Aksharathalukal

ഇനിയെന്നും 🖤(8)











വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഭൂമിയും.... ഇതുവരെ കണ്ടിട്ടില്ലാത്ത ഭാമയിലെ മാറ്റം അവളെ അത്രത്തോളം അത്ഭുതപെടുത്തിയിരുന്നു..... ഇത്രയും സ്നേഹം ഉള്ളിൽ ഉണ്ടായിരുന്നോ എന്ന് പോലും ചിന്തിച്ചു....ഒരു ചെറിയ വീഴ്ച്ചയുണ്ടായതിനു ഭാമ എന്തുകൊണ്ട് ഇത്രയും ഭയന്നുവെന്ന് മാത്രം എത്ര ആലോചിച്ചിട്ടും അവൾക്ക് മനസിലായില്ല....അത്ര നല്ല ഭൂതകാലത്തിലൂടെയല്ല അവൾ കടന്നു പോയതെന്ന് മാത്രം വ്യക്തമായി....


വീട്ടിലേക്ക് ചെന്നപ്പോൾ അച്ഛൻ ഉമ്മറത്ത് തന്നെയുണ്ട്....

\" കൂട്ടുകാരിയെ കണ്ടോ... \"  മകളെ കണ്ടതും ചിരിയോടെയയാൾ ചോദിച്ചു...

\" ഹമ്... \"

\" ഇതെന്താ.... ഇതെന്ത് പറ്റിയതാ... \"  പിന്നീടാണ് കൈയിലെ മുറിവ് കാണുന്നത്...

\" ഒന്ന് വീണതാ അച്ഛാ.... \"  അവളും അലസമായി പറഞ്ഞു...

\" ഇത് വരെയായിട്ടും എന്റെ മോള് നടക്കാൻ പഠിച്ചില്ലായിരുന്നോ... \" ചിരിക്കുന്നുണ്ട്..

\" ഒരു കല്ലിൽ തട്ടിയതാ അച്ഛാ.... \".

\" എന്താ... എന്ത് പറ്റി.... കാര്യമായി ഇന്നെന്തോ ഭൂമിയമ്മയ്ക്ക് പറ്റിയിട്ടുണ്ടല്ലോ.... \"  അവളിലെ ഉത്സാഹക്കുറവ് കണ്ട് അവളുടെ ഇരു തോളിലും കൈചേർത്ത് കൊണ്ട് ചോദിച്ചു...അവൾ അച്ഛന്റെ മുഖത്തേക്ക് നോക്കി... 


\" പറയ്.... \"

അച്ഛനോടൊന്നും ഇതുവരെ മറച്ചു വച്ചിട്ടില്ലാത്തതിനാലാവണം ഭാമയുടെ കാര്യങ്ങൾ എല്ലാം അവൾ പറഞ്ഞു കേൾപ്പിച്ചു....


\" ഹമ്... \"  അവളെ ശ്രദ്ധിച്ചതിന് ശേഷം അയാൾ കുറച്ചു നേരം കഴിഞ്ഞൊന്ന് മൂളി...

\" അച്ഛനെന്താ ഒന്നും പറയാത്തത്.... \"


\"അപ്പൊ നിന്റെ ആന്റിക്ക് നിന്നോട് ഇതിനും മാത്രം സ്നേഹം ഉണ്ടായിരുന്നു അല്ലേ.... എന്നിട്ടാണോ പുറമെ കാണിക്കാതെ നടന്നത്....\"

\" അതാ... ഞാനും ആലോചിച്ചത്.... എന്നെ കാണാൻ പറ്റാത്തത് കൊണ്ടാണത്രേ പിറന്നാളിന് ദേഷ്യപ്പെട്ടത്.... പിന്നെയും കാണാതായപ്പോൾ ഒത്തിരി വിഷമിച്ചെന്ന്...\"

\" നീ പിന്നെ എന്താ പറയാഞ്ഞത്... അത്യാവശ്യമായത് കൊണ്ട് നാട്ടിൽ പോകേണ്ടി വന്നതാണെന്ന്.... \"

\" എനിക്ക് അതൊന്നും പറയാൻ പറ്റിയില്ല അച്ഛാ... ദേഷ്യവും ആ കരച്ചിലും ഒക്കെ കണ്ടപ്പോൾ ഒന്നും പറയാൻ പറ്റിയില്ല..... പക്ഷെ ഒരു കാര്യം ഉറപ്പാ.... ആന്റിക്ക് എന്തോ പ്രശ്നമുണ്ട്..... എന്തോ ഒരു പേടി ഉണ്ട്.... അതാ....ഇന്ന് അങ്ങനൊക്കെ പറഞ്ഞത്.... ആ രതീഷ്.... അയാളെ ആണോ ഇനി ഭയക്കുന്നത്....എന്താണെന്ന് അറിയാൻ കഴിയുന്നില്ലല്ലോ.... \"


\" നീ ആവശ്യമില്ലാതെ ടെൻഷൻ ആകണ്ട മോളെ... നമുക്ക് നോക്കാം... എന്താ ഉണ്ടായത് എന്നൊക്കെ.... \"

അവൾ മറുപടി ഒന്നും പറഞ്ഞില്ല.... എങ്കിലും ഭാമ ആയിരുന്നു മനസ്സിൽ....


✨️✨️✨️✨️✨️✨️

പിറ്റേന്ന് കടയിലേക്ക് വരുമ്പോൾ ഭാമ കാണുന്നത്.... അവൾക് മുൻപേ വന്ന ഭൂമിയെയാണ്.... തലേന്നത്തെ കാര്യം ഓർത്തപ്പോൾ എന്തോ ജാള്യത അവൾക്കുണ്ടായി.... ഇത്ര നാളും കൊണ്ട് നടന്ന ജാഡ ഒറ്റയടിക്ക് തകിടം മറിഞ്ഞല്ലോ...!!  ഭൂമിയെ നോക്കാതെ അവൾ ജോലിയിലേക്ക് തിരിഞ്ഞു.... പതിവിന് വിപരീതമായി അന്ന് കുറച്ച് പേരെ ഉണ്ടായിരുന്നുള്ളൂ.... സഹായത്തിന് ഭൂമിയും ഉള്ളത് കൊണ്ട് ആ പണി പെട്ടന്ന് കഴിഞ്ഞു...


\" കേട്ടോ ചേച്ചി.... അച്ഛന് എന്തോ ആവശ്യം.... അതാ... ഞങ്ങൾ തിരക്കിട്ട് ഉടനെ തന്നെ നാട്ടിലേക്ക് പോയത്... \"  എല്ലാവരും പോയി കഴിഞ്ഞപ്പോൾ ജ്യോതിയോടായി അവൾ പറയുകയാണ്...പതിവ് പോലെ അവരുടെ സംഭാഷണം ശ്രദ്ധിച്ചു കൊണ്ട്.... ഭാമ തയ്യൽ പണിയിലും....


\" അതാണോ... മോളെ ഇത്രയും നാള് കാണാത്തത്... ഞാൻ ചേച്ചിയോട് പറയുകയും ചെയ്തതാ.... എന്നിട്ട്... ഇനിയും പോകണോ... \"


\" അതറിയില്ല ചേച്ചി.... ചിലപ്പോൾ പോകേണ്ടി വരും.... എനിക്ക് ആണേൽ അവിടേക്ക് പോകുന്നതേ കലിയാ.... അവിടെ ആരും എന്നോട് മിണ്ടാറൊന്നുമില്ല.... ഈ ഒരാഴ്ച്ച തള്ളി നീക്കാൻ ഞാൻ പെട്ട പാട് എനിക്കെ അറിയൂ.... \" അത് കേട്ടപ്പോൾ ഭാമ അവളെ ഒന്ന് പാളി നോക്കി..


\" അതെന്താ... ആരും മിണ്ടാത്തത്.... \" ഭാമയുടെ നോട്ടം കണ്ടു കൊണ്ട് ജ്യോതി ചോദിച്ചു...


\" എനിക്കറിയില്ല ചേച്ചി... അവരൊക്കെ അങ്ങനാ... അതൊക്കെ പോട്ടെ... പിന്നെ... അന്ന് ചേച്ചി പറഞ്ഞത് പോലെയാ ഞാൻ പായസം ഉണ്ടാക്കിയത്.... സ്വയം പുകഴ്ത്തുവല്ല.... അസാധ്യ രുചി ആയിരുന്നു അതിന്.... അച്ഛനും എന്റെ ഫ്രണ്ട്സിനുമൊക്കെ ഒത്തിരി ഇഷ്ടപ്പെട്ടു.... \"  അതിനിടയിൽ ഭാമയെ നോക്കുന്നുണ്ട്....

\" അതെയോ... എന്ത് ചെയ്യാനാ.... അത് ഒന്ന് രുചിച്ചു നോക്കാൻ കൂടി പറ്റിയില്ലല്ലോ.... \"  ജ്യോതിയും കഷ്ടം വച്ച് പറഞ്ഞു...


\" ചേച്ചിക്ക് വേണ്ടി കൊണ്ട് വന്നതാ ഞാൻ.... എന്നിട്ടോ.... അതെല്ലാം തട്ടി തെറിപ്പിച്ചു കളഞ്ഞപ്പോൾ ചിലർക്കൊക്കെ സമാധാനമായി കാണും...എന്തായിരുന്നു അന്ന്... ഓർക്കാൻ കൂടി വയ്യ.... താണ്ഡവം ആടുകയല്ലായിരുന്നോ.... ഞാൻ അങ്ങ് പേടിച്ചു പോയി....\"  ഇടയ്ക്ക് തന്റെ മേൽ വീഴുന്ന ഭൂമിയുടെ നോട്ടം ഭാമ അറിയുന്നുണ്ട്.... ഒന്നും മിണ്ടിയില്ല....


\" ഞാൻ കരുതി എന്നോട് ഇത്ര മാത്രം ദേഷ്യപ്പെടാൻ എന്താ ഉണ്ടായാതെന്ന്... പിന്നെ... ഇന്നലെ അല്ലേ ചിലരുടെ മനസ്സിൽ ഉള്ളതൊക്കെ പുറത്ത് വന്നത്...... എന്റെ ഈശ്വരാ.... എന്നോട് ഇതിനും മാത്രം ഇഷ്ടമുണ്ടായിരുന്നോ....വെള്ളമെടുക്കുന്നു.... കൈ കഴുകിക്കുന്നു.... കരയുന്നു... പരാതി പറയുന്നു.... എന്തൊക്കെ ആയിരുന്നു.... \"  ഭൂമി കസറുകയാണ്....അത് കേട്ട് ജ്യോതി ചിരിക്കുന്നുമുണ്ട്.... ഒരിടത്ത് മാറി ഇരുന്ന് എല്ലാം കേൾക്കുന്ന മറ്റൊരുവളും....


\" ജ്യോതി... നിന്റെ പണി ഒക്കെ കഴിഞ്ഞിട്ടാണോ.... ഈ കൊച്ചു വർത്തമാനം... \"  ഒടുവിൽ എപ്പോഴോ സഹിക്കെട്ടപ്പോ ഭാമ തിരക്കി...


\" ഒരു ബ്ലൗസ് ഹൂക്ക് വയ്ക്കാനുണ്ട് ചേച്ചി... \"

\" അത് പിന്നെ ആര് ചെയ്യാനാ.... ആദ്യം നിന്റെ ജോലി തീർക്ക്... എന്നിട്ട് മതി കളിയും ചിരിയും.... \"  അവളെ ഒന്ന് തറപ്പിച്ചു നോക്കി ഭാമ പറഞ്ഞു...


\" ഇങ്ങു തന്നേക്ക് ചേച്ചി... അത് ഞാൻ ചെയ്യാം... \"  ഭൂമി...

\" മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കാൻ അല്ല ജ്യോതി നിനക്ക് ഞാൻ ശമ്പളം തരുന്നത്.... \" ഭാമയും വിട്ടില്ല...


\" ഒരു ഹൂക്ക് പിടിപ്പിച്ചെന്ന് കരുതി.... ഈ മാസത്തെ ശമ്പളം തന്നില്ലെങ്കിൽ വേണ്ട ചേച്ചി... ഞാൻ അത് ചെയ്‌തെന്ന് കരുതി ആകാശം ഒന്നും ഇടിഞ്ഞു വീഴില്ലല്ലോ... \"  ഒരു പുച്ഛത്തോടെ  ജ്യോതിയിൽ നിന്നും തുണി വാങ്ങി  വീണ്ടും ഭൂമി...


\" ജ്യോതി... നീ ഞാൻ പറഞ്ഞത് കേൾക്കുന്നുണ്ടോ... \"


\" കേൾക്കാതിരിക്കാൻ ചേച്ചിക്കെന്താ ചെവി കേൾക്കത്തില്ലേ.... \"


\" ജ്യോതി... ഞാൻ നിന്നോടാ ചോദിക്കുന്നത്.\"  ഭാമയിൽ ദേഷ്യം അരിച്ചു കയറി....


\" ജ്യോതി ചേച്ചി തന്നെ പറയണമെന്നില്ലല്ലോ... \" ഭൂമിയും...

ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ ഭാമ അവിടെ നിന്നും എഴുന്നേറ്റ് ഉള്ളിലേക്ക് പോയി..... അത് കണ്ട് ജ്യോതി ഒന്ന് ഭയത്തോടെ ഭൂമിയെ നോക്കി... അവൾ ഒന്നുമില്ലെന്ന് കണ്ണിറുക്കി കാട്ടി...

\" മോള് എന്ത് പണിയാ കാണിച്ചത്.... ചേച്ചിക്ക് ദേഷ്യം വന്നിട്ടുണ്ട്.. \"


\"പിന്നെ... അല്ലെങ്കിലും ചേച്ചിയുടെ ചേച്ചിക്ക് ഈ ഇടയായി ദേഷ്യം കുറച്ച് കൂടുന്നുണ്ട്... അതൊന്ന് തീർക്കണം....\" 


\" നീ എങ്ങോട്ട് പോകുവാ... \"  അവിടുന്ന് എഴുന്നേറ്റ ഭൂമിയെ കണ്ട് ജ്യോതി ചോദിച്ചു...


\" ഞാൻ  ഇപ്പോൾ വരാം.... \" ഒറ്റ കണ്ണിറുക്കി അവൾ ചിരിയോടെ ഭാമ പോയ വഴിയേ പോയി.... തയ്യൽ ക്ലാസ്സിലുണ്ട് ആള്.... മറ്റെങ്ങോ നോക്കിയാണിരിപ്പ്..... അവൾ പതിയെ അടുത്തേക്ക് ചെന്നു.... അടുത്താരോ നിൽക്കുന്നത് പോലെ തോന്നിയപ്പോൾ... ഭാമ തല ചരിച്ചു നോക്കി.... ഭൂമിയെ കണ്ടതും അവിടുന്നെഴുനേറ്റ് പോകാൻ തുനിഞ്ഞു....പെട്ടന്ന് ഭൂമി അവളുടെ കൈത്തണ്ടയിൽ പിടിച്ചു..... ഭാമ അവളുടെ മുഖത്തേക്ക് നോക്കി...



\" എന്താ.... വിട്.... \"  ഗൗരവത്തോടെയുള്ള ചോദ്യം...


\" എന്തിനാ... എന്നെ ഒളിഞ്ഞിരുന്നു സ്നേഹിക്കുന്നെ..... \"

അത് കേട്ട് ഭാമ ഒന്ന് ഞെട്ടി....

\" ഏഹ്... എന്തിനാ... ഇങ്ങനെ ഒളിഞ്ഞിരുന്നു സ്നേഹിക്കുന്നെ.... ഇന്നലെ... ഇന്നലെ... എന്നോട് പറഞ്ഞതല്ലേ.... എന്നെ ഒത്തിരി ഇഷ്ടമാണെന്ന്.... കുഞ്ഞോളെ പോലെ ഇഷ്ടമാണെന്ന്.... അതാരാ എന്നൊന്നും എനിക്കറിയില്ല.... എങ്കിലും ഇഷ്ടമാണെങ്കിൽ പിന്നെ എന്താ... എന്നോട് കാണിക്കാത്തത്.....എനിക്ക്... അമ്മയില്ല....ഒരമ്മയുടെ സ്നേഹവും സംരക്ഷണവുമൊന്നും എനിക്കിത് വരെ ആരും തന്നിട്ടുമില്ല..... ഒരാളെ സ്നേഹിക്കുന്നതിന് എന്തിനാ ഇത്ര മാത്രം പിശുക്ക് കാണിക്കുന്നേ... ഉള്ളിലുതെല്ലാം തന്നു കൂടെ....?? ഞാൻ വഴക്കിനൊന്നും വരാറില്ലല്ലോ... എനിക്കും... എനിക്കും എന്തിഷ്ടമാണെന്ന് അറിയുവോ.... ആദ്യായിട്ട് കണ്ടപ്പോ.... എന്നെ നോക്കി ഇരുന്നപ്പോ.... എന്റെ സ്വന്തം ആരോ ആണെന്നാ തോന്നിയത്.... പിന്നെ എന്നോട് മിണ്ടാതെ നടന്നപ്പോൾ പറയാൻ കഴിയാത്ത തരത്തിലുള്ള വിഷമമായി.... പിന്നെ എന്തോ വാശി തോന്നി... എന്നോട് ഒന്ന് മിണ്ടിപ്പിക്കണമെന്ന്.... അതാ... രാവും പകലും ഒന്നും നോക്കാതെ.... ഇവിടേക്ക് എപ്പോഴും വന്നു കയറിയത്....... നിങ്ങളെ പോലെ ആരും എന്നോട് കളി പറയാനോ ഒന്നും വന്നിട്ടില്ല.... ഒറ്റപ്പെടലൊക്കെ തോന്നിയതെല്ലാം... ഇവിടെ വന്ന്... നിങ്ങളെ പരിചയപ്പെട്ടതിനു ശേഷമാണ് മറന്നത് പോലും...... എന്തിനാ.... എന്തിനാ... എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നെ.... എന്നെ ഒന്ന് സ്നേഹിച്ചൂടെ.... എന്നോട് ചിരിയോടെ എന്തെങ്കിലും ഒന്ന് സംസാരിച്ചൂടെ....ഇന്നലെ പറഞ്ഞത് പോലെ... ഞാൻ വിട്ട് പോകുമെന്ന് ഭയന്നിട്ടാണെങ്കിൽ..... എന്റെ ഭാമമ്മയാണെ സത്യം ഞാൻ ഒരിക്കലും ഈ അമ്മയെ വിട്ട് പോകില്ല.... \"  കരഞ്ഞു പോയിരുന്നവൾ....

ഇത്രയും.... ഇത്രയും മാത്രമേ ഭാമയ്ക്കും കേട്ടു നിൽക്കാൻ കഴിയുമായിരുന്നുള്ളൂ..... വാശിയും... അഭിനയവുമെല്ലാം അവളുടെ വാക്കുകളിൽ അളിഞ്ഞില്ലാതായത് പോലെ..... അടുത്ത നിമിഷം തന്നെ ഭാമ അവളെ ഇറുകെ പുണർന്നു കഴിഞ്ഞിരുന്നു..... അവൾക്കൊപ്പം പൊട്ടി കരഞ്ഞിരുന്നു.....!!!


(തുടരും....)


😊



ഇനിയെന്നും 🖤(9)

ഇനിയെന്നും 🖤(9)

4.3
1803

അൽപനേരം ഇരുവരും അങ്ങനെ തന്നിരുന്നു.... പരസ്പരം പുണർന്നുകൊണ്ട്..... അതിലൂടെ പലതും പറയാതെ പറയുകയായിരുന്നു.... ഇത് വരെയുള്ള പരിഭവങ്ങളും....തുറന്നു പ്രകടിപ്പിക്കാൻ കഴിയാത്ത സ്നേഹവും വാത്സല്യവും അങ്ങനെ.... അങ്ങനെയെല്ലാം.....!!ആ നിമിഷം മുതൽ പുതിയൊരമ്മയും പുതിയൊരു മകളും ഇരുവരിലും ഉടലെടുക്കുകയായിരുന്നു....!\" എനിക്ക്.... എനിക്ക്... നിന്നോട് ദേഷ്യമോ പിണക്കമോ ഒന്നുമില്ല മോളെ.... ആദ്യം നിന്നെ കണ്ടപ്പോഴേ എനിക്കും നിന്നോട് ഒരിഷ്ടം തോന്നിയിരുന്നു.... പിന്നെ പിന്നെ അത് വളരുകയല്ലാതെ ഒരു തരി കുറഞ്ഞിട്ടില്ല.... എന്റെ ജീവിതത്തിൽ ഒന്നും ശാശ്വതമല്ല.... എനിക്ക് കിട്ടുന്നതൊക്കെയും വൈകാതെ ദൈ