Aksharathalukal

നിന്റെ ദേവൂട്ടൻ..... ❣️


നിന്റെ ദേവൂട്ടൻ.... ❣️ 






അസ്സ്തമയമെന്ന് പറഞ്ഞറിയിക്കും പോലെ ആകാശ മേൽക്കൂരയ്ക്ക് താഴെ വിയർപ് മണം നിറഞ്ഞ നിരത്തുകളില്‍ മഞ്ഞ തെരിവു വെളിച്ചം പടർന്നു…

കാളീഘട്ടിനോട് ചേര്‍ന്ന് മതിലിനുമുകളില്‍ പലതരം പ്രായത്തിലുള്ള ശരീരങ്ങള്‍ വില്പനയ്കായ് നിരന്നു..ചുണ്ട് കളില്‍ ചുവപ്പ് ഛായം തേച്ച് ശരീരത്തിന്റെ അഴകളവുകള്‍ എടുത്തു കാട്ടി അങ്ങനെ..!

“വസൂ ഈ ചൂടില്‍ ചൂടുചായ കുടിക്കുന്നതും ഒരു സുഖമാണില്ലേ?അതും ഈ മസാല ചായ..”

മണ്ണ് കൊണ്ടുള്ള മഡ്ക യിൽ നിന്നും ചുണ്ടുകൾ എടുക്കുമ്പോൾ കണ്ടു നിരത്തിലേക്ക് നോക്കി ഇരിക്കുന്ന വസു..

“നിന്റെ കണ്ണുകളിപ്പോഴും റോഡിനപ്പുറമാണല്ലോ?അതിലൊരാളായ് ഞാന്‍ നിന്നാല്‍ എനിക്ക് നീ എന്ത് വിലയിടും..?”

പകുതി കുസൃതിയും പകുതി പരുഷവുമായ്
അവൾ ചോദിച്ചപ്പോൾ ഒരു നിമിഷം അവന്റെ ചാര കണ്ണുകൾ അവളിൽ തറഞ്ഞു…

“പീലി മതി..!”

” അപ്പോള്‍ വസുവിനും ദേഷ്യം വരും ഇല്ലേ?”

അവന്റെ മുഖത്ത് ഇരച്ച് വന്ന ദേഷ്യം കണ്ടില്ലെന്ന് നടിച്ച് അവള്‍ തുടര്‍ന്നു..

“ഇതു വരെ ഒരു പെണ്‍കുട്ടിയെ പോലും സ്നേഹിക്കാത്ത ഒരു ഉമ്മ പോലും അഗ്രിഹിക്കാത്ത മുനികുമാരന്‍ ആണ് ഇയാള്‍ എന്നൊന്നും പറഞ്ഞാല്‍ വിശ്വസിക്കാന്‍ തക്ക പൊട്ടി അല്ല ഞാന്‍..!”

“ഞാന്‍ പറഞ്ഞില്ലല്ലോ പീലി പ്രണയിച്ചിട്ടില്ലെന്ന് ?”

“വേണ്ട വസൂ ഇനിയും ദേവൂട്ടി എന്ന പതിവു പല്ലവി വേണ്ട..ആ കഥ ഞാന്‍ എത്രയോ കേട്ടു..?”

“പീലി നീ പുനര്‍ജ്ജന്‍മത്തില്‍ വിശ്വസിക്കുന്നുണ്ടോ?”

“ഈ ജന്‍മത്തില്‍ തന്നെ എനിക്ക് എന്നെ നഷ്ടപെട്ടു ..അപ്പോളാ പുനര്‍ജ്ജന്‍മം”


കൈയിലെ ചൂട് ചായ ചുണ്ടോട് ചേർക്കുമ്പോൾ അവളുടെ മുഖത്തു ഒരു പുച്ഛ ഭാവം നിറഞ്ഞു…

“പീലി നീ പറയുന്ന അര്‍ത്ഥമില്ലാത്ത സ്വപ്നങ്ങളുടെ അര്‍ത്ഥം തിരയാനെങ്കിലും നാളെ നീ വരുമോ എന്റെ കൂടെ..?”

ഇതു പോലെ ഒരു സന്ധ്യക്ക് നാഷണല്‍ ലൈബ്രറിയില്‍ ആണ് ആദ്യമായ് വസുദേവ് എന്ന വസു തന്റെ ജീവിതത്തിലേക്ക് വന്നത്.,.

നാഷണല്‍ ലൈബ്രറിയുടെ ഒഴിഞ്ഞ കോണില്‍ ഡ്രീം അനാലിസിസ് ന്റെ പേജുകളില്‍ മുഖം പൂണ്ടിരുന്നപ്പോളാണ് ആരോ തന്നെ ശ്രദ്ധിക്കുന്നു എന്ന തോന്നലുണ്ടായത്..

തന്നെ ഉറ്റ് നോക്കുന്ന ചാരനിറമുള്ള രണ്ടു കണ്ണുകള്‍..എന്തൊക്കെയോ പറയാന്‍ ബാക്കി വച്ച മുഖ ഭാവവും..നെറ്റിയില്‍ ഇറ്റ് വരുന്ന വിയര്‍പ്പ് തുടയ്കുമ്പോള്‍ കണ്ടു വലതു കയ്യിലെ ചുമന്ന ചരടില്‍ തൂങ്ങി കിടക്കുന്ന രുദ്രാക്ഷം..!

കണ്ണുകള്‍ മാറ്റി വീണ്ടും വായനയില്‍ മുഴുകാന്‍ ശ്രമിച്ചപ്പോളും മനസ്സ് എന്തൊക്കെയോ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോലെ …

വര്‍ഷങ്ങള്‍ക്ക് മുന്നെ കാളീഘട്ടിലെ തെരുവില്‍ നിന്ന് കിട്ടിയതാണ് പീലിയെ ശേഖറിന്..അവളുടെ അച്ഛനും അമ്മയും ആരെന്ന് മരണം വരെയും അയാള്‍ക്ക് അറിയില്ലായിരുന്നു..ഒരു മകളെ പോലെ അയാളവളെ വളര്‍ത്തി..അയാളുടെ ഭാഷയും വിശ്വാസങ്ങളും പഠിപ്പിച്ചു..

തെരുവിലെ മാംസകച്ചവടം കണ്ട് വളര്‍ന്ന അവള്‍ക്ക് പക്ഷെ മനസ്സ് വായിക്കാന്‍ അറിയില്ലായിരുന്നു..
അവളുടെ മുന്നില്‍ കണ്ട പുരുഷന്‍ മാര്‍ അധികവും ശരീരത്തിനായ് വരുന്നവരാണ് അതില്‍ ചില കണ്ണുകള്‍ ആര്‍ത്തിയോടെ തനിക്ക് നേരേ നീണ്ടപ്പോള്‍ അവളോര്‍ത്തു..ഒരിക്കല്‍ താനും ഇത് പോലെ വിലപേശാന്‍ നിക്കേണ്ടിവരും..
അച്ഛന്റെ മരുന്നിന് തന്നെ തികയുന്നില്ല വരുമാനം..

ആ ഇടയ്കാണ് ഒരു പ്രസ്സില്‍ അവള്‍ക്ക് ജോലി കിട്ടുന്നത്..അവ്ടെ നിന്നും വായനയിലേക്ക് കടന്നു..
ഒടുവില്‍ രോഗത്തിനു കുീഴടങ്ങി അച്ഛൻ തന്നെ ഒറ്റയ്ക്കാക്കി പോയപ്പോൾ മുതൽ ദുസ്വപ്നങ്ങൾ കൂട്ടു വന്നു..

.തുടർച്ചയായ് കാണുന്ന ആ സ്വപ്നങ്ങളുടെ
അര്‍ത്ഥം തിരയുമ്പോളാണ് വസുവിന്റെ കൈയ്യിലെ രുദ്രാക്ഷം മനസ്സ് അസ്വസ്ഥമാക്കിയത്…

.വായന നിര്‍ത്തി തിരികെ വീട്ടില്‍ ചെന്നപ്പോളും മനസ്സ് എന്തൊക്കെയോ തിരഞ്ഞു..

പിന്നെയും പല ദിവസങ്ങളിലും അവനെ കണ്ടു….പരിചയപെട്ടു..അവനാരെയോ തേടി ഉള്ള അലച്ചിലില്‍ ആരുന്നു എന്ന് മനസിലായി.. അവന്റെ ദേവൂട്ടിയെ..!

എത്രയോ വര്‍ഷം മുന്നെ മരിച്ചു പോയ അവന്റെ ദേവൂട്ടി..അവളെ തേടിയുള്ള യാത്രയാണത്രേ..ഇപ്പോൾ തിരിച്ചു പോകുന്നു..
പോകുമ്പോൾ താൻ കൂടെ ചെല്ലണമെന്നാണ് വാശി.. അവന്റെ കഥകളിലെ ചാത്തന്‍ കുന്നും..കണ്ണാടി പുഴയും കാണാന്‍..!ഒരു തമാശയായിട്ടാണ് ആദ്യം തോന്നിയത്..

തന്റെ ഇരട്ടിയോളം വയസ്സുള്ള ഒരു മനുഷ്യന്‍ എന്തിനാവും തന്നെ കൂടെ കൊണ്ട് പോകാന്‍ നിര്‍ബന്ധിക്കുന്നത്..?

ചുവന്നതെരുവിലോ കമാത്തിപുരത്തോ വില്‍ക്കാനാകുമോ?

പക്ഷെ മാന്യതവിട്ട ഒരു നോട്ടം പോലും തനിക്ക് നേരെ ഉണ്ടായിട്ടില്ല..
പിന്നെ ഇവനും വേണ്ടത് ശരീരമാണെങ്കില്‍ ഇനി ഇവ്ടെ നിന്നാലും താന്‍ അത് തന്നെയല്ലേ ചെയ്യാന്‍ പോകുന്നത്..?

“പീലി നാളെ ഉച്ചയ്ക്കാണ് ട്രെയിന്‍ ..നീ വരണം..നീ വരാതെ ഞാന്‍ പോകില്ല..!നീ വരണം..!”

അവന്റെ പരുക്കന്‍ ശബ്ദം ചിന്തകളില്‍ നിന്നുണര്‍ത്തി..എണ്ണയില്ലാതെ പാറി വീണ മുടി ഇഴകളൊതുക്കി കൊണ്ടവള്‍ പറഞ്ഞു..

“വസൂ എന്നോട് ആജ്ഞാപിക്കരുത് അതെനിക്കിഷ്ടമല്ല..അതിനുള്ള ഒരു ബന്ധവും ഈ ദിവസത്തിനിടയ്ക് നിന്നോടെനിക്ക് തോന്നിയിട്ടില്ല..”!

കൂസലില്ലാത്ത അവളുടെ മറുപടി അവനെ ചൊടിപ്പിച്ചു..

പക്ഷെ അപ്പോള്‍ ഓര്‍മ്മയിലെവ്ടുന്നോ ഒരു കൊഞ്ചലെത്തി ..
“പിണങ്ങല്ലേ വസൂ ..നിന്റെ ദേവൂട്ടനല്ലേ..!”

പിന്നെയും മുഖം വീര്‍പ്പിച്ചു നിക്കുന്ന തന്റെ മുന്നില്‍ വന്ന് ഏത്തമിടും..

“വസൂന്റെ ദേവൂട്ടനല്ലേ..!ക്ഷമിക്കെന്നേ..!”
അപ്പോളേക്കും തന്റെ പിണക്കം മാറിയിരിക്കും..!

ഒന്നും മിണ്ടാതെ അവളുടെ പുറകെ നടന്നു ആ മുറിയുടെ ഒരു മൂലയില്‍ അവനും കിടന്നു..മനസ്സില്‍ ഒരു പ്രാര്‍ത്ഥനമാത്രം മഹാദേവാ തിരികെ തരണേ എന്റെ ദേവൂട്ടിയേ..!

കുത്തനെ ഉള്ള ചെമ്മണ്‍ പാത ഓടികയറുകയാണ് താന്‍..


ചുറ്റും വിജനമാണ്…ചെമ്മന്‍ പാതയ്ക് അവസാനം ആണ് ആ കല്‍പടവുകള്‍..അതിനും മുകളിലേക്ക് ധൃതിയില്‍ ഓടുകയാണ്…ഓടി എത്തിയത് മൊട്ട കുന്നിനു മുകളില്‍..കണ്ണുകള്‍ ഇടം വലം വെട്ടുന്നു..ആരെയോ തിരയുകയാണ്.

.ശവം കരിയുന്ന കറുത്ത പുക ചാത്തന്‍ മലയുടെ താഴെ നിന്നുയരുന്നു..അവ്ടെ ആരുടെയോ ശവം കത്തുന്നുണ്ട്..ആ ചുടല പറമ്പില്‍.

.അതിനും അപ്പുറം ആണ് ആത്മാക്കളുടെ താഴ്വര..

പെട്ടെന്ന് കത്തി കൊണ്ടിരുന്ന ആ ശരീരം ഉയര്‍ന്നുവോ?പേടിച്ച് പിറകി ലേക്ക് മാറും മുന്നെ ആരോ തന്നെ താഴേക്ക് തള്ളിയോ?

എരിഞ്ഞു പൊങ്ങിയ ആ ശവശരീരത്തിനു മുകളിലേക്ക്..ഒരു നിലവിളിയോടെ താഴേക്ക് പതിക്കുന്ന തന്റെ കയ്യിലെന്തോ മുറുകെ പിടിച്ചിരിക്കുന്നു..ഒരു രുദ്രാക്ഷം..!

രാവിന്റെ ചൂടോ സ്പ്നത്തിന്റെ ചൂടോ കൊണ്ട് ഞെട്ടി ഉണര്‍ന്നപ്പോള്‍ താന്‍ വിയര്‍ത്തിരുന്നു..

താഴെ ഉറങ്ങുന്ന വസുവിനെ കണ്ടു..പൊടിപിടിച്ച ജനല്‍ വിരി മാറ്റി പുറത്തേക്ക് നോക്കി ..

,തെരുവില്‍ രാത്രി കച്ചവടം അവസാനിച്ചിട്ടില്ല…വസുവിന്റെ കൂടെ പോകണോ ?അതോ ഇവരില്‍ ഒരാളായ് ഇവ്ടെ..!

വസുവിനൊപ്പം പോയാലും ഇത് തന്നെ ആവില്ലെന്നെന്തുറപ്പ്?തനിക്കു വേണ്ടിയാണ് അവൻ യാത്ര നീട്ടി വയ്കുന്നത്..

.മറ്റൊരു ലോഡ്ജ് നോക്കണ്ട എന്റെ മുറിയില്‍ ഉറങ്ങാം എന്ന് പറയുമ്പോളും അവന്റെ മേല്‍ ഒരു സംശയം ഉണ്ടായിരുന്നു..

അവന്റെ നാടിനെ കുറിച്ചുള്ള കഥകള്‍ അച്ഛന്‍ പറഞ്ഞ് കേട്ട കഥകള്‍ ഇതൊക്കെ ആണ് ഇന്ന് തനിക്ക് അവനിലുള്ള ഈ അടുപ്പത്തിനു കാരണം..

എന്തോ സ്പ്നം കണ്ടിട്ടാകും അവന്റെ ചുണ്ട്കളില്‍ ഒരു ചിരി വിരിഞ്ഞത്…
ഒന്നു കൂടി ചരിഞ്ഞ് വലതു കൈ മുഖത്തേക്ക് വയ്ക്കുമ്പോള്‍ അവള്‍ കണ്ടു ആ രുദ്രാക്ഷം അതേ രുദ്രാക്ഷം..!

“പീലി ദേ അടുത്ത സ്റ്റേഷന്‍ നമ്മുടേതാണ്..പിന്നെ 15 mint യാത്ര വീട്ടിലേക്ക്..”

.അവന്റെ മനസ്സിലെ സന്തോഷം വാക്കുകളിലും മുഖത്തും നിറഞ്ഞ് നിന്നു..

“ദേ വസു അധികം സന്താഷിക്കണ്ട ഞാന്‍ എപ്പോള്‍ വേണേലും തിരിച്ച് പോകുമേ?”അവൻ ആ വാക്കുകൾ ശ്രദ്ധിച്ചില്ല അന്ന് തോന്നി..

ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ കണ്ടു സ്ഥലപേര് മയിലാടും കുന്ന്.

.വസു പറഞ്ഞത് ഓര്‍മ്മയില്‍ നിറഞ്ഞു…

പണ്ട് പണ്ട് ഈ സ്ഥലം ഒക്കെ വലിയ കാടുകളും മലകളും ആയിരുന്നു…മയിലുകളായിരുന്നു ഇവ്ടെ മുഴുവനും..കണ്ണാടി


പുഴയ്ക് അപ്പുറം ഉള്ള കാടുകളില്‍ ഇപ്പോളും മയില്‍ കൂട്ടം ഉണ്ടത്രേ!

പണ്ട് ശ്രീ പാർവതി നായാട്ടിനായ് കാട്ടിൽ വന്നപ്പോൾ മുഖം നോക്കിയ പുഴ ഇവിടുണ്ടെന്നും അതാണത്രെ കണ്ണാടി പുഴ..അതിനോട് ചേർന്ന് ഒരു ശിവക്ഷേത്രവും പിന്നീട് പണിയുക ഉണ്ടായി..

റോഡിനപ്പുറം ഉള്ള ചായപീടികയില്‍ നിന്ന് പലരുടെയും കണ്ണുകള്‍ തനിക്ക് നേരെ നീളുന്നുണ്ട്..

കൈയ്യില്ലാത്ത ഉടുപ്പിലേക്കും മുട്ടറ്റം നീളമുള്ള പാവാടയിലേക്കും നോക്കി ചുളുവു വീഴുന്ന പല നെറ്റികളും കണ്ടില്ലെന്നു നടിച്ചു..!

തന്നെ കടന്ന് പോയ പലമുഖങ്ങളും തനിക്ക് പരിചയമുള്ളത് പോലെ തോന്നി..!

കവലയിലെ ഓട്ടോയില്‍ കയറുമ്പോള്‍ അയാളുടെ മുഖത്തും ഉണ്ടായിരുന്നു ഒരത്ഭുതം…
കണ്ണാടിയില്‍ കൂടി പലതവണ നോട്ടം തന്നിലേക്ക് നീണ്ടപ്പോള്‍ അസ്വസ്ഥത തോന്നി..

ഒരു പഴയ തറവാടിനോട് ചേർന്ന വീടിനു മുന്നിൽ ആ യാത്ര അവസാനിച്ചു.വീടിനോടു ചേർന്ന കാവിൽ നിന്നും അടർന്നു വീണ കരി ഇലകൾ അവിടെ ആൾ താമസം ഇല്ലേ എന്ന് സംശ യിപ്പിച്ചു .മുറ്റം കടന്നു അവൻ ആ അടഞ്ഞ വാതിലില്‍ തട്ടി..

ദേവാ ന്റെ കുട്ടി എത്തിയോ? വാതിലു തുറന്നൊരു 50 വയസ്സിന്‍ മേല്‍ പ്രായം ഉള്ള സ്ത്രീ വന്നവനെ കെട്ടിപിടിച്ചു..അവരുടെ കണ്ണില്‍ നിന്ന് കണ്ണ് നീരിറ്റ് വീഴുന്നുണ്ടായിരുന്നു…

അവളപ്പോഴും ആ തൊടിയിലെ മരങ്ങളിലും ചുറ്റുപാടുകളിലും കണ്ണിമവെട്ടാതെ എന്തൊക്കെയോ തിരയുകയായിരുന്നു..

അമ്മയുടെ മാറില്‍ നിന്നടന്ന് മാറി അവനവളെ പരിചയപെടുത്തി..

“അമ്മേ ദേ ഇതാരാണെന്ന് മനസ്സിലായോ..?”

ആ കണ്ണുകള്‍ പരിചയത്തിന്റെയോ അപരിചിതത്തിന്റെയോ അത്ഭുതത്തിന്റെയോ ഭാവങ്ങള്‍ മിന്നിമറഞ്ഞു..

ബാക്കി എന്തെങ്കിലും പറയും മുന്നെ അവര്‍ അവളുടെ കവിളില്‍ തലോടി
..ആ ചുണ്ടുകള്‍ മന്ദ്രിച്ചു..

“ദേവൂട്ടി..!”

ഒരു നിമിഷം ഒന്ന് സ്തബ്ധയായ അവള്‍ ആ കൈകള്‍ തട്ടി മാറ്റി

നിങ്ങള്‍ക്ക് ആള് തെറ്റി പീലി ആണ് ഞാന്‍..പീലീ ശേഖര്‍..!
വസു എനിക്കൊന്നു കുളിക്കണം എവ്ടെയാ മുറി എന്ന് പറയൂ ..”

കോണിപടി കയറി മുകളിലെ മുറി തുറന്ന് കൊടുത്തപ്പോള്‍ കണ്ടു കണ്ണ് കലങ്ങി നിക്കുന്ന അമ്മയെ..!

“അമ്മ പിണങ്ങിയോ?അവളെ എനിക്ക് കിട്ടിയത് ഒരു തെരുവില്‍ നിന്നാണ് …ഇനി അമ്മ വേണം അവളെ എല്ലാം പഠിപ്പിക്കാന്‍..”

“പക്ഷെ വാസു..അതിനു മുന്നെ ആ കുട്ടി തിരികെ പോയാല്‍..?അവളെ അന്വേഷിച്ച് ആരെങ്കിലും വന്നാല്‍..?”

“ഇല്ല അമ്മേ എത്രയോ വര്‍ഷത്തെ എന്റെ കാത്തിരിപ്പിന്റെ എന്റെ അലച്ചിലിന്റെ ഫലമാണ് അവള്‍..അവള്‍ക്കിനി ഒരു മടങ്ങി പോക്ക് സാധ്യമല്ല..! ”

കല്‍ക്കട്ടയിലെ ഒറ്റമുറിയില്‍ നിന്ന് വന്ന അവള്‍ക്ക് ആ വീട് എത്ര കണ്ടിട്ടും മതി ആയില്ല.

നിലാവുള്ള ആ രാത്രിയില്‍ ജനല്‍ തുറന്നിട്ട് നക്ഷത്രങ്ങളോട് കൂട്ടുകൂടി…പതിയെ അമ്മയോടും..

മയിലാടും കുന്നിലെ കഥകള്‍ കേട്ട് മുഴുവിപ്പിക്കാതെ പലപ്പോഴും അവളുറക്കത്തിലേക്ക് വീണു..

കാച്ചെണ്ണയുടെ മണവും അമ്മയുടെ സാമിപ്യവും അവളിഷ്ടപെട്ടു തുടങ്ങി..

അപ്പോളും വസു മാത്രം അവളില്‍ നിന്നെത്രയോ അകലെ നിന്നു..

ജാനകി ഏടത്തീടെ മോന്‍ വസു ഒരു പെണ്ണിനെ കൊണ്ടുവന്നു എന്ന വാര്‍ത്ത നാട്ടിലാകെ കാട്ടു തീ പോലെ പടര്‍ന്നു..

അവളെ കാണാനായ് ആരൊക്കെയോ വന്ന് പോയ്‌ കൊണ്ടിരുന്നു…

അവളപ്പോഴും നഷ്ടപെട്ടതെന്തോ തിരയുന്ന മനസ്സോടെ ആ തൊടിയിലാകെ നടന്നു…

സന്ധ്യക്ക് കാവില് വിളക്ക് വയ്ക്കാന്‍ അമ്മയ്ക്കൊപ്പം അവളും പോയ്..

കാവിലെ ഇരുട്ടില്‍ അവളാരുടെയോ കൊഞ്ചലുകള്‍ കേട്ടു..താന്‍ മറന്നു പോയ കൊഞ്ചലുകള്‍ പോലെ..!

വീട്ടില്‍ നിന്നു മാറി കാവിനപ്പുറം ഓല കൊണ്ടു മേഞ്ഞ ഒരു കുഞ്ഞു വീട് അവ്ടെ നിന്നും വരുന്ന വസു..

അവ്ടെ എന്തെന്നറിയാന്‍ വല്ലാത്ത ഒരാകാംക്ഷ അവളില്‍ നിറഞ്ഞു..
അടുത്തദിവസം പകല്‍ അവളാ ഒാല മേഞ്ഞ വീട്ടിലേക്ക് പോയ്..

കാവില്‍ നിന്നും പറന്ന് വന്നൊര് അപ്പൂപ്പന്‍ താടി അവള്‍ക്ക് വഴികാട്ടി.

.ഓലയുടെ വിടവിലൂടെ ഉള്ളിലുള്ള ആളനക്കം അവളറിഞ്ഞു..

വസു ആണതെന്ന് അവള്‍ക്ക് മനസ്സിലായ്…വസു പോകും വരെ അവളാ കൂവളചോട്ടില്‍ കാത്ത് നിന്നു..

അവനകന്നു പോയപ്പോള്‍ അവള്‍ ഓല കൊണ്ട് വരിഞ്ഞ വാതില് മാറ്റി അകത്ത് കടന്നു..അവ്ടവ്ടെ തറയിലായ് ചിതറി കിടക്കുന്ന ഛായങ്ങള്‍..

.അവളുടെ കാലിന്റെ വേഗത കൂടി..

.വരച്ച് പൂര്‍ത്തി ആകാത്ത ഒരു ചിത്രം തുണി ഇട്ട് മൂടിയിരിക്കുന്നു…

ഒരു കല്‍മണ്ഡപത്തില്‍ ചാരി ഇരിക്കുന്ന വസു..അവനോട് ചേര്‍ന്ന് തോളില്‍ ചാരി ഒരു സ്ത്രീ രൂപം..അതിന് തന്റെ ഛായ ഉണ്ടോ?

വരച്ച് പൂര്‍ത്തി ആക്കിയ ബാക്കി ചിത്രങ്ങള്‍ വേഗത്തില്‍ തിരഞ്ഞു..

.ആദ്യ ചിത്രത്തില്‍ കുറുമ്പോടെ ഒളിഞ്ഞ് നോക്കുന്ന ഒരു കുഞ്ഞു പെണ്‍കുട്ടി…

രണ്ടാമത്തെ ചിത്രത്തില്‍ കൈ നിറയെ അപ്പുപ്പന്‍ താടി അവളൊരു ആണ്‍കുട്ടിക്ക് നേരെ പറത്തി വിടുന്നു..അവളുടെ കണ്ണുകളിൽ കുറുമ്പും അവന്റെ കണ്ണുകളില്‍ ദേഷ്യവും..

മൂന്നാമത്തെ ചിത്രത്തില്‍ അര്‍ദ്ധനാരീശ്വര രൂപത്തിനു മുന്നില്‍ അവന്റെ നെറ്റിയിൽ ചന്ദനം തൊടുന്ന പെണ്‍കുട്ടി..

അവളുടെ കണ്ണുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന പ്രണയം അവന്റെ കണ്ണുകളില്‍ ശൂന്യത…

നാലാമത്തെ ചിത്രത്തില്‍ ചുറ്റും നിറഞ്ഞ കറുത്ത നിറത്തിനു താഴെ നാണത്താല്‍ കൂമ്പിയ അവളുടെ മിഴികള്‍ക്ക് മുകളില്‍ മുത്തമിടുന്ന അവന്റെ ചുണ്ടുകള്‍..അവരെ നോക്കി പകുതി ചിരിക്കുന്ന അര്‍ദ്ധ ചന്ദ്രൻ.

അതിനടുത്ത ചിത്രത്തില്‍ മുഴുവൻ കറുപ്പ് മാത്രം.

.ദൂരേക്ക് നടന്നകലുന്ന ഒരു ചെറുപ്പക്കാരൻ..നടന്നകലുന്ന വഴിയിൽ ഒക്കെയും പേപ്പറുകൾ പൊഴുഞ്ഞു കിടക്കുന്നു..എല്ലാത്തിലും ഒരു മുഖം മാത്രം…ഒരു പെൺകുട്ടിയുടെ..

പിന്നെ വരച്ചത് ഈ പടമാണ്..പൂര്‍ത്തി ആകാത്ത ഈ ചിത്രം..

പിറകില്‍ ആരുടെയോ കാലൊച്ച കേട്ട് അവള്‍ ഞെട്ടി..വസു..കള്ളം കണ്ട് പിടിക്കപെട്ട കുട്ടിയെ പോലെ അവള്‍ ചൂളി..

അനുവാദമില്ലാതെ പീലീ നീ എന്തിനിവ്ടെ വന്നു എന്ന അവന്റെ ചോദ്യത്തിന് മറുപടി പറയാതെ അവള്‍ പൂര്‍ത്തി ആകാത്ത ആ ചിത്രത്തിലേക്ക് വിരല് ചൂണ്ടി,..

.. തോറ്റ് കൊടുക്കാന്‍ മനസ്സില്ലാത്ത പോലെ അവള്‍ ചോദിച്ചു..


അപ്പോള്‍ ഇതായിരുന്നു ഇല്ലേ വസൂ നിന്റെ ഉള്ളില്‍.
നീ എന്തു കരുതി..ഞാൻ നിങ്ങളെ പ്രണയിക്കുമെന്നോ?
തുറന്ന് പറയാന്‍ കഴിയില്ലെങ്കില്‍ ഈ നാടകം എന്തിന്..?കഷ്ടം…!

ഒരു നിമിഷം അവന്റെ കണ്ണുകള്‍ ജ്വലിക്കുന്നത് പോലെ തോന്നി..

“.നീ എന്ത് കരുതി ഈ വരച്ചതൊക്കെ നിന്നെ ആണെന്നോ?

ഇത് ഇതാരാണെന്ന് അറിയുമോ?

നിനക്ക് നീ ആരാണെന്ന് അറിയുമോ?

നോക്ക് ഇതാ ഇതാണ് എന്റെ ദേവൂട്ടന്‍..!

ഞാനിവളെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ ..!.

അവന്റെ ഒച്ച ദേഷ്യം കൊണ്ട് ചിലമ്പിച്ചിരുന്നു..

അവൻ അവളുടെ കൈക്ക് പിടിച്ച് കാവിനപ്പുറം പൊളിഞ്ഞ് കിടന്ന ഒരു തറവാട്ടിലേക്ക് കൊണ്ട് പോയ്..

.ജീര്‍ണ്ണിച്ച ആ തറവാടിന്റെ പൊളിഞ്ഞ് തുടങ്ങിയ വാതിലിലൂടെ അവനവളെ അകത്ത് കയറ്റി.

“.നോക്കൂ ഈ ഇടനാഴിയിലാണ് കുഞ്ഞ് ദേവൂട്ടന്‍ ആദ്യം വസൂനെ കണ്ടത്..
അമ്മയ്കൊപ്പം വന്ന അഞ്ച് വയസ്സ് കാരന് കയ്യിലെ കളിപ്പാട്ടം നീട്ടിയവള്‍ ചങ്ങാത്തം കൂടി..

കാവിനപ്പുറം വീട് പണി തുടങ്ങിയപ്പോള്‍ കളിക്കൂട്ട് കാരിയായ് ദേവൂട്ടന്‍..

കണ്ണാടി പുഴയിലെ വെള്ളാരം കല്ലുകള്‍ കൊണ്ട് പണിഞ്ഞ വീട്ടില്‍ ഞങ്ങള്‍ കളിച്ചു നടന്നു..

ദേവൂട്ടനു വേണ്ടി മാമ്പഴം പറിക്കാന്‍ മൂവാണ്ടന്‍ മാവില്‍ വലിഞ്ഞു കയറിയതും

പുളിയനുറുമ്പിന്റെ കടി സഹിച്ച് മുകളറ്റം ചെന്ന് പഴുത്ത മാമ്പഴം പറിച്ചിട്ട് താഴെ ഇറങ്ങാന്‍ കഴിയാതെ തലകറങ്ങി ചില്ലയിലിരുന്നതും …

ഒടുവില്‍ വീട് പണിയാന്‍ വന്ന ചെല്ലപ്പനാശാരി താഴെ ഇറക്കിയതിനും എല്ലാം സാക്ഷി ഇന്ന് കാലം മാത്രം..!

.അന്ന് അമ്മയുടെ കയ്യീന്നു തല്ല് കൊണ്ട് പിണങ്ങി നിന്നപ്പോള്‍ …

പിണക്കം മാറാനായ് ഒരുപിടി അപ്പുപ്പന്‍ താടികള്‍ എന്റെ മുഖത്തേക്ക് പറത്തി തന്നത് ഇവ്ടെ വച്ചാണ് എന്റെ ദേവൂട്ടന്‍..!


എന്നിട്ട് എന്റെ കൈപിടിച്ച് കൊഞ്ചി എന്നത്തെയും പോലെ..

“”പിണങ്ങല്ലേ..ദേവൂട്ടന്റെ വസുവല്ലേ? ”

ആ കൊഞ്ചലില്‍ പരിഭവം മറന്ന് ഒളിപ്പിച്ച് വച്ച മാമ്പഴം നീട്ടുമ്പോള്‍ ആ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു…

“നീ നീ ഓര്‍ക്കുന്നുവോ ദേവൂട്ടാ അത്?”

പെട്ടെന്നുള്ള വസുവിന്റെ ചോദ്യത്തില്‍ എന്ത് പറയണം എന്നറിയാതെ തല ആട്ടുമ്പോള്‍ അവന്‍ അവളുടെ കൈകള്‍ പിടിച്ച് മുന്നോട്ട് നടന്നു…

കാവിനപ്പുറം പണി തീരാത്ത ശിവക്ഷേത്രം..അതോ പൊളിഞ്ഞ് കിടക്കുന്നതോ?

അവളെ അവ്ടെ നിര്‍ത്തി ഇടിഞ്ഞ് പൊളിഞ്ഞ് കിടന്ന കിണറിനോട് ചേര്‍ന്ന് കിടന്ന പാളയെടുത്ത് കണ്ണാടി പുഴയിലെ വെള്ളം മുക്കി കൊണ്ട് വന്ന് അവനാ കല്‍മണ്ഡപത്തിലൊഴിച്ചു..


അവളെ അവ്ടെ നിര്‍ത്തി ഇടിഞ്ഞ് പൊളിഞ്ഞ് കിടന്ന കിണറിനോട് ചേര്‍ന്ന് കിടന്ന പാളയെടുത്ത് കണ്ണാടി പുഴയിലെ വെള്ളം മുക്കി കൊണ്ട് വന്ന് അവനാ കല്‍മണ്ഡപത്തിലൊഴിച്ചു..

അവന്റെ ചലനങ്ങളുടെ വേഗത അവളെ ഭയപ്പെടുത്തി..

പക്ഷെ ഓടിപോകാന്‍ കഴിയാത്ത എന്തോ ഒന്ന് തന്നെ പിടിച്ച് നിര്‍ത്തുന്നു..

ദേവൂട്ടാ നോക്ക് ഈ അര്‍ദ്ധനാരീശ്വര രൂപം നോക്കൂ ..,അന്ന് ശിവപുരാണം കേട്ട ദിവസം ഈ അര്‍ദ്ധനാരീശ്വര രൂപത്തിന് നീ നമ്മുടെ പേര് നല്‍കി…
നിന്റെ കണ്ണുകളില്‍ നിറഞ്ഞ പ്രണയം കളിയായ് ഞാന്‍ മാറ്റിയപ്പോള്‍ നീ പറഞ്ഞു…
“എനിക്ക് കൃഷ്ണന്റെ രാധ ആവണ്ട പകരം ശിവന്റെ പാര്‍വ്വതി ആകണം നിന്റെ പാതി…വസു ദേവ്..വാസുകിയെ കഴുത്തില്‍ ചാര്‍ത്തിയ എന്റെ ദേവന്‍…ഞാന്‍ നിന്റെ ദേവൂ..നിനക്കായ് മാത്രം പിറവി എടുത്തവള്‍…അഗ്നിയില്‍ ദഹിച്ചാലും മറുപിറവി എടുത്ത് ഞാന്‍ തിരികെ വരും നിന്നെ സ്വന്തമാക്കാന്‍..അത് വരെ കാത്തിരിക്കണം എനിക്കായ്..”

.അന്ന് ഈ മണ്ഡപത്തിനു ചുവട്ടില്‍ വച്ചാണ് എന്നോട് പ്രണയം തുറന്ന് പറഞ്ഞത്…

അടര്‍ന്ന് വീണ രുദ്രാക്ഷത്തിലൊരെണ്ണം എടുത്ത് കസവ് പാവടയുടെ നൂലില്‍ കോര്‍ത്ത് എന്റെ കൈകളില്‍ കെട്ടി തന്നതും നീ ഓര്‍ക്കുന്നില്ലേ?പറ ദേവൂട്ടാ നീ ഓര്‍ക്കുന്നില്ലേ?


തല പെരുക്കും പോലെ തോന്നി കൈകള്‍ തലയില്‍ അമര്‍ത്തുമ്പോള്‍ കേട്ടു അവന്റെ സ്വരം.

.കൈകളില്‍ പിടി മുറുകുന്നുണ്ട്..ചുറ്റും ഒന്നും അറിയാത്തത് പോലെ..
അവന്റെ രൂപം മാത്രം…
അവനെ പിന്തുടരുന്നത് മാത്രം അറിയുന്നു…

ദേവൂട്ടാ.. ദേ നോക്ക്.ഈ കൂവള മരം ഓർക്കുന്നുവോ..?

.ദൈവത്തില്‍ ഉള്ള വിശ്വാസം നഷ്ടപെട്ട് കാവിലെ നാഗത്താന്‍ മാരെയും അമ്പലങ്ങളെയും പുച്ഛിച്ച് വിപ്ളവത്തിലേക്ക് നീങ്ങിയ കാലം..

ആരും അറിയാതെ നിന്നെ കാണാന്‍ ഈ കാവിനരുകിലാണ് ഞാന്‍ വന്നത്..നിന്റെ കൈകൊണ്ട് തൊട്ട ചന്ദനം തുടച്ച് കളഞ്ഞതും നീ പിണങ്ങിയതും ..
രുദ്രാക്ഷമില്ലാത്ത ഒഴിഞ്ഞ കൈകള്‍ നോക്കി നീ പരിഭവിച്ചത്..
ഇനി ഒരിക്കലും തമ്മില്‍ കാണില്ല എന്ന് പരിഭവിച്ച് ഓടി പോയതും ഇവിടെ വച്ചാണ്..

നിറഞ്ഞ നിന്റെ മിഴികള്‍ എന്റെ ഉറക്കം നഷ്ടപെടുത്തിയപ്പോള്‍ നിന്നെ കാണാനായ് ഞാനാ ജനലിനടുത്ത് വന്നു…

അപ്പോളും ഉറങ്ങാതെ നിലാചന്ദ്രനോട് പരിഭവം പറഞ്ഞിരുന്ന നീ എന്നെ കണ്ട് ഭയന്നത്…

ഒടുവില്‍ ഞാന്‍ പോകില്ലെന്ന് മനസ്സിലായപ്പോള്‍ പതിയെ നീ പുറത്തു വന്നു.

.അന്ന് നിന്റെ പരിഭവം തീർത്തത് ഈ കൂവളമര ചോട്ടിൽ വച്ചാണ്..ഇനി ഒരിക്കലും അഴിക്കില്ല എന്നുറപ്പ് വാങ്ങി ഒരിക്കൽ കൂടി ആ രുദ്രാക്ഷം എന്റെ കയ്യിൽ കെട്ടി…

അന്ന് ഞാന്‍ നിന്റെ കൈപിടിച്ച് എന്നോട് ചേര്‍ത്ത് നിറഞ്ഞ് തുളുമ്പി നിന്ന ആ കണ്ണുകളില്‍ ചുണ്ടമര്‍ത്തിപ്പോള്‍ നിന്റെ മുഖം നാണത്തില്‍ ചുവന്നിരുന്നു..

ദൂരെ എവ്ടെ നിന്നോ ആരോ ദേവൂട്ടാ എന്ന് വിളിക്കുന്നത് കേള്‍ക്കുന്നുണ്ട്.

നെറ്റിയില്‍ നനവു പടരുന്നത് പോലെ…കണ്ണ് തുറന്നപ്പോൾ വസുവിന്റെ നെഞ്ചോട് ചേര്‍ന്ന് നിക്കുകയാണ് താന്‍..

.പെട്ടെന്ന് ഏതോ മായാലോകത്ത് നിന്ന് പുറത്താക്കിയ പോലെ….അവനില്‍ നിന്ന് അടര്‍ന്ന് മാറാന്‍ ശ്രെമിക്കുമ്പോളും അവനിലേക്ക് തന്നെ ചേരും പോലെ..

ദേവൂട്ടാ..എന്റെ ദേവൂട്ടാ.!

അവന്റെ പതിയെ ഉള്ള വിളി ആത്മാവോളം ഇറങ്ങി ചെല്ലുന്നു..കൂവളമരത്തിനു പിന്നിലെ പൊന്തക്കാട്ടിലാരുടെയോ നിഴലനങ്ങിയോ?

കരിയിലകളുടെ അനക്കം അവനില്‍ പരിസരബോധം ഉണ്ടാക്കി..

അവളെ ചുറ്റിയ കൈകളയഞ്ഞപ്പോള്‍ സുഖമുള്ള ഒരു വേദന മനസ്സിലെവ്ടെയോ നിറയുന്നത് പോലെ..


ആ കരവലയത്തില്‍ നിന്നും അടരണ്ടായിരുന്നു എന്നൊരു തോന്നല്‍..

അവനില്‍ നിന്നകന്ന് നടന്നതും മുന്നിലേക്കൊരു രൂപം വന്നതും ഒപ്പമായിരുന്നു..

തിരിഞ്ഞ് നടന്ന വസു ഒരു നിമിഷം കൊണ്ട് തന്നെ മുന്നിലെത്തി..പേടിച്ച് നിന്ന തന്റെ കൈകളില്‍ അവന്‍ പിടിച്ചു..

ഇലചാര്‍ത്തുകള്‍ക്കിടയിലൂടെ വീണ നിഴല്‍ വെട്ടത്തില്‍ അവ്യക്തമായൊരു രൂപം കണ്ടു..
ചിലമ്പുന്ന ഒച്ചയില്‍ ആ രൂപം എന്തൊക്കെയോ പുലമ്പി…

“ദേവൂട്ടീ നീ തിരികെ വന്നോ?നിന്നെകാണാന്‍ ആണ് ഈ ചെറിയച്ഛന്‍ കാത്തിരുന്നത്..
മോളേ വേണ്ട ഇവനോട് ഇനിയും അടുക്കണ്ട..
കൂടെ കൊണ്ട് നടന്ന് നിന്നെ കൊന്ന് തിന്നും ചാത്തന്‍ മലയിലിട്ട് പണ്ടത്തെ പോലെ..!
വേണ്ട ന്റെ കുട്ടി ചെറിയച്ഛനൊപ്പം വാ..

താനവനോട് വീണ്ടും ചൊതുങ്ങിയപ്പോള്‍ അയാളുടെ ശബ്ദം ഉച്ചത്തിലായ്..

“നാളെ നാളെ ഇവന്‍ നിന്നെ കുരുതി കൊടുക്കും..കൊല്ലും ഇവന്‍ കൊല്ലും..രക്ഷപെടൂ ..അതിനും മുന്നെ രക്ഷപെട്..

ദേവൂട്ടി നാളെ തിരുവാതിര പിറക്കും മുന്നേ ഇവൻ നിന്നെ കൊല്ലും..!
അതിനും മുന്നേ നീ വാ .ചാത്തൻ മലയിൽ..അവിടുത്തെ ആത്മാക്കൾക് മാത്രേ ഇനി നിന്നെ രക്ഷിക്കാൻ പറ്റൂ..!
നീ വരണം..ഇന്ന് രാത്രി..!
പ്രണയം നടിച്ചു ഇവൻ നിന്നെ കൊന്നു തിന്നും മുന്നേ നീ ആ ചാത്തൻ കുന്നു കയറണം…”

പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞ് കണ്ണാടി പുഴയോട് ചേര്‍ന്നുള്ള പൊന്തകാട്ടില്‍ അയാള്‍ മറഞ്ഞു.

.തിരികെ വീട്ടിലെത്തിയപ്പോള്‍ മനസ്സ് നിറയെ ചോദ്യങ്ങളായിരുന്നു…ചെവിയില്‍ മുഴങ്ങിയത് ആ അലര്‍ച്ചയും …കൊല്ലും ഇവന്‍ നിന്നെ കൂടെ കൊണ്ട് നടന്ന് കൊല്ലും..!
അപ്പോള്‍ ദേവൂട്ടിയെ കൊന്നത് വസുവാണോ?

“അമ്മേ ആരാ ദേവൂട്ടി ..

ആ ഓലപ്പുരയിലെ ചിത്രങ്ങള്‍ ഒക്കെ ആരുടേതാ..?”

അവളുടെ ചോദ്യം കേട്ട് ജാനകി അമ്മ മിഴികളുയര്‍ത്തി..

ആ മിഴികളില്‍ എന്തൊക്കെയോ പറയാന്‍ ബാക്കി ഉണ്ട്..മനസ്സില്‍ അലയടിക്കുന്ന കടല്‍ ആ മുഖത്ത് വ്യക്തമായിരുന്നു..

പിന്നെ ഉമ്മറ കോലായിലിരുന്നു അവരവളോട് പറഞ്ഞു തുടങ്ങി..


ദേവൂട്ടീ മോള് വന്നപ്പോള്‍ മുതല്‍ കേള്‍ക്കുന്ന പേര് അല്ലേ?എന്താ ഇപ്പം അവളെ കുറിച്ച് പറയുക..

പറയാന്‍ തുടങ്ങിയാല്‍ ഒരുപാട് ഇല്ലാച്ചാല്‍ ഒന്നുമില്ല..

ദേവൂട്ടീ ന്നല്ല..ദേവമിത്ര അതാരുന്നു അവളുടെ പേര്..ഞങ്ങളെല്ലാം ദേവൂട്ടീ ന്നാ വിളിച്ചിരുന്നത്..

വസു മാത്രം ദേവൂട്ടാന്നും..

എന്റെ മൂത്ത ആങ്ങളേടെ മോളാരുന്നു അവള്‍..ചേട്ടനെ കൂടാതെ ഒരനിയന്‍ കൂടി ഉണ്ട്..ശങ്കരന്‍..ഏട്ടനും ഏടത്തിക്കും ഒരുപാട് നാള്‍ കാത്തിരുന്നു ജനിച്ച കുട്ടി ആയിരുന്നു അവള്‍..

ന്റെ വസൂനേക്കാള്‍ ഒരുവയസ്സിനിളപ്പം ഉണ്ടാരുന്നു..

ഏട്ടന്റെ കണക്ക് കൂട്ടലിനും മുന്നെ ഒരു കര്‍ക്കിടക അമാവാസിയില്‍ ചിത്തിര നക്ഷത്രത്തിലാരുന്നു ജനനം..ജനിച്ച സമയം നോക്കി പറഞ്ഞു അത്രേ അവള്‍ കുടുംബം മുടിക്കും എന്ന്.

.ജീവിച്ചിരുന്നാല്‍ പിതാവിനും പിതൃസ്ഥാനം ഉള്ളവര്‍ക്കും മരണയോഗം എന്നൊക്കെ..
വല്ല്യേട്ടന്‍ ആദ്യം ഒന്നിലും വിശ്വസിച്ചില്ല..
പക്ഷെ ജനിച്ച് ആറ് മാസം കഴിയും മുന്നെ ഉള്ള ഏടത്തിയമ്മയുടെ മരണം..അതും രാത്രി യില്‍ ഉറങ്ങി കിടക്കുമ്പോള്‍..

ഏട്ടന്റെ മനസ്സിലും അവള്‍ അപശകുനമായ് തുടങ്ങി..

പക്ഷെ അനിയേട്ടന്‍ ശങ്കു അങ്ങനല്ലാരുന്നു.
.അവനാരുന്നു ദേവൂട്ടിയോട് ഒരുപാടിഷ്ടം..

ആ ഇടയ്കാണ് വസൂന്റെ അച്ഛന്‍ മരിച്ച് ഞങ്ങളിവ്ടേക്ക് വന്നത്..തറവാടിനപ്പുറം കാവിനോട് ചേര്‍ന്ന ഈ സ്ഥലം വീടുവയ്ക്കാനായ് ഏട്ടന്‍ തന്നു…

ഇപ്പോളും ഓര്‍ക്കുന്നു അപരിചിതമായ ചുറ്റുപാട് കണ്ട് കരഞ്ഞ് നിന്ന വസുവിന് കളിപ്പാട്ടം നീട്ടിയ ദേവൂട്ടിയെ.

.പതിയെ ദേവൂട്ടിയും വസുവും കളികൂട്ടുകാരായ്..

അവള്‍ക്ക് പത്ത് വയസ്സായപ്പോള്‍ ഏട്ടനു തളര്‍വാദം വന്നു..

ശങ്കു കുടുംബ പ്രശ്നം വച്ച് നോക്കിയപ്പോള്‍ കാലന്റെ സ്ഥാനത്ത് ദേവൂട്ടിയാണത്രേ!.

പരിഹാരമായ് കണ്ണാടി പുഴയോട് ചേര്‍ന്നുള്ള ശിവക്ഷേത്ര ക്ഷേത്രത്തില്‍ ഒരു കല്‍മണ്ഡപം പണിയണം എന്നും..അര്‍ദ്ധനാരീശ്വര രൂപം കൊത്തിയ കല്‍മണ്ഡപം..എല്ലാ തിരുവാതിരയ്ക്കും ശിവരാത്രിക്കും പ്രത്യേക പൂജ നടത്താറുണ്ടായിരുന്നു…

വര്‍ഷങ്ങള്‍ കഴിയും തോറും വസുവും ദേവൂട്ടിയും തമ്മിലുള്ള അടുപ്പവും കൂടി..
അച്ഛന്റെ മരണവും വീട്ടിലെ ചുറ്റുപാടുകളും അവനെ അന്തര്‍മുഖനാക്കി..

ദേവൂട്ടി നേരെ തിരിച്ചും..എപ്പോളും അവന്റെ പിറകെ കാണും.

.ഈ ലോകത്തിലെ എന്തിനെ കുറിച്ച് ചോദിച്ചാലും അവള്‍ക്ക് പറയാന്‍ ഒരു കഥയുണ്ടാരുന്നു..
ശിവക്ഷേത്രത്തിലെ കല്‍മണ്ഡപം ആരുന്നു അവരുടെ ഇഷ്ടസ്ഥലം..

ഉള്ളിലുള്ള സ്നേഹം പുറത്ത് കാണിക്കാത്തെ പിശുക്കനാണ് വസു എന്ന് എപ്പോളും പരാതി പറയും.

.അവരുടെ ആ ബന്ധത്തിന് എന്റെ മൗനാനുവാദവും ഉണ്ടായിരുന്നു…മറ്റുള്ളവര്‍ എന്ത് പറഞ്ഞാലും എനിക്കറിയാരുന്നു ന്റെ വസൂന്റെ ഐശ്വര്യം ആണ് അവളെന്ന്..അവന്റെ ദേഷ്യം അലിയിച്ചെടുക്കാന്‍ അവളുടെ ഒരു കൊഞ്ചല് മതി ആയിരുന്നു..

അവന്റെ കൈയ്യ് പിടിച്ച് പിണങ്ങല്ലേ ദേവൂട്ടനല്ലേ എന്ന് പറയുമ്പോളേക്കും അവന്‍ അലിഞ്ഞിരിക്കും..
അത്രയ്കിഷ്ടമായിരുന്നു ന്റെ വസൂന് …

അവളുടെ കൈകൊണ്ട് കെട്ടിയ കൂവള മാല എന്നും ശിവന് ചാര്‍ത്തും..

കാവിലെ നാഗത്താന്‍ മാര്‍ പോലും അവളുടെ മുന്നില്‍ പത്തി താഴ്ത്തി ഇഴഞ്ഞ് പോകും..
അവളുടെ കൈ കൊണ്ട് തടവിയാല്‍ അസുഖങ്ങള്‍ മാറും.

.ആ കൈയ്യില്‍ നിന്നും കിട്ടുന്ന നാണയം ഐശ്വര്യം കൊണ്ട് ഇരട്ടിക്കും അങ്ങനെ കുറേ കഥകളും അവള്‍ക്കൊപ്പം നാട്ടില്‍ വളര്‍ന്ന് വന്നു..

അന്നൊരു തിരുവാതിര നാളില്‍ ആണ് ന്റെ വസു അവള്‍ക്കായ് കറുത്ത കര മുണ്ടും നേര്യതും കൂടെ കരിവളകളും കൊണ്ട് വന്നേ..!

അവളുടെ ഒഴിഞ്ഞ കൈതണ്ടകളില്‍ ഇടാന്‍..

അവനത് എന്നെ ഏല്‍പിച്ചു..

അടുത്ത ദിവസം അവള്‍ക്കത് കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ആരുന്നു ഞങ്ങളുടെ മനസ്സില്‍..

പക്ഷെ ആ രാത്രി വെളുത്തത് ദേവൂട്ടീടെ മരണവാര്‍ത്തയുമായിട്ടാണ്..അവ്ടെ ചാത്തന്‍ കുന്നിന് താഴെ..ചുടല

പറമ്പില്‍..ജീവനറ്റ് കിടന്ന ആ ശരീരം..

ആത്മഹത്യ ആയിരുന്നെന്നും അതല്ല കൊന്നതാണെന്നും പലരും പറഞ്ഞു..സംശയത്തിന്റെ വിരല്‍ ചൂണ്ടിയത് വസുവിന്റെ നേരെയാണ്…

ജീവനറ്റ അവളുടെ കൈകളില്‍ ഒരു രുദ്രാക്ഷം ഉണ്ടായിരുന്നു വസുവിന് അവള്‍ കൊടുത്ത അതേ രുദ്രാക്ഷം..!

അവളുടെ ശരീരം അഗ്നി വിഴുങ്ങും മുന്നെ ഏട്ടനും പോയ്..ദുര്‍മരണം എന്ന് എല്ലാവരും പറയുന്നു..

പറയുമ്പോളും അവരുടെ മുഖത്ത് അതൊക്കെ മിന്നി മറയുന്നുണ്ടായിരുന്നു..
പറഞ്ഞറിയിക്കാന്‍ പറ്റാത്ത വേദനയില്‍ അവരുടെ വാക്കുകള്‍ വിറച്ചു.

.കാവിനകത്ത് നിന്ന് വന്ന തണുത്ത കാറ്റ് അവരെ തഴുകി കടന്ന് പോയ്..

അമ്മേ അപ്പോള്‍ വസു വസുവാണോ ദേവൂനെ..?

“ഇല്ല ഇല്ല മോളെ ഒരിക്കലും ഇല്ല.!

.ആര് അങ്ങനെ പറഞ്ഞാലും ഞാന്‍ അത് വിശ്വസിക്കില്ല..ന്റെ വസൂന് അത്രക്ക് ഇഷ്ടമായിരുന്നു അവളെ ..

അവനെ കൊണ്ട് കഴിയില്ല..!അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി..

അന്നാണ് ഞാനറിഞ്ഞത് അവന് ദേവൂട്ടിയെ എത്ര ഇഷ്ടമായിരുന്നെന്ന്..

പിന്നെ എത്രയോ വര്‍ഷങ്ങള്‍ അവന്‍ പുറം ലോകം കണ്ടില്ല..അവ്ടെ ആ ഓലമേഞ്ഞ വീട്ടില്‍ അവളുടെ ചിത്രം വരച്ച് അവളുടെ ഓര്‍മ്മകളില്‍..

അവനെപ്പോളും പറയും അവളു തിരിച്ചു വരുമെന്ന്..ഈ ലോകത്ത് എവ്ടെയോ ജീവിച്ചിരിപ്പുണ്ട്..കണ്ട് പിടിച്ച് കൊണ്ടുവരുമെന്ന്..പിന്നെ ഒരു അലച്ചിലായിരുന്നു..ചിലപ്പോള്‍ മാസങ്ങള്‍ ..ചിലപ്പോള്‍ വര്‍ഷങ്ങളോളം വീട്ടിൽ വരാറില്ലാരുന്നു .

രണ്ട് മാസത്തിനു മുന്നെ അവനെനിക്ക് ഒരു കത്തയച്ചു..

അവനവന്റെ ദേവൂട്ടിയെ കണ്ടു..തിരികെ വരുന്നു എന്ന്.

.പിന്നെയും ആഴ്ചകള്‍ കഴിഞ്ഞു..,മടങ്ങി വന്നത് .”

.ബാക്കി പറയാതെ ആ കണ്ണുകള്‍ അവളില്‍ പതിഞ്ഞു..
അവളുടെ കൈകള്‍ കൈക്കുള്ളിലാക്കി അവര്‍ പറഞ്ഞു..

“അതേ തിരികെ കിട്ടി..നീ തന്നെയാ ദേവൂട്ടി..!ഇനി ഒരിക്കലും ഞങ്ങളെ ഉപേക്ഷിച്ച് പോകരുത്..”!


കാവില്‍ നിന്ന് പതിവില്ലാതെ പക്ഷികളുടെ ചിറകടി ഒച്ച ഉയര്‍ന്നു..

മുന്നിലെ നില കണ്ണാടിയുടെ മുന്നില്‍ പ്രതിബിംബത്തെ നോക്കി സത്യമേത് മിഥ്യ ഏതെന്നറിയാതെ അവളുഴറി..

പുറത്ത് എവ്ടെയോ വസുവിന്റെ ഒച്ച കേട്ടത് പോലെ..ആ ഒച്ച ഒന്ന് കേള്‍ക്കാന്‍ മനസ്സ് വല്ലാതെ കൊതിക്കുന്നുവോ?അവനെ കാണാന്‍ വല്ലാത്ത ഒരാഗ്രഹം.
.ഇന്നലെ വരെ ഇല്ലാതിരുന്ന എന്തോ ഒരു വികാരത്തിന് ഇന്ന് താന്‍ അടിമപെട്ടിരിക്കുന്നു.
.അവനൊന്ന് ചേര്‍ത്ത് നിര്‍ത്തി നേര്‍ത്തശബ്ദത്തില്‍ ദേവൂട്ടാ എന്ന് വിളിക്കുന്നത് കേള്‍ക്കാന്‍..നെറ്റിയിലെ ആ നനവ് അതിപ്പോളും അവിടുള്ളത് പോലെ..അവളറിയാതെ ആ ചുണ്ടുകളില്‍ ഒരു പുഞ്ചിരി വിരിഞ്ഞു..

.ജനലോട് ചേര്‍ന്ന് പുറത്തേക്ക് നോക്കിയപ്പോള്‍ കാവിനകത്ത് അതേ നിഴല്‍ തന്നെ നോക്കുന്നത് പോലെ..നീ മടങ്ങി പോ!ഇവന്‍ നിന്നെ കൊല്ലും..ആ വാക്കുകൾ ചുറ്റും വട്ടമിടുന്നത് പോലെ..

പെട്ടെന്ന് ആ മുഖം ജനലോട് ചേര്‍ന്ന് വന്നതും താന്‍ ഞെട്ടി പിന്നിലേക്ക് മാറിയതും ഒരുമിച്ചായിരുന്നു..

മനസുകൊണ്ട് ഒരു തീരുമാനം എടുത്തു.. ചാത്തൻ കുന്നിൽ പോകണം…

“അമ്മേ എനിക്ക് ചാത്തന്‍ കുന്നില്‍ പോകണം..”

..”എന്തിന് നീ പോവണ്ട..എന്റെ അനുവാദമില്ലാതെ ഇനി നീ ഈ പടി ഇറങ്ങരുത്..”വസുവില്‍ പെട്ടെന്നുണ്ടായ ദേഷ്യവും ആജ്ഞയും അവളില്‍ സംശയം ഉണര്‍ത്തി.

..വസു തെറ്റ് ചെയ്തില്ലെങ്കില്‍ പിന്നെ എന്തിന് പേടിക്കുന്നു…?
അവ്ടെ പോകണം എന്ന് തന്നെ മനസ്സില്‍ ഉറച്ചു..

പകല്‍ മുഴുവന്‍ നിഴല്‍ പോലെ അവന്റെ കണ്ണുകള്‍ പിന്തുടരുന്നത് അറിഞ്ഞു.

.വൈകിട്ട് ശിവക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങുമ്പോള്‍ മനസ്സില്‍ ലക്ഷ്യം ചാത്തന്‍ കുന്നായിരുന്നു..

കാവ് കഴിഞ്ഞ് കണ്ണാടി പുഴയും കടന്നപ്പോള്‍ പുറകില്‍ ആരുടേയോ കാല്‍പെരുമാറ്റം..തിരിഞ്ഞ് നോക്കി.

.ഇല്ല ആരുമില്ല…

ഇരുട്ട് വീഴാറായിരിക്കുന്നു..

ഒരാളോടും വഴിചോദിക്കാതെ താനെങ്ങോട്ടാണ് പോകുന്നത്?ഇല്ല താന്‍ പോകുവല്ല…തന്ന ആരോ കൊണ്ട് പോകുന്നു.
.പരിചയമുള്ള വഴിത്താര..


ഈ ഇടുങ്ങിയ ചെമ്മണ്‍പാതയുടെ അവസാനമാണ് താന്‍ തിരയുന്നത്…അസ്സ്തമയ സൂര്യന്‍ കുന്നിനു താഴേക്ക് മറയുന്നു…ചെമ്മണ്ണ് സ്വര്‍ണ്ണം പോലെ തിളങ്ങുന്നുണ്ട്..

തേടി നടന്നതെന്തോ കിട്ടിയത് പോലെ അവള്‍ ആ കുത്തനെ ഉള്ള ചെമ്മണ്‍ പാത ഓടി കയറി..

ഇത് തന്നെയാണ് ഇത് തന്നെയാണ് വര്‍ഷങ്ങളായ് തന്റെ സ്വപ്നത്തില്‍ നിറഞ്ഞത്…ഇതിന്റെ അർഥം തേടി ആണ് താൻ ഇവിടം വരെ വന്നത്..

അവളുടെ ഹൃദയം ആകാംക്ഷകൊണ്ടും വേഗതകൊണ്ടും ഉച്ചതില്‍ മിടിച്ചു…

ഓടി കയറുന്ന മണ്‍പാതയ്ക്കോപ്പം ഇരുട്ട് വീണ് ചുറ്റും ഇരുട്ടായത് പോലെ..പക്ഷെ അതിനും അപ്പുറം ആരോ രണ്ട് പേരുടെ നിഴൽ ഉണ്ട്…അവർ കൽപ്പടവിൽ ഇരിക്കുന്നു…ഒന്ന് വസുവാണ്..മറ്റേത് താനും…!

“ദേവൂട്ടീ നിന്നോട് പറഞ്ഞതല്ലേ ഒറ്റയ്ക് ഇവ്ടേക്ക് വരരുതെന്ന്..ആള്‍ക്കാര്‍ എന്തും പറഞ്ഞോട്ടെ…എനിക്കറിഞ്ഞൂടേ പെണ്ണേ നിന്നെ..എന്റെ ഐശ്വര്യം ആണ് നീ…നിന്റെ കഴുത്തില്‍ ഞാന്‍ താലി കെട്ടിയാല്‍ നമ്മളിലൊരാളുടെ മരണം അതാണോ എന്റെ ദേവൂട്ടനെ വിഷമിപ്പിക്കുന്നേ..

നോക്ക് പെണ്ണേ പത്തില്‍ പത്ത് പൊരുത്തം നോക്കി കെട്ടിയ എന്റെ അമ്മ വിധവ ആയില്ലേ?”

അവളുടെ കണ്ണുകള്‍ അപ്പോഴും പൊഴിയുന്നുണ്ടായിരുന്നു.

“..വസൂ മരണത്തെ എനിക്ക് പേടിയില്ല …നമ്മളില്‍ ഒരാളുടെ ജീവനെങ്കില്‍ അത് ശാപം കിട്ടിയ എന്റെ ജന്മത്തിന്റേതാകട്ടെ..!

. നമുക്കിടയില്‍ മരണയോഗം പറഞ്ഞപ്പോള്‍ മുതല്‍ ഞാനതാണ് ആഗ്രഹിച്ചത്..

പക്ഷെ അതിനുമുന്നെ ഒരു ദിവസമെങ്കിലും എനിക്ക് നിന്റെ പെണ്ണായ് ജീവിക്കണം…നിന്റെ ദേവൂട്ടാന്നുള്ള വിളികേട്ട് ആ നെഞ്ചില്‍ ചാഞ്ഞ്…നമ്മുടെ കാവിലെ മിന്നാമിന്നി കൂട്ടങ്ങളോട്  ചങ്ങാത്തം കൂടി ആകാശത്തെ നക്ഷത്രങ്ങളോട് കഥ പറഞ്ഞ് നിന്റെ പെണ്ണായ് ആ കരവലയത്തില്‍ ഉറങ്ങണം..ഒരിക്കലും ഉണരാത്ത ഒരുറക്കം..

പക്ഷെ വസൂ അങ്ങനെ ഞാന്‍ മരിച്ചാലും ഞാന്‍ പുനര്‍ജ്ജനിക്കും…ഒരുപക്ഷെ നിന്നെ ഞാന്‍ തിരിച്ചറിഞ്ഞെന്നു വരില്ല…നിന്റെ സ്നേഹം ഓര്‍ത്തെന്നു വരില്ല..പക്ഷെ പക്ഷെ നീ എന്നെ തേടി വരണം..ഈ ജന്മത്തില്‍ കൊതിച്ചതൊക്കെ എനിക്ക് അടുത്ത ജന്മത്തില്‍ വേണം.”

“.മതി മതി നീ എന്തോക്കെയാ ദേവൂട്ടാ പറയണേ..ഇതൊക്കെ നിന്റെ വെറും പേടിയാണ് ഒന്നും സംഭവിക്കില്ലാ..!

നിന്റെ പ്രിയപ്പെട്ട മഹാദേവന് ചാര്‍ത്താന്‍ നീ കെട്ടി കൊണ്ട് വന്ന ഈ കൂവളമാല ഇല്ലേ?

ഈ ചാത്തന്‍ കുന്നിനെയും അതിനപ്പുറം ചുടല പറമ്പിലെ ഭൂതങ്ങളെയും അതിനോട് ചേര്‍ന്നുള്ള താഴ്വരയിലെ എണ്ണമില്ലാത്ത ആത്മാക്കളെയും സാക്ഷി ആക്കി ഞാനീ കൂവളമാല നിന്റെ കഴുത്തിലിടുന്നു.!നാളെ തിരുവാതിര ..ഇനി ഒരു മുഹൂർത്തം ഇല്ല…”

ആ മാല കഴുത്തിലണി യിച്ചപ്പോൾഅവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അടർന്നു അവന്റെ കയ്യിലേക്ക് വീണു..
അവനാ മുഖം കൈകളിൽ എടുത്തു..

“ഇനി ഒരിക്കലും ഈ കണ്ണുകൾ നിറയാൻ പാടില്ല..നീ എന്റെ പെണ്ണാണ്.. !”

അവളെ കൈകൾ കൊണ്ട് ചുറ്റി ചെവിയിൽ പറഞ്ഞു..
” ദേവൂട്ടാ നമ്മുടെ കല്ല്യാണം കഴിഞ്ഞു ഇനി പേടി ഇല്ലല്ലോ?”നിന്നെ ഒരു വിധിക്കും വിട്ടു കൊടുക്കില്ല ഞാൻ..ഒരിക്കലും..”

അവളുടെ മുഖം നാണം കൊണ്ട് ചുവന്നു..

“രാത്രി ആവുന്നു വീട്ടിലേക്ക് പോകൂ..ശങ്കുവേട്ടന്‍ വിഷമിക്കും ഇനിയും താമസിച്ചാല്‍ ..
കാവ് വരെ ഞാനും വരാം കൂട്ടായ്..

ദേവൂട്ടാ അമ്മേടെ കയ്യില്‍ ഞാനൊരു സമ്മാനം കൊടുത്തിട്ടുണ്ട്..

രാവില കുളിച്ച് തൊഴാന്‍ വരുമ്പോള്‍ അതുടുത്ത് വരണം..ഇനി ഒരിക്കലും ഈ കൈതണ്ടകള്‍ ഒഴിഞ്ഞ് കിടക്കരുത്..”!

കുവള മാല കൈകളിൽ വച്ച് നടക്കുമ്പോൾ ആരോ വിളിച്ചു

ദേവൂ..

ഓടിയ കിതപ്പുകളുടെ ഇടയിലും ആ ശബ്ദം കേട്ടു..

എവിടെ കുവള മാല? അപ്പോൾ താൻ കണ്ടത്.?

മഞ്ഞുപോലെ മാഞ്ഞ് പോയത് സ്വപ്നമോ?

ചാത്തന്‍ കുന്നിനുമുകളിലെത്തി അവള്‍ കിതച്ചു..അപ്പോള്‍ അപ്പോള്‍ ആ ശബ്ദം..അത് വസുവിന്റേതല്ല..

ദേവൂ..പിന്നെയും അതേ ഒച്ച …


ചുറ്റു ഇരുട്ട് വീഴാന്‍ തുടങ്ങുന്നു..ഇരുട്ടിനൊപ്പം എന്തെന്നില്ലാത്ത ഭയവും..മരണം മുന്നില്‍ വന്ന് നില്‍ക്കും പോലെ..തിരിച്ചിറങ്ങണം എന്നുണ്ട് പക്ഷെ ക്ഷീണിച്ചിരിക്കുന്നു…

പീലി എന്ന താന്‍ മരണം തേടിയാണോ ഇവ്ടെ എത്തിയത്..ഇല്ല താന്‍ പീലി അല്ല ദേവൂട്ടി..പ്രണയിച്ച് കൊതിതീരാതെ മരിച്ച ദേവൂട്ടി..!

കണ്ണുകള്‍ ചുറ്റും പരതി.

.ഓര്‍മ്മകള്‍ പിറകിലേക്ക് പോകും പോലെ..

ഒരു റാന്തല്‍ വെട്ടത്തിനു പുറകെ പോകുകയാണ് താന്‍..മുന്നില്‍ നടക്കുന്നത് വസുവല്ല..തനിക്ക് പരിചയം ഉള്ള മറ്റാരോ?തന്റെ കൈകളില്‍ വസൂ മുന്നെ ചാര്‍ത്തിയ കൂവളമാല..

അയാളള്‍ മന്ദ്രം പോലെ എന്തോ പറയണുണ്ട്..

വേണ്ടീരുന്നില്ല ദേവൂട്ടി..ഇപ്പോള്‍ ഇങ്ങനെ ഒരു കല്ല്യാണം വേണ്ടീരുന്നില്ല..അവനെ മരണത്തില്‍ നിന്നു രക്ഷിക്കാന്‍ ഇനി ഇതേ മാര്‍ഗ്ഗമുള്ളൂ ..ചാത്തന്‍ മലയില്‍ ചുടല പറമ്പിലെ ആത്മാക്കളെ പ്രീതിപെടുത്തി ഒരു പൂജ..അതില്‍ സന്തുഷ്ടനായ ശിവന്‍ ആയുസ്സ് തിരികെ തരും.”.

അയാള്‍ പറയുന്നതൊക്കെ കേട്ട് തലയാട്ടി പുറകില്‍ നടക്കുമ്പോള്‍ മനസ്സില്‍ വസു മാത്രേ ഉണ്ടായിരുന്നുള്ളൂ …

ചുടല പറമ്പിലെ എരിഞ്ഞു തീരാറായ ശവമഞ്ചത്തില്‍ നിന്നും അഗ്നി എടുത്ത് ഹോമകുണ്ഡത്തിനരികെ ഒരു മാന്തൃികനെ പോലെ അയാളിരുന്നു…
എരിയുന്ന തീയില്‍ ആ മുഖം ഭീതി ഉളവാക്കി.

.ചെറിയച്ഛന്‍.!.
അതു വരെ കണ്ട മുഖമായിരുന്നില്ല അപ്പോള്‍..

ചെറിയച്ചനിതൊക്കെ എവിടുന്നു പഠിച്ചു എന്നുള്ള ആകാംക്ഷ ആയിരുന്നു മനസ്സില്‍..

ഉച്ചത്തിലുള്ള മന്തൃത്തിന്റെ അവസാനം കരിം കോഴിയുടെ തലവെട്ടി ചിതയിലിട്ടും ഒരു തുള്ളി ചോര തന്റെ നെറ്റിയിലും തൊട്ടു..പിന്നെ കുടിക്കാനായ് പൂജിച്ച വെള്ളവും..
.കാഞ്ഞിരം പോലെ കയ്ച്ച ആ വെള്ളം താനിറക്കുമ്പോള്‍ മനസ്സില്‍ നിറയെ പ്രണയത്തിന്റെ മധുരമായിരുന്നു..

കണ്ണുകളില്‍ ഒരു മയക്കം പടരുന്നുവോ?


ചെറിയച്ഛന്റെ മുഖത്ത് ഒരു ചിരിയും…

“ദേവൂ നീ ക്ഷമിക്ക്..എനിക്ക് നിന്നെ കുരുതി കൊടുത്തേ മതിയാകൂ ..
.നിനക്ക് ഒരു ശാപവും ഇല്ല..
പകരം ദേവീ ചൈതന്യം ആവോളം ഉണ്ട്..നിന്നെ പോലെ ഒരു കന്യകയെ കുരുതി കൊടുത്താലേ എന്റെ ശാപം തീരൂ ..

.നീ ഇപ്പോള്‍ കുടിച്ചില്ലേ ആ വിഷകൂട്ടിന്റെ രുചി ആദ്യം അറിഞ്ഞത് നിന്റെ അമ്മയാണ്.. നിന്റെ അച്ഛന് സംശയം തോന്നിയപ്പോള്‍ കൊല്ലാന്‍ തോന്നിയില്ല..ഒന്നു മിണ്ടാന്‍ പോലും കഴിയാത്ത രീതിയില്‍ തളര്‍ത്തിയിട്ടു..നാളത്തെ തിരുവാതിക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്…

എല്ലാം കണക്ക് കൂട്ടി ഇരുന്നപ്പോളാണ് വസൂ ഒരു ശത്രുവായെത്തിയത്.

.ഞാൻ പറഞ്ഞ കള്ള ജാതക ദോഷത്തിന്റെ പേരില്‍ നിന്നെ അകറ്റാൻ നോക്കി..
പക്ഷെ അവനിങ്ങനെ ഒരെടുത്ത് ചാട്ടം നടത്തുമെന്ന് കരുതിയില്ല..
ഇനിയും താമസിച്ചാല്‍ എനിക്ക് ഒരിക്കലും ഞാനാഗ്രഹിച്ചത് കിട്ടില്ല..
നിന്റെ സാമിപ്യത്തില്‍ മാത്രമേ ഈ പൂജ പൂര്‍ത്തിയാവുള്ളൂ …
അത് പൂര്‍ത്തി ആയ്..ഇനി കുരുതി ആണ്..ആകാശത്ത് തിരുവാതിര നക്ഷത്രം തെളിയുന്ന യാമത്തില്‍ അതെനിക്ക് ചെയ്യണം..പിന്നെ ഞാന്‍ അമരനാണ്..യമന്
പോലും തോല്പിക്കാന്‍ കഴിയില്ല..

പക്ഷെ അതിനു മുന്നെ ഒരാഗ്രഹം.
മണ്ണും പെണ്ണും തന്നെയാണ് എന്നും ആഗ്രഹമുണ്ടാക്കുന്നത്..എനിക്ക് വസുവാകണം..അവനു കൊടുക്കാന്‍ ആഗ്രഹിച്ചതൊക്കെ എനിക്ക് വേണം..
മരിക്കുമ്പോള്‍ നീ ഒരു കന്യകയായ് മരിക്കില്ല..നിന്നിലൂടെ എന്റെ ബ്രഹ്മചര്യം തീര്‍ത്ത് എനിക്ക് ഈ ബ്രഹ്മവും കീഴ്പെടുത്തണം…”

അടഞ്ഞ് പോകുന്ന മിഴികളിലൂടെ കണ്ടു അടുത്ത് വരുന്ന രൂപം..


കയ്യില്‍ തടഞ്ഞ കൂര്‍ത്ത കല്ല് ആ മുഖത്തേക്ക് വീശി തളര്‍ന്ന് പോയ കാല് വലിച്ച് ഓടി…ചുറ്റിനും നിറഞ്ഞ അന്ധകാരത്തില്‍ കണ്ടു പാഞ്ഞ് വരുന്ന രൂപത്തെ..കണ്ണുകളില്‍ ഇരുട്ട് നിറഞ്ഞു..

ഓര്‍മ്മ മറയും മുന്നെ ചാത്തന്‍ കുന്നിനു മുകളില്‍ നിന്ന് താഴേക്ക് ഒരപ്പുപ്പന്‍ താടി പോലെ അവള്‍ പറന്നു..
ശിവക്ഷേത്രവും അര്‍ദ്ധനാരീശ്വര മണ്ഡവും കണ്ണാടി പുഴയും വസുവും മാത്രമായ് മനസിൽ . ..
അവളുടെ കൈകളിൽ അപ്പോളും മുറുകെ പിടിച്ചിരുന്നു അവനെ പിടിച്ച് തള്ളി മാറ്റിയപ്പോള്‍ അയാളുടെ കഴുത്തില്‍ നിന്ന് പൊട്ടിച്ചെടുത്ത ഒരു രുദ്രാക്ഷം…

തോളില്‍ ആരുടേയോ കൈ പതിഞ്ഞപ്പോള്‍ അവള്‍ ഞെട്ടി തല ഉയര്‍ത്തി.
.അതേ കണ്ണുകള്‍ അതേ ക്രൗര്യം..നിങ്ങള്‍ നിങ്ങളല്ലേ ദേവൂട്ടിയെ കൊന്നത്..?

എരിയുന്ന കണ്ണുകളോടെ അയാളോട് ചോദിക്കുമ്പോൾ അവളിൽ ഭയത്തിന്റെ തരിമ്പും ഇല്ലായിരുന്നു…!

“അതേ ഞാന്‍ തന്നെ..!അവളുടെചെറിയച്ചെൻ!

വര്‍ഷങ്ങളായ് ഓരോ തിരുവാതിരയ്കും ഞാന്‍ നിന്നെ കാത്തിരിപ്പാണ്.
എനിക്കറിയാമായിരുന്നു നീ വരുമെന്ന്..പക്ഷെ ഇത്തവണ നീ രക്ഷപെടില്ല..
ദേ താഴെ ചുടലപറമ്പില്‍ എരിയുന്ന ചിത കണ്ടോ അത് നിനക്കായ് ആണ്..അതില്‍ നിറയെ ഗതികിട്ടാത്ത പ്രേതാത്മാക്കള്‍ ആണ് ..പോ നീയും അവരുടെ കൂടെ.”!

.പറഞ്ഞ് തീരും മുന്നെ അയാള്‍ അവളെ ആഞ്ഞ് തള്ളി..

പിറകിലേക്ക് മലര്‍ന്ന് വേച്ച് വീഴുമ്പോഴേക്കും അവള്‍ അയാളെയും പിടിച്ചു..പെട്ടെന്ന് കാലിടറിയ അയാള്‍ അവള്‍ക്കൊപ്പം താഴേക്ക് പതിച്ചു.. !

അവളില്‍ നിന്നറിയാതെ ഒരാര്‍ത്തനാദം ഉയര്‍ന്നു
“വസൂ …”!
അതാ മലയിടുക്കുകളില്‍ തട്ടി പ്രതിധ്വനിച്ചു..

ചാഞ്ഞ് കിടന്ന കൂവളചില്ലയിലൊന്നില്‍ പിടുത്തം കിട്ടിയ അവളെ പിടിച്ച് അയാളും കിടന്നു..
കഴുത്തില്‍ കിടന്ന മന്തൃതകിടുകള്‍ പൊട്ടി താഴേക്ക് വീണു…


അവളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു..
ഇരുട്ടില്‍ കയ്യില്‍ തടഞ്ഞ ചില്ല മുറുകെ പിടിച്ച് അവള്‍ പരതി.

.ചാത്തന്‍ കുന്നിന്റെ അരുകിലായ് കുത്തി വച്ച കമ്പികളിലൊരെണ്ണം ഇടതുകൈകൊണ്ട് പിഴുത് അവന്റെ കണ്ണുകളിലാഴ്തി …

വേദനിച്ചിട്ടും പിടിവിടാത്ത അവനെ നോക്കി ഒന്നുകൂടി ചിരിച്ചവള്‍ കൈകള്‍ വിടുമ്പോള്‍ മനസ്സ് ശാന്തമായിരുന്നു.
തെറിച്ച് വീണ തന്റെ വസ്ത്രം എന്തിലോ ഉടക്കി..

അപ്പോളേക്കും അയാള്‍ എരിയുന്ന ചിതയിലേക്ക് വീണിരുന്നു..

ദേവൂട്ടാ..ദേവൂട്ടാ വസുവിന്റെ ഒച്ച…

“വസൂ…”!

അവശേഷിച്ചിരുന്ന ശക്തിയും പ്രതീക്ഷയുമായ് വിളിച്ചപ്പോള്‍ കണ്ടു മിന്നായം പോലെ അവന്‍..
കൂടെ ആരുടെ ഒക്കെയോ തലകളും.
ജീവിതത്തിനും മരണത്തിനുമിടയില്‍ ഇനിയും കുറച്ച് നിമിഷങ്ങള്‍ മാത്രം..!

കുന്നിന് താഴേക്ക് ഇട്ട ഏണിയിലൂടെ അവന്‍ വന്നതും കൈകളില്‍ പിടിച്ചതും മാത്രമേ ഓര്‍മ്മയുള്ളൂ …

കണ്ണ് തുറന്നപ്പോള്‍ അമ്മയുടെ മടിയിലാണ്..ശരീരത്തിലെവ്ടെ ഒക്കെയോ ചതവിന്റെ വേദന..കൈമുട്ടുകളില്‍ നിന്നൊക്കെ തൊലി പോയിരിക്കുന്നു..

“.അമ്മേ വസു എവ്ടെ..ഒന്ന് വിളിക്കൂ .!

..വസൂ അവൻ പുറത്തു പോയല്ലോ മോളെ..

.
അന്നത്തെ പകലിനു വല്ലാത്ത വിരസത തോന്നി.

.ഉച്ച ആയപ്പോളേക്കും വസു എത്തി കയ്യില്‍ ടിക്കറ്റുമായ്..പീലി..നാളെ രാവിലെയാണ് ട്രെയിന്‍ …കൊണ്ടുവിടാന്‍ ടാക്സി വരും…

ടിക്കറ്റ് കയ്യില്‍ വാങ്ങിയപ്പോള്‍ മനസ്സില്‍ എന്തേ ദേഷ്യം നിറഞ്ഞു..


ദേവൂട്ടാ നീ പോകരുത് എന്ന് പറയുന്നത് കേള്‍ക്കാനല്ലേ താനാഗ്രഹിച്ചത്?എന്നിട്ട് ഇപ്പോൾ? ആ നെഞ്ചിൽ ചേർന്ന് നിൻ്റെ ദേവൂട്ടനെ ന്ന് പറയാൻ കൊതിച്ചിട്ടു..ഇപ്പോൾ?

അമ്മയുടെ സംസാരം കേൾക്കുന്നുണ്ട്..അവളെ ഈ അവസ്ഥയിൽ വിടാണോ?

“അമ്മേ വസു വിന്റെ ഇഷ്ടം അതാന്നേൽ ഞാൻ പോകാം..”പറയുമ്പോൾ തന്റെ ഒച്ച ഇടറിയോ?

” അമ്മേ ഇന്ന് തിരുവാതിര അല്ലേ..?ഇതൊന്ന് ഉടുപ്പിച്ച് തരൂ എനിക്കറിയില്ല ഇതുടുക്കാന്‍..!”

അവളാ കറുത്ത കരയുള്ള മുണ്ട് ചുറ്റി..,പിന്നെ ആ കരിവള..കണ്ണില്‍ കരിമഷി എഴുതി..മുടി വിരിച്ചിട്ടു..നെറ്റിയില്‍ ഒരു കുറിതൊട്ടു..

അമ്മേ ഇങ്ങനെ ആരുന്നോ ദേവൂട്ടി..?

അവരുടെ കണ്ണുകള്‍ നിറഞ്ഞ് വന്നു..

“വസൂ നാളെ ഞാന്‍ പോകുവല്ലേ?
അതിനു മുന്നെ എന്നെ ഒന്നു കൂടി കണ്ണാടി പുഴയും ചാത്തന്‍ കുന്നും കാണിക്കൂ …”

അവന്റെ കണ്ണുകളിലെ ഭാവം കണ്ടില്ലെന്ന് നടിച്ച് വേച്ച് വേച്ച് അവള്‍ നടന്നു..

“ഇന്നലെ ഇരുട്ടത്ത് ഞാനൊന്നും ഓര്‍ക്കുന്നില്ല…ഇവ്ടെ എവ്ടെ യോ കല്‍പടവുകള്‍ ഇല്ലേ?എനിക്ക് ഒന്ന് അവ്ടെ ഇരിക്കണം..”

അവനവളെ കുന്നിനരുകിലെ കണ്ണാടി പുഴയോട് ചേര്‍ന്ന കല്‍പടവിലിരുത്തി…

ഒരുപടി തഴെ ആയ്‌ അവനും ഇരുന്നു.

“വസൂ നാളെ ഞാന്‍ പോകും..ഒന്നും എന്നോട് പറയാനില്ലേ?പോകണ്ട എന്നു പോലും..?”

“ഇനിയും ഞാനെന്ത് പറയാന്‍ പീലി..പറഞ്ഞാല്‍ നീ പോകാതിരിക്കുമോ?”

ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവന്‍ തുടര്‍ന്നു..

എനിക്കറിയാം പീലി നിന്നെ പോലെ ഒരു പെണ്ണിന് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ് ഇവ്ടെ നടന്നത്.
.ഇനിയും നിന്റെ ജീവന്‍ നഷ്ടപെടുത്തണ്ട …
എവ്ടെ ആയാലും നീ ജീവിച്ചിരുന്നാല്‍ മതി പീലി..!”

“മതി വസു..


പീലി പീലി ആ പേര് പറയുന്നത് ഒന്ന് നിര്‍ത്തൂ .
..അവളവനിരിക്കുന്ന പടിയിലേക്ക് ഇറങ്ങിയിരുന്നു..,

“നോക്കൂ വസൂ ദേവൂട്ടനാണ് ഞാന്‍ ..നിന്റെ ദേവൂട്ടന്‍..!
ഈ കരിവള നോക്കൂ എന്റെ കൈകള്‍ക്ക് പാകമല്ലേ?
ഇത് എനിക്കായ് വാങ്ങിയത് പോലെഇല്ലേ? നോക്ക് വസു..
നിന്നെ ഉപേക്ഷിച്ച് ഒരു മടക്കയാത്ര എനിക്കില്ല…
ഇവ്ടെ ഇവ്ടെ ജീവിച്ചാല്‍ മതി എനിക്ക് നിന്റെ പെണ്ണായ്..നിന്റെ പാതി ആയ്,നിന്റെ ദേവൂട്ടനായ്…പിണങ്ങല്ലേ എന്റെ വസുവല്ലേ…!”

ആ ഒരു നിമിഷം അവനവളെ ചേര്‍ത്ത് പിടിച്ചു…
ഇല്ല..ഇവളെ വിട്ടുകളയാന്‍ വയ്യ…തന്റെ കാത്തിരിപ്പിന്റെ ഫലം…അവളുടെ പ്രണയത്തിന്റെ ശക്തി..
അവളെ മാറോട് ചേര്‍ത്ത് ഉമ്മകള്‍ കൊണ്ട് മൂടിയപ്പോള്‍ ഒരു കുഞ്ഞിനെ പോലെ അവള്‍ പറ്റി ചേര്‍ന്നു …ഇനി ഒരുശക്തിക്കും വേര്‍പിരിക്കാന്‍ കഴിയാത്ത പോലെ..

പൂര്‍ത്തി ആകാത്ത ആ ചിത്രം കവിനുള്ളിലെ വീട്ടിൽ അവളോട് ചേർന്നിരുന്നു അവന്‍ പൂര്‍ത്തി ആക്കി…!

“വസൂ അതേ നീ എങ്ങനെ എന്നെ തിരിച്ചറിഞ്ഞു…?എന്റെ രൂ പം ഉള്ള എത്രയോ പേരുണ്ടാകും അതില്‍ നിന്ന് എന്നെ എങ്ങനെ കണ്ട് പിടിച്ചു…?”

“ദേവൂട്ടാ നിന്നെ തിരിച്ചറിയാന്‍ എനിക്ക് കൂട്ട് നിന്റെ സ്നേഹമായിരുന്നു…
നിന്റെ പ്രണയം അത് എന്നെ നിന്റെടുത്ത് എത്തിച്ചു പിന്നെ നിന്റെ വലം കയ്യിലെ ഈ കാക്കപുള്ളി..!”

കാക്കപ്പുള്ളിയോ?.അവളുടെ കണ്ണിൽ സംശയം നിറഞ്ഞു..
“കയ്യിലെ കറുപ്പ് കുറയ്കാനാണീ കാക്കപുള്ളി എന്ന് നിന്നെ കളി ആക്കുന്നത് ഓര്‍ക്കുന്നുവോ?”


കള്ള പിണക്കം നടിച്ച് അവള്‍ മുഖം വീര്‍പ്പിച്ചപ്പോള്‍ അവനവളുടെ മുഖം ചുണ്ടോട് ചേര്‍ത്തു..

.കൂവള മരത്തിന്റെ ചില്ലകള്‍ കാറ്റിലുലഞ്ഞു..

.കവിളോരം ചേര്‍ന്ന അവന്റെ മുഖം പിടിച്ച് ചുണ്ടുകളോട് ചേര്‍ത്ത് അറ്റത്തെ ഒരു കുഞ്ഞ് മീശ കടിച്ചെടുത്ത് അവൾ കാവിലേക്കോടി..!
പിറകെ അവനും..!

.കൂവള മരത്തിനു താഴെ അവന്റെ തോളിൽ ചാഞ്ഞു ആ കൈകളിലെ രുദ്രാക്ഷം പിടിച്ചു അവളിരുന്നു..
.അവൾ അവന്റെ ചെവിയിൽ പറഞ്ഞു.

“.ഈ ജന്മം അല്ല..എത്ര ജന്മം കഴിഞ്ഞാലും ഞാൻ നിന്റേത് മാത്രം ആയിരിക്കും…നിന്റേത് മാത്രം…!”
അവനവളെ ഒന്ന് കൂടി ചേർത്തു പിടിച്ചു..

ദൂരെ ദൂരെ കാളീഘട്ടില്‍ നിന്നും കാളീ പൂജയുടെ ശംഖൊലി ഉയരുന്നുണ്ടായിരുന്നു
ഇനിയും ബാക്കി ആയ പ്രണയ നാദം പോലെ…ശിവ പാർവതീ രാഗം പോലെ….. ❣️



അവസാനിച്ചു....... 🥀