Aksharathalukal

തളിരിട്ട കിനാക്കൾ

\" എന്താണ് നിനക്ക് വല്ല നിധിയും കിട്ട്യോ.. \"

പതിവിലും സന്തോഷത്തോടെ സ്കൂൾ വിട്ടു ചാടി തുള്ളി വരുന്ന മോളെ ഞാനൊന്നു ഇരുത്തി നോക്കി ചോദിച്ചു.

\" നിധിയോ... അതെന്താ.. \"

അവളുടെ മറുപടി കേട്ടപ്പോൾ ചോദിക്കേണ്ടിയിരുന്നില്ല എന്നായി. നിധി എന്താണെന്നു എക്സ്പ്ലൈന് ചെയ്തു കൊടുക്കുമ്പോൾ വരി വരിയായി അടുത്ത സംശയങ്ങൾ വരും.

\" ആ... അങ്ങനെയും ചില സാധനങ്ങൾ ഉണ്ട്.\"

തോളിൽ കിടന്ന ബാഗ് ഊരി സ്‌നാക്സിന്റെ പാത്രവും വെള്ളകുപ്പിയും എടുത്ത് അടുക്കളയിലേക്ക് നടന്നു. യൂണിഫോം ഊരി ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു അവളും പിന്നാലെ വന്നു.

നെയ്യും കൂട്ടി പൊരിച്ച ബ്രെഡും മുട്ടയും ചായയുമായി ടേബിളിൽ അവൾക്കടുത്തായി വന്നിരുന്നു. ഈ ചായ നേരത്താണ് സ്കൂളിലെ വിശേഷങ്ങൾ ഒന്ന് പോലും വിടാതെ പറയുന്നത്. 

\" അമ്മാ... സിബിലി ഇല്ലേ... സിബിലി. ആ.... സിബിലി ണ്ടല്ലോ ഇക്ക് ഒരു സാദനം തന്നു. \"

\" എന്ത് സാദനം \"

ഞാൻ പറഞ്ഞു തീരുന്നതിനു മുന്നേ അവൾ അകത്തേക്കോടി. കൈകളിൽ പിന്നിലായി മറച്ചു വെച്ച ഒരു ചെറിയ പേപ്പർ കഷ്ണം എനിക്ക് നേരെ നീട്ടി. 

\" ഇതെന്താ..  \"

ഒരു സൈഡിൽ ക്രയോൻ കൊണ്ട് ചുവപ്പും മറ്റൊരു സൈഡിൽ പച്ചയും കളർ ചെയ്ത ഹാർട്ട്‌ ഷേപ്പ് ❤️💚 പേപ്പർ കഷ്ണം തിരിച്ചും മറിച്ചും നോക്കി അവളോട്‌ ചോദിച്ചു.

\" ഇതാണ് ആലാവ്യൂ.. \"

\" എന്ത് 😳\"

\" സിബിലി ഇല്ലേ അമ്മാ... ആ.. സിബിലി തന്നതാ.. ആലാവ്യൂ \"

\" ഇത് എന്തിനാ മോൾക്ക് തരുന്നേ.. \"

\" അത്ണ്ടലോ.. അതെ അത് അമ്മൾക്ക് ഇഷ്ടള്ളോർക്ക് കൊടുക്ക്ണതാ.. \"

സിബിൽ. മോൾടെ ക്ലാസ്സ്‌മേറ്റ്സ്, വണ്ടിയിൽ അവര് രണ്ടുപേരും അടുത്തടുത്താണ് ഇരിക്കുന്നത്. അവനെ ഞാനൊന്നു മനസ്സിൽ സൂഷ്മായി സൂം ചെയ്തു. \' ഹ്മ്മ്.. ഒരു കാമുകൻ ആവാനുള്ള ആളൊക്കെ ഉണ്ട്. \'

\" അപ്പൊ അമ്മേന്റെ മോൾക്ക് അമ്മേനെ ഇഷ്ടല്ലേ... പിന്നെന്താ മോള് അമ്മക്ക് ഐ ലവ് യു തരാതെ... \"

\" അയ്യേ... അത് അമ്മമാർക്ക് കൊടുക്കുന്നതല്ല. ബോയ്സ് ഗേൾസിന് കൊടുക്കുന്നതാണ്.. \"

അവള് രണ്ടാമത്തെ ബ്രെഡ് കടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.

\" ഓ... അങ്ങനെ ആണോ.. \" ഞാന് ആലോജിക്കുന്നത് പോലെ ഇരുന്നപ്പോൾ അവൾ അതെ എന്ന രീതിയിൽ തലയാട്ടി.
\" അല്ല കുഞ്ഞേ... ഈ ഐ ലവ് യു എന്തിനാ തരുന്നേ... \"
എന്റെ ചോദ്യത്തിന് അവളുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു.

\" അത് ഉമ്മ വെക്കാൻ.. \"

\" ങേ.. 😳😳😳 \"

\" അലവ്യൂ പറഞ്ഞാൽ ഉമ്മ വെക്കണം. \"

യു കെ ജിയിൽ പഠിക്കുന്ന എന്റെ മോൾടെ മറുപടിക്ക് മുന്നിൽ ഒരു നിമിഷം ഞാനൊന്നു പതറി, അതോടൊപ്പം അവളുടെ ആ വാക്കുകൾ എന്റെ ചിന്തകളെ ആറാം ക്ലാസ്സിലെ ഒരു ഓണം വെക്കേഷനിലേക്ക് കൊണ്ടുപോയി.


\" നമുക്ക് ചതുരകുളത്തിൽ പോയാലോ \"
 തൊടിയിൽ ചോറും കറിയും വെച്ച് കളിക്കുന്നതിനിടയിൽ ഞങ്ങളുടെ ഏട്ടഘം സംഘത്തിലെ തലത്തെറിച്ച വിത്ത് അക്കുടു പെട്ടന്നുണ്ടായ ബോധത്തിൽ ചോദിച്ചു.

എന്റെ അനിയത്തിയടക്കം എല്ലാ കണ്ണുകളും എന്നിലേക്ക്‌ നീണ്ടു. കാരണം കുളത്തിൽ പോകാൻ അമ്മയോട് പെർമിഷൻ വാങ്ങണം. ഒരിക്കലും സമ്മതിച്ചു തരാത്ത ആ കാര്യം ഞാൻ അവതരിപ്പിക്കുകയും വേണം.
അങ്ങനെ വേറെ നിവർത്തിയില്ലാതെ ഞങ്ങൾ എല്ലാവരും അമ്മയുടെ മുന്നിൽ ചെന്ന് നിന്നു.

\" അമ്മാ... ഞങ്ങള് പൂ പറിക്കാൻ പാടത്തേക്ക് പോട്ടെ. \"

എന്നെയും, എനിക്കടുത്തു നിൽക്കുന്ന എന്റെ അനിയത്തിയും ഞങ്ങൾക്ക് പുറകിലായി നിരന്നു നിൽക്കുന്ന വാനര സംഗങ്ങളെയും നോക്കിയതിനു ശേഷം അമ്മയുടെ കണ്ണുകൾ ചുമരിലെ ക്ലോക്കിലേക്ക് നീണ്ടു.

\" മം... \" അനുവാദമായി അമ്മ അമർത്തി മൂളിയപ്പോൾ എനിക്കത്ഭുദമായി. \' അങ്ങനെ വരാൻ വഴിയില്ലല്ലോ.. \'

\" പക്ഷെ കുളത്തിലിറങ്ങാൻ പാടില്ല. അതിനു പറ്റുമെങ്കിൽ പൊയ്ക്കോ. \"

 \' അത് പറ \' അമ്മയാര മോൾ. നട്ടുച്ച നേരത്തു പാടത്തു പോകുന്നത് പൂ പറിക്കാനല്ല എന്ന് അമ്മക്ക് മനസിലായി.

സമ്മദം കിട്ടിയതും പിന്നെയൊരു ഓട്ടമായിരുന്നു ഇടവഴിയിലൂടെ. തണൽ വിരിച്ചു നിൽക്കുന്ന ഇടവഴി നേരെ ചെല്ലുന്നത് തോട്ടിലേക്കാണ്. തോട് മുറിച്ചു കിടന്നാൽ പിന്നെ തെങ്ങിൻ തോപ്പ്, അതിനപ്പുറം വിശാലമായി പച്ച പുതച്ചു നിൽക്കുന്ന പാടം. പാടത്തിന്റെ ഒത്ത നടുക്ക് കരിങ്കല്ലിനാൽ ചതുരത്തിൽ  കെട്ടിയുയർത്തിയ ചതുരകുളം.

അങ്ങനെ പടകളിൽ ഒരു വിഭാഗം കുളത്തിൽ ചാടി തിമർക്കുമ്പോൾ മറ്റൊരു വിഭാഗം പടവുകളിൽ ഇരുന്നു കൊത്തം കല്ല് കളിക്കുന്നു. ഇതെല്ലാം ഏറ്റവും മുകളിലെ പടവിൽ ഇരുന്നു ആസ്വദിക്കുകയായിരുന്ന എനിക്കടുത്തേക്ക് കയ്യിൽ വലിയൊരു കൃഷ്‌ണകിരീടം പൂവുമായി രതീഷേട്ടൻ വന്നിരുന്നു.

ഞങ്ങളുടെ പടയിലെ തല മൂത്ത കാരണവർ ആണ് എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സുന്ദരനും സുമുഖനുമായ രതീഷേട്ടൻ.

\" മായകുട്ടി...... \"
കൃഷ്‌ണകിരീടം പൂ എനിക്ക് നേരെ നീട്ടി പതിഞ്ഞ സ്വരത്തിൽ ഏട്ടൻ എന്നെ വിളിച്ചു.

\" ഇത് എനിക്കാണോ... \"
ഏട്ടനിൽ നിന്നും പൂ വാങ്ങി അത്ഭുദത്തോടെ ഞാൻ ചോദിച്ചു.

\" മ്മ്... \"
പതിയെ മൂളിക്കൊണ്ട് ഏട്ടൻ എന്റെ അടുത്തായി ഇരുന്നു.

\" നിനക്ക് എന്റെ സൈക്കിളിൽ കയറാൻ ഇഷ്ടമല്ലേ.. \"
ഒട്ടൊരു നിമിഷത്തെ മൗനത്തിനു ശേഷം ഏട്ടൻ ചോദിച്ചപ്പോൾ ഞാൻ ഏട്ടന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.

രതീഷേട്ടന് മാത്രമാണ് സൈക്കിൾ ഉള്ളത്. അതിനു മുകളിൽ കയറാനോ ഓടിക്കാനോ ഏട്ടൻ ഞങ്ങൾക്കാർക്കും തരില്ലായിരുന്നു. അതിനാൽ തന്നെ ഏട്ടന്റെ ചോദ്യം എന്നെ സന്തോഷപ്പെടുത്തി.

\" ഓ... പിന്നെ.. ഒത്തിരി ഇഷ്ട... \"
എന്റെ മറുപടിയിൽ ഏട്ടന്റെ കണ്ണുകളും വിടർന്നു.

\" എന്നാ നമുക്ക് കല്യാണം കഴിക്കാം. \"

\" ഇപ്പളോ... \"

\" ഇപ്പൊ അല്ല. കുറച്ചും കൂടെ വലുതായിട്ട്. അപ്പൊ നിന്നെ ഞാന് എന്റെ സൈക്കളിന്റെ പിന്നിലിരുത്തി. ഇതിലെ എല്ലാം കൊണ്ട് പോകാം.\"

\" മ്മ്... \"
അതിൽ പരം സന്തോഷം മറ്റെന്തുണ്ട്. ഞാന് സമ്മദം മൂളി.

പൂനിലാവ് ഉദിച്ചതുപോലെ രതീഷേട്ടന്റെ മുഖവും വിടർന്നു. ഒപ്പം ഏട്ടന്റെ ചുണ്ടുകൾ എന്റെ കവിളിൽ അമർത്തി പതിപ്പിച്ചു എഴുന്നേറ്റു പോയി.

ഉമ്മ വെച്ചാൽ കുട്ടികളുണ്ടാകും എന്ന് അടിയുറച്ചു വിശ്വസിച്ചിരുന്ന എന്റെ മനസിന്‌ പെട്ടന്ന് കിട്ടിയ ഉമ്മക്ക് പിന്നിലുള്ള പ്രണയം തേടി പോകാൻ കഴിഞ്ഞില്ല.

പിന്നീടെല്ലാം യാന്ത്രികമായിട്ടായിരുന്നു. വീട്ടിൽ എത്തിയിട്ടും ഉമ്മയുടെ ഹാങ്ങോവർ എന്നെ വിട്ടു പോയില്ല.  പേടിയുടെ പരിണിത ഫലം അന്ന് രാത്രി വയറു വേദന ആയി എന്നിൽ രൂപപ്പെട്ടു. പാതിരക്കു വേദന എടുത്തു കരഞ്ഞ എന്നെ അമ്മ പിടിച്ചെഴുന്നേൽപ്പിച്ചു ചൂട് വെള്ളം കുടിപ്പിച്ചു. പക്ഷെ അകത്തേക്ക് എത്തുന്നതിനു മുന്നേ വെള്ളവും അതിനു മുന്നേ കഴിച്ചതടക്കം എല്ലാം ഞാൻ പുറത്തേക്കു വാള് വെച്ചു. അതോടെ ആ സത്യം ഞാന് ഉറപ്പിച്ചു. \' അതെ ഞാൻ ഗർഭിണിയാണ്. \' ( കാരണം ഗർഭിണികൾ ആണല്ലോ സർദ്ധിക്കുന്നെ. )

പിറ്റേന്ന് രാവിലെയും മാറ്റമില്ലാതെ തുടരുന്ന എന്റെ വയറു വേദന കണ്ട് അമ്മമ്മ രംഗ പ്രവേശനം നടത്തി.

\" രാത്രി തുടങ്ങിയ വയറു വേദന അല്ലെ. ആശുപത്രിയിൽ പോയി ഡോക്ടറെ കാണിച്ചു നോക്ക്. \"

\" ഓ... അതിനു മാത്രം ഒന്നും ഇല്ല അമ്മേ. ഇന്നലെ ഉച്ചക്ക് പോയിട്ട് എപ്പളാ പാടത്തൂന്ന് വന്നത്. വല്ല ഗ്യാസും കയറിയതാകും. ഞാൻ ഇത്തിരി പാൽകായം കലക്കി കൊടുത്തു നോക്കട്ടെ. കൊറച്ചു കഴിഞ്ഞാൽ മാറിക്കോളും. \"

അമ്മമ്മയുടെ ശാസനക്ക് വിലകൊടുക്കാതെ അമ്മതന്നെ രോഗവും അതിനുള്ള മരുന്നും നിർദ്ദേശിച്ചു. 

\" ഇപ്പഴത്തെ കാലം ആണ്, പത്തു വയസു കഴിഞ്ഞാൽ കുട്ടി എപ്പളാ പെണ്ണ് ആവാന്ന് പറയാൻ പറ്റില്ല. രണ്ടു ദിവസം കൂടെ കഴിഞ്ഞാൽ തിരുവോണം ആണ് വരുന്നേ.. നീ ഇവളേം വിളിച്ചു ആശുപത്രിയിൽ പോവാൻ നോക്ക്. എന്താ കാര്യം ന്നറിയാലോ.. \"

അമ്മയോടായി വലിയ ശബ്ദത്തിൽ അമ്മമ്മ പറയുന്ന കാര്യങ്ങൾ മുഴുവനായും എനിക്ക് മനസിലായില്ല. ഗർഭ കഥ പുറത്തറിയുമോ എന്ന ഭയത്തിൽ ആശുപത്രിയിൽ പോകാൻ ഞാന് സമ്മതിച്ചില്ല.

പക്ഷെ എന്റെ എതിർപ്പുകൾ ഒന്നും വക വെക്കാതെ അമ്മ ചേല ചുറ്റി കെട്ടി, എന്നെയും ഒരുക്കി നിർത്തി ഓട്ടോറിക്ഷക്കായി കാത്തു നിന്നു. അവസാനം ഉമ്മ വെച്ചുണ്ടായ ഗർഭമാണ് എന്റെ വയറു വേദനയെന്ന നഗ്ന സത്യ
എല്ലാവർക്കും മുന്നിൽ തുറന്നു പറഞ്ഞൂ.

അന്ന് ആ നിമിഷം അമ്മ എന്നെ നോക്കിയ നോട്ടത്തിന്റെ അർത്ഥം പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് എനിക്ക് മനസിലായത്.

അങ്ങനെ വീട്ടുകാരിലും നാട്ടുകാരിലും അവസാനം കൂട്ടുകാരിലും എന്റെ ഗർഭ കഥ പട്ടായപ്പോൾ ബെസ്റ്റിയിൽ നിന്ന് മറ്റൊരു സത്യവും ഞാന് അറിഞ്ഞു.

\" എടി... കല്യാണം കഴിച്ചാലേ കുട്ടികൾ ഉണ്ടാകു, അല്ലാതെ ഉമ്മ വെച്ചാലൊന്നും ഉണ്ടാകില്ല. \"

കാലചക്രം പിന്നെയും മുന്നോട്ടേക്കുരുണ്ടു. ഋതുക്കൾ മാറി മാറി വന്നു. അമ്മമ്മ പറഞ്ഞത് പോലെ കുട്ടിയിൽ നിന്നു ഞാനും പെണ്ണായി മാറി. കൗമാരം എന്ന വസന്തത്തിലേക്കു  കാലെടുത്തു കുത്തിയപ്പോൾ എന്നിലും പ്രണയം എന്ന വികാരം പൊട്ടി മുളക്കാൻ തുടങ്ങി. അതും എനിക്ക് ആദ്യമായി ഉമ്മ തന്ന വ്യക്തിയോട് തന്നെ.

എല്ലാ ധൈര്യവും സംഭരിച്ചു ഉള്ളിൽ തിളച്ചു മറയുന്ന പ്രണയ ലാവയെ രതീഷേട്ടന്റെ മുന്നിൽ ഇറക്കി വെച്ച് പ്രതീക്ഷയോടെ മറുപടിക്കായി കാത്തു നിന്നു. 

\" എന്റെ പൊന്നു പെങ്ങളെ, ഞാന് എങ്ങനെയെങ്കിലും ജീവിച്ചോട്ടെ.. \"
കൈകൾ കൂപ്പി തൊഴുതു തലയും കുനിച്ചു നിൽക്കുന്ന ഏട്ടന്റെ \' പെങ്ങളെ \' എന്ന അഭിസംബോധനയിൽ എന്നിൽ മുളച്ചു പൊന്തിയ പ്രണയം അതെ ലാവയിൽ തന്നെ എരിഞ്ഞടങ്ങി.

പിന്നീട് എന്റെ സ്വന്തം അനിയത്തി അടക്കം നാട്ടിലുള്ള സകല പെണ്ണുങ്ങളെയും കാമുകിമാരാക്കി രതീഷേട്ടൻ ഒരു കാസനോവ ആയി മാറിയപ്പോഴും. ഞാൻ മാത്രം അങ്ങേർക്കു എന്നും കുഞ്ഞിപെങ്ങൾ.

\" അമ്മാ.... \"
മോൾടെ വിളിയിൽ ഗതകാലോർമകളിൽ നിന്നും ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ വർത്തമാന കാലത്തേക്ക് തിരികെ വന്നു.
കുറച്ചു നേരം മോൾടെ മുഖത്തേക്ക് തന്നെ നോക്കി നിന്നതിനു ശേഷം ഏറ്റവും നിഷ്ടൂരമായിട്ടുള്ള വാക്കുകൾ അവളോട് പറഞ്ഞു.

\" നാളെ മുതൽ മോള് സിബിലിന്റെ അടുത്ത ഇരിക്കേണ്ട ട്ടോ.. ബാക്കിൽ ലച്ചുന്റെ അടുത്ത് ഇരുന്നാൽ മതിയെ.. \"

\" അതെന്തിനാ... \"

\" അതോ... അതുണ്ടല്ലോ... ഐ ലവ് യു പറയാൻ കുറച്ചും കൂടെ വലുതാവണം. ഇപ്പളെ പറയില്ല. അങ്ങനെ പറയുന്ന കുട്ടികളെ ബാഡ് ബോയ്സ് ആണ്. അമ്മേടെ മോള് ഗുഡ് ഗേൾ അല്ലെ. \"

കണ്ണുകൾ വിടർത്തി അതെ എന്നർത്ഥത്തിൽ ചിരിച്ചു കൊണ്ട് അവൾ തലയാട്ടിയപ്പോൾ ഒരു പ്രണയം ചവിട്ടി മെതിച്ച ആത്മസംതൃപ്തിയിൽ ഞാനും അവളുടെ പുഞ്ചിരിയിൽ പങ്കു ചേർന്നു.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏