"എനിക്കും എന്റെ മക്കൾക്കും സ്വന്തമായി ഒരു തുണ്ട് ഭൂമി ഉണ്ടായിക്കോട്ടെ എന്ന് വച്ചിട്ടാ അന്ന് ഏട്ടനോടൊപ്പം ചേർന്നു മിലിയെക്കൊണ്ട് നിരഞ്ജനെ വിവാഹം കഴിപ്പിക്കാൻ തിടുക്കപ്പെട്ടത്.. അതിന് എനിക്ക് കിട്ടിയ ശിക്ഷയാ ഇത്.. കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ ആണ് ഈ ജന്മം മക്കൾ ആയി ജനിക്കാ.. അത് തന്നെയാ അസത്തെ നീ.." ജാനകിയമ്മ മായയെ അടിച്ചുകൊണ്ട് പറഞ്ഞു.
"അമ്മേ.. എന്താ ഈ കാണിക്കണേ.. ഒന്ന് പതുക്കെ.. ഇത് ഒരു ഹോസ്പിറ്റൽ ആണ്." മിലി അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു.
കുറച്ചു മുൻപ് ആണ് മായ ഹോസ്പിറ്റലിൽ തല കറങ്ങി വീണു എന്ന് പറഞ്ഞു കാൾ വന്നത്. കേട്ട ഉടനെ തന്നെ ജാനകിയമ്മയും മിലിയും ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. അവിടെ ചെന്നപ്പോൾ ആണ് ആ ഞെട്ടിക്കുന്ന വിവരം അവർ അറിഞ്ഞത്. - മായ ഗർഭിണി ആണ്.
മായ കരഞ്ഞുകൊണ്ട് വിവരങ്ങൾ എല്ലാം പറഞ്ഞു മിലിയുടെ നെഞ്ചോടു ചേർന്നു.
"നാളെ രാവിലെ മിലിയും നിരഞ്ജനും തമ്മിൽ ഉള്ള വിവാഹം ആണ്.. ഇനി ഇപ്പൊ നാട്ടുകാരോട് ഞാൻ എന്ത് പറയും. ചേച്ചിടെ ചെക്കനെ അനുജത്തി മയക്കി എടുത്തു വയറ്റിലുണ്ടാക്കി എന്നോ?" ജാനകിയമ്മ വാവിട്ടു കരഞ്ഞു.
"എന്നാലും എന്റെ മോളെ.. നിനക്കു ചേച്ചിയോട് പറയാമായിരുന്നു.." മിലി മായയുടെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു.
"ഞാൻ ശ്രമിച്ചതാ ചേച്ചി.. പറ്റിയില്ല..." തേങ്ങലുകൾക്കിടയിൽ മായ പറഞ്ഞു.
"നീ ഈ വിവരം നിരഞ്ജനോട് പറഞ്ഞോ?" മിലിയുടെ ചോദ്യത്തിന് അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.
"എന്താ അവന്റെ നിലപാട്? അവൻ നിന്നെ വിവാഹം കഴിക്കുമോ?" മിലി കനപ്പിച്ചു ചോദിച്ചു.
"നീര്വേട്ടൻ പാവാ ചേച്ചി.. അച്ഛനെ പേടിച്ചിട്ടാ.." മായ പറഞ്ഞത് കേട്ട് മിലിക്ക് ദേഷ്യം വന്നു..
"ഉം... പാവാ... പേടിച്ചിട്ട്... നിന്റെ തലേല് കളിമണ്ണ് ആണോ മായ.. അവൻ അവന്റെ ഇഷ്ടങ്ങൾ മാത്രം ആണ് നോക്കുന്നത്.. അല്ലാതെ നിന്റെ ഇഷ്ട്ടം അല്ല.. മനസിലാവണ്ടോ നിനക്ക്? ഇപ്പോഴും വൈകീട്ട് ഇല്ല.. ഇങ്ങനെ ഒരാളുടെ കൂടെ ജീവിക്കണോ എന്ന് നീ തീരുമാനിക്കണം.." മിലി പറഞ്ഞു.
"എന്ത് വൈകീട്ട് ഇല്ലാന്ന്.. പിഴച്ചു പെറ്റ മോളെ കൊണ്ടു ഞാൻ ജീവിക്കണോ? ആ.. നീ അതല്ല അതിൽ അപ്പുറവും പറയും.. അല്ലെങ്കിലും സ്വത്ത് മുഴുവൻ നിന്റെ കയ്യിൽ അല്ലേ..?" ജാനകിയമ്മയുടെ ചോദ്യം മിലിയെ വല്ലാതെ കുത്തി നോവിച്ചു.
അവൾ രണ്ടും കല്പ്പിച്ചു മയയോട് നിരഞ്ജനെ വിളിക്കാൻ പറഞ്ഞു.
**************
നിരഞ്ജൻ വന്ന ഉടനെ തന്നെ മിലി അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു.
"ഇത് എന്റെ കുടുംബത്തു കേറി തോന്ന്യാസം കാണിച്ചെന്നു.. ഇത്രയും തന്നില്ലെങ്കിൽ പിന്നെ ഞാൻ എന്തിനാ ജീവിച്ചിരിക്കുന്നത്..?" നിരഞ്ജൻ കവിൾ ഉഴിയുമ്പോൾ അവൾ പറഞ്ഞു.
നിരഞ്ജന് ദേഷ്യം വന്നെങ്കിലും അവൻ കടിച്ചു പിടിച്ചു സഹിച്ചു. ഇപ്പോൾ മിലിയെ പിണക്കാതിരിക്കുന്നത് ആണ് ഉത്തമം എന്ന് അവനു തോന്നി.
"മിലി.. ഞാൻ മായയ്ക്ക് വാക്ക് കൊടുത്തിരുന്നു.. ഇതിൽ നിന്നും രക്ഷപ്പെടും എന്ന്.. അതിന് ഇപ്പൊ എന്റെ മുന്നിൽ ഒരു വഴി ഉണ്ട്.." നിരഞ്ജൻ പറഞ്ഞു.
"വേണ്ട... ഒരു വഴിയും എനിക്കു കേൾക്കണ്ട... നാളെ തീരുമാനിച്ചു ഉറപ്പിച്ച മുഹൂർത്തത്തിൽ ഇവളെ വിവാഹം ചെയ്യാൻ നിനക്ക് സമ്മതം ആണോ അല്ലയോ? അത് പറഞ്ഞാൽ മതി.." മിലി ദേഷ്യത്തോടെ ചോദിച്ചു.
"അതിന് ആയിരുന്നെങ്കിൽ എനിക്ക് അത് എപ്പോളെ ചെയ്യാമായിരുന്നു. പക്ഷെ അത് മായയ്ക്ക് ദോഷമേ ചെയ്യൂ.. മിലിക്ക് എന്റെ അച്ഛനെ അറിയാഞ്ഞിട്ട് ആണ്.. മിലിയെ വിവാഹം കഴിച്ചാലേ എന്റെ ജാതകം ശരിയാകൂ എന്ന് ഉണ്ടെങ്കിൽ ആ വിവാഹം എങ്ങനെയും നടത്തിയിരിക്കും.. അതിപ്പോ മായയെ കൊന്നിട്ടാണെകിൽ കൂടി.. മായയെ സംരക്ഷിക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത് മിലി.." നിരഞ്ജൻ പറഞ്ഞത് കേട്ട് മിലി ഒന്ന് അടങ്ങി.
"ഇനി ഇതിനു ഒരേ ഒരു പോം വഴിയേ ഒള്ളൂ.. മിലി മറ്റൊരാളെ വിവാഹം കഴിക്കണം.. അതോടെ പിന്നെ മിലിയുടെ ജാതകവുമായി എന്നെ കൂട്ടികെട്ടിയിട്ടു കാര്യം ഉണ്ടാവില്ല.. അപ്പൊ അച്ഛൻ ഞങ്ങളുടെ വിവാഹത്തിന് സമ്മതിക്കും.." നിരഞ്ജൻ പറഞ്ഞത് കേട്ട് മിലി ഞെട്ടിപ്പോയി.
"എന്തൊക്കെ ആണ് നീ ഈ പറയുന്നത്..?" മിലി ചോദിച്ചു.
"ആകാശ്.." നിരഞ്ജൻ വാതിലിനു പുറത്തേക്കു നോക്കി വിളിച്ചു.
ആകാശിനെ കണ്ടു മിലിയുടെ കണ്ണുകൾ വിടർന്നു..
"ആകാശ്.. നീ ഇവിടെ..?" മിലി ചോദിച്ചു.
"നിരഞ്ജൻ എന്നെ വന്നു കണ്ടിരുന്നു.. മിലിക്ക് ഒരു ജീവിതം കൊടുക്കാമോ എന്ന് അവൻ ചോദിച്ചു.. അങ്ങനെ ഒരു വാക്ക് കേൾക്കാൻ എത്ര കാലം ആയി ഞാൻ കാത്തിരിക്കുന്നു.. വന്നുകൂടെ മിലി.. എന്റെ മിലി മോളുടെ അമ്മ ആയി.. പ്ലീസ്.." ആകാശ് അവളെ ജീവിതത്തിലേക്ക് ക്ഷണിച്ചു.
അന്തം വിട്ട് നിൽക്കുകയായിരുന്നു മിലി..ആകാശിന് എന്തു മറുപടി കൊടുക്കണം എന്ന് അറിയാതെ.
ജാനകിയമ്മ ആകാശിനെ കണ്ടു കണ്ണു തുടച്ചു എഴുന്നേറ്റു.
"മിലി.. നീ ഇത്രയും കാലം കാത്തിരുന്ന ആകാശ് നിന്നെ വിളിക്കാ.. നിന്റെ മുന്നിൽ വേറെ ഒരു ചോയ്സ് ഉണ്ട്.. നിരഞ്ജനെ എന്റെ മോൾക്ക് വിട്ട് കൊടുത്തു കൂടെ? അവളുടെ കുഞ്ഞിന് അച്ഛൻ ഇല്ലാണ്ട് ആക്കരുത് നീ.. ഇത്ര കാലം നിന്നെ നോക്കി വളർത്തിയതിന്റെ കൂലി ആയിട്ട് ചോദിക്കാ ഈ അമ്മ.." ജാനകിയമ്മ പറഞ്ഞത് കേട്ട് മിലിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
"അതിൽ ഒരു ചെറിയ പ്രശ്നം ഉണ്ട്.. മിലി ഹിന്ദുവും ആകാശ് ക്രിസ്ത്യാനിയും ആയത് കൊണ്ട് പള്ളിയിലും അമ്പലത്തിലും ഒന്നും വച്ചു വിവാഹം നടത്താൻ സാധിക്കില്ല.. പിന്നെ രജിസ്റ്റർ മാരേജ് നോക്കാം എന്ന് വച്ചാൽ.. ആകാശ് യു കെ സിറ്റിസൺ ആയത് കൊണ്ട് ക്ലീയറൻസ് വേണ്ടി വരും.. എല്ലാം ശരിയാക്കാൻ കുറച്ചു ദിവസം വേണ്ടി വരും.." നിരഞ്ജൻ പറഞ്ഞു.
"അയ്യോ.. ഇനി ഇപ്പൊ എന്താ ചെയ്യാ?" ജാനകിയമ്മ ചോദിച്ചു.
മിലി അവരുടെ സംസാരം കേൾക്കുകയായിരുന്നു. ആരും അവളുടെ ഇഷ്ട്ടം ചോദിക്കുന്നില്ല എന്നത് അവളെ നിരാശപ്പെടുത്തി.
"അത് സാരമില്ല അമ്മേ.. മിലിയും ആകാശും ഇന്ന് രാത്രി തന്നെ ഇവിടെ നിന്നു മുംബൈക്ക് പോകുന്നു... വിവാഹം ഒക്കെ അവിടെ വച്ചു നടത്താം.. അവിടെ എന്റെ ഫ്രണ്ടിനെ ഞാൻ പറഞ്ഞു ഏൽപ്പിക്കാം.. ഇവിടെ എല്ലാവരോടും മിലി ആകാശിനെ വിവാഹം കഴിച്ചു പോയി എന്ന് പറഞ്ഞാൽ മതി.." നിരഞ്ജൻ പറഞ്ഞത് എല്ലം ജാനകിയമ്മ ശരിവച്ചു.
"മിലി.. ഞാൻ പോയി അത്യാവശ്യത്തിനു ഉള്ള സാധനങ്ങൾ എല്ലാം എടുത്തിട്ട് എയർപോർട്ടിൽ വരാം.. നിനക്കും എന്തെങ്കിലു ഒക്കെ എടുക്കാൻ കാണില്ലേ.. നമുക്ക് എയർപോർട്ടിൽ കാണാം.." ആകാശ് അവളുടെ കൈ പിടിച്ചു പറഞ്ഞത് കേട്ട് അവൾ തലയാട്ടി.
************
വേണ്ട തുണികളും സെര്ടിഫിക്കറ്സും എടുത്തു മിലി വീട്ടിൽനിന്നും ഇറങ്ങി. നേരം ഒരുപാട് വൈകിയത് കൊണ്ട് എല്ലാവരും ഉറക്കം പിടിച്ചിരുന്നു.. അതുകൊണ്ട് തന്നെ മിലി ഇറങ്ങി പോകുന്നത് ആരും കണ്ടില്ല.
ഗേറ്റിനു വെളിയിലായി നിർത്തിയ നിരഞ്ജൻ പറഞ്ഞയച്ച ടാക്സി കാറിലേക്ക് നടക്കുമ്പോൾ അവൾ അച്ഛന്റെ അസ്തിത്തറയിലേക്ക് ഒന്ന് നോക്കി. ഒരു നുള്ള് കണ്ണീർ അവളുടെ കണ്ണുകളിൽനിന്ന് പൊതിഞ്ഞു. അവളെയും കൊണ്ട് കാർ വിജനമായ നിരത്തിലൂടെ എയർപോർട്ട് ലക്ഷ്യം ആക്കി പാഞ്ഞു. മിലി കണ്ണുകൾ അടച്ചു പുറകിലെ സീറ്റിൽ ഇരുന്നു.
പെട്ടന്ന് വണ്ടി ഒരു ഘട്ടറിൽ വീണപ്പോൾ മിലി ചാടി എഴുന്നേറ്റു. അവൾ മനസ്സിൽ ചിലത് കുറിച്ചിരുന്നു.
"ചേട്ടാ.. വണ്ടി ഒന്ന് ഒതുക്കിക്കേ.." മിലി പറഞ്ഞത് കേട്ട് ടാക്സിക്കാരൻ വണ്ടി അടഞ്ഞു കിടക്കുന്ന ഒരു ബേക്കറിക്കു മുന്നിൽ നിർത്തി.
മിലി ബാഗും എടുത്തു അവിടെ ഇറങ്ങി. പേഴ്‌സ് തുറന്നു കുറച്ചു കാശു അയ്യാൾക്ക് നീട്ടി അവൾ പറഞ്ഞു. "ചേട്ടൻ തിരികെ പൊക്കൊളു.. ഞാൻ ഇവിടെ ഇറങ്ങാ.."
അയ്യാൾക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പേ മിലി ബസ്റ്റാന്റ് ലക്ഷ്യം ആക്കി നടന്നിരുന്നു.
(തുടരും...)
ഇത്തിരി ഷോർട് ആണ്. എന്നാലും ഇവിടെ വച്ചു നിർത്താ.. ഇതോടെ നമ്മൾ 50 പാർട്ട് പിന്നിട്ടു.. അതോടൊപ്പം കഥയും ഏതാണ്ട് പകുതി ആയി..
ഇനി കഥ അടുത്ത സെക്ഷനിലേക്ക് പ്രവേശിക്കുകയാണ്.. എന്റെ കൂടെ കട്ടക്ക് നിൽക്കില്ലേ?