"എന്തോ അനക്കം കേൾക്കുന്നുണ്ട്. " ഹെൽ സ്റ്റേഷന് അടുത്ത് എത്തിയപ്പോൾ ഹണി ഒരു ഡിക്ടറ്റീവ്നെ പോലെ പറഞ്ഞു. "ഒരു കരച്ചിൽ അല്ലേ അതു...??" ലച്ചു ചോദിച്ചു. "അത് ഏതോ പട്ടി മോങ്ങുന്നതാടീ.." ഹണിയുടെ മറുപടി എത്തി.. "ശ് ശ് ശ്... ഒന്ന് മിണ്ടാതിരിക്കാമോ " മിലി ആകെ പരിഭ്രമിച്ചു പറഞ്ഞു അവർ ഒന്ന് ചുറ്റും നോക്കി.. പണി തീരത്തെ കിടക്കുന്ന ഒരു റെയിൽവേ പാളം..ഗുഡ്‌സ് വണ്ടിയുടെ ചതുരത്തിൽ ഉള്ള തരം ഒരു ബോഗി അവിടെ കിടപ്പുണ്ട്.. പിന്നെ ടയർ മാത്രം ഉള്ള ഒരു ഭാഗവും.. അവിടിവിടെ ആയി കുറെ വക്കോൽ കൂനകളും.. "ഈ കോളേജിലെ അവിഹിതം മുഴുവൻ ഇവിടെ ആകും നടക്കണേ.." ഹണി അറിയാതെ പറഞ്ഞു. മിലി അവള