"താനീ പറയുന്നതൊക്കെ സത്യമാണോ ഡോ...?"
കേട്ട വാർത്ത നൽകിയ സന്തോഷത്തിൽ വിടർന്ന മുഖത്തോടെ അംബിക ദാമുവിനോട് ചോദിച്ചു...
"സത്യമാ മാഡം ... ഞാൻ കണ്ടതാ... ഭാനുക്കുഞ്ഞ് ആ ചെറുക്കനോട് സംസാരിക്കുന്നത്... ചിരിച്ചും കളിച്ചുമൊക്കെയായിരുന്നു രണ്ടിന്റേം നിൽപ്പ്..."
"മ്മ്.. അവനെവിടുത്തെയാണെന്നാ പറഞ്ഞേ?"
"അതാ വല്യകോലോത്തെയാ... ആ ജയദേവൻ വക്കീലിന്റെ മൂത്തത്.. പുറത്തെവിടെങ്ങാണ്ടാ പഠിക്കണത്... ഇവിടുത്തെ സാറിന്റെ വല്യ ചങ്ങായിയാരുന്നു ആ ജയദേവൻ വക്കീല്.. പിന്നെപ്പൊഴോ എന്തോ കേസിന്റെ കാര്യത്തില് രണ്ടാളും ഒടക്കീന്നാ ഞാൻ കേട്ടിട്ടുള്ളത്.. "
അത് കൂടി കേട്ടതോടെ അംബികയുടെ മുഖം ഒന്ന് കൂടി പ്രകാശിച്ചു.. കണ്ണുകൾ വന്യമായി തിളങ്ങി...
"മ്മ്... ഞാൻ പറയുമ്പോ കണ്ടതൊക്കെ തന്റെ സാറിനോട് പറയണം.. കൊറച്ച് കൂട്ടിപ്പറഞ്ഞാലും വേണ്ടില്ല...ഇപ്പൊ പൊയ്ക്കോളാ "
"അത്.. മാഡം.. മോൾക്കൊരു ആലോചന ഒത്ത് വന്നിട്ടുണ്ട്... ഒടനെ നടത്തണോന്നാ ചെക്കൻ കൂട്ടര് പറയണേ..."
മുഖം താഴ്ത്തിയൊരു വളിച്ച ചിരിയോടെ തല ചൊറിഞ്ഞു കൊണ്ട് ദാമു ചെയ്തതിനുള്ള പ്രതിഫലം വ്യക്തമാക്കി...
"മ്മ്...നാളെ തരാം.. താൻ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കോളാ.."
പറഞ്ഞിട്ട് അംബിക അകത്തേക്ക് കയറിപ്പോയി...
അത്രയും നേരം വിനയാന്വിതനായി നിന്ന ദാമുവിന്റെ മട്ട് മാറി... അയാളുടെ മുഖത്ത് കുടിലമായൊരു ചിരി തെളിഞ്ഞു...
"നിന്നെ എത്രയും പെട്ടെന്ന് ഈ വീട്ടീന്ന് പുറത്താക്കണ്ടത് എന്റെ കൂടി ആവശ്യമാണ് ഭാനു... അതിന് വേണ്ടതൊക്കെ ഞാൻ ചെയ്തിരിക്കും "
ആത്മഗതമെന്നോണം പറഞ്ഞിട്ട് പുച്ഛത്തോടെ ചിരിച്ച് അയാൾ പുറത്തേക്ക് പോയി....
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
ഓടിപ്പിടിച്ച് ക്ലാസ്സിലെത്തുമ്പോഴേക്കും ഭാനു കിതച്ചു പോയിരുന്നു... ഭാഗ്യത്തിന് ക്ലാസ്സിൽ ടീച്ചർ എത്തിയിരുന്നില്ല.... അവൾ വേഗം ചെന്ന് തന്റെ സീറ്റിലിരുന്നു... ധൃതിയിൽ ബാഗിൽ നിന്നും വെള്ളത്തിന്റെ കുപ്പിയെടുത്ത് അല്പം കുടിച്ചു....
"ഹായ് മിസ് ഭാനുപ്രിയ.. ഇന്നും നന്നായി ഓടിയ ലക്ഷണമുണ്ടല്ലോ.... "
തൊട്ടടുത്തിരുന്ന പെൺകുട്ടി അവളെ നോക്കി കളിയോടെ ചിരിച്ചു..ഇടമ്പല്ല് കാട്ടി നല്ല അസ്സൽ കോമാളിച്ചിരി....
വെള്ളത്തിന്റെ കുപ്പി അടച്ചു ബാഗിൽ വച്ചിട്ട് ഭാനു ഒന്ന് നേരെ ചൊവ്വേ ശ്വാസമെടുത്തു...
"ഉവ്വല്ലോ ന്റെ കാന്താരി... നിനക്ക് ജോഗിങ്.. എനിക്കീ ഓട്ടം.. രണ്ടിനും റിസൾട്ട് സെയിമല്ലേ..."
ഭാനുവും തിരികെ കളി പറഞ്ഞു...
"അതിനാര് ജോഗിങ് ചെയ്യുണു... അതേട്ടൻ വരുമ്പോ മൂപ്പരെ പറ്റിക്കാൻ വേഷോം കെട്ടി ഇറങ്ങണതല്ലേ... പകുതി പോലും എത്തില്ല.. അതിന് മുമ്പെ ഞാൻ തിരിച്ചോടും... അങ്ങേർക്ക് മുടിഞ്ഞ സ്റ്റാമിനയാടീ... നമ്മളെക്കൊണ്ടാവൂലേ.."
"ഉവ്വ... എനിക്കറിയാലോ... വെറുതെയല്ല ഇങ്ങനെ ഉരുണ്ടുരുണ്ട് വരണേ.. മേലനങ്ങി പണി ചെയ്യണം മോളെ... അപ്പൊ പിന്നെ ഒരു ജോഗിങ്ങും വേണ്ട എന്റെ ശരണ്യക്കൊച്ചേ ..."
ഭാനു അവളെ നന്നായിട്ടൊന്നാക്കി...
"യൂ ടൂ ബ്രൂട്ടസി... മനപ്പൂർവ്വമല്ലല്ലോ.. വേണംന്ന് വച്ചിട്ടല്ലേ..ഉരുണ്ടിട്ടാണെങ്കിലെ ഞാൻ സഹിച്ച്.... എനിക്കെങ്ങും വയ്യ നിന്നെപ്പോലെ രാപ്പകല് കിടന്നിങ്ങനെ കഷ്ടപ്പെടാൻ.. ഞാനാണെങ്കി പണ്ടേക്ക് പണ്ടേ വല്യച്ഛനോട് പറഞ്ഞാ തള്ളയെ ചവിട്ടി പുറത്താക്കിയേനെ..."
"പറയാനെളുപ്പമാ ടീ.... പക്ഷേ ജീവിതം വേറെയാണ്... പലപ്പോഴും കടപ്പാടുകൾ നമ്മളെ നിസ്സഹായരാക്കും... ഒരു കുടുംബം തകരാൻ എളുപ്പമാ.. അത് കെട്ടിപ്പടുത്ത് നിലനിർത്തിക്കൊണ്ട് പോകാൻ ഒരുപാട് ബുദ്ധിമുട്ടാ.. "
ഭാനുവിന്റെ മുഖം മങ്ങുന്നത് കണ്ടതും അങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ലെന്ന് ശരണ്യക്ക് തോന്നി... ഉടനെ എന്തോ ഓർത്ത് അവളുടെ ചുണ്ടിലൊരു ലുട്ടാപ്പിച്ചിരി വിരിഞ്ഞു...
അവൾ ഭാനുവിന്റെ കയ്യിൽ തോണ്ടാൻ തുടങ്ങി.. ഭാനു തല ചെരിച്ച് നോക്കി....
"ന്താ?"
"എന്റെ ഏട്ടൻ വന്നിട്ടുണ്ട്.. നിന്നെ അന്വേഷിച്ചായിരുന്നു.."
ഒരു നാണത്തോടെ ശരണ്യ പറഞ്ഞു...
"കണ്ടല്ലോ.. രാവിലെ ബസ് സ്റ്റോപ്പിലേക്ക് ഓടുമ്പോ ചാലിന്റെ അടുത്ത് നിൽപ്പുണ്ടായിരുന്നു...."
"ഏഹ്!! കണ്ടോ.. എന്നിട്ട്.. എന്നിട്ടെന്തു പറഞ്ഞു...?"
"എന്ത് പറയാൻ... ഒന്നുമില്ല... ഞാനെന്തോ ചോദിച്ചു.. ശ്യാമേട്ടൻ മറുപടി തന്നു... ബസ് വന്നപ്പോ ഞാൻ പോരേം ചെയ്തു..."
"ശ്ശേ... ഈ ഏട്ടനെക്കൊണ്ട്... വക്കീലിന്റെ നാക്കൊന്നും അല്ലെങ്കിലും ഈ കാര്യത്തിലില്ലല്ലോ "
ശരണ്യ ആത്മാഗതം പറഞ്ഞു...
"ന്താ?"
ശരണ്യയുടെ അടക്കം പറച്ചിൽ കേട്ട് ഭാനു മുഖം ചുളിച്ചു....
ശരണ്യ ചൂണ്ടുവിരൽ കവിളിൽ കുത്തി എന്തോ ആലോചിച്ചു....
"അതേ... നാത്തൂനേ... ഞാനേട്ടനോട് പറയട്ടെ എൽ. എൽ. ബി കഴിഞ്ഞ് ജോലിയിൽ കയറുമ്പോ നിന്നെ ഞങ്ങടെ വീട്ടിലേക്ക് കൂട്ടാൻ... എന്റെ അമ്മയ്ക്കും നിന്നെ വല്യ ഇഷ്ടാ... നിനക്കറിയാലോ അത്... പിന്നച്ഛൻ... അതപ്പോ നോക്കാം.."
പഞ്ചാരച്ചിരിയോടെ ശരണ്യ പറഞ്ഞത് കേട്ട് ഭാനുവിന്റെ മുഖം ഇരുണ്ടു...
"ടീ..നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇമ്മാതിരി വർത്താനം എന്നോട് പറയരുതെന്ന്...ഇത് കുട്ടിക്കളിയല്ല പെണ്ണേ ...ഇങ്ങനൊരു കാര്യം എന്റെ മനസ്സിലോ ചിന്തയിലോ ഇല്ല.....ശ്യാമേട്ടനെപ്പറ്റി അങ്ങനെയൊന്ന് ചിന്തിക്കാൻ കൂടി എനിക്കാവില്ല...നിന്റെ പൊട്ട ബുദ്ധിക്ക് തോന്നണതൊക്കെ വിളിച്ചു പറഞ്ഞിട്ട് ആരെങ്കിലും കേട്ടാ നിന്റേട്ടനാ ദോഷം... പഠിച്ചു വലിയ വക്കീലാകാനുള്ള ആളാ... ഒരു അടുക്കളക്കാരിപ്പെണ്ണിന്റെ പേരിന്റെ കൂടെ ആ പേര് വെറുതെ ഒന്ന് പറഞ്ഞാ കൂടെ അത് നിന്റെ ഏട്ടന്റെ ഭാവിയെ ബാധിക്കും...നിന്നോടുള്ള ഫ്രണ്ട്ഷിപ്പ് പോലും പാടില്ലാത്തതാണ്... ഇനിയിത് പറഞ്ഞാ ഞാനീ ഫ്രണ്ട്ഷിപ്പ് വേണ്ടാന്ന് വയ്ക്കും.. നോക്കിക്കോ..."
ഭാനു കലിപ്പിലായി...
"പിന്നേ.. പേടിപ്പിക്ക്യാ.."
ശരണ്യ മസില് പിടിച്ചു ഗമയിൽ ചോദിച്ചു...
"ആ.. അതേ.."
ഭാനു ഗൗരവം വിടാതെ പറഞ്ഞു....
രക്ഷയില്ലെന്ന് മനസ്സിലായപ്പോൾ ശരണ്യ മസില് വിട്ടു...
"ഈ ഫ്രണ്ട്ഷിപ്പെങ്ങാനും നീ ബ്രേക്ക് ചെയ്താ..."
ശരണ്യ ശൗര്യത്തോടെ ഭാനുവിന് നേർക്ക് വിരൽ ചൂണ്ടി...
"ചെയ്താ? "
ഭാനുവും ടെറർ ലുക്കിട്ടു...
"ചെയ്യല്ലേ.. പ്ലീസ്.. ഞാനിനി പറയില്ല... നല്ല ഭാനുവല്ലേ.. എന്നെ സഹിക്കാൻ നിന്നെക്കൊണ്ടേ പറ്റൂ.. പ്ലീസ്.. ഭാനു.. പ്ലീസ്..."
ശരണ്യ പൂച്ചയായി...
"മ്മ്.. ശരി... പാവല്ലേ വിചാരിച്ചിട്ടാ..."
ഒരു കള്ളച്ചിരിയോടെ ഭാനു പറഞ്ഞു...
"ഓഹ്.. എന്റെ ചക്കര ഭാനു..."
സോപ്പ് നന്നായി പതപ്പിച്ചുകൊണ്ട് ശരണ്യ അവളെ കെട്ടിപ്പിടിച്ചിറുക്കി....
അപ്പോഴേക്കും ക്ലാസ്സിലേക്ക് ടീച്ചർ കയറി വന്നിരുന്നു....
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
ദിവസങ്ങളും മാസങ്ങളും ഓടിയകന്നു.. ഭാനുവിന്റെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെയുണ്ടായില്ല... ദിനചര്യയിലും...
ഇടയ്ക്കു വന്നു പോയ ഓണത്തിനും ക്രിസ്മസിനുമൊക്കെ പരീക്ഷച്ചൂടിനിടയിൽ ജോലിഭാരം കൂടിയെന്നല്ലാതെ അവളെ ആഘോഷങ്ങളൊന്നും തന്നെ സ്പർശിച്ചില്ല ....
ക്രിസ്മസിന് സന്ദീപിന്റെ കുറച്ച് കൂട്ടുകാർ വന്നത് കൊണ്ട് നേരാം വണ്ണം ഒന്ന് പുറത്തിറങ്ങി നടക്കാൻ പോലും അവൾക്ക് പറ്റിയില്ല....മുൻപൊരിക്കൽ ഇത് പോലെ വന്ന സന്ദീപിന്റെ ഒരു കൂട്ടുകാരൻ അവളെ പിടിച്ചു നിർത്തി സംസാരിച്ചതിന് അംബിക ഉണ്ടാക്കാനുള്ള പുകിലൊന്നുമിനി ബാക്കിയില്ല...വീണ്ടുമത് ആവർത്തിക്കാതിരിക്കാൻ അടുക്കളയും മുറിയുമായി പാവം ഭാനു കഴിച്ചു കൂട്ടി...സന്ദീപിന്റെ മുറിയിലെപ്പോഴും കള്ള് സഭ നടക്കാറുള്ളത് കൊണ്ട് ഒച്ചയും ബഹളവുമൊക്കെയായി പഠിക്കാൻ പോലും ഭാനു പാട് പെട്ടു...
ഫെബ്രുവരിയിൽ അവൾക്ക് പതിനെട്ടു വയസ്സ് തികഞ്ഞു... അവളെയും കൊണ്ട് ഭവാനി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു.. അതല്ലാതെ അവൾക്കെന്ത് പിറന്നാളാഘോഷം... ചെറുപ്പത്തിലൊക്കെ സന്ദീപിന്റെയും സന്ധ്യയുടെയും പിറന്നാൾ ഗംഭീരമായി ആഘോഷിക്കുമ്പോൾ അത് നോക്കി കൊതിയോടെ നിന്നിരുന്നൊരു ബാല്യമുണ്ട് ഭാനുവിന്... മനസ്സ് കല്ലാക്കി വളർന്നു വന്നപ്പോൾ ഉപേക്ഷിച്ച മോഹങ്ങളുടെ കൂട്ടത്തിൽ അവയും പെട്ടു പോയി.....
പക്ഷേ ഇത്തവണ ഒരു വ്യത്യാസമുണ്ടായിരുന്നു അവളുടെ പിറന്നാളിന്... ഗൂഢലക്ഷ്യങ്ങളുമായി അവളുടെ ഈ പിറന്നാൾ കാത്തിരുന്ന അംബിക അവൾക്കായി ഒരു ചക്രവ്യൂഹം ഒരുക്കാനുള്ള പദ്ധതികളിലായിരുന്നു... ആ ചക്രവ്യൂഹത്തിൽ പെട്ട് ശ്വാസമില്ലാതെ പിടയാൻ അവൾക്കൊരു വിധി കാത്ത് കിടന്നിരുന്നു...
അവളുടെ വിധി രചിച്ചു കഴിഞ്ഞ കാലത്തിന്റെ മായ്ക്കാനാകാത്ത നിർണയങ്ങളിലൊന്ന്....
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
ശരീരത്തെ ക്ഷീണിപ്പിച്ച ജോലികൾക്കിടയിലും തോറ്റു കൊടുക്കാൻ കഴിയാത്ത കരളുറപ്പുള്ള ഭാനു ഫെബ്രുവരിയിലെ മോഡൽ എക്സാമും മാർച്ചിലെ ബോർഡ് എക്സാമും നിശ്ചയദാർഢ്യത്തോടെ പഠിച്ചു നന്നായി തന്നെയെഴുതി.... അവൾക്കറിയാമായിരുന്നു...തന്റെയും അമ്മയുടെയും നല്ല ഭാവിയുടെ താക്കോലാണ് ആ പരീക്ഷാവിജയമെന്ന്....
മാർച്ചിലെ അവസാന ദിവസ പരീക്ഷ കഴിഞ്ഞ് ശരണ്യക്കൊപ്പം ബസ്സിറങ്ങി നടന്നു വരികയാണ് ഭാനു....അവൾ അത്യധികം സന്തോഷവതിയാണിന്ന്... പ്രയത്നത്തിനുള്ള സമ്മാനമവൾക്ക് പരീക്ഷകൾ എളുപ്പമായതിലൂടെ ലഭിച്ചു കഴിഞ്ഞിരിക്കുന്നു...
നടന്നു കുറച്ചെത്തിയപ്പോഴാണ് തങ്ങളെ കാത്ത് നിൽക്കുന്ന ശ്യാമിനെ ശരണ്യയും ഭാനുവും കാണുന്നത്... പതിവ് പോലൊരു ചെറുപുഞ്ചിരിയുണ്ട് അവന്റെ മുഖത്ത്....
"ഏട്ടാ..."
ശ്യാമിനെ കണ്ടതും ശരണ്യ ഓടിപ്പോയി അവനെ കെട്ടിപ്പിടിച്ചു... അവൻ വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചിട്ട് തലയിലൊന്ന് കൊട്ടി..
"ആ "
അവൾ തലയുഴിഞ്ഞു.. ഭാനു ഒരു ചിരിയോടെയത് നോക്കി നിന്നു.. ഒരു നിമിഷം സന്ദീപിനെ ഓർത്തവളുടെ മനസ്സൊന്നു വിങ്ങി....എങ്കിലും മുഖത്തെ ചിരിയവൾ മായാതെ നിലനിർത്തി....
"എക്സാം എങ്ങനെയുണ്ടായിരുന്നു?"
ശ്യാം രണ്ട് പേരോടുമായി ചോദിച്ചു... പക്ഷേ ഉത്തരം പറഞ്ഞത് ശരണ്യയാണ്..
"ഓഹ്.. ഭാനുവിനോട് ചോദിക്കണ്ട ഏട്ടാ... റാങ്ക് വാങ്ങാൻ കച്ച കെട്ടിയറിങ്ങിയിരിക്യാ അവള്.. അതും കൊണ്ടേ അവള് പോകൂ..."
ശരണ്യ പറഞ്ഞു...
"അതെനിക്കുമറിയാം.. ഞാൻ നിന്നോടാ ചോദിച്ചത്..."
ശ്യാം പറഞ്ഞപ്പോൾ ശരണ്യയൊന്ന് ചമ്മി...
"ആ.. അത്.. അത് പിന്നെ.. റിസൾട്ട് വരുമ്പോ അറിഞ്ഞാ പോരെ ഏട്ടാ.... ഇപ്പോഴേ എന്തിനാ ആവശ്യമില്ലാതെ ടെൻഷനടിക്കുന്നത്.. Silly boy..."
അവന്റെ തോളിലൊന്ന് തട്ടി ശരണ്യ ലാഘവത്തോടെ പറഞ്ഞു..
"മ്മ്.. അപ്പൊ എസ്. എസ്. എൽ. സി പോലെ തന്നെ... വല്യ പ്രതീക്ഷയൊന്നും വേണ്ടെന്നർത്ഥം.. ല്ലേ.."
"ഏറെക്കുറെ.."
ഇടങ്കണ്ണിട്ട് ശ്യാമിനെ നോക്കിയിട്ട് ശരണ്യ മണ്ണിൽ കാല് കൊണ്ട് കളം വരച്ചു...
"എന്നാ പിന്നെ നീ വിട്ടോ.. എനിക്ക് ഭാനുവിനോട് സംസാരിക്കാനുണ്ട്.."
ശ്യാം ഭാനുവിനെ ഒന്ന് നോക്കിയിട്ട് ശരണ്യയെ പറഞ്ഞു വിട്ടു... തല കുലുക്കി പോകുന്നതിനു മുൻപ് ഭാനുവിനെ നോക്കി അവളൊന്ന് ചിരിച്ചു.. ഒരു ലുട്ടാപ്പിച്ചിരി.. ഭാനു കണ്ണുരുട്ടിയപ്പോൾ അവൾ വേഗം നല്ല കുട്ടിയായി നടന്നകന്നു....
"എന്താ ശ്യാമേട്ടാ പറയാനുണ്ടെന്ന് പറഞ്ഞത്? എനിക്ക് പോകാൻ തിരക്കുണ്ടായിരുന്നു...."
കുറച്ച് കഴിഞ്ഞിട്ടും ഒന്നും പറയാതെ തപ്പിത്തടയുന്ന ശ്യാമിനെ കണ്ട് ഭാനു ചോദിച്ചു...
ശ്യാം ദീർഘമായൊന്ന് ശ്വസിച്ചു...
"ഭാനു... അത്.. എങ്ങനെ പറയണംന്ന് അറിയണില്ല.. ഒരു.. ഒരു സ്റ്റാർട്ടിങ് ട്രബിൾ..."
ശ്യാം വാക്കുകൾക്കായി പരതി...
ഭാനു ഒന്ന് നെടുവീർപ്പിട്ടു...
"ശ്യാമേട്ടന് പറയാനുള്ളത് എന്താണെന്ന് എനിക്ക് മനസ്സിലായി... അത് വേണ്ട ശ്യാമേട്ടാ... അങ്ങനൊരു ചിന്ത ഇപ്പൊ തന്നെ ശ്യാമേട്ടൻ മനസ്സിൽ നിന്നും എടുത്തു കളയണം... നല്ലൊരു മനസ്സുണ്ട് നിങ്ങൾക്ക്... പഠിച്ചു വലിയ നിലയിലെത്താനുള്ള കഴിവുമുണ്ട്... എനിക്കിഷ്ടമാ ശ്യാമേട്ടനെ.. എന്റെ ശരണ്യക്കൊച്ചിന്റെ ഏട്ടനായിട്ട്...ഒരു സഹോദരനായിട്ട്.. അതിനപ്പുറം എന്റെ മനസ്സിൽ ഒന്നുമില്ല.. ഉണ്ടാവുകയുമില്ല...അവളോടും ഞാനിത് പറഞ്ഞിട്ടുണ്ട്...
എനിക്ക് പഠിച്ചൊരു ജോലി വാങ്ങണം.. എന്റെ അമ്മയ്ക്ക് വയറു കായാതെ ഭക്ഷണം കഴിക്കാനുള്ള വകയുണ്ടാക്കണം... കീറിപ്പറിയാത്ത ഒരു വസ്ത്രമെങ്കിലും വാങ്ങിക്കൊടുക്കണം... മരുന്ന് പിശുക്കാതെ സമയത്തിന് കഴിപ്പിക്കാൻ പറ്റണം... ഇതൊക്കെയാണെന്റെ ലക്ഷ്യങ്ങൾ... നടക്കുമോന്ന് അറിയാത്ത എന്റെ കൊച്ചു കൊച്ചു മോഹങ്ങൾ... പക്ഷേ അതിന് വേണ്ടി എത്ര വേണമെങ്കിലും ഞാൻ കഷ്ടപ്പെടാൻ തയ്യാറാണ്... മരിക്കേണ്ടി വന്നാലും ഈ ഭാനു തോറ്റു കൊടുക്കില്ല...
ഇനിയീ കാര്യം ശ്യാമേട്ടൻ എന്നോട് പറയരുത്.... ഇതിവിടെ തീർന്നു... പോട്ടെ.. അമ്മ കാത്തിരിക്കുന്നുണ്ടാകും... വല്യമ്മയും.."
ശ്യാമിന് ഒന്നും പറയാനുണ്ടായിരുന്നില്ല.. അവളൊരു ചിരിയോടെ പറയുമ്പോഴും കൺകോണിൽ അവളൊളിപ്പിച്ച മിഴിനീർക്കണം അവൻ കണ്ടിരുന്നു... ധൃതിയിൽ നടന്നകലുന്ന ആ ചെറിയ പെൺകുട്ടിയെ കണ്ട് അവന് അദ്‌ഭുതം തോന്നി... ബഹുമാനവും.. എന്തിനെയും ഏതിനെയും നിസ്സാരമായി കാണുന്ന തന്റെ അനുജത്തിയുടെ പ്രായം മാത്രമുള്ള ആ പെൺകുട്ടിയുടെ പക്വതയും നിശ്ചയദാർഢ്യവും അവനെ ആശ്ചര്യപ്പെടുത്തി....
തന്റെ ബൈക്കിൽ കയറി അവൾക്കെതിർവശത്തേക്ക് ഓടിച്ചു പോകുമ്പോൾ ശ്യാം ഒരു തീരുമാനമെടുത്തിരുന്നു... മനസ്സിൽ തോന്നിയൊരു ഇഷ്ടത്തിനെ കുറിച്ച് സംസാരിക്കാൻ ഒരിക്കലുമവളുടെ മുൻപിൽ ചെല്ലില്ലെന്ന്...മനസ്സിൽ ഭാനുവെന്ന അദ്ധ്യായം അടയ്ക്കുമ്പോൾ ശ്യാമറിഞ്ഞിരുന്നില്ല കാലം വീണ്ടുമവനെ അവൾക്ക് മുൻപിലെത്തിക്കുമെന്ന്...
വീട്ടിലേക്ക് ധൃതിയിൽ നടന്നടുക്കുമ്പോൾ ഭാനുവും അറിഞ്ഞിരുന്നില്ല അവളെ കാത്തിരിക്കുന്നത് അവളുടെ ലക്ഷ്യങ്ങളെ ചവിട്ടി മെതിക്കാൻ പോന്ന സംഭവവികാസങ്ങളാണെന്ന്....
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️