Aksharathalukal

എന്റെ മാത്രം - 1

"കഴിഞ്ഞതെല്ലാം ആലോചിച്ച് ഇനീം ഒറ്റക്ക് അവിടെ നിന്നാ വിഷമം കൂടുവേ ഉള്ളൂ. അതോണ്ട് നീ ഇങ്ങു വാ ടാ മോനേ "

എല്ലാം മറക്കാൻ ശ്രമിച്ചു നിന്ന എന്നെ അച്ഛന്റെ ആ വാക്കുകൾ ഒത്തിരി പിന്നോട്ട് കൊണ്ടുപോയി. അതിൽ നിന്നെല്ലാം മുക്തമാകാൻ എനിക്ക് പിന്നെയും സമയം വേണ്ടിവന്നു.

ഇവിടെ നിന്നൊന്ന് മാറി നിൽക്കുന്നത് നല്ലതാണെന്ന് എനിക്കും തോന്നി. എത്രയൊക്കെ ഞാൻ മറക്കാൻ ശ്രമിച്ചാലും ഒടുവിൽ അവളിൽ തന്നെ എന്റെ ഓർമ്മകളെല്ലാം ചെന്നെത്തിനിൽക്കും.

ഇവിടെ നിന്നൊന്ന് മാറി നിൽക്കണം എന്ന് തോന്നിയപ്പോൾ അത് ആദ്യം പറയണമെന്ന് തോന്നിയതും അവനോടായിരുന്നു അമ്പാടിയോട്. അവൾ എന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത് വരെ എന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ അവനായിരുന്നു. പിന്നീടെപ്പോഴോ അത് അവളായി മാറി എന്റെ അച്ചു.

എന്റെ ഫോൺ നമ്പർ കണ്ടതുകൊണ്ടാകും വേഗം call എടുത്തു അവൻ.

"ടാ ഞാൻ നാട്ടിലേക്ക് പോകുവാ രാവിലെ അച്ഛൻ വിളിച്ചിരുന്നു "

"അത് ഏതായാലും നന്നായി ഇവിടന്നു എങ്ങോട്ടേലും ഒന്ന് മാറി നിൽക്കാൻ ഞാൻ നിന്നോട് പറയാനിരുന്നതാ "

"നാളെ തന്നെ പോയാലോന്ന് ആലോചിക്കുവാ ഞാൻ "

"എത്രേം പെട്ടെന്ന് പോയാ അത്രേം നല്ലതാ അതെ എനിക്ക് പറയാനുള്ളൂ "

"അപ്പോ നാട്ടിൽ എത്തിട്ട് വിളിക്കാം ഞാൻ "

ഒടുവിൽ നീണ്ട 4 വർഷത്തിന് ശേഷം ഇന്നാണ് ഞാൻ എന്റെ നാട്ടിലേക്ക് വരുന്നത്. എല്ലാം പഴയത് പോലെ തന്നെ ഉണ്ട്. എത്രയൊക്കെ പരിഷ്കാരങ്ങൾ വന്നെങ്കിലും അതൊന്നും തന്നെ ഇവിടെ വേരുറപ്പിച്ചിട്ടില്ലെന്നു എനിക്ക് മനസിലായി.

പെട്ടെന്ന് വീശിയടിച്ച ഒരു കാറ്റ് വന്ന് എന്നെ തട്ടിത്തലോടി പോയി. ഇത്ര നാളും ഞാൻ ഇങ്ങോട്ട് തിരിഞ്ഞു നോക്കാത്തതിന്റെ പരിഭവമാണോ. അതോ ഞാൻ തിരിച്ചു വന്നതിലുള്ള സന്തോഷമാണോ ഇത് അറിയില്ല.

ദൂരെ ഉള്ള കൃഷ്ണന്റെ അമ്പലത്തിൽ നിന്നുള്ള മണിനാദം കേൾക്കാം. നാമം ചൊല്ലുന്ന ആലിലകളെയും അത് കേട്ട് മന്ദം മന്ദം ഒഴുകുന്ന പുഴയും കാറ്റേറ്റ് തലചായ്ച്ചു നിൽക്കുന്ന നെൽവയലും എല്ലാം എനിക്കായ് മാത്രം കാത്തിരിക്കുന്ന പോലെ.

അങ്ങ് ദൂരെ വീടിന്റെ ഉമ്മറത്ത് അമ്മ നോക്കി നിൽക്കുന്നത് കാണം. നീണ്ട ഒരു ഇടവേളക്ക് ശേഷം എന്നെ കണ്ടതുകൊണ്ടാകും അമ്മയുടെ മുഖത്ത് ഒരു തിളക്കം. എന്നെ കണ്ടതും അമ്മ എന്റെ അടുത്തേക്ക് നടന്നു വന്നു. ബാഗ് നിലത്ത് വെച്ച് അമ്മയെ ഒന്ന് കെട്ടിപിടിച്ചപ്പോഴേക്കും എന്തോ ഒരു വലിയ മഴ പെയ്തു തോർന്ന പോലെ തോന്നി.

"ദേ ഒന്നിങ്ങട് വന്നേ നമ്മുടെ ഉണ്ണി വന്നിരിക്കണു "

അമ്മ വീടിനകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. എന്തോ അത് കേൾക്കാൻ കാത്തിരുന്ന പോലെ ഉമ്മറത്തെ ചാരുകസേരയിൽ നിന്നും ചാടി എഴുന്നേറ്റ് അച്ഛൻ അടുത്തേക്ക് വന്നു എന്നിട്ട് ചോദിച്ചു.

"ബസ് ഇന്ന് വൈകിയോ അതാണോ വരാൻ താമസിച്ചത് "

അതെന്നു ഞാൻ തലകുലുക്കി വാത്സല്പൂർവം അച്ഛനെന്നെ ഒന്ന് നോക്കി അതല്ലാതെ വേറൊന്നും അച്ഛൻ എന്നോട് പറഞ്ഞില്ല.

അങ്ങനെ ഞാൻ എന്റെ മുറി ലക്ഷ്യം വെച്ച് നടന്നു. ഞാൻ പോയതിനുശേഷവും അമ്മ അത് വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. ബാഗ് നിലത്ത് വെച്ച് നേരെ കട്ടിലിലേക്ക് കിടന്നു. യാത്രാക്ഷീണം കാരണമാവാം ഞാൻ ഉറങ്ങിപ്പോയി. പിന്നീട് ഞാൻ കണ്ണ് തുറക്കുമ്പോൾ അമ്മ എന്റെ മുടിയിൽ തലോടുവായിരുന്നു.

"നീ ഇങ്ങനെ കിടന്നാൽ എങ്ങനാ എന്റെ ഉണ്ണിയേ അമ്മേടെ മോൻ ഒന്ന് പോയി ആ കുളത്തിൽ ഒന്ന് മുങ്ങി വാ. അപ്പോഴേക്കും അമ്മ മോന് ഏറ്റവും ഇഷ്ട്ടമുള്ള പുട്ടും കടലേം ഉണ്ടാക്കി വെക്കാം "

അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി. ബാഗിൽ നിന്ന് മാറാനുള്ള ഡ്രസ്സ്‌ എടുത്ത് തിരിഞ്ഞതും അവിടെ ഷെൽഫിൽ ഒരു ആൽബം ഇരിക്കുന്നത് കണ്ടു. അതെടുത്തു നോക്കിയതും എന്റെ കണ്ണുകൾ നിറഞ്ഞു. അത് എന്റേം അച്ചുന്റേം വിവാഹ ആൽബം ആയിരുന്നു. ഓരോ തവണ അവളെ നോക്കുമ്പോഴും അവൾക്ക്‌ ഭംഗി കൂടി വരുന്നതായി തോന്നി. അവളുടെ കണ്ണുകൾക്ക് എന്തോ കാന്തശക്തി ഉള്ള പോലെ.

"മോനേ ഉണ്ണിയേ "

അമ്മേടെ വിളി കേട്ട് ഞാൻ ആൽബം എടുത്തു വെച്ച് അങ്ങോട്ട് പോയി. പക്ഷെ അപ്പോഴും എന്റെ മനസ്സ് നിറയെ അവളായിരുന്നു അത് മനസിലായിട്ടെന്നോണം അമ്മ എന്നോട് ചോദിച്ചു

"ഉണ്ണി നീ ഇപ്പോഴും കഴിഞ്ഞതൊക്കെ തന്നെ ആലോചിച് ഇരിക്കാർന്നോ "

അമ്മയെ ഒന്ന് നോക്കിയേ ഉള്ളൂ മറുപടി പറയാൻ വന്നെങ്കിലും എന്തോ വാക്കുകൾ പുറത്തേക്ക് വന്നില്ല അത് തൊണ്ടയിൽ തന്നെ സ്ഥാനം ഉറപ്പിച്ചു.


തുടരും...............

Achuzz