Aksharathalukal

നിഹാരിക -5

നിഹാരിക 5

ഓഫീസ് വിട്ടു റാം വന്നാൽ ഓടിവന്നു മടിയിൽ കയറുന്ന അല്ലുവിനെ അന്ന് ശ്രീറാം കണ്ടില്ല.. അത് കൊണ്ട് റാം അല്ലുവിനെ നോക്കി മുറിയിലെത്തി.. 

\"അല്ലു.. \"

\"പപ്പാ.. \"

\"എന്താ അല്ലു ചെയ്യുന്നേ... \"

\"ഇതുകണ്ടോ പപ്പാ.. അല്ലു വരച്ചതാ.. \"

\"ആഹാ സൂപ്പർ ആണല്ലോ മോളു... മോളു അതൊക്കെ അവിടെ വെച്ചിട്ട് ഇങ്ങു വന്നേ... പപ്പ ചോദിക്കട്ടെ.. \"

ശ്രീറാം പറയുന്നത് കേട്ട് അല്ലു ബുക്കും പുസ്തകവും അവിടെ വച്ചിട്ട് എഴുന്നേറ്റ് വന്ന് റാമിന്റെ മടിയിൽ കയറിയിരുന്നു... 

\"അല്ലുന് വിശക്കുന്നില്ലേ... \"

\"ഇല്ലല്ലോ പപ്പാ... \"

\"അതെന്താ.. മോളു എന്തെങ്കിലും കഴിച്ചോ? \"

\"എനിക്ക് നിച്ചു ചോറ് തന്നു... \"

\"നിച്ചുവോ അതാരാ... അല്ലു പറയുന്നത്  മനസ്സിലാവാതെ റാം മോളോട് ചോദിച്ചു\"

\"പപ്പക്ക്  അറിയില്ലേ അത് ഇന്ന് വന്ന ആന്റിയാ \"

\"ആന്റിയെ മോള് നിച്ചുന്നാ വിളിക്കുന്നേ\"

\"അല്ലു മാത്രമല്ല എല്ലാരും നിച്ചുന്നാ  വിളിക്കണേ .. \"

\"ആണോടാ എന്നിട്ട് പപ്പാ അറിഞ്ഞില്ലല്ലോ അത് \"

\"അയ്യേ ഈ  പപ്പയ്ക്ക് ഒന്നും അറിഞ്ഞുകൂടാ.. \"

\"ആണോ ടീ കുറുമ്പി... അതൊക്കെ പോട്ടെ പപ്പാ മോളോട് വേറൊരു കാര്യം ചോദിക്കട്ടെ...\"

\"എന്താ പപ്പാ... \"

അല്ലു സംശയത്തോടെ ശ്രീറാമിന്റെ മുഖത്തേക്ക് നോക്കി... 

\"മോൾക്ക് ആന്റിയേ ഇഷ്ടായോ... \"

\"ആ അല്ലുന്  ആന്റിയേ ഒത്തിരി ഒത്തിരി  ഇഷ്ടായി... ആന്റി അല്ലുന്റെ കൂടെ കളിയ്ക്കും കഥ പറഞ്ഞു തരും പാട്ട് പാടി തരും ... \"

മോളുടെ സന്തോഷം കണ്ടപ്പോൾ റാമിന് സമാധാനം തോന്നി...

\"അല്ലുന്റെ ആന്റി എന്തെങ്കിലും കഴിച്ചോ... \"

\"ഇല്ലല്ലോ... \"

\"എന്നാ മോളു  ചെന്ന് ആന്റിയെ കൂട്ടിയിട്ട് വാ. പപ്പ അച്ഛമ്മയുടെ അടുത്തേക്ക് പോയിട്ട് വരാം...\"

\"ശ്രീറാം പറയുന്നത് കേട്ട് അല്ലു വേഗം പപ്പയുടെ മടിയിൽ നിന്നും ചാടി ഇറങ്ങി നിഹയുടെ മുറിയിലേക്ക്  പോയി.. \"

മുറിയുടെ വാതിൽ തള്ളിത്തുറന്ന്  ബെഡിൽ ഇരുന്ന നിഹയുടെ മടിയിലേക്ക് അല്ലു ചാടിക്കയറി... 

നിഹ അല്ലുവിനെ വാരിയെടുത്തു കുഞ്ഞി കവിളിൽ അമർത്തി ഉമ്മ കൊടുത്തു... 

തുറന്നുകിടക്കുന്ന വാതിലിലൂടെ ഈ കാഴ്ച ശ്രീറാമിന്റെ കണ്ണിലുടക്കി...

ഇത്രവേഗം അവർ തമ്മിൽ അടുപ്പം ആയത് കണ്ടപ്പോൾ റാമിന് ഭയങ്കര സന്തോഷവും ഒപ്പം അത്ഭുതവും  തോന്നി...

\"എങ്ങനെയാവും ഇത്രയും പെട്ടെന്ന് അല്ലുവിന് നിഹയോട്  ഇത്രയും അടുപ്പം തോന്നിയത്.. \"

റാം ഓർത്തു.. 

റാം നിഹയെ നോക്കി നിന്ന സമയത്ത് തന്നെ നിഹ മുഖമുയർത്തി നോക്കി... അവരുടെ മിഴികൾ തമ്മിൽ പരസ്പരം കോർത്തു.. 

റാം തന്നെ നോക്കിനിൽക്കുന്നത് കണ്ടപ്പോൾ നിഹയ്ക്ക് വല്ലാതെ ജാള്യത തോന്നി.. 

അത് മനസ്സിലായപ്പോൾ റാം വേഗം പടികളിറങ്ങി താഴേക്ക് പോന്നു.. 

നിഹ താഴെയെത്തിയപ്പോൾ റാം ഒരു പാത്രത്തിൽ ഫുഡ് പകർന്നു എടുക്കുവായിരുന്നു.. 

\"ആഹ്.. നിഹ.. ഫുഡ് കഴിച്ചോ? \"

\"ഇല്ല സാർ.. \"

\"എങ്കിൽ കഴിച്ചു കിടന്നോളു.. ഇത്‌ അമ്മക്കുള്ള ഫുഡ് ആണ്.. ഞാൻ കൊടുക്കട്ടെ.. \"

\"സാർ കഴിക്കുന്നില്ലെ.. \"

\"അമ്മക്ക് കൊടുത്തിട്ട് ഞാൻ കഴിച്ചോളാം.. \"

അതും പറഞ്ഞു കൊണ്ട് ഭക്ഷണവുമായി ശ്രീറാം മുന്നോട്ടു നടന്നു...

\"സാർ.. \"

നിഹ വിളിച്ചപ്പോൾ ശ്രീറാം  അവിടെ  തിരിഞ്ഞു നിന്നു

\"ഞാൻ കൊടുക്കട്ടെ അമ്മക്ക് ഫുഡ് \"

അത് കേട്ട് ഒരു നിമിഷം റാം അവളെ നോക്കി നിന്നു.. എന്നിട്ട് പറഞ്ഞു.. 

\"വേണ്ട... പരിചയമില്ലാത്തവരെ അമ്മ അടുപ്പിക്കില്ല.. അത് മാത്രമല്ല.. എനിക്കെന്റെ അമ്മയോട് സംസാരിക്കാൻ കിട്ടുന്ന സമയം ഇതാണ്... അതുകൊണ്ട് ഞാൻ കൊടുത്തോളാം.. \"

അത്രയും പറഞ്ഞിട്ട് ശ്രീറാം മുന്നോട്ട് നീങ്ങി.. 

ഒരു വ്യക്തിയുടെ പല ഭാവങ്ങൾ നിഹ നോക്കികാണുകയായിരുന്നു.. 

ഒരു വല്യ ബിസിനസ് സാമ്രാജ്യത്തെ ചൊല്പടിയിൽ നിർത്തുന്ന ആള് വീട്ടിലെത്തുമ്പോൾ മോൾടെ കൂടെ കളിക്കുന്ന സ്നേഹനിധിയായ അച്ഛൻ.. അമ്മയുടെ കൂടെയിരിക്കാൻ പരിചരിക്കാൻ  ആഗ്രഹിക്കുന്ന ഒരു മകൻ... ഇങ്ങനെയും മനുഷ്യർ ഉണ്ടാവുമോ.. 

കൂടുതൽ അറിയുന്തോറും.. എനിക്കാ മനുഷ്യനോട് വല്ലാത്ത ആരാധന തോന്നുന്നു...

അവൾ മനസ്സിൽ ചിന്തിച്ചു.. 

നിഹ ഭക്ഷണം കഴിക്കുമ്പോൾ അല്ലു ടീവിയിൽ കാർട്ടൂൺ കാണുവായിരുന്നു... 

കഴിച്ചു കഴിഞ്ഞ് കിച്ചൻ ഒക്കെ ഒതുക്കി നിഹ പുറത്തേക്ക് വന്നപ്പോൾ അല്ലു ഓടിച്ചെന്നു നിഹയെ വട്ടംപിടിച്ചു.. 

\"നിച്ചു... \"

\"എന്താടാ.. മുത്തേ \"

\"എനിക്ക് രാവിലത്തെ സൂത്രം വേണം.. \"

അല്ലു കൊഞ്ചിക്കൊണ്ട് പറഞ്ഞു.. 

\"ഇപ്പോഴോ... രാത്രിയിൽ മധുരം കഴിക്കാൻ പാടില്ലെടാ കുട്ടാ... പല്ല് കേടാവും.. \"

\"എനിക്ക് വേണം.. വേണം.. ഇപ്പൊ വേണം.. \"

അല്ലു വാശി പിടിക്കാൻ തുടങ്ങി.. 

\"ശോ.. നീയെന്നെ കുഴപ്പിക്കുമല്ലോ മുത്തേ... കഴിച്ചു കഴിഞ്ഞു ബ്രെഷ് ചെയ്യണം.. സമ്മതിച്ചോ \"

നിഹ പറയുന്നത് കേട്ടാ കുഞ്ഞുമുഖം വിടർന്നു.. 

\"മ്മ് ചെയ്യാം... പച്ചേ എനിക്ക് നാലെണ്ണം വേണം.. \"

\"അയ്യെടി കുറുമ്പി നീയാള് കൊള്ളാല്ലോ... മോളു ഇവിടെ നിൽക്ക് ഇപ്പൊ തരാം.. \"

അത് പറഞ്ഞു നിഹ കിച്ചൻ കബോർഡ് തുറന്ന് തേൻനിലാവിന്റെ പാക്കറ്റ് എടുത്തു അല്ലുവിന് നേരെ നീട്ടി.... 

അപ്പോഴേക്കും അല്ലു രണ്ടു കയ്യിലും നിറയെ മിട്ടായി വാരിയെടുത്തു പുറത്തേക്കോടി.. 

\"അല്ലു.. മോളേ ഓടല്ലേ... \"

അത് പറഞ്ഞ് കൊണ്ട്  നിഹ പുറകെ ഓടി.. 

അല്ലു ഓടി ചെന്ന് ഹാളിൽ നിൽക്കുന്ന ശ്രീറാമിനെ ഇടിച്ചു നിന്നു... 

അത് കണ്ട നിഹ അവിടെ തന്നെ നിന്നു. 

റാം സംശയത്തോടെ മുഖം ചുളിച്ചു അല്ലുവിനെ നോക്കി.. 

\"എന്താ അല്ലു...അത്.. \"

അല്ലു എത്തികുത്തി നിഹയെ നോക്കി... നിഹ അത് കാണാത്തപോലെ നിന്നു.. 

\"അല്ലുവിനോടാ ചോദിച്ചേ.. എന്താ കയ്യിൽ \"

\"അത് പപ്പായി... മിട്ടായിയാ.. \"

മടിച്ചു മടിച്ചു അല്ലു പറഞ്ഞു.. 

\"എവിടെ നോക്കട്ടെ മിട്ടായി.. \"

റാം ചോദിച്ചപ്പോൾ കുഞ്ഞികൈ വിടർത്തി കാണിച്ചു അല്ലു.. 

\"ഇതാണോ മിട്ടായി... ഈ അൺഹൈജീനിക് ഫുഡ് നിനക്കെവിടുന്നു കിട്ടി അല്ലു.. \"

ശ്രീറാം ദേഷ്യത്തിൽ ചോദിച്ചു.. 

\"അത്... നി.. ച്ചു.. തന്നതാ.. \"

അല്ലു പേടിച്ചു പേടിച്ചു പറഞ്ഞു.. 

\"നിഹാ... ഇവിടെ വാ.. \"

അത് കേട്ട് ശ്രീറാം ദേഷ്യത്തിൽ നിഹയെ വിളിച്ചു... 

നിഹ പേടിച്ചു പേടിച്ചു അവിടേക്ക് വന്നു.. 

\"സാർ.. \"

\"എന്തായിത്..?? \"

\"ഇത്.. തേൻനിലാവ് ആണ്.. \"

\"ഇതിന്റെ പേരല്ല ചോദിച്ചത്.. എന്തിനാ ഇത് അല്ലുവിന് വാങ്ങിക്കൊടുത്തത്... ഇതുപോലെ അൺഹൈജീനിക് ആയ സ്ട്രീറ്റ് ഫുഡൊന്നും ഞാൻ എന്റെ മകൾക്ക് വാങ്ങികൊടുക്കാറില്ലാ.. ഡൂ യൂ അണ്ടർസ്റ്റാൻഡ്.. \"

ശ്രീറാം ദേഷ്യപ്പെട്ടപ്പോൾ നിഹ ആകെ വല്ലാതായി.. 

\"സാർ.. അത് സ്ട്രീറ്റ് ഫുഡ് അല്ല.. അൺഹൈജിനിക്കും അല്ല.. \"

\"ഇയാളെന്താ എന്നെ പഠിപ്പിക്കുവാനോ..\"

\"അല്ല സാർ.. അത് ഞങ്ങളുടെ യൂണിറ്റിൽ ഉണ്ടാക്കുന്നതാ.. നല്ല വൃത്തിയിൽ തന്നെയാണ് ഉണ്ടാക്കുന്നത്.. അതാണ് ഞാൻ മോൾക്ക്.. സോറി സാർ ഇനി ആവർത്തിക്കൂല്ല.. \" 

അത്രയും പറഞ്ഞു നിഹ തല കുമ്പിട്ടു നിന്നു.. 

ആ സമയം കൊണ്ട് അല്ലു കയ്യിലുള്ള മിട്ടായിയുമായി മുറിയിലേക്ക് ഓടിപോയി.. 

നിഹയുടെ സംസാരം കേട്ടപ്പോൾ അത്രയും പറയേണ്ടിയിരുന്നില്ല എന്ന് ശ്രീറാമിന് തോന്നി.. 

\"Its ok.. ഇനിയിത് ആവർത്തിക്കരുത്..\"

\" എനിക്കിഷ്ടമല്ല ഇതുപോലെ ഓരോന്ന് കുഞ്ഞിന് കൊടുക്കുന്നത്.. അവൾക്ക് എന്തെങ്കിലും അസുഖം വന്നാലോ... നിഹ പൊയ്ക്കോളൂ.. \"

ശ്രീറാം പറയുന്നത് കേട്ട് നിഹ തിരിഞ്ഞ് നടന്നു.. സ്റ്റെപ് കയറി പകുതി എത്തിയപ്പോൾ അവൾ തിരിഞ്ഞ് നിന്നു എന്നിട്ട് പറഞ്ഞു.. 

\"ഞങ്ങളെപ്പോലുള്ള സാധാരണക്കാർ ഈ സ്ട്രീറ്റ് ഫുഡ് ഒരുപാട് കഴിച്ചിട്ടുണ്ട് സാർ.. അതൊക്കെ കഴിച്ചു ഇതുവരെ ആരും മരിച്ചിട്ടില്ല.. \"

നിഹയുടെ സംസാരം ശ്രീറാം കേട്ട് മുഖമുയർത്തി നോക്കിയപ്പോഴേക്കും നിഹ അവിടെ നിന്നും ഓടിക്കളഞ്ഞു.. 

അത് കണ്ടപ്പോൾ റാമിന്റെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു.. 

അപ്പോഴാണ് റാം തന്റെ കയ്യിലിരിക്കുന്ന തേൻനിലാവ് കണ്ടത്.. 

റാം അത് വായിലിട്ടു.. 

വായിലേക്ക് അലിഞ്ഞിറങ്ങുന്ന അതിന്റെ മധുരം ആസ്വദിച്ചു നിൽക്കുമ്പോൾ ആണ് മുകളിൽ ഒരു അനക്കം കേട്ട് അവിടേക്ക് റാം നോക്കിയത്... 

സ്റൈർക്കെസിന്റെ മുകളിൽ നിന്ന് നിഹ നോക്കി നിൽക്കുന്നത് കണ്ട റാം ചമ്മി നിന്നു പോയി.. 

റാമിനെ നോക്കി ഒരു കള്ളച്ചിരി കാട്ടിട്ടു നിഹ അല്ലുമോളെയും കൊണ്ട് മുറിയിലേക്ക് പോയി.. 

\"കാന്താരി... \"

നിഹയെ നോക്കികൊണ്ട് റാം പതിയെപറഞ്ഞു.. 

🌹🌹🌹🌹🌹🌹നിഹാരിക 🌹🌹🌹🌹🌹🌹

ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു... 

കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിഹയ്ക്ക് അല്ലുവും അല്ലുവിന് നിഹയും ഇല്ലാതെ പറ്റില്ല എന്നായി.. 

സ്കൂളിൽ പോകുന്നത് വരെയും തിരിച്ചു വന്നുകഴിഞ്ഞാൽ കിടക്കുന്നത് വരെയും നിച്ചു.. നിച്ചു... എന്ന് വിളിച്ചു നിഹയുടെ പുറകെയുണ്ടാവും അല്ലു.. 

പപ്പയുടെ തിരക്ക് മൂലം അല്ലുവിന് നഷ്ടപെട്ട ഓരോന്നും നിഹയിലൂടെ തിരിച്ചു കിട്ടുവായിരുന്നു.. 

അവധി ദിവസങ്ങളിൽ പാർക്കിലും ബീച്ചിലും മാളുകളിലും ഒക്കെ അവർ കറങ്ങി നടന്നു.. 

അല്ലുവിന് വന്ന മാറ്റങ്ങൾ ശ്രീറാമിലും സന്തോഷം നിറച്ചു.. 

അങ്ങനെയിരിക്കെ ഒരു ദിവസം..

അല്ലുവിന്റെ കൂടെ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു മുറിയിലിരുന്ന നിഹയുടെ ഫോൺ ബെല്ലടിച്ചത്... 

അല്ലൂട്ടി ഇവിടിരിക്കുമോ നിച്ചു ഫോണിലാരാന്ന് നോക്കട്ടെ.. 

അല്ലുവിനെ അവിടെ ഇരുത്തിയിട്ട് നിഹ ഫോണെടുക്കാനായി മുറിയിലേക്ക് പോയി.. 

\"ഡീ നിച്ചു നീയിതെവിടെയാ.. \"

\"രോഹിണി.. അവിടെ എല്ലാർക്കും സുഖാണോ \"

\"ആഹ് അത് ഞാനങ്ങോട്ടു വിളിച്ചു പറയാം പെണ്ണെ.. ഇടക്ക് നിനക്കൊന്ന് വിളിച്ചന്വേഷിച്ചൂടെ \"

\"മനഃപൂർവം അല്ലടാ ഇവിടെ ഈ കുഞ്ഞിന്റെ പുറകെ ഉള്ള ഓട്ടമല്ലേ അതാണ്.. അമ്മയെവിടെ.. \"

\"ഇവിടെ ഉണ്ട് കൊടുക്കാം.. \"

രോഹിണി ഫോൺ യമുനമ്മയ്ക്ക് കൊടുത്തു.. 

\"മോളേ.. നിച്ചു നിനക്ക് സുഖാണോ.. \"

\"അതെ അമ്മെ... അമ്മക്കോ.. \"

\"അമ്മക്കിവിടെ സുഖക്കുറവ് ഒന്നുമില്ല.. എന്റെ കുട്ടിയെ ഓർത്തുള്ള വിഷമമേ ഉള്ളൂ.. മോളേ നീയിനി എപ്പോഴാ ഇവിടേക്ക്.. \"

\"ഞാൻ വരാമമ്മേ.. \"

നിഹ അവിടെയുള്ളവരോടൊക്കെ വിശേഷങ്ങൾ ചോദിച്ചു.. 

അവസാനം രോഹിണി ഫോൺ വാങ്ങി എന്നിട്ട് മുറിയിലേക്ക് മാറിനിന്നു നിഹയോട്  സംസാരിക്കാനായി..

\"രോഹു.. പറയെടി അവിടുത്തെ വിശേഷങ്ങൾ.. \"

\" ഇവിടത്തെ വിശേഷങ്ങൾ ഇവിടെ എല്ലാവരും പറഞ്ഞില്ലേ നീ ആദ്യം അവിടുത്തെ വിശേഷങ്ങൾ പറ.. \"

\" ഇവിടെ എന്താ.. അല്ലുന്റെ കൂടെയിരുന്നാൽ സമയം പോകുന്നത് അറിയില്ല.. അത്രയ്ക്കും ക്യൂട്ട് ആണ് ഒരു മിടുക്കി കുട്ടി.. \"

\" നിച്ചു... ഞാൻ ആ കൊച്ചിന്റെ  കാര്യമല്ല ചോദിച്ചത്.. \"

\"പിന്നെ.. \"

\"നിന്റെ സാർ എന്ത് പറയുന്നു.. \"

\"ഓഹ് അവള് തുടങ്ങി.. എന്റെ രോഹിണി നിനക്ക് ഇതല്ലാതെ വേറെ ഒന്നും പറയാനില്ലേ..\"

\"എന്റെ നിച്ചു നീയൊരു പൊട്ടിയാണ്.. ആ കുട്ടിയുമായി ഇത്രയും അടുപ്പമായില്ലേ.. ഒരു കുട്ടി ഉണ്ട് എന്നല്ലേ ഉള്ളൂ ആ മനുഷ്യന് ഒരുപാട് പ്രായം ഒന്നുമില്ലല്ലോ  അയാളെപ്പോലെ ഒരാളെ നീ വിവാഹം കഴിച്ചാൽ നിന്റെ  ഭാഗ്യം അല്ലേ അത്... അല്ലാതെ നമ്മളെപ്പോലുള്ള അനാഥ പെൺകുട്ടികൾക്ക് നല്ല കുടുംബ ജീവിതം ആഗ്രഹിക്കാനുള്ള യോഗ്യതയുണ്ടോ.. \"

\"രോഹു നീ പറയുന്നതൊക്കെ ശരിയാണ് പക്ഷേ.. അതൊന്നും വേണ്ട ശരിയാവില്ല.. അവരൊക്കെ വല്യ വല്യ ആൾക്കാരാ.. \"

\" നിച്ചു നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല... \"

അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ  അല്ലു പുറകിലൂടെ വന്ന് നിഹയുടെ  കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ച് കൊണ്ട് പുറത്തേക്ക് ഓടി... 

\"അല്ലൂട്ടി.. അതിങ്ങു താ മോളേ.. \"

\"ഇല്ല.. മതി ഫോൺ വിളിച്ചത്... എന്റെ കൂടെ കളിക്കാൻ വാ.. നിച്ചു.. \"

\"അല്ലു പറയുന്നത് കേൾക്ക് ആ  ഫോൺ ഇങ്ങ് താ നിച്ചു സംസാരിച്ചിട്ട് വരാം.. \"

\" വേണ്ട മതി സംസാരിച്ചത്.. നമുക്ക് കളിക്കാം.. \"

\"അല്ലു... \" 

ദേഷ്യത്തോടെ ആ ഫോൺ പിടിച്ചു വാങ്ങിക്കാൻ നിഹ ശ്രമിച്ചതും അല്ലു മുറിയിൽ നിന്നിറങ്ങി ഒറ്റയോട്ടം.. 

നിഹ പുറകേയോടി..

അല്ലു താഴേക്കോടിയതും ശ്രീറാം കയറി വന്നതും ഒന്നിച്ചായിരുന്നു.. 

സ്റ്റെയർകേസിൽ വെച്ചു നിഹ ശ്രീറാമിനെ ഇടിച്ചു താഴേക്ക് വീഴാൻ പോയി.. 

റാമിന്റെ കൈകൾ അവളെ താങ്ങിനിർത്തി... താഴേക്ക് വീഴാതെ വലിച്ചു നെഞ്ചിലേക്കിട്ടു... 

ഇടുപ്പിൽ ആ കൈകൾ അമർന്നപ്പോൾ അവൾ സ്വയം മറന്നു.. കണ്ണിമവെട്ടാതെ അവൾ  ശ്രീറാമിനെ നോക്കി നിന്നു.. അവരുടെ കണ്ണുകൾ ഇടഞ്ഞു.. 

നിഹയുടെ കണ്ണുകളിലുള്ള കുസൃതി എപ്പോഴോ അയാളും ശ്രദ്ധിച്ചിരുന്നു.. 
പരസ്പരം മിണ്ടാൻ പോലുമാവാതെ അവർ നിന്നു.. 

പെട്ടെന്ന് ഒരു ശബ്ദം കേട്ടു ഒപ്പം അല്ലുവിന്റെ കരച്ചിലും...

അല്ലുവിന്റെ കരച്ചിൽ കേട്ടതോടെ നിഹ റാമിനെ തള്ളിമാറ്റി താഴേക്ക് ഓടി... 

കാത്തിരിക്കൂ..

തേൻ നിലാവ് എന്തെന്ന് അറിയാത്തവർക്ക്... അതൊരു മിട്ടായിയാണ്.. ഉഴുന്ന് കൊണ്ട് ഉണ്ടാക്കുന്നതാണ് പൊട്ടിക്കുമ്പോൾ അകത്തു തേൻ ഉണ്ടാവും .. അതുകൊണ്ടാണ് അതിനെ തേൻ നിലാവ് അല്ലെങ്കിൽ തേൻ മിട്ടായി എന്ന് പറയുന്നത് ഫോട്ടോ കമന്റ് ബോക്സിൽ ഉണ്ട്... ഒരുപാട് ആളുകൾ സംശയം ചോദിച്ചു അതാട്ടോ... 

അഞ്ജു.. 



തേൻ നിലാവ് 



നിഹാരിക -6

നിഹാരിക -6

4.3
3731

നിഹാരിക 6 റാമിന്റെ കൈകളിൽ ആ ഹൃദയത്തുടിപ്പിൽ നിഹ മതിമറന്നു നിൽക്കുമ്പോഴാണ് അല്ലുവിന്റെ കരച്ചിൽ കേട്ടത്.. നിഹ വേഗം റാമിനെ തള്ളിമാറ്റി താഴേക്കോടി.. പുറകെ ശ്രീറാമും.. സ്റ്റെയർ ഇറങ്ങി താഴെ വന്ന നിഹ കാണുന്നത് കമഴ്ന്നു കിടന്നു കരയുന്ന അല്ലുവിനെ ആണ്.. തൊട്ടടുത്തു നിഹയുടെ ഫോൺ പൊട്ടിച്ചിതറി കിടക്കുന്നുണ്ടായിരുന്നു \"മോളേ... അല്ലൂ... എന്താ പറ്റിയെ.. \" നിഹ ഓടിവന്നു കുഞ്ഞിനെ വാരിയെടുത്തു.. \"നിച്ചു... നോവുന്നു..\" അല്ലു കരഞ്ഞു കൊണ്ട് പറഞ്ഞു.. \"എവിടാ മുത്തേ നോവുന്നെ... എന്താ പറ്റിയെ.. \" അല്ലു പതിയെ കാൽമുട്ട് തൊട്ടു കാണിച്ചു.. അവിടെ ചെറുതായി ചുമന്ന കിടക്കുന്നുണ്ടായിരുന്നു... \"മ