"ഏതായാലും അന്ന് നിങ്ങൾ ഇവരേയും കൊണ്ട് ഇവിടേക്ക് വന്നത് നന്നായി... മനസ്സമാധാനത്തോടെ ജിവിക്കാലോ... ഇപ്പോൾ ഈ മഹേഷ് വന്നതിനു കാരണം വ്യക്തമായി... ആ നീലകണ്ഠൻ ഒറ്റൊരുത്തനാണ് ഇതിന്റെ പുറകിൽ... അയാളെ ഇനി എങ്ങനെ നേരിടണമെന്ന് എനിക്കറിയാം... അതിന് വേണ്ടത് അയാളേയും മക്കളേയും തമ്മിൽ തെറ്റിക്കുക... പ്രത്യേകിച്ച് ആ രാജേന്ദ്രനുമായി... അവനൊറ്റൊരുത്തന്റെ ബലത്തിലാണ് അയാൾ കളിക്കുന്നത്... ഇതിനെല്ലാമുള്ള വഴി എന്താണെന്ന് എനിക്കറിയാം... "
ഹരി പാലും വാങ്ങിച്ച് തിരിച്ചു നടന്നു...
എന്നാൽ ഹരിയുടെ മനസ്സിൽ ചില കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു... അത് നാരായണനുമായി അവൻ പങ്കുവച്ചു...
ഇനി അതുതന്നെയാണ് ചെയ്യാനുള്ളത്... ആ നീലകണ്ഠൻ ഇനി ആരേയും ദ്രോഹിക്കരുത്... അയാളുടെ അവസാന ശ്രമമായിരിക്കണം ഈ കളി... എന്നാലും ഇത്രയും വേദന അനുഭവിച്ചതാണ് അരവിന്ദനെന്ന് അറിയില്ലായിരുന്നു... ആ മഹേഷിനെ സൂക്ഷിക്കണം... അവൻ എന്തിനും മടിക്കാത്തവനാണ്... ഇന്ന് സ്വന്തം ചെറിയച്ഛനെ ദ്രോഹിക്കാൻ വന്നു.. നാളെ... സ്വന്തം അപ്പച്ചിയെ മൃഗീയമായി നശിപ്പിച്ചവനല്ലേ... നന്ദനയോട് കരുതിയിരിക്കാൻ പറയണം... അവന് സ്വന്തം രക്തത്തെപ്പോലും തിരിച്ചറിയാൻ പറ്റാത്തവനാണ്... ഏതുനിമിഷവും നന്ദനയുടെ നേരേയും അവന്റെ ആക്രമണമുണ്ടാകും... ഇന്ന് അവൻ അവളെ കണ്ടില്ലെന്നല്ലേ പറഞ്ഞത്... അതേതായാലും നന്നായി... "
"ഇല്ല അച്ഛാ... അതിനവൻ രണ്ടു കാലിൽ ആ പടി ചവിട്ടില്ല... നാളെയാവട്ടെ അവനെ അവന്റെ സങ്കേതത്തിൽ പോയി കാണുന്നുണ്ട് ഞാൻ... "
"എന്താണ് നിന്റെ ഉദ്ദേശം... വീണ്ടും അവനുമായി കൊമ്പുകോർക്കാനോ... വേണ്ട ഹരീ...അതുവേണ്ട... അവന്റെ പിന്നിലുള്ളത് ആരൊക്കെയാണെന്ന് നമുക്കറിയില്ല... നീലകണ്ഠന്റെയും മകന്റേയും വെറുമൊരു ബിനാമിയല്ലവൻ... അതിലും വലിയ ആരോ അവന്റെ പുറകിലുണ്ട് അത് മനസ്സിലാക്കാതെ നമുക്ക് ഇറങ്ങാൻ പറ്റില്ല... ആദ്യം അതാരാണെന്ന് കണ്ടെത്തണം... അതുവഴി വേണം അവനെ തളക്കാൻ... "
നാരായണൻ പറഞ്ഞു..."
"അവന്റെ പുറകിൽ ആരുണ്ടാകാൻ... ഇതെല്ലാം പണത്തിനുവേണ്ടി ചെയ്യുന്നതാണവൻ... അവന് എന്തിനുംപോന്ന കുറിച്ചു വാലത്തൻമാരുണ്ട്... അവരാണ് അവന്റെ ശക്തി... "
"ആയിരിക്കാം... എന്നാലും സൂക്ഷിക്കണം... നീ പറഞ്ഞല്ലോ എന്തിനും പോന്ന വാലാത്തന്മാരുണ്ടെന്ന്... അവർ എത്തരക്കാരാണെന്ന് നിനക്ക് അറിയുമോ... ഒന്നു ഞാൻ പറയാം... എന്തോ മനസ്സിൽ കണ്ടാണ് അവൻ കളിക്കുന്നത്... അത് ചിലപ്പോൾ നന്ദനയാകാം... അല്ലെങ്കിൽ മറ്റെന്തെങ്കിലുമാകാം... "
"അച്ഛൻ ഓരോന്നാലോചിച്ച് മനസ്സ് പുണ്ണാക്കേണ്ട.. ഇതൊക്കെ നീലകണ്ഠന്റേയും രാജേന്ദ്രന്റേയും കളിയാണ്... "
"നിന്റെ വിശ്വാസം അങ്ങനെയാണെങ്കിൽ അങ്ങനെ നടക്കട്ടെ... പിന്നെ ഇനി നീലകണ്ഠന്റെ ശല്യം ഉണ്ടാകരുത്... അതിനു വേണ്ടത് എത്രയും പെട്ടന്ന് ചെയ്യണം... "
അതോർത്ത് അച്ഛൻ വിഷമിക്കേണ്ട... ഇന്നുതന്നെ എല്ലാം ചെയ്യാം.. "
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
അടുത്തദിവസം രഘുത്തമൻ പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് നീലിമ അവന്റെയടുത്തേക്ക് വന്നത്....
"ചെറിയേട്ടാ എന്നെ കോലോത്തൊന്ന് ഡ്രോപ്പ് ചെയ്യുമോ... ഇവിടെയിരുന്നാൽ എനിക്ക് പ്രാന്തുപിടിക്കും.... "
"അതിന് നിനക്കുകൂട്ടായി ഏടത്തിയില്ലേ ഇവിടെ... "
രഘുത്തമൻ ചോദിച്ചു...
"എന്നിട്ടുവേണം എന്നെച്ചൊല്ലി അവർക്കും ചീത്ത കേൾക്കാൻ... അല്ലെങ്കിലേ അവർ മനസ്സുവിഷമിച്ചാണ് നിൽക്കുന്നത്... ഇനിയും അവരെ കൂടുതൽ വിഷമിപ്പിക്കണോ..."
"അതും ശരിയാണ്... പക്ഷേ നീ അവിടെ പോകുന്നത് അച്ഛനും വല്യേട്ടനുമറിഞ്ഞാൽ എന്താകും അവസ്ഥയെന്ന് ഞാൻ പറയേണ്ടല്ലോ... "
"എന്തുണ്ടാകാൻ... ഏറി വന്നാൽ എന്നെ പടിയടിച്ച് പിണ്ഡം വക്കുമായിരിക്കും അതിലപ്പുറം ഒന്നും ചെയ്യാൻ അവർക്ക് കഴിയില്ല... ഒരുകണക്കിന് അതുതന്നെയാണ് നല്ലതും... ഈ നശിച്ച വീട്ടിൽ നിന്ന് പോകുന്നതാണ് നല്ലത്... "
"അങ്ങനെയൊന്നും ഈ വീട്ടിൽനിന്ന് നിന്നെ ഇറക്കി വിടാൻ പറ്റില്ല... കാരണം അതിനൊരു കാര്യമുണ്ടെന്ന് കൂട്ടിക്കോ...അത് നീവഴിയേ... മനസ്സിലാക്കിക്കോളും... ഇപ്പോൾ നിനക്ക് കോലോത്തേക്ക് പോകണമെങ്കിൽ നിനക്കുവേണ്ടി ഞാനൊരു കൈനറ്റിക് വാങ്ങിത്തരാം അതിൽ പോയാൽ മതി... "
"ഇപ്പോൾ പോകുന്നതിന് വാങ്ങിക്കാൻ പോകുന്ന കൈനറ്റിക് കൊണ്ട് കാര്യമുണ്ടോ... അതു കയ്യിൽ കിട്ടുമ്പോഴേക്കും എനിക്ക് എക്സാം ആകും ഞാൻ ബാംഗ്ലൂരിലേക്ക് പോവുകയും ചെയ്യും... "
"അതൊന്നുമില്ല... നീ നേരെ നമ്മുടെ ദിനേശന്റെ വീടുവരെ പോയാൽ മതി... അവന്റെ അനിയത്തിയുടെ വണ്ടി ഞാൻ വാങ്ങിച്ചുവച്ചിട്ടുണ്ട് .... അതെടുത്ത് നിനക്ക് പോകാനുള്ളത് എവിടേക്കാണെന്നുവച്ചാൽ പൊയ്ക്കൊ.... "
"സത്യമായിട്ടും...? "
നീലിമക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല...
സത്യം... ഞാൻ പോകുമ്പോൾ നിന്നെ ദിനേശന്റെ വീട്ടിലിറക്കാം.... പിന്നെ വണ്ടി കയ്യിൽ കിട്ടിയെന്നുവച്ച് റോഡിലൊന്നും സർക്കസ് കാണിക്കേണ്ട... സൂക്ഷിച്ചു കൊണ്ടു പോകണം... മനസ്സിലായോ... "
"അത് ഞാനേറ്റു... "
"എന്നാൽ വാ... "
രഘുത്തമനും നീലിമയും പുറത്തേക്ക് നടന്നു...
"മ്.. എവിടേക്കാണ് എഴുന്നള്ളുന്നത്... "
ഉമ്മറത്തിരിക്കുകയായിരുന്ന നീലകണ്ഠൻ നീലിമയോട് ചോദിച്ചു...
"ഞാൻ ഏട്ടന്റെ കൂടെ പുറത്തേക്ക് പോവുകയാണ്... "
"എന്താ ഈ വീട്ടിൽ സ്ഥലമില്ലാഞ്ഞിട്ടാണോ... "
"അതിന് ഇത് വീടാണോ... "
"എന്താ തർക്കുത്തരം പറയാൻ തുടങ്ങിയോ നീ... "
"ഞാൻ കാര്യം തന്നെയാണ് പറഞ്ഞത്... "
"നീയിന്നലെ കോലോത്തേക്ക് പോയിരുന്നോ...?"
"പോയിരുന്നു... അതിനെന്താ... ഇനിയും പോകും..."
നീലകണ്ഠൻ കസേരയിൽ നിന്ന് ചാടിയെണീറ്റു...
"എന്താടീ നീ പറഞ്ഞത്... എന്നെ ദിക്കരിച്ച് നീ അവിടെ പോകുമോ... "
"അതല്ലേ ഇപ്പോൾ പറഞ്ഞത്... എനിക്ക് അവിടെ പോകാൻ ആരുടേയും അവകാശം വേണ്ട... "
"എന്നാൽ പൊന്നുമോൾ പിന്നെ ഈ വീടിന്റെ പടി ചവിട്ടില്ല.... "
"അത് പറയാൻ നിങ്ങൾക്കെന്താണ് അവകാശം... ഇതെന്റെ അമ്മയുടെ വീടാണ്... അവിടെ കയറി വരാൻ നിങ്ങളുടെ അവകാശം എനിക്ക് വേണ്ട... "
"പ്ഫാ നായിന്റെ മോളേ... എന്നോട് തർക്കുത്തരം പറയുന്നോ... "
നീലകണ്ഠൻ അവളുടെ മുഖംനോക്കിയൊന്ന് കൊടുത്തു.... എന്നാൽ രഘുത്തമൻ അവളെ പിടിച്ചു മാറ്റിയതുകൊണ്ട് അടി അവളുടെ മുഖത്തുകൊണ്ടില്ല...
"തൊട്ടുപോകരുത് അവളെ... അവളെ തല്ലാൻ എന്തു യോഗ്യതയാണ് നിങ്ങൾക്കുള്ളത്... നിങ്ങളുടെ ചിലവിലല്ലല്ലോ അവൾ ജീവിക്കുന്നത്.... "
"ഓഹോ... അപ്പോൾ ആങ്ങളയും പെങ്ങളും എന്നെ എതിർക്കാനാണോ ഉദ്ദേശം... ഇവളെ ജനിപ്പിച്ചത് ഞാനാണെങ്കിൽ ഇവളെ നിലക്കു നിർത്താനും എനിക്കറിയാം... "
"ഹും ജനിപ്പിച്ചവൻ... അതുമാത്രമല്ലേ നിങ്ങളെക്കൊണ്ടു അവൾക്കുണ്ടായ ഏക ഉപകാരം... ജനിപ്പിച്ചവനാണത്രേ... അത് പറയാനുള്ള യോഗ്യതയെന്താണ് നിങ്ങൾക്കുള്ളത്... ജനിപ്പിച്ചതുകൊണ്ട് തന്തയാകില്ല... അതിന് അല്പം സ്നേഹവും പരിചരണവും അവൾക്കുവേണ്ടത് എന്താണെന്നുവച്ചാൽ അതും ചെയ്തു കൊടുക്കണം... ഒരു തന്തയുടെ കടമയും നിറവേറ്റണം... ഇതൊന്നുമില്ലാതെ അധികാരവും പറഞ്ഞ് അവൾക്കു നേരെ വന്നാലുണ്ടല്ലോ.. ബാക്കിയുള്ളവർ കണ്ടുനിന്നെന്നുവരില്ല... പിന്നെ അവളെ ഞാനാണ് കോലോത്തേക്ക് കൊണ്ടുപോയത്... ഇനിയും കൊണ്ടുപോകും... അത് കൈവശപ്പെടുത്താൻ കഴിയാത്ത ദേഷ്യം ഞങ്ങളോട് തീർത്താലുണ്ടല്ലോ... നേരത്തെ പറഞ്ഞ ജനിപ്പിച്ചവൻ എന്ന പരിഗണന ഞങ്ങളങ്ങ് മറക്കും... ആദ്യം ഈ വീട്ടിൽ നിന്നും ഇറങ്ങേണ്ട വരുക നിങ്ങളും മൂത്തമകനുമായിരിക്കും... കാരണം അമ്മമരിക്കുവയന്നതിനുമുമ്പ് ഈ വീടും പറമ്പും എഴുതി വച്ചത് ഇവളുടെ പേരിലാണ്... മേക്കാട്ടെ പറമ്പ് എന്റെ പേരിലും... ബാക്കിയുള്ളതുമാത്രമാണ് ഏട്ടന്റെ പേരിലുള്ളത്... അതുകൊണ്ട് നല്ലരീതിയിൽ ജീവിക്കാമെങ്കിൽ നിങ്ങൾക്ക് ഇവിടെ ജീവിക്കാം... "
നീലകണ്ഠന്റെ തലയിൽ ഇടിത്തീ വീണതുപോലെയായിരുന്നും രഘുത്തമൻ പറഞ്ഞ വാക്കുകൾ... അങ്ങനെയൊരു നീക്കം നടന്നത് ഇവനെങ്ങനെ അറിഞ്ഞു... അയാൾക്കത് വിശ്വസിക്കാനാവുന്നതിലുമപ്പുറത്തായിരുന്നു.. നീലിമയും എല്ലാം കേട്ട് അന്തംവിട്ടു നിൽക്കുകയായിരുന്നു...
"നിങ്ങൾ എന്തു കരുതി... എല്ലാം നിങ്ങളുടെ അണ്ണാക്കിക്കിലേക്ക് കുത്തിത്തികിയിട്ടാണ് അമ്മ പോയതെന്നോ... എന്റെ അമ്മ എല്ലാം മുൻകൂട്ടി കണ്ടിരുന്നു.... നിങ്ങളുടെ കയ്യിൽ ഈ സ്വത്തെല്ലാം കിട്ടിയാൽ ഞാനും ഇവളും വഴിയാധാരമായി മാറുമെന്ന് അമ്മ മനസ്സിലാക്കിയിരുന്നു... അതുകൊണ്ടാണ് നിങ്ങളറിയാതെ അമ്മ എല്ലാം മുൻകൂട്ടി ചെയ്തത്... "
ഓഹോ അപ്പോൾ അതറിഞ്ഞതുകൊണ്ടുള്ള നെഗളിപ്പാണല്ലേ... എന്നാലതു വേണ്ട... നീലകണ്ഠനെ നിങ്ങൾക്ക് ശെരിക്കുമറിയില്ല... എഴുതിയത് മാറ്റിയെഴുതാൻ എനിക്ക് അധികം താമസമൊന്നും വേണ്ട... "
"നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല... കാരണം.. ഇത് നിങ്ങളുടെ സ്വത്തല്ല... നല്ലരീതിയിൽ നിങ്ങൾക്ക് ജീവിക്കാമെങ്കിൽ നിങ്ങൾക്കിവിടെ ജീവിക്കാം... അതല്ലാ ഇനിയും പഴയപോലെ നടക്കാനാണ് ഭാവമെങ്കിൽ അത് ഈ വീടിന് പുറത്തിറങ്ങിയതിനു ശേഷം മതി... "
ആ സമയത്താണ് പടിപ്പുര കടന്ന് ഒരാൾ വരുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടത്... അയാൾ നീലകണ്ഠന്റെ അടുത്തേക്ക് വന്നു...
"ആരാണ്... മനസ്സിലായില്ലല്ലോ... ആരെ കാണാൻ വന്നതാണ്..."
"പഴയ പാലക്കൽ കോവിലകത്തെ മുതിർന്ന കാരണവരായ നിങ്ങളെത്തന്നെ കാണാൻ വന്നതാണ്.... "
"എന്നേയോ... എന്തിന്... അതിന് നമ്മൾ തമ്മിൽ ഒരു മുൻപരിചയവുമില്ലല്ലോ... "
"എന്നെ നിങ്ങൾക്ക് പരിചയമുണ്ടാവില്ല.... പക്ഷേ മറ്റൊരാളെ നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാകും...
മേലെപ്പാട്ട് സുമതിയെ... "
സുമതിയെന്ന പേര് കേട്ടതും അയാൾ ആകെ അസ്വസ്ഥനായി...
"ആ സുമതിയുടെ മകനാണ് ഞാൻ... ജനിപ്പിച്ച തന്തയെ ഒന്നു കാണാൻ വന്നതാണ്... "
എന്നാലപ്പോൾ ഞെട്ടിയത് നീലകണ്ഠൻ മാത്രമല്ല രഘുത്തമനും നീലിമയും വാതിൽക്കൽ എല്ലാം കേട്ടുനിന്ന പ്രമീളയുമായിരുന്നു....
തുടരും......
✍️ Rajesh Raju
➖➖➖➖➖➖➖➖➖➖➖