Aksharathalukal

നിനക്കായ്‌ ഈ പ്രണയം (അവസാനഭാഗം )

\"ഞാൻ കരുതിയത് ലച്ചു ആകാശിന്റെ കൂടെ പോകും എന്നാണ്. പ്രതേകിച്ചു ഡൈവോഴ്‌സ് പ്രോസീഡ് ചെയ്യണ്ട എന്ന്‌ അവൾ പറഞ്ഞപ്പോൾ.. ഇപ്പോൾ ആകാശ് മാനസിക രോഗി ആണെന്ന് തെളിഞ്ഞത് കൊണ്ട് എളുപ്പമാണ്.. പക്ഷേ വേണ്ട എന്ന്‌ പറഞ്ഞു ലച്ചു.. എന്നിട്ടും അവൾ എന്തുകൊണ്ട് ആണ് ആകാശിൽ നിന്നു മാറി നിൽക്കുന്നത്?\" രഘു ചോദിച്ചു.

അവന്റെ തോളിലേക്ക് തല ചായ്ച്ചു മിലി ഇരുന്നു. \"അവൾക്ക് ഇപ്പോളും ആകാശിനെ ഇഷ്ട്ടം ആണ്.. പക്ഷേ ചൂടുവെള്ളത്തിൽ വീണ പൂച്ചയെപ്പോലെ ആണവൾ.. ഒരിക്കൽ അവൻ അവളെ സ്നേഹിച്ചു തുടങ്ങിയത് ആണ്.. അവന്റെ സ്നേഹത്തിൽ മതി മറന്നു അവൾ ജീവിച്ചതാണ്.. പക്ഷേ അവൻ അവളെ തള്ളി പറഞ്ഞു.

അതിന്റെ കാരണം എന്തും ആയിക്കോട്ടെ. ഡ്രഗ് അടിക്ഷനോ, മെന്റൽ ഡിപ്രഷാനോ എന്തും... പക്ഷേ അത് അവളുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. ആകാശ് സുഖപ്പെട്ടേക്കാം.. അവൾ അവനു ചെയ്യുന്ന ത്യാഗങ്ങൾ കണ്ടു അവളെ വീണ്ടും ജീവിതത്തിലേക്ക് കൂടെ കൂട്ടിയേക്കാം.. എന്നിട്ട് ഒരിക്കൽ കൂടി അവനു തന്നെ തന്നെ കൈ വിട്ടു പോയാലോ? വീണ്ടും അവൻ അവളെ തള്ളി കളഞ്ഞാലോ?

അത് സഹിക്കാൻ അവൾ ആഗ്രഹിക്കുന്നില്ല. അവളെ നിർബന്ധിച്ചു വിടാൻ ഞാനും.\" മിലി പറഞ്ഞു നിർത്തിയതും രഘു ഒരു നെടുവീർപ്പിടട്ടു.

രണ്ടു പേരും മൗനത്തിൽ മുഴുകി. രംഗം ഒന്ന് തണുപ്പിക്കണം എന്ന്‌ തോന്നി രഘുവിനു...

അവന്റെ ചുണ്ടിൽ വെറുതെ ഒരു കുസൃതി ചിരി വിടർന്നു..

\"മിലി..\" അവൻ വിളിച്ചു

\"ഉം?\"

\"എനിക്കൊരു ഉമ്മ തരുമോ?\"

(സീൻ പിടിക്കാതെ പോ പിള്ളേരെ.. ഇവിടെ ഒന്നും സംഭവിക്കുന്നില്ല.. അത് ഇതിൽ ഇല്ല...)

**********

\"ഷാജി.. ഇജ്ജ് പറേണ പെണ്ണിനെ കെട്ടിക്കോ ഈയ്.. പക്ഷേങ്കി ഓളോട് മ്മടെ കൂട്ടത്തി സെരാൻ പറേണെൽ എന്താ യിപ്പോ കൊഴപ്പം?\" പ്രായത്തിൽ മുതിർന്ന ഒരു വല്യൂപ്പാ പറഞ്ഞതും ഷാജിക്ക് ദേഷ്യം വന്നു. അവൻ തന്റെ ഉപ്പയെയും ഉമ്മയെയും പ്രതീക്ഷയോടെ നോക്കി. അവരുടെ മൗനം അവനെ വിഷമിപ്പിച്ചു.

\"വല്യൂപ്പാ പറയണത് പോട്ടെന്നു വയ്ക്കാം.. പക്ഷെ.. ഉപ്പാ.. നിങ്ങള് പറ.. ഇന്നത്തെ കാലത്ത് ഇതിനൊക്കെ എന്താ പ്രസക്തി?\" ഷാജി വേദനയോടെ ചോദിച്ചു.

\"അതിപ്പോ.. എനിക്ക് നിർബന്ധം ഉണ്ടായിട്ടല്ല.. എന്നാലും.. പള്ളിക്കാരെ പിണക്കിക്കൊണ്ട് ഇവിടെ ജീവിക്കാൻ കഴിയില്ലല്ലോ..?\" ഉപ്പാ പറഞ്ഞതും ഷാജി നെറ്റി ചുളിച്ചു.

\"ആരും ആരേം പിണക്കണ്ട.. ഒരു പള്ളിക്കാരെയും എനിക്ക് വേണ്ട.. ഞങ്ങള് പൊക്കോളാം.. പിന്നെ ഇവിടന്ന് ആരും എന്നെ തിരക്കി വന്നേക്കരുത്..\" ഷാജി വീറോടെ പറഞ്ഞു.

\"ഓഹ്.. സീനത്തെ അന്റെ മോളെ ഓള് ചാക്കിട്ട് പിടിച്ചേക്ക.. ഇല്ലെങ്കി എന്തു മൊഞ്ചോള്ള പെങ്കൊച്ചിനെ കൊണ്ട് വന്നതാ ഞാൻ.. അപ്പൊ ഓന് പ്രേമം.. ഇതെന്താ വല്ല കോളേജ് പയ്യനും ആണോ.. പ്രേമിക്കാൻ.. ഒരു കൊച്ചിന്റെ ഉപ്പ ആണെന്ന ബോധം പോലും ഇല്ല..\" വലിയൂപ്പാ വീണ്ടും പറഞ്ഞു.

അവരോട് എന്തെങ്കിലും പറയുന്നതിൽ കാര്യമുണ്ട് എന്ന്‌ ഷാജിക്ക് തോന്നിയില്ല. വിഷമത്തോടെ അവിടെ നിന്നു ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് അവിടെ മുറ്റത്തു ഒരു ആഡംബര കാർ വന്നു നിന്നത്. അതിൽ നിന്നു ഇറങ്ങിയ ബാലബാസ്കറിനെയും ചന്ദ്രികയേയും കൃതിയെയും കണ്ടു ഷാജി ഞെട്ടി നിന്നു.

\"നിങ്ങൾ? ഇവിടെ?\" അവൻ അറിയാതെ ചോദിച്ചിരുന്നു.

\"മോന്റെ ഉപ്പ വിളിച്ചിരുന്നു. കൃതിയെ മതം മാറ്റുന്ന കാര്യം പറഞ്ഞു.. വിഷമം അല്പം തോന്നി.. പിന്നെ ഞാൻ ഓർത്തപ്പോൾ.. അവൾ ഇവിടെ അല്ലേ ജീവിക്കേണ്ടത്..? അപ്പോൾ ഇവിടുത്തെ രീതിയിൽ ജീവിക്കുന്നത് ആണ് നല്ലത്.\" ബാലബാസ്കർ പറഞ്ഞത് കേട്ട് ഷാജി ഉപ്പയെ നോക്കി. അദ്ദേഹത്തിന്റെ മുഖത്ത് ഒരു വിജയീഭാവം കണ്ടു അവൻ അത്ഭുതപ്പെട്ടു.

\"കൃതിയ്ക്ക് ഇഷ്ട്ടം ആണെങ്കിൽ മതം മാറുന്നതിൽ എനിക്ക് വിരോധം ഇല്ല \" ഷാജി പറഞ്ഞപ്പോൾ വീടിനകത്തു നിന്നിരുന്ന എല്ലാവരുടെയും മുഖം വിടർന്നു.

\"പക്ഷേ.. എന്നെ ഇഷ്ട്ടം ആണെങ്കിൽ അല്ല മതം മാറേണ്ടത്.. ഈ മതത്തോട്, ഇതിൽ പറയുന്ന കാര്യങ്ങളോട് ഇഷ്ടമാണെങ്കിൽ.. ഞാൻ സപ്പോർട്ട് ചെയ്യാം.. അതിപ്പോ ഇസ്ലാം തന്നെ ആവണം എന്ന്‌ എനിക്കില്ല.. മാമോദീസ മുങ്ങാൻ ആണെങ്കിലും ഞാൻ കൂടെ വരാം.. പറ കൃതി... എന്താണ് നിന്നെ ഈ മതത്തിലേക്ക് ആകർഷിച്ചത്?\" ഷാജി മുന്നിൽ നിന്നു ചോദിച്ചതും കൃതി പകപ്പോടെ ബാലബാസ്‌കറിനെ നോക്കി.

\"അറിയില്ല അല്ലേ? \" ഷാജി തിരിഞ്ഞു ഉപ്പയെ നോക്കി ഒന്ന് പുച്ഛിച്ചു.

\"ഞാൻ നിന്നോട് നേരത്തേ പറഞ്ഞത് ആണ്.. സ്വയം ആലോചിച്ചു തീരുമാനങ്ങൾ എടുക്കാൻ ഉള്ള മെച്ചൂറിട്ടി നിന്നിൽ നിന്നു ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.. ഇനി അതില്ലാതാക്കരുത്. ഞാൻ എന്ന ഇന്ത്യൻ പൗരനെ വിവാഹം കഴിക്കാൻ തയ്യാർ ആണെങ്കിൽ എന്റെ കൂടെ വാ..\" ഷാജി അവളുടെ കൈ പിടിച്ചു അവന്റെ വണ്ടിയിൽ കയറ്റി ഇരുത്തി.

\"ഷാജിക്ക് കൂട്ടിനു ഇനി മുതൽ കൃതി ഉണ്ടാകും..  അതിൽ സന്തോഷം കണ്ടെത്താൻ കഴിയുന്ന ആർക്ക് നേരെയും ഞങ്ങളുടെ വീടിന്റെ വാതിൽ അടയില്ല..\" അവിടെ കൂടി നിന്ന എല്ലാവരോടും ആയി പറഞ്ഞു അവൻ വണ്ടിയിൽ കയറി പോയി.

ബാലാഭാസ്കർ ചന്ദ്രികയുടെ അരികിലേക്ക് വന്നു. \"കൃതി അവളുടെ ഇഷ്ട്ടം പറഞ്ഞപ്പോൾ ഒരു വേദന തോന്നിയിരുന്നു. ഒരിക്കൽ കൂടി അവളുടെ മനസ് വേദനിക്കരുത് എന്ന്‌ കരുതി ആണ് സമ്മതിച്ചത്. പക്ഷേ ഇപ്പോൾ തോന്നുന്നു.. അവൾ തിരഞ്ഞെടുത്തത് ശരിയാണെന്ന്.\" അയ്യാൾ അവളുടെ തോളിൽ കൈ വച്ചു പറഞ്ഞു

********

കാത്തിരുന്ന ദിവസം വന്നെത്തി.. രഘുവിന്റെയും മിലിയുടെയും കല്യാണ ദിവസം..    അന്ന് തന്നെ ആണ് കൃതിയും ഷാജിയും വിവാഹിതർ ആകുന്നത്.

രാവിലെ അമ്പലത്തിലെ തിരക്കിനിടയിൽ രഘു മിലിയുടെ കഴുത്തിൽ താലി ചാർത്തി. ലോകം മുഴുവൻ കൈ വെള്ളയിൽ വന്നു ചേർന്ന പോലെ തോന്നി അവനു. മിലിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു എങ്കിലും ചുണ്ടിൽ പുഞ്ചിരി തങ്ങി നിന്നിരുന്നു.

അമ്പലത്തിലെ ചടങ്ങിന് ശേഷം അവർ നേരെ പോയത് രജിസ്റ്റർ ഓഫീസിലേക്ക് ആയിരുന്നു. അവിടെ ഷാജിയുടെയും കൃതിയുടെയും വിവാഹത്തിന് സാക്ഷികൾ ആയി ഒപ്പ് വച്ചത് രഘുവും മിലിയും ആയിരുന്നു.

വൈകുന്നേരം രണ്ടു ദമ്പതിമാരുടെയും വിവാഹ റിസേപ്‌ഷൻ ഒന്നിച്ചു ആയിരുന്നു. നഗരത്തിലെ പ്രസിദ്ധമായ ഹോട്ടലിലെ ഹാളിൽ ഒരു ഗ്രാൻഡ് ഫങ്ക്ഷൻ. ഷൈലാമയും, ജിത്തുവും, ശ്യാംമും രഘുവിനെയും കൃതിയെയും സപ്പോർട്ട് ചെയ്തു നിന്നപ്പോൾ ലച്ചുവും, ഹണിയും, ശ്രീയും മിലിയോടും ഷാജിയോടും ഒപ്പം നിന്നു.

നിരഞ്ജൻ ആയിരുന്നു ഓടി നടന്നു റിസപ്‌ഷന്റെ കാര്യങ്ങൾ എല്ലാം നോക്കിയത്. പ്രസവം അടുത്തിരിക്കുന്നത് കൊണ്ട് മായയെ അതിൽ ഒന്നും ഇടപെടാൻ അവൻ സമ്മതിച്ചില്ല.

ലോഹിമാഷും ലില്ലിയും മാത്യൂസിനോടും എലീനയോടും സംസാരിച്ചിരുന്നു. അവർക്ക് സ്വന്തം മക്കളുടെ വിവാഹം നടന്ന സന്തോഷം തന്നെ ആയിരുന്നു മനസ്സിൽ.

സായു കുഞ്ഞിയുടെ കൈ വിടാതെ അവളുടെ പിന്നാലെ തന്നെ നടന്നു. അവരുടെ പിന്നാലെ നടന്നു ക്ഷീണിച്ചു മിനിമോൾ എളിയിൽ കുത്തി നിന്നു.

പരിപാടികൾ മനോഹരമായി മുന്നോട്ട് പോകുമ്പോൾ ആണ് അവിടെക്കു ഒരാൾ കയറി വന്നത്. അവനെ ആദ്യം കണ്ടത് നിരഞ്ജൻ ആയിരുന്നു. അവന്റെ വരവിൽ നിരഞ്ജൻ പകപ്പോടെ സ്റ്റേജിലേക്ക് നോക്കി. അവനെ തടയാൻ ആയി നിരഞ്ജൻ ഹാളിന്റെ വാതിക്കലേക്ക് നടന്നപ്പോളേക്കും ശ്രീയും അവനോടൊപ്പം ചേർന്നിരുന്നു.

\"ആകാശ്...\" ശ്രീ അവനെ വിളിച്ചു.

\"പ്ലീസ്.. ഒരു പ്രശ്നം ഉണ്ടാക്കരുത്.. മിലിയുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ ആണ്.. നീ ആയി അതില്ലാതാക്കരുത്...\" ശ്രീ അവനോട് അപേക്ഷിച്ചു.

പക്ഷേ അവന്റെ കണ്ണുകൾ സ്റ്റേജിൽ തന്നെ തങ്ങി നിന്നു. \"ശ്രീ.. ഞാൻ എന്റെ പെണ്ണിനെ കൊണ്ടുപോകാൻ ആണ് വന്നത്.. അവൾ എന്റെ കൂടെ വരികയാണെങ്കിൽ ഞാൻ അവളെ കൊണ്ട് പോകും.\" അവൻ പറഞ്ഞു.

\"അവൾ വരില്ല.. മിലി സ്നേഹിക്കുന്നത് രഘുവിനെ ആണ്..\" തങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയ ആൾക്കാരെ നോക്കി നിരഞ്ജൻ ആകാശിന്റെ ചെവിയിൽ പറഞ്ഞു.

ആകാശ് ചുണ്ട് കോട്ടി ഒന്ന് ചിരിച്ചു. നിറഞ്ഞനെയും ശ്രീയെയും തള്ളി മാറ്റി അവൻ മുന്നോട്ട് നടന്നു. നടന്നു വരുന്ന ആകാശിനെ കണ്ടു മിലിയും ഷാജിയും ഞെട്ടി എഴുന്നേറ്റു. മിലി പകപ്പോടെ രഘുവിനെ നോക്കി. അവൻ അവളുടെ ഇടുപ്പിലൂടെ കൈയ്യിട്ട് ചേർത്തു പിടിച്ചു. \"പേടിക്കേണ്ടടോ.. തന്നെ വിട്ടു കൊടുക്കില്ല ആർക്കും ഞാൻ..\" അവൻ പറഞ്ഞത് കേട്ട് മിലിയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

\"സാറും പേടിക്കേണ്ട.. ഇത്തവണ ആകാശ് വരുന്നത് എന്നെ വിളിക്കാൻ അല്ല..\" സ്റ്റേജിൽ അവർക്കു പിന്നിലായി നിന്ന ലച്ചുവിനെ മിലി ഒന്ന് തിരിഞ്ഞു നോക്കി. അവളുടെ മുഖം നാണത്താൽ ചുവന്നിരുന്നു.

\"എല്ലാവരും കരുതിയത് ലച്ചു എന്നെ ഉപേക്ഷിച്ചു എന്നാണ്.. പക്ഷേ ഇത് ലച്ചുവാണ്.. അവൾക്ക് ആകാശിനെ ഉപേക്ഷിക്കാൻ കഴിയില്ല.. പപ്പയുടെ കൂടെ അവൾ വന്നില്ലെങ്കിലും അവളുടെ എഴുത്തുകൾ എന്നും എന്നെ തേടി വരുമായിരുന്നു. പ്രണയം നിറച്ച എഴുത്തുകൾ.. ആദ്യമാധ്യം ഞാൻ അത് അവഗണിച്ചു. പിന്നെ ട്രീറ്റ്മെന്റ്ന്റെ എഫക്ട് കണ്ടു തുടങ്ങിയപ്പോൾ ആകണം അതിലെ പ്രണയം ഞാൻ തിരിച്ചറിയാൻ തുടങ്ങിയത്..

പിന്നെ കാത്തിരിപ്പ് ആയിരുന്നു ഓരോ ദിവസവും.. ആ കത്തിനു വേണ്ടി... അവിടെ നിന്നു പുറത്തിറങ്ങി എന്റെ ലച്ചുവിനെ എന്നോട് ചേർക്കുന്ന ദിവസത്തിന് വേണ്ടി.. \" ചിരിച്ച മുഖത്തോടെ ആകാശ് പറഞ്ഞു.

അവൻ മിലിക്ക് മുന്നിൽ ആയി വന്നു നിന്നു. \"ഞാൻ മൂലം വന്ന തെറ്റുകൾക്ക് എല്ലാം മാപ്പ് ചോദിക്കുന്നു. ഒരു സുഹൃത്തു ആയി എന്നും കൂടെ കാണും എന്ന്‌ ഞാൻ പറയുന്നില്ല.. ഒരിക്കലും ഇനി നിന്റെ മുന്നിൽ വരല്ലേ എന്നെ ആഗ്രഹിക്കുന്നുള്ളു. ഇനിയും എന്റെ മനസു കൈ വിട്ടു പോയാൽ എന്റെ ലച്ചുവിന് സഹിക്കാൻ പറ്റില്ല.. \" അവൻ പറഞ്ഞപ്പോൾ മിലിയുടെ ഉള്ളിൽ എവിടെയോ ചെറുതായി ഒന്ന് നീറി.. പക്ഷേ അപ്പോളേക്കും രഘുവിന്റെ കരം അവളിൽ മുറുകിയിരുന്നു.

ആകാശ് ലച്ചുവിന് അടുത്തേക്ക് നടന്നു. എല്ലാവരുടെയും കണ്ണുകൾ അവർ രണ്ടു പേരിൽ ആയി തങ്ങി നിന്നു. \"ലച്ചു... എന്റെ തെറ്റുകൾ എല്ലാം മറന്നു എന്നെ സ്നേഹിക്കാൻ നിനക്കു പറ്റുമോ? എങ്കിൽ ആ സ്നേഹം മാത്രം മതി എനിക്ക് ഈ ജീവിതം തള്ളി നീക്കാൻ...\" അവൻ പറഞ്ഞു.

ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു. \"ആകാശ്...\" ഒരുപാട് കാലത്തെ കാത്തിരിപ്പ് ഉണ്ടായിരുന്നു അവളുടെ വിളിയിൽ.

\"എന്നെ.. എന്നെ ഒന്ന് കെട്ടി പിടിക്കാമോ?\" അവൾ സ്വയം മറന്നു ചോദിച്ചു.

അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. അവൻ കൈകൾ വിടർത്തി അവന്റെ വിരിമാറ് അവൾക്കായി മാറ്റി വച്ചു. ലച്ചു അവന്റെ നെഞ്ചിലേക്ക് ഓടി വന്നതും അവൻ അവളെ ചേർത്തു വച്ചു.

(അവസാനിച്ചു...)

കൂടുതൽ ഒന്നും പറയാതെ ഇവിടെ നിർത്തുന്നു... പതിവ് ഫസ്റ്റ് നൈറ്റ് സീനും റൊമാൻസും ഒന്നും എഴുതി നിറയ്ക്കണ്ട എന്ന്‌ തോന്നി. ആരെയും നിരാശ പെടുത്തി ഇല്ല എന്ന്‌ വിശ്വസിക്കുന്നു.

ഈ സ്റ്റോറി എഴുതിയപ്പോൾ മുതൽ (ചിലത് അതിനും മുൻപേ ) എന്നെ തേടി വന്ന സൗഹൃദങ്ങൾ ആണ് ഇവിടെ നിന്നും എനിക്ക് കിട്ടിയ പ്രതിഫലം. 
നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് വളരെ വലുത് ആണ്.. ഇഷ്ട്ടം ആയില്ലെങ്കിലും പറയണം എന്ന്‌ ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്... എനിക്കായി ഒരു വാരി കുറിക്കാൻ രണ്ടു മിനിറ്റ് മാറ്റി വയ്ക്കണേ..


സ്‌നേഹം ❤❤❤

കാഥിക 🌹🌹