Aksharathalukal

രണഭൂവിൽ നിന്നും... (17)

രണ്ട് മൂന്ന് ദിവസങ്ങൾ കടന്നു പോയി... ഭാഷയുടെ പ്രശ്നമുണ്ടെങ്കിൽ കൂടി ചിരാഗിന്റെ അമ്മ മോഹിനിയുമായി ഭാനു നല്ല കൂട്ടായി... മുത്തശ്ശി ഒരുപാട് വർത്തമാനങ്ങൾക്കൊന്നുമില്ലാതെ മിക്കവാറും മുറിയിൽ തന്നെ ഒതുങ്ങിക്കൂടി... ഭാനുവാകട്ടെ അനുവിന്റെ കാര്യങ്ങൾ ചെയ്തും അടുക്കളയിൽ മോഹിനിയെ സഹായിച്ചു കൊണ്ടുമൊക്കെ സമയം കളഞ്ഞു.. ഇടയ്ക്കിടയ്ക്ക് അമ്മയെ ഓർമ്മ വരുമ്പോൾ നടുമുറ്റത്തെ തുളസിച്ചെടികൾക്കിടയിലവൾ പോയിരിക്കും... സങ്കടങ്ങൾ ആത്മഗതങ്ങളായി അവൾ അവയോട് പറഞ്ഞു തീർക്കും... അതുമല്ലെങ്കിൽ തന്റെ നോട്ട് ബുക്കിലെന്തെങ്കിലും കുത്തിക്കുറിച്ചിരിക്കും... മോഹിനിയുടെ കൂടെക്കൂടി ചില കന്നഡ വാക്കുകൾ അവൾ പഠിച്ചെടുക്കുകയും ചെയ്തു....

ഈ ദിവസങ്ങളിൽ അപൂർവമായിട്ടേ ജിത്തു അവളെ ഫോണിൽ വിളിച്ചുള്ളൂ... വിളിച്ചാലും അനുവിന്റെയും മുത്തശ്ശിയുടെയും കാര്യങ്ങൾ തിരക്കും.. ചിലപ്പോൾ മുത്തശ്ശിയോട് രണ്ട് മിനിട്ട് സംസാരിക്കും.. ഫോൺ വയ്ക്കും.. അത്രമാത്രം.... തന്നെക്കുറിച്ച് അവനൊന്നും അന്വേഷിക്കാത്തതിൽ അവൾക്ക് സങ്കടമൊന്നും തോന്നിയില്ല... പക്ഷേ അവളറിയാതെ തന്നെ അവൾക്കുള്ളിലെവിടെയോ ഒരു പരിഭവം പൊട്ടി മുളച്ചിരുന്നു... ഏതൊക്കെയോ നിമിഷങ്ങളിൽ അത്‌ പുറത്ത് വന്നപ്പോൾ അന്വേഷിക്കാൻ മാത്രം താൻ അവന്റെ ആരുമല്ലെന്ന് സ്വയം ശാസിച്ചു നിർത്തിയവൾ....

പക്ഷേ.. അവളറിഞ്ഞിരുന്നില്ലല്ലോ...
ചോദിക്കാതെ തന്നെ ചിരാഗിന്റെ മൊബൈലിൽ പതിയുന്ന ചിത്രങ്ങളിലൂടെ അവൻ അവളെ കാണുന്നുണ്ടെന്ന്.... അവളുടെ സങ്കടങ്ങളും സന്തോഷങ്ങളും അറിയുന്നുണ്ടെന്ന്...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

വീണ്ടും മൂന്ന് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു... ജോലികളെല്ലാം തീർത്ത് ഭാനു പതിവ് പോലെ തുളസിച്ചെടികൾക്ക് നടുവിലാണുള്ളത്...
ഡ്യൂട്ടി കഴിഞ്ഞ് പതിവില്ലാതെ നേരത്തെ എത്തിയ ചിരാഗ് വീട്ടിലേക്ക് വന്നു കയറുമ്പോൾ കാണുന്നത് കാലുകളിൽ മുഖം ചെരിച്ച് വച്ച് എന്തോ ചിന്തകളിലിരിക്കുന്ന ഭാനുവിനെയാണ്....

ചിരാഗിന്റെ പുരികമൊന്നു ചുരുങ്ങി... അവൻ തന്റെ കോട്ടും സ്റ്റെതസ്കോപ്പും അകത്തെ മുറിയിൽ കൊണ്ട് വച്ച് ഫ്രഷ് ആയി വേഷം മാറി അവൾക്കരികിലാ തുളസിച്ചെടികൾക്കരികിൽ തന്നെ ചെന്നിരുന്നു....

അടുത്ത് അനക്കം കേട്ട് ചിന്തയിൽ നിന്നുമുണർന്ന് ഭാനു മുഖമുയർത്തി നോക്കി.. തനിക്കടുത്ത് ചിരാഗിനെ കണ്ട് ആദ്യം അവളൊന്ന് പതറി.. പിന്നെയവന് ഒരു വാടിയ ചിരി നൽകി....
\"എന്താണ് ഒരാലോചന...മ്മ്?\"
\"ഏയ്‌.. ഒന്ന്.. ഒന്നുമില്ല സർ...\"
അവളുടെ സർ വിളി കേട്ട് അവൻ അവളെ കൂർപ്പിച്ച് നോക്കി...
\"അ.. അല്ല... ഏ.. ഏട്ടാ \"
അവൾ പതറിക്കൊണ്ട് പറയുമ്പോൾ ഉള്ളം വിങ്ങുന്നുണ്ടായിരുന്നു... ഏട്ടനെന്ന് വിളിക്കാനൊരാളുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു സങ്കടപ്പെട്ട ഭൂതകാലം അവളെ കുത്തിനോവിക്കുന്നുണ്ടായിരുന്നു ...

ആ വിളി പക്ഷേ അവനുള്ളിൽ ഒരു നിറവുണ്ടാക്കി.. കണ്ണിലൊരു നനവും...
\"എന്ത് പറ്റി പെൺപുലിക്ക്... അമ്മയെ ഓർമ്മ വന്നോ...?\"
ഭാനുവിന്റെ കണ്ണ് നിറഞ്ഞ് വരുന്നുണ്ടായിരുന്നു...
\"മ്മ് \"
മൂളാൻ പോലും ശേഷിയില്ലാത്തത് പോലെയായിരുന്നു അവളുടെ ശബ്ദം...
ചിരാഗിന്റെ വലം കൈ മെല്ലെയുയർന്ന് അവളുടെ നെറുകിൽ മെല്ലെ തലോടി...
അതിശയത്തോടെ ഭാനു അവനെ കണ്ണ് മിഴിഞ്ഞു നോക്കി.. അത്‌ കണ്ട് അവന്റെ ചുണ്ടിലുണ്ടായത് ഒരു ചിരിയാണ്..

\"ഏട്ടനെന്ന് വിളിക്കാൻ പറഞ്ഞത് ആത്മാർത്ഥമായിട്ട് തന്നെയാ ഭാനു... എനിക്കൊരു ചേച്ചിയുണ്ടെന്ന് അമ്മ പറഞ്ഞിട്ടില്ലേ.. അവളുമായിട്ട് സ്ഥിരം ഇടിയായിരുന്നു ചെറുതിൽ...അപ്പോഴൊക്കെ തോന്നും.. ഏട്ടാന്ന് വിളിച്ച് പുറകെ നടക്കാൻ ഒരനിയത്തി മതിയായിരുന്നൂന്ന്...അനിയത്തിയെ തായോന്നും പറഞ്ഞ് അമ്മയ്ക്ക് സ്വൈര്യം കൊടുത്തിട്ടില്ല ഞാൻ... പട്ടിണി കിടന്ന് പ്രതിഷേധിച്ചിട്ട് വരെയുണ്ട്.. പിന്നെ അച്ഛൻ കുറേ കഷ്ടപ്പെട്ടാണ് പറഞ്ഞ് മനസ്സിലാക്കി തന്നത് ഇനിയെനിക്കൊരു അനിയത്തിയുണ്ടാവില്ലെന്ന്.. അന്നൊക്കെ കുറേ സങ്കടപ്പെട്ടിട്ടുണ്ട്... നിന്നെ കണ്ടപ്പോ എന്തോ അനിയത്തിക്കുട്ടിയായിട്ട് തോന്നി... അതാ അങ്ങനെ വിളിക്കാൻ പറഞ്ഞത്..\"

ചിരാഗിന്റെ വാക്കുകൾ തനിക്കുള്ളിൽ സങ്കടമാണോ സന്തോഷമാണോ ഉണ്ടാക്കുന്നതെന്ന് അറിയാത്തൊരു അവസ്ഥയിലിരിക്കുകയായിരുന്നു ഭാനു...

\"മോള് സങ്കടപ്പെടുവൊന്നും വേണ്ട കേട്ടോ... ജിത്തു നിന്റമ്മയെ കൊണ്ട് വരാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ കൊണ്ടു വന്നിരിക്കും... തല പോയാലും അവൻ പറഞ്ഞ വാക്ക് തെറ്റിക്കില്ല....\"
ചിരാഗിന്റെ വാക്കുകളിൽ ജിത്തുവിനോടുള്ള സ്നേഹം വ്യക്തമായി കാണാമായിരുന്നു.....

ഭാനു എന്തോ ആലോചനയിലായിരുന്നു....
\"ഏ.. ഏട്ടാ \"
കുറച്ച് കഴിഞ്ഞപ്പോൾ അവൾ മടിച്ചു മടിച്ചു വിളിച്ചു...
\"മ്മ്..\"
മൂളലിലും അവന്റെ മുഖത്ത് സന്തോഷം നിറഞ്ഞിരുന്നു....
\"എനിക്ക്.. എനിക്കൊരു.. കാര്യം.. അറിയാൻ അവകാശമുണ്ടോന്ന് അറിയില്ല... എന്നാലും അറിയണംന്ന് തോന്നാ.. ചോദിക്കുന്നത് തെറ്റാണെങ്കിൽ... \"

\"അനുവിന് എന്ത് പറ്റിയെന്നല്ലേ... മുത്തശ്ശിയെയും അവളെയും കൊല്ലാൻ ആള് വന്നതെന്തിനാണെന്നല്ലേ... ജിത്തു എന്താ വരാത്തതെന്നല്ലേ? \"
അവൾ പറഞ്ഞു തീരും മുൻപേ അവൻ തിരിച്ചു ചോദിച്ചു....
\"മ്മ് \"
അവൾ മൂളി.. ചോദിച്ചത് തെറ്റായോ എന്ന സംശയത്തോടെ...

\"പറയാം...ഇനി നീയും അതൊക്കെ അറിഞ്ഞിരിക്കണം... കാരണം അവരിലൊരാളാണ് ഇപ്പൊ നീയും..\"
ചിരാഗിന്റെ വാക്കുകൾക്ക് ദ്വയാർത്ഥമുള്ളത് പോലെ ഭാനുവിനൊരു തോന്നലുണ്ടായി.. അത്‌ ശരി വയ്ക്കും പോലെ അവന്റെ ചുണ്ടിലൊരു പുഞ്ചിരിയും..

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

\"എന്നിൽ നിന്ന് തന്നെയീ കഥ തുടങ്ങാം ഭാനു...

എന്റെയച്ഛൻ അരവിന്ദൻ എം.ഡി കഴിഞ്ഞ് ആദ്യമായി ജോലിക്ക് കയറിയതാണ് ഇവിടുത്തെ അന്ന് പ്രശസ്തമായിരുന്ന മെഡിക്കൽ കോളേജിൽ... ഇവിടെ വച്ചാണ് അച്ഛൻ അമ്മയെ കാണുന്നത്.. കട്ടപ്രേമമായിരുന്നു രണ്ടാളും... അമ്മ മാംഗ്ലൂരിയായത് കൊണ്ടും അച്ഛൻ അന്യജാതിയായത് കൊണ്ടും മുത്തശ്ശൻ ഭയങ്കര എതിർപ്പായിരുന്നു.. അങ്ങനെ എന്റച്ഛൻ അമ്മയെയും കൊണ്ട് കേരളത്തിലേക്ക്.. അച്ഛന്റെ നാടായ കൊല്ലത്തേക്ക് ഒളിച്ചോടി...അവിടെ ആദ്യമൊക്കെ ചീത്തവിളിയും തല്ലും പിടിയുമൊക്കെ ഉണ്ടായെങ്കിലും അച്ഛച്ഛനും അച്ഛമ്മയും അമ്മയെ സ്വീകരിച്ചു....

സ്ഥിരം ക്‌ളീഷേ സിനിമാക്കഥ പോലുണ്ടല്ലേ ഭാനു?\"
ഒരു ചിരിയോടെ ചിരാഗ് ചോദിച്ചു...
ഭാനുവാകട്ടെ ഒന്ന് ചിരിച്ചു...
\"അതിന് ഞാൻ വളരെ ചെറുപ്പത്തിൽ കണ്ടതാ ഏട്ടാ സിനിമയൊക്കെ... അച്ഛമ്മയും അച്ഛച്ഛനുമൊക്കെ ഉള്ളപ്പോ.. പിന്നെ കണ്ടിട്ടില്ല... അത്‌ കൊണ്ട് ഇതൊന്നുമറിയേമില്ല... \"
വളരെ നിസ്സാരമായി പുഞ്ചിരിയോടെ ഭാനു പറയുന്നത് കേട്ട് ചിരാഗിനാ കൊച്ചു പെണ്ണിനോട് സഹതാപം തോന്നി... ജീവിതത്തിന്റെ നിറങ്ങളൊന്നും തന്നെ ബാല്യവും കൗമാരവും കടന്ന് യൗവ്വനത്തിലെത്തി നിൽക്കുന്ന അവളുടെ ജീവിതത്തിലുണ്ടായിട്ടില്ലെന്ന് അവന് മനസ്സിലായി....
\"എന്നിട്ട്? \"

കൗതുകത്തോടെ ഭാനു ചോദിക്കുന്നത് കേട്ടാണ് ചിരാഗ് അവളിൽ നിന്നും നോട്ടം മാറ്റിയത്....
\"ചേച്ചി ചൈത്രയും ഞാനും ജനിച്ചത് അവിടെയാണ്..ഒരു വയസ്സ് വ്യത്യാസമേയുള്ളൂ ഞങ്ങൾ തമ്മിൽ..ഞങ്ങളവിടെ ഹാപ്പിയായിരുന്നു... കൂട്ടുകാരും നാട്ടുമ്പുറത്തെ നിഷ്കളങ്കമായ ജീവിതവും ... ഞങ്ങൾ സങ്കടങ്ങളൊന്നുമറിയാതെയാണ് വളർന്നത്... ആ വളർച്ചയ്ക്കിടയിൽ അച്ഛച്ഛനും അച്ഛമ്മയുമൊക്കെ ഞങ്ങളെ വിട്ട് പോയെങ്കിലും ഞങ്ങൾ നാല് പേര് മാത്രമുള്ള അവിടം ഞങ്ങൾക്ക് സ്വർഗം തന്നെയായിരുന്നു....ഞാനിത്ര നന്നായി മലയാളം പറയുന്നത് അവിടെ വളർന്നത് കൊണ്ടാണ്.. പക്ഷേ അത്ര കാലം കേരളത്തിൽ താമസിച്ചിട്ടും എന്റമ്മ മാത്രം മലയാളം പറയാൻ പഠിച്ചില്ല... \"
ചിരാഗ് തന്റെ ബാല്യത്തേക്കുറിച്ച് വാചാലനാകുമ്പോൾ ഭാനുവിന്റെ മനസ്സാകെ തന്റെ ബാല്യത്തിൽ അച്ഛൻ നഷ്ടപ്പെട്ടത് മുതലുള്ള നരച്ചു മങ്ങിയ ജീവിതത്തിലൂടെ സഞ്ചരിക്കുകയായിരുന്നു...

\"ഞാൻ ആറിലും ചേച്ചി ഏഴിലും പഠിക്കുമ്പോഴാണ് ആയിടയ്ക്ക്‌ പുതുതായി തുടങ്ങിയ സ്കൂളിലേക്ക് ഞങ്ങളെ അച്ഛൻ മാറ്റുന്നത്.. പ്ലസ് ടുവിന് ശേഷമുള്ള പ്രഫഷണൽ വിദ്യാഭ്യാസത്തിന് എട്ടാം ക്ലാസ്സ്‌ മുതൽ കോച്ചിങ് കൊടുക്കുന്നുവെന്നതായിരുന്നു ആ സ്കൂളിന്റെ പ്രധാന ആകർഷണം..
അവിടെ വച്ചാണ്.. അവിടെ വച്ചാണ് എനിക്കെന്റെ ജീവിതത്തിലെ നിധി കിട്ടുന്നത്.... The four precious gems of my life \"
പറഞ്ഞു കൊണ്ട് മുഖം തിരിച്ചു നോക്കിയ ചിരാഗ് കാണുന്നത് ഒരു കൊച്ചു കുഞ്ഞിന്റെ ആകാംക്ഷയോടെ കഥയിൽ മുഴുകിയിരിക്കുന്ന ഭാനുവിനെയാണ്... ഒരു ചിരിയോടെ ചിരാഗ് ബാക്കി പറയാൻ തുടങ്ങി...

\"വിശ്വജിത്ത് നമ്പ്യാർ എന്ന ജിത്തു...
  കിരൺ കുമാർ എന്ന കിച്ചു...
  ലോകേഷ് നമ്പ്യാർ എന്ന ലോകി...
  അഞ്ജലി പിള്ള എന്ന അഞ്ചു...
  പിന്നെ ചിരാഗ് അരവിന്ദ് എന്നയീ
   ചീരുവും..\"
അടക്കിപ്പിടിച്ചുള്ള ഭാനുവിന്റെ ചിരി കേട്ടാണ് ചിരാഗ് അവിടേക്ക് നോക്കിയത്...അവനും ചിരിച്ചു..
\"ചിരിക്ക് ചിരിക്ക്... അവര് നാല് പേരും കൂടി എനിക്കീ വിളിപ്പേര് ഇട്ട കാലം മുതൽ കാണുന്നതാ ഞാനീ ചിരി....\"

ഭാനു അത്‌ കേട്ട് ചിരി അടക്കി ഒന്ന് തല കുലുക്കി കാത് കൂർപ്പിച്ച് വീണ്ടും കഥ കേൾക്കാൻ കണ്ണുകൾ വിടർത്തി....
\"We made the GLORIOUS FIVE... ഒരുപാട് സ്വപ്നങ്ങളുള്ള ഒരേ കാഴ്ചപ്പാടുകളും ഇഷ്ടങ്ങളുമുള്ള അഞ്ച് പേർ.. അഞ്ച് പേരുടെയും പേരെന്റ്സ് സമൂഹത്തിൽ നിലയും വിലയുമുള്ളവർ... ജിത്തുവിന്റെ അച്ഛൻ ശിവരാജ് നമ്പ്യാർ പ്രസിദ്ധനായ ക്രിമിനൽ ലോയർ... അമ്മ ശ്രീലക്ഷ്മി സ്നേഹിക്കാൻ മാത്രമറിയുന്നൊരു പാവം വീട്ടമ്മയും.. അച്ഛന്റെ കാറിൽ നിന്നുമിറങ്ങി ജിത്തുവിന്റെ വിരലിൽ തൂങ്ങി സ്കൂൾ മൈതാനത്തിലൂടെ നടക്കുന്നൊരു രണ്ടാം ക്ലാസ്സ്കാരി കുറുമ്പിപ്പെണ്ണിനെ എന്നും രാവിലെ കാണാറുണ്ട്... അവന്റെ കുഞ്ഞിപ്പെങ്ങൾ അനാമിക നമ്പ്യാർ എന്ന അനുമോള്...\"
ആ ഓർമ്മയിൽ ചിരാഗിന്റെ ചുണ്ടിൽ വിരിഞ്ഞ ചിരിക്കൊരു പ്രത്യേക തിളക്കമുണ്ടെന്ന് തോന്നി ഭാനുവിന്....

\"കിച്ചുവിന്റെ അച്ഛനമ്മമാർ  ഗവണ്മെന്റ് ഉദ്യോഗസ്ഥരായിരുന്നു...മോഹൻകുമാറും ലതികയും... അവർക്കവൻ ഒറ്റമകനായിരുന്നു... ലോകി ജിത്തുവിന്റെ അച്ഛൻ പെങ്ങൾ സാവിത്രിയുടെയും അഡ്വക്കേറ്റ് ദർശന്റെയും മകനായിരുന്നു... അവന്റെ ചേട്ടൻ ലിനീഷും എന്റെ ചേച്ചിയും ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നു...പിന്നെ അഞ്ചു...വിദേശത്ത് ഡോക്ടർമാരായ ദിനേശ് പിള്ളയുടെയും ദീപ പിള്ളയുടെയും ഏക മകൾ... അവൾ അവളുടെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പമായിരുന്നു താമസം.... പിന്നെ ഞാനും....

ഞങ്ങളഞ്ച് പേരിൽ ജിത്തുവും ലോകിയും കിച്ചുവും ഒന്നാം ക്ലാസ്സ്‌ മുതൽ ഒന്നിച്ചാണ് പഠിച്ചിരുന്നത്...അവരും സ്കൂൾ മാറി എത്തിയതായിരുന്നു...ആ കൂട്ടിലേക്ക് പുതുതായെത്തിയതാണ് ഞാൻ.. എന്നിട്ടും വെറും രണ്ടേ രണ്ട് നാൾ കൊണ്ട് ഞങ്ങൾക്കിടയിലെ സൗഹൃദം വേരുറച്ചു....അഞ്ജുവിനെ ഞങ്ങൾക്കിടയിലേക്ക് പിടിച്ച് വലിച്ചിട്ടുവെന്ന് പറയുന്നതാവും ശരി... പതിയെയാണെങ്കിലും അവൾ ഞങ്ങളുടെ കൂട്ടിലൊരു കിളിയായി മാറി...ഞങ്ങൾ അഞ്ച് പേരുടെയും വീടുകളിൽ ഞങ്ങൾ കയറിയിറങ്ങി നടന്നിട്ടുണ്ട്... ആരും തടഞ്ഞില്ല.. പൂർണ സ്വാതന്ത്ര്യം തന്നു... അത്രയും പ്രായമുള്ള അഞ്ചുവിന്റെ മുത്തശ്ശനും മുത്തശ്ശിയും പോലും.. ജീവിതത്തിലെ ഏറ്റവും മനോഹരമായ വർഷങ്ങളായിരുന്നു അത്‌...

കൂട്ടത്തിലെ ഏറ്റവും പക്വതയുള്ളയാൾ ജിത്തുവായിരുന്നു...ശാന്തമായ പ്രകൃതം... എന്തും ആലോചിച്ചു മാത്രം ചെയ്യുന്നവൻ... പൊതുവേ മുഖത്തെപ്പോഴും ഗൗരവമാണെങ്കിലും ആരോടുമവൻ ദേഷ്യപ്പെടില്ല...പക്ഷേ അവന്റെ പ്രിയപ്പെട്ടവരെ ആരെങ്കിലും നോവിച്ചാൽ അവന്റെ പ്രതികരണം ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു... അനുമോൾടെ ക്ലാസ്സിലെ ഒന്ന് രണ്ട് പയ്യന്മാർക്ക് കണക്കിന് കിട്ടിയിട്ടുണ്ട് അവന്റെ കയ്യിൽ നിന്നും...അതിന്റെ പേരിൽ പ്രിൻസിപ്പലിന്റെ വഴക്ക് കേട്ടിട്ടും ഒരു ഭാവവ്യത്യാസവും അവനുണ്ടായില്ല...ആ പ്രായത്തിലേ അച്ഛന്റെ ബുദ്ധികൂർമതയും നിലപാടുകളും അവന് കിട്ടിയിരുന്നു...അമ്മയുടെ നന്മകളും...അവന്റെ ആഗ്രഹവും അച്ഛനെപ്പോലെ ഒരു വക്കീലാവണമെന്നായിരുന്നു...അതിനേക്കാളുമൊക്കെ മുകളിൽ അവന്റെ ജീവൻ തന്നെ അനുവാണെന്ന് തോന്നിയിട്ടുണ്ടെനിക്ക്...\"
ജിത്തുവിനെക്കുറിച്ച് കേൾക്കുമ്പോൾ വിടരുന്ന ഭാനുവിന്റെ കണ്ണുകൾ ചിരാഗ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു....

\"ലോകിയും കിച്ചുവും ഞാനുമൊക്കെ ഏതാണ്ടൊരേപോലെയായിരുന്നു... എപ്പോഴും കളിച്ചു ചിരിച്ച് വഴക്ക് കൂടി... അങ്ങനെയങ്ങനെ... ജിത്തുവിനെ പേടിച്ചാണ് ഞങ്ങൾ മര്യാദയ്ക്ക്‌ പഠിച്ചിരുന്നത് പോലും...അഞ്ചു ഒരു പാവത്താനായിരുന്നു...ജിത്തുവിനെപ്പോലെ ഒരു പഠിപ്പിസ്റ്റും...ഞങ്ങളിലെ ഒരേയൊരു പെൺതരിയായത് കൊണ്ട് 
അവളോടൊരു പ്രത്യേക ഇഷ്ടമായിരുന്നു ഞങ്ങൾക്കൊക്കെ....

ഞാനും അഞ്ചുവും എട്ടാം ക്ലാസ്സ് മുതലേ എം.ബി.ബി.എസ്‌ എൻട്രൻസിനുള്ള കോച്ചിംഗ് അറ്റൻഡ് ചെയ്തു തുടങ്ങി... ജിത്തുവും ലോകിയും എൽ. എൽ.ബിക്ക്‌ വേണ്ടിയും മാത്സിൽ മിടുക്കനായ കിച്ചു എഞ്ചിനീയറിങ്ങിനു വേണ്ടിയും അന്നേ തയ്യാറെടുത്തു തുടങ്ങി....

പ്ലസ് ടുവിന്റെ അവസാന നാളുകളടുക്കും  തോറും ഞങ്ങൾക്ക് അഞ്ച് പേർക്കും പറഞ്ഞറിയിക്കാനാകാത്ത അത്രയും സങ്കടമായിരുന്നു ഉള്ളിൽ... കാരണം ഞങ്ങൾക്കറിയാമായിരുന്നു ഞങ്ങളുടെ സൗഹൃദം നിലനിന്നാലും ജീവിതം വഴി തിരിഞ്ഞ് പോകാൻ തുടങ്ങുകയാണെന്ന്... ഫെയർവെൽ ദിവസം അഞ്ചു പോലും കരയാതെ പിടിച്ചു നിന്നപ്പോൾ ഞങ്ങളെ നാല് പേരെയും ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞ ജിത്തുവിനെ എനിക്കിന്നും ഓർമ്മയുണ്ട്... \"
നിറയുന്ന കണ്ണുകൾ തുടച്ചു കൊണ്ട് ഓർമ്മകളിൽ മുഴുകി ചിരാഗ് പറയുമ്പോൾ ഭാനുവിന്റെ നോവാർന്ന മനസ്സിലും പതിനേഴുകാരനായ ജിത്തുവിന്റെ നനഞ്ഞ മിഴികളായിരുന്നു....

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (18)

രണഭൂവിൽ നിന്നും... (18)

4.7
2557

\"എന്നിട്ട്?\"കണ്ണുകൾ തുടച്ചിട്ട് ഭാനു ഒന്ന് കൂടി നിവർന്നിരുന്നു.. കഥ കേൾക്കാൻ....ചിരാഗും കണ്ണ് തുടച്ചിട്ട് അവളുടെ തലയിൽ ഒന്ന് തട്ടി... അവൾ പുഞ്ചിരിച്ചു...\" അഞ്ചുവിന് എം.ബി.ബി.എസ് എൻട്രൻസിന് നല്ല റാങ്കുണ്ടായത് കൊണ്ട് മെറിട്ടിലാണ് അലോട്മെന്റ് ആയത്...കണ്ണൂർ മെഡിക്കൽ കോളേജിൽ... എനിക്ക് റാങ്ക് കുറവായത് കൊണ്ട് മാനേജ്മെന്റ് സീറ്റേ പറ്റുള്ളായിരുന്നു... എവിടെ ചേരുമെന്ന് ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് ഇവിടെ നിന്ന് അച്ഛന് മുത്തശ്ശന്റെ കോൾ വരുന്നത്.. പ്രായമേറിയപ്പോൾ മകളെ കാണണമെന്ന് തോന്നിക്കാണും... അമ്മയെ വിടണമെന്ന് പറഞ്ഞ് അപേക്ഷിച്ചപ്പോൾ അമ്മയെ അച്ഛനിങ്ങോട്ട് പറ