Aksharathalukal

അർജുന്റെ ആരതി - 31

                   
                                 ഭാഗം - 31
                         അർജുന്റെ ആരതി

ആരതി മങ്ങിയൊരു ചിരി ആദിലിന് സമ്മാനിച്ചു.

ആരതി... ഞാനറിയാതെ.

"സാരമില്ല ഏട്ടാ. ഒരിക്കലെന്റെ മനസ്സ് കൈവിട്ട് പോയിരുന്നു. എന്താ? എങ്ങനെയാണെന്നൊക്കെ എനിക്കറിയാം.
'ഇട്സ് എ ഡിപ്രെഷൻ' എന്ന് എല്ലാവരും എന്നെ പറഞ്ഞു പഠിപ്പിച്ചു.

എനിക്കൊന്നും സംഭവിച്ചിട്ടില്ല. ഈ ലോകം എന്റേതാണെന്നും എനിക്കിവിടെയൊരു ബ്രൈറ്റ് ഫ്യൂചറുണ്ടെന്നും സാധാരണ പെൺകുട്ടിയെ പോലെ ജീവിക്കാന്നുമൊക്കെ പറഞ്ഞു.

എന്നിട്ടെന്തിനാണ് രുദ്രേട്ടനെ വേഷം കെട്ടിച്ച് ഇറക്കാൻ നോക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല."

"ആരതി..."  എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ആദിൽ വിഷമത്തിലായി.

"അപ്പോൾ ഇവരൊക്കെ വെറുതെ പ്രതീക്ഷ നൽകുന്നതാണല്ലേ?
എന്നെ പോലുള്ളവർക്ക് ഇവിടെ ലോകമില്ല അല്ലേ! മുന്നോട്ട് ജീവിക്കാൻ ആരേലും കനിവ് കാണിക്കണം." ആരതി നിരാശയോടെ പറഞ്ഞു നിർത്തി.

"അമ്മ തിരക്കുന്നുണ്ടാവും ഞാൻ പൊക്കോട്ടെ ഏട്ടാ..."
അവന്റെ മറുപടിക്ക്  കാത്ത് നിൽക്കാതെ അവൾ പോയി.

"അർജുൻ, എനിക്കൊരബദ്ധം പറ്റിയെടാ?"

" എന്താ? "

ആദിൽ നടന്ന കാര്യങ്ങളൊക്കെ അവനോട് പറഞ്ഞു.

ശേ... അർജുൻ തലയിൽ കൈവെച്ചിരുന്ന് പോയി.

ആദിലാണെങ്കിൽ എന്ത് വേണമെന്നറിയാതെ കൈവിരലുകളിൽ ഞൊട്ടയിട്ട്ക്കൊണ്ടിരുന്നു.

ഒടുവിൽ, അർജുൻ ആരതിയേ നേരിൽ കാണാൻ തന്നെ തീരുമാനിച്ചു. അതിന് പറ്റിയൊരു ആശയവും അവന്റെയുള്ളിൽ മിന്നി.

അർജുൻ ആരതിയുടെ വീടിന്റെ ഗേറ്റ് കടന്നു ചെന്നു. ആരതി പൂമുഖത്തിരുന്നു ബുക്കിൽ കുത്തിവരയ്ക്കുന്നു. അർജുൻ അവളെ വിളിക്കാനൊരുങ്ങിയതും ശ്രീദേവി അങ്ങോട്ടേക്ക് വന്നു.

"ആരൂ, അർജുൻ വന്നത് കണ്ടില്ലേ നീ?" അമ്മ ചോദിച്ചു.

അതിനൊരു മറുപടി പറയാതെ, അർജുനെയൊന്ന് നോക്കുക പോലും ചെയ്യാതെ അവൾ അകത്തേക്ക് പോയി.

"അർജുൻ ഇരിക്ക്, അവൾ മിക്കപ്പോഴും അങ്ങനെയാണ്, പറഞ്ഞിട്ട് വല്യ കാര്യമൊന്നുമില്ല." അമ്മ പറഞ്ഞു തുടങ്ങി.

നാളെ ആരതിക്ക് ആക്‌സിഡെന്റായിട്ട് മൂന്ന് വർഷമാകുന്നു. കഴിഞ്ഞവർഷം ഈ ദിവസം രാവിലെ വീട്ടിൽ നിന്നിറങ്ങി പോയി. പെട്ടെന്ന് തിരികെ വന്ന് പാവപ്പെട്ടവർക്കുള്ള പൊതിച്ചോർ വിതരണം നടത്താനുള്ള തയ്യാറെടുപ്പുകളൊക്കെയായിരുന്നു. ആ ദിവസത്തിന്റെ ഓർമയ്ക്കെന്ന പോലെ എന്തൊക്കെയോ ചെയ്തു കൂട്ടും.

ഇന്നും അതുപോലെ എന്തേലും പരിപാടി കണ്ട്പിടിക്കാനിറങ്ങിയതാണ്. പെട്ടെന്നിത് എന്ത് പറ്റിയോ? ആദിലിനോട് സംസാരിച്ചു നിൽക്കുന്നത് കണ്ടിരുന്നു. ഇനി അവർ തമ്മിൽ പിണങ്ങി കാണുമോ?" അമ്മയൊരു സംശയം പറഞ്ഞു.

"ഏയ്‌ അങ്ങനെയൊന്നും ഉണ്ടായില്ല ആന്റി." അവൻ പറഞ്ഞു.

അവൾക്കെന്താണ്‌ അവനോടൊരു നീരസമെന്ന് മനസ്സിലായി. അവളുടെയൊരു ദിവസം ഇല്ലാതാക്കിയതിന് അവൻ കുറ്റബോധം തോന്നി.

"ഞാൻ കരുതിയത് ഇവിടെ എന്തേലും ആവശ്യം വന്നാൽ ആദിൽ മുന്നിലുണ്ടാവും എന്നാണ്. അർജുനെ ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല." ശ്രീദേവി മറ്റാരെങ്കിലും അർജുനുമായുള്ള തന്റെ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചുറ്റും നോക്കി.

ശ്രീദേവി ആന്റിക്ക് തന്നോട് എന്തോ പറയാനുള്ളതുപോലെ അർജുൻ തോന്നി. ഈ മുഖവുര അവസാനിപ്പിച്ചു തന്നോടത് പറഞ്ഞുകൂടെ എന്നരീതിയിൽ അർജുൻ അവരെ നോക്കിയിരുന്നു.

"വിശ്വേവേട്ടൻ എന്നോടൊരു കാര്യം പറഞ്ഞിരുന്നു. മോൻ നന്നായി ആലോചിച്ചിട്ടാണോ ആരുവിനെ വിവാഹം കഴിക്കാൻ സമ്മതിച്ചത്. ഒരു സാധാരണ പെൺകുട്ടിയോടപ്പമുള്ള ജീവിതം പോലെയല്ല ആരതിക്കൊപ്പമുള്ള മോന്റെ ജീവിതം തുടങ്ങുന്നത്, ഇന്നത്തെ താല്പര്യം നാളെ എന്തേലുമൊക്കെ കാരണം കൊണ്ട്  ഇഷ്ടക്കേടായി മാറിയാല്ലോ ? " അമ്മ തന്റെ ആധി പങ്കുവെച്ചു.

"ആന്റി, എനിക്കവളെ ഒത്തിരി ഇഷ്ടമാണ്.
അതുകൊണ്ടാണ് വിവാഹം കഴിക്കാൻ ഞാൻ തയ്യാറായത്. ഞാൻ നന്നായിട്ട് ആലോചിച്ചെടുത്തൊരു തീരുമാനമല്ലിത്.
അർജുൻ ആരതിയേ സ്നേഹിക്കുന്നു. അതുകൊണ്ട് തന്നെ ആരതിയുടെ കാര്യത്തിൽ എനിക്ക് കൂടുതലായി ഒന്നും ആലോചിക്കാനില്ല. അതിനപ്പുറത്തേക്ക് ഒരു വിശദീകരണം നൽകാൻ എനിക്കാവില്ല ആന്റി.

മനുഷ്യന് മികവുകളെക്കാൾ അധികം കുറവുകളാണുള്ളത്. അവളൊരു സാധാരണ പെൺകുട്ടിയാണ്. ഞാനും അതുപോലെ തന്നെ.  കഴിഞ്ഞത് കഴിഞ്ഞു, ഇനി വരാൻ പോകുന്നത് എന്ത് തന്നെയായാലും എന്തിന്റെ പേരിലായാലും ആരതിയേ ഞാൻ കുറ്റപ്പെടുത്തില്ലൊരിക്കലും. " അവൻ പറഞ്ഞു.

"ഇതൊക്കെ കേൾക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നുണ്ട്. അവൾ ഭാഗ്യവതിയാണെന്ന് വിശ്വസിച്ചോട്ടെ." അവർ ചോദിച്ചു.

"ആന്റി സമാധാനത്തോടെയിരിക്ക് അവൾക്ക് ഞാനുണ്ടാകും."

"അല്ലാ! അർജുനെന്താ വന്നത്?" അമ്മ ചോദിച്ചു.

"അത് ഞായറാഴ്ച്ചത്തെ ചടങ്ങിന്റെ
കാര്യങ്ങളൊക്കെ ചോദിക്കാൻ അങ്കിളിനെ അന്വേഷിച്ചു വന്നതാണ്."

വിശ്വേട്ടൻ ഇവിടെയില്ല, ഞായറാഴ്ച ഇവിടെ വിശേഷിച്ചൊന്നും ഒരുക്കങ്ങൾ വേണ്ട. മോൻ ഗോൾഡ് എടുക്കാൻ പോകുമ്പോൾ ഞങ്ങളുടെ കൂടേ വരണം.

"വരാം ആന്റി." മറ്റ് ഉപചാരങ്ങൾക്കൊന്നും നിൽക്കാതെ അർജ്ജുൻ ആരതിയുടെ വീടിന്റെ പടിയിറങ്ങി.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

അർജുൻ വീട്ടിലെത്തിയപ്പോൾ സോഫയിൽ മലർന്ന് കിടന്ന് എന്തൊക്കെയോ ആലോചിച്ചു കൂട്ടുവാണ് ആദിൽ.

താങ്ക്സ് ഏട്ടാ...

"നീ ആക്കിയതാണോ ആദിൽ ചോദിച്ചു."

"ഹേ സീരിയസായിട്ടാണ് ... ഏട്ടൻ കാരണം, അവളുടെയീ കൊച്ചു, കൊച്ചു ദൗർബല്യങ്ങൾ കൂടേ മനസ്സിലാക്കാൻ സാധിച്ചു. ഞാനവളുടെ കാര്യത്തിൽ ഇനി മുതൽ കുറച്ചൂടെ ശ്രദ്ധിക്കണം."

"നീ പറഞ്ഞത് ശരിയാണ് അർജുൻ. അവളുടെ പ്രതീക്ഷകൾക്ക് മേലെയാണ് ഞാനിന്ന് മങ്ങലേൽപ്പിച്ചത്. സ്വന്തം പരിശ്രമത്തിലൂടെ എവിടെയൊക്കെ എത്താൻ ശ്രമിക്കുകയാണവളെന്നെനിക്ക് തോന്നി." ആദിൽ പറഞ്ഞു

"സ്വസ്ഥമായി ജീവിക്കാൻ നോക്കുവാണ്... ഒന്നിൽ നിന്നും ഒഴിഞ്ഞുമാറണമെന്ന് അവൾക്കില്ല, എങ്കിലും ചിലപ്പോഴൊക്കെ ഉൾവലിഞ്ഞു നിൽക്കുന്നു.

ഒരുപാട് സപ്പോർട്ട് കൊടുക്കണം. അവൾക്കൊരുപാട് സ്പേസൊരുക്കി കൊടുക്കണം. എപ്പോഴും ആക്ടിവായി മുന്നിൽ നിർത്തണം. എന്ത് ആവശ്യത്തിനും ശല്യപ്പെടുത്തികൊണ്ടേയിരിക്കണം. അല്ലെങ്കിൽ അവൾ അസ്തമിച്ചു പോകും."
അർജുൻ പറഞ്ഞു.

"പരസ്പരം കൂടുതൽ അടുത്തറിയുമ്പോൾ നിങ്ങളായിരിക്കും ബെസ്റ്റ് കപ്പിൾസ്." ആദിൽ പറഞ്ഞു.

"ബെസ്റ്റ് കപ്പിൾസ്, റൊമാന്റിക് കപ്പിൾസ്, മേട് ഫോർ ഈച്ച് അദർ യാതൊരു അലങ്കാരവും വേണ്ടാ ഞങ്ങൾക്ക്‌. സ്വസ്ഥതയോടേ, സമാധാനത്തോടെ, സന്തോഷത്തോടേ ഞങ്ങൾ ആഗ്രഹിക്കുന്ന പോലെ ജീവിക്കണം.

അവളെ നമ്മുക്ക് തിരിച്ചുകൊണ്ടുവരണം
അവളുടെ ഭൂതവും ബാധയൊക്കെ നമ്മുക്കെരിക്കാം. പിന്നീട്,തീയിൽ കുരുത്തവളൊരിക്കലും വെയിലത്ത്‌ വാടില്ല."

അതാണ് അതിന്റെ ശരിയെന്ന് ആദിലിന് തോന്നി.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

അടുത്തദിവസം, ഹാൾ ടിക്കറ്റ് വാങ്ങാൻ വേണ്ടി ആരതി കോളേജിലെത്തി.
അവൾക്ക് അഭിമുഖമായി മീരാ മിസ്സ് വന്നു.

"എല്ലാം പഠിച്ചു കഴിഞ്ഞോ ആരതി?" അവർ ചോദിച്ചു.

"കുറെയൊക്കെ പോർഷൻസ് കവർ ചെയ്തു മിസ്സ്." അവൾ പറഞ്ഞു.

"തനിക്ക് മൊത്തത്തിലൊരു ചേഞ്ച്‌ തോന്നുന്നുണ്ടല്ലോ?" മിസ്സ്‌ ചോദിച്ചു.

"അതെയോ, ആരും പറഞ്ഞില്ല മിസ്സ്." അവൾ പറഞ്ഞു

"നല്ല മാറ്റമുണ്ട് ഡ്രെസ്സിലും അപ്പീയറൻസിലുമൊക്കെ " അവർ പറഞ്ഞു.

"ഓഹ്! ഡ്രസ്സ്‌, ഇതെനിക്കൊരാൾ സമ്മാനിച്ചതാണ്. അതിനനുസരിച്ചു ഒരിത്തിരി മാറ്റം വരുത്തി." അവൾ പറഞ്ഞു.

"എന്തൊക്കെ സംഭവിച്ചാലും തന്റെയീ ചുറുചുറുക്കൊരിക്കലും മാറരുത്."

അവളൊന്നു അന്ധാളിച്ചു മിസ്സിനെ നോക്കി.

"നിശബ്ദയാവരുത്." മിസ്സ് കൂട്ടിച്ചേർത്തു.

ഒരുക്കാലത്ത് നൂയിസൻസെന്ന് വിശേഷിപ്പിച്ചവരാണ് ദൈവമേ!  ഈ പറയുന്നത്. അവരുടെ അനുകൂല മാറ്റത്തിൽ അവൾ സംതൃപ്തയായി.

മിസ്സ് പറഞ്ഞതിന്റെ പൊരുൾ അവൾക്ക് വ്യക്തമായില്ല. കാലമവൾക്ക് കൂടുതൽ വ്യക്തത നൽകും.

"മിസ്സിന്റെ വീടെവിടാണ്? വീട്ടിൽ ആരൊക്കെയുണ്ട്?" ആരതി വെറുതെ ചോദിച്ചു.

"ഞാനിവിടെ അടുത്തൊരു വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുന്നു. നാടും വീടുമൊക്കെ ഇവിടുന്ന് ഒരുപാട് ദൂരെയാണ് ആരതി. വീട്ടിൽ അച്ഛനും അമ്മയുമുണ്ട് അവരുടെ കൂടേ എന്റെ മക്കളും. 'ഒരു മോനും ഒരു മോളും' ഭർത്താവ് വിദേശത്ത് പേരെടുത്ത മനോരോഗ വിദഗ്ധനാണ്." അവർ വിശദമാക്കി.

ആരതി കൂടുതലൊന്നും തിരക്കിയില്ല, കോളേജ് കോമ്പൗണ്ടിന്റെ ശ്രദ്ധേയമായൊരു കോണിൽ അവളിരുന്നു.
വായനയിൽ മുഴുകിയിരുന്നത് കൊണ്ടാവും സമയം കടന്നു പൊക്കൊണ്ടിരുന്നത് അവളറിഞ്ഞില്ല. നേരം കുറേയായിട്ടും ആരതി പോയിട്ടില്ല എന്ന് മനസ്സിലാക്കിയ രുദ്രൻ അവിടേക്ക് വന്നു.

"എന്താ നീയിവിടെ തനിച്ചിരിക്കുന്നത്?" രുദ്രൻ ചോദിച്ചു.

"ഇത് പഠിച്ചിട്ട് മനസ്സിലാവുന്നില്ല രുദ്രേട്ടാ." അവൾ പറഞ്ഞു.

രുദ്രൻ അവളുടെ കൈയിൽ നിന്ന് പുസ്തകം വാങ്ങി, അതിലെ കുറച്ചു ഭാഗങ്ങൾ അടിവരയിട്ട് കൊടുത്തു.

"മാർക്ക് ചെയ്തിരിക്കുന്ന ഭാഗം മാത്രം മനസ്സിരുത്തി വായിക്കുക. പെട്ടെന്ന് പിടികിട്ടും. ഹാൾ ടിക്കറ്റ് വാങ്ങിയല്ലോ? നീയെന്താ വീട്ടിൽ പോകാത്തത്." രുദ്രൻ ചോദിച്ചു.

"ഇന്ന് ആദിലേട്ടന്റെ വാക്കുറപ്പിക്കലാണ്. എല്ലാവരും അവിടേക്ക് പോയി. വീട്ടിൽ തനിച്ചിരിക്കേണ്ട എന്ന് അച്ഛൻ പറഞ്ഞു.
ചടങ്ങ് കഴിഞ്ഞു അച്ഛൻ വന്നെന്നേ കൂട്ടിക്കൊണ്ടുപോകാന്നു പറഞ്ഞിട്ടുണ്ട്. ഞാൻ അച്ഛനെ കാത്തിരിക്കുകയാണ്." അവൾ പറഞ്ഞു.

"നീയെന്താ പോകാഞ്ഞത്?" അവൻ ചോദിച്ചു.

"അറിയില്ല. പോകാൻ തോന്നിയില്ല. ഒരുപക്ഷേ ഇന്നായത് കൊണ്ടാവാം ആരുമെന്നെ നിർബന്ധിച്ചില്ല. " അവൾ പറഞ്ഞു.

രുദ്രൻ ഓർമ്മയിൽ എന്തോ ചികഞ്ഞപ്പോൾ, ആരതി രുദ്രനെ ഉറ്റുനോക്കിയിരുന്നു.

ഞാൻ ആലോചിക്കുവായിരുന്നു രുദ്രദേവൻ എന്റെ ആരാണെന്ന്?
ഒരുപക്ഷേ ഏട്ടൻ ഇല്ലായിരുന്നുവെങ്കിൽ ആരതി ഈ ലോകത്തെ ഇന്ന് ഉണ്ടാകുമായിരുന്നില്ല.

"എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്? വലിയ ആൾക്കാർ സംസാരിക്കുന്നത് പോലെ." രുദ്രൻ സംശയത്തോടെ ചോദിച്ചു.

അവൾ ചിരിച്ചു. അവളുടെ ചിരിക്കൊരു ഭംഗിയവന് തോന്നിയില്ല.

"ആരതി, എന്തെങ്കിലും മനസ്സിലുണ്ടെങ്കിൽ തുറന്നു പറയൂ, നിനക്ക് ഇപ്പോൾ തന്നെ അത് ക്ലിയർ ചെയ്തു തരാം." അവൻ പറഞ്ഞു.

"ഒന്നുമില്ല ഏട്ടാ... ചില ബന്ധങ്ങൾ ഒരു പോറല് പോലുമില്ലാതെ നിലനിൽക്കാൻ ചിലതൊക്കെ മൂടിവയ്ക്കുന്നത് നല്ലതാണ്."
അവൾ പറഞ്ഞു.

ആരതി... രുദ്രൻ വിളിച്ചു.

ആരൂവേ ... അർജുൻ വിളിച്ചു.

അർജുന്റെ പുതിയ വിളിയിൽ ആരതിയൊന്ന് മിഴിച്ചുപോയി.

"അർജുൻ, ഏട്ടന്റെ ചടങ്ങിന് പോയില്ലേ?" രുദ്രൻ ചോദിച്ചു.

"അത്കഴിഞ്ഞിട്ടുള്ള വരവാണ്. " അവൻ പറഞ്ഞു.

" അച്ഛനെ കണ്ടില്ലല്ലോ?" അവൾ സ്വയം ചോദിച്ചു.

"അങ്കിൾ വരില്ല, അവിടെയൊരു അത്യാവശ്യം വന്നത് കാരണം നിന്നെ കൂട്ടി കൊണ്ട് ചെല്ലാൻ എന്നെ പറഞ്ഞു വിട്ടതാണ്." അവൻ പറഞ്ഞു.

"അച്ഛനോ?" അവൾ അതിശയത്തിൽ ചോദിച്ചു.

"അച്ഛൻ മാത്രമല്ല അമ്മയും പറഞ്ഞു." അവൻ പറഞ്ഞു.

ആരതി ഞെട്ടി! എന്റെ അച്ഛനും അമ്മയും ഇത്രയും പുരോഗമിച്ചോ? അവൾ സ്വയം ആലോചിച്ചു.

"എനിക്ക് അച്ഛന്റെ കൂടേ ഷോപ്പിംഗ് പോകാനുണ്ടായിരുന്നു. ഞാനത് അച്ഛനോട് പ്രേത്യേകിച്ചു പറഞ്ഞിരുന്നതാണ് ." ആരതി നിരാശയിലായി.

"സാരമില്ല... ഷോപ്പിംഗ് പിന്നെ പോകാം. നീ മടി വിചാരിക്കാതെ അർജുന്റെ കൂടേ പോകൂ ." രുദ്രൻ പറഞ്ഞു.

മ്മ്... ആരതിക്ക് തീരേ താല്പര്യമില്ല.

"ഹാൾടിക്കറ്റ് വാങ്ങിയിട്ട് വരുന്നത് വരേ ആരതി വിശ്വനാഥൻ ഇവിടെയുണ്ടാവണം."
അർജുൻ പറഞ്ഞു.

"ശരി സർ." അവൾ അവനെ പരിഹസിച്ചു.

"അർജുൻ...എന്ത് പറ്റി ആരതിക്ക്? അവളാകെ ഗ്ലൂമിയാണല്ലോ? " രുദ്രൻ ചോദിച്ചു.

"ഏട്ടൻ മറന്നോ, ഇന്നലേ അവൾക്ക് പണ്ട് അപകടമുണ്ടായ ദിവസം. " അർജുൻ പറഞ്ഞു.

രുദ്രന്റെ ഓർമ്മകളിൽ ആ ദിവസം നിറഞ്ഞു നിന്നു. ആരതിയുടെ ഭാവമാറ്റത്തിന് പിന്നിൽ അതാകാം കാരണമെന്ന് രുദ്രൻ വിശ്വസിച്ചു.

"ഓഹ്! അത്ശരിയാണ്. മെലെഞ്ഞാന്നവൾ വീട്ടിൽ വന്നപ്പോൾ ഞാനതോർത്തു  വല്ലാതെ പേടിച്ചിരുന്നു." രുദ്രൻ പറഞ്ഞു.

"രുദ്രേട്ടനെ കാണാനവൾ വീട്ടിൽ വന്നിരുന്നോ? "അർജുൻ ചോദിച്ചു.

"എന്നെയല്ല ദേവട്ടേനെ, കോളേജിന്റെ വികസനത്തെക്കുറിച്ച് എന്തൊക്കെയോ സംസാരിക്കാൻ വേണ്ടിയാണ് വന്നത്."രുദ്രൻ പറഞ്ഞു.

"എന്നെക്കുറിച്ച് വല്ലതും പറഞ്ഞോ? " അവൻ സംശയത്തോടെ ചോദിച്ചു.

" നിന്നെ കുറിച്ചാണവൾ കൂടുതലും പറഞ്ഞത്. നിന്റെ ആശയങ്ങളൊക്കെ വെളിച്ചം കാണണമെന്ന്." രുദ്രൻ പറഞ്ഞു.

നടന്നത് തന്നെ, അവൻ ചിരിച്ചു പോയി.
"ഞാൻ പോയി ഹാൾടിക്കറ്റ് വാങ്ങി പെട്ടെന്ന് ചെല്ലട്ടെ, അല്ലേ അവൾ മുങ്ങികളയും." അവൻ പറഞ്ഞു.

"ശരി അർജുൻ. പഴയ ഓർമ്മകളിൽ നിന്നവളെ മാറ്റിയെടുക്കാൻ ശ്രമിക്കണം."

അതിനു മറുപടിയായി അവനൊരു ചിരി നൽകി.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഹാൾടിക്കറ്റ് വാങ്ങി അത് വിശദമായി നോക്കിക്കൊണ്ട് അർജുൻ ആരതിയുടെ അടുത്തേക്ക് വന്നു.

"താങ്ക് ഗോഡ്! നീ എക്സാം ഡേറ്റ് ശ്രദ്ധിച്ചോ? ചേഞ്ച്‌ ഉണ്ടാവരുതെയെന്ന് പ്രാർഥിക്ക് ആരതി.

നിന്റെ ചേച്ചിയുടെ വിവാഹത്തിന് രണ്ട് ദിവസം മുൻപേ എക്സാമുണ്ട്. അതിനുശേഷം പിന്നീട് ഏട്ടന്റെ കല്യാണം കഴിഞ്ഞേയുള്ളൂ... പിന്നെ ഒരെണ്ണമുള്ളത് അടുത്ത മാസം. ദൈവമേ!!! ലീവ് കിട്ടുമോ എന്തോ? എന്തായാലും അവസാനത്തെ പേപ്പർ നമുക്ക് ഭംഗിയായി എഴുതാം അല്ലേ ആരതി." അവൻ ചോദിച്ചു.

അവൾ തലയാട്ടി കൊണ്ട് ഗൗരവത്തിൽ നിന്നു.

വീട്ടിലേക്ക് പോകാൻ തയ്യാറായി നിന്ന ആരതിയേ പഠിക്കാന്ന് പറഞ്ഞു അവനവിടെ പിടിച്ചിരുത്തി.

"നീയിവിടിരിക്ക്, നമ്മുക്ക് പഠിച്ചിട്ട് പോകാം." അവളുടെ പുസ്തകം തുറന്നു നോക്കി, എന്തൊക്കെയോ വായിക്കുന്ന പോലെ അവനിരുന്നു.

അവൾ വായിക്കാൻ തുടങ്ങിയതും അർജുൻ ആരതിയുടെ മുഖത്തിന്നിട്ട് ഊതി കൊണ്ടിരുന്നു.

ഒതുക്കി വെച്ചിരുന്ന മുടി മുഖത്ത് തട്ടുന്നത് അവളെ അലോസരപ്പെടുത്തി.

"എന്താ മുഖത്തിനൊരു ഗൗരവം." അവൻ ചോദിച്ചു.

"നീയെന്റെ മോന്തയുടെ സൗന്ദര്യം കാണാൻ വന്നതാണോ അതോ പഠിക്കാൻ വന്നതാണോ?" അവൾ ചോദിച്ചു.

"പഠിക്കാൻ വന്ന എന്നെ നീയല്ലേ സൗന്ദര്യം കാണാൻ വിളിച്ചത്." അവൻ പുസ്തക താളുകൾ മറിച്ചുക്കൊണ്ട് പറഞ്ഞു.

"സമ്മതിച്ചു. തെറ്റായി പോയി." അവൾ പറഞ്ഞു.

അർജുൻ ആരതിയുടെ മുഖത്തിന്നിട്ട് വീണ്ടും ഊതി.

"ഒന്ന് വെറുതെയിരിക്ക് അർജുൻ എനിക്ക് ദേഷ്യം വരുന്നുണ്ട്."

"വരട്ടെ..."

"മതി പഠിച്ചത്. നമ്മുക്ക് വീട്ടിൽ പോകാം."
അവളവന്റെ കൈയിൽ നിന്ന് പുസ്തകം തട്ടിയെടുത്തു കാർ ലക്ഷ്യമാക്കി നടന്നു.

അനുനയിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇത് വഴുതി പോകുവാണല്ലോ ദൈവമേ! അവനോർത്തു.

ആരതി കാറിന്റെ പിൻ സീറ്റിൽ കയറി കമ എന്ന് രണ്ടക്ഷരം പറയാതെയിരുന്നു.

പ്രണയഗാനങ്ങൾ സ്റ്റീരോയിലൂടെ ഒഴുകി വന്നുകൊണ്ടിരിക്കുന്നു. അതൊന്നും ആസ്വദിക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ലായിരുന്നവൾ . അർജുന്റെ സാനിധ്യം അവളെ കൂടുതൽ അസ്വസ്ഥയാക്കി. വീടെത്തിയതും ആരതി അർജുനെ അവഗണിച്ചു ഇറങ്ങി നടന്നു.

"എന്റെ മൗനറാണി ... താങ്ക്സ് പറയാതെ പോവുകയാണോ? "അവൻ പിറകിൽ നിന്നു വിളിച്ചു ചോദിച്ചു.

ഐ ലവ് യൂ... എന്നവൾ കൈകൊണ്ട് ആംഗ്യം കാട്ടി. നിനക്ക് കേൾക്കാനിഷ്ടമുള്ളത് പറയാൻ എനിക്കിപ്പോൾ സൗകര്യമില്ല എന്നാണവൾ  ഉദ്ദേശിച്ചത്.

തിരികെ നോക്കിയപ്പോൾ അച്ഛനും അമ്മയും മുന്നിലുണ്ട്. ഈശ്വരാ!!! എല്ലാം കണ്ട് കാണുമോ? കുഴപ്പമായോ? എന്റെ കുഞ്ഞികൃഷ്ണാ കാത്തോളണേ!

"അച്ഛൻ എന്ത് പണിയാണ് കാണിച്ചത്? വിളിക്കാൻ വരാന്നു പറഞ്ഞിട്ട്... "വെറുതെ അച്ഛനോട് പരിഭവം നടിച്ചവൾ അകത്തേക്ക് പോയി.

അച്ഛനും അമ്മയും അർജുനെ വട്ടം പിടിച്ചു.

ആഹാ!!!ഇവിടുന്ന് പോയ അർജുനല്ലല്ലോ തിരിച്ചു വരുന്നത്.

"എനിക്ക് വിവാഹത്തിന് സമ്മതമാണ് അങ്കിൾ. ആരതിയോട് ഇപ്പോൾ ഇതിനെക്കുറിച്ചൊന്നും പറയണ്ട. എക്സാം കഴിഞ്ഞിട്ട് ഞാൻ തന്നെ എല്ലാം അവളെ പറഞ്ഞു മനസിലാക്കാം. എനിക്കവളെ മിസ്സ് ചെയ്യാൻ പറ്റില്ല അങ്കിൾ." അവൻ പറഞ്ഞു.

"എന്തിനാണ്‌ മിസ് ചെയ്യുന്നേ." ശ്രീദേവി ചോദിച്ചു.

"അതറിയില്ല ആന്റി. " അവൻ നാണം തോന്നി.

അർജുന്റെ മുഖഭാവം കണ്ടതും അമ്മയ്ക്കും അച്ഛനും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി.

"അയാൾ പോയോ?" അവൻ ചോദിച്ചു.

"അദ്ദേഹം നിന്റെ തൊട്ട് മുൻപേ തന്നെയിറങ്ങി." ശ്രീദേവി പറഞ്ഞു.

" ആഹ്! ഞാൻ ശ്രദ്ധിച്ചില്ല. ഞാനിതിലൊന്നും വിശ്വസിക്കുന്നില്ല ആന്റി. എനിക്ക് ദോഷമുണ്ടെന്ന് അയാൾ പ്രവചിച്ചു പക്ഷേ വാഹനാപകടത്തിന്റ കാര്യം എന്ത് കൊണ്ട് അയാൾ പറഞ്ഞില്ല. അത് വെച്ച് അറിഞ്ഞൂടെ ഇതൊക്കെ തട്ടിപ്പാണെന്ന്.

പിന്നെ ഞാനും ആരതിയും കൂടേ അയാളെ ചെന്ന് കണ്ട്, ഞങ്ങൾക്ക്‌ വഴി കാണിച്ചു തരാൻ അയാൾ ആരാണ്?  അതൊക്കെ അയാളുടെ മനസ്സിലിരിക്കത്തെയുള്ളൂ. എല്ലാത്തിനും മൂളാൻ ഞങ്ങളുടെ വീട്ടിൽ ആൾക്കാരുള്ളത് അയാൾക്ക്‌ ഗുണമായി."
അർജുൻ തുറന്നു പറഞ്ഞു.

"ശ്രീദേവി, ഇത് തനി ഇന്ദ്രനാണ് കേട്ടോ? പ്രവചന ശാസ്ത്രങ്ങളിൽ അവനും വിശ്വാസമില്ല. പിന്നെയവൻ അനങ്ങുന്നില്ല എന്ന് മാത്രം. തലയെഴുത്ത് മാറ്റാൻ മനുഷ്യനെ കൊണ്ടാവില്ല അർജുൻ." വിശ്വനാഥൻ പറഞ്ഞു.

"ഞാൻ പോയി അമ്മമ്മയൊന്നു
സമാധാനിപ്പിക്കട്ടെ..." അർജുൻ പറഞ്ഞു.

എല്ലാവരും ഇവിടെയുണ്ട്.  നീ അകത്തേക്ക് വാ... അർജുനെ കൂട്ടി അച്ഛൻ അകത്തേക്ക് നടന്നു.

ആരതി വീട്ടിലേക്ക് കയറിയതും വീട്ടിലൊരു പടതന്നെയിരിപ്പുണ്ട്. അർജുന്റെ അച്ഛനും അമ്മയും അമ്മമ്മയും. അവൾ എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് വേഗത്തിൽ അടുക്കളയിലേക്ക് പോയി.
ഹാളിൽ നിന്ന് ഉറക്കെയുള്ള സംസാരവും ചിരിയൊക്കെ കേൾക്കാം.
അർജുനും അവർക്കൊപ്പം അവിടെയുണ്ടെന്ന് ആരതിക്ക് മനസ്സിലായി.

"ആരെയാണോ കാണണ്ട എന്ന് വിചാരിച്ച് നടക്കുന്നത് വീണ്ടും, വീണ്ടും അയാളെ തന്നെ കാണിച്ചു തരുന്നല്ലോ ഭഗവാനെ! " ആരതി ഓരോന്ന് പിറുപിറുത്തു കൊണ്ടിരുന്നപ്പോൾ ശീതൾ ആന്റി അമ്മയും കൂടി അടുക്കളയിലേക്ക് വന്നു.
ഇപ്പോൾ രണ്ടാളും സയാമീസ് ഇരട്ടകളെ പോലെയാണ് എവിടെ
നോക്കിയാലും ഒന്നിച്ചു കാണാം.

"ആരതി, അർജുന് ചായ കൊണ്ട് കൊടുക്ക്‌?" അമ്മ പറഞ്ഞു.

'ഞാനോ? 'ശീതൾ ആന്റി അടുത്ത് നിന്നത് കൊണ്ട് അവൾ കൂടുതലൊന്നും  പറഞ്ഞില്ല.

"ഡ്രസ്സ് ചേഞ്ച് ചെയ്തു വന്ന് കൊടുത്താൽ മതിയോ?" ആരതി മുങ്ങാൻ നോക്കി.

"വേണ്ട. ഇപ്പോൾ നല്ല കോലത്തിലാണ്  നിൽക്കുന്നത്. " അമ്മ പറഞ്ഞു.

"ഇനിയങ്ങോട്ട് എന്നുമിവിടെ ആളും ബഹളവുമായിരിക്കും. മോൾ വേണ്ടേ അമ്മയേ സഹായിക്കാൻ... " ആന്റി സ്നേഹത്തോടെ പറഞ്ഞു.

"ശരിയാണ് ആന്റി...പക്ഷേ അമ്മയേ എന്നും  ഇവിടെ സഹായിക്കുന്നത് ഈ ഞാനാണ്."

"അതൊക്കെയാണ്, അമ്മ സമ്മതിച്ചു."

"സമ്മതിച്ചോ? ഇന്ന് കാക്ക മലർന്ന് പറക്കും." ആരതി നല്ല ഉഷാറോടെ ഗ്ലാസ്സിലേക്ക് ചായ പകർന്നു.

ആരതി ചായയും കൊണ്ട് വന്നപ്പോൾ അർജുൻ കല്യാണിയമ്മേ കെട്ടിപിടിച്ചു നിൽക്കുന്നു.

ഈശ്വരാ! ഇവന്റെയീ, ബലിഷ്ഠമായ കരവലയത്തിൽ ആ പാവം വൃദ്ധ ഞെരിഞ്ഞമരവുമല്ലോ!
എന്തൊക്കെ കാണണം എന്റെ കുഞ്ഞികൃഷ്ണാ!

"സ്നേഹപ്രകടനങ്ങളൊക്കെ കഴിഞ്ഞെങ്കിൽ സോഫയിലേക്ക് വന്നിരിക്ക് അർജുൻ " അവൾ പറഞ്ഞു.

ചായ! അവൻ നേരേ നീട്ടി.

കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ
മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ
എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ
എത്രനാളായ‌് കൊതിച്ചുഞാനീ നിമിഷം.

അർജുൻ നിറഞ്ഞ മനസ്സോടെ ചായ വാങ്ങി ചുണ്ടോട് ചേർത്ത് കൊണ്ട് അവളെ നോക്കി.

അവന്റെ നോട്ടം കണ്ടാൽ തോന്നും സ്നേഹമങ്ങ് കര കവിഞ്ഞൊഴുകുകയാണെന്ന്... ഈ സ്നേഹം വെറുമൊരു തോന്നലാണെങ്കിലും, ഈ തോന്നലിനെ അവളൊരുപാട് സ്നേഹിക്കുന്നു.

റൂമിലേക്ക്‌ പോകാൻ തുടങ്ങിയ ആരതിയേ അമ്മമ്മ തടഞ്ഞു. "മോളും കൂട്ടുകാരന്റെ അടുത്തിരിക്ക്."കല്യാണിയമ്മ പറഞ്ഞു.

ഇരിക്കണോ, വേണ്ടയോ അവൾ ആലോചിച്ചു നിന്ന സമയകൊണ്ട് അമ്മമ്മ അവളെ അർജുന്റെ അടുത്തിരുത്തി.

എല്ലാവരും അവരെയൊരുമിച്ചു കണ്ണ് നിറയേ കണ്ട് സന്തോഷിച്ചു.

ആരതി അടുത്തുണ്ടെങ്കിൽ അർജുൻ ഒരുപാട് നല്ല മാറ്റങ്ങളുണ്ടാവുമെന്ന് അവന്റെ അമ്മമ്മ കണക്ക്ക്കൂട്ടി.

രണ്ടാളെയും കണ്ടാൽ, കണ്ണനെയും രാധേയും പോലെയുണ്ടെന്ന് കല്യാണിയമ്മ കമന്റ്ടിച്ചു. ഒരു ചെറിയ സൂചന നൽകിയതാണ് പുള്ളിക്കാരി പക്ഷേ അർജുൻ അതിവിദഗ്ധമായി ആരതിയുടെ ശ്രദ്ധ തിരിച്ചുവിട്ടു.

അർജുൻ ആരതിയുടെ ചെവിയിൽ രഹസ്യം പറഞ്ഞു : അങ്കിളേ ചായ കൊള്ളാം. ഇത് കൊണ്ട് തന്ന കൊച്ചും കൊള്ളാം... ഇതിനെ ഞാൻ കെട്ടിക്കോട്ടെ എന്ന് ചോദിക്കട്ടെ?

"ഓഹ്! വേണ്ട മോനേ... വെറുതെയെന്റെ അച്ഛന്റെ കിളി പറത്താതെ നീ ചായ ഊതി കുടിച്ച് പോകാൻ നോക്ക്." അവൾ പറഞ്ഞു.

"നിനക്ക് വേണ്ടേ, വേണ്ട പിന്നെ ഞാൻ ചോദിച്ചില്ല പറഞ്ഞില്ല ഒന്നും നീ പറഞ്ഞേക്കരുത്. " അവൻ പരിഭവിച്ചു.

"എന്താ അർജുൻ?" വിശ്വൻ ചോദിച്ചു.

"ആരതിക്ക് ചായ വേണ്ടേ എന്ന് ചോദിച്ചതാണങ്കിൾ "അവൻ പറഞ്ഞു.

"ഹോ! ഞാൻ കരുതി വല്ല തമാശ പറഞ്ഞതാവുമെന്ന്. " നരേന്ദ്രൻ പറഞ്ഞു.

അർജുന് എല്ലാമൊരു തമാശയാണ് അങ്കിൾ, വെറുമൊരു തമാശ... ആരതി അവനെ കൂർപ്പിച്ചു നോക്കി പറഞ്ഞു.

"ഞാൻ മോളുടെ കുട്ടിക്കാലത്തെ ഫോട്ടോസൊക്കെ കണ്ടു. എല്ലാം നന്നായിട്ടുണ്ട്... ഫാൻസി ഡ്രസ്സ്‌ കോമ്പറ്റിഷനൊക്കെ പങ്കെടുത്തിരുന്നുവല്ലേ? കൈ നിറയേ സമ്മാനങ്ങളും കിട്ടിയിട്ടുണ്ടല്ലേ? "
നരേന്ദ്രൻ ചോദിച്ചു.

അത് കേട്ടതും ആരതി വാപൊളിച്ചിരുന്ന് പോയി.

"എവിടെ കാണട്ടെ? " അർജുൻ ചോദിച്ചു.

ആൽബം അവന്റെ കൈയിലേക്ക് അച്ഛൻ
കൊടുത്തു. അവനത് ആകാംക്ഷപൂർവ്വം തുറന്നു നോക്കി.

"ഈ ഫോട്ടോസ് ഫാൻസി ഡ്രസ്സ്‌ കോമ്പറ്റിഷന്റെയല്ല അങ്കിൾ, പണ്ട് കൈയും കാലും ഒടിഞ്ഞ സമയത്തുള്ള പ്ലാസ്റ്റർ ഇട്ട ഫോട്ടോസാണ്. ഇത് വീണ് നെറ്റി പൊട്ടിയതാണ്. അവൾ ഓരോ ഫോട്ടോയും ചൂണ്ടി ഓരോ കഥ പറഞ്ഞു."

അവിടെയൊരു കൂട്ടച്ചിരി ഉയർന്നു.

"കുടുംബത്തിൽ എന്തേലും വിശേഷങ്ങളൊക്കെ വരുന്ന സമയത്താണ് ഈ ദാരുണ സംഭവങ്ങളൊക്കെ എന്റെ ജീവിതത്തിൽ അരങ്ങേറുന്നത്. അതുകൊണ്ട് ഫോട്ടോസൊക്കെ എടുത്തു വയ്ക്കാൻ പറ്റി." അവൾ പറഞ്ഞു നിർത്തി അർജുനെ നോക്കി.

അവൻ ആൽബങ്ങളിലേ നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ പടത്തിലേക്ക്  കണ്ണുകളുടക്കിയിരുന്നു.

ആ ഫോട്ടോയുടെ മുകളിലായി ആരതി വിരലോടിച്ചു. ഇത് ഞാനാണ് അർജുൻ!

അവൻ മനസ്സിലായി എന്ന പോലെ തലയാട്ടി.

വേദി നിറഞ്ഞാടിയ ഒരു നർത്തകിയാണ് അവളെന്നു അവൻ തോന്നി പോയി. അന്ന് അനീഷ് കളിയാക്കിയത് അവനോർമ്മ വന്നു. കണ്ണെടുക്കാതെ ആരും നോക്കിയിരുന്നു പോകും അവളിലെ നാട്യ ഭാവങ്ങൾ...

അവളുടെ ചിലങ്കകൾ എവിടെ? ഉള്ളിൽ ഒരായിരം ചോദ്യങ്ങൾ മനസ്സിലൊതുക്കി അവൻ അവളെ നോക്കി.

'ഇട്സ് ഓവർ അർജുൻ' എനിക്ക് വേണ്ടി കൈയടിക്കാൻ കാണികൾക്കിടയിൽ അവളുണ്ടായിരുന്നു. അവൾക്ക് കാണാനും കൈയടിക്കാനും കഴിയാത്ത നൃത്തം, എന്നിൽ നിന്ന് ഇനിയുണ്ടാവില്ല... അവൾ അവന് മാത്രം കേൾക്കാവുന്ന സ്വരത്തിൽ പറഞ്ഞു.

ഇന്ന് ആരതിയുടെ വീടിന്റെ പടിയിറങ്ങുമ്പോൾ പ്രിയപ്പെട്ടവളെ പിരിയുന്ന  ദുഃഖം അവന്റെയുള്ളിൽ നിറഞ്ഞു നിന്നു. ഓരോ നിമിഷവും കഴിയുമ്പോഴും അവൻ പോലുമറിയാതെ, ആരതി അർജുനിൽ ശക്തമായി ഇഴുകിചേരുന്നു.

ഈ നിമിഷം ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവോ, അടുത്തനിമിഷം അതിന്റെ ഇരട്ടി സ്നേഹിച്ചിരിക്കുമെന്ന് അവൻ മനസ്സാൽ പ്രതിജ്ഞയെടുത്തു.

ആരതിയുടെ വീട്ടിൽ അരങ്ങേറിയ ഈ സംഭവവികാസത്തിന്റെ പിന്നിൽ കുറച്ചു കാര്യങ്ങളുണ്ട്.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

കുറച്ചു മണിക്കൂറുകൾക്ക് മുൻപ്, അർജുന്റെ വീട്ടിലേക്ക്  ഭട്ടാര്യ വന്നു. അദ്ദേഹത്തെ സ്വീകരിക്കാൻ ഇരുവീട്ടുകാരും അവിടെയുണ്ടായിരുന്നു.

"ആഹാ! വന്ന ദിവസം നന്നായല്ലോ എല്ലാവരുമുണ്ടല്ലേ?" അദ്ദേഹം പ്രസന്ന വദനനായി പറഞ്ഞു.

"ഭട്ടാര്യ, വിളിച്ചു പറഞ്ഞപ്പോൾ തന്നെ ശ്രീദേവിയെ വിശ്വനാഥനെയും അറിയിച്ചിരുന്നു." കല്യാണിയമ്മ പറഞ്ഞു.

ഇവരെയാണ് എനിക്ക് കാണേണ്ടതും.
"ആരതിയുടെ അച്ഛനാണല്ലേ?"അദ്ദേഹം ചോദിച്ചു.

"അതെ."

എന്താവും പെട്ടെന്നൊരു വരവ്? വിവാഹവുമായി ബന്ധപെട്ട് എന്തേലും കാര്യത്തിനാണോ? കല്യാണിയമ്മ ഉത്കണ്ഠയോടെ ആലോചിച്ചു.

എന്താകാര്യമെന്നറിയാൻ എല്ലാവരുടെയും മനസ്സ് വെമ്പൽ കൊണ്ടു. അത് നസ്സിലാക്കിയ ഭട്ടാര്യ പുഞ്ചിരിച്ചു.

"വിവാഹ ഒരുക്കങ്ങളൊക്കെ ഭംഗിയായി തുടരട്ടെ. അതൊക്കെ തിരുമാനിച്ച പോലെ യഥാവിധി നടക്കും. ഞാൻ മറ്റൊരു കാര്യം പറയാനാണ് വന്നത്." അദ്ദേഹം പറഞ്ഞു തുടങ്ങി.

അന്ന് നിങ്ങളുടെ കുട്ടിയുടെ ജാതകം കൊണ്ട് പോയ ശേഷം നിന്ന് തിരിയാൻ സമയം കിട്ടിയില്ല. ഇടയ്ക്ക് വെറുതെയൊന്ന് മറിച്ച് നോക്കിയപ്പോഴാണ്, ജനനതീയതിയും നാളും ശ്രദ്ധിച്ചത്. വളരെ ചെറിയ പ്രായം തൊട്ട് തന്നെ ചെറുതും വലുതുമായ ക്ലേശങ്ങൾ ധാരാളം പെൺകുട്ടി അനുഭവിച്ചിട്ടുണ്ടല്ലേ!

ആരതിയുടെ മാതാപിതാക്കൾ അത് ശരിവെച്ചു.

ഔഷധത്തിന്റെ ബലത്തിൽ ജീവിക്കുന്ന ഒരു കുട്ടിയായിരുന്നുവല്ലേ... ആരോഗ്യപ്രശ്നങ്ങളാണ് അധികവും.

"അതെ... മാസം തികഞ്ഞുതന്നെയാണ് അവളെ പ്രസവിച്ചത് എന്നിട്ടും തൂക്കം കുറവുള്ള കുട്ടിയായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ ഭക്ഷണം കഴിക്കാത്തതിന്റെ ബുദ്ധിമുട്ടുകൾ, ഇത്തിരി വലുതായപ്പോൾ കുരുത്തക്കേടുകൾ കൊണ്ടുള്ള ഒടിവും ചതവും. പിന്നീട്?... അവർ പറയാൻ മടിച്ചു നിന്നു."

"ഒടുവിൽ വലിയൊരു അപകടവും അവൾ തരണം ചെയ്തു." ഭട്ടാര്യ കൂട്ടിച്ചേർത്തു.

ആരതിക്ക് ഇനിയങ്ങോട്ടും ഔഷധങ്ങൾ സേവിക്കേണ്ടി വരും, മുൻപുണ്ടായ അപകടത്തിന്റെ ബാക്കി
ഒന്നിനു പിറകെ ഒന്നായി വരുന്നുണ്ട്.

അതുകേട്ടതും, ഒരുനിമിഷം ആരതിയുടെ അച്ഛന്റെയും അമ്മയുടെയും ശ്വാസം വിലങ്ങി.

ഇനിയങ്ങോട്ട് പറഞ്ഞാൽ അവർക്കത് താങ്ങാനാവില്ലെന്നു അദ്ദേഹത്തിന് ബോധ്യവും വന്നു.

അർജുന്റെയും ആരതിയുടെയും നാളുകൾ തമ്മിൽ നല്ല ചേർച്ചയുണ്ട്. കൂടുതൽ ഒത്തുനോക്കിയപ്പോൾ പത്തിൽ പത്ത് പൊരുത്തവും. അടുത്ത് തന്നെ അവർക്ക്
വിവാഹയോഗവും കാണുന്നുണ്ട്.

അതൊത്ത് നോക്കാൻ ആരും ആവശ്യപ്പെട്ടില്ല. മുന്നിൽ വന്ന ജാതകങ്ങൾ ഗണിച്ചപ്പോൾ ഫലം നന്ന്. അങ്ങനെ വിശദമായി ഒത്തുനോക്കി.

ഇത്രയും കുഴപ്പം പിടിച്ച രണ്ട് ജാതകങ്ങൾ എന്റെ ജീവിതത്തിൽ ഞാനിതുവരെ കണ്ടിട്ടില്ല. മുൻജന്മ പാപങ്ങൾ പിന്തുടർന്നു ഇരുവരുടെയും പുതിയ ജീവിതത്തെ വേട്ടയാടുന്നു. പെൺകുട്ടിയുടെ ജാതകത്തിലേ ചെറിയ പാപങ്ങൾ അർജുന്റെ ദോഷത്തിന് പരിഹാരമായി നിൽക്കുന്നുണ്ട്. അർജുന്റെ ജാതകത്തിൽ വിഘ്‌നം നിൽക്കുന്ന കുജൻ , പെൺകുട്ടിയുടെ ജാതകത്തിൽ ഭാവാധിപനാണ്. ഇരുക്കൂട്ടർക്കും അത് ഗുണം ചെയ്യും.

അർജുൻ 28 വയസ്സ് തികയുന്ന വരേ കഷ്ടക്കാലം പിന്തുടരും. അവന്റെ കൂടേ ഈ ജാതകക്കാരി കൂടെയുണ്ടെങ്കിൽ രക്ഷയായി. എന്നാലും വിധിയേ മറി കടന്നു വലിയ അത്ഭുതങ്ങൾ ഇവരുടെ ജീവിതത്തിൽ സംഭവിക്കില്ല.

ഈ പെൺകുട്ടിയുടെ ജീവിതം നിറയേ ക്ലേശം നിറഞ്ഞതാണ്. അർജുന്റെ ജാതകദോഷം കഴിയുന്നിടം വരേ ഈ പെൺകുട്ടിയും അതിനൊത്തു അനുഭവിക്കും. ഒന്നുങ്കിൽ മരണം അല്ലെങ്കിൽ മരണതുല്യമായജീവിതമവൾ നയിക്കേണ്ടി വരും.

യൗവനമെന്ന് പറയുന്നത് മനുഷ്യന്റെ സുവർണ കാലമാണ്. നല്ല സമയത്താണ് നിഴൽ പോലെ യാതനകൾ പിള്ളേരുടെ കൂടേ കൂടിയിരിക്കുന്നത്.

അർജുന്റെ ദോഷസമയം മാറിവരുമ്പോൾ അതിന്റെ പ്രതിഫലനം പെൺകുട്ടിക്ക് വന്ന്‌ ചേരും. ഉയർച്ചയായിരിക്കും ഫലം, ആഗ്രഹിക്കുന്നതിന്റെ ഒപ്പമവൾ പരിശ്രമിക്കുന്നതിന്റെ പരമാവധി ഉന്നതി അവൾ കീഴടക്കും. അതുവരെയുള്ള പ്രതിസന്ധി ഘട്ടം തരണം ചെയ്യാനുള്ള ഏക മാർഗ്ഗം ഇരുവരുടെയും വിവാഹമാണ്.

അർജുന്റെ ജാതകവശാൽ വിവാഹം ഉടനെ തന്നെ വേണമെന്ന് നേരത്തെ പറഞ്ഞിരുന്നു. പക്ഷേ അനുയോജ്യമായ ഒരു ജാതകം കിട്ടാൻ പ്രയാസമുള്ളത് കൊണ്ടാണ് മറ്റു വഴികൾ തിരയുന്നത്. ഇപ്പോൾ നമ്മൾ തേടിയ വള്ളി കാലിൽ ചുറ്റിയ അവസ്ഥയാണ്.

എന്താണ് കല്യാണിയമ്മയുടെ തീരുമാനം? കൂട്ടികെട്ടാം അല്ലേ?

"അതേ."

"അർജുന്റെ ദോഷമെല്ലാം പെൺകുട്ടിയുടെ തലയിലാവുമല്ലോ!
അർജുൻ വീണ്ടും നല്ലൊരു പുതിയ ജീവിതം കിട്ടുമല്ലേ?"

അയ്യോ!!!

"അങ്ങനെ വിചാരിച്ചാലും തെറ്റില്ല അമ്മേ. നമ്മളൊക്കെ മനുഷ്യരല്ലേ. ഒരിക്കൽ മൃത്യുവിനെ അതിജീവിച്ചവരാണ്. ഈശ്വരാധീനവും ഭാഗ്യവുമുണ്ടെങ്കിൽ അവരിതിനെ എല്ലാം മറികടക്കും.

ധൈര്യമായിട്ട് ഈ ജാതകങ്ങൾ കൂട്ടികെട്ടാം. വരുന്ന ചിങ്ങത്തിൽ തന്നെ ഇവരുടെ വിവാഹം നടത്തണം.
അതിന് മുൻപ് തന്നെ ഈ വിവാഹം നടക്കാൻ എല്ലാ സാധ്യതയും കാണുന്നുണ്ട്.
അത്കഴിഞ്ഞാൽ പിന്നെ ഈ വിവാഹം  ഒരിക്കലും നടക്കില്ല.

ഈ പെൺകുട്ടി പിന്നീടൊരിക്കലും വിവാഹത്തിന് സമ്മതിക്കില്ല. ഇത് നടത്താൻ കഴിയുമെങ്കിൽ നിങ്ങൾ നടത്തുക. പിന്നീട് ദുഖിച്ചിട്ട് കാര്യമില്ല." അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു.

ശ്രീദേവിക്ക് എന്തൊക്കെ ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷേ  മനപ്രയാസം കാരണം അവർക്കൊന്നും ചോദിക്കാൻ സാധിച്ചില്ല.

"മോളുടെ ദോഷങ്ങൾക്ക് പ്രതിവിധികൾ ഒന്നുമില്ലേ! " കല്യാണിയമ്മ ചോദിച്ചു.

വിധിയാണ്... വിവാഹം!
ഇനി എന്തേലും ചെയ്യാനുണ്ടെങ്കിൽ അർജുനും ആരതിയും എന്റെയരികിൽ വരട്ടെ... അന്നേരം അവർക്ക് കൃത്യമായ വഴി കാട്ടി കൊടുക്കാം.

അർജുനെ പറഞ്ഞു വിവാഹത്തിന് സമ്മതിപ്പിക്കുക. പതിവുപോലെ ആദ്യം എതിർത്താലും പിന്നീട് സമ്മതിക്കും." അദ്ദേഹം പറഞ്ഞു.

"സമ്മതിക്കില്ല. വിവാഹം കഴിക്കാനുള്ള പ്രായമൊന്നും ഞങ്ങൾക്കായിട്ടില്ല. വിവാഹം കൊണ്ട് ഒരാളുടെ തലവര മാറുമോ? പ്രശ്നങ്ങളൊക്കെ ഒതുങ്ങിയിട്ട് ജീവിതം തുടങ്ങുന്നതല്ലേ നല്ലത്. " അവൻ ചോദിച്ചു.

"അങ്ങനെയാകാം. പക്ഷേ അന്നേരം വധുവൊരിക്കലും ഈ കുട്ടിയാകില്ല." അദ്ദേഹം പറഞ്ഞു.

"അത് താനാണോ തീരുമാനിക്കുന്നത്." അവൻ ദേഷ്യം വന്നു.

ദൈവം! അദ്ദേഹം ഭക്തിയോടെ പ്രാർഥിച്ചു പറഞ്ഞു.

അർജുൻ... വിശ്വനാഥൻ അവനെ ശാസനയോടെ വിളിച്ചു.

"അങ്കിൾ ഇയാൾ?" അർജുന് ദേഷ്യം വരുന്നു.

"ആരതി എന്നെയും കാത്ത് കോളേജിലുണ്ടാവും നീ പോയി അവളെ കൂട്ടികൊണ്ട് വരണം." വിശ്വനാഥൻ പറഞ്ഞു.

അർജുനൊരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യം അങ്കിൾ ആവശ്യപ്പെട്ടതിന്റെ അമ്പരപ്പിലായിരുന്നവൻ.

"ചെല്ല് അർജുൻ." ശ്രീദേവിയും സന്തോഷത്തോടെ പറഞ്ഞു.

അർജുൻ ഭട്ടാര്യയെ നോക്കി എന്തൊക്കെയോ പിറുപിറുത്തു അകത്തേക്ക് കയറിപ്പോയി.

എല്ലാവരും അല്പം വിഷമത്തോടെ അദ്ദേഹത്തെ നോക്കി.
ആരും വിഷമിക്കണ്ട അർജുനെ ഞാനൊരു കുഞ്ഞനിയനായാണ് കാണുന്നത്.

തത്ക്കാലം ഈ വിഷയം ഇവിടെ നിർത്താം ബാക്കിയൊക്കെ വിധി പോലെ വരട്ടെ.
ആദ്യം മൂത്തകുട്ടികളുടെ ചടങ്ങുകൾ ഭംഗിയായി നടക്കട്ടെ, അതിനുശേഷം ഇതിന് പ്രാധാന്യം നൽകുക." അദ്ദേഹം മുന്നറിയിപ്പ് പോലെ പറഞ്ഞു.

അദ്ദേഹം ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിക്കാതെ അവിടെ നിന്നിറങ്ങി പോയി.

കല്യാണിയമ്മ ചെറുമകന്റെ ദോഷത്തിന് പരിഹാരമായ സന്തോഷത്തിൽ പൂജമുറിയിൽ കയറി പ്രാർഥിച്ചു.

അദ്ദേഹത്തിന്റെ പിന്നാലെ അർജുൻ ചാടിയിറങ്ങി. ആരെയോ ഇടിച്ചു വീഴ്ത്താനെന്ന പോലെ വണ്ടിയുമായി പുറത്തേക്ക് കടന്നു.

"ആ പോയതാണ് എന്റെ ശരിക്കുള്ള പൊന്നുമോൻ അർജുൻ. ആരെങ്കിലും നല്ലത് പറഞ്ഞാലും ചില സമയത്ത് തലയിൽ കയറില്ല. " നരേന്ദ്രൻ പറഞ്ഞു.

"ഇന്ദ്രാ, അവൻ കാരണം എന്റെ മോൾക്കൊരു ദോഷമുണ്ടാവുമെന്ന്
കരുതിയപ്പോൾ അവൻ വിഷമം വന്നു. ഇനിയവന് അവളെ കിട്ടില്ല എന്നറിഞ്ഞപ്പോൾ ദേഷ്യം വന്നു. അന്നേരമവന് സ്വയം നിയന്ത്രിക്കാനായില്ല.
അതാണ് സത്യമെന്ന് നമ്മുക്ക് അറിയാല്ലോ!

ഇപ്പോൾ ഒരു വിവാഹമെന്നൊക്കെ കേൾക്കുമ്പോൾ അവർക്ക് രണ്ടാൾക്കും ബുദ്ധിമുട്ടാണ്." വിശ്വനാഥൻ പറഞ്ഞു.

"വിശ്വാ, മനുഷ്യനാഗ്രഹിക്കുന്നതും ദൈവം നിശ്ചയിച്ചതും ഒന്നാണെന് കേൾക്കുന്നത്‌ തന്നെയൊരു ഭാഗ്യമല്ലേ! അതുപോലും മനസ്സിലാക്കാൻ  ബോധമില്ലാത്തൊരുത്തനെയാണ് നീ ന്യായീകരിക്കാൻ ശ്രമിക്കുന്നത്." നരേന്ദ്രൻ പറഞ്ഞു.

കല്യാണിയമ്മ, ആരതിയുടെ അച്ഛനെയും അമ്മയും പറഞ്ഞു വശത്താക്കാൻ ശ്രമം തുടങ്ങി. അവര് കുട്ടികളാണ് അവർക്കെന്തറിയാം. നമ്മൾ മുതിർന്നവരാണ് ഇതൊക്കെ പറഞ്ഞു അവരെ മനസ്സിലാക്കേണ്ടത് . പിള്ളേർക്ക് ഇതൊക്കെ ഒരു തമാശയാണ് പക്ഷേ ജീവിതം ജീവിച്ചവർക്ക്  അനുഭവജ്ഞാനം ധാരാളമുണ്ട്.

"ദൈവത്തിന് ഇഷ്ടപെട്ട നല്ല ജോഡികളെയാണ് ,
ഇവിടെ വിവരമില്ലാത്ത മനുഷ്യർ കുറ്റം പറഞ്ഞു രസിക്കുന്നത്." നരേന്ദ്രൻ പറഞ്ഞു

ആരതി മോളേ ഞങ്ങൾക്ക് തന്നെ തരണം. വയസ്സ് ചെന്നൊരു വൃദ്ധയുടെ അപേക്ഷയാണ്. നിങ്ങളൊന്നു കൊണ്ടും വിഷമിക്കണ്ട ആരതിക്കിതൊരു പുതിയ വീടോ? ആൾക്കാരോ അല്ല... മോൾക്ക്‌ ഒരു ദോഷവും വരില്ല. ഒന്നും കാണാതെ പിള്ളേരുടെ കല്യാണം നടത്താൻ ഭട്ടാര്യ ആവശ്യപ്പെടില്ല.

കല്യാണിയമ്മയുടെ വിഷമം കണ്ടപ്പോൾ നരേന്ദ്രനും വിശ്വനാഥനും സങ്കടമാണ് വന്നത്.

"അമ്മ വിഷമിക്കാതെ കുട്ടികളെ പറഞ്ഞു സമ്മതിപ്പിക്കാം." ശീതൾ പറഞ്ഞു.

അമ്മമ്മ പ്രതീക്ഷയോടെ ശ്രീദേവിയെ നോക്കി.

"എനിക്ക് ഇഷ്ടകുറവൊന്നുമില്ല... പിന്നെ അനർത്ഥങ്ങളൊക്കെ ഉണ്ടാവുമ്പോൾ എന്റെ മോളേ കുറ്റം പറയുമോ എന്നൊരു പേടി." അവർ തുറന്നു പറഞ്ഞു.

"ഇല്ല ശ്രീദേവി. ഇവിടെ ഞാനും ഇന്ദ്രേട്ടനും
അവൾക്കൊരു കുറവും കൂടാതെ നോക്കിക്കൊള്ളാം." ശീതൾ വാക്ക് കൊടുത്തു.

"ഇവിടാരും അവന്റെ ഭാര്യയെ കുറ്റം പറയാൻ ധൈര്യപ്പെടില്ല ശ്രീദേവി. സ്വന്തം മോനായത് കൊണ്ട് പറയുകയല്ല...
ഇന്ദ്രാ മതി നിർത്ത്, നീയങ്ങനെ എന്റെ മരുമകനെ കുറ്റപ്പെടുത്താതെ. അവൻ നിന്റെ മകനാണ് അതാണ് എനിക്കവനിലുള്ള വിശ്വാസം. കുട്ടികളുടെ ഇഷ്ടം, തീരുമാനം അതിന് മീതെ ഒരു തീരുമാനവുമുണ്ടാവില്ല "

ഇനി കൂടുതൽ ചോദ്യോത്തരങ്ങൾ വേണ്ടാ... ഞങ്ങളിറങ്ങുന്നു.

"അമ്മയ്ക്ക് സന്തോഷമായി." ശീതൾ പറഞ്ഞു.

  "നമ്മുടെ മോന്റെ ജാതകദോഷം മാറുന്നത് വരേ ആരതിക്ക് ഒരു കുഴപ്പവും അമ്മയുടെ കണ്ണിൽപ്പെടില്ല. അവളെ വാനോളം പുകഴ്ത്തി കൊണ്ട് നടക്കും. അതിനുശേഷം
തള്ള തള്ളയുടെ തനിസ്വരൂപം പുറത്തെടുക്കും. കൂട്ടിനു നിന്റെ അനിയത്തിമാരും ഉണ്ടാവും അവർ നിന്നെ പിരികയറ്റും... അന്നേരം ശ്രീദേവിയുടെ
മനസ്സിന്റെ പൊള്ളൽ നീ സ്വയം മനസ്സിലാക്കണം."

"എന്താ ഇന്ദ്രേട്ടാ ഈ പറയുന്നത്?
ആരതിമോളുടെ അസുഖവും മറ്റും കാര്യങ്ങളൊക്കെ നമ്മുക്ക് നന്നായിട്ട് അറിയാല്ലോ?  എല്ലാം അറിഞ്ഞുവെച്ചു ഞാനവളെ ദ്രോഹിക്കുമോ?" അവർ പതുക്കെ പറഞ്ഞു.

"ഒന്നും പറയാനാകില്ല ശീതൾ, അർജുന്റെ അമ്മ മാത്രമാവുകയാണെങ്കിൽ, നീ പിന്നെ മക്കളുടെ അമ്മ മാത്രമായിരിക്കും."

ഇന്ദ്രേട്ടാ...

"സ്വന്തമെന്ന വാക്കിന് ഒരുപാട് ആഴമുണ്ട് ശീതൾ. നാളെ അവൾക്ക് നേരേ ഒരുപാട് വിരലുകൾ ചൂണ്ടപ്പെട്ടാൽ, അവളാദ്യം നോക്കുന്നത് നിന്റെ മുഖത്തേക്കാവും." അദ്ദേഹം പറഞ്ഞു

"അന്നേരം എന്റെ മുഖത്തെ വിശ്വാസം അവൾക്ക് വേണ്ടിയായിരിക്കും. ആരും ഒരു ചെറുവിരൽ അനക്കാൻ ഞാൻ സമ്മതിക്കില്ല." അമ്മ പറഞ്ഞു."

ഭാര്യയുടെ വാക്കുകളിൽ അദ്ദേഹം തൃപ്തനായി. ഇനിവേണം നല്ലൊരു ദിവസം നോക്കി പെണ്ണ് ചോദിക്കാൻ ചെല്ലാൻ അദ്ദേഹം മനസ്സിലുറപ്പിച്ചു.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഞായറാഴ്ച്ച രാവിലെ ആര്യയെ ചടങ്ങിനെന്ന പോലെ പെണ്ണ്ചോദിക്കാനും വാക്കുറപ്പിക്കാനുമായി
അരവിന്ദന്റെ വീട്ടിൽ നിന്ന് അച്ഛനും അമ്മയും സഹോദരിയും ഒരമ്മാവനും കൂടി വന്നു.

അർജുനും അംബൂട്ടനുമായിരുന്നു അന്നത്തെ പരിപാടികളുടെ ചുമതല. വന്ന അഥിതികളേ അവർ സന്തോഷത്തോടെ സ്വീകരിച്ചു.

സദസ്സിൽ വിരുന്നുക്കാർക്കൊപ്പം ആരതിയുടെയും അർജുന്റെയും വീട്ടുകാരും നിരന്നിരിപ്പുണ്ട്.

ആര്യയേ കണ്ടതും എല്ലാവർക്കും ഇഷ്ടമായി. അമ്മാവൻ ഉഗ്രൻ സെലക്ഷനെന്ന് പറഞ്ഞു അരവിന്ദനെ അഭിനന്ദിച്ചു.

എല്ലാവരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നല്ല പരിചയത്തിലായി.

"ആഹാ! വിശ്വനാഥന്റെ രണ്ട് മക്കളെയും കെട്ടിക്കാറായാലോ? "അമ്മാവൻചോദിച്ചു.

മ്മ്... നല്ല ആലോചനകൾ വന്നാൽ ഉടനെ നടത്തും. വിശ്വനാഥൻ, വാത്സല്യത്തോടെ ആരതിയുടെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

"ഇതാണോ സുഖമില്ലാത്ത കുട്ടി?" വേണ്ടാത്തൊരു ചോദ്യം അയാളെറിഞ്ഞു.

അരവിന്ദ് നടുങ്ങി പോയി.

"സുഖമില്ലാത്ത കുട്ടി തന്റെ അമ്മൂമ്മ തനിക്ക് ഞാനിന്നു സ്പെഷ്യൽ ചായ തരും." ആരതി മനസ്സിൽ പറഞ്ഞു.

"അപ്പോൾ നിങ്ങൾ കാര്യങ്ങളൊക്കെ വിശദമായി അന്വേഷിച്ചുവല്ലേ? " ഹരി മാമ്മൻ ചോദിച്ചു.

"നമ്മളെല്ലാരും ഈ നാട്ടുകാരല്ലേ അപ്പോൾ പിന്നെ കൂടുതൽ തിരക്കേണ്ട ആവശ്യം വന്നില്ല. പെൺകുട്ടിയുടെ സ്വഭാവവും, ചുറ്റുപാടുമൊക്കെ നല്ലതായത് കൊണ്ടാണ് ഞങ്ങൾ വന്നത്." അമ്മാവൻ പറഞ്ഞു.

സ്ത്രീധനം നേരിട്ട് ചോദിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വേണ്ടി, വളഞ്ഞു മൂക്കേൽ പിടിക്കുന്ന ഉരുപ്പിടിയാണ്‌ അങ്ങേരെന്ന് കണ്ടാലറിയാം. ഇന്നത്തെ അച്ഛന്റെ മറുപടി പോലെയിരിക്കും ആരുവിനു അച്ഛനോടുള്ള സ്നേഹം അവൾ മനസ്സിൽ കണക്ക് കൂട്ടി.

"വിശ്വനാഥൻ മകൾക്ക് എന്ത് കൊടുക്കും?"
അയാൾ തുറന്നു ചോദിച്ചു.

"നിങ്ങൾക്ക് എന്തേലും ഡിമാൻഡ് ഉണ്ടെങ്കിൽ തുറന്നു പറയാം, പരിഗണിക്കാൻ പറ്റുന്നതാണെങ്കിൽ ഞങ്ങൾ പരിഗണിക്കും." അദ്ദേഹം പറഞ്ഞു.

ഒരു സർക്കാരുദ്യോഗസ്ഥന്റെ കാര്യങ്ങളൊക്കെ ഇവിടെയെല്ലാവർക്കും അറിയാമല്ലോ? പ്രേത്യേകിച്ചു പറഞ്ഞു തരേണ്ടതില്ല, നിങ്ങളെ പോലുള്ള ഉദ്യോഗസ്ഥർക്ക്. എന്നാലും,
അരവിന്ദനിപ്പോൾ ഹൈസ്കൂൾ അധ്യാപകനാണ്. ഇപ്പോൾ ജോലിക്ക് കയറിയതേയുള്ളുവെങ്കിലും, വർഷങ്ങൾ കഴിയുമ്പോൾ ശമ്പളവും മറ്റു ആനുകൂല്യങ്ങളുമൊക്കെയുണ്ടാവും. ചുരുക്കി പറഞ്ഞാൽ ഇവിടുത്തെ കുട്ടിയുടെ ജീവിതം സുരക്ഷിതമായി. " താൻ പറയുന്നത് ശരിയല്ലേ എന്നർഥത്തിൽ അദ്ദേഹം എല്ലാവരെയും നോക്കി.

അരവിന്ദ് അമ്മാവനെ ഞൊണ്ടി, ഞൊണ്ടിയിരിക്കുന്നു.

നീ മിണ്ടാതിരിക്ക് അരവിന്ദാ, കാര്യങ്ങളൊക്കെ തുറന്നു പറയാൻ വേണ്ടിയല്ലേ ഞാൻ വന്നിരിക്കുന്നത്.
ഇന്നിവന്റെ നിലയ്ക്കും
വിലയ്ക്കും ഒരു നൂറു പവനടുപ്പിച്ചു സ്വർണ്ണവും കാറുമൊക്കെ കൊടുക്കാൻ പുറത്തു ആളുണ്ട്. പക്ഷേ അവനൊരു ധൃതി.

"എനിക്കുള്ളതെല്ലാം എന്റെ കുട്ടികൾക്കുള്ളതാണ്. അതവർക്ക് കൊടുക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. സ്ത്രീധനമായിട്ടല്ല, ഞങ്ങളുടെ കരുതലായി. അരവിന്ദന്റെ അമ്മാവൻ പറഞ്ഞ കണക്ക് എനിക്ക് ബോധ്യപ്പെട്ടു." വിശ്വനാഥൻ പറഞ്ഞു.

"ആ ഒരു വാക്ക് കേട്ടാൽ മതി വിശ്വനാഥാ, അയാൾ കൊറിച്ചു കൊണ്ട് പറഞ്ഞു.
അതല്ലേ നാട്ടുനടപ്പ്, അമ്മാവനൊരു പിന്തുണയ്ക്ക് പെണ്ണിന്റെ കൂട്ടരിൽ നിന്ന് നരേന്ദ്രനോട് ചോദിച്ചു.

"എന്റെ മൂത്ത മോന്റെ കല്യാണം ഉറപ്പിച്ചു.
ഞങ്ങളൊന്നും ചോദിച്ചതുമില്ല അവരൊന്നും പറഞ്ഞതുമില്ല." നരേന്ദ്രൻ പറഞ്ഞു.

"അതാണ്.  കാര്യങ്ങളൊക്കെ അങ്ങോട്ടുമിങ്ങോട്ടും വളച്ചുകെട്ടില്ലാതെ  തുറന്നു പറയുന്നതാണ് ഞങ്ങൾക്കിഷ്‌ടം.  അമ്മാവൻ കുട്ടിച്ചേർത്തു."

"ഇതാണോ മകൻ? "അർജുനെ ചൂണ്ടി അയാൾ ചോദിച്ചു.

"ഇത് രണ്ടാമത്തെ മകനാണ്.ഇവിടെ പ്രൈവറ്റ് ബാങ്കിലാണ് ജോലി ചെയ്യുന്നത്.

"പ്രൈവറ്റിലൊക്കെ എന്ത് കിട്ടാനാണ്?" അയാൾ പരിഹസിച്ചു.

"പണിയെടുക്കുന്നതിനനുസരിച്ചു മാന്യമായ പ്രതിഫലം കിട്ടും." അർജുൻ പറഞ്ഞു.

"അതുകൊണ്ടൊരു കുടുംബം പുലർത്താൻ സാധിക്കുമോ? "അയാൾ ചോദിച്ചു.

"പിന്നെന്താ, വരവറിഞ്ഞു ജീവിച്ചാൽ സുഖമായി ജീവിക്കാം." അവൻ പറഞ്ഞു.

ഓഹ്! നടന്നത് തന്നെ." അയാൾ പുച്ഛിച്ചു.

ചൊട്ടി തലയൻ കളിച്ചു കളിച്ചു ഇപ്പൊ എന്റെ ചെക്കന്റെ മേലേയായി കളി. ആരതിക്ക് സങ്കടം വന്നു. അർജുൻ ആരുടെ മുന്നിലും ചെറുതാകുന്നത് ആരതിക്ക് സഹിക്കാൻ പറ്റുന്ന കാര്യമല്ല.

നമ്മുക്കീ വീടും പുരയിടവുമൊക്കെ ചുറ്റിക്കാണാമെന്ന് പറഞ്ഞു അമ്മാവനെ ആരതിയുടെ മാമ്മൻ പുറത്തേക്ക് കൊണ്ട് പോയി.

അയാൾ പുറത്തേക്ക് പോയതും അരവിന്തും അവന്റെ വീട്ടുകാരും ശ്വാസം വിട്ടു.

"ആര്യയുടെ അച്ഛന് എന്നോട് അലോഹ്യം ഒന്നും തോന്നരുത്. അങ്ങേരെ ഞാനൊരു അലങ്കാരത്തിന് കൊണ്ട് വന്നതാണ്. എനിക്കൊരു പത്ത് പൈസ സ്ത്രീധനം വേണ്ടാ. ഞാൻ പണ്ടമോ,  പണമോ മോഹിച്ചിട്ടല്ല ആര്യയെ സ്നേഹിച്ചത്.

വീട്ടിൽ അല്പം സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. അച്ഛന്റെ ചികിത്സയുടെയും ചേച്ചിയുടെ വിവാഹത്തിന്റെ പേരിൽ വന്നതാണ്. അതൊക്കെ ഞാൻ വിചാരിച്ചാൽ നേരെയാക്കി എടുക്കാവുന്നതേയുള്ളൂ.

സ്ഥിര വരുമാനമുള്ള ജോലി നേടിയാലേ എനിക്കു നട്ടെല്ല് നിവർത്തി പെണ്ണിനെ ചോദിക്കാൻ പറ്റു. അത്കൊണ്ടാണ് ഞാനിത്ര വൈകിയത്.

ഇന്നീ ജോലി സമ്പാദിച്ച് എല്ലാവരുടെയും മുന്നിൽ നിൽക്കാൻ പ്രധാന കാരണം ആര്യകൂടിയാണ്. അവളേ വില പറഞ്ഞു വാങ്ങാൻ വന്ന പോഴാനായി എന്നെ ആരും കാണരുത്." അരവിന്ദൻ അമ്മാവൻ ചെയ്ത പാപത്തിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി.

എല്ലാവരും ചിരിച്ചു.

"അധികം വാ തുറക്കാറില്ല പക്ഷേ പറയേണ്ടയിടത്ത് കൃത്യം വാ തുറക്കും അതാണ് അരവിന്ദ് സാർ. " തിരുവാ തുറന്നില്ലായിരുന്നുവെങ്കിൽ, ഇങ്ങേരെ കുറിച്ച് ഞാൻ വല്ലതും വിചാരിച്ചു പോയെന്നെ. സ്ത്രീ വേറെ ധനം വേറെ എന്ന് ചിന്തിക്കുന്ന ആൾക്കാരുമുണ്ട്." ആരതിയതോർത്ത്‌ സമാധാനിച്ചു.

"അതൊക്കെ ഇതിനകത്തുള്ളതാണ്‌ അരവിന്ദ്. " നരേന്ദ്രൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.

"സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമാണ് അങ്കിൾ, ഇനിയെങ്കിലും അത് ആൾക്കാർ മനസ്സിലാക്കണം. ഒരു പെൺകുട്ടിയെ ജീവിതത്തിലേക്ക് കൂട്ടുന്നത്  സഹജീവിയായി കണ്ടുകൊണ്ടായിരിക്കണം. അല്ലാതെ ജീവിതക്കാലം മുഴുവൻ പോറ്റേണ്ടി വരുമെന്ന് കരുതി അളന്ന് തിട്ടപ്പെടുത്തിയ സ്വത്തിന്മേലായിരിക്കരുത്." അരവിന്ദൻ പറഞ്ഞു.

അർജുൻ ഇതൊക്കെ കൈകെട്ടി കേട്ടോണ്ടിരുന്നു. ഒരു ഹീറോയെ കണ്ട സംതൃപ്തിയായിരുന്നവൻ. ഒരു വ്യക്തിയുടെ പുറം സൗന്ദര്യത്തിലല്ല, അകമെയുള്ള മനസ്സിലാണ് സൗന്ദര്യമെന്നവൻ അരവിന്ദിലൂടെ തോന്നി.

Character shows the real heroism.

അവർ പോകാനിറങ്ങിയതും ആദിൽ അവിടേക്ക് വന്നു.

കൺഗ്രാട്ട്സ് അരവിന്ദ്... ആദിൽ അവന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.

ഒരു കൺഗ്രാട്ട്സ് അങ്ങോട്ടുമാകാം അല്ലേ ആദിലേ...

ഓഹ്! ഷുവർ ... അവൻ ഇരുകൈകൾ നീട്ടി ആശംസ സ്വീകരിച്ചു.

"എവിടെയായിരുന്നു അളിയാ നീ? " അരവിന്ദ് കാര്യമായി തിരക്കി.

"ഞാനീ ക്ഷണകത്തിന്റെ സാമ്പിൾസ് വാങ്ങാനും, ഓഡിറ്റോറിയം ബുക്ക് ചെയ്യാനുമൊക്കെയുള്ള നെട്ടോട്ടത്തിലായിരുന്നു. ഒന്നല്ലല്ലോ രണ്ട് കല്യാണങ്ങളുടെ തിരക്കിലായി പോയി.
ഇനി സമയത്തും കാലത്തും മണ്ഡപത്തിൽ മാത്രമെന്നെ പ്രതീക്ഷിച്ചാൽ മതി "
ആദിലവന്റെ  തിരക്കുകൾ വ്യക്തമാക്കി

തനിക്കും കൂടി വേണ്ടിയാണല്ലോ ആ ചെറുപ്പക്കാരൻ മെനക്കെടുന്നതെന്ന് ഓർത്തപ്പോൾ അരവിന്ദ്, നന്ദി സൂചകമായി  ആദിലിനെ കെട്ടിപിടിച്ചു.

എല്ലാവരും സന്തോഷപൂർവ്വം അരവിന്ദന്റെ കുടുംബത്തെ യാത്രയാക്കി.

ആ മത്തങ്ങാ തലയൻ വല്ല പ്രശ്നവും ഉണ്ടാക്കിയോ? ആദിൽ അനിയന്മാരോട് ചോദിച്ചു.

"എങ്ങനെ മനസ്സിലായി?" അബൂട്ടൻ അതിശയത്തോടെ ചോദിച്ചു.

"കണ്ടാൽ അറിഞ്ഞൂടെ തിന്നാനും കുറ്റംപറയാനും മാത്രമേ പുള്ളി വാ തുറക്കുള്ളുവെന്ന്. അതൊക്കെ പോട്ടെ, അയാൾ ആർക്കൊക്കെയിട്ട് കൊട്ടി." അവൻ ചോദിച്ചു.

"അത് പ്രേത്യേകിച്ചു പറയണോ,  ഇഞ്ചി കടിച്ചു നിൽക്കുന്ന കണ്ടില്ലേ നമ്മുടെ ആരോമൽ ചേകവർ. ആ കിളവന്റെ കൈയിൽ നിന്ന് നമ്മുടെ കുഞ്ഞേട്ടനും കുഞ്ഞേച്ചിക്കും ഭേഷായി കിട്ടി." അബൂട്ടൻ പറഞ്ഞു.

"എന്നാലും ഈ വല്യേട്ടന്റെ ബുദ്ധി?" അബൂട്ടനങ്ങോട്ട് സഹിക്കുന്നില്ല.

"വല്യേട്ടന്റെ ഫു..ദ്ധി അവിടെ നിൽക്കട്ടെ, ഇന്നാടാ ചോക്ലേറ്റ്സ് .  ഇത് നിനക്ക്, ഇത് ആരതിക്ക് അവനത് മാറ്റിവെച്ചു."

"ആര്യ ചേച്ചിക്കില്ലേ?' അബൂട്ടൻ ചോദിച്ചു.

"അവൾക്കെന്റെ പട്ടി വാങ്ങിച്ചു കൊടുക്കും." ആദിൽ പറഞ്ഞു.

പെങ്ങളെ ആര്യ...

ആ വിളിക്കേട്ടതും അബൂട്ടനും അർജുനും ചിരി കടിച്ചമർത്തി.

കിടന്നു ഞെരി പിരി കൂടാതെ രണ്ടെണ്ണം, വശക്കേടായി ഉളുക്കും. സാഹചര്യങ്ങൾക്കനുസരിച്ച് മനുഷ്യൻ മാറണമെന്നാണ് മഹാൻമാർ പറഞ്ഞിരിക്കുന്നത്. സോ...ആര്യ പെങ്ങളെ!

"ആദിൽ വിളിച്ചുവോ?" ആര്യ ചോദിച്ചു.

"ആ... വാ, പെങ്ങളൂട്ടി...ദേ ഈ സാമ്പിൾസൊക്കെ നോക്കി, ഇഷ്ടമായാൽ ഒരെണ്ണം തിരഞ്ഞെടുക്കണം കേട്ടോ?" അവൻ പറഞ്ഞു.

അവൾ സന്തോഷത്തോടെ അവന്റെ കയ്യിൽ നിന്ന് അത് വാങ്ങി.

തന്റെ ഓരോ യോഗങ്ങൾ ഓർത്ത് ആദിലിന് ചിരി വന്നു.

"അവളെവിടെ ആരതി?" അവൻ ചോദിച്ചു.

"അവളിവിടെ എവിടെയോയുണ്ട് ... ദേ, താഴത്തേക്ക് നോക്ക്."അർജുൻ പറഞ്ഞു.
അവൾ മാലിന്യങ്ങളൊക്കെ കളയുന്നതിന് വേണ്ടി പറമ്പിൽ നിൽക്കുന്നു.

ഇവൾ വീണ്ടും ഒട്ടത്തിയിലേക്ക് വ്യത്യാനം ചെയ്തോ? പാവം കൊച്ചു ഒറ്റയ്ക്ക് കിടന്ന് കഷ്ടപ്പെടുന്നു. വാ നമ്മുക്ക് പോയി കൂടുതൽ കഷ്ടപ്പെടുത്താം.

"വേണ്ടാ ഏട്ടാ... ഇനിയും ഉപദ്രവിക്കണ്ട." അർജുൻ ഒഴിഞ്ഞുമാറി.

"നിനക്ക് എന്തു പറ്റിയെടാ? ഞാൻ വന്നപ്പോൾ മുതലേ ശ്രദ്ധിക്കുവാണ്. മറ്റേതോ ലോകത്ത് പെട്ട പോലെ..." ആദിൽ സംശയിച്ചു.

ആരതി... ആദിൽ ഉറക്കെ വിളിച്ചു.

 

 


മൂവരെയും കണ്ടതും ആരതി ചെറിയൊരു നോട്ടവും ചിരിയും നൽകി...

"അവൾ ചിരിച്ചു... ബാക്കി കാര്യം ഞാനേറ്റു." ആദിൽ അവളുടെ അടുത്തേക്ക് പോയി.

ആരതി വളരെ ശ്രദ്ധാപ്പൂർവം മാലിന്യ സംസ്ക്കരണം നടത്തുകയാണ്. പരിസ്ഥിതിക്കും അയൽവാസികൾക്കും ഹാനികരമാകാത്ത വിധം സസൂക്ഷ്മം അവളത് കൈകാര്യം ചെയ്യുന്നു.

"എന്തൊരു കൊതുകാടിയിവിടെ നിനക്കിവിടെയൊക്കെ വൃത്തിയാക്കി ഇട്ടൂടെ." ആദിൽ വെറുതെയൊരു നമ്പറിറക്കി.

"എവിടെ? എന്നെ കുത്തുന്നില്ലല്ലോ? " അവൾ പറഞ്ഞു.

"നിന്റെ ആരോഗ്യസ്ഥിതി കണ്ടാലേ കൊതുക് അങ്ങോട്ട് രക്തം തരും." അവൻ ചിരിച്ചോണ്ട് പറഞ്ഞു.

അവൾ കുറച്ചു ചവറടുത്തു കൈയിൽ പൊതിഞ്ഞു.

"അവളുടെയൊരു കോലവും, നിൽപ്പും നീയാരാ ദുഃഖപുത്രിയോ..."

ദേ... ഇനിമിണ്ടിയാൽ ചവർ വാരി വായിലിടും ഞാൻ.

" അയ്യോ അങ്ങനെ ചവറൊന്നും വാരി നിന്റെ വായിലിടല്ലേ മോളേ! മിച്ചർ വാരിയിടുന്ന പോലെയല്ല ചവർ വാരിയിടുന്നത്, ചവർപ്പായിരിക്കും. " അവൻ പറഞ്ഞു.

"എന്റെയല്ല നിങ്ങളുടെ...വായിലിടുമെന്ന്." അവൾ അവൻ നേരെ ചവറോങ്ങി കൊണ്ടു പറഞ്ഞു.

ഓഹ്! അങ്ങനെ വ്യക്തമായി പറ...ഓക്കേ. കം ടു ദി മാറ്റർ ആരതി. അവളെയും കൂട്ടി അനിയന്മാരുടെ അടുത്തേക്ക് അവൾ നടന്നു.

"ആരതി, വാ മോളേ, ഏട്ടൻ പറയട്ടെ,
കല്യാണ ഒരുക്കങ്ങളൊക്കെ തുടങ്ങുകയാണ് നീ ഇങ്ങനെ ഗ്ലൂമിയായി ഇരുന്നാൽ ശരിയാകില്ല. എല്ലാത്തിനും ഓടിനടക്കാൻ ഇവന്മാർ മാത്രമേയുള്ളു.

ആകെയുള്ള ഒരു ചേച്ചിയുടെ ചേട്ടന്റെയും കല്യാണമാണ്. നിങ്ങളൊക്കെ വേണ്ടേ ഉത്സാഹിച്ചും മത്സരിച്ചുമൊക്കെ വിവാഹം പൊടിപൊടിക്കാൻ." അവൻ ചോദിച്ചു.

"മത്സരത്തിനൊന്നും ഞാനില്ല, എന്തേലും ആവശ്യമുണ്ടെങ്കിൽ നേരത്തെ പറഞ്ഞാൽ ചെയ്തു തരാം." അവൾ പറഞ്ഞു.

" കണ്ടറിഞ്ഞു ചെയ്യില്ല എന്നല്ലേ നീ ഉദ്ദേശിച്ചത്‌." ആദിൽ ചോദിച്ചു.

"എന്നെ ആരെങ്കിലും കൂടേ കൂട്ടണ്ടേ?" അവൾ കേണു.

"ഞാൻ കൂട്ടി...ആദിൽ പറഞ്ഞു."

ആരതി ഒഴിയാൻ ശ്രമിച്ചിട്ടും ആദിൽ വെറുതെ വിടാൻ സമ്മതിച്ചില്ല.

"ഓക്കേ. വീ ആർ വൺ ടീം." ആരതി മൂവർക്കും നേരേ തമ്പ്സ് അപ്പ്‌ കാണിച്ചു.

"ഇവരുടെ കൂടേ ജ്വലറിയിലൊക്കെ ഞാൻ പോകാം... തുണിക്കടയിൽ നീ പൊക്കോ." അർജുൻ പറഞ്ഞു.

"അർജുൻ നമുക്ക് പരീക്ഷയാണെന്നുള്ളത് മറന്നു പോയോ?" ആരതി ഓർമിപ്പിച്ചു.

"ഇതൊക്കെ ഒന്ന് രണ്ട് ദിവസത്തെ കാര്യമേയുള്ളൂ... അതുകഴിഞ്ഞ് നിങ്ങൾ   വന്ന്‌ ഒന്നിച്ചിരുന്ന് പഠിക്ക്." ആദിൽ പറഞ്ഞു.

"ബെസ്റ്റ്. നിങ്ങളുടെ അനിയന്റെ കൂടെയിരുന്ന് പഠിച്ചാലേ, പരീക്ഷഹാളിലിരുന്ന് എനിക്ക് പേപ്പർ ഊതി കൊണ്ടിരിക്കാം.
ഇന്നലെ തന്നെ എന്റെയടുത്തേക്ക്  പഠിക്കണമെന്ന് പറഞ്ഞു വന്നിരുന്നിട്ട്, മുഖത്തിന്നിട്ട് ഫൂ... ഫൂ... ഊതി തരുവായിരുന്നു. മര്യാദയ്ക്ക് പഠിച്ചോണ്ടിരുന്ന എന്റെ കോൺസെൻട്രേഷനും കളഞ്ഞു " അവൾ അർജുനെ നോക്കി പറഞ്ഞു.

അവൻ വലിയ ഭാവഭേദമൊന്നും തോന്നിയില്ല.

ആരതി പറഞ്ഞത് കേട്ടതും ആദിലും അബൂട്ടനും മിഴിച്ചു നിന്നു.

അർജുൻ...ആദിലൊന്നു ആക്കി വിളിച്ചു.
അതുശരി മോന് , ഫൈനൽ ഇയർ ഇപ്രാവശ്യം കടക്കണമെന്നില്ല.

"ശരിയാണ്. തോറ്റു തൊപ്പിയിടുമ്പോൾ കൂടേ ഞാനും വേണമെന്നായിരിക്കും അർജുൻ ആഗ്രഹിക്കുന്നത്."അവൾ പറഞ്ഞു.

അവനൊരു കള്ളച്ചിരിയോടെ നിന്നു.
മൈ സ്വീറ്റ് ലവബിൾ അർജുൻ!

"അർജുൻ, ചൊട്ടി തലയൻ പറഞ്ഞത് നിനക്ക് ഫീലായോ?" അവൾ ചോദിച്ചു.

" ഏയ്‌! ഇല്ല ആരതി. പുള്ളി പറഞ്ഞതിലും ചില കാര്യങ്ങളൊക്കെയുണ്ട്. " അവൻ നിസാരമായി പറഞ്ഞു.

"പക്ഷേ എനിക്ക് ഫീലായി. എന്റെ വീട്ടിൽ വന്ന് അയാൾ നിന്നെ ഇടിച്ചു താഴ്ത്തിയത് എനിക്ക് ഒട്ടും ഇഷ്ടമായില്ല. അയാളിനിയും വരുവല്ലോ കാണിച്ചു കൊടുക്കാം ഞാൻ." അവൾ വാശിയോടെ പറഞ്ഞു.

അവളുടെ ഭാവം കണ്ട് അവർ അന്ധാളിച്ചു.

ആരതി മുഷ്ടി ചുരുട്ടി ഇടം കൈയിൽ ഇടിച്ചു കൊണ്ട് പറഞ്ഞു. ഇനി അയാൾ കുഴപ്പിച്ചാൽ, നിവർന്നു ഈ വീടിന്റെ പടിയിറങ്ങില്ല.

അന്നേരത്തെ അവളുടെ കണ്ണുകളിലെ രൂക്ഷത കണ്ടപ്പോൾ അവർ മൂന്നു പേരും ഭയന്നു.

"പേടിക്കണ്ട ഞാൻ വെറുതെ നമ്പർ ഇറക്കിയതാണ്.
ഐ അം ജസ്റ്റ്‌ കിഡ്ഡിംഗ് ഞാനൊന്നും ചെയ്യില്ല..." അവൾ പറഞ്ഞു.

വാ... അബൂട്ടാ, ഞാൻ നിനക്ക് ഭക്ഷണം വിളമ്പി തരാം.

ആരതി അബൂട്ടനുമായി പോയ വഴിയേ നോക്കി അർജുനും ആദിലും  നിന്നു.

"നീയവളെ കെട്ടുകയല്ല മിക്കവാറും കെട്ടിയിടേണ്ടി വരും അനിയാ..." ആദിൽ പറഞ്ഞു.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

രാത്രിയിൽ ആരതിയുടെ വീട്ടിൽ എല്ലാവരും അത്താഴം കഴിക്കുവാനിരിക്കുവായിരുന്നു.

"ആര്യ എവിടെ ശ്രീദേവി ?" അച്ഛൻ ചോദിച്ചു.

"അവൾ ഡയറ്റ് തുടങ്ങി ഏട്ടാ , ഇനിമുതൽ രാത്രിയിൽ ആഹാരം വേണ്ടാന്ന്." അമ്മ പറഞ്ഞു.

"അതാണോ കാണാത്തത് ഞാൻ കരുതി കല്യാണം ഉറപ്പിച്ചത് കൊണ്ട് നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ അവിടെങ്ങാനും നടക്കുവായിരിക്കുമെന്ന്."

"ആരതി, ചേച്ചിയേ കളിയാക്കുന്നത് നിനക്കല്പം കൂടുന്നുണ്ട് ? " അമ്മ ശാസിച്ചു.

അച്ഛാ... ഐ അം സീരിയസ്‌, അവൾക്ക് ഈയിടെയായി രാത്രി ഉറക്കമില്ല... ഇന്നലെ രാത്രിയിലെ ഞാനിടയ്ക്കൊന്നു ഉറക്കമുണർന്നപ്പോൾ എന്റെ നേർക്ക് ഒരു
വെളുത്തു തുടുത്ത രൂപം നീണ്ടു വരുന്നു. കനത്ത ചുരുണ്ട മുടി അവളുടെ മുഖത്തേക്ക് വീണ് കിടക്കുന്നത് കൊണ്ട് ഇവളാണെന്ന് എനിക്ക് മനസ്സിലായില്ല. ആ രൂപം! പെട്ടെന്ന് കണ്ടപ്പോൾ ഞാൻ പേടിച്ചു ചത്തിലെന്നെയുള്ളൂ.

എന്താ... ആരതിയെന്നുള്ള അവിഞ്ഞ സ്വരം കേട്ടപ്പോഴാണ് എനിക്ക് മനസ്സിലായത് പ്രേതമല്ല നമ്മുടെ ആര്യറാണിയാണെന്ന്.

അച്ഛൻ ചിരിച്ചു.

ഭക്ഷണം കഴിക്കുന്നതിനിടയിലും കല്യാണചർച്ച മുറുകുന്നു. എല്ലാത്തിനും അർജുൻ,അർജുൻ, അർജുൻ തന്നെ. അതുകേട്ട് ആരതി ക്ഷീണിച്ചു.

"ഈ കല്യാണത്തിന്റെ കാര്യം പറഞ്ഞു അർജുനിവിടെ അനാവശ്യ സ്വാതന്ത്ര്യംകൊടുക്കുന്നില്ലേ എന്നൊരു സംശയം എനിക്ക് ഇല്ലാണ്ടില്ല." ആരതി പറഞ്ഞു.

"അർജുൻ ഇവിടെ സ്വാതന്ത്ര്യം കൊടുത്താൽ എന്താണ് പ്രശ്നം?" ശ്രീദേവി ചോദിച്ചു.

ശ്രീദേവിയുടെ മറുചോദ്യത്തിൽ അവളൊന്നു അമ്പരന്നു.

എന്ത് പ്രശ്നം? നിങ്ങളുടെ ഡോട്ടറിന്, അവനെ ലൈൻ അടിക്കാനുള്ള സാഹചര്യം ഒപ്പിച്ചു കൊടുക്കുന്നു. മോളുടെ ഇഷ്ടം അറിയുമ്പോഴും ഈ നൂറു നാവ് കണ്ടാൽ മതി. അവൾ പതുക്കെ പിറുപിറുത്തു.

"എന്താ?" കേട്ടില്ല എന്ന രീതിയിൽ അമ്മ ചോദിച്ചു.

ഒന്നൂല്ല... നിങ്ങളുടെ അർജുൻ മോനേ ഞാനൊന്നും പറഞ്ഞില്ല.

"മറ്റേക്കാര്യം എന്തായി വിശ്വേട്ടാ ?" അമ്മ ചോദിച്ചു.

"എന്ത്കാര്യം? "അവളുടെ അച്ഛനുമമ്മയും മാറിമാറി നോക്കി.

" ആദിലിന്റെ കല്യാണം പ്രമാണിച്ച് ചിത്രശലഭത്തിലൊരുപാട് വിരുന്നുകാര് വരും. എല്ലാവരെയും കൂടെ അവിടെ താമസിപ്പിക്കാൻ സൗകര്യകുറവുണ്ട്."

"അതുകൊണ്ട്?" അവൾ ചോദിച്ചു.

"കുറച്ചു പേരെ ഇവിടെ താമസിപ്പിക്കാമോ എന്നവർ ചോദിച്ചു." അമ്മ പറഞ്ഞു.

"അമ്മയ്ക്ക് പറഞ്ഞൂടായിരുന്നോ ഇവിടെ പറ്റില്ലെന്ന്. നമ്മുടെ പ്രൈവസി പോകില്ലേ." അവൾ എതിർത്തു.

"എങ്ങനെയാണ് അവരോട് നമ്മളത് പറയുന്നത്. രാത്രിയെന്നോ പകലെന്നോ നോക്കാതെ എന്ത് ആവശ്യത്തിന് നമുക്ക് വേണ്ടി വരുന്നവരല്ലേ.
മാറ്റാരുമല്ല, കല്യാണിയമ്മയും അവരുടെ ഭർത്താവും മാത്രമേയുള്ളൂ." അമ്മ പറഞ്ഞു.

"കല്യാണിയമ്മയ്ക്ക് ഭർത്താവുണ്ടോ?
ഞാൻ കരുതി മൂപ്പിലാനൊക്കെ വടിയായി കാണുമെന്ന്. അല്ലാ! അപ്പൂപ്പനെ കുറിച്ച് ആരും ഇതുവരെ പറയുന്നത് ഞാൻ കേട്ടിട്ടില്ല...അതുകൊണ്ട് ചോദിച്ചതാണ്." ആരതി പറഞ്ഞു.

പോടീ... ദൈവദോഷം പറയാതെ!

ആരതിയുടെ അച്ഛന്റെ നെറുകയിൽ വെള്ളം കയറി.

അച്ഛൻ ചുമച്ചു ചുമച്ചു കണ്ണിൽ നിന്നു വെള്ളം വന്നു, ശ്വാസമെടുക്കാനും ബുദ്ധിമുട്ടി.

അച്ഛന്റെ അവസ്ഥ കണ്ട് അമ്മയ്ക്ക് വെപ്രാളമായി.

പാവം! അച്ഛൻ പൂർവ്വസ്ഥിതിയിലെത്താൻ കഷ്ടപെട്ടു പോയി.

"കഴിച്ചുകഴിഞ്ഞെങ്കിൽ എഴുന്നേറ്റു പോടീ...
മനുഷ്യർ സമാധാനത്തോടെ തിന്നാൻ സമ്മതിക്കില്ല. " അമ്മ ദേഷ്യപ്പെട്ടു.

അച്ഛാ... ഇത്തിരി വെള്ളം കൂടി കുടിച്ചാൽ മതി... നെറുകയിലിരിക്കുന്നത് ഇറങ്ങി പോകും അല്ലേൽ ഫാനിൽ നോക്കിയാലും മതി " ആരതി ആത്മാർത്ഥമായി പറഞ്ഞു.

"എന്റെ ശ്രീദേവി ഏത് നേരത്താണോ?... ബാക്കി പറയാതെ അച്ഛൻ ചപ്പാത്തി ചുരുട്ടി വായിലേക്കിട്ട്.

(തുടരുന്നു )
 

(തുടരുന്നു )


അർജുന്റെ ആരതി

അർജുന്റെ ആരതി

4.9
1884

              ഒത്തിരി വൈകി, ഈ പാർട്ട്‌ സെറ്റ് ചെയ്യാൻ ഇത്തിരി പാട്പ്പെട്ടു... മനസ്സിലുള്ളത് അതുപോലെ പകർത്തി വായിച്ചപ്പോൾ വായനസുഖം കിട്ടിയില്ല... ചിലപ്പോൾ ഇതിലും മോശമായി നേരത്തെ എഴുതിയിട്ടുണ്ടാവും അല്ലെങ്കിൽ ഇനി ചിലപ്പോൾ എഴുതാം... എനിക്ക് എന്തോ ഒരു വിഷമം... തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ പോസ്റ്റ്‌...   ഭാഗം - 32   അർജുന്റെ ആരതി   "വീട്ടിലേ വാഴയെക്കാളും നല്ലത് എന്റെ മോൾ ആരതിയാണെന്ന്  അച്ഛൻ ഒരുനാൾ പറയും.   ഇപ്പോൾ തന്നെ ഈ കല്യാണത്തിന് വേണ്ടിയുള്ള അച്ഛന്റെ ടെൻഷൻ കാണുമ്പോൾ എനിക്ക് വിഷമം തോന്നുന്നുണ്ട്. അതല്ലേ ഓരോ നമ്പര് കാണിച്ച