Aksharathalukal

ഘാതകൻ\'-കെ ആർ മീര ഒരു ആസ്വാദനം

\'ഘാതകൻ\'-കെ ആർ മീര ഒരു ആസ്വാദനം
*************************
\"അന്വേഷണത്തിന് പ്രേരിപ്പിക്കാത്ത ഒരനുഭവവും ആത്മാവിനെ പ്രചോദിപ്പിക്കില്ല.\"

ഒരാഴ്ചയോളം നിർത്താതെ പെയ്ത മഴക്ക് നന്ദി പറഞ്ഞു കൊണ്ട് വേണം ഈ ആസ്വാദന കുറിപ്പ് തുടങ്ങാൻ, അതുകൊണ്ടാണല്ലോ 590 പേജുകളുള്ള \'ഘാതകൻ\' 3 ദിവസം കൊണ്ട് വായിച്ചു തീർക്കാനായത്. ഒരു ചെറു ചാറ്റൽ മഴ പോലെ നമ്മളെ നനയിച്ചു അവസാനം പേമാരി പോലെ നമ്മളിൽ ആഞ്ഞടിക്കുന്ന തരത്തിലുള്ള ഒരു അനുഭൂതിയുളവാക്കുന്ന  നോവലാണ് കെ ആർ മീരയുടെ \'ഘാതകൻ\'. ഒട്ടും ഒളിമറകളില്ലാതെ പച്ചയായ ജീവിതത്തെ എഴുതാനുള്ള മീരയുടെ കഴിവ് ഒരിക്കൽ കൂടി അടിവരയിട്ട് തെളിയിക്കുന്ന ഒന്നാണ് ഈ നോവൽ.

മധ്യവയസ്കയും അവിവാഹിതയുമായ  സത്യപ്രിയ, തനിക്കെതിരെ  നടക്കുന്ന വധശ്രമങ്ങളെ മുൻനിർത്തി അവളുടെ  ഘാതകനെത്തേടിയുള്ള  ഒരു കുറ്റാന്വേഷണയാത്രയാണ് ഈ നോവലെങ്കിലും,തിരിച്ചറിവുകളുടെയും അതിലുപരി ഓർമ്മപ്പെടുത്തലുകളുടെയും ഒരു പുസ്തകമാണ്. നമ്മളിപ്പോള്‍ ജീവിച്ചിരിക്കുന്ന ഈ കാലത്തെയാണ് കെ ആര്‍ മീര കഥയാക്കിയിരിക്കുന്നത്.  നമ്മളുടെ ജീവിതങ്ങളെ ഇപ്പോഴുള്ള രാഷ്ട്രീയസാഹചര്യം എങ്ങിനെയൊക്കെ ബാധിക്കുന്നുണ്ടെന്നുള്ളത് വ്യക്തമായി പറയാൻ ശ്രമിക്കുന്നുണ്ട്. 

 അവിശ്വനീയമാം വിധം സങ്കീര്‍ണ്ണമായ അനുഭവങ്ങളിലൂടെ കടന്നു പോകാന്‍ വിധിക്കപ്പെട്ട ഒരു ഇന്ത്യന്‍ സ്ത്രീയുടെ ജീവിതം പറയുന്നതിലൂടെ സമകാലിക ഇന്ത്യയെ എഴുതുന്നു.  ഇപ്പോഴുള്ള പുരുഷാധികാര രാഷ്ട്രീയത്തിന്റെ വിമര്‍ശനവും ചിത്രീകരണവും ആയിട്ടു കൂടി നോവലിനെ കാണേണ്ടതുണ്ട്. ഇതില്‍ മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണമായ അനുഭവതലങ്ങളുണ്ട്. സ്ത്രീയവസ്ഥയുടെ പച്ചയായ ആവിഷ്‌കാരമുണ്ട്. സമകാലിക ഇന്ത്യന്‍ സാമൂഹ്യവസ്ഥയുണ്ട്. ഇതിൽ കുറ്റാന്വേഷത്തിന്റെ ഉദ്വേഗ നിമിഷങ്ങളുണ്ട്. കുടുംബ ബന്ധങ്ങളുടെ വൈകാരികതയുണ്ട്.

 സ്വത്വസ്വാതത്ര്യത്തിന്റെയും സ്ത്രീ സമത്വത്തിന്റെയും ചിന്തകളുണ്ട്, രാഷ്ട്രീവിമര്ശനമുണ്ട്. അതിലൊക്കെ ഉപരി ഒരു സത്യാന്വേഷണത്തിന്റെ ത്വരയും ഉണ്ട്.ഗോഡ്‌സേയുടെ ചിന്തയും രാഷ്ട്രീയവും ഭരണാശയമായി മാറിക്കഴിഞ്ഞ ഇന്ത്യയില്‍ ജീവിക്കുന്ന മനുഷ്യരുടെ മഹാസങ്കടങ്ങളെ ഉള്ളുലയ്ക്കും വിധം  ഉള്ളടക്കിയിട്ടുണ്ടിതില്‍.ഇവയെ എല്ലാം സര്‍ഗാത്മകമായി ഇണക്കിച്ചേര്‍ത്ത ഗംഭീരമായ ആഖ്യാനമുണ്ട്. നിസ്വരായ ആ മനുഷ്യരുടെ അതിജീവനശ്രമങ്ങളുടെ നീറ്റലുകളെ അനുഭവിപ്പിക്കാന്‍പോന്ന  ഏറ്റവും ഉതകുന്ന ഒരു ആഖ്യാനരീതിയാണ് നോവലിന്റേത്.

താൻ എന്തിന് കൊല്ലപ്പെടണം ആരാണ് തൻ്റെ മരണമാഗ്രഹിക്കുന്നതെന്ന അന്വേഷണമാണ് ഈ കഥ.
സത്യപ്രിയയുടെ ഘാതകനെത്തേടിയുള്ള അന്വേഷണം അവരുടെ ജീവിതത്തിലേക്കുള്ള തിരിഞ്ഞ് നടത്തമാണ്.ഓരോ അധ്യായങ്ങളിലായി അവസരോചിതമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള അന്വേഷണത്തിൻ്റെ ഭാഗമായി പല പലസന്ദർഭങ്ങളിലായിട്ടാണ് കുട്ടിക്കാലം മുതലുള്ള ഓർമകൾ പങ്കുവെക്കുന്നത്.
എല്ലാ സമയത്തും സത്യപ്രിയയോടൊപ്പം സഞ്ചരിക്കാൻ വായനക്കാരന് കഴിയുന്നു എന്നുള്ളത് നോവലിസ്റ്റിന്റെ വിജയം തന്നെയാണ്.അവരുടെ ഉത്കണ്ഠകളും കണ്ടെത്തലുകളും നമ്മെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്.

മീരയുടെ മറ്റു നോവലുകളിലെന്ന പോലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് ഈ നോവലിലും. ഇതിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലും സംഭാഷണ ശൈലികളിലും നടപ്പുരീതികളിൽ നിന്നും വേറിട്ട് നിൽക്കുന്നു. ഈ വായനയിലെ ഏറ്റവും മനോഹരവും രസകരവും ആയിട്ടുള്ളവ കഥാനായികയും അമ്മയുമായുള്ള സംഭാഷണങ്ങളാണ്. ഏറ്റവും ആകർഷകമായി തോന്നിയത് കഥാനായികയുടെ അമ്മയുടെ കഥാപാത്രം ആണ്. എത്ര വലിയ സങ്കർഷത്തെയും സമചിത്തതയോടെ നേരിടുന്ന വളരെ ശക്തമായ ഒരു കഥാപാത്രമായിട്ടാണ് വസന്തയെ അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തം ഘാതകനെ നേരിൽ കാണുമ്പോൾ \'അനിയാ ഇന്നെങ്കിലും എന്തേലും നടക്കുമോ\' എന്നു ചോദിക്കാൻ പോലുമുള്ള ധൈര്യം കാണിച്ച സത്യയെ പോലും വെല്ലുന്ന ആത്മധൈര്യം ഉള്ള വ്യക്തിയായിട്ടാണ് വസന്തയെ കാണിച്ചിരിക്കുന്നത്.

2018 നോട്ടുനിരോധനത്തിൻ്റെ തൊട്ടടുത്ത ദിവസങ്ങളിൽ  ആണ് കഥ  നടക്കുന്നത്. അത് കൊണ്ട് തന്നെ നോട്ടുനിരോധനം ഏത് രൂപത്തിലാണ് വ്യക്തികളേയും സമൂഹത്തേയും രാജ്യത്തെയും ബാധിക്കുന്നത് എന്നത് ആദ്യാവസാനം കൃത്യമായി പറയുന്നുണ്ട്. അതേ പോലെ പുതിയ കാലത്തെ ഫാസിസ്റ്റ് അജണ്ടകൾ സമൂഹത്തിൽ എപ്രകാരമാണ് അടിച്ചേൽപ്പിക്കുന്നതെന്ന് പല കഥാപാത്രങ്ങളിലൂടെയായി വ്യക്തമാക്കുന്നുണ്ട്.
അതിലൂടെ മീര തൻ്റെ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം വളരെ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്.

പണത്തിനും അധികാരത്തിനും അധിഷ്ഠിതമായ  സ്നേഹത്തിന്റെ രാഷ്ട്രീയത്തെകുറിച്ചു ,ആർത്തി മൂത്തു മനുഷ്യൻ ചെയ്തു കൂട്ടുന്ന കൊള്ളരുതായ്കളെ കുറിച്ച്, സ്ത്രീകളിൽ നിന്ന് സമൂഹവും പുരുഷന്മാരും ആഗ്രഹിക്കുന്ന വിധേയത്വവും ഭയത്തെയും കുറിച്ച് , അത് ലഭിക്കാത്ത പക്ഷം അതവരിൽ സൃഷ്ടിക്കുന്ന അസ്വസ്‌ഥതകളെ കുറിച്ചെല്ലാം  മീര തുറന്നെഴുതുന്നു. പല തരത്തിലുള്ള മനുഷ്യരുടെ സ്വഭാവവൈരുധ്യങ്ങൾ , അവരെ , അവരുടെ പ്രവർത്തികളെ  സ്വാധീനിച്ച ഭൂതകാലങ്ങൾ  എന്നിങ്ങനെ അനായാസമായി   പരിശോധിക്കുന്നത് കഥയിൽ പലയിടത്തും  നമുക്ക് കാണാൻ കഴിയും . 
വായിക്കുന്ന ഭൂരിപക്ഷംപേർക്കും , പ്രത്യേകിച്ച് സ്ത്രീ ആസ്വാദകർക്കു അല്പം ഒന്ന് അറക്കാതെ, അല്പം ഒന്ന് പേടിക്കാതെ ഇത് വായിച്ചു തീർക്കാനാവും എന്ന് തോന്നുന്നില്ല . കാരണം ബന്ധങ്ങൾ എന്നോ, സ്നേഹമെന്നോ വെച്ച് അളന്നു തൂക്കാതെ മനുഷ്യനെ പച്ചയ്ക്കു തൊലി ഉരിഞ്ഞു നിർത്തി വളരെ നിക്പക്ഷമായി  ആയി വിലയിരുത്തുമ്പോൾ ചിലപ്പോഴെങ്കിലും ചില്ലു വിഗ്രഹങ്ങൾ ഉടയും . ചിലപ്പോൾ സ്വന്തമായി തന്നെ ഒന്ന് മരിച്ചു ജീവിക്കേണ്ടി  വരും .

ആണധികാരരാഷ്ട്രീയസംഘത്തിന്റെ ഓര്‍മ്മകള്‍ക്കിപ്പുറത്ത് വെച്ചാണ് , അവയെ പരസ്പരം ചേര്‍ത്ത് നിര്‍ത്തി ചോദ്യം ചെയ്യപ്പെടുമ്പോഴാണ് ഈ നോവല്‍ രാഷ്ട്രീയഗ്രന്ഥമാകുന്നത്. അച്ഛന്‍ മാത്രമല്ല, സ്വാമി മഹിപാല്‍ ഷാ ബാബ, പ്രഭുദേവ് മഹേശ്വരി എന്നിവരടക്കമുള്ള നോവലിലെ പിതൃരൂപങ്ങളെല്ലാം ഇങ്ങനൊരു രാഷ്ട്രീയത്തെ കാണിച്ച് തരുന്നതിനുള്ള ഉപകരണങ്ങളായി കൂടെയായി വിന്യസിക്കപ്പെട്ടിരിക്കുന്നു . ഈ നോവലിൽ കേന്ദ്രഭരണപക്ഷത്തിന്റെ ജനവിരോധമായിട്ടുള്ള എല്ലാ പ്രവർത്തനങ്ങളെയും വളരെ ശക്തമായ ഭാഷയിൽ വിമര്ശിക്കപെടുന്നുണ്ടെന്നു മാത്രമല്ല, ഇവരുടെ പ്രവൃത്തികളെയും അബദ്ധജല്പനങ്ങളെയും അന്ധമായി വിശ്വസിച്ചു, അതിനെ ന്യായീകരിക്കുന്ന, ആ പ്രത്യയ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർ വളരെ നിഷ്ടൂരമായി പരിഹസിക്കുപ്പെടുകയും ചെയ്യുന്നുണ്ട്. 

 ഓരോ അധ്യായം കഴിയുമ്പോഴും കഴിഞ്ഞതിലേതിനെക്കാള്‍ വലുതായി വളരുന്ന സത്യപ്രിയയുടെ അമ്മയും ഈ ആണുങ്ങളുടെ ഓപ്പസിറ്റ് എന്ന നിലയ്ക്ക് \'ഘാതകനെ\' സ്ത്രീരാഷ്ട്രീയ സൃഷ്ടിയായി മാറ്റുന്നു.

ഇത്രയേറെ ആശയങ്ങൾ അതിമനോഹരമായി അതും തീക്ഷ്ണമായ ഭാവത്തിൽ, സമനയിപ്പിച്ചുകൊണ്ടുള്ള ഒരു നോവൽ അടുത്തെങ്ങും ഇറങ്ങിയതായിട്ടു അറിവില്ല. മീരയുടെ തന്നെ വളരെയധികം വായിക്കപ്പെട്ടിട്ടുള്ള \'ആരാച്ചാർ\'നെക്കാളും  ഒരു പക്ഷേ ഭാവിയിൽ അറിയപ്പെടാനും ചരിത്രത്തിന്റെ ഭാഗമാകാനും പോകുന്നത് \' ഘാതകൻ\' ആവുമെന്ന് കരുതുന്നു.

ചങ്ങാതി
 6/07/22\'