Aksharathalukal

നിനക്കായ്‌ ഈ പ്രണയം (31)

"നീ എന്താ എന്റെ മുറിയിൽ?" ആകാശിന്റെ ചോദ്യം കേട്ട് മിലി ഒന്ന് ചൂളി.

"നിന്റെ മുറിയായിരുന്നോ? എനിക്കറിയില്ലായിരുന്നു. ഞാൻ വെറുതെ പുസ്തകങ്ങൾ നോക്കുകയായിരുന്നു." മിലി പറഞ്ഞു.

"എന്റെ പുസ്തകങ്ങൾ ആരും തൊടുന്നത് എനിക്കിഷ്മല്ല.."

"അതിപ്പോ.. ഞാൻ ഒന്ന് തോട്ടെന്ന് വച്ചു അക്ഷരം മാഞ്ഞു പോകുകയൊന്നും ഇല്ലല്ലോ..?" മിലി കെറുവിച്ചു പറഞ്ഞപ്പോൾ ആകാശ് ഒരടി കൂടി അവളോട് ചേർന്നു നിന്നു.

"അക്ഷരം മാഞ്ഞു പോകില്ല.. പക്ഷെ.." ആകാശ് അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.

"പക്ഷെ?" അവന്റെ കണ്ണിൽ നോക്കി അത് ചോദിക്കുമ്പോൾ അവളുടെ കൺപീലികൾ ഒന്ന് പിടച്ചു.

"പക്ഷെ.. " അവൻ അവളോട് അല്പം കൂടി ചേർന്നു നിന്നു.

ആകാശിന്റെ നിശ്വാസം അവളിൽ തട്ടിയപ്പോൾ അവൾ മറ്റൊരു ലോകത്തെത്തി.

"പക്ഷേ..?" ചോദ്യഭാവം വിടാതെ മിലി ചോദിച്ചു.

"പക്ഷെ.. പിന്നെ ഈ പുസ്തകങ്ങളെ പോലെ നീയും എനിക്ക് പ്രിയപ്പെട്ടതായി തീർന്നാലോ?"

"അയ്യടാ.. ചെക്കന്റെ ഒരു പൂതി... അതങ്ങ് മനസിൽ തന്നെ വച്ചാൽ മതി.." ആകാശിനെ പിന്നിലേക്ക് തള്ളി മിലി ലച്ചുവിന്റെയും ഹണിയുടെയും അടുത്തേക്ക് ഓടി.

അവിടെ നിന്നായിരുന്നു തുടക്കം. എണ്ണിയാൽ ഒടുങ്ങാത്ത എസ്‌ എം എസ്സുകൾ. രാത്രി പുതപ്പിനടിയിൽ പതിഞ്ഞ സ്വാവരത്തിലുള്ള സംസാരം. നേരിട്ട് കാണുമ്പോൾ പരസ്പരം ഉള്ള കരുതൽ. അങ്ങനെ നിറഞ്ഞൊഴുകുകയായിരുന്നു പ്രണയം. വർഷങ്ങൾ കടന്നു പോയതറിയാതെ.

********************

(മൂന്ന് വർഷങ്ങൾക്കു ശേഷം..)

ക്യാമ്പസ്സിലെ വാക മരചോട്ടിൽ സംസാരിച്ചിരിക്കുകയായിരുന്നു ആകാശും മിലിയും. മിലിയുടെ വലം കൈ അവന്റെ കൈകളിൽ പിടിച്ചിരുന്നു.

"ഡാ.. നമുക്ക് ഉണ്ടാവുന്ന മക്കൾക്കു എന്ത് പേരിടണം?" മിലിയുടെ ചോദ്യം കേട്ട് ആകാശ് കണ്ണു മിഴിച്ചു.

"അത് നമ്മൾ കഴിഞ ആഴ്ച്ച ഡിസ്‌കസ് ചെയ്തത് അല്ലേ? നിനക്കിഷ്ടപ്പെട്ട പേര് ചൂസ് ചെയ്യഞ്ഞോണ്ട് മൂന്ന് ദിവസം അല്ലേ നീ പിണങ്ങി നടന്നത്.. ഇനിയും പിണങ്ങാൻ ആണോ? ഒന്ന് ഇണക്കിയതിന്റെ കഷ്ടപ്പാട് എനിക്കെ അറിയൂ.. ഞാൻ ഇല്ലേ.. നിനക്ക് ഇഷ്ടമുള്ള പേരിട്ടോ.. " ആകാശിന്റെ മറുപടി കേട്ട് മിലി ചുണ്ട് കൂർപ്പിച്ചു.

"അങ്ങനെ ഇപ്പൊ എന്റെ മാത്രം ഇഷ്ടത്തിന് പേരിടണ്ട.. നിനക്ക് ഇഷ്ട്ടം ഉണ്ടെങ്കിൽ മതി" കെറുവിച്ചുകൊണ്ട് അവൾ പറഞ്ഞു.

"അയ്യോടാ മുത്തേ.. പിണങ്ങല്ലേ.. പേര് നീ ഇട്ടോ.. എത്ര പിള്ളേർ വേണം എന്ന് തീരുമാനിക്കുന്നത് പക്ഷെ ഞാനാ.." ചിരിച്ചുകൊണ്ട് അവളുടെ കഴുത്തിലേക്ക് അവൻ മുഖം പൂഴ്ത്തി. നാണം കൊണ്ട് അവളൊന്നു പിടഞ്ഞു. കവിളുകൾ ചുമന്നു. കണ്ണുകൾ ഇറുക്കി അടച്ചു.

"എന്താ ആകാശ് ഈ കാണിക്കുന്നേ.. ആരെങ്കിലും കാണും.. " ശാസിക്കുകയാണെങ്കിലും അവളുടെ സ്വരം അത്രമേൽ ആർദ്രമായിരുന്നു. അത് കേട്ടപ്പോൾ അവൻ പിന്നെയും അവളിലേക്ക് ചേർന്നു.
 

🎶🎶
ഈ സോളമനും ശോശന്നയും
കണ്ടുമുട്ടി പണ്ടേ ..
 
മാമോദീസാ പ്രായം തൊട്ടേ
ഉള്ളറിഞ്ഞേ തമ്മിൽ ..
 
കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
മിണ്ടാതെ മിണ്ടി പണ്ടേ
 
കണ്ണ്കൊണ്ടേ ഉള്ളുകൊണ്ടേ 
മിണ്ടാതെ മിണ്ടി പണ്ടേ
 
രുറ്റുരു രൂ..രുറ്റുരു രൂ.
രുറ്റുരു രൂ..രുറ്റുരു രൂ.
🎶🎶
 
മിലിയുടെ ഫോൺ ബെല്ലടിച്ചത് കേട്ടു നിരാശയോടെ പുറകോട്ട് മാറി ആകാശ്. ചുണ്ടിൽ ഒരു കള്ള ചിരിയുമായി മിലി ഫോൺ എടുത്തു കാതോട് ചേർത്തു.
 
"ഹലോ.."
 
മിലിയുടെ മുഖത്തെ ചിരി മായുന്നത് ആകാശ് കണ്ടു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.
 
******************
 
ഹൈസ്കൂൾ കുട്ടികൾ ഒരുക്കിയ ഗ്രീൻ ഹൌസിൽ ചെടികളെ നോക്കി ഇരിക്കുകയായിരുന്നു രഘുവും മിലിയും. ഒഴിഞ്ഞ ചായക്കപ്പുകൾ  ബെഞ്ചിനരികിൽ വച്ചിരുന്നു. തോളോട് തോൾ ചേർന്നു അവർ ഇരുന്നു.
 
"ഞാൻ വീട്ടിലെത്തുമ്പോ വെള്ളതുണി പുതപ്പിച്ചു നിലവിളക്ക് കത്തിച്ചു കിടത്തിയിരിക്കുകയായിരുന്നു അച്ഛനെ. പക്ഷെ ആ കാഴ്ചയേക്കാൾ വേദനിപ്പിച്ചത് അച്ഛൻ സ്വയം ജീവനെടുത്തു എന്ന വാർത്ത ആയിരുന്നു. " മിലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
 
"ഏയ്‌.. കരയല്ലേ.." വലതു കരം കൊണ്ട് അവളെ തന്റെ തോളിലോട്ടു ചേർത്തു രഘു പറഞ്ഞു.
 
"അമ്മേടെ ഒരു കസിൻ ഉണ്ട്.. മുകുന്ദൻ മാമൻ.. മാമൻ പറഞ്ഞു.. സ്കൂൾ ബാങ്കിന് വിട്ടു കൊടുക്കാൻ.. എന്നിട്ട് വീട് വിറ്റ് ആ കാശു ബാങ്കിൽ ഇട്ടു അതിന്റെ പലിശ കാശു കൊണ്ട് ജീവിക്കാൻ. അല്ല.. അത്രയും എങ്കിലും പറയാൻ മാമനെ ഉണ്ടായിരുന്നുള്ളു. ബാക്കി എല്ലാവരും മൂക്കത്തു വിരൽ വച്ചു സങ്കടം പങ്കു വച്ചു അങ്ങ് പോയി. സാമ്പത്തിക ബാധ്യത കൊണ്ട് മരിച്ച ആളുടെ കുടുംബത്തെ അടുപ്പിക്കാതിരിക്കാനാ എല്ലാവരും നോക്കാ.." മിലി നെടുവീർപ്പിട്ടു.
 
"ആകെ താങ്ങും തണലുമായി നിന്നത് ലോഹി മാഷാ.. സ്കൂളിന്റെ കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കാനും ഉപദേശങ്ങൾ തരാനും മറ്റുമായി. ഇതിനിടയിൽ.. സത്യം പറയട്ടെ.. ആകാശിനെയും കോളേജും കോഴ്‌സും ഒക്കെ ഞാൻ മറന്നു.. അവൻ പലവട്ടം ഫോൺ ചെയ്തിട്ടും ഒന്ന് എടുക്കാൻ പോലും എനിക്ക് പറ്റിയില്ല. ഇപ്പോഴത്തെ ട്രെണ്ടിൽ പറഞ്ഞാൽ ഞാൻ അവനെ തേച്ചു.."മുഖത്തൊരു ചിരി വരുത്തി അവൾ പറഞ്ഞു.
 
"ഏയ്‌.. അനങ്ങനെ അല്ല മിലി.. തന്റെ സ്ഥാനത്തു ആരാണെങ്കിലും..." മിലി രഘുവിനെ തടഞ്ഞു.
 
"ഇല്ല രഘു.. എന്റെ സ്ഥാനത്തു മറ്റൊരാൾ ഉണ്ടായിരുന്നില്ല.. ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിരുന്നിരുന്നു."
 
അവളോട് എന്ത് മറുപടി പറയണം എന്ന് അവനു അറിയില്ലായിരുന്നു.
 
"പക്ഷെ.. ആകാശ്.. അവന്റെ സ്നേഹം അത്ര വലുതായിരുന്നു.. എന്റെ അവഗണനകളും തിരക്കുകളും എല്ലാം അവൻ മനസിലാക്കി. ഒരു പരിഭവം പോലും പറയാതെ.
 
ഒരു ദിവസം സ്കൂളിൽ നിന്നു മടങ്ങി എത്തിയ എന്നെ വരവേറ്റത്തു ഉമ്മറത്ത് നിന്നു ചിരിക്കുന്ന ആകാശിന്റെ മുഖം ആയിരുന്നു."
 
****************
 
ആകാശിന്റെ മുഖം കണ്ടു മിലിയുടെ കണ്ണുകൾ വിടർന്നു. എത്ര കാലമായി കണ്ടിട്ട്. ചെക്കന് താടിയും മീശയും ഒക്കെ വന്നിരിക്കുന്നു.
 
"ആകാശ്..." എന്ന് വിളിച്ചു മിലി ഓടി വന്നപ്പോൾ അവളെ ഒന്ന് എടുത്തു ഉയർത്തി അമർത്തി ഒന്ന് കെട്ടി പിടിച്ചു അവൻ. പിന്നെ ആരെങ്കിലും കാണുന്നുണ്ടോ എന്ന് ഒരു ചമ്മലോടെ നോക്കി അവളെ താഴെ നിർത്തി.
 
ഒരുപാട് കാലമായി പരസ്പരം കണ്ടിട്ടും കേട്ടിട്ടും. മിലിയുടെ തിരക്കിനിടയിലും ആകാശ് അവളെ മുടങ്ങാതെ വിളിക്കുമായിരുന്നു. പിന്നെ അവനും തിരക്കിലായി. ഫൈനൽ ഇയർ, അറിയേഴ്‌സ് എഴുതി എടുത്തു, ക്യാമ്പാസ് പ്ലേസ്മെന്റ്, പരീക്ഷ, പ്രോജക്ട് അങ്ങനെ.
 
"ഞാൻ ഒറ്റക്കല്ല.. മമ്മയും പപ്പയും ഉണ്ട് അകത്തു.. വാ.." അവൻ പറഞ്ഞപ്പോൾ അവളുടെ കണ്ണു നിറഞ്ഞു.
 
ആനിയെ കണ്ടപ്പോൾ അവൾ ഓടിപോയി കെട്ടിപിടിച്ചു കവിളത്തൊരു ഉമ്മകൊടുത്തു. ഡേവിഡ് നോട്‌ അവൾ കുശലം പറഞ്ഞു. ലോഹിമാഷും ലില്ലിയും എത്തിയിട്ടുണ്ട്.. ആകെ ഒരു മേളം വീട്ടിൽ.
 
 
മുതിര്ന്നവരെല്ലാം അകത്തെ മുറിയിൽ സംസാരത്തിൽ മുറുകിയപ്പോൾ മിലിയും ആകാശും ഒന്നിച്ചു മുറ്റത്തേക്കിറങ്ങി. അരമതിലിൽ കയറി ഇരുന്നു മായയും മിനിമോളും കളിക്കുന്നതും നോക്കി ഇരുന്നു രണ്ടു പേരും.
 
"മിലി ആകെ മാറിപ്പോയി.." ആകാശ് പറഞ്ഞു.
 
"ഞാൻ ആണോ മാറിപ്പോയത്? നീയല്ലേ.. താടിയും മീശയും ഒക്കെ എപ്പോ വേച്ചു?" മിലി കളിയായി ചോദിച്ചു.
 
"ബോർ ആണോ? കളയണോ?" താടിയിൽ തടവിക്കൊണ്ട് അവൻ തിരിച്ചു ചോദിച്ചു.
 
"ഏയ്‌.. നന്നായിട്ടുണ്ട്.." ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.
 
"ശെരിക്കും??" പാതി കാര്യവും പാതി കളിയുമായി അവൻ വീണ്ടും ചോദിച്ചു.
 
"ശെരിക്കും!" മിലി ഉറപ്പിച്ചു പറഞ്ഞപ്പോൾ രണ്ടു പേരും കൂടി ചിരിച്ചു.
 
ചിരിയൊന്ന് വഴി മാറിയപ്പോൾ പോക്കട്ടിലിരുന്ന കടലാസ് അവളുടെ നേരെ നീട്ടി ആകാശ്.
 
"എന്താ ഇത്‌?" മിലി ആകാംക്ഷയോടെ ചോദിച്ചു.
 
"തുറന്നു നോക്ക് "
 
മിലി അതു തുറന്നു വായിക്കുമ്പോൾ ആകാശ് പറഞ്ഞു. "നമ്മുടെ കോളേജിൽ നിന്നു എനിക്ക് മാത്രമേ കിട്ടിയിട്ടുള്ളു.. ഇത്രയും വലിയ കമ്പനി.. നേരിട്ട് യു കെ ക്കു ഒരു പോസ്റ്റിങ്ങ്‌.. തുടർന്നുള്ള പഠിപ്പും അവർ സപ്പോർട്ട് ചെയ്യും.."
 
ആകാശിന് കിട്ടിയ ജോലിയുടെ വിശേഷങ്ങൾ കേട്ട് സന്തോഷത്തിൽ മിലിയുടെ കണ്ണ് നിറഞ്ഞു.
 
"കൺഗ്രാജുലേഷൻസ്.." അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
 
"മാമ്മയുടെ ബ്രദർ പണ്ട് മമ്മക്കും പപ്പാക്കും യു കെ വിസ അപ്ലൈ ചെയ്തു ഇട്ടിരുന്നു. അന്ന് പിന്നെ പപ്പയുടെ ജോലി കാരണം ആണ് അവർ പോകാഞ്ഞത്. ഇപ്പൊ ഞാൻ പോകുമ്പോ.. എന്റെ കൂടെ വരാം എന്നാണ് അവർ പറയുന്നത്.. പപ്പക്ക് ഇനി ഒരു വർഷം കൂടെ അല്ലേ ഒള്ളൂ.. വോളന്ററി റിട്ടയർമെന്റ് എടുക്കാം എന്ന് കരുതുന്നു." ആകാശ് പറഞ്ഞു.
 
"നന്നായി.. അങ്കിലിനും ആന്റിക്കും നിന്നെ പിരിയാതെ നിക്കാലോ.." മിലി പറഞ്ഞു.
 
ആകാശ് പിന്നെ എന്ത് പറയണം എന്ന് ഒന്ന് സംശയിച്ചു.
 
"ഉം..?" അവന്റെ മുഖം വായിച്ചെന്ന പോലെ അവൾ ചോദിച്ചു.
 
"നീ... നീ വരോ ഞങ്ങളുടെ കൂടെ?" ആകാശിന്റെ ചോദ്യം കേട്ടു മിലി തറഞ്ഞു നിന്നു.
 
"ആകാശ്...." മിലി എന്ത് പറയണം എന്നറിയാതെ അവൾ അവനെ നോക്കി.
 
"എനിക്ക് പറ്റുന്നില്ല മിലി.. നീ ഇല്ലാതെ.. ഇപ്പൊ തന്നെ നിന്നെ ഒരു ഫോൺ പോലും ചെയ്താൽ കിട്ടുന്നില്ല.. ഇനി ഞാൻ യു കെ ക്കു കൂടി പോയാൽ.. നിന്നെ എനിക്ക് നഷ്ടപ്പെടാൻ വയ്യ.. " ദയനീയമായി അവൻ പറഞ്ഞു.
 
"ആകാശ്.. ഇവിടുത്തെ കാര്യങ്ങൾ.. ഞാൻ.. പെട്ടന്ന്..."
 
"പെട്ടന്ന് വേണ്ട മിലി... നീ സമയം എടുത്തോളൂ.. എല്ലാം ഒന്ന് സെറ്റിൽ ചെയ്യാൻ.. എന്നിട്ട് മതി.. ഞാൻ അടുത്ത വർഷം വരാം... അപ്പൊ ചെറിയൊരു മിന്നു കേട്ടു.. അതു മതി.." അവൻ പറഞ്ഞു.
 
"ഒരു വർഷം.. അതുകൊണ്ട് എന്താവന ആകാശ്.. മായ ഇപ്പോളും കുഞ്ഞല്ലേ? അവളെ ഏൽപ്പിക്കാൻ പറ്റുമോ സ്കൂൾ.. അമ്മയ്ക്കും അതിനുള്ള വിദ്യാഭ്യാസം ഒന്നും ഇല്ല.. ഞാൻ ആരെ ഏല്പിക്കും ഈ ഉത്തരവാദിത്വം എല്ലാം..?" അവൾ ചോദിച്ചു.
 
"നമുക്ക് ഈ സ്കൂൾ വിക്കാം മിലി.. ഒത്തിരി ലോൺ ഉണ്ട് എന്നല്ലേ നീ പറഞ്ഞത്.. അല്ലെങ്കിൽ ബാങ്കിന് കൊടുക്കാം.. അവർ എന്താണ് എന്ന് വച്ചാൽ ചെയ്യട്ടെ.. അമ്മയുടെയും അനിയത്തിമാരുടെയും കാര്യം ഓർത്തു നീ വിഷമിക്കണ്ട.. അവരെകൂടി സംരക്ഷിക്കാനുള്ള ശമ്പളം എനിക്ക് കിട്ടും.. അവർക്കിവിടെ സുഖമായി കഴിയാം.." ആകാശ് പറഞത് കേട്ട് മിലി ചിന്തയിൽ ആണ്ടു.
 
(തുടരും..)

നിനക്കായ്‌ ഈ പ്രണയം (32)

നിനക്കായ്‌ ഈ പ്രണയം (32)

4.5
3337

"നമുക്ക് ഈ സ്കൂൾ വിക്കാം മിലി.. ഒത്തിരി ലോൺ ഉണ്ട് എന്നല്ലേ നീ പറഞ്ഞത്.. അല്ലെങ്കിൽ ബാങ്കിന് കൊടുക്കാം.. അവർ എന്താണ് എന്ന് വച്ചാൽ ചെയ്യട്ടെ.. അമ്മയുടെയും അനിയത്തിമാരുടെയും കാര്യം ഓർത്തു നീ വിഷമിക്കണ്ട.. അവരെകൂടി സംരക്ഷിക്കാനുള്ള ശമ്പളം എനിക്ക് കിട്ടും.. അവർക്കിവിടെ സുഖമായി കഴിയാം.." ആകാശ് പറഞത് കേട്ട് മിലി ചിന്തയിൽ ആണ്ടു. സ്കൂൾ വിൽക്കുന്ന കാര്യം ആലോചിക്കുമ്പോൾ അച്ഛന്റെ വെള്ളതുണിയിൽ പൊതിഞ്ഞു കെട്ടിയ ശരീരം ആണ് അവൾക്ക് ഓർമ്മവരുന്നത്. "എനിക്ക് സാധിക്കില്ല ആകാശ്.. ഈ സ്കൂളിൽ മുഴുവൻ എന്റെ അച്ഛന്റെ വിയർപ്പാ.. അതു വിട്ടു കളയാൻ വയ്യടോ.." അവളുടെ ശബ്ദത്തിൽ ദയ