Aksharathalukal

രണഭൂവിൽ നിന്നും... (19)

ഭാനുവിന്റെ ഇടം കൈ മെല്ലെ മെല്ലെയാണ് ഉയർന്നത്...അത്‌ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു...
പൊതുവേ എപ്പോഴും ശാന്തനായി ഒരു ചിരിയോടെ കാണപ്പെടുന്ന ചിരാഗിന്റെ കോപത്താൽ ചുവന്നു വിറയ്ക്കുന്ന മുഖം അവൾക്കുള്ളിൽ വല്ലാത്ത ഭയം നിറച്ചിരുന്നു ....

ഭാനുവിന്റെ തണുത്ത കൈത്തലം തോളിലമർന്നപ്പോഴാണ് താനെവിടെയാണെന്ന് പോലും ചിരാഗിന് ബോധം വന്നത്... അവനിരു കണ്ണുകളും മുറുക്കിയടച്ചു... അത്രയും നേരം കോപമായിരുന്നെങ്കിൽ ആ നിമിഷം അസഹ്യമായ ഹൃദയവേദനയിൽ അവന്റെ ചുണ്ടുകൾ വിതുമ്പുകയാണുണ്ടായത്... കണ്ണുകൾക്കിരുവശവും അവന്റെ കണ്ണുനീർ ഒഴുകിയിറങ്ങുമ്പോൾ ആ കാഴ്ചയിൽ ഭാനുവിന്റെ ഉള്ളവും പിടഞ്ഞു പോയിരുന്നു... കാരണമറിയില്ലെങ്കിലും അവന്റെ വേദനയുടെ ആഴം അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു...

\"കൊന്നുകളഞ്ഞു!!!
ഞങ്ങളുടെ ലോകിയെ ആ മൃഗങ്ങൾ കൊന്നുകളഞ്ഞു ഭാനു!!!!\"

ഭാനുവിന്റെ വിരലുകൾ അവനിൽ നിന്നുമയഞ്ഞു... കണ്ണുകൾ തുറിച്ചു വന്നു... അതിവേഗം അവ പെയ്തിറങ്ങി.... ചിരാഗ് വേദനയുടെ കാഠിന്യത്താൽ ഇരു കൈകളാലും തന്റെ ശിരസമർത്തി പിടിച്ചു... അവന്റെ കണ്ണുകളും പെയ്യാൻ തുടങ്ങിയിരുന്നു...
നിമിഷങ്ങളോളം പരസ്പരം ഒന്നും പറയാനാകാതെ അവരിരുന്നു.. എങ്ങോ ദൃഷ്ടിയൂന്നി...

പെട്ടെന്നൊരു നിമിഷത്തിൽ കണ്ണുകൾ അമർത്തി തുടച്ചവൻ ഭാനുവിനെ നോക്കി... അവളുടെ കണ്ണുകളിൽ തന്റെ വേദനയുടെ പ്രതിബിംബം അവന് കാണാമായിരുന്നു.... അവൻ മെല്ലെയവളുടെ കവിളിലൊന്ന് തട്ടി....

\"ഒരുറുമ്പിനെപ്പോലും നോവിക്കാത്തവനായിരുന്നു ലോകി...സമാധാനം ആഗ്രഹിക്കുന്നത് കൊണ്ട് മാത്രമാണ് കുടുംബകോടതിയിൽ ഡിവോഴ്സിന് വരുന്ന ക്ലയന്റ്സിനെ പറഞ്ഞ് പിന്തിരിപ്പിച്ച് അവരെ ജീവിതത്തിലേക്ക് തിരിച്ചയക്കുന്ന ഫാമിലി കൗൺസിലിംഗ് ലോകി തിരഞ്ഞെടുത്തതും...

ദിവസങ്ങളുടെ വ്യത്യാസത്തിൽ ജനിച്ച അവനും ജിത്തുവും അന്ന് മുതലെന്നും ഒന്നിച്ചായിരുന്നു... അവർക്കിടയിൽ വളർന്നു വന്നതാണ് അനു...ജിത്തു അവളെ ഒരു മകളെപ്പോലെ കൊണ്ടു നടക്കുമ്പോൾ ലോകി അവളെ തന്റെ ഹൃദയത്തിലന്നേ ജീവന്റെ പാതിയായി കൊണ്ടു നടന്നിരുന്നു... വലുതാകും തോറും അവന്റെ പ്രണയം അവളും നെഞ്ചിലേറ്റി... ജിത്തുവിന് പോലുമറിയാത്ത ആ രഹസ്യം അവനാദ്യം പറഞ്ഞത് എന്നോടും കിച്ചുവിനോടുമാണ്... പ്ലസ്. ടു വിന് പഠിക്കുമ്പോൾ...ഞങ്ങൾ ധൈര്യം കൊടുത്തിട്ടാണ് അവൻ ജിത്തുവിനോട് കാര്യം പറഞ്ഞതും... അന്ന് ജിത്തുവിന്റെ സന്തോഷമൊന്ന് കാണണമായിരുന്നു... കാരണം ജിത്തുവിനറിയാമായിരുന്നു... തന്നെക്കാൾ കൂടുതൽ അനുവിനെ ആർക്കെങ്കിലും സ്നേഹിക്കാനാകുമെങ്കിൽ അത്‌ ലോകിയാണെന്ന്....

അവരുടെ വിവാഹദിവസമാണ് ഞാൻ ജിത്തുവിനെ ഏറ്റവും കൂടുതൽ സന്തോഷിച്ചു കണ്ടിട്ടുള്ളത്... ആരും കൊതിക്കുന്ന ദാമ്പത്യമായിരുന്നു ലോകിയുടെയും അനുവിന്റെയും... അവർക്കിടയിലെ പ്രണയത്തിന്റെ ആഴമെത്രയെന്ന് പറയാതെയറിയാൻ ഞങ്ങൾക്കൊക്കെ സാധിക്കും വിധമായിരുന്നു അവരുടെ മനോഹരമായ ജീവിതം...

രണ്ട് വർഷം.. രണ്ട് വർഷത്തിൽ പലതും മാറി... കിച്ചു അവന് പറ്റിയൊരു സ്ഥാപനം കണ്ടുപിടിച്ചു...ഞാൻ ഹോസ്പിറ്റലിലെ ജോലിയോടൊപ്പം സ്വന്തമായി ഒരു ക്ലിനിക് തുടങ്ങി... ചേച്ചിക്കും ലിനീഷേട്ടനും ഒരു കുഞ്ഞുവാവ ജനിച്ചു.. നക്ഷത്ര എന്ന ഞങ്ങളുടെ നച്ചു...മുത്തശ്ശന്റെ മരണശേഷം അസുഖങ്ങൾ കാരണം ഒരുപാട് ബുദ്ധിമുട്ടിയിരുന്ന എന്റെ മുത്തശ്ശി ഒടുവിൽ മുത്തശ്ശനോടൊപ്പം പോയി....

അഞ്ജുവിന്റെ പാരെന്റ്സ് അവളെ വിദേശത്തേക്ക് വിളിച്ചു.. പക്ഷേ അയ്യർ സാറിന്റെ അസിസ്റ്റന്റ് പോസ്റ്റ്‌ വിട്ട് ഞങ്ങളിൽ നിന്നും ദൂരേക്ക് പോകാൻ അവൾ തയ്യാറായില്ല... ജീവിതത്തിലാദ്യമായി അവൾ തന്റെ വാശിയിൽ ഉറച്ചു നിന്നത് കൊണ്ടാവാം വിദേശത്തെ സേവനം മതിയാക്കി അവളുടെ അച്ഛനമ്മമാർ കണ്ണൂർ തന്നെ ഒരു വീടെടുത്ത് ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ സേവനം തുടങ്ങി....

പക്ഷെ അതോടെ അവൾക്ക് മേൽ അവർ നിയന്ത്രണങ്ങൾ വയ്ക്കാൻ തുടങ്ങി... ആദ്യം മുതലേ ഞങ്ങൾ ആൺകുട്ടികൾക്കൊപ്പം അവൾക്കുള്ള സൗഹൃദം എതിർത്തിരുന്ന അവളുടെ അച്ഛൻ അവളെ ഞങ്ങളിൽ നിന്നും അകറ്റാൻ നോക്കിയിരുന്നു.. അന്നത് നടക്കാത്തതും അവൾ അവരെ അനുസരിക്കാഞ്ഞത് കൊണ്ട് അവർക്കിവിടേക്ക് വരേണ്ടി വന്നതുമൊക്കെ അവളുടെ അച്ഛന്റെ അനിഷ്ടം കൂട്ടി...അതു കൊണ്ട് തന്നെ അവളാ വർഷങ്ങളിലൊക്കെ ഒരുപാട് ഡിസ്റ്റർബ്ഡ് ആയിരുന്നു...

ജിത്തു ആ സമയത്ത് ശിവരാജ് അങ്കിളിനെക്കാൾ പ്രശസ്തനായി കഴിഞ്ഞിരുന്നു... അങ്കിളും ആന്റിയും അനുവും ഞങ്ങളുമൊക്കെ അവന്റെ വിജയത്തിൽ ഒരുപാട് സന്തോഷിച്ചു....
ആ നല്ല നാളുകളിൽ ഒന്നിലായിരുന്നു അനുവിന്റെയും ലോകിയുടെയും രണ്ടാം വിവാഹവാർഷികം വന്നെത്തിയത്... ആദ്യത്തെ വിവാഹവാർഷികത്തിന് ഞാനും അഞ്ജുവുമൊഴികെ ബാക്കിയെല്ലാവരും ഉണ്ടായിരുന്നു... അതിഗംഭീരമായി തന്നെയാണ് ആ ആഘോഷം നടന്നത്...പക്ഷേ അത്തവണ ആഘോഷങ്ങൾക്ക് പകരം ഒരു യാത്ര പോകണമെന്ന് അനുവിന് ആഗ്രഹം തോന്നി... ബാംഗ്ലൂർ... അവളുടെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ആ ബാംഗ്ലൂർ യാത്ര...

സന്തോഷങ്ങളെല്ലാം തല്ലിക്കെടുത്തി തീരാവേദനയിലേക്ക്‌ ഞങ്ങളെയൊക്കെ തള്ളി വിട്ടത് അവരുടെ ആ യാത്രയായിരുന്നു.... \"
ചിരാഗ് മുഖമൊന്ന് അമർത്തി തുടച്ചു... ഭാനുവിനെ നോക്കുമ്പോൾ പിറകിലേക്ക് ചുവരിൽ ചാരി തന്നെ നോക്കിയിരിക്കുന്നു... അവളുടെ കണ്ണുകളിൽ ആകാംക്ഷയുണ്ടെങ്കിലും നോവാണ് അതിലധികം.. തന്റെ വാക്കുകളിലൂടെ അവൾ സംഭവിച്ചതെല്ലാം കണ്മുന്നിൽ കാണുന്നുണ്ടാവുമെന്ന് തോന്നി അവന്..കേട്ടതിലുമധികം നടുക്കമുണർത്തുന്ന കാര്യങ്ങൾ അവൾ കേൾക്കാനിരിക്കുന്നതേ ഉള്ളുവെന്നാലോചിച്ചപ്പോൾ ചിരാഗിന് പേടിയാണ് തോന്നിയത്... അവളോടെല്ലാം പറഞ്ഞേ തീരൂ.. അത്‌ തന്നിലേൽപ്പിക്കപ്പെട്ടിരിക്കുന്ന ദൗത്യമാണ്.........അവനൊന്ന് നെടുവീർപ്പിട്ടു..

\"ബാംഗ്ലൂർ... ഗാർഡൻ സിറ്റി...വാർഷികത്തിന് അഞ്ച് ദിവസം മുമ്പേ അനുവും ലോകിയും അവിടെയെത്തി... അവരുടെ യാത്രകളിലെ സുന്ദരനിമിഷങ്ങൾ ഞങ്ങളിലേക്ക് ചിത്രങ്ങളായി എത്തി...
ഒരുപാട് സന്തോഷത്തിലായിരുന്നു അവർ......അവിടെ ചെന്ന് അവർക്കൊരു സർപ്രൈസ്  കൊടുക്കാൻ ഞങ്ങൾ നാല് പേരും കൂടി തീരുമാനിച്ചു... ദിനേശങ്കിളിനെ ധിക്കരിച്ചാണ് അഞ്ചു ഞങ്ങൾക്കൊപ്പം വന്നത്...

വിവാഹവാർഷികത്തിന്റെ തലേന്ന് വൈകുന്നേരം ഞങ്ങൾ ബാംഗ്ലൂർ എത്തി... അതിന് തൊട്ട് മുൻപ് ലോകി ഞങ്ങൾക്കയച്ചൊരു ചിത്രത്തിൽ നിന്നും അവർ പുറത്താണെന്ന് ഞങ്ങൾക്ക് മനസ്സിലായിരുന്നു... അവർ താമസിക്കുന്ന ഹോട്ടലിന്റെ ലോബിയിൽ അവർക്ക് വേണ്ടി കൊണ്ടു പോയ സമ്മാനങ്ങളുമൊക്കെയായി ഞങ്ങൾ കാത്തിരുന്നു... മണിക്കൂറുകളോളം...
പക്ഷേ അവർ വന്നില്ല..നേരം രാത്രി പതിനൊന്നരയായപ്പോൾ ജിത്തു ലോകിയെ ഫോണിൽ വിളിച്ചു.. പക്ഷേ അത്‌ സ്വിച്ച് ഓഫ്‌ ആയിരുന്നു..

കുറേ തവണ അനുവിനെ വിളിച്ചു നോക്കി.. റിങ്ങുണ്ടായിരുന്നു.. പക്ഷേ ഫോണെടുത്തില്ല...പതിയെ പതിയെ ഞങ്ങൾക്ക് പേടിയാകാൻ തുടങ്ങി...അരുതാത്തതെന്തെങ്കിലും സംഭവിച്ചോ എന്ന ഭയം... ജിത്തുവിന് ഭ്രാന്ത് പിടിച്ചത് പോലെയായിരുന്നു ആ സമയത്ത്... ഒരെത്തും പിടിയും കിട്ടാതെ അവൻ അനുവിനെ വിളിച്ചു കൊണ്ടേയിരുന്നു....

ഒടുവിലാ കോൾ അറ്റൻഡ് ആയി.. പക്ഷേ അതെടുത്തത് അനുവായിരുന്നില്ല... ഒരു പോലീസ്കാരനായിരുന്നു... അയാളാദ്യം പറഞ്ഞത് കന്നഡയായിരുന്നു.. ജിത്തുവിന് മനസ്സിലാകാതെ വന്നപ്പോൾ അവൻ ഫോണെനിക്ക് തന്നു...

ഞാൻ..ഭാനു...ഞാനാണാ വാർത്ത ആദ്യം കേട്ടത്... കുറേ സമയത്തേക്ക് ഒരു മരവിപ്പായിരുന്നു തലയ്ക്ക്‌.. ഫോൺ കയ്യിൽ നിന്നും വീണു പോയത് പോലും ഞാനറിഞ്ഞില്ല... ചുറ്റും നിന്ന് അവര് മൂന്നുപേരും മാറി മാറി വിളിച്ചിട്ടും അവരെ തുറിച്ചു നോക്കി നിന്നതല്ലാതെ എനിക്ക് നാവനക്കാൻ പറ്റിയില്ല..ഒടുവിൽ ജിത്തുവിന്റെ കൈ എന്റെ ചെകിട്ടിൽ വീണപ്പോഴാണ് എനിക്ക് സ്വബോധം വന്നത്.... \"

\"എന്താ.. എന്താ... ഏട്ടാ...പറ്റിയത്? \"
ഭാനുവിന്റെ സ്വരം വിറച്ച് പോയിരുന്നു.. കനത്ത ഭീതി അവളുടെ കണ്ണുകളിൽ അവന് കാണാമായിരുന്നു....അവൻ ഒരു ദീർഘശ്വാസമെടുത്തു...

\"ബാംഗ്ലൂർ സിറ്റിയിൽ നിന്നും മുപ്പത്തിരണ്ട് കിലോമീറ്റർ അകലെയുള്ള ഹെസരഘട്ട ലേക്കിലേക്ക് പോകും വഴി ഒരിടത്ത് ഒരു സ്ത്രീയും പുരുഷനും ആക്രമിക്കപ്പെട്ടിരിക്കുന്നുവെന്ന്... പുരുഷൻ കൊല്ലപ്പെട്ടെന്നും സ്ത്രീയെ സിറ്റിയിലെ ഒരു ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയിട്ടുണ്ടെന്നും... ആ സ്ത്രീയുടെ ബാഗിൽ നിന്നുമാണ് ഫോൺ കിട്ടിയതെന്ന്..\"

നിശ്ശബ്ദത!!!
അവിടുന്നങ്ങോട്ട് നിമിഷങ്ങളോളം കനത്ത നിശ്ശബ്ദതയായിരുന്നു....
ചിരാഗിന്റെ നിലയ്ക്കാതെ ഒഴുകിയിറങ്ങുന്ന കണ്ണുകൾ അവനുൾപ്പെട്ട ആ നാല് പേർ അന്ന് അനുഭവിച്ച തീവ്രമായ വേദനയെ ഭാനുവിന് മനസ്സിലാക്കി കൊടുത്തു....
അവൾക്കും നാവനങ്ങുന്നുണ്ടായിരുന്നില്ല... ശരീരത്തിൽ വിറയൽ നിലച്ചിരുന്നില്ല... ഹൃദയം ക്രമം നേടിയിരുന്നില്ല....

ഷർട്ടിന്റെ കയ്യിൽ വീണ്ടും വീണ്ടും കണ്ണുകൾ തുടച്ച് കൊണ്ട് ചിരാഗ് കഥ തുടരാൻ നിർബന്ധിതനായി... വാക്കുകളാൽ എല്ലാം വിവരിക്കുമ്പോൾ അവൻ വീണ്ടുമാ നിമിഷങ്ങളിൽ ജീവിച്ച് അതേ വേദനയിൽ ഉരുകിനീറുകയായിരുന്നു.....

\"ലോകി... ഞങ്ങളുടെ ലോകി... He was... He was murdered... A cold blooded murder... And... And... Anu... Anu was brutally raped!!!!\"
നാവ് കുഴഞ്ഞ് പോകുന്നുണ്ടായിരുന്നു ചിരാഗിന്.. ഭാനു രണ്ടു കൈകൾ കൊണ്ടും വായ പൊത്തിപ്പിടിച്ചു... അവളുടെ കണ്ണുകൾ തുറിച്ചു നിന്നിരുന്നു.... ഭയത്താൽ കലങ്ങിയ മിഴികൾ നിറഞ്ഞൊഴുകി തുടങ്ങി....

ചിരാഗ് അവളെ നോക്കിയതേയില്ല... അവൻ മറ്റേതോ ഒരു ലോകത്തായിരുന്നു....
\"കിച്ചുവാണ് ഹോസ്പിറ്റലിലേക്ക് ഡ്രൈവ് ചെയ്തത്...അന്ന് അവനെങ്ങനെ ഡ്രൈവ് ചെയ്യാൻ പറ്റിയെന്ന് പിന്നീട് ആലോചിച്ച് അദ്‌ഭുതപ്പെട്ടിട്ടുണ്ട് ഞാൻ.. കാരണം എനിക്ക് കൈ കാലുകൾ അനക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല... ജിത്തുവിനെയോ അഞ്ചുവിനെയോ ഞാൻ നോക്കിയില്ല... നോക്കാൻ കഴിഞ്ഞില്ല....

അവിടെ ചെന്ന് കാര്യങ്ങൾ അന്വേഷിച്ചതൊക്കെ കിച്ചുവും അഞ്ചുവുമാണ്.... ലോകിയെ തേടി അവർക്ക്.. അവർക്ക് മോർച്ചറിയിലേക്ക് പോകേണ്ടി വന്നു ഭാനു.... അപ്പോഴും മധുരപ്രിയനായ അവന് വേണ്ടി ഞങ്ങൾ വാങ്ങിയ ഗുലാബ് ജാമുൻ കേടാവാതെ ഞങ്ങളുടെ കാറിലുണ്ടായിരുന്നു....

ഐ. സി. യൂ വിന് പുറത്ത് ഇരിക്കുമ്പോഴാണ് ഞാൻ ജിത്തുവിനെ നോക്കിയത്... ഒരു തുള്ളി കണ്ണുനീർ പോലും അവന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞിട്ടില്ലെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്... ആ നിമിഷം ജിത്തുവിനെ ഓർത്താണ് എനിക്ക് ഭയം തോന്നിയത്... അകത്ത് അവന്റെ എല്ലാമായവൾ ജീവിതത്തിനും മരണത്തിനുമിടയിലുള്ള പോരാട്ടത്തിലാണെങ്കിൽ കുറച്ചപ്പുറം അവന്റെ ജീവന്റെ ഒരംശം തന്നെയാണ് തണുത്തു വിറങ്ങലിച്ചു കിടന്നിരുന്നത്....

പോലീസുകാർ കൊണ്ടു വന്നു തന്ന അനുവിന്റെ മൊബൈൽ ഞാനാണ് വാങ്ങി വച്ചത്... ലോകിയുടെയും അനുവിന്റെയും മറ്റ് സാധനങ്ങൾ ഫോറെൻസിക് ടീം കൊണ്ടു പോയി....പോലീസ്കാർ പലതും ചോദിച്ചു... ജിത്തു ഒന്നും അറിയുന്നുണ്ടായിരുന്നില്ല... ഞാനാണ് അവർക്ക് ഉത്തരങ്ങൾ നൽകിയത്...

കുറേ കഴിഞ്ഞ് പുറത്തിറങ്ങിയ ഡോക്ടർ പറഞ്ഞത് അനുവിൽ ഒരു തരി ജീവനേ ബാക്കിയുള്ളുവെന്ന്... തലയ്ക്കു പിറകിൽ ശക്തമായ ക്ഷതമേറ്റത് കൊണ്ട് അവളുടെ ശരീരം തളർന്ന് പോയെന്ന്...ഒന്നിൽ കൂടുതൽ പേർ ചേർന്ന് അതിക്രൂരമായിട്ടാണ് അവളെ റേപ്പ് ചെയ്തതെന്ന്.... കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം തുടങ്ങിയെന്ന്...

ആ വാക്കുകൾ... ആ വാക്കുകൾ കേട്ട് ആ ഹോസ്പിറ്റൽ വരാന്തയിൽ വച്ച് അലറി വിളിച്ചു കരഞ്ഞ ജിത്തുവിനെ ഓർത്ത് ഇപ്പോഴും ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേൽക്കാറുണ്ട് ഭാനു ഞാൻ...

അന്ന് അനുവിനെയും കൊണ്ട് മുന്നിൽ പോകുന്ന ആംബുലൻസിനും അതിനു പിറകെ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് വിട്ടു കിട്ടിയ ലോകിയുടെ ജീവനില്ലാത്ത ശരീരവുമായി പോകുന്ന ആംബുലൻസിനും പുറകേ....കളിചിരികളും നിറഞ്ഞ സന്തോഷവുമായി അന്ന് രാവിലെ പിന്നിട്ടു വന്ന വഴിയിലൂടെ... പാതി ചത്ത മനസ്സോടെ ഞങ്ങൾ നാല് പേരും ആ കാറിൽ  മടങ്ങിപ്പോയി..

ആ അവസ്ഥയിലും ഉണർന്നു പ്രവർത്തിച്ച അഞ്ചുവിലെ ഡോക്ടറുടെ തീരുമാനമായിരുന്നു അനുവിനെ അവൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുകയെന്നത്... ഒന്നും സംസാരിക്കാതെ... വെള്ളം പോലും കുടിക്കാതെ അനു കിടക്കുന്ന ഐ. സി.യൂ വിന് പുറത്ത് ജിത്തു ഇരുന്നു.. ഒരു കാവൽ പോലെ... അകത്ത് അയ്യർ സാറിന്റെ ടീം അവളുടെ ബാക്കിയുള്ള ജീവൻ തിരികെ പിടിക്കാൻ കിണഞ്ഞു ശ്രമിക്കുമ്പോൾ പുറത്ത് ആ ജീവൻ വിട്ടു തരാനാവില്ലെന്ന വാശിയോടെ ഈശ്വരനെ പോലും വെല്ലുവിളിച്ചിട്ടുണ്ടാകുമവൻ...

അഞ്ചുവുള്ളത് കൊണ്ട് ഞാനും കിച്ചുവും കൂടിയാണ്‌ ലോകിയെ അവന്റെ വീട്ടിലെത്തിച്ചത്... പിന്നെയുള്ളതൊന്നും എനിക്ക് ഓർക്കാനോ വിവരിക്കാനോ കഴിയില്ല ഭാനു...ഞങ്ങളുടെ ചുറ്റും നിലവിളികളും കരച്ചിലുകളും മാത്രം... ലോകിയുടെ ശേഷക്രിയകൾക്കൊക്കെ സഹായത്തിന് ഞങ്ങളുണ്ടായിരുന്നെങ്കിലും ഞങ്ങൾക്കും പാതി ജീവനേ ഉണ്ടായിരുന്നുള്ളൂ... ആ ജീവന്റെ പാതിയാകട്ടെ അനുവിനടുത്തും....

ദിവസങ്ങളും മാസങ്ങളും പോയത് വളരെ പതുക്കെയാണ്... ഒന്നും പഴയത് പോലെയായിരുന്നില്ല.. എല്ലാം മാറി.. എല്ലാവരും മാറി...എല്ലാവരും ഒരു തരം മരവിപ്പിലായിരുന്നു... ചിരിക്കാനറിയാത്ത.. കണ്ണുനീർ വറ്റാത്ത ഒരു പറ്റം മനുഷ്യർ...

ജീവൻ തിരിച്ചു പിടിച്ചെങ്കിലും അനുവിന്റെ ചലനം നിലച്ചിരുന്നു...
ഇന്റെർണൽ ഓർഗൻസ് പലതും തകരാറിലായി... ഗർഭപാത്രം റിമൂവ് ചെയ്യേണ്ടി വന്നു...കണ്ണുകളനങ്ങുന്നതും കണ്ണീരൊഴുകുന്നതും ശ്വാസമെടുപ്പും മാത്രമായി ജീവനുള്ളതിന്റെ അടയാളം...
പക്ഷേ പ്രതീക്ഷയുടെ നേരിയൊരു കണിക മാത്രം ബാക്കി നിന്നിരുന്നു... അയ്യർ സാറിന്റെ വാക്കുകളിൽ അവൾക്കൊരു സ്ലോ റിക്കവറിക്കുള്ള സാദ്ധ്യതകൾ ഉണ്ടായിരുന്നു... പക്ഷെ അതിന് ഇൻഫെക്ഷൻ വരാതെ അവളുടെ ശരീരം ഭദ്രമായി സൂക്ഷിക്കണമെന്ന് അദ്ദേഹം നിർദേശം നൽകി..ആ ഹോസ്പിറ്റലിൽ തന്നെ പ്രത്യേക സംരക്ഷണത്തിൽ അവൾ കഴിഞ്ഞു...

അഞ്ചുവുണ്ടെങ്കിലും ജിത്തു അവിടെ നിന്നും പോയിരുന്നില്ല... അവനെ കാണാൻ ഇടയ്ക്കിടെ ഞാനും കിച്ചുവും മാറി മാറി പൊയ്ക്കൊണ്ടിരുന്നു... അനുവില്ലാതെ വീട്ടിലേക്ക് ചെല്ലില്ലെന്ന വാശിയിലായിരുന്നു ജിത്തു...ഒടുവിലൊരു നാൾ അമ്മയുടെ കണ്ണുനീർ നിറഞ്ഞൊരു വിളിയിലാണ് അവൻ പോകാൻ തയ്യാറായത്... അനുവിനെ അഞ്ചുവിനെ ഏൽപ്പിച്ചിട്ടവൻ പോയി... കൊല്ലത്തേക്ക്... അവന്റെ അച്ഛനെയും അമ്മയെയും മാസങ്ങൾക്കു ശേഷം കാണാൻ...

പക്ഷേ...അന്നവനറിയില്ലായിരുന്നു...
വിധി അവന്റെ നഷ്ടങ്ങളിൽ വീണ്ടും പലതും എഴുതി ചേർത്തിട്ടുണ്ടെന്ന് \"

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️


രണഭൂവിൽ നിന്നും... (20)

രണഭൂവിൽ നിന്നും... (20)

4.8
2586

\"വീട്ടിലെത്തിയ ജിത്തുവിന് ഒരുപാട് മാറ്റങ്ങൾ വന്നിരുന്നു.. അവന്റെ വീടിന് ഒരു മതിൽക്കപ്പുറം മാത്രമുള്ള ലോകിയുടെ വീട്ടിലേക്ക് പോകാനുള്ള ധൈര്യം പോലും അവന് നഷ്ടമായിരുന്നു...മകളുടെ ദൈന്യമായ അവസ്ഥയ്ക്കൊപ്പം മനസ്സ് തകർന്ന് പോയ മകനേക്കൂടി കണ്ടപ്പോൾ ആ അച്ഛനമ്മമാരുടെ അവസ്ഥയെങ്ങിനെയായിരുന്നിരിക്കുമെന്ന് എനിക്ക് ഊഹിക്കാനേ കഴിയുന്നില്ല ഭാനു.....അവൻ ലോകിയുടെ വീട്ടിലേക്ക് പോയില്ലെങ്കിലും ലോകിയുടെ അച്ഛനും അമ്മയും അവനെ കാണാനെത്തി... ലോകിയെപ്പോലെ അവനെ സ്നേഹിച്ചിരുന്ന അവർ കരഞ്ഞില്ല.. പകരം അവരെ കെട്ടിപ്പിടിച്ചു കരഞ്ഞത് ജിത്തുവായിരുന്നെന്ന് പിന്നീടൊരിക്കൽ അവൻ